ഇസ്‌ലാം ആശ്ലേഷണത്തിലെ 'രാഷ്ട്രീയ'വും അവകാശ നിഷേധവും

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09
ഒരാള്‍ക്ക് ഏത് മതവും സ്വീകരിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കാനും മതരഹിതനായി ജീവിക്കാനുമൊക്കെ ഇന്ത്യാരാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭൗതികമായ താല്‍പര്യങ്ങള്‍ക്കോ രാഷ്ട്രീയ കാര്യങ്ങള്‍ക്കോ പ്രതിഷേധസൂചകമായോ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ വേണ്ടി മതം മാറാമോ? അങ്ങനെ മാറിയവരുടെ അവകാശസംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയില്‍ പെടുമോ? ഒരന്വേഷണം.

ഇസ്ലാം ഒരാളുടെയും കുത്തകയല്ല. ജാതിമത ഭേദമന്യെ ദേശ, വര്‍ണ വൈജാത്യങ്ങള്‍ക്കപ്പുറം ഏതൊരാള്‍ക്കും സ്വതന്ത്രമായി സ്വീകരിക്കാന്‍ അവകാശമുള്ള ദര്‍ശനമാണ് ഇസ്ലാം. അത് പ്രപഞ്ചനാഥനായ സ്രഷ്ടാവ് മനുഷ്യകുലത്തിന്റെ ഇഹപര വിജയത്തിനുവേണ്ടി അവതരിപ്പിച്ച ജീവിതനിയമങ്ങളുടെ സമാഹാരമാണ്. സ്രഷ്ടാവിന്റെ മുമ്പില്‍ സൃഷ്ടികളെല്ലാം സമന്മാരായതുകൊണ്ടു തന്നെ ഇസ്ലാമിനെ ഉടമപ്പെടുത്തുന്ന മുതലാളിമാരില്ല. പൗരോഹിത്യത്തിന്റെ സമ്മതപത്രമോ മേലധ്യക്ഷന്മാരുടെ സാക്ഷ്യപത്രമോ ആവശ്യമില്ല ഒരാള്‍ക്ക് ഇസ്ലാം സ്വീകരിക്കാന്‍. സംഘടനകളുടെയോ നേതാക്കളുടെയോ തിട്ടൂരവും വേണ്ടതില്ല. മരണശേഷമുള്ള നിത്യജീവിതമായ പരലോകത്തില്‍ രക്ഷ ലഭിക്കണമെന്ന താല്‍പര്യമായിരിക്കണം ഇസ്ലാം സ്വീകരിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും ഒരാളെ പ്രേരിപ്പിക്കേണ്ടത്. തന്നെ സൃഷ്ടിച്ച നാഥന്‍ മാത്രമെ ആരാധനക്കര്‍ഹനുള്ളൂവെന്നും ആ സ്രഷ്ടാവ് ഭൂലോകത്തേക്കച്ചയച്ച ഒട്ടനവധി പ്രവാചകന്മാരില്‍ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്ﷺ എന്നും മനസ്സിലുറപ്പിച്ച് നാവിലൂടെ സധൈര്യം പ്രഖ്യാപിച്ച് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഏതൊരാള്‍ക്കും ഇസ്ലാം സ്വീകരിക്കാം. ജീവിതത്തിലുടനീളം സ്രഷ്ടാവിന്റെ കല്‍പനകളും പ്രവാചകന്റെ ജീവിതമാതൃകകളും അംഗീകരിച്ച് മുമ്പോട്ട് പോകുമെന്ന ദൃഢനിശ്ചയമായിരിക്കണം ഇസ്ലാം സ്വീകരിച്ച വ്യക്തിക്കുണ്ടായിരിക്കേണ്ടത്. ഭൗതികമായ താല്‍പര്യങ്ങള്‍ക്കോ രാഷ്ട്രീയ കാര്യങ്ങള്‍ക്കോ വേണ്ടിയായിരിക്കരുത് ഇസ്ലാം ആശ്ലേഷണം. 

നബിﷺ പറഞ്ഞു: 'പ്രവര്‍ത്തനങ്ങള്‍ സോദ്ദേശ്യപ്രകാരമാണ്. ഓരോരുത്തര്‍ക്കും അവര്‍ ഉദ്ദേശിച്ചതെന്തോ അതുമാത്രമാണ് ലഭ്യമാവുക. ആരെങ്കിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണ് പലായനം നടത്തുന്നതെങ്കില്‍ അയാളുടെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയായിരിക്കും. പലായനം ഐഹിക ക്ഷേമത്തെയോ, വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയെയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടം അതുമാത്രമായിരിക്കും.' ഇതര മതദര്‍ശനങ്ങളെ ത്യജിച്ച്, ഇസ്ലാമിലേക്ക് പലായനം നടത്തുന്ന വ്യക്തിയുടെ മനസ്സില്‍ തന്റെ പരലോകവിജയവും ഇഹലോകത്ത് അല്ലാഹുവിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിലുള്ള സന്തോഷവുമായിരിക്കണം നിറഞ്ഞുനില്‍ക്കേണ്ടത്. 

ജനിച്ചുവീണ കുടുംബത്തിന്റെ മത കാഴ്ചപ്പാടുകളില്‍നിന്നകന്ന് മറ്റൊരു മതത്തില്‍ എത്തിച്ചേരാന്‍ ഏതൊരു വ്യക്തിക്കും ഒരു കാരണമുണ്ടായിരിക്കും. പുതുതായി സ്വീകരിക്കുന്ന മതത്തിന്റെ ശരിയെ കണ്ടെത്തിക്കൊണ്ടാവാം, അല്ലെങ്കില്‍ പഴയ മതത്തില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാവാം. അതുമല്ലെങ്കില്‍ പുതിയ മതത്തിന്റെ അനുയായികളോട് ഭരണാധികാരികളും സമൂഹവും കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് അവരോടുള്ള ഐക്യദാര്‍ഢ്യം കാരണമാവാം. പ്രലോഭനങ്ങളോ പ്രകോപനങ്ങളോ ഇല്ലാതെ സ്വന്തം ഇച്ഛപ്രകാരം മറ്റൊരു മതത്തെ സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കാരണങ്ങള്‍ എന്തായിരുന്നാലും ഒരാള്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചുവെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അയാളെ മുസ്ലിം സമൂഹത്തിലെ അംഗമായിട്ടാണ് പരിഗണിക്കുന്നത്. അയാളുടെ മനസ്സിലെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം സ്രഷ്ടാവിന്റെ സമക്ഷത്തിങ്കലേക്ക് വിടുകയാണ് അഭികാമ്യം. യുദ്ധം നടന്നുകൊണ്ടിരിക്കെ ഒരാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പ്രഖ്യാപിച്ചിട്ടും യുദ്ധത്തില്‍ അയാള്‍ വധിക്കപ്പെട്ടതിനെ ചോദ്യം ചെയ്ത പ്രവാചകനോട് അയാള്‍ രക്ഷപ്പെടാന്‍ വേണ്ടി പറഞ്ഞതാകുമെന്നു മറുപടി പറഞ്ഞ അനുചരന്മാരോട് അദ്ദേഹത്തിന്റെ ഹൃദയം നിങ്ങള്‍ കീറി മുറിച്ചു പരിശോധിച്ചിരുന്നുവോ എന്ന് ചോദിച്ച് നബിﷺ ദേഷ്യപ്പെട്ടത് ഇവിടെ അനുസ്മരിക്കപ്പെടേണ്ടതാണ്. 

ഇസ്ലാമിലേക്ക് ഒരാള്‍ കടന്നുവരുന്നത് വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാവാം. അബൂലഹബ് പ്രവാചകനോട് കാണിച്ച ക്രൂരതയില്‍ പ്രതിഷേധിച്ചാണ് പ്രവാചകന്റെ പിതൃവ്യനായിരുന്ന ഹംസ(റ) ഇസ്ലാം സ്വീകരിച്ചത്. ഇതുപോലുള്ള പല കാരണങ്ങളാലും പ്രവാചകന്റെ കാലഘട്ടത്തില്‍ പലരും ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഇസ്ലാം സ്വീകരിച്ചവരൊക്കെയും ഇസ്ലാം എന്തെന്ന് പഠിക്കുകയും ജീവിതത്തില്‍ വിശ്വാസപരമായും കര്‍മപരമായും മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യാനാണ് ശ്രമിച്ചിരുന്നത്. ഒരു സമുദായത്തില്‍ നിന്നും മറ്റൊരു സമുദായത്തിലേക്കുള്ള കൂടുമാറ്റമായിരുന്നില്ല അതൊന്നും. ഒരു പേരില്‍ നിന്നും മറ്റൊരു പേരിലേക്കുള്ള മാറ്റവുമായിരുന്നില്ല. പേരുകള്‍ അറബി തന്നെ ആവണമെന്ന നിഷ്‌കര്‍ഷതയൊന്നും ഇസ്ലാം സ്വീകരിക്കുന്നവരുടെ പേരില്‍ അടിച്ചേല്‍പിക്കേണ്ടതുമില്ല. ഇസ്‌ലാമിക വിശ്വാസത്തിനു വിരുദ്ധമായ പേരുകളുണ്ടെങ്കില്‍ അത് മാറ്റണമെന്ന് മാത്രം. 

ഇസ്ലാം ആദര്‍ശമാണ്; വിശ്വാസങ്ങളും സല്‍കര്‍മങ്ങളുമാണ്. സല്‍സ്വഭാവങ്ങളും നല്ല സംസ്‌കാരങ്ങളുമാണ്. ദൈവഹിതമനുസരിച്ചുള്ള ജീവിതരീതിയും മരണശേഷമുള്ള അനശ്വരജീവിതത്തിലേക്കുള്ള ഒരുക്കങ്ങളുമാണ്. അതിലേക്കുള്ള മാറ്റം കക്ഷിരാഷ്ട്രീയം പോലെ ഇടക്കിടക്ക് കൂറുമാറാവുന്ന രാഷ്ട്രീയമല്ല. തന്റെ ഇസ്ലാം ആശ്ലേഷണത്തിനു പിന്നില്‍ വിശ്വാസമല്ല, മുസ്ലിംകളെ പിന്തുണക്കുന്ന രാഷ്ട്രീയമാണെന്നു പറയുന്ന ശൈലികള്‍ ശരിയല്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അമുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നു പറഞ്ഞുകൊണ്ട് ആരെങ്കിലും അമുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് മറ്റൊരു മതം സ്വീകരിക്കുന്നതിനെ നാം എന്ത് പറയും? മുസ്ലിംകളെ പിന്തുണച്ചിരുന്ന അമുസ്ലിംകള്‍ പ്രവാചകന്റെ കാലത്തുമുണ്ടായിരുന്നു. പ്രവാചകന്റെ പിതൃവ്യനായിരുന്ന അബൂത്വാലിബ് പ്രവാചകനും അനുയായികള്‍ക്കും സംരക്ഷണമൊരുക്കുന്ന 'രാഷ്ട്രീയം' സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു. അതേസമയം ഇസ്ലാം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നിട്ടും അദ്ദേഹത്തിന്റെ സഹായം ഒട്ടും വൈമനസ്യമില്ലാതെ പ്രവാചകന്‍ﷺ നിര്‍ലോഭം സ്വീകരിക്കുകയും ചെയ്തു. പ്രവാചകന്‍ അദ്ദേഹത്തെ അത്യധികം സ്‌നേഹിച്ചു. അബൂത്വാലിബും പ്രവാചകനെ സ്‌നേഹിച്ചു. 'മുഹമ്മദിനെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയണമെന്നും അതിനു സാധിക്കില്ലെങ്കില്‍ അവര്‍ക്ക് വിട്ടുകൊടുക്കണ'മെന്നും ക്വുറൈശികള്‍ പല തവണ അബൂത്വാലിബിനോട് ആവശ്യപ്പെട്ടു. പക്ഷേ, അബൂത്വാലിബ് അദ്ദേഹത്തിനുവേണ്ടി പ്രതിരോധമായി നിലകൊണ്ടു. അദ്ദേഹം പറഞ്ഞു: 'സഹോദരപുത്രാ! നീ പോയി നിനക്കിഷ്ടമുള്ളത് പറഞ്ഞോളൂ. ഒരു കാരണവശാലും നിന്നെ ഞാന്‍ കയ്യൊഴിക്കില്ല.' അവിശ്വാസിയായിരിക്കെ തന്നെ അബൂത്വാലിബ് സ്വീകരിച്ച നിലപാട് കാപട്യമില്ലാത്തതായിരുന്നു. അവിശ്വാസത്തെ ഉള്ളിലൊളിപ്പിച്ച് ഇസ്ലാമിനെ പുറത്തേക്ക് കാണിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മനസ്സിന്റെ ഉള്ളറകളില്‍ സകലവിധ അവിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള നിലപാടുകള്‍ ഊട്ടിയുറപ്പിച്ച് കൊണ്ട് വിശ്വാസം പ്രഖ്യാപിച്ചെങ്കില്‍ മാത്രമെ അയാള്‍ക്ക് ആത്യന്തികമായി രക്ഷയുണ്ടാവുകയുള്ളൂ. മുസ്ലിംകളുടെ അവകാശങ്ങള്‍ക്കും അവരുടെ സുരക്ഷക്കും വേണ്ടി നിലയുറപ്പിക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയം പ്രഖ്യാപിക്കാന്‍ ഒരാള്‍ക്ക് മുസ്ലിമാവുക അനിവാര്യമല്ല. 

ഡച്ച് ഫ്രീഡം പാര്‍ട്ടിയുടെ നേതാവായിരുന്ന അര്‍നോഡ് വാന്‍ ഡോണ്‍ ഇസ്ലാം സ്വീകരിച്ചത് അതേ പാര്‍ട്ടിയുടെ നേതാവായിരുന്ന ഗീര്‍ട്ട് വില്‍ഡേഴ്‌സ് നിര്‍മിച്ച പ്രവാചകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന 'ഫിത്‌ന' എന്ന സിനിമയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു. 'ഫിത്‌ന'ക്കെതിരെ ലോകത്താകമാനം ഉയര്‍ന്നുവന്ന പ്രതിഷേധം ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ പ്രചോദനമായി എന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാം സ്വീകരിച്ച ശേഷം അദ്ദേഹം മക്കയില്‍ വന്നു ഹജ്ജ് നിര്‍വഹിക്കുകയും മദീന സന്ദര്‍ശിക്കുകയും ചെയ്തു. ഇസ്ലാമിക പ്രബോധനത്തിനായി അദ്ദേഹം 'യൂറോപ്യന്‍ ദഅ്‌വ ഫൗണ്ടേഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു. ഇസ്ലാമിനോടും മുസ്‌ലിംകളോടും ശത്രുതാപരമായ സമീപനം വെച്ചുപുലര്‍ത്തുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ആള്‍ക്കൂട്ടഭീകരതകള്‍ സൃഷ്ടിച്ച് അവരെ ഇല്ലാതാക്കുകയും അവരുടെ വാസസ്ഥലങ്ങളില്‍ നിന്നും അവരെ പുറത്താക്കി വംശീയ ഉന്മൂലനത്തിനു ശ്രമിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സുമനസ്സുകള്‍ അതിനെതിരെ പ്രതിഷേധിക്കും. ഈ പ്രതിഷേധം ചിലരെ ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിക്കും. ഇങ്ങനെ ഇസ്ലാം സ്വീകരിക്കുന്നവര്‍ പ്രാഥമികമായി മനസ്സിലാക്കേണ്ടത് ഇസ്ലാം വിശ്വാസവും കര്‍മവും അനുഷ്ഠാനവും സ്വഭാവവും സംസ്‌കാരവുമെല്ലാം അടങ്ങിയ ഒരു ജീവിതദര്‍ശനമാണെന്ന സത്യമാണ്. അതില്‍ നിന്നും ഏതെങ്കിലും ഒന്നിനെ മാറ്റി നിര്‍ത്താന്‍ സാധ്യമല്ല. ക്വുര്‍ആന്‍ പറയുന്നത് ഇങ്ങനെ: ''സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു'' (ക്വുര്‍ആന്‍ 2:208).

ഇസ്ലാം കേവലം ഒരു വ്യക്തിനിഷ്ഠമായ ആശയമല്ല, മറിച്ച് അതിനു ഒരു സാമൂഹിക തലമുണ്ട്. ദിവസവും അഞ്ചുനേരം പള്ളികളില്‍ ആരാധനക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ കേവലം ആരാധന നിര്‍വഹിക്കുക മാത്രമല്ല, മനുഷ്യരിലെ സാമൂഹികബോധത്തെ ഊട്ടിയുറപ്പിക്കുക കൂടി ചെയ്യുന്നു. നിര്‍ബന്ധവും ഐച്ഛികവുമായ ദാനധര്‍മങ്ങള്‍ നല്‍കുന്നത് പോലും സംഘടിതമായി നിര്‍വഹിക്കുന്നതിനു പിന്നില്‍ ഈ സാമൂഹികബോധമാണ് പ്രേരകമാവുന്നത്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് മാത്രം ഇസ്ലാമിലെ സാമൂഹികതലത്തെ ആശ്രയിക്കുകയും വിശ്വാസം, ആരാധന, അനുഷ്ഠാനം, ധാര്‍മിക നിയമങ്ങള്‍ തുടങ്ങിയവയില്‍ ഇസ്ലാമിനെ കയ്യൊഴിക്കുകയും ചെയ്യുകയെന്നത് മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചവരില്‍ പോലും കണ്ടുവരുന്നുണ്ട്. വിവാഹച്ചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പുരോഹിതന്മാര്‍ വേണമെന്ന മിഥ്യാധാരണകളും മരണശേഷം അടക്കം ചെയ്യപ്പെടാന്‍ ഒരിടം ഉണ്ടായില്ലെങ്കിലോ എന്ന വ്യാകുലതയുമാണ് ഇങ്ങനെയുള്ള ചടങ്ങുകളില്‍ മാത്രം പലരുടെയും ഇസ്ലാം പ്രകടമാവുന്നത്. 

മുസ്ലിമായി മരണപ്പെടുന്ന ഒരാളുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടത് ഇസ്ലാമിക ആചാരങ്ങള്‍ അനുസരിച്ചും അയാള്‍ അടക്കം ചെയ്യപ്പെടേണ്ടത് മുസ്ലിംകളുടെ ക്വബ്ര്‍സ്ഥാനിലുമായിരിക്കണമെന്നത് ഇസ്ലാമിക നിയമം മാത്രമല്ല, നമ്മുടെ രാജ്യനിയമമനുസരിച്ചും അങ്ങനെ തന്നെയാണ്. അതൊരു വ്യക്തിയുടെ മൗലികാവകാശം കൂടിയാണ്. ഒരാള്‍ ഇസ്ലാം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതിനെ നിഷേധിക്കാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല. ഇസ്ലാം മാത്രമല്ല, ഏതൊരു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അയാളുടേത് മാത്രമാണ്. സത്യം പറഞ്ഞുകൊടുക്കുക മാത്രമാണ് ഒരു പ്രബോധകന്റെ കര്‍ത്തവ്യം. അത് സ്വീകരിക്കാത്തവര്‍ക്ക് സ്രഷ്ടാവ് നരകാഗ്‌നി ഒരുക്കിവെച്ചിട്ടുണ്ട്. ഇങ്ങനെ ഐച്ഛിക സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഒരാള്‍ ഇസ്ലാം തന്റെ ആദര്‍ശമായി സ്വീകരിച്ചുകഴിഞ്ഞാല്‍ അയാള്‍ ഇസ്ലാമിക സമൂഹത്തില്‍ അംഗമായി. അയാളുടെ ആ അവകാശത്തെ പിടിച്ചുവെക്കാന്‍ അയാളുടെ കുടുംബത്തിനോ നാട്ടുകാര്‍ക്കോ മറ്റുള്ളവര്‍ക്കോ അവകാശമില്ല. 

ടി.എന്‍. ജോയ് എന്ന നജ്മല്‍ ബാബുവിന്റെ ഇസ്ലാം ആശ്ലേഷണവും മരണവും മരണാനന്തര പ്രശ്‌നങ്ങളും ചര്‍ച്ചയാവുന്നത് ഇവിടെയാണ്. നജ്മലിന്റെ മൃതദേഹം അദ്ദേഹം ആവശ്യപ്പെട്ടത് പോലെ അടക്കം ചെയ്യാതിരുന്നത് തീര്‍ച്ചയായും മനുഷ്യാവകാശ ലംഘനമാണ്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കലുമാണ്. ടി.എന്‍. ജോയ് എന്ന പേരില്‍ പതിറ്റാണ്ടുകളായി കേരളീയ പൊതുസമൂഹത്തിനു സുപരിചതനായ നജ്മല്‍ ബാബു കേരളത്തിലെ ഇടതുപക്ഷ സൈദ്ധാന്തികരില്‍ പലരുടെയും അടുത്ത കൂട്ടുകാരനായിരുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തിലൂടെ പൊതുജീവിതം ആരംഭിച്ച അദ്ദേഹം കേരളത്തിലെ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുഐക്യം വളരെയധികം ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്. 2014ല്‍ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിതനായ ശേഷം മുസ്ലിംകളെ അപരവല്‍ക്കരിച്ച് അടിച്ചുകൊല്ലുന്ന പ്രവണതകള്‍ വര്‍ധിച്ചപ്പോള്‍ മുസ്ലിം സമുദായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. തന്റെ മരണശേഷം മൃതദേഹം കൊടുങ്ങല്ലൂരിലെ അതിപുരാതനമായ ചേരമാന്‍ ജുമാമസ്ജിദ് ക്വബ്ര്‍സ്ഥാനില്‍ മറവ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയില്‍ എഴുതി സമര്‍പ്പിച്ചിരുന്നു. ഇസ്ലാം പ്രത്യക്ഷമായി പ്രഖ്യാപിച്ച ഒരു വ്യക്തിയുടെ മൃതദേഹം കുടുംബക്കാര്‍ ചേര്‍ന്ന് ദഹിപ്പിച്ച നടപടി സാംസ്‌കാരിക കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണ്. കേരളമേറെ ആദരിച്ചിരുന്ന, ലോകപ്രശസ്തയായ എഴുത്തുകാരി കമല സുരയ്യ(മാധവിക്കുട്ടി)യുടെ കുടുംബം അവരുടെ മൃതദേഹത്തോട് കാണിച്ച ആദരവ് കേരളീയ പൊതുസമൂഹത്തിനു മാതൃകയായിരുന്നു. ആ മാതൃക പിന്തുടരുകയായിരുന്നു നജ്മല്‍ ബാബുവിന്റെ കുടുംബവും ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ സ്വതന്ത്രമായ ജീവിതം പോലെ മരണത്തിനു ശേഷവും അദ്ദേഹത്തെ സ്വതന്ത്രമായി വിടണമെന്നഭ്യര്‍ഥിച്ചുകൊണ്ട് കുടുംബത്തെ സമീപിച്ചവരില്‍ കെ. സച്ചിദാനന്ദന്‍, വി. കെ. ശ്രീരാമന്‍, സുനില്‍ പി ഇളയിടം, സി. ഗൗരിദാസന്‍ നായര്‍, കെ. ജി. ശങ്കരപ്പിള്ള, ഷഹബാസ് അമന്‍ തുടങ്ങിയ പ്രമുഖരെല്ലാം ഉണ്ടായിരുന്നു. പക്ഷേ, കുടുംബാംഗങ്ങള്‍ തങ്ങളുടെ തീരുമാനം മൃതദേഹത്തിനുമേല്‍ അടിച്ചേല്‍പിക്കുകയായിരുന്നു. മതാചാരങ്ങള്‍ തങ്ങള്‍ പ്രാക്ടീസ് ചെയ്യാറില്ലെന്നു പറഞ്ഞ സഹോദരങ്ങള്‍ തങ്ങളുടെ 'യുക്തിവാദം' മരണപ്പെട്ട ഇസ്ലാംമത വിശ്വാസിയുടെ മേല്‍ അടിച്ചേല്‍പിച്ചതിലെ യുക്തി ബോധ്യപ്പെടുന്നില്ല. 'ഇന്ത്യനവസ്ഥയില്‍ യുക്തിവാദം ഹിന്ദുത്വവാദത്തിന്റെ ഇരട്ടസഹോദരനാണ്' എന്ന ടി. എന്‍. ജോയിയുടെ തന്നെ പ്രസിദ്ധമായ വാചകം അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ തന്നെ മൃതദേഹത്തിനുമേല്‍ സഹോദരങ്ങള്‍ നടപ്പാക്കി എന്നുവേണം കരുതാന്‍. മരണപ്പെട്ട ഒരാളെ അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ പ്രഖ്യാപിച്ച ശരികളിലൂടെ മുമ്പോട്ടുപോവാന്‍ അനുവദിക്കാതെ സ്വന്തം ശരികളെ അയാള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നതാണോ യുക്തിവാദികളുടെ നീതിബോധം?

ഇതിനുമുമ്പ് ഇക്കഴിഞ്ഞ ജനുവരിയില്‍ മരണപ്പെട്ട കൊടുങ്ങല്ലൂര്‍ കാര സ്വദേശി ഇ.സി. സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ കാര്യത്തിലും സമാനമായ അനുഭവമാണുണ്ടായത്. 2000ല്‍ മുസ്ലിമായ സൈമണ്‍ മാസ്റ്റര്‍ ഇസ്ലാം-ക്രൈസ്തവ താരതമ്യ പഠനത്തിലൂടെയാണ് ഇസ്ലാം സ്വീകരിച്ചത്. ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചുകൊണ്ടാണ് അദ്ദേഹം വിശ്വാസം പ്രഖ്യാപിച്ചത്. ഇസ്ലാം സ്വീകരിച്ചതിന്റെ തൊട്ടടുത്ത മാസം തന്റെ മരണശേഷം മൃതദേഹം ഇസ്ലാമികരീതിയില്‍ ക്വബറടക്കണമെന്നു രേഖാമൂലം വസ്വിയ്യത്ത് തയാറാക്കുകയും സ്വന്തം ഒപ്പിനു പുറമെ സാക്ഷികളായി മക്കളായ ജോണ്‍സനെക്കൊണ്ടും ജെസിയെക്കൊണ്ടും ഒപ്പുവയ്പ്പിക്കുകയും ചെയ്തിരുന്നു. വസ്വിയ്യത്ത് അദ്ദേഹം അംഗമായിരുന്ന കൊടുങ്ങല്ലൂര്‍ കാതിയാളം മഹല്ലിനെ ഏല്‍പിക്കുകയും ചെയ്തിരുന്നു. പക്ഷേ, മരണശേഷം ആ വസ്വിയ്യത്ത് പാലിക്കാതെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പഠനവിഭാഗത്തിനു കൈമാറുകയായിരുന്നു കുടുംബാംഗങ്ങള്‍ ചെയ്തത്. എന്തുകൊണ്ടാണ് സര്‍ക്കാരോ ഡിപ്പാര്‍ട്ടുമെന്റുകളോ ഇക്കാര്യത്തില്‍ സജീവമായി ഇടപെടാത്തത്? 'ഇസ്ലാമിക തീവ്രവാദത്തിനു നാം വടിവെട്ടിക്കൊടുക്കരുത്, ഈ സന്ദര്‍ഭത്തില്‍ നാം കുടുംബത്തോടൊപ്പം നില്‍ക്കുകയാണ് വേണ്ടത്' എന്ന് വലിയ വായിലുള്ള പ്രസ്താവനകളാണ് മതേതരം പ്രസംഗിക്കുന്നവരില്‍ നിന്ന് വരെ ഉണ്ടാവുന്നത് എന്ന കാര്യം ഖേദകരമാണ്. മുസ്ലിമായ ഒരു വ്യക്തിയുടെ മൃതദേഹം ഇസ്ലാമികമായ ആചാരപ്രകാരം സംസ്‌കരിക്കുന്നത് എങ്ങനെയാണ് തീവ്രവാദമാവുന്നത്? ഇത്തരത്തില്‍ അളിഞ്ഞ യുക്തിവാദവും ലിബറല്‍ വരേണ്യവുമാണ് നമ്മുടെ പൊതുബോധത്തെ ഭരിക്കുന്നതെങ്കില്‍ ഫാസിസം നമ്മുടെ രാജ്യത്ത് തഴച്ചുവളരുകയേ ഉള്ളൂ. 

ഒരാള്‍ അയാള്‍ പിറന്നുവീണ മതത്തില്‍ നിന്നും മറ്റൊരു മതം സ്വീകരിക്കുമ്പോള്‍ അതിനെ സംരക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഭരണഘടന നല്‍കുന്ന അവകാശമെന്ന നിലക്ക് വളരെ കൃത്യമായ നടപടിക്രമങ്ങള്‍ ഈ വിഷയത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇസ്ലാം സ്വീകരിച്ചവര്‍ക്ക് മതംമാറ്റം സംബന്ധിച്ച പ്രഖ്യാപനം സമര്‍പ്പിക്കാനും അംഗീകാരം നേടാനുമുള്ള ചട്ടം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ രൂപീകരിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഇക്കഴിഞ്ഞ ജൂണ്‍ 26നു കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 1937ലെ ശരീഅത്ത് ആക്റ്റ് അനുസരിച്ച് ഇങ്ങനെ ഒരു അതോറിറ്റി രൂപീകരിക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് നിര്‍ദേശിച്ചിട്ടും ഇക്കാലമത്രയും സര്‍ക്കാര്‍ ഈ കാര്യത്തില്‍ നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നു കോടതി നിരീക്ഷിച്ചിരുന്നു. വ്യക്തിനിയമം നടപ്പാക്കല്‍ ചട്ടത്തില്‍ പറയുന്ന പോലെ മതംമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമെ ഇസ്ലാം സ്വീകരിക്കുന്നവരുടെ മതംമാറ്റം നിയമപരിരക്ഷയിലൂടെ സംരക്ഷിക്കപ്പെടുകയുള്ളൂ. താന്‍ ഇസ്ലാം സ്വീകരിച്ചെങ്കിലും അത് തെളിയിക്കാന്‍ ഔദ്യോഗിക രേഖകളില്ലെന്നും അത് പരിഹരിക്കപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇസ്ലാം സ്വീകരിച്ച തദേവൂസ് എന്ന വ്യക്തി നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി സര്‍ക്കാരിനോട് അതോറിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 25ന് മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതിനു തയ്യാറായിട്ടില്ല. സര്‍ക്കാരിന് മേല്‍ കോടതി അലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്യുമെന്നാണ് അഭിഭാഷകര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. സൈമണ്‍ മാസ്റ്ററുടെ കേസിലും ഇപ്പോള്‍ നജ്മല്‍ ബാബുവിന്റെ കേസിലും കോടതിക്ക് പോലും വേണ്ട രൂപത്തില്‍ ഇടപെടാന്‍ സാധിക്കാതെ വരുന്നത് ഇസ്ലാം സ്വീകരിച്ചതിന്റെ രേഖകള്‍ക്കുംഅവരുടെ വസ്വിയ്യത്തുകള്‍ക്കുമുള്ള നിയമസാധുതയുടെ പോരായ്മയാണ്. ഇത് ലഭ്യമാക്കാനാണ് ഇപ്പോള്‍ കോടതി സര്‍ക്കാരിനോട് അതോറിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുളളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഴകൊഴമ്പന്‍ നയം മാറ്റിവെച്ച് നിയമത്തോട് സഹകരിക്കുകയാണ് വേണ്ടത്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനു വേണ്ടിയുള്ള ആത്മാര്‍ഥമായ ഇടപെടലുകള്‍ നടത്തി മനുഷ്യാവകാശ സംരക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുമ്പോട്ട് വരണം.