മതരഹിത ചിന്തകളും കമ്യൂണിസവും

അഫ്താബ് കണ്ണഞ്ചേരി

2018 ഏപ്രില്‍ 14 1439 റജബ് 27
ജാതിയും മതവും രേഖപ്പെടുത്താതെ ഒരു ലക്ഷത്തിലധികം കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം നേടി എന്ന തെറ്റായ വാര്‍ത്തയോട് യുക്തിവാദികള്‍, വിശിഷ്യാ കമ്യൂണിസ്റ്റുകാര്‍ പ്രതികരിച്ചത് അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. മതചിന്തകള്‍ക്കെതിരെ വരുന്ന നേരിയ വിമര്‍ശനങ്ങള്‍ പോലും 'സംഗീതം പോലെ' ആസ്വദിക്കുന്ന തലത്തിലേക്ക് കേരളീയ കമ്യൂണിസ്റ്റുകള്‍ മാറിപ്പോയതെങ്ങനെ? ഏതൊരു സൈദ്ധാന്തിക അടിത്തറയാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രേരകമായി വര്‍ത്തിക്കുന്നത്?

ജാതിയും മതവും രേഖപ്പെടുത്താതെ ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം നേടി എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ ആഘോഷപൂര്‍വമാണ് ഇടതുപക്ഷ അനുഭാവികള്‍ വിശിഷ്യാ കമ്യൂണിസ്റ്റ് അനുഭാവികള്‍ സ്വീകരിച്ചത്. കണക്കുകള്‍ പിന്നീട് തിരുത്തിയെങ്കിലും അത്തരമൊരു വാര്‍ത്ത അവരുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് ഇടനാഴികളില്‍ നിന്നുയര്‍ന്നു വരുന്ന ആദ്യത്തെ 'മതനിരപേക്ഷ പ്രതികരണമല്ല' ഇതെന്ന് നമുക്കറിയാം. മതമില്ലാത്ത ജീവനും മതരഹിത സമൂഹവുമെല്ലാം കേരളത്തിന്റെ കമ്യൂണിസ്റ്റ് അനുയായികള്‍ക്ക് ഇഷ്ടവിഷയങ്ങളായി മാറിയിട്ട് കുറച്ചു കാലമായി. മതത്തിന്റെ ഉള്ളില്‍ തന്നെയുള്ള കാര്യങ്ങളെ വിമര്‍ശിക്കാനും അതിലെ വ്യക്തി സ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും എല്ലാം ചര്‍ച്ചയാക്കാനും അവര്‍ മുതിരുന്നു. മതപ്രബോധനത്തെ വര്‍ഗീയമായി ചിത്രീകരിക്കാനും പ്രബോധകരുടെ വാക്കുകളെ മ്ലേച്ഛമായി അവതരിപ്പിക്കാനും ശ്രമിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ടെങ്കിലും കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നുള്ള അത്തരം ശബ്ദങ്ങള്‍ സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പൊതുവെ 'മതനിരപേക്ഷത പുലര്‍ത്തുന്നവര്‍' എന്നറിയപ്പെടുന്ന അവരില്‍ 'സംഘിസം' ഉണ്ടോ എന്നു സംശയിക്കുന്ന വിശ്വാസികളും കുറവല്ല. ഈ ഒരു പശ്ചാത്തലത്തില്‍ കമ്യൂണിസം എങ്ങനെയാണ് മതത്തെ കാണുന്നത് എന്നും മതവും കമ്യൂണിസവും ആശയപരമായി ഏതു തലങ്ങളില്‍ നില്‍ക്കുന്നു എന്നും ആദര്‍ശപരമായി പരിശോധിക്കാനുള്ള ഒരെളിയ ശ്രമം നടത്തുകയാണ്.

വ്യാവസായികവിപ്ലവം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് മാര്‍ക്‌സ് ജീവിച്ചിരുന്നത്. മുതലാളിമാര്‍ മുതല്‍മുടക്കി വ്യവസായസ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും തൊഴിലാളികള്‍ കേവലം കൂലിവേലക്കാരാവുകയും ചെയ്യുന്ന കാലഘട്ടത്തില്‍. ചെറിയ കൂലി കൊടുത്ത് വലിയ ലാഭം കൊയ്യുന്ന, ചെറിയ മുതലാളിമാരെ മത്സരത്തിലൂടെ തോല്‍പിക്കുന്ന ബൂര്‍ഷ്വാ മുതലാളിമാര്‍ സമൂഹത്തില്‍ സൃഷ്ടിച്ച കടുത്ത സാമ്പത്തിക അസമത്വവും അനീതിയുമായിരിക്കണം തൊഴിലാളികളുടെ മോചനത്തിന് വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്ത കമ്യൂണിസമെന്ന ആശയമായി അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് രൂപപ്പെടാനുണ്ടായ കാരണം. മാര്‍ക്‌സിനു ചുറ്റുമുണ്ടായിരുന്ന മതമാവട്ടെ തൊഴിലാളികളുടെ അവസ്ഥ വെറും പരീക്ഷണമാണ് എന്നും നാളെയുടെ സ്വര്‍ഗത്തിന് വേണ്ടി എല്ലാം സഹിക്കാന്‍ തയ്യാറാവണം എന്നും ഉല്‍ബോധിപ്പിച്ചു. സ്വാഭാവികമായും മാര്‍ക്‌സിന്റെ അന്വേഷണങ്ങളില്‍ മതത്തിനും ദൈവത്തിനും സ്ഥാനമില്ലാതെയായി. ഹെഗലിന്റെയും ഫോയര്‍ബാക്കിന്റെയും എപ്പിക്യൂറസിന്റെയും ഡെമോക്രാറ്റിസിന്റെയുമെല്ലാം ഭൗതികവാദ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. അതില്‍ നിന്നാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം മതത്തിനും ദൈവത്തിനും കടന്നുവരാന്‍ യാതൊരു പഴുതുമില്ലാത്ത 'ചരിത്രവും വൈരുധ്യാത്മകവുമായ ഭൗതികവാദമായി' മാറുന്നത്.

ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന്റെ അടിസ്ഥാനമായി അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്നത് 'ഭൗതികവസ്തു' മാത്രമാണ്. ചലനാത്മകവും വൈരുധ്യാത്മകവുമായ അതിന്റെ സ്വഭാവംമൂലം പ്രപഞ്ചത്തില്‍ പരിണാമം ഉണ്ടാവുകയും വിരുദ്ധ ശക്തികളുടെ സംഘട്ടനം മൂലം പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. ഈ വൈരുധ്യാത്മക സ്വഭാവം മൂലമാണ് പ്രപഞ്ചത്തില്‍ സകല വസ്തുക്കളുമുണ്ടായത്. പ്രപഞ്ച വീക്ഷണത്തിന് ഉപയോഗിച്ച ഇതേ സിദ്ധാന്തം തന്നെയാണ് മാനവ ചരിത്രത്തെ നിര്‍വചിക്കാനും നിര്‍ണയിക്കാനും മാര്‍ക്‌സ് ഉപയോഗിച്ചത്. വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെയാണ് മാനവ ചരിത്രവും പുരോഗമിച്ചത് എന്നും വര്‍ഗസമരങ്ങള്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് നിദാനമായി എന്നും മാര്‍ക്‌സ് പറഞ്ഞു വെച്ചു. തങ്ങളെ ചൂഷണം ചെയ്യുന്ന മുതലാളി വര്‍ഗത്തിനെതിരെ ചൂഷിതരായ തൊഴിലാളി വര്‍ഗം സമരം ചെയ്യും. ആ പരസ്പര സംഘട്ടനത്തിലൂടെ മുതലാളി വര്‍ഗം ദുര്‍ബലമാവുകയും തൊഴിലാളി വര്‍ഗത്തിന് അനുകൂലമായ സാമൂഹ്യ സാഹചര്യം വരികയും ചെയ്യും. കര്‍ക്കശമായ സോഷ്യലിസ്റ്റ് ഭരണത്തിലൂടെ സ്വകാര്യസ്വത്ത് പൂര്‍ണമായും നശിക്കുകയും മനുഷ്യന്റെ സ്വാര്‍ഥത നശിക്കുകയും കുറ്റകൃത്യങ്ങളും അക്രമവും മാത്സര്യബുദ്ധിയും പൂര്‍ണമായും ഇല്ലാതെയാവുകയും ചെയ്യും. അങ്ങനെ കമ്യൂണിസം എന്ന സമത്വസുന്ദര ലോകം ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെടും. ഇതാണ് ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ കമ്യൂണിസം മുന്നോട്ട് വെക്കുന്ന ആശയം.

ഈ ആശയത്തില്‍ നിന്നു കൊണ്ടാണ് മതവുമായും വിശ്വാസികളുമായും കമ്യൂണിസം സംവദിക്കുന്നത് എന്നാണ് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. തികഞ്ഞ ഭൗതികവാദമായ കമ്യൂണിസത്തിന് ഒരിക്കലും ദൈവത്തെയോ മതത്തെയോ അംഗീകരിക്കാന്‍ ആവില്ല. പക്ഷേ, വര്‍ഗസമരത്തില്‍, കമ്യൂണിസമെന്ന സ്വപ്‌ന പ്രയാണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ വിശ്വാസികളെന്നോ അവിശ്വാസികളെന്നോ വേര്‍തിരിക്കാനും അതിനാവില്ല. ജനങ്ങളുടെ മനസ്സിലാണെങ്കില്‍ ദൈവവും മതവുമെല്ലാം ആഴത്തില്‍ പതിഞ്ഞു പോയിട്ടുമുണ്ട്. അതിനു നേരെ കണ്ണടക്കാനുമാവില്ല. ഈ ഒരു സങ്കീര്‍ണതയില്‍ നിന്നാണ് മതത്തെ നിര്‍വചിക്കാനും അതിനെ എങ്ങനെ സമീപിക്കണം എന്ന് പറയാനും കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ തുനിഞ്ഞത്. മതത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസത്തിന്റെ അഭിപ്രായം മാര്‍ക്‌സിന്റെ തന്നെ പ്രസിദ്ധമായ പരാമര്‍ശത്തെ ഉദ്ധരിക്കാതെ തുടങ്ങാനാവില്ല. അതിങ്ങനെയാണ്:

'മര്‍ദിതരുടെ നേടുവീര്‍പ്പാണ് മതം. ഹൃദ്യശൂന്യമായ ലോകത്തിന്റെ ഹൃദ്യമാണത്. ചൈതന്യരഹിത അവസ്ഥയിലെ ചൈതന്യമാണത്. അത് ജനങ്ങളെ മയക്കുന്ന കറുപ്പ് ആണ്.'' (മാര്‍ക്‌സ് ഹെഗലിന്റെ നിയമ ദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന).

ഇതില്‍ മര്‍ദിതന്റെ നെടുവീര്‍പ്പായും ലോകത്തിന്റെ ഹൃദയമായും ചൈതന്യമായുമെല്ലാം മതത്തെ പറയുമ്പോഴും അതിനെ മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ലെങ്കില്‍ അവനെ ബാധിച്ച ലഹരിയായി അവതരിപ്പിക്കുന്നതിലൂടെ മതമെന്ന ആശയത്തിന്റെ 'നിരര്‍ഥകത' ലോകത്തെ ബോധ്യപ്പെടുത്താനാണ് മാര്‍ക്‌സ് ശ്രമിക്കുന്നത്. ലഹരി കൃത്രിമമായ ഒരു ലോകം നമുക്ക് മുന്നില്‍ സൃഷ്ടിക്കുമല്ലോ. അത്തരം കൃത്രിമമായ ആശ്വാസമാണ് മതം നല്‍കുന്നത് എന്നും മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മതം മനുഷ്യനില്‍ നിന്ന് മറച്ചു പിടിക്കുന്നുവെന്നുമാണ് മാര്‍ക്‌സ് പറഞ്ഞതിന്റെ സാരം. കേവല യുക്തിവാദികളില്‍ നിന്ന് മാര്‍ക്‌സിയന്‍ ഭൗതികവാദികളെ വേര്‍തിരിക്കുന്നത് മാര്‍ക്‌സിസത്തിന്റെ ഈ വീക്ഷണമാണ്. അവര്‍ മതത്തെ തീവ്രമായി എതിര്‍ക്കുകയോ ശത്രു പക്ഷത്തു നിര്‍ത്തുകയോ ചെയ്യുന്നില്ല. മറിച്ച് അതൊരു ലഹരിയാണ് എന്ന് മനുഷ്യനെ ഉല്‍ബോധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

പ്രസ്തുത വചനത്തിലെ 'കറുപ്പ്' എന്ന പ്രയോഗവും പോസിറ്റിവ് ആയാണ് മാര്‍ക്‌സ് പ്രയോഗിച്ചത് എന്നു ചില കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രസംഗിച്ചു നടക്കാറുണ്ട്. 'കറുപ്പ്' ആ കാലഘട്ടത്തില്‍ വേദനാസംഹാരിയായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും മതം മനുഷ്യന്റെ വേദനകള്‍ മാറ്റുന്ന വേദനാ സംഹാരിയായി വര്‍ത്തിക്കുന്നുവെന്നുമാണ് അവര്‍ ഉന്നയിക്കുന്ന ന്യായം. ഇത് നമുക്ക് രണ്ടു രീതിയില്‍ ഖണ്ഡിക്കാനാകും. ഒന്ന് യാതൊരു വ്യാഖ്യാനവും മാര്‍ക്‌സിന്റെ വചനത്തിന് നല്‍കാതെ മാര്‍ക്‌സ് ഉദ്ദേശിച്ചത് എന്താണ് എന്ന് മാര്‍ക്‌സില്‍ നിന്നു തന്നെ മനസ്സിലാക്കുക. അതിനു ഈ വചനങ്ങള്‍ക്ക് ശേഷം മാര്‍ക്‌സ് പറഞ്ഞത് എന്താണ് എന്ന് നമുക്ക് പരിശോധിക്കാം:

'ജനങ്ങളുടെ മിഥ്യാ സുഖമായ മതത്തെ ഇല്ലാതാക്കുന്നത് അവരുടെ യഥാര്‍ഥ സുഖത്തിന് ആവശ്യമാണ്. ഈ അവസ്ഥയെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍ ത്യജിക്കാനുള്ള ആഹ്വാനം, ഈ വ്യാമോഹങ്ങള്‍ ആവശ്യമാക്കുന്ന സ്ഥിതി ത്യജിക്കാനുള്ള ആഹ്വാനമാണ്. അതിനാല്‍ മത്തെക്കുറിച്ചുള്ള വിമര്‍ശനം ദുഃഖസാഗരത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ഭ്രൂണരൂപമാണ്. ഈ ദുഃഖസാഗരത്തിന്റെ പരിവേഷമത്രെ മതം.

വിമര്‍ശനം ചങ്ങലയില്‍ നിന്ന് സാങ്കല്‍പിക പുഷ്പങ്ങളെ പറിച്ചെടുക്കുന്നത്, മനുഷ്യന്‍ മിഥ്യാബോധമോ ആശ്വാസമോ കൂടാതെ ചങ്ങല അണിയുമെന്ന് കരുതിയിട്ടല്ല. മറിച്ച്, അവന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞു ജീവനുള്ള പൂവിറുക്കുമെന്നു കരുതിയാണ്. മതത്തിന്റെ വിമര്‍ശനം, മനുഷ്യനെ മിഥ്യയില്‍ നിന്നും മുക്തനും പ്രജ്ഞയിലേക്ക് വന്നവനുമായ ഒരാളെപ്പോലെ, ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും അവന്റെ യാഥാര്‍ഥ്യം രൂപപ്പെടുത്താനും ശക്തനാക്കുന്നു. അത്‌കൊണ്ട് അവന്‍ തനിക്ക് ചുറ്റും, തന്റെ സത്യസൂര്യനു ചുറ്റും, പ്രദക്ഷിണം വെക്കും. മനുഷ്യന്‍ തനിക്ക് ചുറ്റും പ്രദക്ഷിണം വെക്കാത്തിടത്തോളം കാലം മാത്രം മനുഷ്യന് ചുറ്റും കറങ്ങുന്ന മിഥ്യാസൂര്യനാണ് മതം.'' (അതേ പുസ്തകം. പ്രസ്തുത വചനത്തിന് ശേഷമുള്ള ഭാഗം).

സംശയങ്ങള്‍ക്ക് ഇടയില്ലാത്തവിധം സ്പഷ്ടമാണ് മാര്‍ക്‌സ് പറഞ്ഞതിന്റെ ആശയം. മതം കറുപ്പായി (ലഹരിയായി) മനുഷ്യന് മിഥ്യാ സുഖം നല്‍കുന്നു. അവന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അത് മറച്ചു പിടിക്കുന്നു. അത് കൊണ്ട് തന്നെ അതിനെ ഇല്ലാതെയാക്കുക എന്നത് കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം നന്മയാണ്. മനുഷ്യന് അവന്റെ യഥാര്‍ഥ സുഖം നേടിക്കൊടുക്കാനുള്ള പരിശ്രമം.

രണ്ടാമതായി, മാര്‍ക്‌സിയന്‍ വചനത്തിന് ഇവര്‍ നല്‍കിയ അര്‍ഥം നാം മുഖവിലക്കെടുത്തു എന്നു കരുതുക. എങ്കിലും അതിനെ ഖണ്ഡിക്കാന്‍ എളുപ്പമാണ്. വേദനാസംഹാരികള്‍ ഒരിക്കലും രോഗം മാറ്റുകയില്ല എന്ന് നമുക്കറിയാമല്ലോ. മറിച്ച് അത് താല്‍ക്കാലിക ആശ്വാസം നല്‍കുക മാത്രമാണ് ചെയ്യുന്നത്. മതം വേദനസംഹാരിയാണ് എന്ന് പറയുക വഴി മനുഷ്യന്റെ പ്രയാസങ്ങളെ ദൂരീകരിക്കാന്‍ മതത്തില്‍ പരിഹാരങ്ങളില്ല, മറിച്ച് അത് താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുന്നു എന്ന് മാര്‍ക്‌സ് പറയാന്‍ ശ്രമിച്ചു എന്നല്ലേ അതിനര്‍ഥം? അങ്ങനെ നോക്കുമ്പോഴും ലഹരി എന്നതിനും വേദനസംഹാരി എന്നതിനും പ്രത്യേകിച്ച് അര്‍ഥവ്യത്യാസങ്ങള്‍ ചമക്കേണ്ട ആവശ്യമില്ലല്ലോ. കമ്യൂണിസ്റ്റ് ആചാര്യന്മാരും ചിന്തകരുമെല്ലാം ഇതേ വീക്ഷണത്തില്‍ തന്നെയാണ് മതത്തെ നോക്കിക്കണ്ടതും. ഈ വചനത്തിന് അതില്‍ കവിഞ്ഞ് ഒരര്‍ഥം ആരും കാണുകയും ഉണ്ടായില്ല. ലെനിന്‍ പറയുന്നത് കാണുക:

''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ' മതത്തെ സംബന്ധിച്ചിടത്തോളം ഉള്ള മാര്‍ക്‌സിന്റെ പരിപൂര്‍ണ നിഗമനം ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും പള്ളികളെയും എല്ലാതരത്തിലുമുള്ള മതസംഘടനകളെയും തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുള്ള ഉപകരണങ്ങള്‍ ആയിട്ടാണ് മാര്‍ക്‌സിസം കരുതുന്നത്'' (മതത്തോടുള്ള തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സമീപനം: ലെനിന്‍).

മാര്‍ക്‌സിസത്തെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച ലെനിന്‍ ഈ തത്ത്വം മുറുകെ പിടിച്ചുകൊണ്ടു തന്നെയാണ് തൊഴിലാളി വര്‍ഗത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചതും. അദ്ദേഹം എഴുതുന്നു:

''നാഗരിക ജീവിതത്തില്‍ പ്രബുദ്ധനായ തൊഴിലാളി മതവിധിയെ അവജ്ഞയോടെ വലിച്ചെറിയുന്നു. സ്വര്‍ഗത്തെ പുരോഹിതന്മാര്‍ക്കും ബൂര്‍ഷാ മതഭ്രാന്തന്മാര്‍ക്കുമായി വിട്ടുകൊടുത്ത് ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മതത്തിന്റെ മൂടല്‍മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്റെ സഹായം തേടുകയും വര്‍ത്തമാനകാലത്ത് മികച്ച ജീവിതത്തിനു വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ച് ചേര്‍ത്ത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്‍ത്തിയെടുക്കുകയും ചെയ്യുന്ന സോഷ്യലിസത്തിന്റെ ഭാഗമാണ് ഇന്നത്തെ തൊഴിലാളി വര്‍ഗം'' (ലെനിന്‍ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും സംസ്‌കാരവും).

മതമെന്ന ലഹരിയെ മനുഷ്യമനസ്സുകളില്‍ നിന്ന് തൂത്തെറിയാന്‍ മാര്‍ക്‌സിസത്തിനു നിശ്ശേഷം സാധിക്കുമെന്ന വിശ്വാസം കൊണ്ടാണ് ലെനിന്‍ ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം ജനങ്ങളോട് ഇങ്ങനെ വിളിച്ചു പറഞ്ഞത്:

''നാം ദൈവവുമായി മല്ലിടും. അത്യുന്നത സ്വര്‍ഗത്തില്‍ വെച്ച് അവനെ നാം കീഴടക്കും. അവന്‍ അഭയം തേടുന്നിടത്തെല്ലാം ചെന്ന് നാം അവനെ ശാശ്വതമായി നിഗ്രഹിക്കും.''

കമ്യൂണിസമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള പരിശ്രമത്തില്‍ വിലങ്ങുതടിയാവുന്ന മതവിശ്വാസം സ്വാഭാവികമായും വിപ്ലവപ്രസ്ഥാനങ്ങളുടെ ചരടുവലിക്കുന്നവരില്‍ ഉണ്ടായിക്കൂടല്ലോ. തൊഴിലാളി വര്‍ഗത്തില്‍ ആകട്ടെ മുന്‍പേ പറഞ്ഞ പോലെ വിശ്വാസികളുടെ എണ്ണം ചിലപ്പോള്‍ കൂടുതലും ആയേക്കാം. അത്തരം സാഹചര്യങ്ങളില്‍ പോലും മൗലികമായ ആദര്‍ശത്തെ കയ്യൊഴിഞ്ഞുകൊണ്ട് തീരുമാനങ്ങള്‍ എടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ ശ്രമിച്ചിട്ടില്ല എന്ന് കമ്യൂണിസം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച നാടുകളുടെ ചരിത്രം പരിശോധിച്ചാല്‍ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. മതവിശ്വാസികളുടെ പാര്‍ട്ടി അംഗത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഇ.എം.എസ് പറയുന്നത് നോക്കൂ:

''സോവിയറ്റ് യൂണിയനും ഇന്ത്യയും അടക്കം എല്ലാ രാജ്യങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വത്തിനുള്ള പ്രാഥമികമായ വ്യവസ്ഥ പാര്‍ട്ടിയുടെ പരിപാടികളും ചട്ടങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ്. അതുണ്ടെങ്കില്‍ ഏതൊരാള്‍ക്കും പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിക്കാം; അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തിന് ബോധ്യപ്പെട്ടാല്‍ അംഗത്വം കിട്ടുകയും ചെയ്യും. അതിനു മതവിശ്വാസം ഉപേക്ഷിക്കുക എന്ന ഒരു മുന്‍ ഉപാധി ഇല്ല.

പക്ഷേ, തുടക്കത്തില്‍ മതവിശ്വാസി ആണെങ്കിലും വൈരുധ്യാത്മക ഭൗതിക വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ടിയില്‍ അംഗത്വം കിട്ടുന്നതോടെ ഭൗതികവാദത്തിന്റെ ദാര്‍ശനിക സമീപനം ഉള്‍കൊള്ളാന്‍പാര്‍ട്ടി മെമ്പറായ ഓരോ ആളും പരിശ്രമിക്കണം. അതിന്റെ ഫലം സദാ പാര്‍ടി അവലോകനം ചെയ്തു കൊണ്ടിരിക്കും. എന്ന് വെച്ചാല്‍ മതവിശ്വാസത്തില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്കുള്ള പുരോഗതി പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പാര്‍ട്ടി അംഗത്വം നേടുന്ന വ്യക്തിയും അദ്ദേഹത്തെ നയിക്കുന്ന പാര്‍ട്ടിയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.''(ഇ.എം.എസ്: മതവിശ്വാസവും കമ്യൂണിസ്റ്റുകാരും). 

''മാര്‍ക്‌സിസ്റ്റുകാരന്‍ ഭൗതികവാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു.'' (ഇ.എം.എസ് സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്‌സിസം) എന്നു പറഞ്ഞതും ഇതേ ഇ.എം.എസ് തന്നെയാണ്. ചുരുക്കത്തില്‍ മൗലികമായി തന്നെ കമ്യൂണിസം മതത്തെ അംഗീകരിക്കുന്നില്ല എന്നും അതിനു കാരണം അതിന്റെ ഭൗതികവാദപരമായ വീക്ഷണമാണ് എന്നും നാം മനസ്സിലാക്കിയല്ലോ. കമ്യൂണിസത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് മതരഹിതമായ ഒരു സാമൂഹ്യ സാഹചര്യം കെട്ടിപ്പടുക്കേണ്ടത് കമ്യൂണിസത്തിന്റെ ആവശ്യമായത് കൊണ്ടാണ് അത്തരം ആദര്‍ശങ്ങള്‍ അവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മതത്തെ പ്രതിക്കൂട്ടിലാക്കുന്ന സംവാദങ്ങള്‍ സജീവമായി നിര്‍ത്തുന്നതിന്റെ പിന്നിലും ഇതേ അടവുനയം തന്നെയാണ് കമ്യൂണിസ്റ്റുകള്‍ പയറ്റുന്നത്. കമ്യൂണിസത്തിന്റെ മതവിമര്‍ശനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് വിശ്വാസികളെ 'ചിന്തിപ്പിക്കാം' എന്നും സ്വന്തം വിശ്വാസത്തെ കുറിച്ചുള്ള സംശയങ്ങള്‍ അവരില്‍ ജനിപ്പിക്കുമെന്നും അവര്‍ വ്യാമോഹിക്കുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ മതവിമര്‍ശനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ മുഖവുരയില്‍ കെ.ഇ.എന്‍ ഇങ്ങനെ എഴുതിയത്:

''മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് സമീപനങ്ങള്‍ വ്യക്തമാക്കുന്ന ഈ സമാഹാരം സാമാന്യബോധത്തിന്റെ ശീതളഛായയില്‍ സ്വസ്ഥരായിരിക്കുന്നവരെ അസ്വസ്ഥരാക്കും. വിടര്‍ന്ന് നില്‍ക്കുന്ന പൂക്കളെ നോക്കി പുളകിതരാകുന്നവരെ അത് വേരിന്റെ പരുക്കന്‍ അവസ്ഥകളിലേക്ക് വലിച്ചെറിയും. അന്തിമമായ ഉത്തരങ്ങളില്‍ തലചായ്ച്ചുറങ്ങുന്നവരെ ചോദ്യങ്ങളുടെ അശാന്തമായ സമുദ്രങ്ങളിലേക്ക് അത് പിടിച്ചു തള്ളും. എല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്ന അലസ സംതൃപ്തിക്കുമേല്‍ അന്വേഷണത്തിന്റെ തീജ്വാലകളായ് ആളിക്കത്തും. സ്വന്തം സാധ്യതകളെ ബാധ്യതകളായി മാറ്റുന്ന 'തത്ത്വചിന്താപരമായ വീഴ്ചകള്‍ക്കെതിരെ' ഈ പുസ്തകം പിന്മടക്കമില്ലാത്ത ഒരു വെല്ലുവിളിയായി, ഇനിയും മരവിച്ചിട്ടില്ലാത്ത മനസ്സുകളില്‍ ചിന്തയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും'' (മതത്തെപ്പറ്റി, മുഖവുര: കെ.ഇ.എന്‍).

പക്ഷേ, യഥാര്‍ഥ വിശ്വാസികളെ അസ്വസ്ഥരാക്കാനോ സംശയത്തിലാക്കാനോ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശയില്‍ നിന്നാകണം ആധുനിക കമ്യൂണിസ്റ്റുകള്‍ മതത്തെ കടന്നാക്രമിച്ചു കൊണ്ട് പ്രതികരിക്കുന്നത്. 'കമ്യൂണിസം എന്ന സ്വര്‍ഗ'ത്തിന് വേണ്ടി പണിയെടുക്കാന്‍ വിശ്വാസികള്‍ തയ്യാറായേക്കും എന്ന വിശ്വാസത്തിന് ഭംഗം വരുന്നത് കൊണ്ടായിരിക്കും ഒരുപക്ഷേ, മത പ്രബോധനവും ബോധവല്‍ക്കരണവും എല്ലാം അവര്‍ക്ക് അനിഷ്ടകരമായ സംഗതികളായി ഭവിക്കുന്നത്. അല്ലാത്ത വ്യാഖ്യാനങ്ങളെല്ലാം അസ്ഥാനത്താണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.