മാധ്യമങ്ങളിലെ സൗദി അറേബ്യയും യാഥാര്‍ഥ്യങ്ങളും

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03
പടിഞ്ഞാറിന്റെ മൂല്യച്യുതികളോട് കലഹിച്ച്, പരമാവധി ഇസ്‌ലാമിക സംസ്‌കാരങ്ങളുള്‍ക്കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. നൈതികതക്ക് വില കല്‍പിക്കുന്നത് കൊണ്ട് തന്നെ മുതലാളിത്ത മാധ്യമങ്ങള്‍ക്ക് സൗദി എന്നും അനഭിമതരാണ്. സൗദിയുടെ നയ നിലപാടുകള്‍ക്ക് ഭാഷാന്തരം ചമയ്ക്കാനും അതിനെ കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായിരിക്കുന്നു. അടുത്തിടെ പുറത്ത് വന്ന ഏതാനും വാര്‍ത്തകളുടെ നിജസ്ഥിതി പഠനവിധേയമാക്കി തയ്യാറാക്കിയ നിരൂപണം.

സൗദി അറേബ്യയെ ലക്ഷ്യമാക്കിക്കൊണ്ടുള്ള വാര്‍ത്തകള്‍ കൊണ്ട് മാധ്യമലോകം നിറഞ്ഞുനില്‍ക്കുകയാണ്. ദൃശ്യമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും നിറംപിടിപ്പിച്ച വാര്‍ത്തകള്‍ നല്‍കി അതിശയോക്തികള്‍ പ്രചരിപ്പിക്കുവാനും അതുവഴി വലിയ തെറ്റിദ്ധാരണകള്‍ പരത്തുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുക്കുകയും തങ്ങളുടെ വകയായി കൂട്ടിച്ചേര്‍ക്കുകയും തെറ്റിദ്ധാരണാജനകമായ തലക്കെട്ടുകള്‍ നല്‍കുകയും ചെയ്തുകൊണ്ട് അഭിനവ പാപ്പരാസികള്‍ സൗദിക്കുമേല്‍ വട്ടമിട്ടു പറക്കുകയാണ്. 2016 ഏപ്രില്‍ 25നു കിരീടാവകാശി (വലിയ്യുല്‍ അഹ്ദ്) അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ 'വിഷന്‍ 2030' പ്രഖ്യാപിച്ചതോടെയാണ് മാധ്യമങ്ങള്‍ റിയാദിനു നേരെ ക്യാമറകള്‍ തിരിച്ചുവെച്ചു തുടങ്ങിയത്. സൗദി അറേബ്യ ഇതുവരെ പുലര്‍ത്തിവന്ന ഇസ്‌ലാമിക പാരമ്പര്യത്തെ കയ്യൊഴിച്ച്, സര്‍വതന്ത്ര സ്വതന്ത്രമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചുകൊണ്ട് സമ്പൂര്‍ണ ജനാധിപത്യ ശൈലിയിലേക്ക് അതിന്റെ സ്റ്റിയറിങ് തിരിക്കുന്നതിനു വേണ്ടിയാണ് 'വിഷന്‍ 2030' എന്ന പദ്ധതിയുമായി കിരീടാവകാശി പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നാണ് പ്രചാരണത്തിലെ മുഖ്യവിഷയം. മതപരമായി ഇതുവരെ സ്വീകരിച്ചു വന്നിരുന്ന 'വഹാബിസത്തെ' പടിയടച്ചു പിണ്ഡം വെക്കാനും സൗദി തീരുമാനിച്ചുവെന്നതാണ് മറ്റൊരു വിഷയം. സ്ത്രീസമൂഹത്തെ പര്‍ദക്കുള്ളില്‍ തളച്ചിരുന്ന സൗദി സമൂഹം സ്ത്രീകളുടെ മൂടുപടങ്ങള്‍ അനാവരണം ചെയ്യാന്‍ പോവുന്നു എന്നതാണ് മറ്റൊരു പ്രചാരണം. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുവദിക്കുക വഴി ഇത്രയും കാലം ഹറാം എന്ന് മതവിധി നല്‍കിയിരുന്ന ഒരു കാര്യത്തെ ഹലാലാക്കി എന്നും ചില മാധ്യമങ്ങള്‍ പരിഹാസ ശരങ്ങള്‍ തൊടുത്തുവിട്ടു. 

മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണുകയാണോ ക്യാമറകളുടെ ഫഌാഷുകള്‍ സൃഷ്ടിക്കുന്ന പ്രഭാകമ്പത്തിലൂടെ വാര്‍ത്തകള്‍ക്ക് ഏഴുനിറങ്ങള്‍ നല്‍കുകയാണോ ചെയ്തുകൊണ്ടിരിക്കുന്നതെന്ന ചോദ്യം മാധ്യമങ്ങളോട് ചോദിക്കുന്നില്ല. കാരണം മാധ്യമങ്ങളോട് ചോദ്യമില്ലല്ലോ. 'വിഷന്‍ 2030'ന്റെ പ്രഖ്യാപനവേളയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും മകനും കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ്ബ്‌നു സല്‍മാന്‍ രാജകുമാരനും വ്യക്തമാക്കിയിട്ടുള്ള വിഷന്‍ ലക്ഷ്യമാക്കുന്ന കാര്യങ്ങളെ കുറിച്ച് പഠിച്ചാല്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചത് കേവലം നീര്‍കുമിളകളായിരുന്നുവെന്നു ബോധ്യപ്പെടും. സാമ്പത്തികരംഗത്ത് എണ്ണയെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍), വിനോദ സഞ്ചാരം തുടങ്ങിയ പൊതുസേവന മേഖലകള്‍ വികസിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് വിഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഖ്യാപന വേളയില്‍ സല്‍മാന്‍ രാജാവ് ഇപ്രകാരം പറയുകയുണ്ടായി: 'എല്ലാ മേഖലകളിലും മാതൃകാപരമായ ഒരു രാഷ്ട്രമാണ് എന്റെ പ്രാഥമിക ലക്ഷ്യം, ഈ പരിശ്രമത്തില്‍ ഞാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാം.'

 അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു: 'നല്ലൊരു ഭാവിയെ പ്രതീക്ഷിച്ചുകൊണ്ട് ഈ വിഷന്‍ അവതരിപ്പിക്കുന്നതില്‍ എനിക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്. നമ്മുടെ ദീര്‍ഘകാല ലക്ഷ്യങ്ങളും പ്രതീക്ഷകളും പ്രകടിപ്പിക്കുന്നതും നമ്മുടെ രാജ്യത്തിന്റെ കഴിവും ശേഷിയും പ്രതിഫലിപ്പിക്കുന്നതും അഭിലാഷപൂര്‍ണവും അതേസമയം നാം നേടിയെടുക്കേണ്ടതുമായ പദ്ധതിയുടെ പ്രാഥമിക രൂപരേഖയാണിത്. എല്ലാ വിജയ കഥകളും ഒരു കാഴ്ചപ്പാടോടെയാണ് ആരംഭിക്കുന്നത്. വിജയകരമായ കാഴ്ചപ്പാടുകള്‍ ശക്തമായ തൂണുകളുടെ പിന്‍ബലത്തിലാണ് നിലകൊള്ളുന്നത്. നമ്മുടെ കാഴ്ചപ്പാടിന്റെ ആദ്യ സ്തംഭം ഇസ്‌ലാമിക അറബ് സമൂഹം എന്ന നിലയ്ക്ക് നാം നേടിയെടുത്ത ഹൃദയമെന്ന നമ്മുടെ പദവിയാണ്. സര്‍വശക്തനായ അല്ലാഹു എണ്ണയെക്കാള്‍ വിലയേറിയ ഒരു ദാനം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. വിശുദ്ധമായ രണ്ടു ദൈവികഭവനങ്ങളുടെ മണ്ണാണ് നമ്മുടെ രാജ്യം. ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളാണത്. ജനകോടികളുടെ ഹൃദയം തിരിയുന്ന കഅ്ബാലയത്തിന്റെ മണ്ണാണിത്. അതിലേറെ വലിയ പദവി വേറെ എന്താണുള്ളത്? നമ്മുടെ കാഴ്ചപ്പാടിന്റെ രണ്ടാമത്തെ സ്തംഭം ആഗോള നിക്ഷേപ ശക്തികേന്ദ്രമായി മാറാനുള്ള നമ്മുടെ ദൃഢനിശ്ചയമാണ്. നമ്മുടെ രാജ്യത്തിന് ശക്തമായ നിക്ഷേപ കഴിവുകള്‍ ഉണ്ട്. അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നമ്മുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും. നമ്മുടെ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ മൂന്നു ഭൂഖണ്ഡങ്ങള്‍ ഒരേ സമയം ബന്ധിപ്പിക്കാന്‍ പ്രാപ്തമാണെന്നതുകൊണ്ട് തന്നെ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങള്‍ ഒരുമിപ്പിക്കുന്ന ഒരു ഹബ് ആക്കി മാറ്റുകയെന്നതാണ് മൂന്നാമത്തെ സ്തംഭം. ഈ കാഴ്ചപ്പാടുകള്‍ ശക്തവും പുരോഗമനപരവും സുസ്ഥിരവുമായ ഒരു രാഷ്ട്രസങ്കല്‍പത്തില്‍ അധിഷ്ഠിതമാണ്. ഇസ്‌ലാമിനെ ഭരണഘടനയായി പ്രഖ്യാപിച്ചുകൊണ്ട്, മധ്യമനിലപാട് നയവുമായി പ്രഖ്യാപിച്ചുകൊണ്ട് സഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രമാണ് നാം ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗ്യരായ വ്യക്തിത്വങ്ങളെയും വിജയത്തിനുവേണ്ടിയുള്ള ഈ യാത്രയില്‍ ഞങ്ങളോടൊപ്പം ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയുന്നു.'

മുകളില്‍ കൊടുത്ത, രാഷ്ട്രനായകര്‍ നല്‍കിയ വിഷന്‍ വളരെ വ്യക്തമാണ്. രാജ്യത്തിന്റെ മതപരമായ കാഴ്ചപ്പാടുകളെയോ ഭരണഘടനയെയോ തിരുത്തിക്കൊണ്ടോ അടിസ്ഥാനസ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടോ അല്ല, അവയെയെല്ലാം നിലനിര്‍ത്തികൊണ്ട് തന്നെ പുരോഗതിയിലേക്ക് ഒരു കുതിപ്പ് നടത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ മാത്രമാണ് 'വിഷന്‍ 2030' എന്നത് അത് വായിക്കുമ്പോള്‍ വ്യക്തമാണ്. സൗദി അറേബ്യയുടെ ചരിത്രം പഠിക്കുമ്പോള്‍ എന്നും പുരോഗതിയുടെ കൂടെ സഞ്ചരിച്ച പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഇസ്‌ലാമിനെ ഭരണഘടനായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും വളര്‍ത്തുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതോടൊപ്പം തന്നെ പൗരന്മാര്‍ക്ക് ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും രാഷ്ട്രം മുന്‍പന്തിയില്‍ തന്നെയായിരുന്നുവെന്ന് കാണാം. 

1932ലാണ് ഇന്ന് കാണുന്ന ഭൂമിശാസ്ത്ര അതിരുകള്‍ക്കുള്ളില്‍ ലോകഭൂപടത്തില്‍ സൗദി അറേബ്യ സ്ഥാനം പിടിക്കുന്നത്. സൗദിയുടെ മൂന്നാം പുനഃസ്ഥാപനം എന്ന പേരിലാണിത് അറിയപ്പെടുന്നത്. സൗദി അറേബ്യ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. 1744 മുതലാണ് സൗദിയുടെ യഥാര്‍ഥ ചരിത്രം ആരംഭിക്കുന്നത്. റിയാദിനടുത്ത ദിര്‍ഇയ്യയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഇബ്‌നു സുഊദും പ്രമുഖ പരിഷ്‌കര്‍ത്താവും പണ്ഡിതനുമായിരുന്ന മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബും കൈകോര്‍ക്കുന്നതോടെയാണ് സൗദിയുടെ ഒന്നാം ഘട്ട ചരിത്രം ആരംഭിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതമായി കൊണ്ടുനടന്നിരുന്ന ഒരു ജനതയെ വിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെള്ളിവെളിച്ചത്തിലൂടെ (യഥാര്‍ഥ ഇസ്‌ലാമിക പാന്ഥാവിലൂടെ) നയിക്കുകയെന്ന മഹാദൗത്യമായിരുന്നു മുഹമ്മദ്ബ്‌നു അബ്ദുല്‍വഹാബ് നിര്‍വഹിച്ചിരുന്നത്. ക്വബ്‌റാരാധന വ്യാപകമായിരുന്ന പ്രദേശത്ത് അതിനെതിരെ ബോധവല്‍ക്കരണം നടത്തി ഇസ്‌ലാം പഠിപ്പിക്കുന്ന ഏകദൈവാരാധനയിലേക്ക് അദ്ദേഹം സമൂഹത്തെ ക്ഷണിച്ചു. പലരില്‍ നിന്നും എതിര്‍പ്പുകള്‍ വന്നപ്പോള്‍ ദിര്‍ഇയ്യയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഇബ്‌നു സുഊദ് അദ്ദേഹത്തെ സഹായിച്ചു. വിശുദ്ധ ക്വുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുന്നതിനെ വെറുപ്പോടെ കണ്ടിരുന്ന പൗരോഹിത്യ സമൂഹം അദ്ദേഹത്തിന്റെ സംസ്‌കരണ പ്രവര്‍ത്തനത്തെ അദ്ദേഹത്തിന്റെ പിതാവിലേക്ക് ചേര്‍ത്തി 'വഹാബിയ്യ' എന്ന് വിളിച്ചു. അദ്ദേഹമാവട്ടെ അദ്ദേഹത്തിലേക്കായിരുന്നില്ല ജനങ്ങളെ ക്ഷണിച്ചത്, ഏതെങ്കിലുമൊരു കക്ഷിത്വത്തിലേക്കോ വ്യക്തികളിലേക്ക് ചേര്‍ത്ത് പറയുന്ന മദ്ഹബീ പക്ഷപാതിത്വത്തിലേക്കോ സ്വൂഫി ത്വരീക്വത്തുകളും ശീഈ വിഭാഗങ്ങളും പഠിപ്പിക്കുന്ന ഇമാമീ സങ്കല്‍പങ്ങളിലേക്കോ ആയിരുന്നില്ല അദ്ദേഹം സമൂഹത്തെ ഉദ്്‌ബോധിപ്പിച്ചത്; പ്രത്യുത ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും അവയുടെ ആദ്യ പ്രബോധിത സമൂഹങ്ങളായ സ്വഹാബത്തിന്റെയും ഉത്തമതലമുറകളിലെ പൂര്‍വസൂരികളുടെ ജീവിതമാതൃകകളിലേക്കുമായിരുന്നു. അദ്ദേഹത്തിലേക്ക് ചേര്‍ത്തിക്കൊണ്ടുള്ള 'വഹാബിസം' എന്ന പ്രയോഗം അദ്ദേഹത്തോട് തന്നെ ചെയ്യുന്ന വലിയ അപരാധമാണെന്നതില്‍ സംശയമില്ല. ഇങ്ങനെ ഇബ്‌നു സുഊദും ഇബ്‌നു അബ്ദുല്‍ വഹാബും ചേര്‍ന്നാണ് തൗഹീദില്‍ അധിഷ്ഠിതമായ ഇസ്‌ലാമിക ശരീഅത്ത് ഭരണഘടനയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒന്നാം സൗദി രാഷ്ട്രത്തിന് അടിത്തറ പാകിയത്. 1765ല്‍ ഇബ്‌നു സുഊദും 1792ല്‍ ഇബ്‌നു അബ്ദുല്‍വഹാബും നിര്യാതരായി. നജ്ദും തിഹാമയും അസീറും ഹിജാസും ഉള്‍ക്കൊള്ളുന്ന ഇന്നത്തെ സൗദി അറേബ്യയുടെ അതിരുകള്‍ക്കുമപ്പുറം ഖത്തറും കുവൈത്തും യു. എ. ഇയും മസ്‌കത്തിന് വടക്കുള്ള ഒമാന്റെ പ്രദേശങ്ങളുമെല്ലാം ആലു സുഊദിന്റെ നിയന്ത്രണത്തിലായി. 1818ല്‍ ഈജിപ്തിലെ ഓട്ടോമന്‍ വൈസ്രോയി ആയിരുന്ന മുഹമ്മദലി പാഷയുടെയും മകന്‍ ഇബ്‌റാഹിം പാഷയുടെയും നേതൃത്വത്തില്‍ ആലു സുഊദില്‍ നിന്നും മക്കയും മദീനയുമടങ്ങുന്ന മുഴുവന്‍ പ്രദേശങ്ങളും പിടിച്ചെടുത്തു. ഒന്നാം സൗദി ഭരണത്തിന് അതോടെ തിരശ്ശീല വീണു. മുഹമ്മദ് ഇബ്‌നു സുഊദിന്റെ പൗത്രനായിരുന്ന അബ്ദുല്ലാഹിബ്‌നു സുഊദ് ആയിരുന്നു അന്ന് ദര്‍ഇയ്യ ഭരിച്ചിരുന്നത്. ഓട്ടോമന്‍ ഭരണകൂടം അദ്ദേഹത്തെ ഇസ്താംബൂളില്‍ വെച്ച് തൂക്കിലേറ്റുകയായിരുന്നു. 

മുഹമ്മദ് ഇബ്‌നു സുഊദിന്റെ മറ്റൊരു പൗത്രന്‍ തുര്‍ക്കി ഇബ്‌നു അബ്ദുല്ല 1824ല്‍ ദര്‍ഇയ്യ ഓട്ടോമന്‍ അധികാരികളില്‍ നിന്നും തിരിച്ചു പിടിക്കുന്നതോടെയാണ് രണ്ടാം സൗദി ഭരണകൂടം സ്ഥാപിക്കപ്പെടുന്നത്. അദ്ദേഹമാണ് ദര്‍ഇയ്യയില്‍ നിന്നും തലസ്ഥാനത്തെ റിയാദിലേക്ക് മാറ്റിയത്. എന്നാല്‍ മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന ഹിജാസിനെയും തബൂക്കിനെയും അസീര്‍ പ്രദേശത്തെയുമൊന്നും അവര്‍ക്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നില്ല. അവയെല്ലാം ഓട്ടോമന്‍ അധികാരികളുടെ കീഴിലുള്ള നാട്ടുരാജാക്കളുടെ കീഴിലായി. സൗദി ഭരണം കേവലം നജ്ദിലും അതിനോടനുബന്ധമായുള്ള പ്രദേശങ്ങളിലുമായി ചുരുങ്ങി. അതേസമയം തുര്‍ക്കി ഇബ്‌നു അബ്ദുല്ലക്ക് ശേഷം വന്ന ഭരണാധികാരികളുടെ മക്കള്‍ക്കിടയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഭരണത്തെ പതനത്തിലേക്ക് നയിച്ചു. ഹായിലിലെ പ്രബലരായിരുന്ന ആലുറഷീദ് കുടുംബം ഈ തക്കം മുതലെടുത്തു. അവര്‍ ആലു സുഊദുമായി യുദ്ധത്തിലേര്‍പെട്ട് പ്രദേശം അവരുടെ അധീനതയിലാക്കി. 1891ല്‍ രണ്ടാം സൗദി ഭരണത്തിനും തിരശ്ശീല വീണു. ആലു സുഊദിനെ അവര്‍ കുവൈത്തിലേക്ക് നാടുകടത്തി. 

രണ്ടാം സൗദി രാഷ്ട്രം സ്ഥാപിച്ച തുര്‍ക്കി ഇബ്‌നു അബ്ദുല്ലയുടെ പുത്രന്‍ ഫൈസലിന്റെ മകന്‍ അബ്ദുറഹ്മാന്റെ പുത്രനായി 1876ലാണ് ആധുനിക സൗദി അറേബ്യയുടെ രാഷ്ട്രപിതാവായ അബ്ദുല്‍അസീസ് രാജാവ് ജനിക്കുന്നത്. റിയാദില്‍ ജനിച്ച അദ്ദേഹം പത്താം വയസ്സില്‍ പിതാവിന്റെ കൂടെ കുവൈത്തിലേക്ക് പലായനം ചെയ്യുകയായിരുന്നു. 1902 ജനുവരിയില്‍ ഇരുപത്തിയാറാം വയസ്സില്‍ അമ്പതില്‍ പരം സഹായികളുടെ കൂടെ റിയാദിലേക്ക് പുറപ്പെട്ട അദ്ദേഹം റിയാദിലെ ആലു റഷീദിന്റെ ഭരണസിരാകേന്ദ്രമായ അല്‍മസ്മക് കൊട്ടാരം പിടിച്ചെടുക്കുകയും ആധുനിക സൗദി അറേബ്യയുടെ സംസ്ഥാപനത്തിനുള്ള തുടക്കം കുറിക്കുകയും ചെയ്തു. ആലുറഷീദിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്ത ശേഷം 1913ല്‍ അല്‍ഹസ നിയന്ത്രണത്തിലാക്കിയ അദ്ദേഹം 1921ല്‍ 'സുല്‍ത്താനുന്നജ്ദ്' എന്ന സ്ഥാനത്ത് അവരോധിതനാവുകയും ചെയ്തു. 1925ല്‍ മക്കയും മദീനയുമടങ്ങുന്ന ഹിജാസ് തുര്‍ക്കികളില്‍ നിന്നും പിടിച്ചടക്കിയ അദ്ദേഹം 1932 സപ്തംബര്‍ 23ന് 'അല്‍ മംലകതുല്‍ അറബിയ്യതുസ്സുഊദിയ്യ' എന്ന് നാമകരണം ചെയ്തുകൊണ്ട് രാജ്യത്തെ ഏകീകരിച്ചു. 1953ല്‍ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളായ സുഊദ്, ഫൈസല്‍, ഖാലിദ്, ഫഹദ്, അബ്ദുല്ല എന്നിവര്‍ ഭരണാധികാരികളായി തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍അസീസ് ആണ് ഭരണാധികാരി. അദ്ദേഹത്തിന്റെ പുത്രന്‍ മുഹമ്മദ്ബ്‌നു സല്‍മാന്‍ കിരീടാവകാശിയും. 

ഇസ്‌ലാമികമായ അന്തരീക്ഷം രാജ്യത്തുടനീളം നിലനിര്‍ത്തുന്നതോടൊപ്പം ലോകത്തെ എല്ലാ മതസമൂഹങ്ങളില്‍ പെട്ടവര്‍ക്കും സമാധാനപരമായി ജോലി ചെയ്യാനും സമ്പാദിക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുന്നുവെന്നതാണ് സൗദിയുടെ വലിയ സവിശേഷത. രാജ്യത്തെ പൗരന്മാരില്‍ മുസ്‌ലിംകളല്ലാത്ത ഒരാളും തന്നെയില്ല എന്നതുകൊണ്ട് തന്നെ മറ്റുള്ള മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രസക്തിയില്ല. മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷം അഹ്‌ലുസ്സുന്നയാണ്.  മദ്ഹബുകള്‍ക്കതീതമായി ക്വുര്‍ആനിനും സുന്നത്തിനും അനുസരിച്ച് വിശ്വാസാചാരങ്ങള്‍ ക്രമീകരിക്കാനാണ് സൗദിയിലെ ഔദേ്യാഗിക പണ്ഡിതസമൂഹം ഉല്‍ബോധിപ്പിക്കാറുള്ളത്. എങ്കിലും മദ്ഹബുകളെ അംഗീകരിക്കുന്ന ആളുകളും ഉണ്ട്. വളരെ ചെറിയ ഒരു ന്യൂനപക്ഷം ശിയാവിഭാഗം രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഉണ്ട്. ന്യൂനപക്ഷങ്ങളെന്നു കരുതി അവരുടെ അവകാശങ്ങള്‍ക്ക് യാതൊരു ഭംഗവും ഭരണകൂടം വരുത്തിയിട്ടില്ല. അവരുടേതായ രൂപത്തിലുള്ള ആരാധന സ്വാതന്ത്ര്യവും ആഘോഷങ്ങള്‍ നടത്താനുള്ള അവകാശവുമെല്ലാം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജ്യത്തെ പണ്ഡിതന്മാര്‍ ക്വുര്‍ആനിനും സുന്നത്തിനും അനുസരിച്ച് പൂര്‍വസൂരികള്‍ (സലഫുകള്‍) ഉള്‍ക്കൊണ്ട രൂപത്തിലുള്ള മതപഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അത്തരത്തിലുള്ള മതവിധികള്‍ നല്‍കുകയും ചെയ്യുന്നതുകൊണ്ട് അവര്‍ സലഫി പണ്ഡിതന്മാര്‍ എന്ന് വിളിക്കപ്പെടുന്നു. അവരുടെ മതപരമായ നിലപാടുകള്‍ 'വഹാബിയ്യ' ആണെന്ന് ഇന്നോളം അവരാരും പറഞ്ഞിട്ടില്ല. മുഹമ്മദ് ഇബ്‌നു സല്‍മാന്‍ രാജകുമാരന്‍ ഈയിടെ അമേരിക്കയില്‍ വെച്ച് നടത്തിയ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വഹാബിസത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്താണ് വഹാബിസം കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും സൗദി അറേബ്യ ഒരിക്കലും ഒരു വ്യക്തിയെ പിന്തുടരുന്ന രാജ്യമല്ലെന്നും ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് ഞങ്ങള്‍ ആദരിക്കുന്ന ഒട്ടേറെ പണ്ഡിതന്മാരില്‍ ഒരാളാണെന്നും സൂചിപ്പിക്കുകയുണ്ടായി. സൗദിയില്‍ വഹാബിസം എന്ന ഒരു ആശയം ഇല്ലെന്നും അതേസമയം സൗദി പിന്തുടരുന്നത് യഥാര്‍ഥ ഇസ്‌ലാമിനെ ആണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. 

സൗദി പൗരന്മാരില്‍ ശിയാക്കളും സുന്നികളിലെ വിവിധ മദ്ഹബുകള്‍ അംഗീകരിക്കുന്നവരുമുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. പൗരന്മാര്‍ എന്ന നിലയ്ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള സ്ഥാനങ്ങളില്‍ അവര്‍ ഇരിക്കുക സ്വാഭാവികമാണ്. അതേസമയം വിശ്വാസപരമായി ശിയാക്കളുടെയോ മദ്ഹബുകളുടെയോ ത്വരീക്വത്തുകളുടെയോ വാദങ്ങള്‍ സൗദി അംഗീകരിക്കില്ല. മതകാര്യങ്ങളെ ശരിക്കും അഹ്‌ലുസ്സുന്നയുടെ വീക്ഷണപ്രകാരം കറകളഞ്ഞ തൗഹീദിലൂടെ അരക്കിട്ടുറപ്പിക്കുവാന്‍ പോന്ന സംവിധാനങ്ങള്‍ സൗദിക്കുണ്ട്. അവിടെ മറ്റുള്ളര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. 

2017 ഒക്ടോബറില്‍ 'ദി ഗാര്‍ഡിയന്‍' പത്രത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിന് പത്രം നല്‍കിയ തലക്കെട്ട് "I will return Saudi Arabia to moderate Islam' എന്നായിരുന്നു. 'ഞാന്‍ സൗദി അറേബ്യയെ ഒരു സന്തുലിത ഇസ്‌ലാമിലേക്ക് മടക്കിക്കൊണ്ടുവരും' എന്നര്‍ഥം. സൗദിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് തീവ്ര ഇസ്‌ലാമാണെന്നും സൗദിയിലെ പണ്ഡിതന്മാരും മതസ്ഥാപനങ്ങളുമൊക്കെ തീവ്ര ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നുമൊക്കെ ധ്വനിപ്പിക്കുന്ന തരത്തിലാണ് ഈ വാര്‍ത്തയുടെ അലയൊലികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊന്തിയത്. സൗദി അറേബ്യ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിക വ്യവസ്ഥിതിയും സൗദി പണ്ഡിതന്മാരും ഭരണകൂടവും ഒരു ഘട്ടത്തിലും തീവ്ര ഇസ്‌ലാമിനെ അംഗീകരിച്ചിട്ടില്ല. വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിച്ച 'ഉമ്മത്തുന്‍ വസ്വത്വ്' അഥവാ മധ്യമമാര്‍ഗം തിരഞ്ഞെടുക്കുന്ന സമൂഹമാവാന്‍ വേണ്ടിയാണ് സൗദി പണ്ഡിതന്മാരും ഭരണാധികാരികളും എന്നും ആഹ്വാനം ചെയ്തത്. പരസ്പരം സത്യവും ക്ഷമയും ഉപദേശിച്ചുകൊണ്ടും നല്ല കാര്യങ്ങള്‍ കല്‍പിച്ചും തിന്മകളെ വിരോധിച്ചുമൊക്കെയാണ് മധ്യമ ശൈലി സ്വീകരിക്കാന്‍ കഴിയുക. മനസ്സുകളില്‍ നന്മകളെ പ്രതിഷ്ഠിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഉപദേശങ്ങള്‍ നല്‍കുകയാണ് മധ്യമ മാര്‍ഗം സ്വീകരിച്ച ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തം. അതേസമയം തിന്മകള്‍ക്കെതിരെ വലിയ കോലാഹലങ്ങളും ബഹളങ്ങളും സൃഷ്ടിച്ച് ഭരണകൂടങ്ങള്‍ക്കെതിരെയും നേതൃത്വത്തിനെതിരെയും കലാപത്തിന് ആഹ്വാനം ചെയ്യുന്നത് മധ്യമ മാര്‍ഗമല്ല, അത് തീവ്രമാര്‍ഗമാണെന്ന കാര്യമാണ് ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നിന്നും ബോധ്യപ്പെടുക. തീവ്രചിന്തകള്‍ മുളപൊട്ടുന്നത് അധികവും ഭരണകൂടങ്ങളോടുള്ള കാഴ്ചപ്പാടുകളില്‍ നിന്നാണ്. ഭരണകൂടങ്ങളെ അംഗീകരിക്കാതെ അവരിലെ തെറ്റുകളെ പര്‍വതീകരിച്ച് അവര്‍ക്കെതിരെ അനുസരണക്കേടുകള്‍ പഠിപ്പിക്കുകയാണ് തീവ്ര ഇസ്‌ലാമിനെ പ്രതിനിധീകരിച്ച പലരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇവിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രസ്താവനയുടെ പൊരുള്‍ മനസ്സിലാക്കാന്‍ സാധിക്കുക. 

സൗദി പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം രാജഭരണമാണെന്നും അതും ഇസ്‌ലാമിക ഖിലാഫത്തുമായി ബന്ധമില്ലെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങള്‍ ചെറുപ്പക്കാരുടെ മസ്തിഷ്‌കങ്ങളില്‍ സന്നിവേശിപ്പിക്കുന്നതിനായി തീവ്രവാദ പ്രസ്ഥാനങ്ങള്‍ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ അതിശക്തമായ നിലപാടുകള്‍ സ്വീകരിച്ച സൗദി സമൂഹത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഐ. എസ്, അല്‍ഖാഇദ പോലെയുള്ള പ്രസ്ഥാനങ്ങളില്‍ എങ്ങനെ എത്തിപ്പെടുന്നുവെന്ന അന്വേഷണമാണ് ഇസ്‌ലാമിന്റെ മധ്യമമാര്‍ഗത്തിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുപോവുകയാണ് അതിനുള്ള പരിഹാരമെന്ന കണ്ടെത്തലിലേക്ക് ഭരണകൂടത്തെയും പണ്ഡിതന്മാരെയും നയിച്ചത്. 'മുസ്‌ലിം ബ്രദര്‍ഹുഡ്' എന്ന 'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍' ആണ് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, മതപഠനകേന്ദ്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് സൗദി ചെറുപ്പക്കാരില്‍ തീവ്രചിന്തകള്‍ കുത്തിവെച്ചുകൊണ്ടുള്ള പ്രചാരണങ്ങളുടെ മുഖ്യനായകത്വം വഹിച്ചത്. 

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സൗദി സമൂഹത്തിനുണ്ടാക്കിയ പരിക്ക് ചില്ലറയല്ല. അതിനുള്ള ട്രീറ്റ്‌മെന്റ് തുടങ്ങിവെച്ചത് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന നായിഫ് ഇബ്‌നു അബ്ദുല്‍ അസീസ് രാജകുമാരനായിരുന്നു. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം സൗദി അറേബ്യ നടത്തിയ പഠനത്തില്‍ അല്‍ഖാഇദയുടെ പ്രവര്‍ത്തനം സൗദി യുവാക്കളുടെ മസ്തിഷ്‌കത്തെ സാരമായി സ്വാധീനിക്കാനുണ്ടായ കാരണം ഇഖ്‌വാന്റെ ഐഡിയോളജിക്കല്‍ എന്‍ക്രോച്ച്‌മെന്റ് ആയിരുന്നു എന്ന് തന്നെയാണ്. അതിനെതിരെയുള്ള ശക്തമായ നീക്കമാണ് ഇപ്പോള്‍ കിരീടാവകാശി അടക്കമുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 

സൗദിയിലെ പാഠപുസ്തകങ്ങളില്‍ ഇഖ്‌വാനികള്‍ക്കുണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നു. സൗദി പണ്ഡിതന്മാര്‍ക്ക് പാഠപുസ്തക നിര്‍മാണത്തിലോ സിലബസ് രൂപീകരണത്തിലോ പങ്കുണ്ടായിരുന്നില്ല. ഇഖ്‌വാനികളാവട്ടെ തങ്ങളുടെ ഐഡിയോളജി പ്രചരിപ്പിക്കാന്‍ കാര്യമായും ഉപയോഗപ്പെടുത്തിയത് ശൈഖ് മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബിന്റെ ചില ഉദ്ധരണികളും അതിനവര്‍ നല്‍കിയ ചില വ്യാഖ്യാനങ്ങളുമാണ്. സൗദി സമൂഹം ഏറെ ആദരിക്കുന്ന പണ്ഡിതനാണ് അദ്ദേഹമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. സ്വാഭാവികമായും അന്നത്തെ സാഹചര്യത്തില്‍ ബ്രദര്‍ഹുഡിന്റെ നീക്കങ്ങള്‍ സൗദി ഭരണകൂടണമോ പണ്ഡിതരോ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലായിരിക്കാം. ക്വബ്‌റാരാധനക്കും മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ഥിക്കുന്നതിനുമെതിരെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സൗദി സമൂഹത്തെ പൂര്‍ണമായും തൗഹീദീവല്‍ക്കരിച്ച അദ്ദേഹത്തോട് സൗദി സമൂഹത്തിനു വലിയ ആദരവും സ്‌നേഹവും ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ 'വഹ്ഹാബിയ്യ' എന്ന ശത്രുക്കളുടെ നാമകരണത്തെ സൗദി പണ്ഡിതന്മാര്‍ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. ക്വുര്‍ആനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണം; വ്യക്തികളല്ല എന്ന് അവര്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ശൈഖിന് സൗദി സമൂഹത്തിലുള്ള ഈ സ്വാധീനം മനസ്സിലാക്കി ശൈഖിന്റെതെന്ന പേരില്‍ ഇഖ്‌വാനികള്‍ 'രാഷ്ട്രം, ഭരണം, രാഷ്ട്രീയം, ഖിലാഫത്ത്' തുടങ്ങിയ വിഷയങ്ങളില്‍ വലിയ തെറ്റിദ്ധരിപ്പിക്കലുകള്‍ നടത്തി. ഇതിന്റെ പ്രതിഫലനങ്ങളാണ് അറബ് ലോകത്ത് ഉരുണ്ടുകൂടിയ സംഘര്‍ഷങ്ങളുടെ മുഖ്യകാരണം. സമാധാനത്തിന്റെ ദര്‍ശനമായ ഇസ്‌ലാം മധ്യമ മാര്‍ഗമാണ് അവലംബമാക്കുന്നത്. അതുകൊണ്ടു തന്നെ മധ്യമ മാര്‍ഗത്തിലേക്ക് ഞങ്ങള്‍ സൗദി സമൂഹത്തെ മടക്കുമെന്ന് പറഞ്ഞത് ഇഖ്‌വാനിയന്‍ സ്വാധീനത്തെ തുടച്ചുമാറ്റുമെന്നു തന്നെയാണ്. 

ചുരുക്കത്തില്‍ മുസ്‌ലിം സമൂഹത്തില്‍ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പിറകില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ മുസ്‌ലിം സമൂഹത്തില്‍ വളര്‍ത്തിയെടുത്ത രാഷ്ട്ര-ഭരണ സങ്കല്‍പങ്ങളുടെ സ്വാധീനമാണ് എന്ന് തന്നെയാണ് കാണാന്‍ സാധിക്കുക. 'ഇഖ്‌വാനിയ്യ' ആയിരുന്നാലും 'വഹ്ഹാബിയ്യ' ആയിരുന്നാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന സൗദി ഭരണകൂടത്തിന്റെ നിലപാട് ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുക എന്ന അവര്‍ വളരെക്കാലമായി അംഗീകരിച്ചുവരുന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്.

ഇസ്രാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ പോകുന്നുവെന്ന മാധ്യമ വാര്‍ത്ത എത്രമാത്രം അസംബന്ധമാണെന്ന് പറയാതിരിക്കാന്‍ വയ്യ. കിരീടാവകാശി ഇസ്രാഈലിന് അനുകൂലമായി സംസാരിച്ചുവെന്നത് ചില വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇസ്‌റാഈല്‍ എന്ന രാജ്യത്തിന്റെ അസ്തിത്വം അംഗീകരിക്കാത്ത ഏക രാജ്യം സൗദി അറേബ്യയാണ്. വളരെ പെട്ടെന്ന് അത്തരം കാര്യങ്ങളില്‍ ഒരു മാറ്റം വരുത്താന്‍ ഒരു കിരീടാവകാശി വിചാരിച്ചാല്‍ സാധ്യവുമല്ല. അതേസമയം അദ്ദേഹം പറഞ്ഞതെന്ത് എന്നാണ് പരിശോധിക്കപ്പെടേണ്ടത്. 

ഗോള്‍ഡ്ബര്‍ഗ് ചോദിക്കുന്നു: ''ഇസ്രായേല്‍ എന്ന രാഷ്ട്രം നിലനില്‍ക്കുന്നതിനു താങ്കള്‍ക്ക് എന്തെങ്കിലും മതപരമായ എതിര്‍പ്പുണ്ടോ?''

മുഹമ്മദ് ബിന്‍ സല്‍മാന്‍: ''മതപരമായ നിലയ്ക്ക് ഞങ്ങളുടെ ഉത്കണ്ഠ ജറുസലേമിലെ പരിശുദ്ധ ഭവനത്തിന്റെ വിധിയിലും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളിലുമാണ്. ഇതാണ് ഞങ്ങള്‍ക്കുള്ളത്. മറ്റുള്ള ഏതെങ്കിലും ജനതക്കെതിരെ ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല.'' 

മുകളിലുള്ള വാചകത്തെയാണ് മാധ്യമങ്ങള്‍ ഇസ്രാഈലിനെ സൗദി അംഗീകരിക്കാന്‍ പോകുന്നു തുടങ്ങിയ വാചകങ്ങള്‍ നല്‍കി പൊലിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച് അവരുടെ രാജ്യത്തെ ബലമായി പിടിച്ചെടുത്ത് മസ്ജിദുല്‍ അഖ്‌സയുടെ പൂര്‍ണമായ നിയന്ത്രണം കൈക്കലാക്കി ഒരു രാഷ്ട്രം രൂപംകൊണ്ടതിനെയാണ് സൗദി അറേബ്യ എക്കാലവും എതിര്‍ത്തുവന്നിട്ടുള്ളത്. അത്തരമൊരു രാജ്യത്തെ നയതന്ത്രപരമായി അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് സൗദിയുടെ നിലപാട്. അതേസമയം ഇസ്രായേല്‍ എന്ന രാജ്യം ഉണ്ടാവുന്നതിനോ ജൂതന്മാര്‍ക്കൊരു രാഷ്ട്രം എന്നതിനെയോ ഒന്നും ഒരുകാലത്തും സൗദി എതിര്‍ത്തുവന്നിട്ടില്ല. ഇസ്രായേല്‍ രാഷ്ട്രം ഉണ്ടാക്കുന്നതിനു മുമ്പ് പ്രദേശത്തെ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും സമാധാനപരമായി അവിടെ ജീവിച്ചുവന്നിട്ടുണ്ട്. ജൂതന്മാരുടെ സാന്നിധ്യത്തെയോ അവര്‍ ആ പ്രദേശത്തു ജീവിക്കുന്നതിനെയോ ഒന്നും സൗദി എതിര്‍ത്തിട്ടുമില്ല. അതുകൊണ്ട് തന്നെ 'ംല റീി' േവമ്‌ല മി്യ ീയഷലരശേീി മഴമശിേെ മി്യ ീവേലൃ ുലീുഹല' (ഞങ്ങള്‍ക്ക് മറ്റുള്ള വിഭാഗങ്ങളോട് ഒരു എതിര്‍പ്പുമില്ല) എന്ന അദ്ദേഹത്തിന്റെ വാചകത്തെ അനാവശ്യമായി വലിച്ചു നീട്ടി മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ വളര്‍ത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതോടൊപ്പം ഇസ്രാഈലിന് സൗദികള്‍ക്കിടയില്‍ അംഗീകാരം നേടിക്കൊടുക്കാനുള്ള ഒരു വൃഥാശ്രമവും അതിന്റെ പിന്നിലുണ്ടെന്ന് വ്യക്തം. 

സൗദി അറേബ്യ ഏതുകാലത്തും സത്യത്തിന്റെയും നീതിയുടെയും കൂടെയാണ്. ഇസ്രാഈല്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെട്ടു നീതിയുടെ അടിസ്ഥാനത്തില്‍ വെക്കുന്ന നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുമെന്ന് സൗദി വളരെ മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. മതപരമായ കണ്‍സേണ്‍ എന്താണെന്നാണ് മുഹമ്മദ് ബ്‌നു സല്‍മാന്‍ വ്യക്തമാക്കിയത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ലഭിക്കുന്നതിലല്ല സ്വന്തം മതത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെയും അവകാശമാണ് എന്റെ കണ്‍സേണ്‍ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ശരി. മാത്രവുമല്ല അതിനു ശേഷം അദ്ദേഹം നടത്തിയ മറ്റൊരു പ്രസ്താവനയില്‍ വളരെ വ്യക്തമായി ഇങ്ങനെ പറയുന്നു: 'ഫലസ്തീന്‍ വിഷയത്തില്‍ സമാധാനം പുലരുന്നതിനു മുമ്പ് ഇസ്രാഈലുമായി സൗദി അറേബ്യക്ക് നയതന്ത്ര ബന്ധം സാധ്യമല്ലെന്നും കിരീടാവകാശി വ്യക്തമാക്കി. സാധ്യമായ മുഴുവന്‍ പിന്തുണയും സൗദിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നു തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് തന്നെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് വ്യക്തമാക്കിയതാണ്. ജറൂസലം ആസ്ഥാനമാക്കി പൂര്‍ണ സ്വാതന്ത്ര്യമുള്ള ഫലസ്തീന്‍ രാജ്യം സ്ഥാപിതമാകുന്നതിനാണ് സൗദി ആഗ്രഹിക്കുന്നത്' (മലയാളം ന്യൂസ് 6/4/2018). 

സ്ത്രീകളുടെ വേഷം എങ്ങനെയായിരിക്കണമെന്നതില്‍ സൗദി ഭരണകൂടത്തിനോ പണ്ഡിതന്മാര്‍ക്കോ അഭിപ്രായ വ്യത്യാസമില്ല. മുഖം മറയ്ക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലെ അഭിപ്രായാന്തരം ഒഴിവാക്കിയാല്‍ സ്ത്രീ ശ്രരീരം മൊത്തം മറയുന്ന വിശാലമായ മൂടുപടം ധരിക്കണണമെന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഈയിടെ ഒരു മലയാള പത്രം നല്‍കിയ റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: 'സ്ത്രീകള്‍ ശിരോവസ്ത്രം അണിയണമെന്നില്ല: മുഹമ്മദ് ബിന്‍ സല്‍മാന്‍.' യഥാര്‍ഥത്തില്‍ അദ്ദേഹം പറഞ്ഞത് ഇന്ന് സൗദികള്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള 'അബായ' എന്ന കറുത്ത വസ്ത്രം തന്നെ ആയിക്കൊള്ളണമെന്നില്ല; മറിച്ച് ക്വുര്‍ആന്‍ നിര്‍ദേശിച്ച പോലെ ശരീരം മുഴുവന്‍ മറയുന്ന മാന്യവും മറ്റുള്ളവരാല്‍ ആദരവ് ലഭിക്കുകയും ചെയ്യുന്ന വസ്ത്രമായിരിക്കണം ധരിക്കേണ്ടത് എന്നായിരുന്നു. ഈ പ്രസ്താവനയാണ് തല മറയ്‌ക്കേണ്ടതില്ല എന്ന വ്യാഖ്യാനത്തിലേക്ക് ഒരു മലയാള പത്രത്തെ നയിച്ചത്. 

സ്ത്രീകള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് നല്‍കാന്‍ പോകുന്നതുമായി ബന്ധപ്പെട്ടും അനാവശ്യമായ തെറ്റിദ്ധാരണകള്‍ പരത്താനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. മതപരമായി നിഷിദ്ധമെന്നു പാഞ്ഞതില്‍ നിന്നും സൗദി അറേബ്യ മാറിയെന്നും അവ മതപരമായി ഇപ്പോള്‍ അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് പ്രചാരണം. സൗദി അറേബ്യയിലെ ജനങ്ങള്‍ പൊതുവില്‍ അവരുടെ മത പരമായ വിഷയങ്ങളിലുണ്ടാകുന്ന സംശയങ്ങള്‍ക്ക് നിവാരണം വരുത്തുവാന്‍ സൗദി ഭരണകൂടം തന്നെ നിശ്ചയിച്ച ഉന്നത പണ്ഡിത സഭയെയാണ് സമീപിക്കാറുള്ളത്. 'ഹൈഅത്ത് കിബാറുല്‍ ഉലമാ' എന്നറിയപ്പെടുന്ന ഈ പണ്ഡിതസഭ ഒരിക്കലും ഏകകണ്ഠമായി സ്ത്രീകളുടെ െ്രെഡവിംഗിനെ നിഷിദ്ധമെന്നു പറഞ്ഞിട്ടില്ല. ഈ വിഷയകമായി പണ്ഡിതസഭയുടെ സെക്രട്ടറി ജനറല്‍ ഡോ: ഫഹദ് അല്‍മാജിദ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: 'സ്വന്തം നിലയ്ക്ക് നിഷിദ്ധമാണ് സ്ത്രീകളുടെ വാഹനമോടിക്കല്‍ എന്ന് ഒരിക്കലും ഉന്നത പണ്ഡിതസഭ പറഞ്ഞിട്ടില്ല. ഒരു ഭരണാധികാരിക്ക് അയാളുടെ കീഴിലുള്ള ഭരണീയരുടെ സുരക്ഷ ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി ഭരണീയരുടെ നന്മക്കും അവര്‍ തെറ്റുകളിലേക്ക് വഴുതിപ്പോവാതിരിക്കാനുള്ള സംരക്ഷണമെന്ന നിലയ്ക്കും ചില കാര്യങ്ങളെ നിരോധിക്കാവുന്നതാണ്.' 

മധ്യപൗരസ്ത്യ ദേശങ്ങള്‍ക്കും ലോകസമൂഹത്തിനും സൗദി അറേബ്യ നല്‍കിക്കൊണ്ടിരിക്കുന്ന കലവറയില്ലാത്ത സഹായങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഏതു വലിയ പ്രതിസന്ധികളെയും എടുത്തുചാട്ടങ്ങളിലൂടെയോ മസില്‍ പിടുത്തത്തിലൂടെയോ നേരിടുന്നതിന് പകരം ലോക രാഷ്ട്രങ്ങളുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിച്ചുകൊണ്ടും ഉദാത്തമായ നയതന്ത്ര സമീപനം അനുവര്‍ത്തിച്ചുകൊണ്ടും പ്രശ്‌നങ്ങളെ ഇല്ലാതാക്കി സമാധാനത്തിന്റെ പാതയിലേക്കെത്തിക്കുകയാണ് സൗദി അറേബ്യ എന്നും സ്വീകരിച്ചുവന്നിട്ടുള്ള ശൈലി. സ്വന്തം സമൂഹത്തില്‍ നിന്നാണെങ്കിലും അതിക്രമങ്ങളെയും തീവ്രതകളെയും സൗദി അംഗീകരിക്കാറില്ല. സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നില്‍ക്കുകയെന്നതാണ് സൗദി ഭരണാധികാരികളുടെ നിലപാട്. തീവ്രവാദ സംഘങ്ങളെ സഹായിക്കുന്ന ഒരു രാഷ്ട്രത്തോടും സമൂഹത്തോടും സമരസപ്പെട്ടുപോവാന്‍ ക്വുര്‍ആനും സുന്നത്തും പ്രമാണമായി അംഗീകരിച്ച് 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന കലിമതുത്തൗഹീദ് പതാകയില്‍ ചേര്‍ത്ത, തിരുഗേഹങ്ങളുടെ പരിപാലനം ഏറ്റെടുത്ത സമാധാനത്തിന്റെ ദര്‍ശനമായ ഇസ്‌ലാമിനെ മതമായി അംഗീകരിച്ച ഈ രാഷ്ട്രത്തിനു ആവുകയില്ല തന്നെ. ഇസ്‌ലാം അനുശാസിക്കുന്ന ധര്‍മത്തെയും സംസ്‌കാരത്തെയും കയ്യൊഴിക്കുവാനോ പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാതായനം തുറന്നുകൊടുക്കുവാനോ സാധിക്കാത്ത തരത്തിലുള്ള ബോധ്യവും സ്ഥൈര്യവും സര്‍വശക്തന്‍ രാഷ്ട്രനായകര്‍ക്ക് സമ്മാനിക്കട്ടെയെന്നു നമുക്ക് പ്രാര്‍ഥിക്കാം.