തുരുമ്പിച്ച അളവുകോല്‍ കൊണ്ട് മതത്തെ അളക്കുന്ന യുക്തിവാദം

ഉസ്മാന്‍ പാലക്കാഴി

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17
മാനവികതയുടെ ശത്രുവായും ചൂഷണങ്ങളുടെ പ്രചോദനമായും പൗരോഹിത്യത്തിന്റെയും അടിമത്തത്തിന്റെയും തത്ത്വശാസ്ത്രമായും മതത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന യുക്തിവാദി സാഹിത്യങ്ങള്‍ സുലഭമാണ്. മതങ്ങളെ മൊത്തത്തില്‍ അളക്കുവാന്‍ യുക്തിവാദികള്‍ക്ക് മുന്‍നിര്‍ണിതങ്ങളായ ചില അളവുകോലുകളുണ്ട്. തുരുമ്പെടുത്തു നശിച്ചതാണെങ്കിലും ഇന്നും അതേ അളവുകോലുകള്‍ തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്. സ്രഷ്ടാവിന്റെ മഹിത ദര്‍ശനങ്ങളെ വിലയിരുത്താന്‍ യുക്തിവാദികളുടെ നിലവാരമില്ലാത്ത ഇത്തരം മാനദണ്ഡങ്ങള്‍ പര്യാപ്തമോ? പഠന-മനനങ്ങള്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്ന പുതിയ കാലത്ത് ഇവര്‍ക്ക് എങ്ങനെ മതവിമര്‍ശനങ്ങള്‍ സാധ്യമാവും? സുചിന്തിതമായ അവലോകനം.

കേരളീയ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശികളാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്നവരാണ് കേരളത്തിലെ യുക്തിവാദികള്‍. നവോത്ഥാനവുമായും നവോത്ഥാന നായകരുമായും ബന്ധമുണ്ടെന്നുള്ള ഇവരുടെ അവകാശവാദം സ്വന്തം ചരിത്രശൂന്യതയ്ക്ക് മറയിടാനായി ഉന്നയിക്കുന്നതാണ് എന്നതാണ് വാസ്തവം. ഇവര്‍ക്ക് വാസ്തവത്തില്‍ സ്വന്തമായി ഒരു തത്ത്വശാസ്ത്രമോ ആചാര്യനോ ഇല്ല. വ്യക്തി കേന്ദ്രിതമായ ചില ആശയങ്ങളിലൂടെ വികാസം പ്രാപിച്ചുവന്ന ശിഥില ചിന്തകള്‍ യുക്തിവാദത്തിന്റെ മേല്‍വിലാസത്തില്‍ അറിയപ്പെടുകയാണുണ്ടായത് എന്നു കാണാം. ആദ്യം മുതല്‍ക്കു തന്നെ നിലനില്‍ക്കുന്ന ഈ പ്രശ്‌നമാണ് കേരളത്തിലെ യുക്തിവാദത്തെ എന്നും അഭ്യന്തരമായും ബാഹ്യമായും ശിഥിലീകരിച്ചകൊണ്ടിരുന്നത്. 

സംഘടനാസംവിധാനത്തെ അംഗീകരിക്കുന്നവരും സ്വതന്ത്രനിലപാടുകളെ പിന്തുടരുന്നവരും രാഷ്ട്രീയ ഇടപെടലുകള്‍ ആവശ്യപ്പെടുന്നവരും അരാഷ്ട്രീയ മുഖഛായ പിന്തുടരുന്നവരുമായി കേരളത്തിലെ യുക്തിവാദികള്‍ ചേരിതിരിഞ്ഞത് തുടക്കം മുതലേ അവര്‍ക്കിടയിലുണ്ടായിരുന്ന ആശയപരമായ അവ്യക്തതകളുടെ തുടര്‍ച്ചയാണ്. വ്യക്തിനിഷഠമായ കാരങ്ങളാല്‍ മതത്തോടും സാമൂഹ്യ ചിന്തകളോടും വേര്‍തിരിഞ്ഞു നിന്നവര്‍ സ്വതന്ത്ര ചിന്തയുടെയും മതനിഷേധത്തിന്റെയും ചില പാശ്ചാത്യ ആശയധാരകളുടെയും സഹായത്തോടെ സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് യുക്തിവാദം എന്ന് വിളിച്ചു എന്ന് പറയുന്നതാണ് ശരി.

സ്വന്തം ദൗര്‍ബല്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് മതങ്ങള്‍ക്കുനേരെ, വിശിഷ്യാ ഇസ്‌ലാമിനു നേരെ വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നതില്‍ യുക്തിവാദി ഗ്രൂപ്പുകള്‍ മതസരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. 

'ലോകത്തെങ്ങും അക്രമവും രക്തച്ചൊരിച്ചിലും നടന്നുകൊണ്ടിരിക്കുന്നു; അതിന്റെ മൂലകാരണം മതങ്ങളാണ്. അതിനാല്‍ മതങ്ങള്‍ നശിച്ച് ഇല്ലാതായിത്തീരേണ്ടതുണ്ട്' എന്നാണ് യുക്തിവാദികള്‍ വര്‍ഷങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതത്തിന്റെ നന്മകളെ പാടെ നിഷേധിക്കുകയും മനുഷ്യന്റെ സംസ്‌കാരവും മൂല്യബോധവും നിര്‍ണയിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്കിനെ വിസ്മരിക്കുകയും ചെയ്യുന്ന യുക്തിവാദികള്‍ മതത്തിന്റെ നാശം മാനവികതയുടെ ഒരാവശ്യമായി ഉയര്‍ത്തിക്കാണിക്കുന്നത് വാസ്തവത്തില്‍ യുക്തിഹീനമായ നിലപാടാണ്. 

മാനവികതയുടെ ശത്രു, മനുഷ്യരാശിയുടെ പതനത്തിന്റെയും തിന്മകളുടെയും ഉത്ഭവകേന്ദ്രം, അവസാനിക്കാത്ത ചൂഷണങ്ങളുടെ പ്രചോദനം, പൗരോഹിത്യത്തിന്റെയും അടിമത്തത്തിന്റെയും തത്ത്വശാസ്ത്രം എന്നിങ്ങനെ മതത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന യുക്തിവാദി സാഹിത്യങ്ങള്‍ സുലഭമാണ്. മതങ്ങളെ മൊത്തത്തില്‍ അളക്കുവാന്‍ യുക്തിവാദികള്‍ക്ക് മുന്‍നിര്‍ണിതങ്ങളായ ചില അളവുകോലുകളുണ്ട്. തുരുമ്പെടുത്തു നശിച്ചതാണെങ്കിലും ഇന്നും അതേ അളവുകോലുകള്‍ തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്. മതം നിര്‍വഹിക്കുന്ന മാനവിക ദൗത്യം തിരിച്ചറിയാനും പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ മാനവവിരുദ്ധ ക്രൈസ്തവ മതകീയതയില്‍ നിന്ന് സ്വഭാവത്തിലും ഗുണത്തിലും വേറിട്ടുനില്‍ക്കുന്ന ശരിയായ ദൈവികമതത്തെ തിരിച്ചറിയുവാനും യുക്തിവാദികള്‍ ശ്രമിക്കാറില്ല; അല്ലെങ്കില്‍ അത് ബോധ്യമായിട്ടും അന്ധമായ എതിര്‍പ്പില്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരാശിയെ വേട്ടയാടുന്ന അസ്തിത്വശൂന്യതയുടെ മറുമരുന്നായി വര്‍ത്തിക്കുന്ന ദൈവിക മതത്തിന്റെ സവിശേഷധര്‍മങ്ങള്‍ കണ്ടെത്തുവാന്‍ ബാലിശങ്ങളായ പ്രതിവാദങ്ങളെ മുറുകെ പിടിക്കുന്ന യുക്തിവാദികളുടെ മര്‍ക്കടമുഷ്ടി അനുവദിക്കുന്നില്ല എന്നതാണ് വസ്തുത.

സമൂഹത്തിലെ എല്ലാ അധാര്‍മികതകളുടെയും പിതൃത്വം മതങ്ങളുടെമേല്‍ വെച്ചുകെട്ടുവാന്‍ ശ്രമിക്കുന്നവരാണ് യുക്തിവാദികള്‍. 'യുക്തിരേഖ' മാസികയുടെ 2007 നവംബര്‍ ലക്കത്തിലെ പുറംചട്ടയില്‍ എഴുതിയത് കാണുക: ''ലോകത്തെങ്ങും കാണുന്നത് അസഹിഷ്ണുതയുടെ പര്യായങ്ങളായ മതപൗരോഹിത്യത്തെയും വിശ്വാസികളെയുമാണ്. 'എനിക്കെനിക്ക് കൊത്തണം വാളും കയ്യേ' എന്നലറിവിളിക്കുന്ന മതഭ്രാന്തരെയാണ്. സഹസ്രാബ്ദങ്ങളായി ദൈവത്തിന്റെ മതഗ്രന്ഥങ്ങള്‍ ഭക്തര്‍ക്കു പഠിപ്പിക്കുന്നു. ത്യാഗത്തിന്റെ ഉദ്ബുദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നു. ധ്യാനത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് വാചാടോപം ചെയ്യുന്നു. പ്രേമത്തിന്റെ ശ്രവണസുന്ദരമായ സങ്കീര്‍ത്തനങ്ങള്‍ രാഗ-താള-പല്ലവിയോടുകൂടി പാടുന്നു. യജ്ഞങ്ങളായ യജ്ഞങ്ങള്‍ ചെയ്യുന്നു. ജീവനകലയും ഗീതാരഹസ്യങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടുമെന്തേ അസന്തുഷ്ടിയുടെയും അസംതൃപ്തിയുടെയും മൂര്‍ത്തീമദ്ഭാവങ്ങളായി വിശ്വാസിപ്പരിഷകള്‍ അങ്കംവെട്ടാന്‍ തയ്യാറാകുന്നു?''

മതം നശിച്ചാല്‍ പിന്നെ സമൂഹത്തില്‍ യാതൊരുവിധ അക്രമവും അനീതിയും വിഭാഗീയതയും ഉണ്ടാവില്ല എന്നാണ് യുക്തിവാദികള്‍ ജല്‍പിക്കുന്നത്. കേരളത്തില്‍ തന്നെ യുക്തിവാദികള്‍ക്കിടയില്‍ വിഭാഗീയതയും ചേരിതിരിവുമില്ലേ എന്നൊന്നും ആരും ചോദിച്ചുപോകരുത്! മുമ്പ് ഒരു യുക്തിവാദി നേതാവ് എഴുതി:

''മുസ്‌ലിമിനെ കൊല്ലുന്നത് ഹിന്ദുവിന് പുണ്യമാണ്. ഹിന്ദുവിനെ (കാഫിറിനെ) കൊന്നാല്‍ മുസ്‌ലിമിന് സ്വര്‍ഗവും. ഈ വിധത്തില്‍ മനുഷ്യരെ പരസ്പരം കഴുത്തറുക്കുവാന്‍ മതം പ്രോല്‍സാഹിപ്പിച്ചു. മതസംഘട്ടനത്തില്‍ മരിക്കുന്നവര്‍ക്ക് സ്വര്‍ഗം കിട്ടുമെന്ന് പറഞ്ഞ് സാധാരണക്കാരെ ഹിംസക്കും അക്രമത്തിനും പ്രേരിപ്പിച്ചു. ഏതാനും വര്‍ഷം മുമ്പ് ഭീവണ്ടിയിലും പൂവാറിലും തലശ്ശേരിയിലും നടന്ന വര്‍ഗീയലഹളകള്‍, ഭാരതത്തിലെ പഴയ ചരിത്രം-പണ്ട് മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരം കഴുത്തറുത്ത ചരിത്രമേ ഉണ്ടായിട്ടുള്ളു- വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും എന്നതിന്റെ തെളിവാണ്. ഇതില്‍നിന്ന് മതം ഹ്യൂമനിസത്തിന് എതിരാണെന്ന് വ്യക്തമാണ്. മതം നശിക്കാത്തിടത്തോളം ഈ വര്‍ഗീയ ലഹളകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും''.

''വര്‍ഗീയത രോഗലക്ഷണം മാത്രമാണ്. മതമാണ് യഥാര്‍ഥ രോഗം. രോഗത്തിന് ചികിത്സിക്കാതെ രോഗലക്ഷണത്തിനു മാത്രം ചികിത്സിക്കാതെ രോഗലക്ഷണത്തിനു മാത്രം ചികിത്സിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മതം നശിക്കുമ്പോള്‍ വര്‍ഗീയതയും അപ്രത്യക്ഷമാകും. അതുകൊണ്ട് മതത്തിനെതിരെയുള്ള പോരാട്ടം നാം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഹ്യൂമനിസത്തില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും കടമയുമാണത്'' ('യുക്തിവാദത്തിന്റെ കാലിക പ്രസക്തി,' പേജ്: 31-32 ,ജോസഫ് വടക്കന്‍, യുക്തിവാദ പ്രചരണവേദി പ്രസിദ്ധീകരണം, 1987).

അന്ധമായ മതവിദ്വേഷത്താല്‍ ചരിത്രപരമായ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുവാന്‍ യുക്തിവാദികള്‍ തയ്യാറാകാതിരുന്നതിനാലാണ് ഇത്തരത്തിലുള്ള അവാസ്തവങ്ങള്‍ വിളമ്പേണ്ടിവരുന്നത്. മാനവരാശിയുടെ ചരിത്രത്തിലെ സുദീര്‍ഘമായ കാലയളവില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള സംഘര്‍ഷങ്ങളുടെ പട്ടിക ഇതര കാരണങ്ങളാലുള്ള സംഘര്‍ഷങ്ങളുടെ പട്ടികയെക്കാള്‍ വളരെ ഹ്രസ്വമാണെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്; യുക്തിവാദികള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും.

മതത്തെ വര്‍ഗീയതയുടെ ഉത്ഭവസ്ഥാനമായും മാനവികതയ്‌ക്കെതിരായ മഹാരോഗവുമായി കാണുന്ന യുക്തിവാദ വീക്ഷണത്തിന്റെ ചരിത്രപരമായ വശം പരിശോധിക്കേണ്ടതുണ്ട്. 1857 മുതല്‍ 1977 വരെയുള്ള 120 വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ള വര്‍ഗീയലഹളകളെയും മതകലാപങ്ങളെയും കുറിച്ച് ഗവേഷണം നടത്തിയ ഡോ. ആന്‍ഫ്രാങ്ക് തന്റെ 'കമ്യൂണല്‍ പ്രോബ്ലംസ് ഇന്‍ ദ സൊസൈറ്റി ഓഫ് ഇന്ത്യ' എന്ന കൃതിയില്‍ ഇപ്രകാരം എഴുതുന്നു:

''രാഷ്ട്രീയവും മതബാഹ്യവുമായ പ്രശ്‌നങ്ങളുടെ പേരില്‍ മാത്രമാണ് ഇന്ത്യയുടെ മതകലാപങ്ങള്‍ മിക്കതും സംഭവിച്ചിട്ടുള്ളത്. എട്ട് നൂറ്റാണ്ടിലധികകാലം പൂര്‍ണമായോ ഭാഗികമായോ മുസ്‌ലിം ഭരണത്തില്‍ കീഴിലായിരുന്ന ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ മതകലാപങ്ങള്‍ തീരെ സംഭവിച്ചിരുന്നില്ല എന്നത് പ്രത്യേകം പരിഗണിക്കേണ്ട ഒരനുഭവമാണ്. ഇടക്കാലത്ത് സിക്കുകാരുടെയും രജപുത്രരുടെയും ആക്രമണകാരികളായ ചില ഹിന്ദുനാട്ടുരാജാക്കന്മാരുടെയും പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം ഉത്ഭവിച്ച മതകലാപങ്ങള്‍ മറ്റൊരു രീതിയിലുള്ള വിലയിരുത്തല്‍ അര്‍ഹിക്കുന്നതാണ്. പൊതുവില്‍ ജാതിയുടെയും ഉപജാതിയുടെയും വര്‍ണത്തിന്റെയും ഉപവര്‍ണത്തിന്റെയും പേരില്‍ അത്യധികം ശിഥിലമായിപ്പോകേണ്ട ഇന്ത്യയില്‍ സംഘര്‍ഷങ്ങളും കലാപങ്ങളും നരഹത്യകളും തടയുന്നതില്‍ ഇസ്‌ലാമിന്റെ മാനവിക ദര്‍ശനങ്ങള്‍ കാര്യമായ പങ്കാണ് വഹിച്ചിട്ടുള്ളത്. മനുഷ്യരെ ഏകോപിപ്പിക്കുന്നതില്‍ മതത്തിനുള്ള പങ്ക് ഇന്ത്യയില്‍ നിര്‍വഹിച്ചുകാണുന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇസ്‌ലാം തന്നെയാണ്''.

ഇസ്‌ലാം വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച മതമല്ല; നിരുത്സാഹപ്പെടുത്തിയ മതമാണ്. യാതൊരു തരത്തിലുള്ള അക്രമത്തെയും അനീതിയെയും അത് അംഗീകരിക്കുന്നില്ല. താലിബാനിസവും ഐ.എസ് ഭീകരതയുമെല്ലാം ആരുടെ സൃഷ്ടിയാണെന്ന് ലോകം മനസ്സിലാക്കിക്കിഞ്ഞു. ഇസ്‌ലാമിന് അത്തരം മനുഷ്യത്വരഹിതമായ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് ഇസ്‌ലാമിനെ പഠിച്ചറിഞ്ഞവര്‍ക്കറിയാം. പാശ്ചാത്യരായ ഇസ്‌ലാം വിമര്‍ശകരുടെ ഗ്രന്ഥങ്ങളില്‍നിന്ന് മാത്രം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന യുക്തിവാദികള്‍ ഇസ്‌ലാമിനെതിരെ അത്തരം ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു; അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ!

 മുന്‍ധാരണകളും വിദ്വേഷവുമാണ് അവരെ നയിക്കുന്നത്. നന്മ, സദാചാരം, മൂല്യബോധം തുടങ്ങിയ മാനുഷികമായ എല്ലാ ഗുണങ്ങളും സമൂഹത്തില്‍ അങ്കുരിപ്പിച്ച ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. ഈ വസ്തുത തമസ്‌കരിച്ചുകൊണ്ടാണ് 'മതം മനുഷ്യനെ മൃഗമാകുന്നു' എന്ന് യുക്തിവാദികള്‍ ജല്‍പിക്കുന്നത്. ഇതര ജീവികളില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നത് വിവേകബോധമാണ്. മൃഗങ്ങള്‍ തോന്നുന്ന സമയത്ത് തോന്നുന്നത് ചെയ്യും. തീറ്റയും വിസര്‍ജിക്കലും ഇണചേരലുമെല്ലാം തോന്നുമ്പോള്‍ തോന്നിയേടത്തുവെച്ച്. എന്നാല്‍ മനുഷ്യന്‍ അങ്ങനെ ആകേണ്ടവനല്ല. അവന് ചില നിശ്ചിത നിയമങ്ങള്‍ ഏതിലും എവിടെയും ആവശ്യമാണ്. ഈ നിയമങ്ങളാണ് മതം പഠിപ്പിക്കുന്നത്. മൃഗീയത പാടെ ഒഴിവാക്കിയാലേ മതവിശ്വാസിയായി മാറൂ എന്നര്‍ഥം.

സദാചാര സംരക്ഷണം, സ്വാഭാവരൂപീകരണം, സാമൂഹ്യജീവിതം, സത്യബോധനം തുടങ്ങിവയ്‌ക്കെല്ലാം ശിക്ഷണം ആ വശ്യമാണ്. ഈ മഹത്തായ ദൗത്യമാണ് ഇസ്‌ലാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുവാനുള്ള മഹത്തായശ്രമം. യുക്തിവാദികള്‍ അതിനെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇഷ്ടമുള്ള സ്ത്രീ-പുരുഷന്മാര്‍ ഇഷ്ടമുള്ള കാലത്തോളം ഇഷ്ടമുള്ള രൂപത്തില്‍ ഒരുമിച്ച് ജീവിക്കുക, മടുപ്പുതോന്നിയാല്‍ വേര്‍പിരിഞ്ഞ് മറ്റൊരു പങ്കാളിയെ കണ്ടെത്തുക ഇതാണല്ലോ ഒറിജിനല്‍ ഭൗതികവാദത്തിലെ 'ദാമ്പത്യം'! അഥവാ സ്വതന്ത്രരതി വാദികളാണ് ഭൗതികവാദികള്‍. ഇഷ്ടമുള്ള വ്യക്തികളുമായി ലൈംഗിക ബന്ധത്തിലേര്‍പെടാം; അതില്‍ യാതൊരുവിധ വിലക്കുകളും ആശയതലത്തില്‍ അവര്‍ക്കിടയിലില്ല. മൃഗീയം എന്നു വിശേഷിപ്പിക്കാവുന്ന ചിന്ത. എന്നാല്‍ അത് പ്രവര്‍ത്തികമാക്കുവാന്‍ അവര്‍ തയാറാണോ? അല്ല; കാരണം മതം പഠിപ്പിക്കുന്ന ചില മൂല്യങ്ങള്‍ അറിയാതെ തന്നെ യുക്തിവാദികള്‍ പിന്തുടരുന്നുണ്ട്. അത് തെളിയിക്കുവാന്‍ ഞാന്‍ മുമ്പൊരിക്കല്‍ ഒരു യുക്തിവാദി നേതാവിനോടു ചോദിച്ചു:

''ഭൗതികവാദി, നിരീശ്വരവാദി, യുക്തിവാദി എന്നീ പേരുകളില്‍ അറിയപ്പെടുന്നവരെല്ലാം ഒരേ ജനുസ്സില്‍ പെടുന്നവരാണല്ലോ. ഈ ജനുസ്സില്‍ പെടുന്ന ഏതെങ്കിലുമൊരാള്‍ തന്റെ വീട്ടിലേക്ക് കയറിവരുമ്പോള്‍ തന്റെ ഇണ മറ്റൊരു പുരുഷന്റെ കൂടെ ശയിക്കുന്നതു കാണുകയാണെങ്കില്‍ എന്താണു ചെയ്യുക? ''ബലേഭേഷ്! നന്നായി! ഭൗതികവാദം വിജയിക്കട്ടെ; ദുഷിച്ച മതചിന്ത നശിക്കട്ടെ'' എന്നൊക്കെ പറഞ്ഞ് അവര്‍ക്ക് ചൂടുള്ള ബദാം മില്‍ക്ക് കൊണ്ടുപോയിക്കൊടുക്കുമോ, അതോ കൊടുവാളുമായി അവരുടെ മുമ്പില്‍ ചാടി വീഴുമോ?''

''കുറെ വിധികളും വിലക്കുകളും ഉണ്ടെങ്കിലും വഴിതെറ്റിപ്പോകുന്ന ദമ്പതിമാര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. അതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഭൗതികവാദിയുടെ കുടുംബത്തിലും കാണും'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയുടെ ചുരുക്കം. പ്രശ്‌നം ഉണ്ടോ ഇല്ലേ എന്നതല്ല; അങ്ങനെയൊരു അനുഭവമുണ്ടായാല്‍ ഭൗതികവാദി എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എന്റെ ചോദ്യം. സ്വജീവിതത്തില്‍ അത്തരമൊരനുഭവമുണ്ടായാല്‍ തങ്ങളുടെ തത്ത്വശാസ്ത്രമനുസരിച്ച് അതിനെ അംഗീകരിക്കുമോ അതല്ല മത വിശ്വാസികളുടെ ധാര്‍മിക ബോധത്തോടെ അതിന് തടയിടുമോ?

''ഭാര്യയെ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊല്ലുന്നതിന് പകരം അവളെ അവളുടെ വഴിക്ക് വിടാന്‍ അനുവദിക്കും. പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത ദാമ്പത്യബന്ധങ്ങള്‍ നിലനിര്‍ത്താതിരിക്കുകയാണ് നല്ലത്.....'' എന്നായിരുന്നു പിന്നീട് അദ്ദേഹം നല്‍കിയ വിശദീകരണം.

ഭാര്യയെ അവളുടെ വഴിക്ക് വിടും എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ഭാര്യയെ ഭാര്യയായി നിലനിര്‍ത്തിക്കൊണ്ടുതന്നെ അവള്‍ക്കിഷ്ടമുള്ള വരോടൊപ്പമെല്ലാം ശയിക്കുവാന്‍ അനുവാദം കൊടുക്കും എന്നാണോ, അതല്ല അവളെ ഒഴിവാക്കി അവള്‍ ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കുവാന്‍ അനുവാദം കൊടുക്കും എന്നാണോ? 

''പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത ദാമ്പത്യബന്ധങ്ങള്‍ നിലനിര്‍ത്താതിരിക്കുകയാണ് നല്ലത്'' എന്ന പ്രസ്താവനയുടെ പൊരുള്‍ ഭാര്യഭര്‍ത്താവിന്റെയും ഭര്‍ത്താവ് ഭാര്യയുടെയും അവിഹിതബന്ധങ്ങള്‍ കണ്ടില്ലെന്നു നടിക്കണമെന്നല്ലേ? മതങ്ങള്‍ മണ്ണടിഞ്ഞാലുള്ള മനുഷ്യരുടെ ഐക്യം ഇത്തരത്തിലുള്ള 'വിട്ടുവീഴ്ച'കളിലൂടെയായിരിക്കാമല്ലോ! ആ ഐക്യം മാനവരാശിയുടെ സമൂലനാശത്തിലേക്കുള്ള കാല്‍വെപ്പായിരിക്കമെന്നതില്‍ സംശയമില്ല.

''ദൈവിക നിയമങ്ങളില്‍ മാത്രമല്ല മനുഷ്യനിര്‍മിത ഭൗതികനിയമങ്ങളിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ നിയമങ്ങളുണ്ട്'' എന്ന് യുക്തിവാദികള്‍ പറയാറുണ്ട്. അവനവനു തോന്നുന്നതെന്തോ അതെല്ലാമാണ് യുക്തിവാദിയുടെ സദാചാരം. യുക്തിവാദി നേതാവായിരുന്ന എം.സി. ജോസഫ് പറഞ്ഞു: 'സദാചാരബോധത്തിനടിസ്ഥാനം ബുദ്ധിശക്തിയുടെയും യുക്തിബോധത്തിന്റെയും സ്വതന്ത്ര പ്രവര്‍ത്തനമാണ്.'

യുക്തിബോധത്തില്‍ നിന്ന് ഉടലെടുക്കുന്നതെല്ലാം സദാചാരമാണെന്ന യുക്തിവാദികളുടെ ആശയം സമൂഹം ഉള്‍ക്കൊണ്ടാല്‍ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? 'മനുഷ്യര്‍ ഒന്നാവുമോ?' തമ്മില്‍ തല്ലിമരിക്കുമോ? അമ്മയെ തല്ലുന്നവനും മക്കളെ കൊല്ലുന്നവനും തന്റെ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലാണതു ചെയ്തതെന്നും അത് യുക്തിവാദ സദാചാരമാണെന്നും പറയാമല്ലോ!

ഒരു യുക്തിവാദിക്ക് സദാചാരമെന്നു തോന്നുന്നത് മറ്റൊരു യുക്തിവാദിക്ക് സദാചാരവിരുദ്ധമായി തോന്നാനും സാധ്യതയില്ലേ? സദാചാരം കാത്തുസൂക്ഷിച്ചാല്‍ 'തിന്നുക, കുടിക്കുക, രമിക്കുക' എന്ന ഭൗതികവാദ മുദ്രാവാക്യം വെള്ളത്തിലലിയില്ലേ?

സദാചാരത്തിന്റെ ആവശ്യകത യുക്തിവാദികള്‍ അംഗീകരിക്കുന്നുവെങ്കിലും മതം പഠിപ്പിക്കുന്ന സദാചാരത്തോട് അവര്‍ക്ക് പുച്ഛമാണ്. എന്നാല്‍ മതം പഠിപ്പിക്കുന്ന സദാചാരമൂല്യങ്ങളില്‍ ചിലതെങ്കിലും അവര്‍ക്ക് പിന്തുടരേണ്ടിവരികയും ചെയ്യുന്നുണ്ട്. വ്യവസ്ഥാരഹിതമായ യുക്തിവാദ സദാചാരത്തെക്കാള്‍ നിര്‍മാണാത്മകമായ ദൗത്യം നിര്‍വഹിക്കാന്‍ കഴിയുക മതം നിര്‍ബന്ധമായി കല്‍പിക്കുന്ന സദാചാരത്തിനല്ലേ? ജനങ്ങളെ കുത്തഴിഞ്ഞ ജീവിതത്തിലേക്കു നയിക്കുന്ന, അരാജകത്വം സമ്മാനിക്കുന്ന ഒന്നായിരിക്കും യുക്തിവാദസദാചാരമെങ്കില്‍ മതം പഠിപ്പിക്കുന്ന സദാചാരം ഉല്‍കൃഷ്ട വ്യക്തികളെയും  ഉത്തമസമൂഹത്തെയും സുഭദ്രമായ രാഷ്ട്രത്തെയും വാര്‍ത്തെടുക്കുന്നതായിരിക്കും.

ദൈവവിശ്വാസത്തിന്റെ പ്രേരണയും പിന്‍ബലവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്ന സദാചാരത്തെ ശക്തമാക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായി സ്വാധീനിക്കുന്ന ചില ഘടകങ്ങളില്ലെങ്കില്‍ എത്ര സുന്ദരമായ തത്ത്വശാസ്ത്രമായിരുന്നാലും മനുഷ്യര്‍ക്ക് പെട്ടെന്ന് സ്വീകരിക്കാന്‍ സാധിച്ചെന്നു വരില്ല. ഇസ്‌ലാമിക സദാചാരം സ്വര്‍ഗപ്രാപ്തിയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വം, വ്യക്തിവികാസം, മനുഷ്യപുരോഗതി തുടങ്ങിയ ബഹുവിധ ലക്ഷ്യങ്ങളും കരഗതമാക്കുന്നതാണ്. യുക്തിവാദികളുടെ യുക്തിരഹിതമായ സദാചാര സങ്കല്‍പത്തിനു വെല്ലുവിളിയായി നിലകൊള്ളുന്നത് ഇസ്‌ലാം മാത്രമാണ്. സദാചാരത്തെക്കുറിച്ചുള്ള യുക്തിവാദ വീക്ഷണവും ഇസ്‌ലാമികവീക്ഷണവും പരിശോധനാവിധേയമാക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.

സമൂഹത്തിന്റെ നിരീക്ഷണത്തിനു മുന്നില്‍ കൃത്രിമവും വികലവുമായ സദാചാരം പാലിക്കാന്‍ ആവശ്യപ്പെടുന്ന യുക്തിവാദ സദാചാരത്തിനു പകരം സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തിയെ ഓര്‍ത്തുകൊണ്ട് സമൂഹത്തിന്റെ ദൃഷ്ടികളില്‍ നിന്ന് അകന്നു നില്‍ക്കുന്ന അവസ്ഥയില്‍ പോലും സദാചാരനിഷ്ഠ പുലര്‍ത്തുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വ്യക്തിക്കും സമൂഹത്തിനും ഇതുകൊണ്ട് ഗുണമല്ലാതെ മറ്റൊന്നും വരാനില്ല. മനുഷ്യര്‍ ഒന്നാവാനും നന്നാവാനും ഈ ശാശ്വതമൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ മതി. മതം മണ്ണടിഞ്ഞാല്‍ മനുഷ്യര്‍ ഒന്നാകുമെന്നത് യുക്തിവാദികളുടെ വ്യാമോഹം മാത്രമാണ്.

മക്വ്ബറകളും ശവകുടീരങ്ങളും ആള്‍ദൈവങ്ങളും സിദ്ധന്മാരും നല്‍കുന്ന സന്ദേശം ഐക്യത്തിന്റെതല്ല. മനുഷ്യരില്‍ വികല ചിന്ത വളര്‍ത്തുകയും ഭക്തജനങ്ങളെ ആത്മീയമായോ സാമ്പത്തികമായോ ശാരീരികമായോ നിര്‍ദയം ചൂഷണം ചെയ്യുകയും ചെയ്യുന്ന പൗരോഹിത്യവും മനുഷ്യരെ ഏകോപിപ്പിക്കുന്നില്ല. പച്ചയായ യാഥാര്‍ഥ്യങ്ങളെ പാടെ നിഷേധിക്കുന്ന, മനുഷ്യരെ അരാജകത്വത്തിലേക്കും അധര്‍മങ്ങളിലേക്കും നയിക്കുന്ന യുക്തിവാദവും നിരീശ്വരവാദവും മനുഷ്യരെ ഒന്നിപ്പിക്കുവാന്‍ പര്യാപ്തമല്ല.

എന്നാല്‍ മനുഷ്യര്‍ നന്നാകുവാനും ഒന്നാകുവാനുമുള്ള മാര്‍ഗം കാലാകാലങ്ങളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ പ്രപഞ്ച സ്രഷ്ടാവ് തന്നെ അറിയിച്ചു തന്നിട്ടുണ്ട്. അതാണ് പ്രകൃതിമതം. ഏകദൈവമല്ലാതെ ആരാധിക്കപ്പെടരുത് എന്ന് ആ മതം പഠിപ്പിക്കുന്നു. അത് സകലവിധ സങ്കുചിത ചിന്തകളില്‍ നിന്നും മനുഷ്യരെ മുക്തരാക്കുന്നു. ദേശം, ഭാഷ, വര്‍ഗം, വര്‍ണം, ജാതി, ഗോത്രം തുടങ്ങിയ പലതിന്റെയും പേരില്‍ ഭിന്നിക്കുകയും ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തുകയും ചോരചിന്തുകയും ചെയ്യുന്ന നികൃഷ്ടതകളില്‍നിന്ന് ഏകദൈവാരാധന മനുഷ്യവര്‍ഗത്തെ രക്ഷിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നു. ഏകനായ ദൈവത്തിന്റെ കണ്ണില്‍ എല്ലാ മനുഷ്യരും സമന്മാരാണെന്നും തങ്ങള്‍ ഒരു മാതാപിതാക്കളുടെ സന്തതിപരമ്പരയില്‍ പെട്ടവരാണെന്നുമുള്ള ബോധത്തെക്കാള്‍ മനുഷ്യരെ ഒന്നിപ്പിക്കുന്ന മറ്റെന്താണുള്ളത്? എന്നിട്ടുമെന്തേ വിശ്വാസികള്‍ക്കിടയില്‍ മുന്‍ചൊന്ന തെറ്റുകള്‍ കാണപ്പെടുന്നു എന്ന് ചോദിച്ചേക്കാം. മതം അതിന് ഉത്തരവാദിയല്ല എന്നാണ് മറുപടി. മതം പഠിപ്പിക്കാത്ത വല്ലതും മതാനുയായികള്‍ ചെയ്യുന്നുവെങ്കില്‍ അത് മതത്തിന്റെ കുറ്റമല്ല. അത് അവരുടെ വിശ്വാസ ദൗര്‍ബല്യത്തിന്റെയും സ്വാര്‍ഥ താല്‍പര്യങ്ങളുടെയും അടയാളമാണ്. കേട് അവരിലായതിനാല്‍ അവരെയാണ് നന്നാക്കേണ്ടത്; മതത്തെയല്ല. ഈ സംസ്‌കരണപ്രക്രിയ മുസ്‌ലിം സമൂഹത്തില്‍ നന്നായി നടക്കുന്നുമുണ്ട്.

''ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്'' (ക്വുര്‍ആന്‍/2:21).

ഇത് ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം; അല്ലാത്തവര്‍ക്ക് നിരാകരിക്കുകയുമാവാം. ആരുടെ മേലും ഇസ്‌ലാം ഇത് അടിച്ചേല്‍പിക്കുന്നില്ല.