ജീവിതവിമലീകരണത്തിന്റെ ക്വുര്‍ആനിക ദര്‍ശനം

ഉസ്മാന്‍ പാലക്കാഴി

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09
മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ പൂര്‍ണവും കുറ്റമറ്റതുമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയൂ. ദൈവികമല്ലാത്തതും ദൈവികമെന്ന വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതുമായ മുഴുവന്‍ ഗ്രന്ഥങ്ങളും ചില പ്രത്യേക കാലത്തിലും സാഹചര്യത്തിലും മാത്രമെ പ്രസക്തമാവുകയുള്ളൂ. ജീവിത സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ മാനവരാശിക്ക് മുന്നില്‍ അവതരിപ്പിച്ചത് ദൈവിക ഗ്രന്ഥമായ ക്വുര്‍ആന്‍ മാത്രമാണ്. എങ്ങനെയാണ് ക്വുര്‍ആന്‍ കാലാതിവര്‍ത്തിയാവുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം.

കാറ്റിലലയുന്ന ചെറുതൂവല്‍ പോലെ നന്മകള്‍ക്കും തിന്മകള്‍ക്കും ഇടയില്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ് മനുഷ്യമനസ്സ്. ചിലനേരങ്ങളില്‍ നന്മയോട് ആഭിമുഖ്യം തോന്നുന്ന ഹൃദയം ചിലനേരങ്ങളില്‍ തിന്മയിലേക്ക് തിരിയും. പുണ്യപാപങ്ങള്‍ ഇടകലര്‍ന്ന കര്‍മമേഖലയില്‍ എല്ലാസമയത്തും പുണ്യം മാത്രം ചെയ്യുവാന്‍ കഴിയുക എന്നത് അത്യപൂര്‍വമായ ഒരു സൗഭാഗ്യമാണ്.

വൈകാരിക വിക്ഷുബ്ധതകളുടെയും ശാരീരിക-മാനസിക താല്‍പര്യങ്ങളുടെയും അടിമകളായി, പിശാചിന്റെ പ്രേരണകള്‍ക്ക് വശംവദരായി മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മനുഷ്യജീവിതത്തില്‍ തീരാകളങ്കങ്ങളും വിലാപഹേതുക്കളുമായി കലാശിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരുത്തലിന്റെയും വീണ്ടെടുപ്പിന്റെയും മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് ആവശ്യമായി വരുന്നു. ഇസ്‌ലാം അത്തരത്തിലുള്ള മാര്‍ഗദര്‍ശനം മാനവതക്ക് നല്‍കുന്നു. പശ്ചാത്താപം, ദൈവസ്മരണ, ജീവിത വിമലീകരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മനുഷ്യജീവിതത്തില്‍ ദൈവിക മാര്‍ഗദര്‍ശനാധിഷ്ഠിതമായ വീണ്ടെടുപ്പിന് ഇസ്‌ലാം സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി.(അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!''(3:133-136).

ജീവിത സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ മാനവരാശിക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത് മനുഷ്യന് പ്രത്യാശയും നന്മയിലേക്ക് മുന്നേറുവാനുള്ള അഭിനിവേശവും നല്‍കുന്ന കാര്യങ്ങളാണ്. ഉപരിസൂചിത വചനങ്ങളില്‍ നിന്നും നമുക്ക് ഇപ്രകാരം ഗ്രഹിക്കാം: 

'സ്രഷ്ടാവില്‍ നിന്നുള്ള പാപമോചനം മനുഷ്യന്‍ ധൃതിപ്പെട്ട് തേടേണ്ടതുണ്ട്. അത് പിന്നീടാവാം എന്ന മനോഭാവം ഗുണകരമായിരിക്കില്ല. പാപമോചനം കാംക്ഷിക്കുന്ന മനുഷ്യന് ലഭിക്കുന്നത് പാപമോചന ത്തോടൊപ്പം തന്നെ വിശാലവും അനിര്‍വചനീയവുമായ സ്വര്‍ഗീയ ജീവിതവുമാണ്. പാപമോചനത്തിലൂടെ സംസ്‌കരിക്കപ്പെടുന്ന മനുഷ്യര്‍ ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ എന്ന രീതിയില്‍ പരിഗണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. പരലോകത്ത് അത്തരമൊരു പരിഗണനക്കും ആദരവിനും അര്‍ഹരായിത്തീരാന്‍ ദൈവസ്മരണ നിലനിര്‍ത്തുകയും ദാനധര്‍മങ്ങള്‍ ചെയ്യുകയും വൈകാരിക വിക്ഷുബ്ധതകളെ നിയന്ത്രിക്കുകയും മനുഷ്യരോട് ഉദാത്തമായ വിട്ടുവീഴ്ച മനോഭാവം പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.  പാപങ്ങളിലും തിന്മകളിലും അടിയുറച്ചുനില്‍ക്കാതെ ദൈവസ്മരണയോടുകൂടിയ തിരുത്തല്‍ ആവശ്യമാണ്. പാപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ തിരുത്തേണ്ടിടങ്ങളില്‍ തിരുത്തുവാന്‍ തയ്യാറാകാത്തവരാണ്. മനുഷ്യനെ അനന്തസൗഭാഗ്യങ്ങള്‍ക്ക് അര്‍ഹനാക്കുന്നത് രക്ഷിതാവിന്റെ കാരുണ്യവും പാപമോചനവുമാണ്. സ്വയം തിരുത്തുവാനും പശ്ചാത്തപിക്കുവാനും സന്നദ്ധതയുള്ളവര്‍ അതിന് അര്‍ഹരായിത്തീരുക തന്നെ ചെയ്യും.'

ജീവിതത്തിന്റെ ക്ഷണികതയെ ബോധ്യപ്പെടുത്തുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ പ്രപഞ്ചത്തിലും പ്രകൃതിയിലും ഉള്‍ച്ചേര്‍ന്നുകിടക്കുന്നുണ്ട്. മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം അവന്‍ ജീവിക്കുന്ന ഈ നിമിഷത്തിന് ശേഷമുള്ളത് പ്രതീക്ഷ മാത്രമാണ്. ഒരു പക്ഷേ, ചില വ്യക്തികളെ സംബന്ധിച്ച് അടുത്തനിമിഷം ജീവിതത്തില്‍ ഉണ്ടായെന്നുവരില്ല. കാലത്തിന്റെ നേര്‍ത്ത സൂചികള്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണ.് മിനുട്ടുകള്‍ക്കും സെക്കന്റുകള്‍ക്കുമിടയിലെ സൂക്ഷ്മമായ സമയങ്ങളില്‍ പ്രപഞ്ചത്തിലും പ്രകൃതിയിലും മനുഷ്യജീവിതത്തിലും പല മാറ്റങ്ങളും പ്രവര്‍ത്തനങ്ങളും സംഭവിക്കുന്നു.

മനുഷ്യന്‍ എത്രതന്നെ പുരോഗതി പ്രാപിച്ചാലും അവന്റെ ജീവിതത്തെ ചൂഴ്ന്ന്‌നില്‍ക്കുന്ന അനിശ്ചിതത്വങ്ങളും അനിര്‍ണിതാവസ്ഥകളും ധാരാളമാണ്. അതുകൊണ്ട് തന്നെ നാളെ എന്നത്  മനുഷ്യന്റെ കാര്യത്തില്‍ എപ്രകാരം ഭാവനാത്മകമാണോ അപ്രകാരംതന്നെ അടുത്ത നിമിഷം എന്നതും വെറും ഭാവനാത്മകമാണ്. ചെയ്യാനുള്ളത് അതിന്റെ സന്ദര്‍ഭം വരുമ്പോള്‍ ശ്രദ്ധയോടെയും ശരിയാംവണ്ണവും ചെയ്യുക എന്നത് മാത്രമാണ് മനുഷ്യന് മുന്നിലുള്ള മാര്‍ഗം. ജീവിതത്തിലെ ശരിതെറ്റുകള്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ ഉടനടി വരുത്തുകയും ചെയ്യാന്‍ താമസിക്കുന്നത് വിവേകപൂര്‍ണമായ നടപടിയല്ല. 

തോണിയില്‍ കയറി നദി മുറിച്ചുകടന്ന് അക്കരേക്ക് പോകുന്ന വ്യക്തി തന്റെ പാപങ്ങള്‍ക്കും തിന്മകള്‍ക്കും പശ്ചാത്താപിക്കല്‍ അക്കരെ എത്തിയശേഷമാകം എന്ന് ചിന്തിച്ചുകൂടാ. കാരണം അവന്‍ സഞ്ചരിക്കുന്ന തോണി അക്കരെയെത്തിയെന്നുവരാം, എത്താതിരിക്കുകയും ചെയ്യാം. ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നവന്‍ തന്നെ ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയശേഷം പശ്ചാത്തപിക്കാം എന്ന് ചിന്തിക്കാവതല്ല. കാരണം അവന്റെ യാത്രാവിമാനം ആകാശത്തിലെ അനന്തതയില്‍ ഒരോര്‍മ മാത്രമായി നശിച്ചുപോയി എന്ന് വരാം. സമയം മനുഷ്യന്റെ നിയന്ത്രണത്തിലല്ല. ഇത്തരത്തില്‍ മനുഷ്യജീവിതത്തെ ആഴത്തില്‍ വലയം ചെയ്തു നില്‍ക്കുന്ന അനിശ്ചിതത്വം പരിഗണിച്ചുകൊണ്ടാണ് വിശുദ്ധ ക്വുര്‍ആന്‍  'നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക' എന്ന് നിര്‍ദേശിച്ചിരിക്കുന്നത്. 

പാപകൃത്യങ്ങളില്‍ അകപ്പെടുകയും തിന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യര്‍ പശ്ചാത്തപിക്കുമ്പോള്‍ അവര്‍ സ്വര്‍ഗത്തിന്റെ അവകാശികളായിത്തീരുകയും അതോടൊപ്പംതന്നെ ധര്‍മനിഷ്ഠ പാലിക്കുന്ന സച്ചരിതരോടൊപ്പം പരലോകത്ത് പരിഗണിക്കപ്പെടുകയും ചെയ്യുന്നു. പാപികള്‍ രണ്ടാംകിടക്കാരും രക്ഷാമാര്‍ഗം അടഞ്ഞുപോയവരുമാണ്എന്ന ഒരുതരം അപകര്‍ഷബോധത്തിനും നിരാശക്കും ഇസ്‌ലാം അവസരം സൃഷ്ടിക്കുന്നില്ല. പാപികള്‍ പാപികളായി തുടരുന്ന കാലത്തോളം അധമരായിരിക്കുമെങ്കിലും പശ്ചാത്താപത്തിലൂടെ സ്രഷ്ടാവിന്റെ പാപമോചനാനുഗ്രഹവും അതിവിശാലമായ പരലോക അനുഗ്രഹങ്ങളും അര്‍ഹമാക്കുമ്പോള്‍ അവര്‍ സദ്‌വൃത്തരോടൊപ്പം സ്ഥാനം നേടുന്നു. വിശുദ്ധ ക്വുര്‍ആന്‍ ഈ തത്ത്വത്തെ അരക്കിട്ടുറപ്പിക്കുകയാണ് 3:133,134 എന്നീ വചനങ്ങളില്‍. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കായി ഒരുക്കപ്പെട്ട അനുഗ്രഹങ്ങള്‍ പാപികള്‍ക്ക് ലഭ്യമാകണമെങ്കില്‍ ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്ന ഗുണങ്ങള്‍ വ്യക്തികളുടെ പശ്ചാത്താപാനന്തര ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. 3:134ല്‍ പറയുന്ന ആ ഗുണങ്ങള്‍ ഇവയാണ്: 

1. സ്വന്തം സുഖ -ദുഃഖ സാഹചര്യങ്ങള്‍ പരിഗണിക്കാതെ തങ്ങള്‍ക്ക് കൈവന്നിട്ടുള്ള സാമ്പത്തികവും മറ്റുമായ അനുഗ്രഹങ്ങളില്‍ നിന്നും അര്‍ഹരായ വ്യക്തികള്‍ക്ക് അവര്‍ നല്‍കും. 

2. അവര്‍ കോപം അടക്കിവെക്കാന്‍ കഴിയുന്നവരാണ്. കോപ വിദ്വേഷാദി വികാരങ്ങള്‍ക്ക് വഴങ്ങി കടുത്ത നടപടികളോ പ്രവര്‍ത്തനങ്ങളോ അവരില്‍ നിന്നും ഉണ്ടാവുകയില്ല.

3. വിട്ടുവീഴ്ചയുടെയും ഔദാര്യത്തിന്റെയും ക്ഷമയുടെയും ഉദാത്ത ഗുണങ്ങള്‍ സ്വജീവിതത്തില്‍ അവര്‍ പ്രകടിപ്പിക്കും. 

ഉദാത്തമായ മാനുഷിക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന ഇവര്‍ സ്രഷ്ടാവിന്റെ പ്രീതിക്ക് അര്‍ഹരും സല്‍കര്‍മകാരികള്‍ എന്ന മഹത്തായ വിശേഷണം അര്‍ഹിക്കുന്നവരുമായിരിക്കും. 

പാപമോചനം ആഗ്രഹിക്കുന്നവര്‍ മേല്‍പറഞ്ഞ സ്വഭാവഗുണങ്ങളിലേക്ക് പരിവര്‍ത്തിതര്‍ ആയിരിക്കേണ്ടതുണ്ട് എന്ന് വ്യക്തം. മനുഷ്യര്‍ ചെയ്യുന്ന ഏതൊരു നീചകൃത്യത്തിന്റെയും അവകാശി അവര്‍ തന്നെയാണ്. തിന്മകള്‍ക്ക് സാമൂഹികവും വൈയക്തികവുമായ സ്വഭാവങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും ഏതൊരു തിന്മയും ആത്യന്തികമായി വ്യക്തിയെയാണ് ബാധിക്കുന്നത്. ആരില്‍നിന്ന് തിന്മ ഉത്ഭവിക്കുകയും ആരുടെ പ്രവര്‍ത്തികള്‍ തിന്മക്ക് ഇടയാക്കുകയും ചെയ്യുന്നുവോ അവര്‍ തന്നോട് തന്നെ ദ്രോഹം പ്രവര്‍ത്തിക്കുകയാണ് എന്ന് ക്വുര്‍ആന്‍ പറയുന്നു. 

നീചവൃത്തി ചെയ്യുന്നവര്‍ ഏറ്റവും അടുത്ത നിമിഷത്തില്‍ തന്നെ സ്വന്തം വീഴ്ചകള്‍ മനസ്സിലാക്കുകയും സ്രഷ്ടാവിനെക്കുറിച്ചു ബോധവാന്‍മാരാവുകയും ചെയ്തുകൊണ്ട് സന്മാര്‍ഗ സരണിയിലേക്ക് തിരിയേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാന പ്രേരണ സ്രഷ്ടാവിനെക്കുറിച്ചുള്ള ഓര്‍മയാണ.് തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണല്ലോ തന്നില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ചിന്തിക്കുന്ന മനുഷ്യന്‍ ചെയ്യുന്ന പശ്ചാത്താപമാണ് അര്‍ഥവത്താവുക. 

പശ്ചാത്താപത്തിന്റെ മര്‍മം ദൈവസ്മരണയും തന്നെ ചോദ്യം ചെയ്യുവാനും ശിക്ഷവിധിക്കുവാനും അര്‍ഹതയും അവകാശവുമുള്ള സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായതാണല്ലോ തന്റെ നീചവൃത്തി എന്ന പാപബോധവുമാണ്. ഈ ഘടകങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള പശ്ചാത്താപം ഫലപ്രദമായിരിക്കില്ലെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മനുഷ്യനെ സൃഷ്ടിച്ച് ജീവിതം നല്‍കുകയും നന്മതിന്മകളെക്കുറിച്ചുള്ള പാഠങ്ങള്‍ പഠിപ്പിക്കുകയും പ്രകൃതി, കാലം, സ്ഥലം എന്നിവയുടെയെല്ലാം നിയന്ത്രണവും അധികാരവുമുള്ളവനുമായ സ്രഷ്ടാവിനെ കുറിച്ച് ചിന്തിക്കുവാന്‍ കഴിയേണ്ടതുണ്ട്. പാപങ്ങള്‍ പൊറുത്തുതരിക എന്ന സ്രഷ്ടാവിന്റെ ഔദാര്യമില്ലെങ്കില്‍ പാപമോചനം എന്ന അനുഗ്രഹവും ഇല്ല. എന്നാല്‍ ഈ ഔദാര്യ- അനുഗ്രഹ വ്യവസ്ഥക്ക് മനുഷ്യന്‍ അര്‍ഹനാകുവാന്‍ വേണ്ട തെരഞ്ഞെടുപ്പ് മനുഷ്യന്റെ വിവേകപൂര്‍ണമായ ചിന്താഗതിയില്‍ നിന്ന് ഉണ്ടാവണം. തെറ്റിനെക്കുറിച്ചുള്ള ബോധ്യവും പാപമോചനത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആത്മാര്‍ഥമായ പരിവര്‍ത്തനത്തിന് മനുഷ്യന്‍ സന്നദ്ധനാകുമ്പോള്‍ സ്രഷ്ടാവിന്റെ അനുഗ്രഹത്തിന് അവന്‍ അര്‍ഹതനേടുന്നു. നിഷേധാത്മക മനോഭാവവും തിന്മകൡ നിരന്തരം വ്യാപൃതനാകാനുള്ള താല്‍പര്യവും ആധിപത്യം ചെലുത്തുമ്പോള്‍ പുനരാലോചനക്ക് അവസരമുണ്ടാകുന്നില്ല. അത്തരം ഘട്ടങ്ങളില്‍ നീണ്ടുനീണ്ടു പോകുന്ന നീചവൃത്തികളുടെ പാതയിലൂടെ മനുഷ്യന്‍ നീങ്ങുന്നു.

മനുഷ്യന് പാപമോചനം നല്‍കുവാനുള്ള കഴിവും അധികാരവും സൃഷ്ടികളില്‍ ചിലര്‍ക്കുണ്ട് എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ക്ക് പാപവിമുക്തി സാധ്യമല്ല. പ്രപഞ്ചത്തിന്റെയും തന്റെയും സൃഷ്ടികര്‍ത്താവായവന്‍ മനുഷ്യര്‍ക്ക് നല്‍കുന്ന ഔദാര്യവും അനുഗ്രഹവും മറ്റു കേന്ദ്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അവിവേകവും അക്രമവും നന്ദികേടുമാണ്. വിവേകമതിയായ മനുഷ്യന്‍ ഇത്തരം തെറ്റായ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയില്ല. 

നന്മതിന്മകള്‍ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അവ പഠിച്ചറിയുകയും തദനുസൃതം ജീവിതം ക്രമീകരിക്കുകയുമാണ് മനുഷ്യര്‍ ചെയ്യേണ്ടത്. അതിനു തയ്യാറുള്ളവര്‍ കുറെ വിധികളും വിലക്കുകളും അനുസരിക്കേണ്ടതുണ്ട്. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പാതയിലൂടെ ലഭിക്കുന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യം. മറിച്ചുള്ളത് പാരതന്ത്ര്യവും. ആ പാരതന്ത്ര്യത്തെ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത് 'നഷ്ടം' എന്നാണ്. അല്ലാഹു പറയുന്നു:

''കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ''(ക്വുര്‍ആന്‍ 103:1-3).

മനുഷ്യചരിത്രത്തിന്റെ ഭൂതകാല അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന പാഠമാണ് ദുര്‍വൃത്തരുടെ നഷ്ടം അനിവാര്യമാണെന്നത്. അതുകൊണ്ട് കൂടിയാണ് ക്വുര്‍ആന്‍ ഇവിടെ കാലത്തെ എടുത്ത് പറഞ്ഞ് സത്യം ചെയ്തിരിക്കുന്നത്. കാലം പഠിപ്പിച്ച പാഠങ്ങള്‍ ദൈവിക മാര്‍ഗദര്‍ശനാനുസൃതം മനുഷ്യന്‍ ജീവിതത്തെ തിരുത്തണമെന്നാണ.് അതുകൊണ്ട് കാലത്തിന്റെ പാഠങ്ങള്‍ ചിന്താപരമായി മനുഷ്യനെ വളര്‍ത്തുന്നവയാണ്. കാലത്തെ കൊണ്ട് സത്യം ചെയ്യുന്നതിലൂടെ കാലത്തിന്റെ സംഭാവനകളായി ഗണിക്കപ്പെടുന്ന ചരിത്രസംഭവങ്ങള്‍, ആശയങ്ങള്‍, ചിന്താഗതികള്‍, വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് മനുഷ്യരാശിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. കാലത്തിന്റെ പാഠം എന്ന നിലയില്‍ അവതരിപ്പിക്കുന്ന രണ്ട് സംഗതികള്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുകയും സത്യവും ക്ഷമയും കൈകൊള്ളുവാന്‍ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ മറ്റെല്ലാവരും പരാജയത്തിലാണ്; എന്നാല്‍ അത്തരം ഒരു ജീവിതസംസ്‌കാരം അവലംബിച്ചവര്‍ പരാജിതരല്ല എന്നിവയാണ്. സദ്‌വൃത്തരായ ആളുകളോട് ചേര്‍ന്ന് നില്‍ക്കുവാനും അവരില്‍ ഉള്‍പ്പെടുവാനും ശ്രമിച്ചവര്‍ വിജയികളും അല്ലാത്തവര്‍ പരാജിതരുമായതിന്റെ ഉദാഹരണം എമ്പാടും ചരിത്രത്തില്‍ കാണുവാന്‍ സാധിക്കും.

ഈ സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കഴിയേണ്ടതുണ്ട്. വിജയികളും പരാജിതരുമായി വേര്‍തിരിഞ്ഞ് നില്‍ക്കുന്ന ഭൂതകാല മനുഷ്യസഞ്ചയത്തിന്റെ അനുഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന എല്ലാ ക്വുര്‍ആന്‍ വചനങ്ങളുടെയും മുമ്പോ ശേഷമോ ഉള്ള പരാമര്‍ശങ്ങള്‍ ചിന്തിക്കുവാനോ പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനോ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനോ ആഹ്വാനം ചെയ്യുന്നവയാണ് എന്നത് ശ്രദ്ധേയമാണ്. ദുഷ്‌കൃത്യങ്ങളില്‍ നിന്ന് പിന്തിരിയുവാന്‍ ആഹ്വാനം നല്‍കുകയും പശ്ചാത്താപത്തിലൂടെ ജീവിത വിമലീകരണത്തിന്റെ പാത സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന, ആദ്യം ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങള്‍ (3:133-136) കഴിഞ്ഞാല്‍ വരുന്ന വചനങ്ങളും ഇത്തരത്തില്‍ ചിന്തിക്കുവാന്‍ ആഹ്വാനം നല്‍കുന്നുവെന്ന് കാണാം:

''നിങ്ങള്‍ക്ക് മുമ്പ് പല (ദൈവിക) നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍. ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സാരോപദേശവുമാകുന്നു'' (ക്വുര്‍ആന്‍ 3:137-138).

നന്മയുടെയും തിന്മയുടെയും ഫലങ്ങളും പാഠങ്ങളും വ്യത്യസ്തങ്ങളായിരിക്കും. തിന്മ ചെയ്യേണ്ടിവരിക എന്നതും തിന്മയെ ജീവിതചര്യയാക്കുക എന്നതും ഒരുപോലെയല്ല. തിന്മ ചെയ്യേണ്ടിവരികയും എന്നാല്‍ പിന്നീട് നന്മയിലേക്ക് എത്തിച്ചേര്‍ന്ന് നന്മയിലധിഷ്ഠിതമായ വ്യക്തമായ ജീവിതരീതി അവലംബിക്കുകയും ചെയ്താല്‍ ചരിത്രത്തിലെ ദുര്‍വൃത്തരുടെ പട്ടികയില്‍ നിന്ന് മോചനം നേടാന്‍ കഴിയുമെന്ന അടിസ്ഥാനപരമായ വിമോചനത്തിന്റെ സന്ദേശം എല്ലാ ദൂതന്മാരുടെയും പ്രബോധനങ്ങളില്‍ ഉണ്ടായിരുന്നു. ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ള പരിവര്‍ത്തനം വിജയത്തിനും അല്ലാത്തവ പരാജയത്തിനും അടിസ്ഥാനമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. സ്രഷ്ടാവിനെ അനുസരിക്കുന്നവരും അനുസരിക്കാത്തവരുമായി ജനത വേര്‍തിരിയുന്നു. ഈ ആശയങ്ങളുള്ള നിരവധി വചനങ്ങള്‍ ക്വുര്‍ആനില്‍ കാണാവുന്നതാണ്. 

പരലോകജീവിതമാകുന്ന നാളെയെക്കുറിച്ചുള്ള വിശ്വാസം ഈ ലോകമാകുന്ന ഇന്നിന്റെ പ്രവര്‍ത്തനങ്ങളില്‍ നന്മയും പുണ്യവും സദ്‌വൃത്തിയും പാലിക്കുവാന്‍ നിര്‍ബന്ധിക്കുന്നതാണ്. എന്നാല്‍ അത്തരമൊരു വിശ്വാസമില്ലാത്തവര്‍ ദൈവിക മാര്‍ഗദര്‍ശനത്തെ നിരാകരിക്കുകയും സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള വികലവീക്ഷണങ്ങളുടെ പിന്നാലെ പോകുകയും ചെയ്യും. ആദിമ കാലം തൊട്ട് മാനവരാശിയില്‍ നിലനില്‍ക്കുന്ന ഈ പ്രവണതയെ കുറിച്ച് ക്വുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പൂര്‍വകാല ജനസമൂഹങ്ങളുടെ സത്യനിഷേധത്തിന് ആധാരം ഇത്തരത്തിലുള്ള പ്രവണതകളും പരലോക വിശ്വാസമില്ലായ്മയും ആയിരുന്നു. സ്രഷ്ടാവില്‍ വിശ്വസിക്കുക എന്നതിന്റെ അനിവാര്യമായ തുടര്‍ച്ചയാണ് പരലോകവിശ്വാസം. 

നന്മകള്‍ക്ക് അര്‍ഹമായ പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കുമെന്ന് വിശ്വസിക്കുക, കര്‍മങ്ങള്‍ അനുഷ്ഠിക്കുക, തങ്ങളുടെ രക്ഷിതാവിലേക്ക് വിനയപൂര്‍വം മടങ്ങുക എന്നിങ്ങനെ പരസ്പരബന്ധിതമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ വിജയിക്കുമെന്നും അവര്‍ക്ക് ശുഭകരമായ മറ്റൊരു ജീവിതം വരാനുണ്ടെന്നും ക്വുര്‍ആന്‍ പറയുന്നു:  

''തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (ക്വുര്‍ആന്‍ 11:23).

വിശ്വാസത്തിന്റെ അനിവാര്യമായ പ്രകടനമാണ് സല്‍പ്രവര്‍ത്തനങ്ങള്‍. സ്രഷ്ടാവിനെ  വിനയത്തോടെയും ഭക്തിയോടെയും സ്മരിക്കുന്നതും വിശ്വാസത്തിന്റെ അടയാളമാണ്. 'വിശ്വസിക്കുന്നു' എന്ന് പറയുകയും എന്നാല്‍ അതിന്റെ യാതൊരുവിധ ലക്ഷണങ്ങളും പ്രവൃത്തിപഥത്തില്‍ കാണാതിരിക്കുകയും ചെയ്യുന്നത് വിശ്വാസരാഹിത്യത്തെയാണ് അറിയിക്കുന്നത്. 

'ഇതുവരെ ഞാന്‍ ജീവിച്ചത് ഇങ്ങനെയൊക്കെയാണ്, ഈവിധം അങ്ങ് അവസാനിച്ചാല്‍ മതി' എന്നല്ല 'ഈവിധമല്ല ഞാന്‍ എന്റെ സ്രഷ്ടാവിന്റെ വിചാരണ ദിനത്തിലേക്ക് കടന്നുചെല്ലേണ്ടത്' എന്നാണ് വിവേകമുള്ള മനുഷ്യന്‍ ചിന്തിക്കേണ്ടത്. ഈ ചിന്താശേഷിയെ കാഴ്ചയും കേള്‍വിയും ആയിട്ടും ഇതിന്റെഅഭാവത്തെ അന്ധതയും ബധിരതയുമായിട്ടുമാണ് ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്:

''ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോ? അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?'' (ക്വുര്‍ആന്‍ 11:24).

മനുഷ്യരാശിയെ തിന്മയില്‍ നിന്ന് പൂര്‍ണമായി വിമോചിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ ഇസ്‌ലാം ജീവിതത്തിന്റെ ഭാഗമായിത്തീരുമ്പോള്‍ ഒരാള്‍ക്ക് ഭൂതകാലത്തിന്റെ അടിമയാകേണ്ടി വരുന്നില്ല. എന്നാല്‍ രക്ഷനേടാനുള്ള അവസരം പാഴാക്കുകയും വലിയൊരു നഷ്ടത്തിലേക്ക് സ്വയം ആപതിക്കുകയും ചെയ്യല്‍ പശ്ചാത്താപത്തില്‍നിന്നും പരിവര്‍ത്തനത്തില്‍ നിന്നുമുള്ള വിമുഖതയാണ്. തനിക്കൊരു സ്രഷ്ടാവുണ്ട്, അവന്‍ തന്നെ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് മുകളിലാണ് ഭൂമിയിലെ തന്റെ വാസം. ഒരുനാള്‍ അവനോട് മറുപടി പറയേണ്ടിവരും എന്നീ കാര്യങ്ങള്‍ ബോധ്യമുണ്ടായിട്ടും ബോധപൂര്‍വം തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്രഷ്ടാവിനെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. അവര്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. എന്നാല്‍ ഈ കടുത്ത നിഷേധത്തിനിയിലും വീണ്ടുവിചാരത്തിന്റെ മാനസികാവസ്ഥയിലേക്ക് മനുഷ്യന്‍ നയിക്കപ്പെടാം.  അത്തരം ഘട്ടത്തില്‍ താന്‍ ഇതുവരെ ചെയ്തതൊക്കെയും കടുത്ത ദൈവനിന്ദയായിരുന്നു, അതിനാല്‍ ഇനി രക്ഷയുണ്ടോ എന്ന് സംശയിക്കേണ്ടതില്ല. ഒരു മനുഷ്യന് സ്വന്തം മാനസാന്തരത്തെ തന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള ദൃഢചിത്തതയുണ്ടെങ്കില്‍ ദൈവിക കടാക്ഷത്തിന്റെ കവാടം അവന് നിഷേധിക്കപ്പെടുന്നില്ല. 

''അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍ നിന്ന് മായ്ച്ചുകളയും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതനുസരിച്ച് അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും''(ക്വുര്‍ആന്‍ 39:35).

''വല്ലവനും പശ്ചാത്തപിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്''(ക്വുര്‍ആന്‍ 25:71).