മതേതര ആശകളും ആശങ്കകളും കര്‍'നാടക'ത്തിനു ശേഷം

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ജൂണ്‍ 02 1439 റമദാന്‍ 17
മതേതര പ്രസ്ഥാനങ്ങള്‍ ഇനിയും പ്രായോഗിക രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന ഭീതിജനകമായ സാഹചര്യങ്ങളെയാണ് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലവും അനന്തര സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതക്കും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും വില കല്‍പിക്കുന്ന തരത്തില്‍ അജണ്ടകള്‍ പണിയാന്‍രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാഠമായി മാറണം ഈ തിരഞ്ഞെടുപ്പ്.

മതേതര പ്രസ്ഥാനങ്ങള്‍ ഇനിയും പ്രായോഗിക രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന ഭീതിജനകമായ സാഹചര്യങ്ങളെയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലവും അനന്തര സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത്.  'സുശക്ത രാഷ്ട്രം സുരക്ഷിത സമൂഹം' എന്ന പേരില്‍ കോഴിക്കോട് നടന്ന ദേശീയ സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധം പ്രധാനമായും ഫാസിസ്റ്റുകളെ തുരത്തുന്നതിനു മതേതര പ്രസ്ഥാനങ്ങള്‍ ഒരു മുന്നണി സംവിധാനമായോ അല്ലാതെയോ പരസ്പരം സഹകരിച്ചു മുന്നോട്ട് പോവേണ്ട കാലികമായ അനിവാര്യത വിളിച്ചോതുന്നതായിരുന്നു.  സെമിനാറില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രമുഖര്‍ ഈ അനിവാര്യതയെ അംഗീകരിച്ച് അടിവരയിട്ട് സംസാരിക്കുകയുണ്ടായി.  ഫാസിസ്റ്റുകളെ തുരത്തുന്നതിനും മതേതരത്വത്തെ സംരക്ഷിക്കുന്നതിനുമായി സി.പി.എം ദുര്‍ബലമായ സ്ഥലങ്ങളില്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്നതിന് തങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലെന്ന സി.പി.എം നേതാവ് പി. മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന ഹൃദ്യമായാണ് സദസ്സ് ഏറ്റെടുത്തത്. ഇന്ത്യയുടെ മനസ്സും ഭരണഘടനയുടെ അകക്കാമ്പും രാജ്യത്തിന്റെ ഇതഃപര്യന്തമുള്ള പാരമ്പര്യവും തിരിച്ചറിഞ്ഞുകൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാവണമെങ്കില്‍ മതേതര പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിക്കുകയും ഫാസിസ്റ്റ് ചിന്തകള്‍ ഒരു ഇന്ത്യക്കാരന്റെയും മനസ്സില്‍ വേരുപിടിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും വേണ്ടതുണ്ട്.  

നമ്മുടെ രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തിയൊന്ന് സംവത്സരങ്ങള്‍ പിന്നിടുകയാണ്. അധിനിവേശ ശക്തികളും സാമ്രാജ്യത്വ ഭീകരരും അടക്കിവാണിരുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യം ഓരോ പൗരന്റെയും സ്വപ്‌നമായിരുന്നു. സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടി ജീവിതം ഹോമിച്ച ത്യാഗിവര്യന്മാരായ രാഷ്ട്രശില്‍പികള്‍ സ്വതന്ത്രവും സുശക്തവും സുരക്ഷിതവുമായ ഒരു രാഷ്ട്രത്തെയായിരുന്നു മനസ്സില്‍ സ്വരൂപിച്ചിരുന്നത്. വൈദേശിക ഭരണത്തെ അവസാനിപ്പിക്കുക എന്നതിലുപരി നീതിയിലധിഷ്ഠിതമായ നിയമവാഴ്ചയിലൂടെ സര്‍വര്‍ക്കും തുല്യമായ അവകാശവും അധികാരവും ഉറപ്പാക്കുകയും ജനാധിപത്യപ്രക്രിയയകളെ സജീവമാക്കി രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അവരെ ഭാഗഭാക്കാക്കുകയും ചെയ്തുകൊണ്ട് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവുന്ന ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യമായിരുന്നു രാഷ്ട്രശില്‍പികളെ മുന്നോട്ട് നയിച്ചിരുന്നത്. 

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചാല്‍ താന്‍ ആഗ്രഹിക്കുന്നത് ഖലീഫ ഉമറിന്റെ ഭരണമാണെന്ന മഹാത്മജിയുടെ വാക്കുകള്‍ ഒരു രാജ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും കാഴ്ചപ്പാടും വ്യക്തമാക്കുന്നു. ലാളിത്യം, സത്യസന്ധത, നീതിബോധം തുടങ്ങി ഒരു രാഷ്ട്രത്തലവനുണ്ടായിരിക്കേണ്ട വ്യക്തിഗുണങ്ങള്‍ എങ്ങനെയായിരിക്കണമെന്നും സുശക്തവും സുരക്ഷിതവുമായ ഒരു രാജ്യം എപ്രകാരമായിരിക്കണമെന്ന സുചിന്തിതമായ അഭിപ്രായവും അദ്ദേഹത്തിന്റെ ആ പ്രസ്താവനയില്‍ വ്യക്തമാണ്. രാഷ്ട്രത്തിലെ ഒരു പൗരന്‍ പോലും അനീതിയുടെയോ അക്രമത്തിന്റെയോ ഇരയാവുകയോ രാഷ്ട്രം പൗരന്റെ സ്വാതന്ത്ര്യത്തിനോ അഭിപ്രായങ്ങള്‍ക്കോ കൂച്ചുവിലങ്ങിടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ലെന്ന ഉറച്ച അഭിപ്രായം രാഷ്ട്രപിതാവടക്കമുള്ള നമുക്ക് രാജ്യം നേടിത്തന്ന നേതാക്കള്‍ക്കുണ്ടായിരുന്നു. രാഷ്ട്രം രൂപീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ അവകാശവും അഭിപ്രായസ്വാതന്ത്ര്യവും നല്‍കുന്ന ശക്തമായ ഒരു ഭരണഘടന ആവശ്യമാണെന്ന ദീര്‍ഘവീക്ഷണം അവര്‍ മുമ്പോട്ട് വെച്ചു. രാജ്യം സ്വതന്ത്രമാവുന്നത് 1947 ആഗസ്റ്റിലാണെങ്കിലും 1946ല്‍ തന്നെ ഭരണഘടനയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്നത് ഈ വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്നു. മാത്രവുമല്ല രാഷ്ട്രത്തിന്റെ അടിസ്ഥാനസ്വഭാവത്തെയോ രാജ്യത്തു ജീവിക്കുന്ന പരസഹസ്രം സമുദായങ്ങളുടെ വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും പരിഗണിച്ചുകൊണ്ട് തികച്ചും വിശാലമായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയാണ് ഇന്ത്യക്ക് ആവശ്യമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നതുകൊണ്ടാണ് ഭരണഘടന പൂര്‍ണമായും തയ്യാറാക്കി അവതരിപ്പിക്കാന്‍ ഏകദേശം മൂന്നു വര്‍ഷത്തോളം സമയമെടുക്കുകയും കോണ്‍സ്റ്റുവെന്റ് അസംബ്ലിയില്‍ അതിലെ ഓരോ പോയിന്റും വിശദമായ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്തത്. 

ബി.ആര്‍ അംബേദ്കര്‍ ചെയര്‍മാനായിരുന്ന ഭരണഘടന നിര്‍മാണ സമിതിയില്‍ മുന്‍ ആസാം മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന മുഹമ്മദ് സഅദുല്ലയും അംഗമായിരുന്നുവെന്നത് ഭരണഘടന നിര്‍മാണത്തില്‍ പോലും രാജ്യത്തെ വിവിധ മത സമുദായങ്ങളെ പരിഗണിച്ചിരുന്നുവെന്നതിനുള്ള തെളിവാണ്. 'സകല ലോകങ്ങളെക്കാളും സുന്ദരമാണെന്റെ ഇന്ത്യ, നാം ആ പൂവാടിയിലെ രാപ്പാടികള്‍ മാത്രം, വൈവിധ്യമാര്‍ന്ന വിശ്വാസങ്ങള്‍ വിദ്വേഷമല്ല പഠിപ്പിക്കുന്നത്; നാമെല്ലാം ഇന്ത്യക്കാര്‍; ഇന്ത്യ നമ്മുടെ മാതൃഭൂമി' എന്ന ആശയം പഠിപ്പിക്കുന്ന 'സാരേ ജഹാം സെ അച്ഛാ' എന്ന് തുടങ്ങുന്ന ഇഖ്ബാലിന്റെ സുപ്രസിദ്ധമായ വരികള്‍ രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും വിളിച്ചോതുന്നു. 

മത സംസ്‌കാര വൈവിധ്യങ്ങളെ നിരാകരിക്കാനോ അവയ്ക്ക് ഏകശിലാത്മകമായ നിയമങ്ങള്‍ ആവിഷ്‌കരിക്കാനോ ആയിരുന്നില്ല രാജ്യത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ രാഷ്ട്രശില്‍പികള്‍ ശ്രമിച്ചിരുന്നത്. വിവിധ വര്‍ണങ്ങളും വര്‍ഗങ്ങളും അധിവസിക്കുന്ന പൂങ്കാവനത്തിലെ വൈജാത്യങ്ങളെ അംഗീകരിച്ചും പരസ്പരം നുകര്‍ന്നും പുണര്‍ന്നും പരസ്പര സഹകരണത്തോടെ രാജ്യം ലക്ഷ്യമാക്കുന്ന സമാധാനവും സുരക്ഷിതത്വവും നേടിയെടുക്കുകയും അതേസമയം വര്‍ണങ്ങളും സുഗന്ധങ്ങളും വാരിവിതറുന്ന പൂവാടിയിലെ ഓരോ ചെടികളുടെയും അസ്തിത്വത്തിനു വളവും വെള്ളവും നല്‍കി അവയെ നിലനിര്‍ത്തുകയും ചെയ്യുകയെന്ന വലിയ ദൗത്യമാണ് അവര്‍ നിര്‍വഹിച്ചു വന്നിരുന്നത്. ഇന്ത്യ ലോകത്തിനു സമ്മാനിച്ച 'മതേതരത്വ'ത്തിനുള്ള വ്യാഖ്യാനം വളരെ മഹത്തരമായ ഒന്നാണ്. മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും കടയ്ക്ക് കത്തിവെക്കുകയല്ല; മറിച്ച് അവക്കെല്ലാം വികസിക്കുവാനും വളര്‍ന്നു പന്തലിക്കുവാനുമുള്ള അവസരം നല്‍കുകയെന്നതാണ് ഇന്ത്യ പഠിപ്പിച്ച മതേതരത്വം. ആവിഷ്‌കാരത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൗലികമായ അവകാശമായി ഇന്ത്യ കാണുന്നു. 

വളരെ ഉദാത്തമായ ചിന്തകളില്‍ നിന്നും ആവിഷ്‌കരിക്കപ്പെട്ട നമ്മുടെ ഭരണഘടനയില്‍ സുശക്തമായ ഒരു രാഷ്ട്രത്തിനു വേണ്ട എല്ലാ ഉപാധികളും നിബന്ധനകളും സമ്മേളിക്കുന്നുണ്ട്. അംബേദ്കര്‍ക്ക് പുറമെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുല്‍കലാം ആസാദും ഭരണഘടന എപ്രകാരമായിരിക്കണമെന്ന കാര്യത്തില്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചപ്പോള്‍ ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ബി. പോക്കര്‍ സാഹിബുമെല്ലാം കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഭേദഗതികള്‍ നിര്‍ദേശിച്ച് ശ്രദ്ധ നേടുകയും ചെയ്തു. 

അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന രചിച്ചപ്പോള്‍ മതങ്ങള്‍ക്ക് ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ തുല്യ സ്വാതന്ത്ര്യം എഴുതിവെക്കാന്‍ അദ്ദേഹം പ്രത്യകം ശ്രദ്ധിച്ചു. നെഹ്‌റുവും പട്ടേലും ആസാദും അടങ്ങുന്ന കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അത് അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും അവര്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും മതമൊന്നും വേണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് മതനിരാസത്തെ അംഗീകരിക്കാനും ദൈവവിശ്വാസികള്‍ക്ക് ദൈവ വിശ്വാസത്തെ പ്രചരിപ്പിക്കാനും നിരീശ്വരവാദികള്‍ക്ക് നിരീശ്വരത്വത്തെ പ്രബോധനം ചെയ്യാനും മതത്തിന്റെ മതില്‍കെട്ടുകളെ ഉള്‍കൊള്ളാന്‍ സാധിക്കാത്തവര്‍ക്ക് നിര്‍മതവാദത്തെ പ്രോത്സാഹിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുകയുണ്ടായി. ഭരണഘടനയുടെ പ്രീ ആമ്പിളില്‍ തന്നെ Sovereign Socialist Secular Democratic Republic എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം ഭാഗത്തിലെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങള്‍ മതസ്വാതന്ത്ര്യത്തെ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. 

ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും പ്രവര്‍ത്തിപ്പിക്കുവാനുമുള്ള അവകാശം, മതപരമായ പ്രവര്‍ത്തനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശം, ജംഗമസ്ഥാവര സ്വത്തുക്കള്‍ കൈവശം വെക്കുന്നതിനുള്ള അവകാശം, നിയമാനുസൃതം അത്തരം സ്വത്തുക്കള്‍ നോക്കി നടത്തുന്നതിനുള്ള അവകാശം എന്നിവ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന അനുവദിച്ചു. ഏതെങ്കിലുമൊരു മതത്തെ സാമ്പത്തികമായോ മറ്റോ സഹായിക്കാന്‍ സ്‌റ്റേറ്റിന് അനുമതിയില്ല എന്ന് ആര്‍ട്ടിക്കിള്‍ 27 വ്യക്തമാക്കുന്നു. മത വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മതപരമായ ആരാധനകള്‍ നടപ്പിലാക്കുന്നതിനും മതബോധനം നടത്തുന്നതിനും അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് 28. ആര്‍ട്ടിക്കിള്‍ 25 പ്രകാരം കൃപാണ്‍ (വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന വാള്‍) ധരിക്കുന്നത് പോലും മതവിശ്വാസത്തിന്റെ ഭാഗമായി സിക്ക് മതക്കാര്‍ക്ക് ഭരണഘടനാ അനുവദിക്കുന്നുണ്ട്.

ഇത്രയും വൈവിധ്യപൂര്‍ണവും സുശക്തവുമായ ഭരണഘടനയുള്ള നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയെ നശിപ്പിക്കാനും വിവിധ സംസ്‌കാരങ്ങള്‍ക്കു മേല്‍ കടന്നുകയറ്റം നടത്തി അവയുടെ അസ്തിത്വത്തെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ പിറവിയോടെ തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെയും രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരു സംസ്‌കാരത്തിന്റെ ഭാഗമാക്കാനും ആത്മീയ ധാര്‍മിക ചിന്തകളെ ഹൈന്ദവ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ 1925ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ രൂപീകരണത്തോടെ ശക്തമായി. ഇന്ത്യന്‍ ജനത വളരെക്കാലമായി നെഞ്ചോട് ചേര്‍ത്തുവെച്ചിരുന്ന മാനവികവും ദേശീയവുമായ കാഴ്ചപ്പാടുകള്‍ക്ക് ആര്‍.എസ്.എസ് ഇന്റഗ്രല്‍ ഹ്യൂമാനിസം, കള്‍ച്ചറല്‍ നാഷണലിസം തുടങ്ങിയ പിന്തിരിപ്പന്‍ ആശയങ്ങളിലൂടെ പുനരാഖ്യാനം നടത്താന്‍ ശ്രമിക്കുകയുണ്ടായി. സനാതന തത്ത്വങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൊണ്ട് പാരസ്പര്യത്തിനും പരസ്പര ബഹുമാനത്തിനും വില നല്‍കിയിരുന്ന സമുദായമാണ് ഹിന്ദു സമുദായം. അവര്‍ മറ്റു മതങ്ങളോടും സംസ്‌കാരങ്ങളോടും നിഷേധാത്മകമായ നിലപാട് സ്വീകരിക്കണമെന്നും ഇന്ത്യന്‍ മണ്ണില്‍ നിന്നും ഇതര മതങ്ങളെ തുരത്താന്‍ യത്‌നിക്കണമെന്നും ആഹ്വാനം ചെയ്ത ഹിന്ദുത്വ തീവ്രവാദികള്‍ കുടുസ്സായ മാനവിക സങ്കല്‍പങ്ങളും കടുത്ത ദേശീയ കാഴ്ചപ്പാടുകളും ഇന്ത്യന്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇറ്റലിയില്‍ മുസ്സോളനി പരീക്ഷിച്ച അതേ പരീക്ഷണം; അഥവാ അമിത ദേശീയവാദത്തിലൂടെ വൈകാരികതക്ക് മൂര്‍ച്ചകൂട്ടി ബഹുമത സംസ്‌കാരങ്ങളെ ഇല്ലാതാക്കി ഫാസിസത്തെ നട്ടുവളര്‍ത്താനുള്ള ഗൂഢശ്രമമായിരുന്നു അത്. അതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രനേതാക്കള്‍ മുന്നിട്ടിറങ്ങി. ഹിന്ദുത്വ ദേശീയതയെ മുന്‍നിര്‍ത്തി രാജ്യത്തെ ഏകസംസ്‌കാരത്തിലേക്ക് നയിക്കണമെന്നു വാദിച്ച ഹിന്ദുത്വവാദികള്‍ രാജ്യത്തിന്റെ ബഹുസ്വരതയെയും ബഹുമത സംസ്‌കാരത്തെയും ധ്വനിപ്പിക്കുന്ന ത്രിവര്‍ണ പതാകയെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്ത്യന്‍ ഭരണഘടന മനുസ്മൃതിയില്‍ അധിഷ്ഠിതമല്ലെന്ന് ആരോപിച്ച് ഭരണഘടനയെയും അവര്‍ തള്ളിക്കളഞ്ഞു. ഒരു അര്‍ധസൈനിക കേഡര്‍ പാര്‍ട്ടിയായി രാജ്യത്തിന് സമാന്തരമായി അവര്‍ സഞ്ചരിച്ചു. മതേതരത്വത്തെ നെഞ്ചിലേറ്റി ഹിന്ദുത്വ തീവ്രതയെ നേരിട്ട രാഷ്ട്രനായകരെ ഒന്നൊന്നായി അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. സ്വാതന്ത്ര്യം നേടി ഒരു വര്‍ഷം പൂര്‍ത്തിയാവും മുമ്പ് തന്നെ നമ്മുടെ രാഷ്ട്രപിതാവിനെ അവര്‍ വെടിവെച്ചുകൊന്നു. 

സാംസ്‌കാരിക ദേശീയതയും (Cultural Nationalism) ഏകാത്മ മാനവദര്‍ശനവുമാണ്(Integral Humanism) ഹിന്ദുത്വവാദികള്‍ മുമ്പോട്ട് വെച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ സംസ്‌കാരത്തിലധിഷ്ഠിതമായ ദേശീയതയാണ് സാംസ്‌കാരിക ദേശീയതകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അത്തരമൊരു ദേശീയതയില്‍ നിന്നും ഉല്‍ഭൂതമാകുന്ന മാനവ ദര്‍ശനമാണ് ദീനദയാല്‍ ഉപാധ്യായ മുമ്പോട്ട് വെച്ച ഏകാത്മ മാനവദര്‍ശനം. ദേശീയതയും മാനവികതയും അതിന്റെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന വികലമായ വീക്ഷണമാണിത്. 

സ്വന്തം ദേശത്തോടും ദേശവാസികളോടും ദേശവുമായി ബന്ധപ്പെടുന്ന പ്രതീകങ്ങളോടുമുള്ള വൈകാരികമായ ബന്ധം മനുഷ്യന്റെ നൈസര്‍ഗിക ഗുണങ്ങളില്‍ പെട്ടതാണ്. ഈ നൈസര്‍ഗിക ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയില്‍ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങള്‍ ഒരുമിച്ചുചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ് ദേശീയത അഥവാ ദേശീയബോധം. എന്നാല്‍ ഒരാളുടെ ജനനമോ വാസമോ ഒരു പ്രത്യക പ്രദേശത്തായതുകൊണ്ട് അയാളില്‍ മാനവികമായ ഉത്കൃഷ്ടതയോ ഔന്നത്യമോ സവിശേഷതകളോ ഉണ്ടാവുന്നില്ല എന്നത് വിശേഷബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാവും. മനുഷ്യനെ മനുഷ്യനാക്കുന്നത് അയാളിലെ മാനവികമായ ഗുണങ്ങളാണ്. സ്രഷ്ടാവിന്റെ അലംഘനീയമായ നിയമങ്ങളെ സൂക്ഷിച്ചുകൊണ്ട് ഉത്തമഗുണങ്ങള്‍ സ്വായത്തമാക്കുന്നതിലൂടെ മാത്രമേ സമസൃഷ്ടി സ്‌നേഹവും തിന്മകളില്‍നിന്നുള്ള മോചനവും സാധ്യമാവൂ. ഇങ്ങനെ ദൈവപ്രോക്തങ്ങളായ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ തമ്മില്‍ നിലനില്‍ക്കേണ്ട സൗഹാര്‍ദത്തെയും വൈകാരികതയെയും സഹവര്‍ത്തിത്വത്തെയും സമന്വയിപ്പിക്കുന്ന പദമാണ് മാനവികത. അത്തരം പരിപ്രേക്ഷ്യത്തിലൂടെ വ്യാഖ്യാനിക്കപ്പെടുന്ന മാനവികതക്ക് ഭൂമിശാസ്ത്രപരമായ അതിരുകളില്ല. ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ച് മൃതപ്രായനായി കഴിയുന്ന ആഫ്രിക്കന്‍ പ്രാന്തപ്രദേശങ്ങളിലെ പിഞ്ചുബാലന്റെ ദൈന്യതയില്‍ മനംനൊന്ത് ന്യൂയോര്‍ക്കിലെ സമ്പന്നന്‍ സമസൃഷ്ടിക്കായി ചെയ്യുന്ന സേവനം മാനവികതക്ക് ഒരു ഉദാഹരണമാണ്. അതുകൊണ്ടുതന്നെ മാനവികതയെന്ന അടിസ്ഥാനഗുണത്തിന്റെ ഭാഗമായി കടന്നുവരുന്ന ദേശീയത സ്വന്തം ദേശത്തിനും ദേശവാസികള്‍ക്കും പ്രതീകങ്ങള്‍ക്കും ഗുണമുണ്ടാവണമെന്ന ബോധമാണ് വരച്ചുകാണിക്കുന്നത്. ദേശീയതയെ ഇത്തരത്തില്‍ മനസ്സിലാക്കുന്ന ഒരാള്‍ക്ക് മറ്റു രാഷ്ട്രങ്ങളുടെ ദേശീയതയെ ഉള്‍ക്കൊള്ളാനും അവയെ ബഹുമാനിക്കാനും പ്രയാസമുണ്ടാവില്ല. എന്നാല്‍ സ്വന്തം രാഷ്ട്രത്തെ ബഹുമാനിക്കുന്നുവെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുവാന്‍ വേണ്ടി മാത്രം ദേശീയമായി കരുതപ്പെടുന്ന ചിഹ്നങ്ങളെയും പ്രതീകങ്ങളെയും സംഹിതകളെയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് യാഥാര്‍ഥത്തില്‍ ദേശീയതയുടെ സന്ദേശത്തിനു വിരുദ്ധമാണ്. 

രാജ്യത്തിന്റെ ചേരിചേരാ നയവും മധ്യ പൗരസ്ത്യ നാടുകളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളോടും ഫലസ്തീന്‍ ജനതയോടും റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളടക്കമുള്ള അഭയാര്‍ഥി സമൂഹങ്ങളോടുമൊക്കെ രാജ്യം ഇക്കാലമത്രയും സ്വീകരിച്ച നിലപാടുകളും മുകളില്‍ സൂചിപ്പിച്ച മാനവികവും ദേശീയവുമായ കാഴ്ചപ്പാടുകളുടെ ഭാഗമാണ്. ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സംഭവിച്ച മാറ്റം നമ്മുടെ കണ്ണുകളെ തുറപ്പിക്കേണ്ടതാണ്. 

രാഷ്ട്രശില്‍പികള്‍ ഭയപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഭിന്നിച്ചുപോവുകയും കേവലം ചില ആശയപരമായ ഭിന്നതയുടെ പേരില്‍ പരസ്പരം സഹകരിക്കാതിരിക്കുകയും വ്യക്തികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കാരണം പിളര്‍ന്നു പിളര്‍ന്നു ഗ്രൂപ്പുകളായിത്തീരുകയും ചെയ്യുന്ന സ്ഥിതി വന്നപ്പോള്‍ ഫാസിസ്റ്റുകള്‍ക്ക് പിടിച്ചുകയറാനുള്ള ഒരു ഏണിയായി അത് മാറി. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വ്യാപകമായ അഴിമതികള്‍ ഉണ്ടെന്നു സമര്‍ഥിക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് സാധിച്ചതോടെ മതേതര പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും തകര്‍ന്നു തരിപ്പണമായി. ഇന്ത്യയിലെ ഹൈന്ദവ സമുദായം ഉള്‍ക്കൊള്ളുന്ന മഹാ ഭൂരിപക്ഷം സുശക്തമായ ഒരു രാഷ്ട്രത്തിനു വേണ്ടി മതേതര ആശയങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഫാസിസ്റ്റുകള്‍ക്ക് ശക്തമായ സ്വാധീനം ഉണ്ടെന്നു അവര്‍ അവകാശപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഹൈന്ദവ സമുദായത്തിലെ മതേതരവിശ്വാസികളുടെ വോട്ടുകള്‍ ഛിന്നഭിന്നമായത് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ഈഗോ ക്ലാഷുകള്‍ നിമിത്തം മാത്രമാണ്. അത് പരിഹരിക്കപ്പെടണമെങ്കില്‍ രാഷ്ട്രശില്പികള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധം ആദര്‍ശമായി സ്വീകരിച്ച നിഷ്‌കാമികളുടെ നേതൃത്വം മതേതര പ്രസ്ഥാനങ്ങള്‍ക്ക് അനിവാര്യമാണ്. പരസ്പരമുള്ള കുതികാല്‍വെട്ടും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിച്ച് രാജ്യതാല്‍പര്യത്തിനു വേണ്ടി ഉറച്ചു നില്‍ക്കാനുള്ള മനക്കരുത്ത് നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് ഉണ്ടാവണം. 

ഫാസിസ്റ്റുകള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ട് ഉദ്ഘാടനം ചെയ്ത ഈ ഭയപ്പെടുത്തലുകളില്‍ അവര്‍ക്ക് ഒരുപാട് നേടാന്‍ സാധിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് മതേതര പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്നതും അതാണ്. ഒരു മസ്ജിദ് തകര്‍ക്കുന്നതിലുപരി രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് പ്രധാനമായും അവര്‍ ലക്ഷ്യമാക്കുന്നത്. ബീഫ് കുഴപ്പങ്ങള്‍ മുതല്‍ കത്വയിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി വരെ എത്തിനില്‍ക്കുന്ന ഭയപ്പെടുത്തലുകളിലൂടെ ന്യൂനപക്ഷങ്ങളില്‍ ഭീതി വളര്‍ത്തി അവര്‍ ഈ രാജ്യത്ത് സുരക്ഷിതരല്ലെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്ക് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടനയുടെ മതേതര സ്വഭാവം എടുത്തുകളയുമെന്നൊക്കെ അവര്‍ വീമ്പ് പറയുന്നു. ന്യൂനപക്ഷങ്ങളില്‍ അരക്ഷിത ചിന്ത വളരാന്‍ ഇത് കാരണമാവുകയും പലപ്പോഴും പ്രതിരോധത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളിലെ അവിവേകികള്‍ സംഘടിക്കുകയും രാഷ്ട്രീയപരമോ നിയമപരമോ അല്ലാത്ത പോരാട്ടങ്ങള്‍ നടത്തി ന്യൂനപക്ഷ വര്‍ഗീയതക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. മതേതരപ്രസ്ഥാനങ്ങളുടെ സാന്ദര്‍ഭികമായ ഇടപെടലുകള്‍ ഇല്ലാതാവുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയത തഴച്ചു വളരുകയും ചെയ്യുന്നു. നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടങ്ങളായി ന്യൂനപക്ഷങ്ങള്‍ മാറുന്നത് പലപ്പോഴും ഫാസിസ്റ്റുകളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനു സഹായകമായി വര്‍ത്തിക്കുന്നു. അതുവഴി ഫാസിസ്റ്റുകളുടെ തോക്കിന്‍ കുഴലുകള്‍ക്ക് മുമ്പില്‍ ഇയ്യാംപാറ്റകളായി മാറാന്‍ അവര്‍ വിധേയരായിത്തീരുന്നു. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയ ദിശാബോധം അനിവാര്യമായിത്തീരുന്നു. 

ന്യൂനപക്ഷങ്ങളില്‍ രാഷ്ട്രീയ ബോധവും തീവ്രവാദ വിരുദ്ധ ചിന്തയും വളര്‍ത്തുന്നതില്‍ മുന്നില്‍ നടന്ന പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ പടര്‍ന്നു പന്തലിക്കുമായിരുന്ന ന്യൂനപക്ഷ വര്‍ഗീയതയെ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ കേരളീയ മുസ്‌ലിം സമൂഹത്തില്‍ നിന്നും പിഴുതു മാറ്റിയത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ധൈഷണിക നേതൃത്വത്തിന്റെ ഇടപെടലായിരുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി രൂപപ്പെട്ട കൊച്ചുകൊച്ചു പ്രതിരോധ സംഘങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ അരക്ഷിതാവസ്ഥ ചെറുതൊന്നുമല്ല. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നേരിടാന്‍ ഇരുട്ടിന്‍ മറവില്‍ ആള്‍ക്കൂട്ടത്തെ ഒരുക്കി അതിക്രമങ്ങള്‍ നടത്തുകയും വഴിമുടക്കികളായി തീരുകയും ചെയ്യുന്നത് ആത്മഹത്യാപരമായ സമീപനം മാത്രമാണെന്ന് ഇത്തരം സംഘങ്ങളെ ബോധ്യപ്പെടുത്തല്‍ അനിവാര്യമാണ്. ന്യൂനപക്ഷ തീവ്രത കേവലം പ്രതിരോധത്തിന് വേണ്ടിയാണെന്ന വാദമുയര്‍ത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. തീവ്രതക്കും വര്‍ഗീയതക്കും ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ല. ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ക്കു വേണ്ടി അതാത് സമുദായങ്ങള്‍ സംഘടിക്കുന്നത് തെറ്റായ കാര്യമല്ല. മറിച്ച് മറ്റുള്ളവരുടെ അവകാശങ്ങളും അവരുടെ അസ്തിത്വവും ഹനിക്കാന്‍ ശ്രമിക്കുന്നതാണ് വര്‍ഗീയത. 

രാജ്യം സുശക്തമാവുകയും പൗരന്മാര്‍ സുരക്ഷിതരാവുകയും ചെയ്യണമെങ്കില്‍ രാഷ്ട്രത്തിനു ശക്തമായ നേതൃത്വം അനിവാര്യമാണ്. നേതൃശൂന്യതയാണ് പല സമൂഹങ്ങളെയും വഴിയാധാരമാക്കിയത്. പല പ്രസ്ഥാനങ്ങളെയും നശിപ്പിച്ചത്. പല രാജ്യങ്ങളെയും ഛിന്നഭിന്നമാക്കിയത്. നമ്മുടെ രാജ്യം ഇത്രയും കാലം അന്തസ്സോടെയും അഭിമാനത്തോടെയും തല ഉയര്‍ത്തി നിന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ഖ്യാതിയോടെയാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ: മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചപ്പോള്‍ രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനും പരിശ്രമിച്ചു. ഫാസിസ്റ്റുകള്‍ അധികാരത്തിലേറിയതോടെ കലാപങ്ങളും അക്രമങ്ങളും സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ആയി മാറി. ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്ന സാഹചര്യം അതീവ ഭീകരമാണ്. അത്തരം അതിക്രമങ്ങളെ തുറന്നെതിര്‍ത്തതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട എഴുത്തുകാരും സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും എത്രയെത്രയാണ്. 

ഒരു തിരിച്ചു വരവിനുള്ള ഇച്ഛാശക്തിയും ശ്രമവും അനിവാര്യമായ ഘട്ടത്തിലാണ് ഇപ്പോള്‍ നമ്മുടെ രാജ്യം.  കര്‍ണാടകയിലെ തെരഞ്ഞെടുപ്പിലും ഫാസിസ്റ്റുകള്‍ ഹിന്ദുത്വ അജണ്ടകള്‍ മുന്നില്‍ വെച്ച് വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിച്ചപ്പോഴും മതേതര പ്രസ്ഥാനങ്ങള്‍ പരസ്പരം പോരാടുകയായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.  രാജ്യത്ത് അഞ്ച് തരത്തിലുള്ള വോട്ടുകളാണുള്ളത്. കോണ്‍ഗ്രസ്സ് അടക്കമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വോട്ടുകള്‍, ഇടതുപക്ഷ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ വോട്ടുകള്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍, ആര്‍.എസ്.എസ് മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ വോട്ടുകള്‍, ന്യൂനപക്ഷങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകളുടെ വോട്ടുകള്‍ എന്നിവയാണവ. ആദ്യത്തെ മൂന്നു വിഭാഗം വോട്ടുകളാണ് രാജ്യത്തെ ഭൂരിപക്ഷം. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും തമ്മില്‍ തിരഞ്ഞെടുപ്പിന് മുമ്പേ ധാരണ ഉണ്ടാവേണ്ടതായിരുന്നു. തിരഞ്ഞെടുപ്പില്‍ മതേതരപ്രസ്ഥാനങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന അമിത ആത്മവിശ്വാസം ബി.ജെ.പിയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു.  കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും ചേര്‍ന്ന് നേരത്തെ ഒരു മുന്നണി സംവിധാനം ഉണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന പേരില്‍ ബി ജെ പി യെ മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിക്കേണ്ട സാഹചര്യം ഉണ്ടാവുമായിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും ഒന്നിച്ചുപോവാനും ഒരുമിച്ചൊരു മന്ത്രിസഭ രൂപീകരിക്കാനും ജെ.ഡി.എസ്സിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള തീരുമാനമാണ് ഫാസിസ്റ്റുകള്‍ കര്‍ണാടകയില്‍ അധികാരത്തിലേറുന്നതില്‍ നിന്നും തടുത്തുനിര്‍ത്തിയത്. അധികാരമില്ലാതെ നിലനില്‍ക്കാനാവില്ലയെന്ന നിരാശയില്‍ നിന്നുടലെടുത്ത ആക്രാന്തമാണ് ബി.ജെ.പിയെ കോടികള്‍ മുടക്കിയുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പ്രേരിപ്പിച്ചത്. ഗവര്‍ണര്‍ കടമ്പകടന്നു മുന്നോട്ടുകുതിച്ച യദ്യൂരപ്പയുടെ അശ്വമേധത്തെ സുപ്രീം കോടതി കടിഞ്ഞാണ്‍ ഇട്ട് പിടിച്ചില്ലായിരുന്നുവെങ്കില്‍ കര്‍ണാടകയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ഭാവി വലിയ ഒരു ചോദ്യചിഹ്നമാവുമായിരുന്നു. ഒടുവില്‍ വിശ്വാസവോട്ടിന് പോലും തയ്യാറാവാതിരുന്ന യദ്യൂരപ്പക്ക് നാണംകെട്ട് രാജിവെച്ച് ഒരു 'തടിയൂരപ്പ'യാവുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായില്ല. ജനാധിപത്യവും ധാര്‍മികതയും നൈതികതയും മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നു പറയാം.  

മതേതര ചിന്തകള്‍ വളര്‍ത്തി തീവ്രവാദ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ഭൂരിപക്ഷങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളില്‍ നിന്നുമുള്ള അമിതവാദികള്‍ ഉയര്‍ത്തുന്ന ഭീഷണികളെ ജനാധിപത്യ മതേതര ആശയങ്ങളിലൂടെ നേരിട്ട്  മതേതരപ്രസ്ഥാനങ്ങള്‍ അവരുടെ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ മുമ്പോട്ട് വന്നെങ്കില്‍ മാത്രമെ രാഷ്ട്രശില്‍പികള്‍ പടുത്തുയര്‍ത്തിയ ഭരണഘടനയിലധിഷ്ഠിതമായ ഭാരതം ഈ ഭൂമിയില്‍ അവശേഷിക്കുകയുള്ളൂ. സുശക്തമായ രാഷ്ട്രത്തിന്റെ നിലനില്‍പും സുരക്ഷിതമായ ഒരു സമൂഹത്തിന്റെ ശേഷിപ്പും അതിലൂടെ മാത്രമെ സാധിക്കൂ.