നന്മയുടെ പൂമരങ്ങള്‍ പൂത്തുലയുമ്പോള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16
സമൂഹത്തിനു ധാരാളം പൂക്കളും കായ്കനികളും സമ്മാനിച്ച് പൂത്തുലഞ്ഞു നില്‍ക്കുന്ന ഫലവൃക്ഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച തിരൂരങ്ങാടി യതീംഖാന. കഴിഞ്ഞ 75 വര്‍ഷങ്ങളായി കേരളത്തിലെ പരസഹസ്രം അനാഥമക്കളെ മതവും ഭൗതികവിദ്യാഭ്യാസവും സംസ്‌കാരവും തൊഴിലുമെല്ലാം പഠിപ്പിക്കുകയും നല്ല പൗരന്മാരായി അവര്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കുകയും ചെയ്തുകൊണ്ട് മഹാന്മാരുടെ പരിലാളനകളേറ്റ തിരൂരങ്ങാടിയിലെ സൗദാബാദിന്റെ തിരുമുറ്റത്ത് അത്ഭുതത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ചരിത്ര സ്തംഭം. തിരൂരങ്ങാടി യതീംഖാനയും അതിന്റെ സ്ഥാപക നേതാക്കളും കേരളീയ മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങളില്‍ വഹിച്ച പങ്ക് അനുസ്മരിക്കപ്പെടുന്നു.

'അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍ കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? അത് ഒരു നല്ല മരം പോലെയാകുന്നു. അതിന്റെന മുരട് ഉറച്ചുനില്‍ ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന്  നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക്  അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.' (ക്വുര്‍ആന്‍ 14:25)

നിഷ്‌കാമമായ ലക്ഷ്യങ്ങളിലൂടെ ഏറ്റവും ഉദാത്തമായ സേവനങ്ങള്‍ സമൂഹത്തിനു പകര്‍ന്നുകൊടുക്കുന്ന നന്മയുടെ മരങ്ങള്‍ക്ക് രക്ഷിതാവിന്റെ സംരക്ഷണമുണ്ടാവുകയും അവയുടെ ശിഖിരങ്ങളും ശാഖകളും പൂക്കള്‍ കൊണ്ടും ഫലങ്ങള്‍ കൊണ്ടും നിറയുകയും ചെയ്യുക ദൈവികതീരുമാനങ്ങളുടെ ഭാഗമാണ്. ഒരടിമ തന്റെ സഹോദരനെ സഹായിക്കുന്ന കാലമത്രയും അല്ലാഹു അയാളെ സഹായിച്ചുകൊണ്ടേ ഇരിക്കും എന്ന പ്രവാചകവചനം നിത്യപ്രസക്തമാണ്. സമൂഹത്തിന്റെയും സമുദായമക്കളുടെയും ഉന്നമനത്തിനും അവരുടെ നന്മക്കും വേണ്ടി സ്വന്തത്തെ പോലും മറന്നുള്ള ആത്മാര്‍ഥമായ ഇടപെടലുകള്‍ നടത്തിയ സ്ഥാപനങ്ങളും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മഹത്തുക്കളും എന്നുമെന്നും അനുസ്മരിക്കപ്പെടുകയെന്നതും ദൈവിക തീരുമാനങ്ങളുടെ ഭാഗമാണ്. 

സമൂഹത്തിനു ധാരാളം പൂക്കളും കായ്കനികളും സമ്മാനിച്ച് പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു ഫലവൃക്ഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച തിരൂരങ്ങാടി യതീംഖാന. കഴിഞ്ഞ 75 വര്‍ഷങ്ങളായി കേരളത്തിലെ പരസഹസ്രം അനാഥമക്കളെ മതവും ഭൗതികവിദ്യാഭ്യാസവും സംസ്‌കാരവും തൊഴിലുമെല്ലാം പഠിപ്പിക്കുകയും നല്ല പൗരന്മാരായി അവര്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കുകയും ചെയ്തുകൊണ്ട് മഹാന്മാരുടെ പരിലാളനകളേറ്റ തിരൂരങ്ങാടിയിലെ സൗദാബാദിന്റെ തിരുമുറ്റത്ത് അത്ഭുതത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ചരിത്ര സ്തംഭമാണത്. നൂറുല്‍ ഇസ്‌ലാം മദ്‌റസ (1939 ഫിബ്രവരി 2), ഓറിയന്റല്‍ ഹൈസ്‌കൂള്‍ (1955 ജൂലൈ 2), ഓര്‍ഫനേജ് യു.പി സ്‌കൂള്‍ (1960 ജൂലായ് 2), സീതി സാഹിബ് മെമ്മോറിയല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ട് (1961 ഒക്‌ടോബര്‍ 10), പി.എസ്.എം.ഒ കോളേജ് (1968 ജൂലൈ 18) ദാറുസ്സലാം മസ്ജിദ് (1970) കെ.എം മൗലവി മെമ്മോറിയല്‍ അറബിക് കോളേജ് (1971 ആഗസ്ത് 22) ഇഗ്‌നോ സ്റ്റഡി സെന്ററര്‍ (1992) എം. കെ ഹാജി ഓര്‍ഫനേജ് ഹോസ്പിറ്റല്‍ (1996) ഓര്‍ഫനേജ് ഐ.ടി സെന്റര്‍ (2003 ജൂലൈ 13), എം.ജി യൂണിവേഴ്‌സിറ്റ് ഓഫ് ക്യാംപസ് (2005) എം.കെ ഹാജി സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് (2005 ഒക്‌ടോബര്‍ 1) തുടങ്ങിയ വിദ്യാഭ്യാസ ആതുര സേവന സ്ഥാപനങ്ങള്‍ യതീംഖാനക്ക് കീഴില്‍ പരിലസിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രം ധാരാളം ഉറങ്ങിക്കിടക്കുന്ന മണ്ണാണ് തിരൂരങ്ങാടി. നേരത്തെ ചേരനാടിന്റെ തലസ്ഥാനമായിരുന്ന തിരൂരങ്ങാടി വൈദേശികാധിപത്യത്തിനെതിരെ ശക്തമായി ഉറച്ച് നിന്ന പ്രദേശമാണ്. മാപ്പിളമക്കളുടെ ചൂടും ചൂരും സഹനവും ദേശസ്‌നേഹവും കണ്ടറിഞ്ഞ മണ്ണ്. മതജാഗരണത്തിനായി പരിശ്രമിച്ച മമ്പുറം സയ്യിദ് അലവി തങ്ങളുടെയും ബ്രിടീഷുകാര്‍ക്കെതിരെ പടനയിച്ച ആലി മുസ്‌ലിയാരുടെയും നാട്. കേരളമുസ്‌ലിംകള്‍ക്ക് മതവിദ്യാഭ്യാസത്തെ ജനകീയമാക്കി മദ്രസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച, വിജ്ഞാനത്തിന്റെ പറുദീസ സൃഷ്ടിച്ച മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കര്‍മഭൂമിയാണ് തിരൂരങ്ങാടി. ഇസ്‌ലാഹി പ്രസ്ഥാന രൂപീകരണത്തിലൂടെ കേരളത്തില്‍ അനുപമമായ നവോത്ഥാനത്തിനു ഊടും പാവും നല്‍കുകയും തന്റെ അഗാധമായ പാണ്ഡിത്യവും കര്‍മകുശലതയും കൊണ്ട് ഒരു സമൂഹത്തെ ധര്‍മപാതയിലേക്ക് നയിക്കുകയും ചെയ്ത തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ല്യാര്‍ എന്ന മഹാനായ കെ.എം മൗലവിയുടെ കര്‍മകാണ്ഡത്തെ തൊട്ടറിഞ്ഞ നാടാണ് തിരൂരങ്ങാടി. ദീര്‍ഘവീക്ഷണത്തോടെ തൗഹീദീ ആദര്‍ശത്തെ പ്രചരിപ്പിക്കാന്‍ മുന്നില്‍ നടന്ന ചാലിലകത്തിന്റെ മക്കളായ എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയുടെയും സഹോദരങ്ങളും തങ്ങളുടെ വിജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുത്ത മണ്ണ്. പണ്ഡിത കാരണവരായിരുന്ന സി.എ മുഹമ്മദ് മൗലവിയുടെ നാട്. ഇങ്ങനെ തിരൂരങ്ങാടിയുടെ സവിശേഷതകള്‍ ധാരാളമാണ്. 

1943 ഡിസംബര്‍ 11നാണ് തിരൂരങ്ങാടി യതീംഖാന പിറവി കൊണ്ടത്. അനാഥമക്കളെ കണ്ടെത്തി ഒരു സ്ഥാപനം തുടങ്ങുകയെന്ന ഏതെങ്കിലുമൊരു കമ്മറ്റിയുടെ തീരുമാനപ്രകാരമല്ല തിരൂരങ്ങാടി യതീംഖാന സ്ഥാപിതമാവുന്നത്. 1942ല്‍ കോളറയെന്ന മഹാമാരി മലബാറിനെ പിടിച്ചുകുലുക്കി. തിരൂരങ്ങാടിയിലും പ്രാന്തപ്രദേശങ്ങളിലും അത് വളരെ കൂടുതലായി അനുഭവപ്പെട്ടു. ഒട്ടേറെ സഹോദരങ്ങള്‍ മരിച്ചു വീണു. രാവിലെ പരസ്പരം കണ്ടവരുടെ മൃതദേഹങ്ങള്‍ വൈകുന്നേരം പള്ളിയിലേക്കെടുക്കുന്നു. ജനങ്ങള്‍ ഭയവിഹ്വലരായി പള്ളികളില്‍ അഭയം തേടിയ കാലം. ആശുപത്രികളും വൈദ്യസംവിധാനങ്ങളും വേണ്ടത്ര ഇല്ലാത്ത കാലം. ഒരുപാട് പിഞ്ചുബാലികാബാലന്മാര്‍ അനാഥരായി. കെ.എം മൗലവിയിലെ പണ്ഡിതനും സേവകനും ഉണര്‍ന്നു. മക്കളുടെ മതപരമായ ഭാവിയും ഭൗതികമായ അവസ്ഥകളും അദ്ദേഹത്തില്‍ ആകുലത പടര്‍ത്തി. അദ്ദേഹത്തിന്റെ വൈജ്ഞാനിക കേന്ദ്രമായ നൂറുല്‍ ഇസ്‌ലാം മദ്രസയിലേക്ക് അദ്ദേഹം ഓടിക്കിതച്ചെത്തി. തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ് പ്രസിഡണ്ട് ആയിരുന്ന അദ്ദേഹം സിക്രട്ടറിയായിരുന്ന ഉമര്‍ മൗലവിയുമായി ചര്‍ച്ച ചെയ്തു. മറ്റുള്ള അനാഥശാലകളില്‍ പോയാല്‍ മതവിദ്യാഭ്യാസം ലഭിക്കാതെ മറ്റേതെങ്കിലും സംസ്‌കാരവുമായി ഇഴുകിച്ചേരുന്നതിനെ അവര്‍ ഭയപ്പെട്ടു. കെ.എം മൗലവിയുടെ നിര്‍ദേശപ്രകാരം ഉമര്‍ മൗലവി പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയിലേക്കും കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാമിലേക്കും സഹായത്തിനായി കത്തെഴുതി. പൊന്നാനിയില്‍ നിന്നും മറുപടി വന്നില്ലെങ്കിലും ജെ.ഡി.റ്റി സിക്രട്ടറി പഞ്ചാബുകാരനായ മഖ്ബൂല്‍ അഹ്മദ് തിരൂരങ്ങാടിയിലേക്ക് എത്താമെന്ന് പ്രതികരിച്ചു. ജെ.ഡി.റ്റി സിക്രട്ടറിയെ സ്വീകരിക്കാന്‍ ഉമര്‍ മൗലവി തിരൂരങ്ങാടിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് നട്ടപ്പാതിരക്ക് നടന്നു പോയി. സിക്രട്ടറി എത്തിയില്ലെങ്കിലും പ്രതിനിധിയായി വന്ന അസ്‌ലം സാഹിബിനെ ഉമര്‍ മൗലവി തിരൂരങ്ങാടിയിലേക്ക് ആനയിച്ചു. തറമ്മല്‍ പള്ളിയില്‍ കെ.എം മൗലവി, എം.കെ ഹാജി എന്നിവരുടെ കൂടെ ഫജ്ര്‍ നമസ്‌കരിച്ച് നൂറുല്‍ ഇസ്‌ലാം മദ്രസയിലേക്ക് നീങ്ങി. അവര്‍ കൂടിയാലോചന നടത്തി. ജെ.ഡി.ടിയുടെ ഒരു ശാഖയായി തിരൂരങ്ങാടിയില്‍ ഒരു യതീംഖാന സ്ഥാപിക്കാം എന്ന് ധാരണയായി. ഒരു മാസത്തെ ചെലവായി 300 രൂപ കണക്കാക്കി. 250 രൂപ ജെ.ഡി.റ്റി നല്‍കുമെങ്കിലും 50 രൂപ തിരൂരങ്ങാടിയില്‍ നിന്നും കണ്ടെത്തണമെന്ന് അവര്‍ നിര്‍ദേശിച്ചു. എന്ത് പറയണമെന്ന് പോലും അറിയാതെ കെ.എം മൗലവിയും കൂട്ടുകാരും വിഷണ്ണരായി. ദൈനംദിന കാര്യങ്ങളില്‍ അണകളുടെ കണക്കുകള്‍ മാത്രം പരിചയമുണ്ടായിരുന്ന അവര്‍ക്ക് 50 രൂപ ഒരു മാസത്തില്‍ സംഘടിപ്പിക്കുകയെന്നത് ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. മൂന്നുകണ്ടന്‍ കുഞ്ഞഹമ്മദ് ഹാജി എന്ന എം.കെ ഹാജിയുടെ മഹാമനസ്‌കതയും ധൈര്യവും ഇച്ഛാശക്തിയും ഒരുമിച്ച് പുറത്തുചാടിയ സന്ദര്‍ഭമായിരുന്നു അത്. അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: 'നമുക്ക് യാതൊരു കഴിവുമില്ല. പക്ഷേ, നമ്മുടെ യജമാനനായ അല്ലാഹു ഏറ്റവും കഴിവുള്ളവനല്ലേ. അമ്പതു രൂപ ഞങ്ങളുണ്ടാക്കും.' കെ.എം മൗലവി, കെ.എം സീതിസാഹിബ്, എം.കെ ഹാജി, കൊയപ്പതൊടി അഹമ്മദ് കുട്ടി ഹാജി, ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയതങ്ങള്‍, പി.കെ ഉണ്ണിക്കമ്മുസാഹിബ്, അബ്ദുസത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടുസാഹിബ്, എ.കെ കുഞ്ഞിമായിന്‍ ഹാജി തുടങ്ങിയ പ്രമുഖരെല്ലാം യതീംഖാനയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖരാണ്. അനാഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജെ.ഡി.ടിയുടെ ശാഖ എന്ന ബന്ധം വേര്‍പെടുത്തി 1945 ജൂണ്‍ 27ന് സ്വതന്ത്രമായി തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് എന്ന കമ്മിറ്റി നിലവില്‍ വന്നു. 

തിരൂരങ്ങാടിയിലെ യതീംഖാന പ്രസ്ഥാനത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചിരുന്നത് എം.കെ ഹാജിയായിരുന്നു. ചെറുപ്പത്തില്‍ ഉപ്പ മരിച്ച് യത്തീമായി വളര്‍ന്ന അദ്ദേഹം ഉമ്മ ചുട്ടുകൊടുക്കുന്ന അപ്പം വിറ്റുകൊണ്ടാണ് ജീവിതവൃത്തി നേടിയിരുന്നത്. കഠിനപ്രയത്‌നം വഴി മദിരാശിയിലെ വ്യാപാരപ്രമുഖനായി അദ്ദേഹം മാറി. ഒരു യതീമിന്റെ എല്ലാ വേദനകളും പരാധീനതകളുമെല്ലാം അറിഞ്ഞ അദ്ദേഹം ജീവിതം തന്നെ യതീമുകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെക്കുകയായിരുന്നു. സ്വന്തം മക്കളെക്കാളേറെ അദ്ദേഹം യതീമുകളെ സ്‌നേഹിച്ചു. മറ്റുള്ളവര്‍ക്ക് മുമ്പില്‍ കര്‍ക്കശക്കാരനായിരുന്ന അദ്ദേഹം യതീമുകള്‍ക്ക് മുമ്പില്‍ വാത്സല്യനിധിയായ ഉപ്പാപ്പയും സ്‌നേഹനിധിയായ കാരണവരുമായിരുന്നു. 'അവരെന്റെ മക്കളാണ്' എന്നുപറഞ്ഞുകൊണ്ട് അവരെ മാറോട് ചേര്‍ത്ത് പിടിച്ചിരുന്ന അദ്ദേഹം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിബോധത്തിന്റെയും ഏറ്റവും വലിയ അടയാളമായി നിലകൊണ്ടു. യതീമുകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപമായിരുന്നു അദ്ദേഹത്തിന്റെത്. താമസിപ്പിക്കാന്‍ കെട്ടിടം തയ്യാറാവുന്നത് വരെ സ്വന്തം വീട്ടില്‍ അദ്ദേഹം അവരെ താമസിപ്പിച്ചു. 

എണ്ണം വര്‍ധിച്ചു വന്നപ്പോള്‍ സ്വന്തം വീടിനടുത്തു തന്നെയുള്ള നൂറുല്‍ ഇസ്‌ലാം മദ്രസയിലേക്ക് അവരെ താമസിപ്പിച്ചു. യതീംഖാനയില്‍ നിന്നും തികയാതെ വരുന്നത് സ്വന്തം വീട്ടില്‍ നിന്ന് അദ്ദേഹം എത്തിച്ചുകൊണ്ടിരുന്നു. 114 അനാഥമക്കളുമായി തുടങ്ങിയ യതീംഖാന സ്വന്തമായ വരുമാനമില്ലാത്ത നിങ്ങള്‍ എങ്ങനെ കൊണ്ടുപോവുമെന്ന് കോഴിക്കോട്ടെ ധനാഢ്യനായിരുന്ന ഇ.വി അബൂബക്കര്‍ കുഞ്ഞി ഹാജി ചോദിച്ചപ്പോള്‍ കെ.എം മൗലവിയെയും ഉബൈദുല്ല മൗലവിയെയും സാക്ഷികളാക്കിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'അല്ലാഹു എല്ലാ കഴിവുകളുമുള്ളവനാണെന്നാണ് ഇവരെല്ലാം ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ഞങ്ങളുടെ മൂലധനം അല്ലാഹുവിലുള്ള സഹായത്തിനുള്ള വിശ്വാസമാണ്. ഞാനും ഒരു യതീമായി വളര്‍ന്നവനാണ്. രണ്ടര കൊല്ലം ഈ യതീമുകളെ സംരക്ഷിക്കുവാനുള്ള വക അല്ലാഹു എനിക്ക് നല്‍കിയിട്ടുണ്ട്. അത് കഴിയുന്നത് വരെ ഞാനവരെ പരിപാലിക്കും. പിന്നീട് അല്ലാഹുവിന്റെ വിധി പോലെ വരും.' (കെ.എം മൗലവി സ്മരണികയില്‍ നിന്ന്). ഒരു സാധാരണക്കാരനായി വളര്‍ന്നു വന്ന അദ്ദേഹത്തിനുണ്ടായിരുന്ന ആദര്‍ശപരവും സ്വഭാവപരവുമായ വൈകല്യങ്ങളെ മാറ്റിയെടുത്തത് കെ.എം മൗലവിയായിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും തിരിച്ചു വന്ന കെ.എം മൗലവിയെ സംശയത്തോടെ മാത്രമേ ഹാജി സാഹിബ് വീക്ഷിച്ചിരുന്നുള്ളൂ. തിരൂരങ്ങാടി ചിനക്കല്‍ പള്ളിയിലെ ദര്‍സുകള്‍ വഴിയാണ് അദ്ദേഹം കെ.എം മൗലവിയുമായി അടുക്കുന്നത്. രണ്ടുപേരുടെയും ഖബറുകള്‍ സ്ഥിതിചെയ്യുന്നതും ചിനക്കല്‍ പള്ളി ഖബര്‍ സ്ഥാനിലാണെന്നതും യാദൃശ്ചികം. കെ.എം മൗലവിയെ കുറിച്ച് എം.കെ ഹാജി അനുസ്മരിച്ചത് ഇങ്ങനെയായിരുന്നു: 'എന്റെ മതപരമായ കാര്യദര്‍ശി അദ്ദേഹം തന്നെയായിരുന്നു. അന്ധതയില്‍ നിന്നും അനാചാര തല്‍പരതയില്‍ നിന്നും വിമുക്തനാക്കി യഥാര്‍ഥമായ തൗഹീദിലൂടെ എന്നെ നയിച്ച് അല്ലാഹുവിന്റെ ശരിയായ ഒരു അടിമയായി രൂപാന്തരപ്പെടുത്തിയത് അദ്ദേഹം മാത്രമാണ്.'

തികഞ്ഞ വിശ്വാസിയും അര്‍പ്പണബോധമുള്ള മുസ്‌ലിമുമായിരുന്ന അദ്ദേഹം ജാതിമത ഭേദമന്യേ എല്ലാവരെയും സ്‌നേഹിച്ചു. യതീംഖാനയില്‍ വളര്‍ന്നു വന്ന പുലയ സമുദായത്തില്‍ പെട്ട കെ.പി രാമനെ ടി.ടി.സി വരെ പഠിപ്പിക്കുകയും യതീംഖാനയുടെ കീഴിലുള്ള ഒ.എല്‍.പി സ്‌കൂളില്‍ അധ്യാപകനാക്കുകയും ചെയ്തു. രാമന്‍ മാസ്റ്ററെ അദ്ദേഹം മുസ്‌ലിംലീഗിലേക്ക് കൈപിടിച്ച് ആനയിക്കുകയും എം.എല്‍.എ ആക്കുകയും ചെയ്തു. പി.എസ്.സി മെമ്പറായിരുന്ന രാമന്‍ മാസ്റ്റര്‍ മരണപ്പെടുന്നതും എം.കെ ഹാജിയുടെ നാമധേയത്തിലുള്ള ഹോസ്പിറ്റലില്‍ വെച്ചായിരുന്നു.

കെ.എം മൗലവിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇസ്സത്തുല്‍ ഇസ് ലാം സംഘത്തിന്റെ സ്ഥാപനമായി നൂറുല്‍ ഇസ്‌ലാം മദ്രസ 1939 ഫിബ്രവരി 2നാണ് ആരംഭിച്ചത്. ഖാന്‍ ബഹദൂര്‍ സയ്യിദ് അഹമ്മദ് ജിഫ്‌രി പി.എം ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മദ്രാസ് ന്യൂ കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ വഹാബ് ബുഖാരിയായിരുന്നു മദ്രസയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. യതീംഖാന സ്ഥാപിക്കുന്നതിന് നാല് വര്‍ഷം മുമ്പേ ഇപ്പോള്‍ അതിന്റെ അനുബന്ധ സ്ഥാപനമായ നൂറുല്‍ ഇസ്‌ലാം മദ്രസ സ്ഥാപിച്ചിട്ടുണ്ട്. അയ്യമഠത്തില്‍ സയ്യിദ് ഐദീദ് പി.എം പൂക്കോയതങ്ങള്‍ പ്രസിഡണ്ടും കെ.എം മൗലവി വൈസ് പ്രസിഡണ്ടും എം.കെ ഹാജി മദ്രസ മാനേജറും സി.എച്ച് ആലസ്സന്‍ ഹാജി ട്രഷറുമായിരുന്നു. സയ്യിദ് ഐദീദ് പി.എം പൂക്കോയതങ്ങള്‍ മരണമടഞ്ഞതോടെ കെ.എം മൗലവി പ്രസിഡണ്ടായി. 1964ല്‍ ചേര്‍ന്ന ഇസ്സത്തുല്‍ ഇസ്‌ലാം സംഘം ജനറല്‍ ബോഡിയോഗം സംഘത്തിന്റെ എല്ലാ സ്വത്തുക്കളും മേല്‍നോട്ടവും തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയും അതോടെ മദ്രസ യതീംഖാനയുടെ അനുബന്ധ സ്ഥാപനമായി മാറുകയുമായിരുന്നു. ഒട്ടനവധി പ്രഗത്ഭമതികളായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതില്‍ നൂറുല്‍ ഇസ്‌ലാം വഹിച്ച പങ്ക് വളരെ വലുതാണ്. വിശ്വാസവും സംസ്‌കാരവും സമുദായബോധവുമെല്ലാം കെ. എം മൗലവിയുടെ നേതൃത്വത്തില്‍ ആ പര്‍ണശാലയില്‍ നിന്നും അവര്‍ പഠിച്ചെടുത്തു. കെ.എം മൗലവി വളര്‍ത്തിയെടുത്ത തിരൂരങ്ങാടിയിലെ നവോത്ഥാന സംഘത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസം സമ്മാനിച്ചത് നൂറുല്‍ ഇസ്‌ലാം മദ്രസയാണ്. അനാഥകളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട മര്യാദകളും നിയമങ്ങളും അദ്ദേഹം അവരെ പഠിപ്പിച്ചു. 'ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഒരുമിച്ചാണ്' എന്ന പ്രവാചകന്റെ അധ്യാപനം അദ്ദേഹം അവരെ പഠിപ്പിച്ചു. കേവലം പണം നല്‍കല്‍ മാത്രമല്ല, ഒരു അനാഥയുടെ മുഴുവന്‍ ചുമതലയും ഏറ്റെടുക്കുകയെന്ന മഹനീയമായ കര്‍ത്തവ്യം ഏറ്റെടുക്കുകയായിരുന്നു അവര്‍. 

ഇരുട്ടിന്റെ ശക്തികളായ യാഥാസ്ഥിതികര്‍ തിരൂരങ്ങാടി യതീംഖാനയെ കുറിച്ച് 'യതീമന്‍ ഖാനഹു' (യതീമിനെ വഞ്ചിച്ചു) എന്ന് ദുഷ്പ്രചാരണം നടത്തിയെങ്കിലും സമുദായം അതിനെ അവജ്ഞയോടെ തള്ളിക്കളഞ്ഞു. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ല്യാരായിരുന്നു തിരൂരങ്ങാടി യതീംഖാനക്കെതിരെ ശക്തമായ പ്രചാരണ രംഗത്തുണ്ടായിരുന്നത്. തിരൂരങ്ങാടിയില്‍ വന്ന് യതീംഖാനയെയും അതിന്റെ സ്ഥാപകരെയും ചീത്തപറയാന്‍ വേണ്ടി മാത്രം പ്രസംഗങ്ങള്‍ സംഘടിപ്പിച്ചു. കെ.എം മൗലവിയുടെ വീട്ടിലേക്ക് പ്രസംഗത്തിന്റെ ശബ്ദം കേള്‍ക്കാനായി മൈക്കിന്റെ ഹോണ്‍ തിരിച്ചുവെച്ചു. 'യതീംഖാന കത്തിച്ചാമ്പലാവട്ടെ' എന്ന് മൈക്കിലൂടെ ഉച്ചത്തില്‍ വിളിച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. പക്ഷെ, അതെ മുസ്ല്യാരുടെ മകന്‍ അല്‍പകാലം തിരൂരങ്ങാടി യതീംഖാനയിലെ ഒരു അന്തേവാസിയായിരുന്നുവെന്നത് ചരിത്രത്തിലെ വിധിവൈപരീത്യം. 

കെ.എം മൗലവിയിലെ സാമുദായികമായ സത്യസന്ധത കൂടി പ്രകടമായ പ്രവര്‍ത്തനമായിരുന്നു യതീംഖാനയുടെ പിറവിയിലൂടെ കണ്ടത്. ജെ.ഡി.ടിയുടെ മാത്രമല്ല, സമുദായത്തിന്റെ മുഴുവന്‍ പിന്തുണ ലഭ്യമാവുന്ന തരത്തില്‍ മുസ്‌ലിം ലീഗിന്റെ കൂടി പിന്തുണ ഉറപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം മുന്നോട്ട് പോയിരുന്നത്. തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എന്ന നിലക്കായിരുന്നു ഇതിനു വേണ്ട മുഴുവന്‍ പിന്തുണയും സമുദായത്തില്‍ നിന്നും അദ്ദേഹം നേടിയെടുത്തത്. അതുകൊണ്ടു തന്നെ യതീംഖാനയുടെ പ്രഥമ കമ്മറ്റി രൂപം കൊണ്ടപ്പോള്‍ അതിന്റെ ഭാരവാഹികളായി കെ.എം മൗലവി (പ്രസിഡണ്ട്), കെ.എം സീതിസാഹിബ്, സി.എച്ച് മുഹമ്മദ് കോയ (വൈസ് പ്രസിഡണ്ട്) എം.കെ ഹാജി (സെക്രട്ടറി), കാരാടന്‍ മുഹമ്മദാജി (അസി. സിക്രട്ടറി) എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ.എം മൗലവിയുടെ വിയോഗത്തിന് ശേഷം സി.എച്ച് മൂന്നു വര്‍ഷവും പിന്നീട് 38 വര്‍ഷക്കാലം ഇബ്രാഹിം സുലൈമാന്‍ സേട്ടുമായിരുന്നു യതീംഖാനയുടെ പ്രസിഡണ്ട്. എ.വി അബ്ദുറഹ്മാന്‍ ഹാജി (20052008), ഡോ: ആലിക്കുട്ടി (20082015) എന്നിവരും പ്രസിഡണ്ടുമാരായി. സ്ഥാപിച്ചത് മുതല്‍ മുതല്‍ 1983ല്‍ മരിക്കുന്നത് വരെ 'യതീം മക്കളുടെ ഉപ്പൂപ്പാ'യായിരുന്ന എം.കെ ഹാജിയായിരുന്നു സിക്രട്ടറി. അദ്ദേഹത്തിന് ശേഷം 2011 വരെ സി.എച്ച് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു സിക്രട്ടറി. സീതി സാഹിബിനു ശേഷം സി.എച്ച് മുഹമ്മദ് മാസ്റ്റര്‍, എന്‍.വി അബ്ദുസ്സലാം മൗലവി, ബി.വി അബ്ദുല്ലക്കോയ (എക്‌സ് എം.പി), കെ.പി മുഹമ്മദ് മൗലവി, എം. മൊയ്തീന്‍കുട്ടി ഹാജി, കാരാടന്‍ മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായിട്ടുണ്ട്. കെ.എം മൗലവിയുടെ മകന്‍ ടി.കെ മുഹ്‌യദ്ദീന്‍ ഉമരി പ്രസിഡണ്ടും എം.കെ ഹാജിയുടെ മകന്‍ എം.കെ. ബാവയുമാണ് ഇപ്പോഴത്തെ ഭാരവാഹികള്‍.

യതീംഖാനയുടെ ഉദ്ഘാടനവും മുസ്‌ലിം ലീഗ് നേതാക്കള്‍ തന്നെയായിരുന്നു നിര്‍വഹിച്ചത്. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുള്‍സത്താര്‍ ഹാജി ഇസ്ഹാഖ് സേട്ട് സാഹിബിന്റെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളാണ് യതീംഖാന ഉദ്ഘാടനം ചെയ്തത്. ഫറൂക്ക് റൗദത്തുല്‍ ഉലൂമിന്റെ സ്ഥാപകനായിരുന്ന മൗലവി അബുസ്സബാഹ് അഹ്മദ് അലിക്ക് പുറമെ ഇസ്‌ലാഹി പണ്ഡിതന്മാരായിരുന്ന എന്‍.വി അബ്ദുസ്സലാം മൗലവി, ഇ.കെ മൗലവി, ശൈഖ് മുഹമ്മദ് മൗലവി, കെ ഉമര്‍ മൗലവി, എ.കെ അബ്ദുല്ലത്തീഫ് മൗലവി, പി.പി ഉബൈദുല്ല മൗലവി, ഉണ്ണിമൊയ്തീന്‍ കുട്ടി മൗലവി, കെ.പി മുഹമ്മദ് മൗലവി, പി.പി അബ്ദുല്‍ഗഫൂര്‍ മൗലവി, കെ.സി അബൂബക്കര്‍ മൗലവി തുടങ്ങിയവരുടെ പണ്ഡിതോചിതമായ നേതൃത്വവും യതീംഖാനയുടെ പുരോഗതിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കെ.എം മൗലവിയുടെ വലിയ അഭിലാഷമായിരുന്നു ഇസ്‌ലാഹി ആശയങ്ങള്‍ പഠിപ്പിക്കുന്ന ഒരു ഉന്നത മതപഠന കേന്ദ്രം തിരൂരങ്ങാടിയില്‍ സ്ഥാപിക്കണമെന്നത്. യതീംഖാനയുടെ ബില്‍ഡിംഗ് ജോലികള്‍ പൂര്‍ത്തിയായ ഉടനെ തന്നെ അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എം.കെ ഹാജി പ്രഖ്യാപിക്കുകയും 1971 കെ.എം മൗലവിയുടെ പേരില്‍ തന്നെ അറബിക് കോളേജ് ആരംഭിക്കുകയും ചെയ്തു. തിരൂരങ്ങാടി യതീംഖാന അങ്കണത്തിലെ പള്ളിയുടെ പേര് ദാറുസ്സലാം മസ്ജിദ് എന്നാണ്. കെ.എം മൗലവിയുടെ നിര്യാണത്തിന് ശേഷം 1964 ഡിസംബര്‍ 18ന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളാണ് പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 

നന്മയുടെ ഇലകളും കായ്കളും പൂക്കളും ധാരാളം പൊഴിച്ച ഈ മഹാരഥന്മാര്‍ സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടായിരുന്നില്ല ഈ സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ ലഭിച്ച ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായി മിക്ക മാനേജുമെന്റുകളും കൊണ്ടുവരുമ്പോള്‍ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം മാത്രം മൂലധനമാക്കി ഇറക്കിയ എം.കെ ഹാജിയുടെ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ അധ്യാപകേതര ജീവനക്കാരില്‍ നിന്നോ ചില്ലിക്കാശുപോലും വാങ്ങാതെയാണ് നടത്തിക്കൊണ്ടുപോകുന്നത്. മാനേജ്‌മെന്റ് സീറ്റുകളില്‍ യതീംഖാനയില്‍ പഠിച്ച വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. അവരെക്കഴിച്ച് മിച്ചമുണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവരെ പരിഗണിക്കുന്നുള്ളൂ. ഒരാളില്‍ നിന്നും കോഴ വാങ്ങാതെയാണ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. 50 രൂപക്ക് എന്ത് ചെയ്യണമെന്ന് ശങ്കിച്ച് നിന്നപ്പോള്‍ അല്ലാഹു ഉണ്ടെന്ന അചഞ്ചലമായ ഈമാന്‍ അവരെ മുന്നോട്ട് നയിച്ചു. ഇന്ന് അമ്പതിനായിരത്തിനും അമ്പത് ലക്ഷത്തിനും അതേ വിശ്വാസം തന്നെയാണ് അവരെ നയിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ സമൂഹത്തിന് കോഴകളില്ലാതെ സ്ഥാപനങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന സന്ദേശം പകര്‍ന്നു നല്‍കുകയാണ് തിരൂരങ്ങാടിയിലെ സൗദാബാദിലെ സാത്വികരും നിഷ്‌കളങ്കരുമായ മഹാരഥന്മാര്‍ നട്ടുവളര്‍ത്തി വലുതാക്കിയ തിരൂരങ്ങാടി യതീംഖാനയെന്ന പൂമരങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 75 സംവത്സരങ്ങള്‍ പിന്നിട്ടിട്ടും ഉന്നതമായ നയനിലപാടുകളില്‍ മായം ചേര്‍ക്കാതെ സമുദായത്തിനും സമൂഹത്തിനും നാടിനും നാട്ടാര്‍ക്കും പഥികര്‍ക്കും തണല്‍ വിരിച്ച് പക്ഷികള്‍ക്കും ഷഡ്പദങ്ങള്‍ക്കും കൂടുകളും പൊത്തുകളുമൊരുക്കി സമീപവാസികള്‍ക്ക് മന്ദമാരുതനെ സമ്മാനിച്ച് പൂത്തുലഞ്ഞു നില്‍ക്കുകയാണ് വേരുറച്ച, ശിഖിരങ്ങള്‍ വാനോളം ഉയര്‍ന്നു നില്‍ക്കുന്ന നന്മയുടെ പൂമരങ്ങള്‍. മുന്നില്‍ നടന്ന മഹാരഥന്മാരായ സമുദായ നേതാക്കളിലും ഇസ്‌ലാഹി പണ്ഡിതരിലും ഇപ്പോഴും അതിനുവേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന മുഴുവന്‍ ആളുകളിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പൊഴിയട്ടെ എന്നാശംസിക്കാം.