സമാധാനവഴിയില്‍ ട്രംപും കിമ്മും

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30
ലോകത്തെ ബദ്ധവൈരികളായിരുന്ന അമേരിക്കയും ഉത്തരകൊറിയയും വളരെ പെട്ടെന്ന് സമാധാനത്തിന്റെ പാതയിലേക്ക് പോയതിന്റെ വാര്‍ത്തകളാണ് കഴിഞ്ഞ ആഴ്ചയില്‍ ലോകം ശ്രവിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചകള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിനും ലോകത്തിനു തന്നെയും ശാന്തിയും സന്തോഷവും നല്‍കുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കൊറിയയുടെ ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ച്, വര്‍ത്തമാന സംഭവവികാസങ്ങളെ അപഗ്രഥിച്ച്, ലോക ചരിത്രഗതിയെയും ഏഷ്യന്‍ ഭൂഖണ്ഡത്തെയും കൊറിയന്‍ അര്‍ധദ്വീപിനെയും അവ എങ്ങനെ സ്വാധീനിക്കുമെന്ന് വിലയിരുത്തുന്ന ലേഖനം.

കൊറിയന്‍ ജനത ലോകത്തിനു വളരെയേറെ സംഭാവനകള്‍ നല്‍കിയ ജനവിഭാഗമാണ്. ആധുനിക ഡിജിറ്റല്‍ വിപ്ലവത്തിന് നാന്ദികുറിച്ച ശാസ്ത്ര സാങ്കേതിക കുതിപ്പുകളില്‍ കൊറിയന്‍ ജനതയുടെ ശാന്തമായ സാന്നിധ്യവും അശ്രാന്ത പരിശ്രമങ്ങളും ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടതാണ്. യാന്ത്രിക ജല ഘടികാരം, പിഞ്ഞാണനിര്‍മാണം, ഗോപുരനിര്‍മാണം, ശീതീകരണ ഉപകരണങ്ങള്‍, സോയാബീന്‍ കൃഷി, അണ്ടര്‍ഫ്‌ളോര്‍ ഹീറ്റിങ്, ജ്യോതിശാസ്ത്ര നക്ഷത്ര ബംഗ്ലാവ്, അക്യുപങ്ചര്‍ പോലെയുള്ള പാരമ്പര്യ വൈദ്യം, പ്രിന്റിങ് ടെക്‌നോളജി തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ ലോകത്തിന് സമ്മാനിച്ചത് കൊറിയന്‍ ശാസ്ത്രജ്ഞരും ജനതയുമാണ്. നാവികപീരങ്കികള്‍, മള്‍ട്ടിപ്ലെ റോക്കറ്റ് വിക്ഷേപിണികള്‍, കാവല്‍ റോബോട്ടുകള്‍ തുടങ്ങി സൈനിക രംഗത്തെ പരമ്പരാഗതവും ആധുനികവുമായ ഒട്ടേറെ സംഭാവനകള്‍ കൊറിയയുടേതായിട്ടുണ്ട്. ലോകത്തെ ആദ്യത്തെ വിര്‍ച്യുല്‍ സ്‌റ്റോര്‍, ടച്ച് സ്‌ക്രീന്‍ മൊബൈല്‍, എംപി 3 തുടങ്ങി ആധുനിക സാങ്കേതിക രംഗത്തും കൊറിയക്കാര്‍ നല്‍കിയ സേവനം വലുതാണ്.

കൊറിയന്‍ ജനതയുടെ കര്‍മശേഷി അപാരമാണ്. വളരെയധികം കഠിനാധ്വാനികളായ അവര്‍ ആഴ്ചയില്‍ ആറു ദിവസങ്ങളില്‍ ഓരോ ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യുന്നവരാണ്. സ്‌കൂള്‍ പഠനകാലത്തുപോലും അവര്‍ സ്ഥിരോത്സാഹികളായിട്ടാണ് കാണപ്പെടുന്നത്. കാലത്ത് 5 മണിക്ക് സ്‌കൂളുകളിലേക്ക് പുറപ്പെടുന്ന അവര്‍ വൈകീട്ട് 4 മണി വരെ പഠിക്കുന്നു. ശേഷം സ്‌കൂളിലെ തന്നെ ലൈബ്രറികളില്‍ രാത്രി 10 വരെ സ്വന്തമായി പഠിക്കുന്നു. 'യാജ' എന്ന പേരില്‍ അറിയപ്പെടുന്ന ഈ പഠനം കഴിഞ്ഞു പിന്നീട് അവര്‍ പോകുന്നത് പ്രത്യേക പരിശീലനം ലഭിക്കുന്ന 'ഹാഗ്‌വണ്‍' പരിശീലന കേന്ദ്രത്തിലേക്കാണ്. 1 മണി വരെ അവിടെ ചെലവഴിക്കുന്ന അവര്‍ അതിനു ശേഷമാണ് വീടുകളിലെത്തുന്നത്. 'ദിവസവും മൂന്നു മണിക്കൂര്‍ ഉറങ്ങിയാല്‍ താങ്കള്‍ക്ക് ഒരു ഉത്തുംഗ യൂണിവേഴ്‌സിറ്റിയെലെത്താം, ദിവസവും നാല് മണിക്കൂര്‍ ഉറങ്ങിയാല്‍ മറ്റൊരു യൂണിവേഴ്‌സിറ്റിയില്‍ മാത്രമെ എത്താന്‍ കഴിയൂ. ദിവസവും അഞ്ചു മണിക്കൂര്‍ ആണ് ഉറങ്ങുന്നതെങ്കില്‍ ഒരു സാദാ യൂണിവേഴ്‌സിറ്റിയില്‍ എത്താം.' കൊറിയയിലെ ഒരു പൊതുസംസാരമാണിത്. ഇതിനിടക്ക് വ്യായാമം മുറതെറ്റാതെ നിര്‍വഹിക്കുന്ന അവര്‍ ഭക്ഷണം, പ്രാഥമിക കര്‍മങ്ങള്‍ തുടങ്ങിയവക്ക് കൂടി സമയം കണ്ടെത്തുന്നു. ഇങ്ങനെ സ്ഥിരോത്സാഹത്തോടെ അവിശ്രമം കഠിനാധ്വാനം ചെയ്തുകൊണ്ട് വിജ്ഞാനവും തൊഴില്‍ സാങ്കേതിക വിദ്യകളും അവര്‍ നേടിയെടുക്കുന്നു.

നേരത്തെ കണ്‍ഫ്യൂഷനിസം ഔേദ്യാഗിക മതമായി സ്വീകരിച്ചിരുന്ന കൊറിയയില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ രാജവംശ കാലത്ത്, ക്രിസ്തീയ വിശ്വാസങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജാപ്പനീസ് അധിനിവേശത്തോടുള്ള പ്രതിരോധത്തില്‍ ക്രൈസ്തവ, ബുദ്ധ മതങ്ങള്‍ കാര്യമായ പങ്കുവഹിച്ചു. ഇന്ന് കൊറിയയിലെ പ്രധാന മതങ്ങള്‍ ബുദ്ധമതവും ക്രൈസ്തവ മതവുമാണെങ്കിലും മതാഭിമുഖ്യം പൊതുവില്‍ കൊറിയക്കാരില്‍ കുറവാണ്. ഇസ്‌ലാം അടക്കമുള്ള മറ്റു മതങ്ങളും കൊറിയയില്‍ ഉണ്ട്.

ഒരു പിടിച്ചടക്കലിലൂടെ ആദ്യമായി കൊറിയയെ കൈവശപ്പെടുത്തിയത് ജപ്പാനായിരുന്നു. റഷ്യയുടെ നിയന്ത്രണത്തിലായിരുന്ന കൊറിയയെ 1910ല്‍ ജപ്പാന്‍ അധീനമാക്കുകയായിരുന്നു. ജപ്പാനില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ തദ്ദേശീയര്‍ വലിയ സമരങ്ങളെല്ലാം നയിച്ചിരുന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല. 35 വര്‍ഷത്തെ ജപ്പാന്‍ അധിനിവേശം അവസാനിക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തിലൂടെയാണ്. 1943ല്‍ കൈറോയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി. റൂസ്‌വെല്‍റ്റ് കൊറിയയെ ജപ്പാനില്‍ നിന്നും മോചിപിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും പകരം അവിടെ ഒരു മേല്‍നോട്ട സമിതിയെ (ട്രസ്റ്റിഷിപ്) നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സഖ്യകക്ഷികള്‍ ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയും 1945 ഓഗസ്റ്റ് 6ന് ജപ്പാനില്‍ അവര്‍ അണുബോംബ് പ്രയോഗിക്കുകയും ചെയ്തതോടെ നിസ്സഹായാവസ്ഥയിലായ ജപ്പാന് കൊറിയയില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. അങ്ങനെ അതുവരെ ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന കൊറിയയെ പിന്നീട് അമേരിക്കയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയായിരുന്നു. കൊറിയയെ അവര്‍ രണ്ടാക്കി; വടക്കന്‍ കൊറിയയുടെ നിയന്ത്രണം സോവിയറ്റ് യൂണിയനും തെക്കന്‍ കൊറിയയുടെ നിയന്ത്രണം അമേരിക്കയും ഏറ്റെടുത്തു. ഭൂമധ്യരേഖക്ക് വടക്ക് 38 ഡിഗ്രി അക്ഷാംശം കടന്നുപോകുന്നത് രണ്ടു കൊറിയകളുടെയും അതിര്‍ത്തിയിലൂടെ ആയതിനാല്‍ ആ അതിര്‍ത്തിയെ 38ാം സമാന്തരം എന്നാണു വിളിക്കുന്നത്.

ജപ്പാന്റെ പിന്മാറ്റത്തോടെ കൊറിയന്‍ ജനത ആഗ്രഹിച്ചിരുന്നത് സകല വൈദേശിക ശക്തികളില്‍ നിന്നുമുള്ള മോചനമായിരുന്നുവെങ്കിലും അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിലുള്ള വൈദേശികാധിപത്യത്തിനു കീഴില്‍ ജീവിക്കാന്‍ മാത്രമായിരുന്നു പിന്നീടവര്‍ വിധിക്കപ്പെട്ടത്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന സ്ഥിരം പതിവിലൂടെ സാമ്രാജ്യത്വ ശക്തികള്‍ കൊറിയയില്‍ പിടി മുറുക്കിയപ്പോള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. കൊറിയക്കാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ അവഗണിച്ചുകൊണ്ട് 1945 ഡിസംബറില്‍ കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ അഞ്ചു വര്‍ഷത്തേക്ക് കൊറിയയില്‍ ഭരണം നടത്തുവാന്‍ ഒരു മേല്‍നോട്ട സമിതിയെ (Trusteeship council) നിയോഗിക്കുവാന്‍ തീരുമാനിച്ചു. കൊറിയയെ വടക്കനെന്നും തെക്കനെന്നും വിഭജിച്ചെങ്കിലും ഒരു ഏകീകൃത കൊറിയ എന്ന ലക്ഷ്യവുമായി 1946-1947 കാലഘട്ടത്തില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് ഐക്യരാഷ്ട്രസഭ അമേരിക്കയും സോവിയറ്റ് യൂണിയനും കൊറിയയില്‍ നിന്ന് പിന്മാറണമെന്നും അവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രമേയം പാസ്സാക്കി. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ 'യുണൈറ്റഡ് നേഷന്‍സ് ടെംപററി കമ്മീഷന്‍ ഓണ്‍ കൊറിയ' (UNTCOK) എന്ന പേരില്‍ ഒരു പ്രത്യേക കമ്മീഷന്‍ നിലവില്‍വന്നു. മലയാളിയായിരുന്ന, ഇന്ത്യയുടെ ആദ്യത്തെ ഫോറിന്‍ സെക്രട്ടറി കെ.പി.എസ് മേനോന്‍ ആയിരുന്നു അതിന്റെ ചെയര്‍മാന്‍. രണ്ടു കൊറിയകളിലും പ്രത്യേകം തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചെങ്കിലും വടക്കന്‍ കൊറിയയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സോവിയറ്റ് യൂണിയന്‍ തയ്യാറായില്ല. 1948 മെയ് 10ന് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നു. ശേഷം രാജ്യം റിപ്പബ്ലിക് ഓഫ് കൊറിയ എന്ന പേരില്‍ അറിയപ്പെട്ടു. എന്നാല്‍ അതേവര്‍ഷം സെപ്റ്റംബര്‍ 9ന് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള ഉത്തര കൊറിയയെ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയായി പ്രഖ്യാപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെയല്ലാതെ അധികാരത്തില്‍ വന്ന ഉത്തരകൊറിയയെ ഒരു ഭരണകൂടമായി അംഗീകരിക്കാന്‍ യു.എന്‍ തയ്യാറായില്ല. 1948 ഡിസംബര്‍ 12ന് UNTCOKയുടെ റിപ്പോര്‍ട്ട് പ്രകാരം കൊറിയയിലെ ഒരേയൊരു നിയമപരമായ ഭരണകൂടം അമേരിക്കന്‍ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് ഓഫ് കൊറിയ ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇത് സോവിയറ്റ് യൂണിയനെ ചൊടിപ്പിക്കുകയുണ്ടായി. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കാന്‍ ഇത് കാരണമാവുകയും ചെയ്തു.

ഈ സംഘര്‍ഷം 1950ല്‍ ഇരു കൊറിയകളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചു. ഉത്തര കൊറിയ 38ാം സമാന്തരരേഖ മറികടന്ന് ദക്ഷിണ കൊറിയയെ കീഴടക്കിയതായി പ്രഖ്യാപിച്ചു. എന്നാല്‍ ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയുടെ സംരക്ഷണത്തിനായി മുമ്പോട്ട് വന്നു. ദക്ഷിണകൊറിയയും യു.എന്‍ സേനയും ഉത്തരകൊറിയക്കെതിരെ ശക്തമായി തിരിച്ചടിച്ചു. പൂര്‍ണമായും കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഉത്തരകൊറിയയെ സഹായിക്കാന്‍ സോവിയറ്റ് യൂണിയനോടൊപ്പം ചൈന കൂടി രംഗത്തെത്തി. ഇത് ഉത്തരകൊറിയക്ക് ഉത്തേജനമായി. ഇങ്ങനെ ഇരു കൊറിയകളും തമ്മിലുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. 1953ല്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി നിലവില്‍ വന്നു. ഇതനുസരിച്ച് ഇരു കൊറിയകള്‍ക്കുമിടയില്‍ 38ാം സമാന്തര രേഖയോടു ചേര്‍ന്ന് 4 കിലോമീറ്റര്‍ വീതിയില്‍ ഒരു ഡീമിലിട്ടറൈസ്ഡ് സോണ്‍ രൂപീകരിക്കുവാന്‍ തീരുമാനമായി. 1953ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായതോടെ പോരാട്ടങ്ങള്‍ അവസാനിച്ചെങ്കിലും ഒരു സമാധാനസന്ധിയുടെ അഭാവത്തില്‍ സാങ്കേതികമായി രണ്ടു കൊറിയകളും ഇന്നും യുദ്ധത്തിലാണ്.

ദക്ഷിണകൊറിയയില്‍ ഒരു തെരഞ്ഞെടുപ്പ് വഴിയാണ് ആദ്യസര്‍ക്കാര്‍ രൂപം കൊണ്ടതെങ്കില്‍ ഉത്തര കൊറിയയില്‍ ജോസഫ് സ്റ്റാലിന്റെ നോമിനിയും വര്‍ക്കേഴ്‌സ് പാര്‍ട്ടി(കമ്യൂണിസ്റ്റ്)യുടെ നേതാവുമായ കിം ഇല്‍ സുങ് ആയിരുന്നു ആദ്യത്തെ സുപ്രീം ലീഡര്‍. ഉത്തരകൊറിയയില്‍ ഇപ്പോള്‍ വര്‍ക്കേഴ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം സാങ്കേതികം മാത്രമാണ്. കിമ്മിന്റെ കുടുംബ ഭരണമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ദക്ഷിണകൊറിയ സാമ്പത്തികമായി വന്‍ അഭിവൃദ്ധിയിലേക്ക് കുതിച്ചപ്പോള്‍ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്ന ഉത്തരകൊറിയ വളരെ പിന്തിരിപ്പന്‍ ആശയങ്ങളുമായിട്ടായിരുന്നു മുന്നോട്ട് പോയിരുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ വിദേശ ടി.വി ചാനലുകള്‍ കാണാനോ അവിടുത്തെ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സര്‍ക്കാര്‍വിരുദ്ധ സമരങ്ങളെ നിഷ്ഠൂരമായി നേരിട്ടുകൊണ്ടാണ് ഉത്തരകൊറിയന്‍ സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്. 1948 മുതല്‍ 2018 വരെയുള്ള ദീര്‍ഘമായ 70 വര്‍ഷത്തിനുള്ളില്‍ ആകെ മൂന്നു ഭരണാധികാരികളാണ് നോര്‍ത്ത് കൊറിയക്ക് ഉണ്ടായിട്ടുള്ളത് എന്നത് തന്നെ ആ രാജ്യത്തിന്റെ ഏകാധിപത്യ സ്വഭാവം മനസ്സിലാക്കാന്‍ ഉതകുന്നതാണ്. 1948 മുതല്‍ 1994 വരെ കിം ഇല്‍ സുങും 1994 മുതല്‍ 2011 വരെ അദ്ദേഹത്തിന്റെ മകന്‍ കിം ജോങ് ഇലും ആയിരുന്നു സുപ്രീം ലീഡര്‍മാര്‍. 2011 മുതല്‍ മുന്‍ സുപ്രീം ലീഡറുടെ മകന്‍ കിം ജോങ് ഉന്നാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്.

ഉത്തരകൊറിയയില്‍ രാഷ്ട്രീയ മാറ്റമുണ്ടാകണമെന്നത് അമേരിക്കയടക്കമുള്ള വന്‍രാഷ്ട്രങ്ങള്‍ കാലാകാലങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ്. ദക്ഷിണകൊറിയയെ തങ്ങളുടെ സൈനിക താവളമായും തന്ത്രപ്രധാന കേന്ദ്രമായും അമേരിക്ക ഉപയോഗിച്ച്‌കൊണ്ടിരിക്കുമ്പോള്‍ തന്നെ ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണികള്‍ അമേരിക്കയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ദക്ഷിണകൊറിയയും അമേരിക്കയും ഇടപെട്ട് ഉത്തരകൊറിയയില്‍ ഒരു ഭരണമാറ്റത്തിന് വേണ്ടിയുള്ള ആഭ്യന്തര കലാപങ്ങളോ സൈനിക നടപടികളോ നടപ്പാക്കുമെന്ന് ഉത്തരകൊറിയക്കും ആശങ്കയുണ്ടായിരുന്നു. സ്വന്തമായ ആയുധ പരീക്ഷണങ്ങളും മിസൈല്‍ പരിശീലനങ്ങളുമായി ഉത്തരകൊറിയ മുന്നോട്ടു പോകുമ്പോള്‍ തന്നെ ഇറാഖില്‍ സദ്ദാം ഹുസൈനും ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിക്കും ഉണ്ടായ അനുഭവം തങ്ങള്‍ക്കുമുണ്ടാവുമോ എന്ന ഭയം അവരെ വേട്ടയാടിയിരുന്നു. ഒന്നാം ഭരണാധികാരി കിം ഇല്‍ സുങ് ഭരണത്തിലിരിക്കുമ്പോള്‍ തന്നെ 1993ലാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിന് ഇറങ്ങുന്നത്. അവസാനമായി 2017 ഏപ്രില്‍ 4ന് നടത്തിയ മിസൈല്‍ പരീക്ഷണമടക്കം ആറുതവണ അവര്‍ അത് ആവര്‍ത്തിച്ചു. 2006 ഒക്ടോബര്‍ 3ന് ആദ്യമായി ഉത്തരകൊറിയ ആണവായുധ പരീക്ഷണം നടത്തുകയുണ്ടായി. അവസാനമായി 2017 സെപ്റ്റംബറില്‍ ഹൈഡ്രജന്‍ബോംബ് പരീക്ഷണം നടത്തിയ അവര്‍ ആകെ ആറു തവണ ആണവായുധ പരീക്ഷണം നടത്തിയിട്ടുണ്ട്. ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിശേഷിച്ചും മറ്റുള്ള രാജ്യങ്ങളില്‍ പൊതുവായും ഭീതി പടര്‍ത്തുന്ന ഈ പരീക്ഷണങ്ങളെ ലോകം വലിയ ഉത്കണ്ഠയോടെയാണ് നോക്കിക്കണ്ടത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതോടെ നോര്‍ത്ത്‌കൊറിയയുമായി നിരന്തരം വാക്പയറ്റുകള്‍ നടക്കുകയുണ്ടായി.

ദക്ഷിണകൊറിയ വളരെ തന്മയത്വത്തോടെയായിരുന്നു കാര്യങ്ങളെ നിരീക്ഷിച്ചിരുന്നത് എന്ന് വേണം വിലയിരുത്താന്‍. കഴിഞ്ഞ മെയ് മാസത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡ ന്റായി മുന്‍ ജേ ഇന്‍ അധികാരത്തിലെത്തിയതോടെ ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങളില്‍ അയവു വരുത്തുവാന്‍ തീരുമാനിക്കുകയും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പൊതുസമ്മതനും ലിബറല്‍ ചിന്താഗതിക്കാരനുമായ അദ്ദേഹം അധികാരത്തില്‍ വരുമ്പോള്‍ തന്നെ ഉത്തരകൊറിയയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുമെന്നു പറഞ്ഞിരുന്നു. രണ്ടു കൊറിയയിലെയും മുതിര്‍ന്ന പൗരന്മാരില്‍ മഹാഭൂരിപക്ഷവും ഇരു രാജ്യങ്ങള്‍ തമ്മില്‍ സൗഹാര്‍ദം നിലനില്‍ക്കണമെന്ന അഭിപ്രായക്കാരാണ്. അമേരിക്കയുമായി സൗഹൃദം വേണമെന്ന് ദക്ഷിണകൊറിയയിലെ നല്ലൊരു ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ സൈനിക സാന്നിധ്യം അവരെ അസ്വസ്ഥമാക്കുന്നുമുണ്ട്.

അപ്പോഴാണ് അതിനാടകീയമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക് മാത്രമല്ല, വ്യക്തിപരമായും ബദ്ധശത്രുക്കളായിരുന്ന ട്രംപും കിമ്മും വളരെ പെട്ടെന്നൊരു സമാധാന പാതയിലേക്ക് നീങ്ങിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് യു.എന്‍ പൊതുസഭയില്‍ വെച്ച് ട്രംപ് കിമ്മിനെതിരെ ആക്രോശിച്ചത് ഇങ്ങനെയായിരുന്നു: ''ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ എന്ന വാണക്കാരന്‍ (Rocket man) ഒരു ആത്മഹത്യാ പദ്ധതിയുമായി മുമ്പോട്ട് പോകുകയാണ്. എന്നാല്‍ അമേരിക്കയുടെ ആക്രമണത്തെ അതിജീവിക്കാന്‍ ഉത്തരകൊറിയക്കാവില്ല.'' എന്നാല്‍ ഇപ്പോള്‍ ട്രംപ് പറയുന്നത് കിമ്മിനെ വിശ്വസിക്കാമെന്നു മാത്രമല്ല, കിം മഹത്തായ വ്യക്തിത്വവും പ്രതിഭാശാലിയും ജനങ്ങളെ സ്‌നേഹിക്കുന്ന ഭരണാധികാരിയാണെന്നുമൊക്കെയാണ്!

അധികാരമേറ്റെടുത്ത ഉടനെ വംശീയതയും വര്‍ണവെറിയുമൊക്കെ പ്രകടിപ്പിച്ചിരുന്ന ട്രംപില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ രേഖപ്പെടുത്തുന്നുണ്ട്. യുദ്ധക്കൊതിയനെന്നു കരുതിയിരുന്ന ട്രംപ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ആ മാറ്റങ്ങളെ വ്യക്തമാക്കുന്നില്ലേ എന്നവര്‍ കരുതുന്നു. 'ആര്‍ക്കും ഒരു യുദ്ധമുണ്ടാക്കാന്‍ കഴിയും. ധീരന്മാര്‍ക്കേ സമാധാനമുണ്ടാക്കാന്‍ കഴിയൂ' എന്ന് ട്രംപ് പറഞ്ഞത് കിമ്മിനെ കുറിച്ചാണ് എന്നോര്‍ക്കുമ്പോള്‍ എബ്രഹാം ലിങ്കന്റെയും ജോണ്‍ എഫ് കെന്നഡിയുടെയും പിന്‍ഗാമിയാണ് താന്‍ എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണോ ട്രംപ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആണവ ഭീഷണി ഉയര്‍ത്തിയ ഉത്തരകൊറിയയുമായി സമാധാന സന്ധിയുണ്ടാക്കിയത് ഉത്തരകൊറിയയെ പേടിക്കുന്നത് കൊണ്ടാണോ അതോ ഇറാഖിനും ഇറാനും അഫ്ഗാനിനും ശേഷം അമേരിക്കയുടെ വിദേശ സൈനിക നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിച്ചു കൊണ്ടാണോ എന്നത് ഇനിയും വ്യക്തമാവേണ്ടതുണ്ട്.

ഉത്തരകൊറിയയുടെ സമാധാന ഉടമ്പടി ഒപ്പുവെച്ച ശേഷം ലോകചരിത്രത്തിലെ അതിമഹത്തായ ദിനവും നിമിഷവുമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കേവലം ഒരു മണിക്കൂര്‍ നേരമാണ് കിം ജോങ് ഉന്നുമായി ട്രംപ് സംസാരിച്ചത്. വളരെ പെട്ടെന്ന് സമാധാന പാതയിലേക്ക് പോകുമ്പോള്‍ എന്തിലെല്ലാമാണ് അവര്‍ പരസ്പരം ധാരണയിലെത്തിയിരിക്കുന്നത് എന്നറിയാന്‍ ലോകത്തിന് വലിയ ആകാംക്ഷയുണ്ട്. ദക്ഷിണകൊറിയ വളരെക്കാലമായി അമേരിക്കയുടെ സൈനികാഭ്യാസ താവളമാണ്. കരാറിന്റെ ഭാഗമായി യു.എസ്-ദക്ഷിണകൊറിയ സൈനികാഭ്യാസം നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ് ട്രംപ്. യു.എസ് സേനയെ കൊറിയയില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കുമെന്നും കരാറില്‍ പറയുന്നു. ദക്ഷിണകൊറിയയിലും ജപ്പാനിലും അമേരിക്കയില്‍ തന്നെയും വലിയ അമ്പരപ്പാണ് ഈ കരാറുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. വളരെക്കാലമായി റഷ്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ മുമ്പോട്ട് വെച്ചിട്ടുള്ള ഈ ആവശ്യം ട്രംപിന് മുമ്പുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ നിരാകരിച്ച് തള്ളിയതായിരുന്നു.

2017 നവംബറില്‍ ഉത്തരകൊറിയ പരീക്ഷണാര്‍ഥം തൊടുത്തുവിട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അമേരിക്കയെ ഞെട്ടിച്ചിരുന്നു. അമേരിക്കയെ തന്നെ വിഴുങ്ങുവാന്‍ കരുത്തുള്ള ആണവായുധം ഘടിപ്പിച്ച ആ മിസൈല്‍ ട്രംപിനെ അലോസരപ്പെടുത്തിയെങ്കിലും അന്ന് ട്രംപ് പറഞ്ഞത് അവയെയൊക്കെ പ്രതിരോധിക്കാന്‍ അമേരിക്കക്ക് സാധിക്കുമെന്നായിരുന്നു. എന്നാല്‍ ട്രംപ് 'രോഗം പിടിപെട്ട പട്ടിക്കുഞ്ഞ്' തുടങ്ങിയ പുലഭ്യങ്ങളുടെ മിസൈലുകളായിരുന്നു അന്ന് കിമ്മിന് തിരിച്ചുനല്‍കിയിരുന്നത്. കിഴവന്‍, തലക്ക് വെളിവില്ലാത്തവന്‍ തുടങ്ങിയ പ്രയോഗങ്ങളിലൂടെ കിമ്മും തിരിച്ചടിച്ചു. 'ഞാനവനെ കുള്ളനെന്നും തടിയനെന്നും വിളിച്ചില്ലല്ലോ, ഞാന്‍ കിമ്മിന്റെ അടുത്ത സുഹൃത്താവുക തന്നെ ചെയ്യും' എന്ന് ട്രംപ് പറയുകയും ചെയ്തു. അതിവിടെ സംഭവിച്ചിരിക്കുകയാണ്. ഉത്തരകൊറിയ വളരെ നേരത്തെ അമേരിക്കയോട് ആവശ്യപ്പെടുന്ന ഒന്നാണ് ജപ്പാനിലെയും ദക്ഷിണകൊറിയയിലെയും ആയുധക്കുടകള്‍ പൊളിച്ചു മാറ്റണമെന്നത്. അങ്ങനെയെങ്കില്‍ ആണവായുധ പരീക്ഷണ ഇടങ്ങള്‍ നീക്കം ചെയ്യാമെന്ന് ഉത്തരകൊറിയയും പറയുന്നു. നിരായുധീകരണം നടത്തുന്നുവെങ്കില്‍ അത് പരിശോധിക്കാനുള്ള അവകാശം വേണമെന്ന് അമേരിക്കയും പറഞ്ഞിരുന്നു. എന്നാല്‍ കരാറില്‍ ഇതേ കുറിച്ചൊന്നും പരാമര്‍ശമില്ല എന്നാണ് അറിയുന്നത്.

ഉത്തരകൊറിയ എന്ന അസംബന്ധത്തെ ഇല്ലാതാക്കുമെന്നും കിം ഒരു കിറുക്കന്‍ മാത്രമാണെന്നും അഴകിയ രാവണനായ കിമ്മിനെ താനൊരു പാഠം പഠിപ്പിക്കുമെന്നുമൊക്കെ പറഞ്ഞിരുന്ന ട്രംപ് ഉത്തരകൊറിയ എന്ന ആണവഭീഷണിയെ നിരായുധീകരിക്കാന്‍ പോലും കൃത്യമായ വ്യവസ്ഥയൊന്നും ഉറപ്പിക്കാതെ പഞ്ചപുച്ഛമടക്കി ഒപ്പിട്ട് കിം ജോങ് ഉന്നിന്റെ ഉള്ളം കയ്യില്‍ കൊടുക്കണമെങ്കില്‍ അതിന്റെ പിന്നില്‍ ഒരു വലിയ അജണ്ട ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഉണ്ടാക്കുന്ന ഒരു സെറ്റില്‍മെന്റ് മാത്രമാണോ ഇതെന്നുകൂടി സംശയിക്കേണ്ടതുണ്ട്. അതേ സമയം ഇരു രാജ്യങ്ങളുടെയും ലക്ഷ്യം സാമ്പത്തിക സഹകരണമാണെന്നും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ മുന്‍ മേധാവി മൈക്കല്‍ ഹേഡന്‍ ഈ കരാറിനെ അല്‍പം ആശങ്കയോടെയാണ് കാണുന്നത്. ഒരു തുടര്‍ ചര്‍ച്ചക്കുള്ള സാഹചര്യം സൃഷ്ടിച്ചതൊഴിച്ചാല്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണിയെ തടയാന്‍ മാത്രമുള്ള കരുത്ത് ഈ കരാറിനില്ല എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

ദക്ഷിണകൊറിയയുമായി ഇതുവഴി മഞ്ഞുരുകുമ്പോള്‍ ഇരു രാജ്യങ്ങളുടെയും പുനരേകീകരണം സംഭവിക്കുമോ എന്ന കാര്യവും ലോകം ഉറ്റുനോക്കുന്നുണ്ട്. ഉത്തര കൊറിയ പലപ്പോഴായി ഒരു ഏകീകരണം വേണമെന്ന് കൊതിച്ചിട്ടുണ്ടെങ്കിലും ചൈനയുടെയും റഷ്യയുടെയും പിന്‍ബലമുള്ള ഉത്തര കൊറിയയുടെ ഏകാധിപത്യ രാഷ്ട്രീയ സാമ്പത്തിക കാഴ്ചപ്പാടുകളോട് ജനാധിപത്യ മുതലാളിത്ത സാമ്പത്തിക രീതികള്‍ പിന്തുടരുന്ന ദക്ഷിണകൊറിയക്ക് യോജിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രശ്‌നം. മേഖലയിലെ ഏറ്റവും വലിയ ശക്തിയായ ചൈന അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണകൊറിയക്ക് മേല്‍ക്കൈ ലഭിക്കുന്ന ഒരു കാര്യത്തിനും പിന്തുണക്കില്ലെന്നതും പുനരേകീകരണത്തിനു തടസ്സം നില്‍ക്കുന്ന ഘടകമാണ്.

കാര്യങ്ങള്‍ എന്തൊക്കെയായിരുന്നാലും ഉത്തരകൊറിയയുടെ ആണവ നിരായുധീകരണവും അമേരിക്കയുടെ വിട്ടുവീഴ്ചാമനോഭാവവും ആത്മാര്‍ഥമാണെങ്കില്‍ ലോകം സമാധാനത്തിന്റെ പാതയിലേക്ക് പോകുന്നു എന്ന് മനസ്സിലാക്കാം. അതല്ല ഇതിന്റെ പിന്നില്‍ മറ്റുള്ള അജണ്ടകളും അഴിമതികളുമാണുള്ളതെങ്കില്‍ വരുംകാലങ്ങളില്‍ എന്തെല്ലാം അനര്‍ഥങ്ങളാണ് സംഭവിക്കുന്നത് എന്ന് പറയാനും സാധിക്കില്ല. ലോകത്ത് മുഴുവന്‍ സമാധാനം നിലനില്‍ക്കാനും ലോക രാഷ്ട്രങ്ങള്‍ക്കും അവയുടെ നേതാക്കന്മാര്‍ക്കും സമാധാന പാതയിലൂടെ ചരിക്കുവാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.