നമ്മുടെ മക്കള്‍ സുരക്ഷിതരാണോ?

ഉസ്മാന്‍ പാലക്കാഴി

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02
കേരളത്തില്‍, കുട്ടികളെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സിംഹഭാഗവും അപഹരിച്ചു കഴിഞ്ഞു. ചിലതെല്ലാം ആശങ്കയുടെ ഉല്‍പന്നങ്ങളാണെങ്കില്‍ പോലും വസ്തുതകള്‍ക്ക് നേരെ നാം കണ്ണടച്ച് കൂടാ. അതോടൊപ്പം തന്നെ ഗൗരവമായി ആലോചിക്കേണ്ട മറ്റൊരു വസ്തുതയാണ് കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ വന്ന ഭീതിദമായ വര്‍ധനവ്. കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഗ്രാഫ് കുത്തനെ വര്‍ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? എന്താണ് പരിഹാരം? സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നൊരു അന്വേഷണം.

കേരളം ലോകത്ത് അറിയപ്പെടുന്നത് 'ദൈവത്തിന്റെ സ്വന്തം നാട്', 'സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം' എന്നൊക്കെയാണ്. ഒരു സാക്ഷര സമൂഹത്തില്‍ അതിനനുസരിച്ചുള്ള പ്രബുദ്ധതയും സാംസ്‌കാരിക മുന്നേറ്റവും കാണേണ്ടതാണല്ലോ. ഒട്ടേറെ കാര്യങ്ങളില്‍ കേരളീയ സമൂഹം മുന്നില്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ മറ്റൊരു സംസ്ഥാനത്തെ പുരുഷ സമൂഹത്തിലും കാണാന്‍ സാധിക്കാത്ത ഒരു ദുസ്സ്വഭാവം കേരളീയ പുരുഷ സമൂഹത്തില്‍ പൊതുവെ (എല്ലാവരിലുമല്ല) കാണപ്പെടുന്നുണ്ട്. അത് ഒരു പെണ്ണിനെ കണ്ടാലുള്ള തുറിച്ചു നോട്ടമാണ്. ഇതര സംസ്ഥാനങ്ങളിലൊന്നും കാണപ്പെടാത്തതാണ് വ്യാപകമായുള്ള പുരുഷന്മാരുടെ ഈ കൊത്തിപ്പറിക്കുന്ന നോട്ടം. വായനക്കാര്‍ക്ക് ഈ നിരീക്ഷണത്തോട് യോജിക്കാം, വിയോജിക്കാം.

ഇത് മുതിര്‍ന്ന വ്യക്തികളില്‍ കാണപ്പെടുന്ന ഒരു ദുസ്സ്വഭാവമാണെങ്കില്‍ ചെറിയവരില്‍ അതിന്റെ അനുരണനങ്ങള്‍ കാണാതിരിക്കുമോ? ഇന്റര്‍നെറ്റ് കണക്ഷനുള്ള  ആന്‍ഡ്രോയിഡ് ഫോണും സെക്‌സും വയലന്‍സും കുത്തിനിറച്ച സിനിമകളും ഇളംതലമുറയെ പോലും അധര്‍മത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് കൂപ്പ്കുത്തിക്കുന്നുവെന്ന വസ്തുത ആര്‍ക്ക് നിഷേധിക്കാനാവും? കൊടുങ്ങല്ലൂര്‍ ചാമക്കാല ബീച്ചില്‍ മൂന്നാം ക്ലാസുകാരിയെ പതിനാറുകാരന്‍ പീഡിപ്പിച്ചുകൊന്നതും കൊല്ലം ഒഞ്ചിയൂരില്‍ അഞ്ചുവയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചുകൊന്ന് കട്ടിലിനടിയില്‍ ജഡം ഒളിപ്പിച്ചതും കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്. ഇണയെയും ഇരയെയും പറ്റി മൃഗങ്ങള്‍ക്കുള്ള പോലുമുള്ള തിരിച്ചറിവ് ഇല്ലാതാകുന്ന പൈശാചികതയിലേക്ക് മലയാളി സമൂഹം വിശിഷ്യാ കൗമാരക്കാര്‍ എങ്ങനെ എത്തി എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. 

''കുട്ടികള്‍ക്കാകട്ടെ അനുകരണീയമായ സ്വഭാവത്തോടു കൂടിയ വ്യക്തിവിശേഷമുള്ളവരെ കൂട്ടിന് ലഭിക്കുന്നില്ല. ടി.വി ചാനലുകളില്‍ കാണുന്ന വയലന്‍സാണ് ബാലമനസ്സുകളെ സ്വാധീനിക്കുന്നത്. പത്തു വയസ്സിന് മുകളിലുള്ള ഇന്നത്തെ കുട്ടികളുടെ ചിന്തയും അവരുടെ ചര്‍ച്ചാവിഷയവും ലൈംഗിക കാര്യങ്ങളാണ്...ഏതു തരത്തിലും രൂപപ്പെടുത്താന്‍ പറ്റിയ കൗമാരപ്രായക്കാര്‍ ഇന്ന് വൃത്തികെട്ട സാധനങ്ങള്‍ കുത്തിനിറച്ച കീറച്ചാക്കുകളായി മാറുകയാണ്. ആദ്യം ചികിത്സ വേണ്ടത് മാതാപിതാക്കള്‍ക്കാണ്'' ബി.സന്ധ്യ ഐ.പി.എസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ ഈ വാചകങ്ങള്‍ ഇതിനോട് കൂട്ടിവായിക്കുക. 

കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം തന്നെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ഗ്രാഫും നിത്യേന നമ്മുടെ നാട്ടില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 18 വയസ്സിനു താഴെയുള്ള എല്ലാവരും നിയമപ്രകാരം കുട്ടികളാണ്. 1974 ലെ കുട്ടികള്‍ക്കു വേണ്ടിയുള്ള നാഷണല്‍ പോളിസിയില്‍ 'കുട്ടികള്‍ രാജ്യത്തിന്റെ പരമോന്നത പ്രാധാന്യമുള്ള സ്വത്താണ്' എന്നാണ് വിശേഷിപ്പിക്കുത്. കുട്ടികളുടെ അവകാശങ്ങള്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതിയെന്നോണം വര്‍ധിച്ചുവരികയാണ്.

കേരളാ പൊലീസിന്റെ 2008 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് അഞ്ചിരട്ടിയോളം വര്‍ധനവാണ് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. 2015 ലേതിനെക്കാളും 20 ശതമാനത്തിലധികം കുറ്റകൃത്യങ്ങള്‍ 2016ല്‍ പൊലീസിന്റെ കീഴില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു എന്നതിനൊപ്പം തന്നെ അതാത് സമയങ്ങളില്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന വസ്തുതയും ഈ കണക്കിലെ വര്‍ധനവിന് കാരണമാണെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് 2017ല്‍ മാത്രം പതിനാല് ജില്ലകളില്‍ നിന്നായി 30000ല്‍ പരം പരാതികളാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത് എന്നും ഇതില്‍ 10,687 പരാതികള്‍ ഗുരുതര സ്വഭാവമുള്ളവയുമാണ് എന്നും കണക്കുകള്‍ പറയുന്നു.

1297 ലൈംഗിക അതിക്രമങ്ങളാണ് 2017ല്‍ പരാതിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലുമേറെയായിരിക്കുമെന്നുമാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നത്. കാരണം പരാതിയായോ നേരിട്ടോ അല്ലാതെയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മാത്രമാണ് ഔദ്യോഗിക കണക്കുകളിലുള്ളത്. കുട്ടികള്‍ പേടികൊണ്ട് മറച്ചുവെക്കുന്നതും അഭിമാനപ്രശ്‌നം മൂലവും മറ്റും രക്ഷിതാക്കള്‍ പുറത്തുപറയാത്തതുമായ കേസുകള്‍ നിരവധിയുണ്ടാവാമെന്നും ഇവര്‍ പറയുന്നു. ഒരു ദിവസം കുറഞ്ഞത് മൂന്ന് ലൈംഗിക പീഡന കേസുകളെങ്കിലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 

പിഞ്ചുകുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിത്യേനയെന്നോണം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് നല്‍കുന്ന സന്ദേശമെന്താണ്? വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടും നാലും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത സംഭവം നടന്നത് കഴക്കൂട്ടത്താണ്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുന്ന രണ്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആഭരണങ്ങള്‍ ഊരിയെടുത്ത് ശ്വാസംമുട്ടിച്ചു കൊന്ന് കനാലില്‍ തള്ളിയ സംഭവം നടന്നത് പാറശ്ശാലയിലാണ്. ഇങ്ങനെയെത്രയെത്ര ദാരുണ സംഭവങ്ങള്‍ അടുത്ത കാലങ്ങളിലായി നമ്മുടെ നാട്ടില്‍ അരങ്ങേറി!

പെണ്‍കുട്ടികള്‍ സ്വന്തം കുടുംബത്തില്‍നിന്നും സ്വന്തക്കാരില്‍നിന്നും പീഡനം ഏറ്റുവാങ്ങുന്ന സംഭവങ്ങളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്‌നേഹ പ്രകടനം എന്ന രൂപത്തില്‍ ആരംഭിക്കുന്ന സ്പര്‍ശനങ്ങള്‍ അതിരുകടക്കുമ്പോള്‍ കുട്ടികള്‍ ചതി മനസ്സിലാക്കാതെ പോകുന്നു. നാണംകൊണ്ടും ഭയം െകാണ്ടും സംഭവം മൂടിവെച്ച് പാവം 'ഇര'കളായി അവര്‍ കഴിഞ്ഞുകൂടുന്നു. 

പല പെണ്‍കുട്ടികളും ചതിയില്‍ പെടുന്നത് മധുരഭാഷണങ്ങളില്‍ മയങ്ങിയാണ്. വീട്ടില്‍നിന്ന് ലഭിക്കാത്ത സ്‌നേഹം നല്‍കുന്നവരോട് മറ്റൊന്നും നോക്കാതെ അവര്‍ അടുക്കുന്നു. ചതി മനസ്സിലാക്കാതെ സ്‌നേഹം അഭിനയിച്ചെത്തുന്ന പുരുഷന്മാര്‍ പറയുന്നതെന്തും അനുസരിക്കുന്നു. എല്ലാം വിട്ടേച്ചുകൊണ്ട് ഒളിച്ചോടുവാന്‍ പോലും പലരും തയ്യാറാകുന്നു. ഒടുവില്‍ കൊല്ലപ്പെടുന്നു, അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെടുന്നു. 

കോഴിക്കോട് ജില്ലയില്‍മാത്രം 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്തുമാസങ്ങളിലായി ചൈല്‍ഡ്‌ലൈനില്‍ 658 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളാണ് ഇതില്‍ അധികവും. 92 ലൈംഗിക പീഡനകേസുകളാണ് കോഴിക്കോട് ചൈല്‍ഡ്‌ലൈനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.

കേരളത്തിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിയിലായിരിക്കുന്ന സമയമായ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് കുട്ടികള്‍ക്കെതിരിലുള്ള ലൈംഗിക അതിക്രമങ്ങളിലേറെയും നടന്നിട്ടുള്ളത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാനുള്ള ശ്രമത്തെ ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്. കുട്ടികളെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിക്കുന്നത് മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായും ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍, പൊലീസ് തുടങ്ങിയവരുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുന്നതെങ്കില്‍ തടവ് എട്ട് വര്‍ഷമായുമാണ് പരിഗണിക്കുന്നത്. 


പോക്‌സോ നിയമത്തിന്റെ പ്രസക്തി

Protection of Children from Sexual Offences Act (POCSO) ലൈംഗിക, ശാരീരിക, വൈകാരിക ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള നിയമമാണ്. 2013 മുതല്‍ പോക്‌സോ കേസുകള്‍ വര്‍ധിച്ചതായാണ് പോലീസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

18 വയസില്‍ താഴെയുളള പെണ്‍കുട്ടികളും ആണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ നിയമപരമായി നേരിടുകയാണ് പോക്‌സോ നിയമത്തിന്റെ പ്രധാനലക്ഷ്യം. കുട്ടികളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങളേയും ലൈംഗികകുറ്റമായാണ് പോക്‌സോ നിയമം വിലയിരുത്തുന്നത്.

പോക്‌സോ ചുമത്തിയാല്‍ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ നിയമപരിധിയില്‍ നിന്നും രക്ഷപ്പെടാനുള്ള പഴുതുകള്‍ ഇല്ലാതാവും. പോക്‌സോ പ്രതിക്ക് ജാമ്യം ലഭിക്കുകയുമില്ല. ഇരയായ കുട്ടി പിന്നീട് മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യമൊഴി തന്നെയാണ് നിലനില്‍ക്കുക.

ഭൂരിഭാഗം കുട്ടികളും തൊഴിലിടങ്ങളില്‍ നിന്നാണ് ചൂഷണം നേരിടുന്നത്. സര്‍ക്കാരിന്റെ കണക്കുകള്‍പ്രകാരം, കുട്ടികള്‍ക്കെതിരെ നടക്കുന്ന ബലാത്സംഗകേസുകളില്‍ 25 ശതമാനവും തൊഴിലുടമകളുടെയോ തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുടേയൊ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണ്.

മതാചാര്യന്‍മാരും ആള്‍ദൈവങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നു എന്നതാണ് സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2017 ജനുവരിയില്‍ 'ദ സിന്‍സ് ഓഫ് ഔര്‍ ഫാദേഴ്‌സ്' എന്ന തലക്കെട്ടോടെ 'ഔട്ട്‌ലുക്ക്' മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടും കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. കേരളത്തിലെ കത്തോലിക്കാസഭയിലെ വൈദികര്‍ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളാണ് ഔട്ട്‌ലുക്ക് കവര്‍സ്‌റ്റോറിയിലൂടെ പുറത്തുവിട്ടത്.

കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും പ്രതികളെ സംരക്ഷിക്കാനും ആരോപണമുന്നയിക്കുന്നവരെ നിശ്ശബ്ദമാക്കാനും സഭ നടത്തിയശ്രമങ്ങളെക്കുറിച്ചായിരുന്നു ഔട്ട് ലുക്കിന്റെ കവര്‍ സ്‌റ്റോറി. 12 പേജുകളില്‍ നീണ്ടുനില്‍ക്കുന്ന മിനു ഇട്ടി ഐപ്പിന്റെ റിപ്പോര്‍ട്ടില്‍ പകുതിയിലധികവും വൈദികര്‍ പീഡിപ്പിച്ച 18 വയസ്സ് തികയാത്ത പെണ്‍കുട്ടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാണ്. 

അടുത്ത കാലത്തായി അറസ്റ്റ് ചെയ്യപ്പെട്ട ചില ആള്‍ദൈവങ്ങളും ആത്മീയാചാര്യന്മാരും മുതിര്‍ന്ന സ്ത്രീകളെ മാത്രമല്ല കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുക. വിദ്യാലയങ്ങളില്‍ വെച്ച് പിഞ്ചു ബാലികമാരെ ലൈംഗികമായി ഉപദ്രവിച്ചതിനാല്‍ അറസ്റ്റു ചെയ്യപ്പെട്ട എത്രയെത്ര അധ്യാപകരുണ്ട്!


കാണാതാകുന്ന കുട്ടികള്‍

കേരളത്തില്‍ വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണവും കൂടിവരികയാണ്. 2017ല്‍ സംസ്ഥാനത്തുനിന്നും 115 കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായതാണ് കണക്ക്. കുട്ടികള്‍ വീടുവിട്ടിറങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കാരണം ഇപ്പോഴും അജ്ഞാതമാണ്. കാണാതാവുന്നതില്‍ പകുതിയിലധികവും പെണ്‍കുട്ടികളും ആദിവാസി വിഭാഗത്തിലെ കുട്ടികളുമാണ് എന്നത് മനുഷ്യക്കടത്താണോ എന്ന സംശയത്തിലേക്കും നയിക്കുന്നുണ്ടെന്നാണ് അധികാരികള്‍ ആശങ്കപ്പെടുന്നത്. 

 

തട്ടിക്കൊണ്ടു പോകപ്പെടുന്ന കുട്ടികള്‍

ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ തങ്ങള്‍ക്ക് തങ്ങളുടെ പിഞ്ചുമക്കളെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണിന്ന് കഴിഞ്ഞുകൂടുന്നത്. ഭിക്ഷാടനമാഫിയയില്‍ പെട്ടവര്‍ തങ്ങളുടെ മക്കളെ തട്ടിക്കൊണ്ടുപോയി തലമൊട്ടയടിച്ച്, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും കൈകാലുകള്‍ തല്ലിയൊടിച്ചും വികലാംഗരാക്കി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന ഭീകരരംഗം സ്വപ്‌നം കണ്ട് ഉറക്കം നഷ്ടപ്പെട്ടവരായി നാളുകള്‍ തള്ളിനീക്കുന്നു പല രക്ഷിതാക്കളും. കേരളത്തില്‍ ഈ ഭീതി അങ്ങോളമിങ്ങോളം നിലനില്‍ക്കുകയും ജനങ്ങള്‍ ഈ വിഷയത്തില്‍ വലിയ ജാഗ്രത പുലര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന വേളയിലാണ് (ഫെബ്രുവരി 4ന്) കോഴിക്കോട്  കക്കോടിയില്‍ അമ്മയുടെ ചുമലില്‍ നിന്ന് ഒരു വയസ്സായ കുഞ്ഞിനെ തട്ടിയെടുക്കുവാനും ആലപ്പുഴ പൂച്ചാക്കലില്‍ ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തി 10 രൂപ നോട്ട് കാണിച്ച് വശീകരിച്ച് യു. കെ. ജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകുവാനും ശ്രമം നടന്നത്. 

സര്‍ക്കാരും പോലീസും മത-രാഷ്ട്രീയ-സാംസ്‌കാരിക കൂട്ടായ്മകളുമെല്ലാം ഒന്നായി ഈ വിഷയത്തില്‍ ഇടപെടുകയും പ്രായോഗികമായ പരിഹാര മാര്‍ഗങ്ങള്‍ കൂടിയാലോചനയിലൂടെ കണ്ടെത്തി നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്.  

 

ലഹരിമാഫിയകളുടെ തടവില്‍

മയക്കുമരുന്ന് മാഫിയകള്‍ ലക്ഷ്യമിടുന്നതും കൗമാരക്കാരെയാണ് എന്നത് ഏറെ ഭീതിയുളവാക്കുന്ന കാര്യമാണ്. കാമ്പസുകളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിപണി സജീവമാണെന്ന് സമീപകാല വാര്‍ത്തകള്‍ വിളിച്ചുപറയുന്നുണ്ട്. സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ചില ആണ്‍കുട്ടികളെും പെണ്‍കുട്ടികളും മരുന്നടിച്ച് പാര്‍ക്കുകളിലും ആളൊഴിഞ്ഞ സ്ഥലത്തും വീണുകിടക്കുന്ന കാഴ്ചകള്‍ പുതുതലമുറയുടെ വഴിവിട്ട സഞ്ചാരത്തെ അടയാളപ്പെടുത്തുന്നതാണ്. 


പരിഹാര മാര്‍ഗമെന്ത്?

ധാര്‍മിക-സദാചാര ബോധംകൂടി പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവശ്യകതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുള്ള ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും മലര്‍ക്കെ തുറന്നിടുന്ന തിന്മയിലേക്കുള്ള കവാടങ്ങളില്‍ പ്രവേശിക്കാതിരിക്കാന്‍ സാധിക്കണമെങ്കില്‍ ധര്‍മാധര്‍മ ബോധവും സ്രഷ്ടാവിനെക്കുറിച്ചുള്ള ഭയവും നന്മ തിന്മകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്ന ഒരു വേദിയുണ്ട് മരണാനന്തരം എന്ന എന്ന തിരിച്ചറിവും അനിവാര്യമാണ്. 

മക്കള്‍ ആരുമായെല്ലാം കൂട്ടുകൂടുന്നു എന്ന് ശ്രദ്ധിക്കല്‍ രക്ഷിതാക്കളുടെ ബാധ്യതയാണ്. ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും ആവശ്യമായ സ്‌നേഹവും പരിഗണനയും സദാചാര ബോധവും പകര്‍ന്നു നല്‍കി അവരെ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. 

ഏറ്റവും ഉത്തമമായ തലമുറയെ വാര്‍ത്തെടുക്കുവാനുള്ള നിര്‍ദേശങ്ങളും നിയമങ്ങളും വിധികളും വിലക്കുകളും നല്‍കിയ മതമാണ് ഇസ്‌ലാം. ലൈംഗിക വിശുദ്ധി പാലിക്കുവാന്‍ ഇസ്‌ലാം കര്‍ശനമായി കല്‍പിക്കുന്നുണ്ട്. 

സ്ത്രീയും പുരുഷനും പരസ്പരം തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണമെന്ന് പോലും ഇസ്‌ലാം അനുശാസിക്കുന്നു: ''(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക...'' (24:30,31)

കണ്ണുകള്‍ മാത്രമല്ല കാതും നാവും കൈകാലുകളുമൊക്കെ വ്യഭിചാരത്തില്‍ പങ്കാവുമെന്ന് നബി ﷺ താക്കീത് ചെയ്തിട്ടുണ്ട്. 'നോട്ടമാണ് കണ്ണിന്റെ വ്യഭിചാരമെങ്കില്‍ സംസാരമാണ് നാവിന്റെത്. മനസ്സ് ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്നു. ഗുഹ്യാവയവം അത് സാധൂകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. കൈകളുടെ വ്യഭിചാരം പിടിക്കലാണെങ്കില്‍ കാലുകളുടേത് നടത്തവും വായയുടെത് ചുംബനവും കാതിന്റെത് (അശ്ലീലസംസാരത്തിലേക്ക്) കാതോര്‍ക്കലുമാണ്' എന്ന് നബി ﷺ അരുളിയിട്ടുണ്ട്. (അബുദാവൂദ്).

ലൈംഗിക അരാജകത്വത്തിലേക്ക് യുവതി യുവാക്കളെയും കുമാരി കുമാരന്മാരെയും കൈപിടിച്ചു കൊണ്ടുപോകുന്നതില്‍ അശ്ലീല പ്രസിദ്ധീകരണങ്ങള്‍ക്കും സിനിമകള്‍ക്കും അശ്ലീല ഇന്റര്‍നെറ്റ് സൈറ്റുകള്‍ക്കുമൊക്കെയുള്ള പങ്ക് ഇന്ന് ആര്‍ക്കാണ് നിഷേധിക്കാനാവുക?

വിവാഹപ്രായമെത്തിയാല്‍ വിവാഹിതരാവുക എന്നതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന, ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുവാനുള്ള പ്രധാനമാര്‍ഗം. നബി ﷺ പറഞ്ഞു: ''യുവ സമൂഹമേ, നിങ്ങളില്‍നിന്ന് വിവാഹത്തിന് സാധിക്കുന്നവര്‍ വിവാഹം ചെയ്തുകൊള്ളട്ടെ! ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുന്നില്ലെങ്കില്‍ നോമ്പെടുത്തുകൊള്ളുക. നിശ്ചയം അത് (വ്രതം) അവന് ഒരു കടിഞ്ഞാണാണ്'' (ബുഖാരി, മുസ്‌ലിം). 

വിവാഹപ്രായമായ മക്കളുടെ വിവാഹം ചെറിയ ചെറിയ കാരണങ്ങള്‍ നിരത്തി നടത്തിക്കൊടുക്കാത്ത രക്ഷിതാക്കള്‍ പ്രകൃതി മതത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.  വിവാഹത്തിനുള്ള പ്രയാസം സാമ്പത്തിക പ്രതിസന്ധിയാണെങ്കില്‍ അതിനെ ഭയക്കരുതെന്ന് ഇസ്‌ലാം ഉണര്‍ത്തുന്നു.

നബി ﷺ പറഞ്ഞു: ''അല്ലാഹു നിഷിദ്ധമാക്കിയതില്‍ നിന്നും മാറിനില്‍ക്കുന്നതിനായി വിവാഹം കഴിക്കുന്നവനെ സഹായിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയാണ്'' (ഇബ്‌നു അദിയ്യ്, സ്വഹീഹുല്‍ ജാമിഅ്-3152).

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സകലവിധ ലഹരിവസ്തുക്കളെയും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു; ലഹരിബാധിക്കാത്തത്ര ചെറിയ അളവാണെങ്കില്‍ പോലും. കാരണം, ഇസ്‌ലാം മനുഷ്യനെ ആദരിക്കുന്നു. ലഹരിയില്‍ മുങ്ങി ജീവിതം തുലക്കാന്‍ മനുഷ്യനെ ഇസ്‌ലാം അനുവദിക്കുന്നില്ല. ലഹരിയില്‍ അലിഞ്ഞുതീരാനുള്ളതല്ല മനുഷ്യന്റെ ജീവിതം. 

നാശത്തിന്റെ കവാടങ്ങള്‍ പൂര്‍ണമായും കൊട്ടിയടച്ച് മനുഷ്യനെ പരിശുദ്ധിയുടെ പാരമ്യതയിലേക്ക് ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് ഇസ്‌ലാം.  വെറുമൊരു കമ്പനിക്കുവേണ്ടി, അല്ലെങ്കില്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലരും സിഗരറ്റ് വലിയും മദ്യപാനവുമൊക്കെ തുടങ്ങുന്നത്. സ്ഥിരമാക്കണമെന്ന് അവര്‍ക്ക് ഉദ്ദേശ്യമുണ്ടായിരിക്കില്ല. ഈ പഴുത് ഉപയോഗിച്ചാണ് ലഹരി വില്‍പനക്കാര്‍ കുട്ടികളെ വശത്താക്കുന്നത്. അങ്ങനെ അവരറിയാതെ അതിന് അടിമപ്പെടുന്നു. ഒരു തുള്ളി മദ്യം രണ്ട് തുള്ളിയിലേക്കും അത് പലതുള്ളികളിലേക്കും പിന്നീടത് കോപ്പകളിലേക്കും എത്തുന്നു. നിസ്സാരമായ തെറ്റ് വന്‍പാപങ്ങളിലേക്ക് നയിക്കുന്നു.

മദ്യപാനവും പുകവലിയുമൊക്കെ സ്റ്റാറ്റസിന്റെ അടയാളമാണെന്ന തെറ്റായ ബോധം പകര്‍ന്നു നല്‍കുന്ന, പ്രേമവും വിവാഹ പൂര്‍വ ലൈംഗികതയും തെറ്റല്ലെന്ന് പഠിപ്പിക്കുന്ന സിനിമകളും സീരിയലുകളും ആണ്‍-പെണ്‍ കുട്ടികളെ വഴിപിഴപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.