ചെറിയമുണ്ടം: വിനയം, ധിഷണ, പാണ്ഡിത്യം

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28
പാണ്ഡിത്യത്തിന് പ്രവാചകന്‍ നല്‍കിയ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. ഉയര്‍ന്ന ചിന്തകളും ബൗദ്ധികമായ ഔന്നത്യവും അസാമാന്യമായ രചനാപാടവും സൂക്ഷ്മമായ നിരീക്ഷണങ്ങളും പ്രമാണങ്ങളോടുള്ള കര്‍ശനമായ വിധേയത്വവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കി. ചെറിയമുണ്ടത്തിന്റെ ജീവിത നിലപാടുകളെ അനുസ്മരിക്കുന്നു.

വിശുദ്ധ ക്വുര്‍ആനില്‍ പണ്ഡിതരെ കുറിച്ചും പാണ്ഡിത്യത്തെ കുറിച്ചും വിവരിക്കുന്ന ധാരാളം സൂക്തങ്ങളുണ്ട്. പണ്ഡിതര്‍ മാത്രമാണ് അല്ലാഹുവിനെ യഥാവിധി ഭയപ്പെടുക, പാണ്ഡിത്യമുള്ളവനും ഇല്ലാത്തവനും സമമാവുമോ, പാണ്ഡിത്യമുള്ളവരെ അല്ലാഹു പദവികളായി ഉയര്‍ത്തും, നിങ്ങള്‍ക്ക് വിവരമില്ലെങ്കില്‍ നിങ്ങള്‍ പണ്ഡിതന്മാരോട് ചോദിക്കുക തുടങ്ങിയ ധാരാളം സന്ദേശങ്ങള്‍ ക്വുര്‍ആനില്‍ കാണാന്‍ സാധിക്കും. പാണ്ഡിത്യത്തിനു ക്വുര്‍ആന്‍ നല്‍കുന്ന നിര്‍വചനങ്ങളും അതിന്റെ സവിശേഷ ഗുണങ്ങളും പരിശോധിക്കുമ്പോള്‍ കേവലം അറിവാളനാവുക എന്നതിനെക്കാള്‍ അറിവിനൊപ്പം ആ അറിവുകളെ എങ്ങനെ എപ്പോള്‍ എവിടെ പ്രയോഗിക്കണമെന്ന പ്രായോഗികവും യുക്തിഭദ്രവുമായ ഉള്‍ക്കാഴ്ച ഉള്ളവനായിരിക്കുക എന്നതാണ് ഒരു യഥാര്‍ഥ പണ്ഡിതന്റെ ലക്ഷണമെന്നു മനസ്സിലാക്കാന്‍ കഴിയും. 

'നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌നാവ് തൂക്കിയിടും' എന്നിങ്ങനെ നായയോട് ഉപമിച്ച് കൊണ്ട് ക്വുര്‍ആന്‍ പ്രയോഗിച്ച ഈ പ്രയോഗവും ഒരു പണ്ഡിതനെ കുറിച്ചാണ്; പാണ്ഡിത്യത്തെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി വിറ്റു കാശാക്കി തന്നിഷ്ടപ്രകാരം മതവിധി നല്‍കുന്ന പണ്ഡിതവേഷധാരിയെക്കുറിച്ച്. വേഷഭൂഷാദികളിലൂടെയും നാവിന്റെയും നെഞ്ചിന്റെയും അളവിലൂടെയുമൊക്കെ പാണ്ഡിത്യത്തെ തൂക്കിനോക്കുന്ന ഇക്കാലത്ത് ഇസ്ലാം വിവക്ഷിച്ച, ക്വുര്‍ആന്‍ വരച്ചുകാട്ടിയ, പ്രവാചകന്‍ പറഞ്ഞ യഥാര്‍ഥ പണ്ഡിതനെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? 'ഹില്‍മ്' അഥവാ 'വിവേകം' ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരാളില്‍ എത്ര തന്നെ 'ഇല്‍മ്' (അറിവ്) സമ്മേളിച്ചാലും അത് അയാള്‍ക്കോ സമൂഹത്തിനോ ഉപകാരപ്പെടില്ല. 'നിറകുടം തുളുമ്പില്ല' എന്ന മലയാളത്തിലെ ആപ്തവാക്യം നമ്മെ ഈ സത്യം ബോധ്യപ്പെടുത്തുന്നുണ്ട്. ഒരാളില്‍ വിജ്ഞാനം ശരിയായ അര്‍ഥത്തില്‍ പൂര്‍ണമായിക്കഴിഞ്ഞാല്‍ അയാള്‍ മനുഷ്യര്‍ക്ക് മുമ്പില്‍ ജാഡ കാണിക്കുകയോ അറിയാത്ത കാര്യങ്ങളില്‍ പോലും തലയിട്ട് ആളുകള്‍ക്കിടയില്‍ മേനിനടിച്ച് തുളുമ്പി നടക്കുകയോ ചെയ്യില്ല എന്നര്‍ഥം. പകരം അയാള്‍ തനിക്ക് ലഭിച്ച വിജ്ഞാനത്തെ ശരിയായ രൂപത്തില്‍ ഉള്‍ക്കൊണ്ട് അതിനെ സമൂഹത്തിനു ദോഷകരമല്ലാത്ത വിധത്തില്‍ ഗുണപ്രദമായും ഫലപ്രദമായും വിനിയോഗിക്കാന്‍ ശ്രമിക്കുക മാത്രമായിരിക്കും ചെയ്യുക. 

പാണ്ഡിത്യത്തിനു ക്വുര്‍ആന്‍ നല്‍കുന്ന ഇത്തരം വിശേഷണങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി മനസ്സിലേക്ക് കടന്നുവരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പണ്ഡിതന്മാരില്‍ പലരും വിട്ടുപിരിയുമ്പോള്‍ സമൂഹത്തിനു വലിയ നഷ്ടങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ചെറിയമുണ്ടത്തിന്റെ വിയോഗം കേവലം ഒരു പണ്ഡിതന്റെ നഷ്ടമല്ല. ഉയര്‍ന്ന ചിന്തകളും ബൗദ്ധികമായ ഔന്നത്യവും രചനാപാടവവും സൂക്ഷ്മ നിരീക്ഷണങ്ങളും ചോദ്യങ്ങള്‍ക്ക് പ്രമാണബദ്ധമായ മറുപടി നല്‍കാനുള്ള പാണ്ഡിത്യവും തുടങ്ങി മറ്റു പണ്ഡിതന്മാരില്‍ നിന്നും ചെറിയമുണ്ടത്തെ വ്യതിരിക്തനാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ആദര്‍ശത്തെ വിവാദങ്ങളില്‍ തളച്ചിട്ട് അതിലൂടെ നേട്ടങ്ങള്‍ കൊയ്യുന്നവരില്‍ നിന്നും അദ്ദേഹം തീര്‍ത്തും മുക്തനായിരുന്നുവെന്നു തന്നെ പറയാം. അഭിപ്രായവ്യത്യാസങ്ങളെ പര്‍വതീകരിക്കുന്നതിനു പകരം ചിന്തകളെ പരമാവധി സമന്വയിപ്പിക്കുകയും പാരസ്പര്യത്തെ കണ്ടെത്തുകയും ചെയ്യുകയെന്ന പൗരാണിക ശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. മതവിഷങ്ങളില്‍ ഉണ്ടായേക്കാവുന്ന സ്വാഭാവിക അഭിപ്രായവ്യത്യാസങ്ങളെ പ്രബോധന മേഖലകളിലേക്ക് കൊണ്ടുവന്നു വിഷയങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനോട് അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന ആദര്‍ശ പ്രശ്‌നങ്ങള്‍ക്ക് പോലും ഉത്തരവാദപ്പെട്ടവര്‍ക്ക് മുമ്പില്‍ വിശദീകരണം കൊടുക്കുക എന്നതിനപ്പുറത്തേക്ക് നാടുനീളെ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ച് വിശദീകരിക്കുന്ന ശൈലി അദ്ദേഹം സ്വീകരിച്ചിരുന്നില്ല. കാരണം അദ്ദേഹം വിമര്‍ശനങ്ങളെക്കാള്‍ ഭയന്നിരുന്നത് തന്റെ പ്രസ്ഥാനത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും ഐക്യം നഷ്ടപ്പെടുന്നതിലായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളായിരുന്നു അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നത്.  

1944ല്‍ മലപ്പുറം ജില്ലയിലെ ചെറിയമുണ്ടത്ത് ഒരു പരമ്പരാഗത സുന്നി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ വിജ്ഞാനത്തോട് അതിയായ താല്‍പര്യം പുലര്‍ത്തി കഠിനാധ്വാനം ചെയ്തു മികവുകള്‍ പുലര്‍ത്തിയാണ് പടവുകള്‍ കയറിപ്പോയത്. ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനം നേടിയിരുന്ന അദ്ദേഹത്തിന് ഇസ്‌ലാമിക വിജ്ഞാനീയങ്ങളോടുള്ള അതിയായ താല്‍പര്യം കാരണം പള്ളിദര്‍സുകളില്‍ ചേര്‍ന്ന് ഉപരിപഠനം നടത്തുകയായിരുന്നു. നാട്ടിലും മറ്റിടങ്ങളിലുമായി വിവിധ പള്ളി ദര്‍സുകളില്‍ ഇസ്ലാമിക പാരമ്പര്യ വിജ്ഞാനങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇസ്ലാമിക പാരമ്പര്യ വിജ്ഞാനങ്ങളോടുള്ള അപകര്‍ഷബോധം ഉത്പതിഷ്ണുക്കളില്‍ തന്നെയുള്ള ചില പ്രബോധകരെ സ്വാധീനിച്ചിരുന്നുവെങ്കിലും ചെറിയമുണ്ടം അതില്‍ നിന്നും വ്യത്യസ്തനായത് പള്ളിദര്‍സുകളില്‍ നിന്നും അദ്ദേഹം നേടിയെടുത്ത വിജ്ഞാനത്തോടുള്ള സമീപന ബോധത്തില്‍ നിന്നായിരുന്നു. പറവന്നൂര്‍, ചെറിയമുണ്ടം, തലക്കടത്തൂര്‍, കോരങ്ങത്ത്, നടുവിലങ്ങാടി, പൊന്മുണ്ടം, വളവന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളിദര്‍സ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ആധുനിക അറബിക് കോളേജ് പഠനത്തിലേക്ക് പ്രവേശിച്ചത്. ആദ്യം അദ്ദേഹം കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട് ഇര്‍ഷാദുല്‍ മുസ്ലിമീന്‍ അറബിക്കോളേജില്‍ പഠിച്ചു. സമസ്ത ആശയക്കാര്‍ നടത്തിയിരുന്ന ഈ കോളേജില്‍ അദ്ദേഹം ഒരു വര്‍ഷമാണ് പഠിച്ചത്. അഫ്ദലുല്‍ ഉലമ ഫൈനലിന് അദ്ദേഹം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജില്‍ ചേര്‍ന്ന് പഠിച്ചു. വളരെ നേരത്തെ ഇസ്വ്‌ലാഹി ആദര്‍ശം വേരൂന്നിയിരുന്ന വളവന്നൂരില്‍ പള്ളിദര്‍സില്‍ പഠിക്കുന്ന കാലത്താണ് തൗഹീദിന്റെ വെള്ളിവെളിച്ചം അദ്ദേഹത്തിന് ലഭിക്കുന്നത്. ഒട്ടേറെ ഇസ്വ്‌ലാഹി പ്രവര്‍ത്തകരുള്ള ആ പ്രദേശം അദ്ദേഹത്തിലെ സത്യാന്വേഷിയെ ജ്വലിപ്പിച്ചു. ഇസ്വ്‌ലാഹി പ്രഭാഷണങ്ങള്‍ കേട്ട് അവയിലെ വിഷയങ്ങള്‍ പ്രമാണങ്ങളുമായി തട്ടിച്ചുനോക്കിയപ്പോഴാണ് അദ്ദേഹത്തിന് സത്യം ബോധ്യപ്പെടുന്നത്. 

പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ രണ്ടുവര്‍ഷത്തെ അഫ്ദല്‍ ഫൈനല്‍ കോഴ്സിന് ചേര്‍ന്നതോടെ ഇസ്വ്ലാഹി പണ്ഡിതന്മാരുമായി കൂടുതല്‍ അടുക്കാന്‍ സാധിച്ചു. അന്ന് പ്രിന്‍സിപ്പലായിരുന്ന കെ.സി അലവി മൗലവിയുടെയും സഹോദരന്‍ കെ.സി അബൂബക്കര്‍ മൗലവിയുടെയും ആലിക്കുട്ടി മൗലവിയുടെയുമൊക്കെ ശിഷ്യത്വം സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മദീനത്തുല്‍ ഉലൂമിനെ ദീര്‍ഘകാലം നയിച്ച കെ. എന്‍ ഇബ്‌റാഹീം മൗലവിയും അബ്ദുല്‍ഹമീദ് മദനിയുടെ ഗുരുനാഥന്മാരില്‍ ഒരാളാണ്. അവിടെ നിന്നും 1967ല്‍ പഠനം പൂര്‍ത്തിയാക്കിയതോടെയാണ് അദ്ദേഹം 'മദനി' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. വളവന്നൂര്‍ അന്‍സാര്‍ അറബിക്കോളേജിലും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജിലും ജോലി ചെയ്തിരുന്ന അദ്ദേഹം 1968ല്‍ തിരൂരിനടുത്ത് പൊന്മുണ്ടം ഗവ: യു.പി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. അധ്യാപകനായി ജോലി ചെയ്യവെ തന്നെ അക്ഷരങ്ങളെ സ്‌നേഹിച്ചിരുന്ന അദ്ദേഹം തിരൂരില്‍ ഭാര്യാപിതാവ് നടത്തിവന്നിരുന്ന പുസ്തകാലയത്തില്‍ വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കുകയും വായനാലോകത്തേക്കുള്ള വാതായനങ്ങള്‍ തുറന്നിടുകയും ചെയ്തു. പിന്നീട് എഴുത്തിന്റെയും വായനയുടെയും മേഖലയിലേക്ക് തിരിയാന്‍ വേണ്ടി ജോലിയില്‍ നിന്നും സ്വയം വിരമിച്ചു. പിന്നീട് ദീര്‍ഘകാലം ശബാബ് വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 

വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ എഴുത്തിന്റെ മേഖല അദ്ദേഹം തിരഞ്ഞെടുത്തിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പിലും വരാന്തപ്പതിപ്പിലും എഴുതിത്തുടങ്ങിയ അദ്ദേഹം പിന്നീട് വിശ്രമമില്ലാത്ത തൂലികാപടയാളിയായി മാറി. 1970 മുതല്‍ ശബാബ് വാരികയില്‍ സ്ഥിരമായി എഴുതിത്തുടങ്ങി. അക്കാലത്ത് അരീക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ശബാബ് 1980കളുടെ തുടക്കത്തില്‍ കോഴിക്കോട് സംഗീത ലോഡ്ജ് ബില്‍ഡിംഗിലേക്ക് മാറിയതോടെ ശബാബിന്റെ എഡിറ്റോറിയല്‍ അംഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. ചിന്തകളുടെയും ധിഷണയുടെയും വിജ്ഞാനത്തിന്റെയും കലവറയായിരുന്ന അദ്ദേഹം യുക്തിവാദത്തിന്റെയും കമ്യൂണിസത്തിന്റെയും ഇസ്ലാമിന് നേരെയുള്ള ആരോപണങ്ങളുടെ മുനയൊടിച്ചു. 1980കളില്‍ വിവിധ സംഘടനകള്‍ നടത്തിയിരുന്ന സെമിനാറുകളിലും സിമ്പോസിയങ്ങളിലും യുക്തിവാദത്തെയും ഭൗതികവാദത്തെയും കമ്യൂണിസത്തെയും അപഗ്രഥിച്ച് ഇസ്ലാമിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നവരില്‍ മുന്നില്‍ നിന്ന പ്രതിഭയായിരുന്നു അദ്ദേഹം. ഹമീദ് ചേന്ദമംഗലൂര്‍, വിവി ദക്ഷിണാമൂര്‍ത്തി, ഒ.അബ്ദുറഹ്മാന്‍, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് എന്നീ പേരുകള്‍ അടങ്ങിയ സിമ്പോസിയ നോട്ടീസുകള്‍ അക്കാലത്ത് സുലഭമായിരുന്നു. ശബാബ് വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന പല തുടര്‍ലേഖനങ്ങളും പിന്നീട് പുസ്തകങ്ങളായി. ശബാബില്‍ 'മുസ്ലിം' എന്ന പേരില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ചോദ്യോത്തര പംക്തിയില്‍ അദ്ദേഹം നല്‍കിയിരുന്ന മറുപടികളാണ് ഇന്നും മലയാളി സമൂഹം ആധികാരിക ഉത്തരങ്ങളായി സൂക്ഷിച്ചു വരുന്നത്. അവയും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. 1989ല്‍ സ്‌കൂളില്‍ നിന്നും വിരമിച്ച ശേഷം ശബാബിലെ മുഴുസമയ എഡിറ്ററായി മാറി. 25 വര്‍ഷക്കാലം തുടര്‍ച്ചയായി ഇടതടവില്ലാതെ എഡിറ്റോറിയല്‍ പേജ് അദ്ദേഹമാണ് എഴുതി വന്നത്. ആ കാലഘട്ടത്തില്‍ ചെറിയമുണ്ടം പങ്കെടുക്കാത്ത പഠന ക്യാമ്പുകള്‍ വളരെ വിരളമായിരിക്കും. 1983ല്‍ നടന്ന പ്രസിദ്ധമായ കൊട്ടപ്പുറം സംവാദത്തില്‍ എ.പി അബ്ദുല്‍ഖാദിര്‍ മൗലവി, സി.പി ഉമര്‍ സുല്ലമി എന്നിവര്‍ക്കൊപ്പം അദ്ദേഹവും പങ്കെടുത്തു. അദ്ദേഹത്തിന്റെ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ പതറിപ്പോയ പൗരോഹിത്യം ഒടുവില്‍ സംവാദം കലക്കി രക്ഷപ്പെടുകയാണുണ്ടായത്. 

അദ്ദേഹത്തിന്റെ ജീവിതത്തിലെ രജതരേഖയായി എന്നുമെന്നും അവശേഷിക്കുന്നത് കെ.പി മുഹമ്മദ് മൗലവിയുടെ കാര്‍മികത്വത്തില്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന്റെ കൂടെ അദ്ദേഹം തയ്യാറാക്കിയ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയാണ്. ലോക മുസ്ലിം പണ്ഡിതന്മാരുടെ അംഗീകാരം നേടിയ പ്രസ്തുത പരിഭാഷ ഇന്നും മദീനയിലെ ക്വുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. എന്നും എക്കാലവും അല്ലാഹുവിന്റെ പ്രതിഫലങ്ങള്‍ വാരിക്കോരി ലഭിക്കാന്‍ ആ ഒരൊറ്റ പ്രവര്‍ത്തനം തന്നെ ധാരാളമായിരിക്കും. അല്ലാഹു സ്വീകരിക്കുകയും ഒട്ടും കുറവുവരുത്താത്ത പ്രതിഫലങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. 

2002ല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പിളര്‍പ്പിന്റെ വക്കിലേക്ക് നീങ്ങിയപ്പോള്‍ മധ്യസ്ഥ ശ്രമത്തിന് ആദ്യമായി മുന്നിട്ടറങ്ങിയത് ചെറിയമുണ്ടമായിരുന്നു. 1999ലെ സംഘടനാ തിരഞ്ഞെടുപ്പില്‍ സംഘടനയുടെ വളരെ പ്രധാനപ്പെട്ട നേതാക്കളും പണ്ഡിതന്മാരും ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും അകറ്റപ്പെട്ടതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുകയും ബോധപൂര്‍വമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിനു ബോധ്യമാവുകയും ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം കരുവള്ളി മുഹമ്മദ് മൗലവി, ചെമ്മാട് ഡോ: പി അബൂബക്കര്‍ സാഹിബ് തുടങ്ങിയ നേതാക്കളെ സമീപിച്ച് ഏകോപനത്തിനായി ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. അവരുടെ ശ്രമങ്ങള്‍ ഏറെക്കുറെ വിജയത്തോടടുത്തിരുന്നുവെങ്കിലും പിളര്‍പ്പ് അനിവാര്യമെന്ന് ശഠിച്ചിരുന്നവര്‍ക്ക് മുമ്പില്‍ ഒടുവില്‍ പരാജയപ്പെട്ടുപോയി. പിളര്‍പ്പിന് ശേഷം ഇരു വിഭാഗത്തിന്റെയും സംഘടനാ സംവിധാനങ്ങളില്‍ അദ്ദേഹം പങ്കാളിയായില്ല. അതേസമയം ഇരു വിഭാഗങ്ങളുടെയും സംസ്ഥാന സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുത്തുവന്നു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ 2016ല്‍ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ക്വുര്‍ആന്‍ സമ്മേളനത്തില്‍ 'മാനവിക പ്രതിസന്ധിക്ക് ക്വുര്‍ആനിക പരിഹാരം' എന്ന വിഷയം അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. ജാമിഅ അല്‍ഹിന്ദ് സംഘടിപ്പിച്ചിരുന്ന സ്പെഷല്‍ ട്രെയിനിങ് ക്ലാസ്സുകളിലും അദ്ദേഹം പങ്കെടുത്തു. വളരെ സന്തോഷത്തോടെ ഈ പരിപാടികളില്‍ പങ്കെടുത്തിരുന്ന അദ്ദേഹം മുജാഹിദുകള്‍ ഒന്നിച്ചുനില്‍ക്കണമെന്ന ആശയത്തിന് ഊന്നല്‍ നല്‍കി. എല്ലാ വിഭാഗവുമായും വളരെ നല്ല ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നതുകൊണ്ട് തന്നെ താനൂരിനടുത്ത കേരളാധീശ്വരപുരത്തെ അദ്ദേഹത്തിന്റെ കൊച്ചു വസതിയില്‍ പോയി എല്ലാ വിഭാഗത്തില്‍ പെട്ടവരും വിജ്ഞാനം നേടിയിരുന്നു. 

ഇസ്ലാമിനെയും ക്വുര്‍ആനിനെയും അമുസ്ലിം സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ പര്യാപ്തമായ പുസ്തകങ്ങളുടെ രചന അദ്ദേഹമാണ് നിര്‍വഹിച്ചത്. ക്വുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുന്നില്‍, ക്വുര്‍ആനും യുക്തിവാദവും, മനുഷ്യാസ്തിത്വം വിശുദ്ധ ക്വുര്‍ആനിലും ഭൗതിക വാദത്തിലും തുടങ്ങിയവ കേരളത്തില്‍ ഇസ്ലാമിക പ്രബോധകരുടെ ആത്മവീര്യം വര്‍ധിപ്പിച്ചിരുന്ന കൃതികളാണ്. 

ഇസ്ലാമിക ആദര്‍ശങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇസ്ലാമിന്റെ ആദ്യകാലക്കാര്‍ സ്വീകരിച്ച അതേ മാനദണ്ഡം സ്വീകരിക്കണമെന്ന നിഷ്‌കര്‍ഷത അദ്ദേഹം വെച്ച് പുലര്‍ത്തിയിരുന്നു. അല്ലാഹുവിന്റെ ദീന്‍ അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതും അവന്‍ നിയോഗിച്ച അന്തിമ പ്രവാചകന്‍ വിശദീകരിച്ചതുമാണെന്ന സത്യം തുറന്നുപറയുകയും മതത്തില്‍ നൂതന നിര്‍മിതികള്‍ പാടില്ലെന്ന് പ്രവാചകന്‍ വിലക്കിയത് ഊന്നിപ്പറയുകയുമാണ് വേണ്ടതെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ഇസ്ലാമിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഈ നിലപാട് അനിവാര്യവുമാണെന്നും ഇതില്‍നിന്ന് വ്യത്യസ്തമായി മനുഷ്യചിന്തകള്‍ക്ക് മതപരിവേഷം ചാര്‍ത്തുന്നതുകൊണ്ടാണ് ഇസ്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതെന്നുമുള്ള ആശയം അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനിന്നു. ഗുരുതരമായ വ്യതിയാനങ്ങള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാകാത്ത മതഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സച്ചരിതരായ പൂര്‍വികര്‍ ചെയ്തതെന്നും ആ പൂര്‍വികരുടെ മാതൃക പിന്തുടരുന്നവര്‍ ഇക്കാലത്ത് മതചിന്തയുടെ സമുചിതമായ വികാസത്തെയും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റത്തെയും സര്‍വഥാ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. സലഫ്, ഇസ്വ്ലാഹ്, ജിഹാദ് തുടങ്ങിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങള്‍ ധ്വനിപ്പിക്കുന്ന സംജ്ഞകളെ അതിന്റെ തനതായ അര്‍ഥങ്ങളില്‍ ഉള്‍ക്കൊള്ളാനും ആ ആശയങ്ങള്‍ നിസ്സങ്കോചം പ്രചരിപ്പിക്കാനും ശ്രമിക്കുന്നതിനു പകരം വിമര്‍ശകരുടെ ഒളിയമ്പുകളെ പേടിച്ച് അവയെ പാടെ ഉപേക്ഷിക്കുന്നതിനെ അദ്ദേഹം ശക്തമായി വിലക്കിയിരുന്നു. ഈ മൂന്നു സംജ്ഞകള്‍ ഉപയോഗിക്കാതെ കേരളീയ പശ്ചാത്തലത്തില്‍ ഇസ്ലാമിക പ്രബോധനം സാധ്യമാവില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. 

ജമാഅത്തെ ഇസ്ലാമി കേരളത്തിലെ ഉത്പതിഷ്ണുക്കള്‍ക്കിടയില്‍ സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ സ്വാധീനം നേടാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ പ്രതിലോമകരമായ ആശയങ്ങളെ പ്രാമാണികമായി നേരിടാന്‍ സധൈര്യം മുന്നോട്ടു വന്നത് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദാനിയായിരുന്നു. കെ. ഉമര്‍മൗലവിക്ക് ശേഷം ഈ വിഷയത്തില്‍ ഗ്രന്ഥരചനകള്‍ നടത്തിയതും അദ്ദേഹമായിരുന്നു. കെ.പി മുഹമ്മദ് മൗലവി എഴുതിയ ഇബാദത്തും ഇത്വാഅത്തും എന്ന പുസ്തകത്തിന് ഒട്ടും പ്രതിപക്ഷ മര്യാദയില്ലാതെ മറുപടി എഴുതിയ കെ സി. അബ്ദുല്ലമൗലവി 'ഇബാദത്ത് ഒരു സമഗ്രപഠനം' എന്ന പേരില്‍ ഒരു പുസ്തകം രചിച്ചപ്പോള്‍ ആ രണ്ടു പുസ്തകങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് 'ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം' എന്ന പേരില്‍ ചെറിയമുണ്ടം രചിച്ച പുസ്തകമാണ് ഇബാദത്തിന്റെ യഥാര്‍ഥ താല്‍പര്യം ജനങ്ങളെ ബോധ്യപ്പെടുത്തിയത്. വളരെ ഗൗരവമേറിയ മതപഠനങ്ങള്‍ക്ക് ഇത്തരം ചര്‍ച്ചകള്‍ കാരണമായിരുന്നു. ഇന്നത്തെ പോലെ ഉപരിപ്ലവമായ പഠനങ്ങളായിരുന്നില്ല; മറിച്ച് വിഷയത്തിന്റെ മര്‍മം തൊട്ടറിഞ്ഞ് ആഴത്തില്‍ സഞ്ചരിക്കാന്‍ സാധാരണക്കാര്‍ക്ക് പോലും സാധ്യമാവുന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു അക്കാലത്ത് ചെറിയമുണ്ടം പോലെയുള്ള പണ്ഡിതന്മാര്‍ നടത്തിയിരുന്നത്. 

പിളര്‍പ്പുകള്‍ക്കും വിദ്വേഷങ്ങള്‍ക്കുമിടയില്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കാനും അമിതഭാഷണങ്ങള്‍ നടത്തി അനര്‍ഥങ്ങള്‍ ക്ഷണിച്ചുവരുത്താതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അതേസമയം താന്‍ മനസ്സിലാക്കിയ ആദര്‍ശം തുറന്നു പറയുന്നതില്‍ ആരെയും അദ്ദേഹം ഭയന്നതുമില്ല. ഇമാം ബുഖാരി അടക്കമുള്ള ഹദീഥ് പണ്ഡിതന്മാര്‍ അവരുടെ സ്വഹീഹുകളില്‍ സ്വീകാര്യയോഗ്യമായ പാരമ്പരകളോട് കൂടി ഉദ്ദരിച്ച ഹദീഥുകളെ ആരുടെയെങ്കിലും ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നതിന്റെ പേരില്‍ തള്ളിക്കളയാന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം തുറന്നു പറയുകയുണ്ടായി. തൗഹീദിനെയും ശിര്‍ക്കിനെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ ഇക്കാലമത്രയും അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാടിനെ അരക്കിട്ടുറപ്പിച്ചുകൊണ്ടുള്ള ഉത്തരങ്ങള്‍ അദ്ദേഹം നല്‍കുകയുണ്ടായി. ഇസ്ലാമിക അടയാളങ്ങളോടുള്ള അപകര്‍ഷതയില്‍ നിന്നും രൂപപ്പെട്ട മോഡേണ്‍ ചിന്തകളുടെ വാഹകര്‍ മുസ്ലിം സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന അള്‍ട്രാ സെക്കുലറിസ്റ്റ് ചിന്താഗതികളെ അദ്ദേഹം അതിനിശിതമായി തന്നെ വിമര്‍ശിച്ചു. പൊതുസമൂഹത്തിന്റെയല്ല, അല്ലാഹുവിന്റെ തൃപ്തിയാണ് പ്രധാനമെന്ന് പറയാന്‍ അദ്ദേഹത്തിനൊരു പ്രയാസവും നേരിട്ടില്ല. വീക്ഷണവ്യത്യാസങ്ങളില്‍ സ്വഹാബത്തിന്റെ നിലപാടിലേക്ക് മടങ്ങാനും കടുത്ത വിമര്‍ശനങ്ങള്‍ക്ക് പകരം അഭിപ്രായങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ അപരനെ മാനിക്കാനും അദ്ദേഹം ഉപദേശിച്ചു. 

ആധുനിക ബേങ്കുകളിലെ പലിശ ഇസ്ലാം നിരോധിച്ച ഗണത്തില്‍ വരില്ലെന്ന തരത്തിലുള്ള ഒരു ചര്‍ച്ച കോഴിക്കോട്ടെ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ സംഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രോഷം അവിടെ ഉയര്‍ന്നു. പലിശ ഹലാലാക്കാന്‍ വേണ്ടിയാണ് ഈ ചര്‍ച്ച സംഘടിപ്പിക്കുന്നതെങ്കില്‍ അത് ഇവിടെ വെച്ച് തന്നെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ പിന്നെ സംഘാടകര്‍ക്ക് മറ്റൊരു നിവൃത്തി ഉണ്ടായിരുന്നില്ല. അല്‍മനാര്‍ മാസികയിലും അദ്ദേഹം എഡിറ്റോറിയലും മറ്റു ലേഖനങ്ങളും എഴുതിയിരുന്നു. ഇറാഖിന്റെ കുവൈറ്റ് അധിനിവേശ കാലത്ത് ഇറാഖിനെ വിമര്‍ശിച്ച് അദ്ദേഹം അല്‍മനാറില്‍ എഴുതിയ ലേഖനത്തെ തുടക്കത്തില്‍ പലരും വിമര്‍ശിച്ചെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണമായിരുന്നു ശരിയെന്നു കാലം പിന്നീട് തെളിയിച്ചു. ബാബ്‌രി മസ്ജിദ് പ്രശ്‌നത്തിലും പ്രതിരോധത്തിന്റെ മറവില്‍ കേരളത്തില്‍ വര്‍ധിച്ചുവന്ന തീവ്രവാദ പ്രശ്‌നങ്ങളിലും മുജാഹിദ് പ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും നിലപാട് സ്വീകരിക്കാന്‍ സാധിച്ചതില്‍ അദ്ദേഹത്തിന്റെ തൂലികയുടെ പങ്ക് വളരെ വലുതായിരുന്നു. 

വ്യക്തിജീവിതത്തില്‍ തൂവെള്ളയുടെ വിശുദ്ധി സൂക്ഷിച്ചിരുന്ന അദ്ദേഹം വിനയത്തിന്റെയും ലാളിത്യത്തിന്റെയും പര്യായം കൂടിയായിരുന്നു. അമിതമായ ജീവിതച്ചെലവുകള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും അദ്ദേഹം എതിരായിരുന്നു. ആരോഗ്യത്തെ ഹനിക്കുന്ന ഭക്ഷണ പാനീയങ്ങള്‍ക്കെതിരെ ശക്തമായ പ്രബോധനം അദ്ദേഹം നടത്തിയിരുന്നു. 'ആരോഗ്യത്തിന്റെ ദൈവശാസ്ത്രം' എന്ന ഒരു പുസ്തകം തന്നെ ഈ വിഷയത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഒന്നും ഉപയോഗിക്കാതെ തന്നെ അദ്ദേഹത്തിന്റെ അവസാനകാലഘട്ടത്തിലും പുസ്തകങ്ങളുടെയും വലിയ ഗ്രന്ഥങ്ങളുടെയും കൂട്ടുകാരനായി അദ്ദേഹം കഴിച്ചുകൂട്ടി. അവസാന സന്ദര്‍ശന വേളയിലും നെറ്റില്‍നിന്നല്ല, നേരിട്ട് ഗ്രന്ഥങ്ങളില്‍ നിന്ന് വിജ്ഞാനം സ്വീകരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞത് ഓര്‍മിക്കുന്നു. ഗവേഷണങ്ങള്‍ പോലും 'കോപ്പി പേസ്റ്റ്' ആവുന്ന ഈ കാലഘട്ടത്തില്‍ വിജ്ഞാന സമ്പാദനത്തിലുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധം അനിര്‍വചനീയമാണ്. പിരിഞ്ഞുപോരുന്ന സന്ദര്‍ഭത്തില്‍ തിരിച്ചുവിളിച്ചുകൊണ്ട് 'ജിഹാദ്' എന്ന പദം വികലമാക്കപ്പെട്ടതില്‍ മുസ്ലിം പണ്ഡിതര്‍ക്കും എഴുത്തുകാര്‍ക്കും സംഭവിച്ച അബദ്ധങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായപ്പോള്‍ അദ്ദേഹത്തിലെ നിഷ്‌കളങ്കതയെയും ആത്മാര്‍ഥതയെയും സത്യസന്ധതയെയും തൊട്ടറിയാന്‍ സാധിച്ചു. എന്റെ പിതാവിനെ ജ്യേഷ്ഠതുല്യം സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ വാത്സല്യം പലപ്പോഴും നേരിട്ടനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. നാഥാ നീ അവരെ അനുഗ്രഹിക്കേണമേ.