പിടിമുറുക്കുന്ന ജ്യോതിഷവും പടികയറുന്ന ഭീതിയും

ഉസ്മാന്‍ പാലക്കാഴി

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09
നാളെയെക്കുറിച്ച് അറിയുവാന്‍ വളരെ താല്‍പര്യമുള്ളവനാണ് മനുഷ്യന്‍. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളിലൂടെയാണ് ഓരോരുത്തരും ജീവിതം തള്ളിനീക്കുന്നത്. ജോലി, വിവാഹം, സാമ്പത്തികാഭിവൃദ്ധി, മരണം... എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ എന്താകും, എങ്ങനെയാകും, എപ്പോഴാകും എന്നെല്ലാമറിയാനുള്ള ജിജ്ഞാസയില്‍ ജീവിക്കുന്നവരെ ഭാവി പ്രവചിക്കുന്നവര്‍ക്ക് വളരെയെളുപ്പത്തില്‍ സ്വാധീനിക്കുവാന്‍ കഴിയുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഭാവികാര്യം സ്രഷ്ടാവിന്റെ നിയന്ത്രണത്തിലാണെന്ന് ഉത്തമ ബോധ്യമുള്ളവര്‍ക്ക് ഭാവി പ്രവചിക്കുന്നവരെ സമീപിച്ച്, കാശ്‌കൊടുത്ത് ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ട ദുരവസ്ഥ വന്നു ഭവിക്കുകയില്ല.

ഇതിഹാസ-പുരാണങ്ങളിലെയും മറ്റും ചില പരാമര്‍ശങ്ങളും കാവ്യകല്‍പനകളും ചൂണ്ടിക്കാട്ടി അവയെ ശാസ്ത്രനേട്ടങ്ങളായി ചിത്രീകരിക്കുന്ന പ്രവണത ഈയിടെയായി ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി ഹിന്ദുത്വചരിത്രനിര്‍മാതാക്കള്‍ തങ്ങളാലാകുംവിധം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആഗ്‌നേയാസ്ത്രം, പുഷ്പകവിമാനം, രാമബാണം, ശരശയ്യ തുടങ്ങിയ സങ്കല്‍പങ്ങളെ, വൈമാനികശാസ്ത്രം മുതല്‍ അക്യുപംക്ചര്‍ വരെയുള്ളവയ്ക്ക് തെളിവുകളായി ചൂണ്ടിക്കാണിക്കുന്നത് ചില ഉദാഹരണങ്ങള്‍ മാത്രം.

വിദേശ ഇനമായ ജേഴ്‌സി പശുവിന്റെ പാല്‍ കുടിക്കുന്നത് കാന്‍സര്‍, പ്രമേഹം, തളര്‍വാതം, ഹൃദയ, മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഇന്ത്യന്‍ പശുക്കളുടെ ചാണകവും മൂത്രവും മികച്ച ഔഷധമാണ്; അര്‍ബുദത്തെ പൂര്‍ണമായും പ്രതിരോധിക്കുവാന്‍ അവയ്ക്ക് ശേഷിയുണ്ട്. പശുവിന്റെ പാല്‍, മൂത്രം, ചാണകം എന്നിവ എന്നിവ മുഖത്ത് തേച്ചു പിടിപ്പിച്ചാല്‍ മുഖസൗന്ദര്യം വര്‍ധിക്കും. പശു പുറത്തേക്ക് വിടുന്നതും അകത്തേക്ക് വലിക്കുന്നതും ഓക്‌സിജനാണ്... തുടങ്ങിയ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുന്നത് ഇതിനോട് കൂട്ടി വായിക്കുക.

മനുഷ്യന്‍ നാളെയെക്കുറിച്ച് അറിയുവാന്‍ വളരെ താല്‍പര്യമുള്ളവനാണ്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളിലൂടെയാണല്ലോ ഓരോരുത്തരും ജീവിതം തള്ളിനീക്കുന്നത്. ജോലി, വിവാഹം, സാമ്പത്തികാഭിവൃദ്ധി, മരണം... എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ എന്താകും, എങ്ങനെയാകും, എപ്പോഴാകും എന്നെല്ലാം അറിയാനുള്ള ജിജ്ഞാസയില്‍ ജീവിക്കുന്നവരെ ഭാവി പ്രവചിക്കുന്നവര്‍ക്ക് വളരെയെളുപ്പത്തില്‍ സ്വാധീനിക്കുവാന്‍ കഴിയുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഭാവികാര്യം സ്രഷ്ടാവിന്റെ നിയന്ത്രണത്തിലാണെന്ന് ഉത്തമ ബോധ്യമുള്ളവര്‍ക്ക് ഭാവി പ്രവചിക്കുന്നവരെ സമീപിച്ച്, കാശ്‌കൊടുത്ത് ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ട അവസ്ഥ വരികയില്ല. 

ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന അനേകം ആളുകളുണ്ട്. ഭാവിയെക്കുറിച്ചറിയാന്‍ അവര്‍ ജ്യോതിഷത്തെ അവലംബിച്ചുകൊണ്ടിരിക്കുന്നു. അത് ശരിയെന്ന് വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതിനെ ചോദ്യം ചെയ്യുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. അത് തികച്ചും ശാസ്ത്രീയമാണെന്ന വാദത്തിലെ നിരര്‍ഥകത ചൂണ്ടിക്കാണിക്കുകയാണിതിലൂടെ. 

ഇന്ന് ഇന്ത്യയില്‍ ജ്യോതിഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രചാരണവും പ്രസിദ്ധിയും പ്രാചീന ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് മാത്രമല്ല, പ്രാചീന ഇന്ത്യയില്‍ ജ്യോതിഷം ഒരു ശാസ്ത്രമായി അംഗീകരിക്കപ്പെട്ടിരുന്നു എന്ന് പറയുന്നതുപോലും തെറ്റാണ്. ആര്‍ഷസംസ്‌കാരത്തിന്റെ മൂല്യസ്രോതസ്സുകളില്‍ എവിടെയും ജ്യോതിഷം പ്രതിപാദ്യമല്ല എന്നത് ശ്രദ്ധേയമാണ്. വേദാംഗ-വേദശാസ്ത്ര വിഭാഗത്തില്‍ ഒരു പട്ടിക തയാറാക്കപ്പെട്ടതും ആ പട്ടികയില്‍ ജ്യോതിഷം വേദനിഷ്പന്നമായ ഒരു ശാസ്ത്രമായി പ്രതിഷ്ഠിക്കപ്പെട്ടതും രണ്ട് നൂറ്റാണ്ടിനുള്ളില്‍ മാത്രമാണ്.

'ജാതകാഭരണം' എന്ന ഗ്രന്ഥത്തില്‍ പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍ എഴുതുന്നു: ''വേദത്തിന്റെ കണ്ണാണ് ജ്യോതിശാസ്ത്രം. 'സര്‍വ്വേന്ദ്രിയാണാം നയനം' എന്നുള്ളതുകൊണ്ട് വേദങ്ങളില്‍ സര്‍വപ്രാധാന്യം ജ്യോതിഷത്തിനുതന്നെ എന്ന് വരുന്നു.'' 

ജ്യോതിശാസ്ത്രത്തെയും ജ്യോതിഷത്തെയും ഒന്നാക്കാനുള്ള ശ്രമം ഈ വാചകങ്ങൡ കാണാം. എന്നാല്‍ ജ്യോതിഷ സംബന്ധമായി അരഡസനിലധികം ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിറ്റ് ലക്ഷ്മീദാസ് എഴുതുന്നത് ''ജ്യോതിഷം വേദങ്ങളുടെ ഒരു ഭാഗമാണെന്ന് പറയപ്പെടുന്നു'' എന്നാണ്. ജ്യോതിഷം  വേദത്തിന്റെ ഭാഗമാണെന്ന് ഇദ്ദേഹത്തിന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല.

ജ്യോതിഷത്തെ ആധികാരികമാക്കുവാന്‍ വേണ്ടിയുള്ള ഒരു തന്ത്രമാണ് അതിനെ വേദാംഗമായി അവതരിപ്പിക്കാനുള്ള ശ്രമം. വേദിക് ജ്യോതിഷം എന്ന ഒന്നുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ 'ജ്യോതിഷം വേദങ്ങളുടെ ഒരു ഭാഗമാണെന്ന് പറയപ്പെടുന്നു' എന്ന് പണ്ഡിറ്റ് ലക്ഷ്മീദാസിന് പറയേണ്ടിവരുമായിരുന്നില്ല; വേദങ്ങളുടെ ഭാഗമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമായിരുന്നു.

ഋഗ്വേദത്തിലും യജുര്‍വേദത്തിലുമുള്ള ചില ശ്ലോകങ്ങൡ പരാമര്‍ശിക്കുന്ന ജ്യോതിഷം യാഗങ്ങളും യജ്ഞങ്ങളും നടത്താനുള്ള മുഹൂര്‍ത്തം നിശ്ചയിക്കലിനെ സംബന്ധിച്ചുള്ളതാണ്. ഈ ശ്ലോകങ്ങളുടെ അടിസ്ഥാനത്തില്‍ ലഗധന്‍ വികസിപ്പിച്ചെടുത്ത കൃതിയാണ് 'വേദാംഗജ്യോതിഷം'. അദ്ദേഹത്തിന്റെ കാലം ബി.സി. 400നും എ.സി. 200നും ഇടയിലാണെന്നും ബി.സി. 700നും 600നും ഇടയിലാണെന്നും പറയപ്പെടുന്നു. രണ്ടില്‍ ഏതായാലും വേദങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് വ്യക്തം. ജ്യോതിഷകാര്യങ്ങളും അനുഷ്ഠാനങ്ങളും മാത്രം ചര്‍ച്ചചെയ്യുന്ന വേദാംഗജ്യോതിഷത്തില്‍ ജാതകം വെച്ചുള്ള ഫലപ്രവചനത്തെക്കുറിച്ച് പരാമര്‍ശമില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ലഗധന്‍ അത് സൂചിപ്പിക്കാതിരിക്കുമായിരുന്നോ? വരാഹമിഹിരനാണ് അതിനെ ഫലസിദ്ധിജ്യോതിഷമായി പരിഷ്‌കരിച്ചത്.

ഗണിതമാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനമെന്ന് പറയാം. പ്രാചീന ജ്യോതിശാസ്ത്രമാണ് ജ്യോതിഷത്തിലെ ഗണിതഭാഗം. ജ്യോതിഷം തികച്ചും ശാസ്ത്രീയമാണെന്ന് ജ്യോതിഷികളും അതിന്റെ അനുകൂലികളും വാദിക്കുന്നു.

''ക്രമാനുഗതവും രൂപീകൃതവുമായ ജ്ഞാനം'' (ട്യേെലാമശേര & ളീൃാൗഹമലേറ ഗിീംഹലറഴല) എന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ശാസ്ത്രത്തെ നിര്‍വചിക്കുന്നത്. ''വസ്തുതകളെക്കുറിച്ചുള്ള അറിവ് മാത്രമല്ല, അവയുടെ ബന്ധങ്ങളെപറ്റിയുള്ള അറിവാണ് ശാസ്ത്രം'' എന്നാണ് ഹെന്റി പൊയ്‌നര്‍ പറഞ്ഞത്.

നിരീക്ഷണം, കാര്യകാരണവിചാരം എന്നിവയിലൂടെയായിരിക്കണം ഒരു സിദ്ധാന്തത്തില്‍ എത്തിച്ചേരേണ്ടത്. അതില്‍ ഊഹത്തിന് സ്ഥാനമില്ല. നിരീക്ഷണത്തിലൂടെ ലഭിച്ച അറിവ് ശരിയാണോ എന്നറിയാന്‍ അത് പരീക്ഷിച്ചുനോക്കണം. പരീക്ഷണത്തില്‍ തെറ്റെന്ന് തെളിഞ്ഞാല്‍ അത് ശാസ്ത്രീയമല്ല. ഇങ്ങനെ തെളിയിക്കപ്പെട്ട ഒരു ശാസ്ത്രമല്ല ഫലജ്യോതിഷം. ഒരു ജാതകംനോക്കി പല ജ്യോതിഷികളും പലവിധത്തില്‍ ഫലം പറയാനുള്ള കാരണം ഇതുതന്നെ. ഈ വൈരുധ്യം വിശദീകരിക്കാനാവാതെ പണ്ഡിറ്റ് ലക്ഷ്മീദാസ് പറയുന്നത് കാണുക: 

''ഒരു ജാതംനോക്കി ഓരോജ്യോത്സ്യന്മാര്‍ ഓരോവിധം ഫലം പറയുന്നത് കാണാം. ഓരോരുത്തരും താന്‍ പറയുന്നതാണ് ശരിയെന്ന് ശഠിക്കുന്നു. പക്ഷേ, ഒന്നുണ്ട്. ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ജാതകത്തിന്റെ കാര്യത്തില്‍ മാത്രമല്ല'' (നിങ്ങളുടെ ജ്യോതിഷം, പേജ്: 4).

അന്യരുടെ ജാതകം നോക്കി ഭാവികാര്യങ്ങള്‍ പ്രവചിക്കുകയും ജ്യോതിഷസംബന്ധിയായ ഗ്രന്ഥങ്ങള്‍ രചിക്കുകയുമൊക്കെ ചെയ്യുന്ന ജ്യോതിഷികള്‍ക്കുപോലും തങ്ങളുടെ ഭാവി പ്രവചിക്കുവാനും അറിയാനും കഴിയില്ല എന്നതില്‍നിന്നുതന്നെ ജ്യോതിഷത്തിന്റെ നിരര്‍ഥകത ബോധ്യമാണ്. ''എന്റെ പ്രവര്‍ത്തനം അധികവും ജ്യോതിഷത്തിലാണ്. ഇതുകൊണ്ട് എനിക്ക് ധനശക്തിയും പ്രഭുശക്തിയും ഉണ്ടായിട്ടില്ലെങ്കിലും ഉത്‌സാഹശക്തി വളരെ വര്‍ധിച്ചിട്ടുണ്ട്'' എന്ന് പ്രസ്താവിക്കുന്ന ഒരു ജ്യോതിഷ പണ്ഡിതന്‍ എഴുതുന്നത് കാണുക:

''കുറെ നാളുകളായി ജ്യോതിഷഗ്രന്ഥങ്ങള്‍ പലതും ഞാന്‍ വ്യാഖ്യാനിക്കുന്നുണ്ട്. വ്യാഖ്യാനിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിലത് വ്യാഖ്യാനിച്ചുവെച്ചിട്ടുമുണ്ട്. ഇനി ചിലതെല്ലാംകൂടി പ്രസിദ്ധീകരിക്കണമെന്ന് ഉദ്ദേശവുമുണ്ട്. പക്ഷേ, ഇന്നത്തെ കാലസ്ഥിതിയും എന്റെ മറ്റു പരിതഃസ്ഥിതികളും ഒന്നും അതിനനുകൂലമല്ലാതെയാണ് വരുന്നത്. സ്ഥായിയായ ചില രോഗങ്ങളുള്ളതും ഇപ്പോള്‍ ക്രമാതീതമായി ഉപദ്രവിച്ചുതുടങ്ങിയിട്ടുണ്ട്. എങ്കിലും ഈശ്വരകാരുണ്യം കൊണ്ട് പരിതഃസ്ഥിതികള്‍ കുറെയൊക്കെയെങ്കിലും അനുകൂലമായിവരുന്നപക്ഷം അവയെല്ലാം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. നിര്‍മത്സരശീലന്മാരും എന്നോടനുഭാവമുള്ളവരുമായ സഹൃദയന്മാര്‍ അതിനുവേണ്ടി എന്നെ സഹായിക്കുമെന്ന് ഞാന്‍ പരിപൂര്‍ണമായി വിശ്വസിക്കുന്നു'' (ജാതകാഭരണം, പാണ്ടനാട്ടില്‍ വി.ആര്‍. ഗോപാലവാരിയര്‍, പേജ്: 7).

ഒരു വലിയ ജ്യോതിഷപണ്ഡിതന്റെ വാക്കുകളാണിത്. തന്റെ ചില കാര്യങ്ങളെക്കുറിച്ച് യാതൊരു തീര്‍ച്ചയും അദ്ദേഹത്തിനില്ല. പരിതഃസ്ഥിതികള്‍ അനുകൂലമായിത്തീരുമോ? പ്രസിദ്ധീകരിക്കണമെന്ന് ഉദ്ദേശിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിനറിയില്ല! മറ്റൊരാള്‍, ഞാനൊരു ഗ്രന്ഥം രചിച്ച് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു, അത് നടക്കുമോ, എന്റെ നാള്‍ ഇന്നതാണ് എന്ന് പറഞ്ഞാല്‍ മിനുട്ടുകള്‍ക്കകം അതിന് തീര്‍പ്പുപറയാന്‍ കഴിയുന്ന വ്യക്തിക്ക് തന്റെ കാര്യത്തില്‍ എന്തുകൊണ്ട് അതിന് സാധ്യമല്ല? മറ്റൊരു ജ്യോതിഷിയുടെ വാക്കുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കുക:

''നാം ജനിക്കുമ്പോള്‍  മുതല്‍ നമുക്കുണ്ടാകുന്ന ശുഭാശുഭ ഫലങ്ങളെ ജനന സമയത്തെ ഗ്രഹസ്ഥിതി അഭിവ്യഞ്ജിപ്പിക്കുന്നു. നാം എങ്ങനെ പ്രവര്‍ത്തിക്കും, നമ്മുടെ സ്വഭാവം എങ്ങനെയായിരിക്കും, നമുക്കുള്ള വിദ്യ, ബുദ്ധിഗുണങ്ങള്‍, സമ്പത്ത്, ഗൃഹസുഖം, സ്വഭാവം മുതലായവ എല്ലാം ജാതകംകൊണ്ട് മുന്‍കൂട്ടി നിര്‍ണയിക്കാം. ഏത് പ്രവൃത്തികളില്‍ നാം വിജയിക്കുമെന്നും ജനിച്ചിടത്തുതന്നെ താമസിക്കുമോ അഥവാ അന്യദേശത്ത് വസിക്കാന്‍ ഇടവരുമോ എന്നും സാമ്പത്തികമായ വൃദ്ധിക്ഷയങ്ങള്‍ ഭവിക്കുമോ, എങ്കില്‍ അത് ഏത് കാലത്തായിരിക്കുമെന്നും തുടങ്ങി നമ്മുടെ ജീവിതത്തെ ആസകലം സ്പര്‍ശിക്കുന്ന കാര്യങ്ങള്‍ ജാതകംകൊണ്ട് നിര്‍ണയിക്കാം.

അതുപോലെ ഗ്രഹപ്പിഴാകാലങ്ങളില്‍ ഉണ്ടാകാവുന്ന ആപത്തുകളെ മുന്‍കൂട്ടി അറിഞ്ഞ് കരുതലോടെ കഴിയാനും പ്രവര്‍ത്തനരംഗങ്ങളില്‍ വന്നുചേരാവുന്ന പ്രയാസങ്ങളെ മനസ്സിലാക്കി കാലാനുസൃതം പെരുമാറാനും നമുക്ക് അതുകൊണ്ട് സാധ്യമാകും. എപ്പോഴും ഒരു ജ്യോത്‌സ്യനെ സമീപിക്കാതെതന്നെ നമുക്ക് സ്വയം ഭാവികാര്യങ്ങളെ കണ്ടെത്തന്‍ കഴിയുന്നത് നന്നായിരിക്കും. നമുക്ക് ഒരു കുട്ടി ജനിച്ചാല്‍ അതിനെ എങ്ങനെ വളര്‍ത്തണം, ഏത് വിദ്യാരംഗത്ത് വിട്ടാല്‍ ഉന്നതി പ്രാപിക്കും, അതിന് രോഗാദി വിപത്തുകള്‍ എപ്പോഴൊക്കെയുണ്ടാകും മുതലായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗ്രഹിക്കാന്‍ കഴിയും; അല്‍പം പരിശ്രമിച്ചാല്‍'' (ജ്യോതിഷം പഠനവും പ്രയോഗവും, പി.വി. സുകുമാരന്‍ ശാസ്ത്രി, പേജ്: 9,10).

ജ്യോതിഷം അവരുടെ വീക്ഷണത്തില്‍ 

സ്റ്റീഫന്‍ ഹോക്കിങും ജ്യോതിഷവും

ഐന്‍സ്‌റ്റൈനുശേഷം ലോകംകണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന- ഇന്ന് ജീവിച്ചിരിക്കുന്ന- സ്റ്റീഫന്‍ ഹോക്കിങ് പറയുന്നു:  

''മനുഷ്യവര്‍ഗത്തിന് എല്ലായ്‌പ്പോഴും ഭാവിയെ നിയന്ത്രിക്കണമെന്നുണ്ടായിരുന്നു. അല്ലെങ്കില്‍, എന്ത് നടക്കുമെന്ന് പ്രവചിക്കാനുള്ള കഴിവെങ്കിലും വേണമെന്നുണ്ടായിരുന്നു. അതിനാലാണ് ജ്യോതിഷം ഇത്ര ജനപ്രീതിയാര്‍ജിച്ചത്. ജ്യോതിഷം അവകാശപ്പെടുന്നത് ഭൂമിയിലെ സംഭവങ്ങള്‍ ആകാശത്തിന് കുറുകെയുള്ള ഗ്രഹങ്ങളുടെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് ശാസ്ത്രീയമായി തന്നെ പരീക്ഷിക്കാവുന്ന ഒരു പരികല്‍പനയാണ്. ജ്യോതിഷക്കാര്‍ അവരുടെ തല പുറത്തുകാട്ടി നിശ്ചിതമായ പ്രവചനങ്ങള്‍ നടത്തി, അവ പരീക്ഷിച്ചറിയാന്‍ നമുക്ക് കഴിഞ്ഞാല്‍ മാത്രം. എങ്ങനെയായാലും, ബുദ്ധിപരമായിത്തന്നെ അവര്‍ പ്രവചനങ്ങള്‍ വളരെ അവ്യക്തമായി അവതരിപ്പിക്കുന്നു. അതിനാല്‍ എന്തുതരം ഫലമുണ്ടായാലും അത് ബാധകമായിരിക്കുകയും ചെയ്യും. 'സ്വകാര്യബന്ധങ്ങള്‍ തീവ്രമാകാനിടയുണ്ട്,' 'സാമ്പത്തികമായി വളരെ പ്രയോജനകരമാകാവുന്ന ഒരു അവസരം നിങ്ങള്‍ക്കുണ്ടാകും' എന്നൊക്കെയുള്ള പ്രസ്താവനകള്‍ തെറ്റിയെന്ന് ഒരിക്കലും തെളിയിക്കാനാവില്ല.

ഏതാണ്ടെല്ലാ ശാസ്ത്രജ്ഞരും ജ്യോതിഷത്തില്‍ വിശ്വസിക്കാത്തതിനുകാരണം അതിന് ശാസ്ത്രീയമായ തെളിവില്ലാത്തതുകൊണ്ട് മാത്രമല്ല, മറിച്ച് പരീക്ഷണങ്ങളില്‍ തെളിയിക്കാവുന്ന മറ്റു സിദ്ധാന്തങ്ങളുമായി അത് ഒത്തുപോകാത്തത് കൊണ്ടുമാണ്. ഗ്രഹങ്ങള്‍ ഭൂമിയെ അല്ല സൂര്യനെയാണ് വലംവയ്ക്കുന്നതെന്ന് കോപ്പര്‍നിക്കസും ഗലീലിയോയും കണ്ടുപിടിച്ചപ്പോഴും ന്യൂട്ടന്‍ അവയുടെ ചലനത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ അവതരിപ്പിച്ചപ്പോഴും ജ്യോതിഷം അങ്ങേയറ്റം അവിശ്വസനീയമായിത്തീര്‍ന്നു. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ദൃശ്യമാകുന്ന ആകാശത്തിന്റെ പശ്ചാത്തലത്തില്‍ കാണപ്പെടുന്ന ഗ്രഹങ്ങളുടെ സ്ഥാനവും ഒരു ചെറുഗ്രഹത്തില്‍ വസിക്കുന്ന ബുദ്ധിയുള്ള ജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചെറുതന്മാത്രകളുമായി എന്തുകാരണം കൊണ്ടാണ് ഏതെങ്കിലും തരത്തിലുള്ള ഒരു പരസ്പരബന്ധം ഉണ്ടാകുക? എന്നാലും ഇതാണ് ജ്യോതിഷം നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്'' (പ്രപഞ്ചം ചുരുങ്ങിയ വാക്കുകളില്‍, സ്റ്റീഫന്‍ ഹോക്കിങ്, വിവ.എ.രാജഗോപാല്‍ കമ്മത്ത്, പേജ്: 89-90).

സ്വാമി ദയാനന്ദ സരസ്വതി

മഹര്‍ഷി ദയാനന്ദ സരസ്വതി ജ്യോതിഷത്തെ സംബന്ധിച്ച് എഴുതിയത് കാണുക:

''ചോദ്യം: രാജാക്കന്മാരും പ്രജകളും അടങ്ങിയ ഈ ലോകത്തില്‍ ചിലര്‍ സുഖമുള്ളവരായും മറ്റുചിലര്‍ ദുഃഖമനുഭവിക്കുന്നവരായും കാണപ്പെടുന്നു. അതെല്ലാം ഗ്രഹസ്ഥിതിയുടെ ഫലമല്ലേ?

ഉത്തരം: അതെല്ലാം പുണ്യപാപങ്ങളുടെ ഫലമാണ്.

ചോദ്യം: ജ്യോതിശാസ്ത്രം കേവലം കളവാണോ? 

ഉത്തരം: അല്ല, ആ ശാസ്ത്രത്തിലടങ്ങിയ അങ്കഗണിതം, രേഖാഗണിതം, ബീജഗണിതം മുതലായ ഗണിതഭാഗങ്ങളെല്ലാം ശരിയായിട്ടുള്ളതാണ്. ഫലഭാഗം മുഴുവനും ശുദ്ധമേ വ്യാജമാണ്'' (മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ സത്യാര്‍ഥ പ്രകാശം, മലയാളപരിഭാഷ, നരേന്ദ്രഭൂഷണ്‍, പേജ് 62,63).

ചോദ്യം: ജാതകം തീരെ നിഷ്ഫലമാണോ?

ഉത്തരം: അതെ; അതിന് ജാതകമെന്നല്ല ശോകദം എന്നാണ് പറയേണ്ടത്. സന്താനം ഉണ്ടാകുമ്പോള്‍ സകലര്‍ക്കും ആനന്ദം ഉണ്ടാകാറുണ്ട്. എന്നാല്‍ ആ ആനന്ദം സന്താനത്തിന്റെ ജാതകം എഴുതി ഗ്രഹഫലം പറഞ്ഞുകേള്‍ക്കുന്നതുവരെ മാത്രമെ നിലനില്‍ക്കുന്നുള്ളൂ. ജാതകം എഴുതിക്കേണ്ടതാണെന്ന് ജ്യോത്സ്യന്‍ പറയുമ്പോള്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ജ്യോത്സ്യനോട് ''വളരെ വിശേഷപ്പെട്ട ജാതകമായിരിക്കണം'' എന്ന് പറയുന്നു. പറഞ്ഞേല്‍പിച്ചത് ധനികനാണെങ്കില്‍ ചുകപ്പും മഞ്ഞയും വരകള്‍ കൊണ്ടും ചിത്രങ്ങള്‍കൊണ്ടും മോടിപിടിപ്പിച്ചും, ദരിദ്രനാണെങ്കില്‍ സാധാരണ സമ്പ്രദായത്തിലും ഒരു ജാതകം എഴുതിയുണ്ടാക്കിക്കൊണ്ടുവരും. അപ്പോള്‍ കുട്ടിയുടെ മാതാപിതാക്കന്മാര്‍ ജ്യോത്സ്യന്റെ മുമ്പില്‍ ഇരുന്ന് ചോദിക്കുന്നു: ''ഇവന്റെ ജാതകം നല്ലതുതന്നെയല്ലേ?'' ജ്യോത്സ്യന്‍ പറയുന്നു: ''ഉള്ളത് മുഴുവന്‍ പറഞ്ഞുകേള്‍പ്പിച്ചേക്കാം. കുഞ്ഞിന്റെ ജന്മഗ്രഹവും മിത്രഗ്രഹവും ശുഭങ്ങളാകുന്നു. അതിന്റെ ഫലമായി കുട്ടി വലിയ ധനികനും കീര്‍ത്തിമാനും ആയിത്തീരും. ഏതു സഭയില്‍ ചെന്നാലും ഇവന്റെ തേജസ്സ് മറ്റുള്ളവരുടേതിനെക്കാള്‍ മികച്ചുനില്‍ക്കും. നല്ല ആരോഗ്യമുള്ളവനും രാജാക്കന്മാര്‍കൂടി ബഹുമാനിക്കുന്നവനും ആയിത്തീരും.'' ഈ വാക്കുകള്‍ കേട്ട് കുട്ടിയുടെ അച്ഛനമ്മമാര്‍ പറയും:''കൊള്ളാം അങ്ങ് നല്ല ജ്യോത്സ്യരാണ്.'' എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ കാര്യം സാധിക്കുകയില്ലെന്ന് ജ്യോത്സ്യനറിയാം. അതുകൊണ്ട് ജ്യോത്സ്യന്‍ പിന്നെയും പറയുന്നു: ''ഈ പറഞ്ഞ ഗ്രഹങ്ങളെല്ലാം വളരെ അനുകൂലങ്ങള്‍ തന്നെ. എന്നാല്‍ ഈ ശുഭഗ്രഹങ്ങള്‍ വേറെ ചില ക്രൂരഗ്രഹങ്ങളോട് കൂടിച്ചേര്‍ന്നാണിരിക്കുന്നത്. അത് നിമിത്തം ഈ കുട്ടിക്ക് എട്ടാമത്തെ വയസ്സില്‍ മൃത്യുയോഗം കാണുന്നു.'' ഇത് കേള്‍ക്കുമ്പോഴേക്കും അച്ഛനമ്മമാര്‍ പുത്രനുണ്ടായ ആനന്ദമെല്ലാം ത്യജിച്ച് ദുഃഖിതരായി ജ്യോത്സ്യനോട് പറയുന്നു:''ജ്യോത്സ്യരേ! ഞങ്ങള്‍ എന്ത് ചെയ്യണം?'' ജ്യോത്സ്യന്‍ ഉടനെ പറയും:''അതിന് പരിഹാരം ചെയ്യണം.'' പരിഹാരമാര്‍ഗം എന്താണെന്ന് ഗൃഹസ്ഥന്‍ ചോദിക്കുമ്പോള്‍ ജ്യോത്സ്യന്‍ വീണ്ടും പറയും: ''ദാനങ്ങള്‍ കൊടുക്കണം. ഗ്രഹശാന്തിക്കുള്ള മന്ത്രങ്ങള്‍ ജപിക്കണം. ദിവസംതോറും ബ്രാഹ്മണരെ കാല്‍കഴുകിച്ചൂട്ടണം. എങ്കില്‍ ഗ്രഹപ്പിഴ തീരുമെന്നാണ് അനുമാനിക്കേണ്ടത്.'' ജ്യോത്സ്യന്‍ ഇവിടെ അനുമാനമെന്ന് പറഞ്ഞത് വളരെ മുന്‍കരുതലോടുകൂടിയാണ്. ഒരുപക്ഷേ, കുട്ടി മരിച്ചുപോകുന്നതായാല്‍ അയാള്‍ പറയും: ''ഞങ്ങള്‍ എന്ത് ചെയ്യും? ഈശ്വരനുപരി ആരുമില്ല. ഞങ്ങള്‍ വളരെ പ്രയത്‌നിച്ചു. നിങ്ങളും പലതും ചെയ്യിച്ചു. പക്ഷേ, അവന്റെ കര്‍മഫലം അങ്ങനെയാണ്.'' കുട്ടി ജീവിച്ചെങ്കില്‍ അപ്പോഴും അയാള്‍ക്ക് പറയാം: ''നോക്കുക! ഞങ്ങളുടെ മന്ത്രങ്ങളുടെയും ഞങ്ങള്‍ ഉപവസിക്കുന്ന ദേവതമാരുടെയും ബ്രാഹ്മണരുടെയും ശക്തി എത്ര വലുതാണ്! നിങ്ങളുടെ കുട്ടിയെ രക്ഷിച്ച് തന്നില്ലേ!'' വാസ്തവത്തില്‍ ജപംകൊണ്ട് ഫലമൊന്നുമുണ്ടായില്ലെങ്കില്‍ ആ ധൂര്‍ത്തന്മാരുടെ കയ്യില്‍നിന്ന് അവര്‍ക്ക് കൊടുത്തതില്‍ രണ്ടോ മൂന്നോ ഇരട്ടി പണം മടക്കി വാങ്ങേണ്ടതാണ്. കുട്ടി ജീവിച്ചിരിക്കുന്നതായാലും അങ്ങനെ മടക്കിമേടിക്കുക തന്നെയാണ് വേണ്ടത്. എന്തെന്നാല്‍, അത് അവന്റെ കര്‍മഫലമാണ്. ''ഈശ്വരന്റെ നിയമത്തെ ലംഘിക്കുവാന്‍ ആര്‍ക്കും ശക്തിയില്ല'' എന്ന് ജ്യോത്സ്യന്‍ പറയുന്നതുപോലെ ''അവന്റെ കര്‍മഫലവും ഈശ്വരന്റെ നിയമവുമാണ്. അവനെ രക്ഷിച്ചത് നിങ്ങളുടെ പ്രവൃത്തിയല്ല'' എന്ന് ഗൃഹനാഥന് അയാളോട് പറയാം. ദാനങ്ങളും മറ്റു കര്‍മങ്ങളും അനുഷ്ഠിപ്പിച്ച് പ്രതിഫലം വാങ്ങിയിട്ടുള്ള ഗുരു മുതലായവരോടും ജ്യോത്സ്യനോട് പറഞ്ഞതുപോലെതന്നെ പറയേണ്ടതാണ്'' (സത്യാര്‍ഥപ്രകാശം, പേജ് 63,64).

സ്വാമി വിവേകാനന്ദനും ജ്യോതിഷവും

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ''ഒരു നക്ഷത്രത്തിന് താറുമാറാക്കാവുന്നതാണ് എന്റെ ജീവിതമെങ്കില്‍ അതൊരു കാശിന് വിലപിടിപ്പുള്ളതല്ല. ജ്യോതിഷവും അതുപോലുള്ള ഗൂഢവിദ്യകളും പ്രായേണ ദുര്‍ബലമനസ്സിന്റെ ചിഹ്‌നങ്ങളാണെന്ന് നിങ്ങള്‍ക്കറിയാനാകും. അതിനാലവ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയാല്‍ ഉടന്‍ ഒരു വൈദ്യനെ കാണുകയും നല്ല ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്'' (വിവേകാന്ദ സാഹിത്യസര്‍വസ്വം. വാള്യം. 4 പേജ്. 86).

ഇസ്‌ലാമിനെ ആക്ഷേപിച്ചുകൊണ്ട് വിവേകാനന്ദന്‍ എഴുതിയിട്ടുണ്ടെന്നും എന്നാല്‍ അതു വായിച്ച് അദ്ദേഹം ഇസ്‌ലാമിനെ കഠിനമായി വെറുത്തിരുന്നു എന്ന് പറയാന്‍ പറ്റില്ലായെന്നും അതുപോലെയാണ് ജ്യോതിഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആക്ഷേപത്തെ കാണേണ്ടത് എന്നും അദ്ദേഹം ജ്യോതിഷത്തിന്റെ ശാസ്ത്രീയതയെ എതിര്‍ത്തിരുന്നില്ല എന്നും ജ്യോതിഷാനുകൂലികള്‍ പറയാറുണ്ട്. ഗൂഢവിദ്യയും ദുര്‍ബലമനസ്സിന്റെ ചിഹ്‌നവും എന്നു വിശേഷിപ്പിച്ചതിലൂടെ ജ്യോതിഷത്തെ മൊത്തം അശാസ്ത്രീയമെന്ന് പ്രഖ്യാപിക്കുകയല്ലേ വാസ്തവത്തില്‍ സ്വാമി വിവേകാനന്ദന്‍ ചെയ്യുന്നത്?

എന്നാല്‍ എല്ലാ മതക്കാര്‍ക്കിടയിലും കണ്ട നന്മകള്‍ അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്. പോരായ്മകളെ ആക്ഷേപിച്ചിട്ടുമുണ്ട്. സ്വാമി വിവേകാനന്ദന്‍ എഴുതുന്നത് കാണുക:

''മുഹമ്മദ് സ്വജീവിതത്തിലൂടെ, മുഹമ്മദീയര്‍ക്ക് തമ്മില്‍ സമ്പൂര്‍ണമായ സമത്വവും സാഹോദര്യവും ഉണ്ടായിരിക്കണമെന്ന് കാണിച്ചുകൊടുത്തു. ജാതി-മത-വര്‍ഗ-വര്‍ണ-ലിംഗ വ്യത്യാസങ്ങളുടെ പ്രശ്‌നമേ അവിടെയില്ല. തുര്‍ക്കി സുല്‍ത്താന്‍ ആഫ്രിക്കന്‍ ചന്തയില്‍നിന്ന് ഒരു കാപ്പിരിയെ വിലയ്ക്ക് വാങ്ങി ചങ്ങലയില്‍ തളച്ച് തുര്‍ക്കിയില്‍ കൊണ്ടുവന്നുവെന്നിരിക്കട്ടെ: എന്നാല്‍ അയാളൊരു മുഹമ്മദീയനായാല്‍, വേണ്ടത്ര അര്‍ഹതയും കഴിവുമുണ്ടെങ്കില്‍, അയാളൊരുപക്ഷേ, സുല്‍ത്താന്റെ പുത്രിയെ വിവാഹം ചെയ്‌തെന്നും വരാം. ഈ നാട്ടില്‍ കാപ്പിരികളോടും അമേരിക്കന്‍- ഇന്ത്യരോടും പെരുമാറുന്ന രീതിയുമായി അതൊന്ന് തട്ടിച്ചുനോക്കുക. ഇനി ഹിന്ദുക്കളെന്താണ് ചെയ്യുന്നത്? നിങ്ങളുടെ പാതിരിമാരാരെങ്കിലും ഒരു സനാതന ഹിന്ദുവിന്റെ ആഹാരപദാര്‍ഥം ഒന്ന് തൊട്ടുപോയാല്‍ അയാളതെല്ലാം വലിച്ചെറിയും. ഞങ്ങളുടെ ഉത്കൃഷ്ടമായ തത്ത്വചിന്തയെല്ലാം ഉണ്ടായിട്ടും, കാര്യത്തോടടുക്കുമ്പോള്‍ ഞങ്ങളുടെ കഴിവുകേട് നിങ്ങള്‍ക്ക് കാണാം. മറ്റു വര്‍ഗക്കാരെ അപേക്ഷിച്ച് മുഹമ്മദീയന്റെ മഹത്ത്വം നിങ്ങള്‍ക്ക് അക്കാര്യത്തില്‍ കാണാം- സമത്വത്തില്‍കൂടി അത് പ്രകടമാകുന്നു- വര്‍ഗവര്‍ണ വ്യത്യാസമില്ലാത്ത പരിപൂര്‍ണ സമത്വം'' (വിവേകാനന്ദ സാഹിത്യസര്‍വസ്വം. ഏഴാം ഭാഗം, പേജ്: 59).