ആള്‍കൂട്ട ഭീകരത, കലാലയ രാഷ്ട്രീയം, ആവിഷ്‌കാര സ്വാതന്ത്ര്യം

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11
ആള്‍കൂട്ട ഭീകരത അരങ്ങ് വാഴുകയാണ്; പ്രതികരണം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയും. ഉദ്ബുദ്ധ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിലേക്കും അതിന്റെ ദംഷ്ട്രങ്ങള്‍ നീണ്ടിരിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നു. എന്തുകൊണ്ട് പ്രതികരിക്കേണ്ടവര്‍ മൗനികളായി മാറുന്നു? ഇതിന് തടയിടാന്‍ എന്തുണ്ട് മാര്‍ഗം?

അഭിമന്യുവിന്റെ വധവും ഹരീഷിന്റെ 'മീശ'യും ആള്‍കൂട്ട ഭീകരതക്കെതിരെ ശക്തമായ നിയമം നിര്‍മിക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും പോയ വാരങ്ങളില്‍ വളരെയേറെ ശ്രദ്ധനേടിയ വിഷയങ്ങളാണ്. ആള്‍കൂട്ടത്തിന്റെ ആധിപത്യത്തില്‍ തകര്‍ന്നടിയുന്ന വ്യക്തികളുടെ സ്വാതന്ത്ര്യവും ജീവിതവും ആവിഷ്‌കാരവും അഭിമാനവും ഈ വിഷയങ്ങള്‍ക്ക് സമാനത നല്‍കുന്നു. നമ്മുടെ രാജ്യം മഹത്തായ സംസ്‌കാരവും പാരമ്പര്യവും ഉള്‍കൊള്ളുന്നതോടൊപ്പം നിയമവാഴ്ചക്കും നീതിന്യായ സൂക്ഷ്മതക്കും കേളികട്ട നാടാണ്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന തത്ത്വം അംഗീകരിച്ചിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ മുദ്രവാക്യം 'സത്യമേവ ജയതേ' എന്നാണ്. 

പക്ഷേ, ഇന്ന് വിധികള്‍ പ്രസ്താവിക്കുന്നതും ശിക്ഷകള്‍ നിര്‍ണയിക്കുന്നതും അപരാധിയെയും നിരപരാധിയെയും ചൂണ്ടിക്കാണിക്കുന്നതും കോടതികളോ നിയമ പാലകരോ അല്ല. മറിച്ച് കാപാലിക രാഷ്ട്രീയം ആദര്‍ശമായി സ്വീകരിച്ചവരും തീവ്രവാദത്തില്‍ മുളച്ചുപൊങ്ങിയ പ്രസ്ഥാനങ്ങളും സമൂഹമാധ്യമങ്ങളിലെ 'കമന്റടി'ക്കാരും അന്തിച്ചര്‍ച്ചകളിലെ അധരവ്യായാമക്കാരുമാണ്. അവര്‍ മലയാളിയുടെ മനസ്സിനെ കീഴടക്കി കോടതികളെപ്പോലും മറികടന്നു വിരാജിക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ സംജാതമായിരിക്കുന്നു. സമാധാനം ആഗ്രഹിക്കുന്ന മതവിശ്വാസികളും കുലീനത നിറഞ്ഞുനില്‍ക്കുന്ന കുടുംബങ്ങളും സാമൂഹിക നന്മക്കും പൊതുസേവനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പൊതുപ്രവര്‍ത്തകരും ഉയര്‍ത്തിക്കാണിക്കുന്ന ഉന്നതങ്ങളായ സംസ്‌കാരങ്ങള്‍ തമസ്‌കരിക്കപ്പെടുകയും പകരം തിരശ്ശീലക്കു പിറകില്‍ ഒളിയമ്പുകളുമായി പ്രവര്‍ത്തിക്കുന്ന നടേസൂചിപ്പിച്ച കാപാലികര്‍ പ്രദര്‍ശിപ്പിക്കുന്ന മാസ്മരികതകള്‍ പ്രകാശമാനമാവുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ നാടിനെ കീഴടക്കിക്കൊണ്ടിരിക്കുന്നു.

അമിത ഭാഷണവും അധികപ്രസംഗവും 'കൊലമാസ്സ്' കമന്റുകളും നടത്തുന്നവരുടെ പ്രതികരണങ്ങള്‍ ജനഹൃദയങ്ങളില്‍ സ്വാധീനമുണ്ടാക്കുമെങ്കിലും അത് വലിയ ദുരന്തങ്ങളാണുണ്ടാക്കുന്നതെന്ന വീക്ഷണമാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്: ''ചില ആളുകളുണ്ട്. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ സത്യത്തിന്റെ കഠിനവൈരികളത്രെ. അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിളനശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ച്‌നിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!'' (ക്വുര്‍ആന്‍ 2:204-206).

ദളിതരും ന്യൂനപക്ഷവും അടക്കമുള്ളവര്‍ക്കുനേരെ അടുത്തിടെയുണ്ടായ ആള്‍കൂട്ട കൊലപാതകങ്ങളെ ശക്തമായി അപലപിച്ച് കൊണ്ട് സുപ്രീംകോടതിയുടെ പരാമര്‍ശം ഉണ്ടായതോടെ ആള്‍കൂട്ട ഭീകരത ഔദ്യോഗിക തലങ്ങളില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. മഹാത്മജിയുടെ പേരമകന്‍ തുഷാര്‍ ഗാന്ധിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് തെഹ്സീന്‍ പൂനാവാലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി 'ആള്‍കൂട്ട ഭീകരത'യെ പ്രത്യേക കുറ്റകൃത്യമായി കണക്കാക്കി നിയമമുണ്ടാക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കഴിഞ്ഞ സെപ്റ്റംബര്‍ 6ന് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ മേല്‍നോട്ടത്തിനായി എല്ലാ ജില്ലകളിലും പോലീസ് സംവിധാനമുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ അതിനെതിരിലാണ് തുഷാര്‍ ഗാന്ധി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. 

2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് രാജ്യത്ത് ആള്‍കൂട്ട ഭീകരത വര്‍ധിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡില്‍ 'lynching' പ്രത്യേക കുറ്റകൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആള്‍കൂട്ട അതിക്രമങ്ങളുടെ പേരില്‍ കോടതികളിലെത്തുന്ന നിരവധി കേസുകളില്‍ കൃത്യമായ നടപടികള്‍ എടുക്കാന്‍ കോടതികള്‍ക്ക് സാധിക്കാതെ വരുന്നു. മതം, വര്‍ഗം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നത് IPC 153(A) അനുസരിച്ച് കുറ്റകരമാണ്. ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഗോസുരക്ഷയുടെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെ ഈ ഇനത്തില്‍ പെടുത്തി നടപടി സ്വീകരിക്കാനാണ് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലാഴ്ചക്കുള്ളില്‍ നടപടികള്‍ സ്വീകരിച്ച് കോടതിയെ അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ ആഗസ്റ്റ് 20ന് വീണ്ടും കോടതി പരിശോധിക്കും. 

മുഹമ്മദ് അഖ്‌ലാഖ്, മുസ്തയിന്‍ അബ്ബാസ്, പഹ്‌ലുഖാന്‍, ഗഫാര്‍ ഖുറൈശി, ഷാഹിദ് അഹമ്മദ്, മജ്ലൂം അന്‍സാരി, ഇംതിയാസ് ഖാന്‍ തുടങ്ങിയ പേരുകള്‍ 'പശുഭീകരത'യുടെ ഇരകളായി നാം ഏറെ വായിച്ചതാണ്. അവര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ അനീതിക്ക് ഇരയാവുന്നവര്‍ക്കും വേണ്ടിയും പേന ചലിപ്പിച്ച ഗൗരി ലങ്കേഷ്, എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ എഴുത്തുകാര്‍ക്കും ജീവന്‍ ബലിയര്‍പിക്കേണ്ടി വന്നു. 2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സംഘ് പരിവാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബീഫ് കൈവശം വെച്ചതിന്റെയും കാലികളെ കടത്തിയതിന്റെയും പേരില്‍ മാത്രമല്ല തീവണ്ടിയില്‍ സീറ്റ് മാറി ഇരുന്നതിന്റെ പേരില്‍ പോലും അറുകൊലകള്‍ നടത്തിയ സംഭവം നമ്മുടെ രാജ്യത്ത് സംഭവിച്ചു. അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടെ അതിശക്തമായ താക്കീതും ഇടപെടലും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക അധഃസ്ഥിത സമൂഹങ്ങള്‍ക്കും പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്കും സാര്‍വോപരി മതേതരത്വത്തെ സ്‌നേഹിക്കുന്നവര്‍ക്കും ആശ്വാസമായിരിക്കുകയാണ്. 

പക്ഷേ, രാജ്യത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം അപഗ്രഥിക്കുമ്പോള്‍ കേവലം ഒരു നിയമനിര്‍മാണം കൊണ്ട് ഭീകരര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആള്‍കൂട്ട ഭീകരതയെ ചെറുക്കുവാന്‍ സാധിക്കുമോ എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. രാജ്യത്ത് വിവിധ കാലങ്ങളിലായി ഹിന്ദുത്വവാദികള്‍ അധികാരത്തിലേറുവാന്‍ വേണ്ടി ഉന്മൂലന തന്ത്രങ്ങള്‍ പയറ്റിയിട്ടുണ്ട്. 1995ല്‍ മഹാരാഷ്ട്രയില്‍ 900 പേരെ കശാപ്പ് ചെയ്തുകൊണ്ടാണ് ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന അധികാരത്തില്‍ വന്നത്. കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ കുറ്റം ചാര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അധികാരത്തില്‍ വന്ന ഗവര്‍മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ല. രാഷ്ട്രീയ ബാന്ധവങ്ങളുടെ പുകമറകളില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടായിരത്തിലധികം പാവങ്ങളെ കൊന്നുതള്ളിയ ഗുജറാത്ത് കലാപങ്ങളുടെ സൂത്രധാരന്‍ ഇന്ന് രാജ്യത്തിന്റെ പരമസിംഹാസനത്തില്‍ വിരാജിക്കുന്നു. നിയമങ്ങളുടെ അഭാവമല്ല, മറിച്ച് രാജ്യത്തിന്റെ മതേതര രാഷ്ട്രീയ അസ്തിത്വത്തെ തകര്‍ത്തുകൊണ്ടും നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചുകൊണ്ടും മുന്നോട്ട് പോകാനുള്ള സമാന്തര രാഷ്ട്രീയ ധാരയെ വാര്‍ത്തെടുക്കാന്‍ സാധിച്ചുവെന്നതാണ് സംഘ്പരിവാരങ്ങളുടെ വിജയം. വര്‍ഗീയതയെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മതേതരത്വത്തെ 'വേരുകളില്ലാത്ത സങ്കല്‍പം' എന്ന വിശേഷണം നല്‍കിയത് നരേന്ദ്ര മോഡിയുടെ മന്ത്രിസഭയിലിരിക്കുന്ന അനന്തകുമാര്‍ ഹെഗ്ഡെ എന്ന മന്ത്രിയാണ്. മതേതരത്വത്തെ തള്ളി, നിയമങ്ങള്‍ക്ക് നേരെ കണ്ണടച്ച്, മതന്യൂനപക്ഷങ്ങളെ വേട്ടയാടി രാജ്യത്തെ ഒരു ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള ഈ നിലപാടിനെയാണ് കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ 'ഹിന്ദു പാക്കിസ്ഥാന്‍' എന്ന പ്രയോഗത്തിലൂടെ വിമര്‍ശിച്ചത്. തരൂരിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അക്രമിച്ച് മറുപടി നല്‍കാന്‍ ശ്രമിച്ച വര്‍ഗീയവാദികള്‍ക്ക് അനുകൂലമായി മൗനം ദീക്ഷിക്കുകയായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ചെയ്തത്. ആള്‍കൂട്ട കൊലകളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. പലതവണ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വാ തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മൗനിബാബയായി ഇരിക്കുകയായിരുന്നു നരേന്ദ്രമോഡി. നിലവില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആശിര്‍വാദത്തോടെയും പ്രധാനമന്ത്രിയുടെ മൗനത്തിന്റെ പിന്‍ബലത്തോടെയും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലകള്‍ക്ക് മൂക്കുകയറിടാന്‍ നിയമനിര്‍മാണം മാത്രം മതിയാവില്ല. രാഷ്ട്രീയമായ പരിഹാരമാണ് ഏറ്റവും പ്രധാനം. ആള്‍കൂട്ട കൊലയുടെ പേരില്‍ പ്രതിയായ ഒരാള്‍ ജയിലില്‍ മരിച്ചപ്പോള്‍ അയാളുടെ ദേഹത്ത് ദേശീയപതാക പുതപ്പിച്ച് ആദരിച്ച മന്ത്രിമാരാണ് ഇന്ന് നമുക്കുള്ളത്. കോടതികള്‍ നല്‍കുന്ന ഉത്തരവുകളെക്കാളേറെ ഭരണകൂടങ്ങള്‍ നല്‍കുന്ന സന്ദേശങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. സുപ്രീം കോടതിയുടെ ഇടപെടല്‍ ബി.ജെ.പിയുടെ മുഖത്തുള്ള അതിശക്തമായ പ്രഹരമാണെങ്കിലും മതേതര രാഷ്ട്രീയ സഖ്യങ്ങള്‍ വര്‍ഗീയ തീവ്രവാദ പ്രത്യയശാസ്ത്രങ്ങള്‍ക്കുമേല്‍ അധീശത്വം സ്ഥാപിക്കേണ്ടത് അനിവാര്യമാണ് എന്ന യാഥാര്‍ഥ്യം രാജ്യത്തെ പൗരന്മാരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 

ആള്‍കൂട്ട ഭീകരത ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അഭിമന്യുവിന്റെ മുഖവും നമ്മുടെ മുമ്പില്‍ തെളിഞ്ഞുവരുന്നുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കുടിയേറ്റ ഗ്രാമമായ വട്ടവടയില്‍ നിന്നും കൊച്ചിയിലെ പ്രസിദ്ധമായ മഹാരാജാസ് കോളേജില്‍ വന്ന് ബി.എസ്.സിക്ക് പഠിക്കുന്ന ഇരുപതുകാരനായ അഭിമന്യൂ കോളേജ് ഹോസ്റ്റലില്‍ വെച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യൂ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ടു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. 15 ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യപ്രതി എന്ന് കരുതപ്പെടുന്ന ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ പോലീസ് ബംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘട്ടനമുണ്ടാവുന്നതും അതിന്റെ പേരില്‍ മരണങ്ങളും പരിക്കുകളും സംഭവിക്കുന്നതും ഇത് ആദ്യമൊന്നുമല്ല. പക്ഷേ, മഹാരാജാസില്‍ നടന്ന സംഭവത്തെ സംബന്ധിച്ച് പോലീസ് പറയുന്നത് കൊലയുടെ രീതിയും സ്വഭാവവും പരിശോധിക്കുമ്പോള്‍ കേവലം ഒരു സംഘട്ടനമല്ല, മറിച്ച് ഒരു പ്രൊഫഷണല്‍ കില്ലറുടെ സഹായത്തോടെ നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് കൊല നടന്നിട്ടുള്ളത് എന്നാണ്. ഇവിടെയാണ് 'രാഷ്ട്രീയം' പ്രതിക്കൂട്ടിലാവുന്നത്. എസ്.എഫ്.ഐക്ക് ശക്തമായ സ്വാധീനമുള്ള കോളേജുകളില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലുമില്ല എന്ന ആരോപണം ഘടകകക്ഷിയായ സി.പി.ഐ പോലും ഉന്നയിച്ചിട്ടുള്ള കാര്യമാണ്. ജനാധിപത്യ വിരുദ്ധമായ ഇത്തരം നടപടികളുടെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ എസ്.എഫ്.ഐക്ക് നേരെ മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 

മഹാരാജാസ് കോളേജില്‍ തന്നെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലും അതേ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ ആയുധശേഖരം കണ്ടെത്തിയതിന്റെ പേരിലും നേരത്തെ എസ്.എഫ്.ഐ പഴി കേട്ടിട്ടുണ്ട്. ക്യാമ്പസിന്റെ അന്തസ്സ് നഷ്ടപ്പെടുത്തുന്ന വിധത്തില്‍ പെണ്‍കുട്ടികള്‍ പ്രവര്‍ത്തിക്കരുതെന്ന ഉപദേശം നല്‍കിയതിന്റെ പേരിലാണ് പ്രിന്‍സിപ്പല്‍ എന്‍. എല്‍. ബീനയുടെ കസേര അവര്‍ അഗ്‌നിക്കിരയാക്കിയത്. 2017 മെയ് മാസത്തില്‍ പിടിച്ചെടുക്കപ്പെട്ട ആയുധശേഖരത്തെ കുറിച്ച് അവ വാര്‍ക്കപ്പണിയുടെ ഉപകരണങ്ങളാണെന്ന് പറഞ്ഞു നിസ്സാരവല്‍ക്കരിക്കുകയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി. വീണ്ടുവിചാരമില്ലാത്ത പൊട്ടുന്ന പ്രായത്തില്‍ ക്യാമ്പസുകളില്‍ നടക്കുന്ന ആയുധ ശേഖരണത്തെയും നശീകരണ പ്രവണതകളെയും വാക്കത്തി രാഷ്ട്രീയത്തെയും നിരീക്ഷിക്കാനും അവയെ തിരുത്താനും നടപടി സ്വീകരിക്കാനും ഭരണകൂടത്തിനും പൊതുസമൂഹത്തിനും സാധിക്കുന്നില്ലെങ്കില്‍ അഭിമന്യുമാരുടെ എണ്ണം ഇനിയും വര്‍ധിക്കുകയേ ഉള്ളൂ. വിദ്യാര്‍ഥികളെ തങ്ങളുടെ രാഷ്ട്രീയ ചട്ടുകങ്ങളായും ആജ്ഞാനുവര്‍ത്തികളായും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ തന്നെയാണ് ഇത്തരം സംഭവങ്ങളുടെ യഥാര്‍ഥ പ്രതികള്‍. 

പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ പേരിലായിരുന്നാലും മറ്റെന്തു കാരണങ്ങളുടെ പേരിലായിരുന്നാലും സ്വന്തം സഹപാഠിയുടെ നെഞ്ചിലേക്ക് കഠാര കുത്തിക്കയറ്റിയവര്‍ ഇവിടെയുള്ള കോടതികള്‍ക്കുമപ്പുറം ദൈവത്തിന്റെ കോടതിയില്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. കലാലയങ്ങള്‍ വിദ്യാഭ്യാസകേന്ദ്രങ്ങളാണ്. സര്‍ഗാത്മകതയുടെ വിളനിലമായി പരിലസിക്കേണ്ട, പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങള്‍ പരസ്പരം പങ്കിട്ടെടുക്കേണ്ട, ഓര്‍മകള്‍ മേവുന്ന തിരുമുറ്റമായി എന്നും മനസ്സില്‍ സൂക്ഷിക്കുന്ന കലാലയങ്ങളെ കൊലക്കളങ്ങളാക്കി മാറ്റുന്നവര്‍ യുവതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് അത്. മതത്തിന്റെയും സമുദായത്തിന്റെയും പേര് പറഞ്ഞു സംഘടിച്ചവര്‍ നടത്തുന്ന ക്രൂരമായ താണ്ഡവങ്ങളെ ന്യായീകരിക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഉത്തരവാദപ്പെട്ട ഒരു സംഘടനയും നേതാവും രംഗത്തുവന്നില്ല എന്നത് വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ള മഹാഭൂരിപക്ഷം വരുന്ന കേരളീയ മുസ്ലിം ജനതയുടെ മതേതര ജനാധിപത്യ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. 

മഹാരാജാസില്‍ നടന്നത് ആള്‍കൂട്ട ഭീകരതയാണോ അല്ലയോ എന്ന കാര്യം വിലയിരുത്തേണ്ടത് പോലീസും ജുഡീഷ്യറിയുമാണ്. ഒരാള്‍ക്കോ അല്ലെങ്കില്‍ ഒരു വിഭാഗത്തിനോ എതിരെ കുറ്റം ആരോപിച്ച് ജനക്കൂട്ടം തന്നെ ശിക്ഷ വിധിക്കുന്നതാണ് ആള്‍കൂട്ട ഭീകരത അഥവാ മോബ് ലിഞ്ചിങ്. പെട്ടെന്നുണ്ടാവുന്ന പ്രകോപനങ്ങളുടെ പേരില്‍ രോഷാകുലരാവുന്ന ജനക്കൂട്ടം നടത്തുന്ന അക്രമാസക്തമായ പ്രതികരണങ്ങളെ പൊതുവില്‍ സംഘട്ടനങ്ങളും അടിപിടിയുമായിട്ടാണ് വിലയിരുത്തപ്പെടാറുള്ളത്. ഭരണകൂടത്തോടുള്ള പ്രതിഷേധങ്ങളിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. ആദ്യത്തേത് ഉന്മൂലനം ലക്ഷ്യമാക്കിയും രണ്ടാമത്തേത് ഉന്മൂലന ഉദ്ദേശ്യമില്ലാതെ എന്നാല്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍ ചിലപ്പോഴെങ്കിലും ഉന്മൂലനത്തില്‍ കലാശിക്കുന്നതുമാണ്. ഉന്മൂലനത്തിനായി നേരത്തെ ആസൂത്രണം ചെയ്തു പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്ന ഏതിനെയും ലിഞ്ചിങ്ങിന്റെ പരിധിയില്‍ പെടുത്താനേ സാധിക്കൂ. ആദര്‍ശ പ്രതിയോഗിയായിരുന്നാലും വ്യക്തിപരമായി ശത്രുത ഉള്ളവരായിരുന്നാലും ഒരാളെയും വകവരുത്താന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല. ഒരു ഭരണഘടനയും അംഗീകരിക്കുന്നുമില്ല. നിയമപരമായ മാര്‍ഗത്തിലൂടെയല്ലാതെ നിയമം കയ്യിലെടുത്ത് സ്വയം നടപ്പാക്കുന്ന നടപടികള്‍ മതപരമായും രാജ്യനിയമപ്രകാരവും കുറ്റകരമാണ്. 

മലബാര്‍ മേഖലകളില്‍ മുസ്ലിം മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും സാമുദായികവും ദേശീയവുമായ രാഷ്ട്രീയബോധമുള്ള മുസ്ലിം ജനതയുടെ ശക്തമായ സ്വാധീനവും ഉള്ളതുകൊണ്ട് തീവ്രവാദ സംഘടനകള്‍ക്ക് വളരാന്‍ ഇടമില്ല. സ്വന്തമായ നിലക്ക് മുസ്ലിം സമുദായത്തില്‍ വേരുറപ്പിക്കാന്‍ സാധിക്കാത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മലബാറില്‍ രാഷ്ട്രീയമായ മേല്‍ക്കോയ്മ ലഭിക്കാന്‍ വേണ്ടിയും തങ്ങളുടെ മുഖ്യ രാഷ്ട്രീയ പ്രതിയോഗികളെ നിലംപരിശാക്കാന്‍ വേണ്ടിയും തീവ്രവാദ പ്രസ്ഥാനങ്ങളെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും മുസ്ലിം സമുദായത്തില്‍ ഭിന്നതക്ക് ആക്കം കൂട്ടി സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മഹാരാജാസ് കോളേജില്‍ കൊമ്പ് കോര്‍ത്ത എസ്.എഫ്.ഐയും ക്യാംപസ് ഫ്രണ്ടും പെരിന്തല്‍മണ്ണയിലെ കോളേജില്‍ സഖ്യമാവുന്നതിന്റെ പശ്ചാത്തലവും ഇതാണ്. അതുകൊണ്ട് തന്നെ മുഖ്യധാരാ മുസ്ലിം പ്രസ്ഥാനങ്ങളുടെ സ്വാധീനം താരതമേ്യന കുറഞ്ഞ കേരളത്തിന്റെ തെക്കന്‍ മേഖലകളില്‍ ഉന്മൂലന രാഷ്ട്രീയം കൊണ്ടുനടക്കുന്ന ഇവര്‍ പരസ്പരം മാറ്റുരക്കുമ്പോള്‍ അത് കൊലക്കളമായി മാറുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ 'പൊളിറ്റിക്കല്‍ ഇസ്ലാം' എന്ന ആശയത്തില്‍ അപകടം കാണേണ്ടതില്ലെന്ന ചില കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ അവസരവാദപരമായ തൊട്ടും തലോടിയുമുള്ള നിലപാട് ഇത്തരം ബാന്ധവങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. 

തീവ്രവാദത്തിനും കാപാലിക രാഷ്ട്രീയത്തിനും മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ലെന്നുള്ളതാണ് സത്യം. ഉന്മൂലന സിദ്ധാന്തം രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട ഒരു വ്യക്തി മാത്രമാണ് ടി.പി.ചന്ദ്രശേഖരന്‍. അവിടെ ചോദ്യമോ ഉത്തരമോ ഇല്ല; വാദിയോ പ്രതിയോ ഇല്ല; ന്യായാധിപനോ അഭിഭാഷകനോ ഇല്ല; പൊലീസോ എഫ്. ഐ. ആറോ ഇല്ല. പാര്‍ട്ടി തീരുമാനിക്കുകയും പാര്‍ട്ടി നടപ്പാക്കുകയും ചെയ്യുന്ന ഭീകരതയുടെ തത്ത്വശാസ്ത്രമാണ് അവിടെ അരങ്ങുതകര്‍ക്കുന്നത്. സോവിയറ്റ് റഷ്യയിലും ചൈനയിലും ഇതര കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പയറ്റിയ അതേ ഉന്മൂലന പ്രക്രിയ തന്നെയാണ് നമ്മുടെ കൊച്ചുകേരളത്തിലും ഇവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതേ ഉന്മൂലന ബോധമാണ് 'പ്രതിരോധം അപരാധമല്ല', 'നമുക്ക് മറക്കാതിരിക്കാം' തുടങ്ങിയ വൈകാരിക മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ഐ.എസ്.എസ്സില്‍ നിന്ന് തുടങ്ങി എന്‍.ഡി.എഫിലൂടെ ആവിര്‍ഭവിച്ചിട്ടുള്ള തീവ്രവാദസംഘടനകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തിരുവില്വാമലയിലെ സിദ്ധനായിരുന്ന മുഹമ്മദ് ഉപ്പാപ്പയെ കൊന്നുതള്ളിയതും തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയതും ഇസ്ലാമിന്റെ അക്കൗണ്ടില്‍ ഇക്കൂട്ടര്‍ നടത്തിയ ആള്‍കൂട്ട ഭീകരത തന്നെയായിരുന്നു. 

അഭിമന്യുവിന്റെ കൊലപാതകം ഇപ്പോള്‍ ഉയര്‍ത്തുന്ന മറ്റൊരു സുപ്രധാന ചോദ്യം കലാലയ രാഷ്ട്രീയത്തിന്റെ അസ്തിത്വത്തെയാണ്. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന കഴിഞ്ഞ ഒക്‌റ്റോബറിലെ ഹൈക്കോടതിയുടെ നിരീക്ഷണം കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കലാലയങ്ങള്‍ വീണ്ടും കൊലാലയങ്ങളായികൊണ്ടിരിക്കുന്നത്. ഏറെ രചനാത്മകവും മാതൃകാനുസാരവുമായ പ്രക്രിയയായിട്ടാണ് ഭൂതകാലങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അറിയപ്പെട്ടിരുന്നത്. ഒട്ടേറെ പ്രഗത്ഭമതികളായ ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും രാജ്യത്തിനു സംഭാവന ചെയ്തത് വിദ്യാര്‍ഥി രാഷ്ട്രീയമാണ് എന്ന കാര്യം സര്‍വരും സമ്മതിക്കുന്ന കാര്യമാണ്. കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ചരിത്രം അറിയപ്പെടുന്നത് 1882 മുതലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നു വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് അധിനിവേശത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ നടത്തിയ സമരമാണ് കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ തുടക്കമായി അറിയപ്പെടുന്നത്. 1916ല്‍ നാട്ടുരാജ്യങ്ങള്‍ക്ക് സ്വയം ഭരണ പദവി ആവശ്യപ്പെട്ടുകൊണ്ട് ഹോം റൂള്‍ പ്രസ്ഥാനം ഉടലെടുത്തപ്പോള്‍ പാലക്കാട് വിക്‌റ്റോറിയയിലും സാമൂതിരി കോളേജിലും തലശേരി ബ്രണ്ണന്‍ കോളേജിലും വിദ്യാര്‍ഥികള്‍ സമരസജ്ജരായി ഇറങ്ങി. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം അനുവദിക്കപ്പെടാതിരുന്ന ആ കാലഘട്ടത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ ചിന്ത വളര്‍ത്തിയെടുക്കണമെന്ന രാഷ്ട്രശില്‍പികളുടെ കാഴ്ചപ്പാടാണ് കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെ കരുപ്പിടിപ്പിച്ചത്. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായി രൂപംകൊണ്ട ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്‍ (അകടഎ) ആണ് ആദ്യമായി ഇന്ത്യയില്‍ രൂപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനം. 1937ല്‍ കൊല്‍ക്കത്തയില്‍ വെച്ച് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായി എം.എസ്.എഫ് രൂപം കൊണ്ടു. കേരളത്തിലേക്ക് എം.എസ്.എഫിനെ കൊണ്ടുവന്നത് കൊണ്ട് വന്നത് കെ.എം സീതി സാഹിബായിരുന്നു. 1942ല്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം ഹൈസ്‌കൂളില്‍ വെച്ചാണ് എം.എസ്.എഫിന്റെ പ്രഥമ സമ്മേളനം സീതി സാഹിബ് വിളിച്ചുചേര്‍ത്തത്. സി.എച്ച് മുഹമ്മദ് കോയയും ഇ. അഹമ്മദുമെല്ലാം എം.എസ്.എഫിന്റെ സന്തതികളാണ്. കേരളപ്പിറവിക്ക് ശേഷം രൂപം കൊണ്ട കെ.എസ്.യുവിലൂടെയാണ് എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. എം.എ ബേബി, ബിനോയ് വിശ്വം തുടങ്ങിയവര്‍ യഥാക്രമം എസ്.എഫ്.ഐയുടെയും എ.ഐ.എസ്.എഫിന്റെയും സംഭാവനകളാണ്. 

വിദ്യാര്‍ഥി രാഷ്ട്രീയവും കലാലയ രാഷ്ട്രീയവും ഒന്നല്ല. വിവിധ രാഷ്ട്രീയ വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ക്യാംപസുകള്‍ക്കുള്ളിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന വീക്ഷണം ശക്തമാവുന്നത് ഇങ്ങനെയാണ്. കലാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ നൈസര്‍ഗിക കഴിവുകള്‍ വളര്‍ത്തുന്നതിനും രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതിനും രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അവരെ ഉപയോഗപ്പെടുത്തുന്നതിനുമാണ് കാലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിച്ചത്. അത് പൊതുവില്‍ കലാലയ രാഷ്ട്രീയം എന്ന പേരില്‍ അറിയപ്പെട്ടുവന്നു. പക്ഷേ, കക്ഷി രാഷ്ട്രീയം ഏറെ സ്വാധീനിച്ച കേരളത്തില്‍ കലാലയ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയത്തിന്റെ ഉപകരണമായി പ്രവര്‍ത്തിച്ചു തുടങ്ങി. മുതിര്‍ന്നവര്‍ കയ്യാളുന്ന രാഷ്ട്രീയത്തിലെ എല്ലാ ജീര്‍ണിച്ച ശീലങ്ങളും ഏറ്റുവാങ്ങുന്ന കുപ്പത്തൊട്ടിയായി കലാലയ രാഷ്ട്രീയം മാറി. പണക്കൊഴുപ്പും കയ്യൂക്കും മലീമസമാക്കിയ കക്ഷിരാഷ്ട്രീയത്തിന്റെ ദര്‍പ്പണമുഖങ്ങള്‍ മാത്രമായി കലാലയ രാഷ്ട്രീയം അധഃപതിച്ചു. ജനാധിപത്യ രാഷ്ട്രീയബോധം വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ യുവമനസ്സുകളില്‍ അങ്കുരിപ്പിക്കേണ്ടതുണ്ടെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ ആ മനസ്സുകളില്‍ അരാഷ്ട്രീയ ചിന്തകളില്‍ നിന്നുല്‍ഭൂതമാവുന്ന തീവ്രവാദവും അതിവാദവും രൂപപ്പെടും. 

സമൂഹത്തിനു വേണ്ടി നന്മ ചെയ്യുകയെന്നതാണ് രാഷ്ട്രീയത്തിന്റെ കാതലായ വശം. അത്തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത് പ്രതിലോമചിന്തകള്‍ വളര്‍ത്തുവാന്‍ മാത്രമെ ഉപകരിക്കൂ. ജനാധിപത്യത്തിന് ബദലായി ഇന്ന് വളരെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന 'ജനപക്ഷ രാഷ്ട്രീയം' എന്ന ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന നവരാഷ്ട്രീയ ചിന്തകളും യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ ബോധത്തില്‍ നിന്നും ജനങ്ങളെ അകറ്റാനും അരാഷ്ട്രീയ ചിന്തകള്‍ വളര്‍ത്താനുമാണ് ഉപകരിക്കുന്നത്. 1970കള്‍ക്ക് ശേഷം, വിശേഷിച്ച് 1977ലെ അടിയന്തരാവസ്ഥക്ക് ശേഷമാണ് കലാലയ രാഷ്ട്രീയം നിര്‍മാണാത്മകതയില്‍ നിന്നും വഴിതെറ്റി സംഹാരാത്മകമായ പാതയിലേക്ക് നീങ്ങിത്തുടങ്ങിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ കലാലയ രാഷ്ട്രീയം നിരോധിക്കുന്നതാണ് നല്ലതെന്ന അഭിപ്രായങ്ങള്‍ വന്നുതുടങ്ങി. ഇടതുപക്ഷ സഹയാത്രികനായിരുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പോലും കലാലയ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. 1991ല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ കേരള വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ അദ്ദേഹം കലാലയ രാഷ്ട്രീയത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി കലാലയ രാഷ്ട്രീയം നിരോധിക്കണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. വിദ്യാര്‍ഥി സംഘടനകള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ സെമിനാറുകളിലും സിമ്പോസിയങ്ങളിലും ചര്‍ച്ച ചെയ്തു. അക്കാലത്ത് മുജാഹിദ് വിദ്യാര്‍ഥി പ്രസ്ഥാനം 'കലാലയ രാഷ്ട്രീയം ശരിയും തെറ്റും' എന്ന പേരില്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. 

ഇക്കഴിഞ്ഞ ഒക്ടോബറില്‍ കേരള ഹൈക്കോടതി കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നും അതിനാവശ്യമായ നടപടികള്‍ ഭരണകൂടം സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ്. കോടതിയുടെ പ്രസ്താവത്തിലെ ശരിതെറ്റുകളെക്കാളും കോടതിയെ അതിലേക്ക് നയിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതും. പൊന്നാനി എം.ഇ.എസ് കോളേജില്‍ കഴിഞ്ഞ വര്‍ഷം യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്.എഫ്.ഐ നടത്തിയ അതിക്രമത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കോളേജ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ വിധിയിലാണ് വളരെ സുപ്രധാനമായ നിരീക്ഷണം വന്നിരിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതോടെ തീരേണ്ടുന്ന വിഷയമല്ല ഇത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും അധ്യാപക പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും ഒരുമിച്ചിരുന്നു കലാലയങ്ങളില്‍ ശക്തമായ പെരുമാറ്റച്ചട്ടവും സമരങ്ങള്‍ക്ക് ഒരു രീതിശാസ്ത്രവും പഠിപ്പുമുടക്കലുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവുമെല്ലാം നടപ്പില്‍ വരുത്തി പരിഹരിക്കേണ്ട കേരളം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണിത്. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന വിദ്യാര്‍ഥി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും ഇത് അനിവാര്യമാണ്. 

ഈ ചര്‍ച്ചകള്‍ക്കിടയിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്നാഴ്ച്ചകളായി പ്രസിദ്ധീകരിച്ച് പിന്നീട് നിര്‍ത്തിവെച്ച എസ്. ഹരീഷിന്റെ 'മീശ' എന്ന നോവല്‍ വിവാദമാവുന്നത്. അര നൂറ്റാണ്ട് മുമ്പുള്ള ദളിതരുടെ ജീവിതം അനാവരണം ചെയ്യുന്ന നോവലിലെ വരികള്‍ക്കിടയില്‍ ഹൈന്ദവ ആചാരങ്ങളെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ വന്നതാണ് വിവാദത്തിനു കാരണം. പെണ്‍കുട്ടികള്‍ കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നതിന്റെ പിന്നിലെ കാരണത്തെ മോശമായി ചിത്രീകരിച്ചുവെന്നതാണ് ഹരീഷിനെതിരെയുള്ള പരാതി. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനും നോവലിസ്റ്റിനെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ മുതിരുന്നതും അവസരത്തെ സൗകര്യപൂര്‍വം ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നതും സ്വാഭാവികമാണ്. പക്ഷേ, വിഷയത്തില്‍ എന്‍.എസ്.എസ്, യോഗക്ഷേമ സഭ അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ ഉത്കണ്ഠ രേഖപ്പെടുത്തിയതും പ്രതിഷേധം അറിയിച്ചതും ഹൈന്ദവ സമൂഹത്തിന്റെ എതിര്‍പ്പ് നോവല്‍ ക്ഷണിച്ചുവരുത്തി എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം മാതൃഭൂമിയില്‍ വന്ന ആവിഷ്‌കാരം മുസ്ലിം സമുദായത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായതും മാതൃഭൂമിക്ക് അത് പിന്‍വലിച്ച് ക്ഷമാപണം നടത്തേണ്ടി വന്നതും ആരും മറന്നുകാണില്ല. വിവിധ മത സമൂഹങ്ങളിലെ ആചാരങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഇതിനര്‍ഥമില്ല. പക്ഷേ, വിമര്‍ശനം പ്രകോപനപരമാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുക, എഴുത്തുകാര്‍ക്കെതിരെ കൊലവിളി നടത്തുക തുടങ്ങിയ മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകള്‍ ആര്‍ നടത്തിയാലും അംഗീകരിക്കാനും സാധ്യമല്ല. തമിഴ്നാട്ടില്‍ ഒരു പെരുമാള്‍ മുരുകന്‍ ഉണ്ടെന്നു കേട്ടിരുന്ന മലയാളി സ്വന്തം മുന്നില്‍ അങ്ങനെയൊരാളെ കണ്ട് അന്തംവിട്ടു നില്‍ക്കുകയാണോ? വര്‍ഷങ്ങളായി കേരളം കാത്തു സൂക്ഷിച്ചുപോരുന്ന സാംസ്‌കാരിക മുഖത്ത് നോക്കി ആരും മീശ പിരിക്കരുത് എന്ന് മാത്രം കേണപേക്ഷിക്കുന്നു. 

ആള്‍ക്കൂട്ടങ്ങളുടെ ഉന്മൂലന ഉന്മാദങ്ങളില്‍ ഞെരിഞ്ഞമരുന്നത് നിരപരാധികളായ മനുഷ്യരാണ്. അത് സൈബര്‍ ലോകത്തായിരുന്നാലും യഥാര്‍ഥ ലോകത്തായിരുന്നാലും. ശക്തമായ നിയമങ്ങളും രാഷ്ട്രീയ ബോധവും ഉയര്‍ന്നുവരട്ടെ. പി ഭാസ്‌കരന്‍ മാഷിന്റെ വരികള്‍ അനുസ്മരിക്കാം. ''വാക്കുകള്‍ക്കറിവീല തങ്ങളുള്‍ക്കൊള്ളും മൂര്‍ച്ച! വാള്‍ത്തലക്കറിവീല വേദന വെട്ടും നേരം.''