ആത്മീയ ചൂഷണം, അതിവാദം, അനുഷ്ഠാന തീവ്രത, ഇസ്‌ലാം

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25
അനുഷ്ഠാനങ്ങളിലെ കണിശതയും അനുഷ്ഠാന തീവ്രതയും രണ്ടും രണ്ടാണ്. കണിശത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും തീവ്രത അപലപിക്കപ്പെടേണ്ടതുമാണ്. കണിശതയുടെ അടിസ്ഥാനം പ്രമാണങ്ങളാണ്. തീവ്രതയുടെ ആധാരം പ്രമാണങ്ങള്‍ക്കുള്ള മനുഷ്യനിര്‍മിത വ്യാഖ്യാനങ്ങളാണ്. പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടു വന്നിട്ടുള്ള അറിവുകളിലൂടെ ജീവിതം ക്രമപ്പെടുത്താനുള്ള ഒരു മുസ്‌ലിമിന്റെ തീരുമാനത്തെ ആദര്‍ശ കണിശത എന്നും അനുഷ്ഠാനങ്ങളില്‍ പുലര്‍ത്തിപ്പോരുന്ന സൂക്ഷ്മതക്കും കണിശതക്കും അനുഷ്ഠാനങ്ങളിലെ കണിശത എന്നുമാണ് പറയേണ്ടത്. 

കേരളത്തിലെ മുസ്‌ലിം സാമൂഹിക മണ്ഡലങ്ങളിലും മാധ്യമങ്ങളിലും അടുത്ത കാലത്തായി ഏറെ പ്രതിപാദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രയോഗങ്ങളാണ് ആത്മീയ അതിവാദം, അനുഷ്ഠാന തീവ്രവാദം, ആത്മീയ ചൂഷണം തുടങ്ങിയവ. മതം നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങളിലും അനുഷ്ഠാനങ്ങളിലും കണിശമായ നിലപാട് പുലര്‍ത്തുന്നതിനെ പരിഹസിക്കുന്നതിനോ ആക്ഷേപിക്കുന്നതിനോ വേണ്ടിയാണ് ആത്മീയ അതിവാദം, അനുഷ്ഠാന തീവ്രവാദം തുടങ്ങിയ സംജ്ഞകള്‍ ധാരാളമായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മതത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് പൗരോഹിത്യം നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ പൊതുവില്‍ ആത്മീയ ചൂഷണം എന്നും വിളിക്കപ്പെടുന്നു. 

ആത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ആത്മീയം എന്ന് പറയുന്നത്. ആത്മാവ് മനുഷ്യന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുമപ്പുറമാണ്. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിധേയമാവുന്ന കാര്യങ്ങളില്‍ മാത്രമെ മനുഷ്യന്റെ അന്വേഷണങ്ങള്‍ സാധ്യമാവൂ. ആത്മാവ് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് നിര്‍വചിക്കാനോ വിവരിക്കാനോ സാധ്യമല്ലാത്ത വിധം മനുഷ്യന്റെ മുന്നില്‍ ഒരു പ്രഹേളികയായി അവശേഷിക്കുകയുമാണ്. മനുഷ്യാരംഭം തൊട്ടുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ അസന്ദിഗ്ധമാം വിധം മനുഷ്യന്റെ ബുദ്ധിയുടെയും യുക്തിയുടെയും പരിധിയെ ബോധ്യപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ''പ്രവാചകരേ, താങ്കളോട് അവര്‍ ആത്മാവിനെ കുറിച്ച് ചോദിക്കുന്നു. പറയുക, ആത്മാവ് എന്റെ നാഥന്റെ കാര്യത്തില്‍ പെട്ടതാണ്. നിങ്ങള്‍ക്ക് വളരെ കുറച്ചല്ലാതെ അറിവ് നല്‍കപ്പെട്ടിട്ടില്ല'' (ക്വുര്‍ആന്‍ 17:85). ഈ വിഷയത്തില്‍ ദൈവത്തെയും പ്രവാചക വചനങ്ങളെയും മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ശാസ്ത്ര ഗവേഷണങ്ങളാവട്ടെ എവിടെയും എത്താതെ വഴിമുട്ടി നില്‍ക്കുകയും ചെയ്യുന്നുവെന്നത് ആത്മാവിനെക്കുറിച്ചുള്ള ജ്ഞാനം മനുഷ്യന്റെ വിജ്ഞാന പരിധിയില്‍ നില്‍ക്കുന്ന ഒന്നല്ലെന്നും വ്യക്തമാക്കുന്നു. 

ബീജവും അണ്ഡവും സംയോജിക്കുന്നതിലൂടെ ഒരു മനുഷ്യന്റെ പിറവിക്കുള്ള പ്രാരംഭം കുറിക്കുന്നുണ്ടെങ്കിലും നാല് മാസം കഴിഞ്ഞതിനു ശേഷമാണ് ആത്മാവ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതെന്നാണ് മുഹമ്മദ് നബി ﷺ പഠിപ്പിക്കുന്നത്. മരണം വരെ ആത്മാവ് മനുഷ്യന്റെ കൂടെയുണ്ടാവുകയും മരണത്തോടെ ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെടുകയും ചെയ്യുന്നു. കേവലം ജഡാവസ്ഥയിലുള്ള മനുഷ്യന്റെ ശരീരത്തെ ചിന്ത, വിശ്വാസം, തീരുമാനങ്ങള്‍ തുടങ്ങിയവയിലൂടെ ജ്വലിപ്പിച്ചും സക്രിയമാക്കിയും മുമ്പോട്ട് നയിക്കുന്നത് ആത്മാവാണെന്ന് എല്ലാവരും സമ്മതിക്കുന്നു. മനുഷ്യന്റെ കേവലമായ അറിവുകളിലൂടെ ഏറ്റവും ശരിയായ വിശ്വാസവും കര്‍മവും കണ്ടുപിടിക്കാനും മനുഷ്യന്റെ ലക്ഷ്യസ്ഥാനത്തെ കുറിച്ച് അറിയുവാനും സാധിക്കില്ല. അതുകൊണ്ടുതന്നെ സ്രഷ്ടാവിന്റെ അന്യൂനമായ നിയമസംഹിതകള്‍ കൊണ്ട് ശുദ്ധീകരിച്ചുകൊണ്ടു മാത്രമെ ആത്മാവിനെ ശരിയായ പാതയില്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആത്മാവിനെ പരിശുദ്ധമാക്കുക എന്ന ആഹ്വാനം ക്വുര്‍ആന്‍ വിവിധ സന്ദര്‍ഭങ്ങളിലായി ആവര്‍ത്തിക്കുന്നുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കുന്നതിനായി ക്വുര്‍ആന്‍ ഉപയോഗിച്ച പദമാണ് 'സകാ' എന്നത്.  'തസ്‌കിയത്ത്' അതിന്റെ ക്രിയാധാതുവാണ്. ആത്മാവിനെ സംസ്‌കരിക്കുന്നതിലൂടെ മാത്രമെ മനുഷ്യന്റെ ശരീരത്തെയും അവയവങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ശുദ്ധീകരിക്കാന്‍ സാധിക്കൂ. ക്വുര്‍ആന്‍ പറഞ്ഞു: ''തീര്‍ച്ചയായും അതിനെ (ആത്മാവിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു'' (ക്വുര്‍ആന്‍: 91:9,10). 

ആത്മാവിനെ സംസ്‌കരിക്കാനുള്ള വിജ്ഞാനമാണ് വിശുദ്ധ ക്വുര്‍ആനും മുഹമ്മദ് നബി ﷺ യുടെ ജീവിതചര്യയും നമുക്ക് സമ്മാനിക്കുന്നത്. പ്രസ്തുത വിജ്ഞാനങ്ങള്‍ ആദ്യ ഉത്തമ തലമുറകളിലെ സച്ചരിത സമൂഹം മനസ്സിലാക്കിയതുപോലെ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തിന്റെ എല്ലാ മേഖലകളെയും വൈജ്ഞാനികമാക്കുകയും സംസ്‌കരിക്കുകയും ചെയ്യുകയാണ് ആത്മ സംസ്‌കരണം നേടാനുള്ള മാര്‍ഗം. ഇങ്ങനെ ആത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുവില്‍ ആത്മീയം എന്നറിയപ്പെടുന്നു. ആത്മീയ കാര്യങ്ങളില്‍ അങ്ങേയറ്റത്തെ സൂക്ഷ്മത പുലര്‍ത്തി, ആളിക്കത്തുന്ന അഗ്‌നിയില്‍ നിന്നും സംരക്ഷിക്കപ്പെടുന്നവനെ കുറിച്ച് ക്വുര്‍ആന്റെ പ്രയോഗം 'അത്ക്വാ' എന്നാണ്. (ക്വുര്‍ആന്‍ 92:17). ദൈവിക നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നതില്‍ അങ്ങേയറ്റത്തെ സൂക്ഷ്മതയും ഭക്തിയും കാണിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നതിനാണ് 'അത്ക്വാ' എന്ന് പറയുന്നത്. അപ്രകാരം 'അത്ക്വാ'യായി ആത്മാവിനെയും ശരീരത്തെയും ദൈവിക നിയമങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തി സൂക്ഷ്മതയോടെ ജീവിക്കുകയെന്നതാണ് മനുഷ്യന് ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ദൗത്യം.

ആത്മീയ വിജ്ഞാനങ്ങളുടെ സ്രോതസ്സ് ദൈവിക ഗ്രന്ഥവും പ്രവാചകചര്യകളുമാണെന്നു നടേ സൂചിപ്പിച്ചുവല്ലോ. ഈ വിജ്ഞാനങ്ങള്‍ സ്വായത്തമാക്കുവാന്‍ അവസാന വേദഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആനും അന്തിമ പ്രവാചകനായ മുഹമ്മദ് നബി ﷺ യുടെ ചര്യകളടങ്ങുന്ന ഹദീഥുകളും പഠിക്കുക ഓരോ മനുഷ്യനും അനിവാര്യമത്രെ. പക്ഷേ, സാധാരണക്കാരായ ഓരോരുത്തര്‍ക്കും ഈ വിജ്ഞാനങ്ങള്‍ കരഗതമാക്കുവാന്‍ ഭാഷാപരിമിതികളും ജീവിതസാഹചര്യങ്ങളും ബൗദ്ധികമായ ഏറ്റക്കുറച്ചിലുകളും തടസ്സമാവുന്നു. അവ പഠിച്ച പണ്ഡിതന്മാരെ സമീപിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. ഇവിടെയാണ് പൗരോഹിത്യം സമര്‍ഥമായി ഇടപെടുന്നത്. 

പൗരാണിക മതങ്ങളായി അറിയപ്പെടുന്ന സെമിറ്റിക് മതങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാനകാരണം മതത്തിന്റെ കുത്തകാവകാശം പൗരോഹിത്യം കൈവശം വെച്ചതാണ്. മതം പഠിപ്പിക്കുന്ന ആത്മീയ വിജ്ഞാനങ്ങളെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുകയും തങ്ങളുടെ ഹിതമനുസരിച്ചും ഭൗതിക താല്‍പര്യങ്ങള്‍ക്കനുസരിച്ചും അവയെ വിശദീകരിക്കുകയും ചെയ്തതോടെ പൗരോഹിത്യത്തിന്റെ സഹായമില്ലാതെ മതപരമായ വിശ്വാസങ്ങള്‍ സ്വീകരിക്കുവാനും കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനും ആര്‍ക്കും സാധിക്കാതെ വരികയും ചെയ്തു. മതത്തിലെ ശരിതെറ്റുകള്‍ ദൈവികപ്രമാണങ്ങള്‍ പറയുന്നതിനപ്പുറം പുരോഹിതന്മാര്‍ തന്നെ നിശ്ചയിക്കുന്ന അവസ്ഥ സംജാതമായി. അതിനെക്കുറിച്ചാണ് 'അവര്‍ അവരിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കി' എന്ന് ക്വുര്‍ആന്‍ പറഞ്ഞത്. ദൈവിക വിജ്ഞാനങ്ങള്‍ പഠിക്കുകയും അതുള്‍ക്കൊണ്ടു കൊണ്ട് ലാഭേഛകളില്ലാതെ ജീവിക്കുകയും ചെയ്യുന്നവരാണ് ഇസ്‌ലാമിലെ പണ്ഡിതന്മാര്‍. സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായ വേഷഭൂഷാദികളോ മറ്റു പ്രത്യേകതകളോ അവര്‍ക്കില്ല. ജീവിതത്തില്‍ നിന്നും ഒളിച്ചോടിയുള്ള സന്യാസജീവിതവും അവര്‍ക്കില്ല. ജനങ്ങളുമായി ഇടപഴകിയായിരിക്കും അവരുടെ ജീവിതം. സാധാരണക്കാരില്‍ നിന്നും വിഭവങ്ങള്‍ മോഹിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി മതവിധികള്‍ നല്‍കുകയോ വിജ്ഞാനങ്ങളില്‍ അവര്‍ മായം ചേര്‍ക്കുകയോ ചെയ്യില്ല. മതവിഷയങ്ങളില്‍ സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കും. ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന പണ്ഡിതന്‍ ഇങ്ങനെയാണെങ്കിലും മുസ്‌ലിംകള്‍ക്കിടയിലും പണ്ഡിതന്മാരെ കുറിച്ചുള്ള വികലമായ ധാരണകള്‍ കാലാകാലങ്ങളായി പെരുകി വന്നിട്ടുണ്ട്. പാണ്ഡിത്യം ആദരിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍ ആദരവ് ആരാധനയോളമെത്തുകയും ദിവ്യവെളിപാടുകള്‍ പോലും അവര്‍ക്കുണ്ടെന്ന സങ്കല്‍പം വളരുകയും അവര്‍ പറയുന്നത് പ്രാമാണികമാണോ എന്ന് പോലും പരിശോധിക്കാതെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന 'ഫാന്‍സുകള്‍' മുസ്‌ലിം സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്. യഥാര്‍ഥ പണ്ഡിതന്മാര്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി സമൂഹത്തെ ബോധവല്‍ക്കരിക്കുന്നുണ്ടെങ്കിലും ആത്മീയ പരിവേഷത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ച് സമൂഹത്തിന്റെ അജ്ഞതയെയും ചിന്താശൂന്യതയെയും മുതലെടുത്ത് ജീവിക്കുന്ന പുരോഹിതന്മാരുടെ എണ്ണം വളരെക്കൂടുതലാണ്. ആത്മീയ ചൂഷണം തഴച്ചുവളരുന്നത് ഇവരിലൂടെയാണ്. സ്രഷ്ടാവിനും സൃഷ്ടിക്കുമിടയില്‍ പുരോഹിതന്മാര്‍ അനിവാര്യമാണെന്ന സങ്കല്‍പം വളരെ മുമ്പേയുള്ളതാണ്. എന്നാല്‍ മനുഷ്യര്‍ ബുദ്ധിപരമായി വളരെയധികം വികസിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്ന ഈ കാലത്ത് പുരോഹിതന്മാരെക്കുറിച്ചുള്ള പുതിയ പുതിയ സങ്കല്‍പ കഥകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ മരിച്ചു കഴിഞ്ഞാലും എല്ലാം കാണാനും കേള്‍ക്കാനും അറിയാനും സാധിക്കുമെന്നും അതുകൊണ്ട് തങ്ങളോട് പ്രാര്‍ഥിക്കുകയും സഹായമര്‍ഥിക്കുകയും ചെയ്താല്‍ തങ്ങള്‍ ഉത്തരം ചെയ്യുമെന്നും പൗരോഹിതന്മാരില്‍ ചിലര്‍ മുസ്‌ലിം സാമാന്യ ജനത്തോടു പറയുന്നു. തങ്ങള്‍ക്കു മുമ്പേ ക്വബ്‌റിലെത്തിയവരുടെ സംസാരങ്ങള്‍ പോലും അറിയാന്‍ സാധിക്കുമെന്ന് ഒരു പുരോഹിതന്‍ ഇൗയിടെ അവകാശപ്പെടുകയുണ്ടായി. 

പ്രവാചകന്റെ മുടിയുടെയും പൊടിയുടെയും പേരില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പണമുണ്ടാക്കുന്ന ആത്മീയ ചൂഷകര്‍ ഇന്ന് കേരളത്തില്‍ വിലസി നടക്കുകയാണ്. ഇസ്‌ലാമിലെവിടെയും പുണ്യം നിര്‍ദേശിച്ചിട്ടില്ലാത്ത കഅ്ബാലയ കിസ്‌വയുടെ ഒരു ചെറിയ കഷ്ണം തക്കത്തില്‍ സംഘടിപ്പിച്ച് അതിന്റെ പേരിലൊരു വലിയ സമ്മേളനം സംഘടിപ്പിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കേട്ടത്. അതിന്റെ പേരില്‍ വമ്പിച്ച തോതിലുള്ള തട്ടിപ്പുകളാണ് വരുംനാളുകളില്‍ കേരളം കാണാന്‍ പോകുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ ഉത്തരവാദപ്പെട്ടയാളുകള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുന്നയിച്ച് കാലം കഴിക്കുകയാണെന്നതാണ് വര്‍ത്തമാനകാലം നേരിടുന്ന ഏറ്റവും വലിയ ദുരവസ്ഥ. അതിനിടയിലും യഥാര്‍ഥ മുജാഹിദുകള്‍ ആത്മീയ തട്ടിപ്പുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തുന്നുവെന്നത് അല്‍പം ആശ്വാസം പകരുന്നു.

ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുഴച്ചു നില്‍ക്കുന്ന ഒന്നാണ് 'ആത്മീയ ജീവിതം' എന്ന പേരിലറിയപ്പെടുന്ന, ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നും വ്യവഹാരങ്ങളില്‍ നിന്നും ഒളിച്ചോടി ആരാധനകളില്‍ മാത്രം മുഴുകിയുള്ള ജീവിതം. ഭൗതിക ജീവിതത്തെ പൂര്‍ണമായും മാറ്റി നിര്‍ത്തിയുള്ള ഒരു ജീവിതക്രമം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഒരു പച്ചയായ മനുഷ്യനായി ജീവിതത്തിലെ വിഷമതകളും പ്രയാസങ്ങളുമെല്ലാം അനുഭവിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി ജീവിക്കുവാനാണ് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളത്. ജനങ്ങളുമായി കൂടിക്കലര്‍ന്ന് അവരില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ സഹിച്ചു ജീവിക്കുന്ന വിശ്വാസിയാണ് ജനങ്ങളുമായി കൂടിക്കലരാതെ അവരില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ സഹിക്കാതെ ജീവിക്കുന്ന വിശ്വാസിയെക്കാള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലത്തിനര്‍ഹന്‍ എന്നാണ് മുഹമ്മദ് നബി ﷺ പഠിപ്പിച്ചത്. ആത്മീയത വര്‍ധിപ്പിക്കുന്നതിന് വേണ്ടി വിവാഹം ഒഴിവാക്കി ബ്രഹ്മചര്യത്തില്‍ കഴിഞ്ഞുകൂടിയ വേദക്കാരില്‍ ചിലരുടെ പ്രവര്‍ത്തനത്തെ ക്വുര്‍ആന്‍ അതിനിശിതമായി വിമര്‍ശിക്കുകയുണ്ടായി. ആത്മീയത വര്‍ധിക്കുന്നതിന് വേണ്ടി രാത്രിയില്‍ പൂര്‍ണമായും ഉറക്കമൊഴിവാക്കി ആരാധനാകര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനെയും ജീവിതം മുഴുവന്‍ വ്രതമനുഷ്ഠിക്കുന്നതിനെയും വിവാഹം കഴിക്കാതെ ജീവിക്കുന്നതിനെയും പ്രവാചകന്‍ ﷺ അനുഷ്ഠാന തീവ്രതകളായി കണ്ടതായും അതിനെ ശക്തമായി അപലപിച്ചതായും ഹദീഥുകളില്‍ കാണാം. സ്വൂഫിസവും ത്വരീക്വത്തുകളുമെല്ലാം മനുഷ്യരെ ഭൗതിക ജീവിതത്തില്‍ നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം അല്ലാഹുവിലേക്കുള്ള അടുപ്പം ഇടയാളന്മാരായി അഭിനയിക്കുന്ന പുരോഹിതന്മാരിലൂടെ മാത്രമെ സാധ്യമാവൂ എന്നും പഠിപ്പിക്കുന്നു. ഏതൊരു മനുഷ്യനും വളരെ ലളിതമായി സാധ്യമാവേണ്ട സ്രഷ്ടാവിനോടുള്ള സാമീപ്യം ഇത്തരം ആത്മീയതകള്‍ തകര്‍ക്കുകയാണ് ചെയ്യുന്നത്. 

അനുഷ്ഠാനങ്ങളിലെ കണിശതയും അനുഷ്ഠാന തീവ്രതയും രണ്ടും രണ്ടാണ്. കണിശത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും തീവ്രത അപലപിക്കപ്പെടേണ്ടതുമാണ്. കണിശതയുടെ അടിസ്ഥാനം പ്രമാണങ്ങളാണ്. തീവ്രതയുടെ ആധാരം പ്രമാണങ്ങള്‍ക്കുള്ള മനുഷ്യനിര്‍മിത വ്യാഖ്യാനങ്ങളാണ്. പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടു വന്നിട്ടുള്ള അറിവുകളിലൂടെ ജീവിതം ക്രമപ്പെടുത്താനുള്ള ഒരു മുസ്‌ലിമിന്റെ തീരുമാനത്തെ ആദര്‍ശ കണിശത എന്നും അനുഷ്ഠാനങ്ങളില്‍ പുലര്‍ത്തിപ്പോരുന്ന സൂക്ഷ്മതക്കും കണിശതക്കും അനുഷ്ഠാനങ്ങളിലെ കണിശത എന്നുമാണ് പറയേണ്ടത്. ഭൗതികതയെ പാടേ ഉപേക്ഷിക്കാനോ കേവലം 'ആത്മീയ ജീവി'കളാവാനോ സ്വയം പീഡിപ്പിക്കാനോ ക്വുര്‍ആനോ സ്വീകാര്യയോഗ്യമായ ഹദീഥുകളോ ആഹ്വാനം ചെയ്യുന്നില്ല. എന്നാല്‍ ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഒരാള്‍ ജീവിതത്തിന്റെ എല്ലാ മേഖലയും ക്രമപ്പെടുത്തുകയും സൂക്ഷ്മത കൈവരിക്കുകയും ചെയ്യുന്നതിനെ അനുഷ്ഠാന തീവ്രതയെന്നു പറഞ്ഞ് ആക്ഷേപിക്കുവാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസകാര്യങ്ങളിലെ അതിസൂക്ഷ്മമായ കാര്യങ്ങളിലും പ്രവാചകചര്യകളില്‍ വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങളിലും ക്വുര്‍ആനിന്റെ ആയത്തുകള്‍ക്കും സ്വഹീഹായ ഹദീഥുകള്‍ക്കും അനുസരിച്ച് ഒരാള്‍ ജീവിതത്തെ ക്രമപ്പെടുത്തുന്നുവെങ്കില്‍ അതിനെ 'തക്വ്‌വ'യുടെ ഭാഗമായിട്ടാണ് കാണേണ്ടത്. പ്രവാചകന്‍ ഇരുന്ന സ്ഥലത്ത് ഇരുന്നിരുന്ന, പ്രവാചകന്‍ നിന്ന സ്ഥലത്ത് നിന്നിരുന്ന, പ്രവാചകന്റെ എല്ലാ കാര്യങ്ങളെയും പൂര്‍ണമായും ഒപ്പിയെടുക്കാന്‍ ശ്രമിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിനെ ആരും 'ആത്മീയ ജന്തു'വെന്നോ 'അനുഷ്ഠാന തീവ്രവാദി' എന്നോ അല്ല വിളിച്ചിരുന്നത്; മറിച്ച് 'മുത്തബിഉസ്സുന്ന:' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

മതവിഷയങ്ങളിലും ആദര്‍ശങ്ങളിലും വലിയ തോതില്‍ ഇടപെടുന്നവര്‍ ആത്മീയ തീവ്രവാദികളാവുമെന്ന ഒരു പ്രസ്താവന ഇൗയിടെ മീഡിയകളില്‍ വളരെയധികം ചര്‍ച്ചയായിരുന്നു. ഒരു വിഭാഗത്തോടുള്ള അസഹിഷ്ണുതയുടെ പേരില്‍ തെറ്റുധരിപ്പിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള ആ പ്രസ്താവനയില്‍ അടങ്ങിയ വലിയ അപകടം നാം കാണാതെ പോകരുത്. മുകളില്‍ സൂചിപ്പിച്ച പോലെ മതവിഷയങ്ങളില്‍ വലിയ തോതില്‍ ഇടപെട്ടിരുന്ന ഒരു സ്വഹാബിയെ ആരും ഒരു ആത്മീയ തീവ്രവാദിയായി കണ്ടില്ല. കാരണം അദ്ദേഹം സ്വജീവിതത്തെ ക്വുര്‍ആനിനും പ്രവാചകജീവിതത്തിനും അനുസൃതമാക്കുവാനാണ് ശ്രമിച്ചത്. പ്രവാചകന് നീണ്ട താടിയുണ്ടായിരുന്നു, അദ്ദേഹം വസ്ത്രധാരണത്തിനു ചില നിയമങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്, ഭക്ഷണം കഴിക്കുമ്പോഴുള്ള മര്യാദകള്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിലൊക്കെ ആ സ്വഹാബി പ്രവാചകനെ അനുധാവനം ചെയ്തു. ആരും അദ്ദേഹത്തെ അനുഷ്ഠാന തീവ്രവാദിയെന്ന് വിളിച്ചില്ല. അബ്ദുല്ലാഹിബ്‌നു ഉമറി(റ)നെ പോലെ ആരെങ്കിലും ഇസ്‌ലാമിക വിഷയങ്ങളില്‍ കണിശത പുലര്‍ത്തി ജീവിക്കുകയും അവ പ്രബോധനം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ എങ്ങനെയാണ് അനുഷ്ഠാന തീവ്രത എന്നുവിളിക്കുക? പ്രവാചകനില്‍ നിന്നും താന്‍ ഉള്‍ക്കൊണ്ട കാര്യങ്ങള്‍ മറ്റുളളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിനെ അസഹിഷ്ണുതയോടെ കാണേണ്ടതുണ്ടോ?

അതേസമയം ഏതെങ്കിലുമൊരു കാര്യത്തില്‍ ഒരാള്‍ പ്രവാചകചര്യ പിന്തുടരുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ അയാളെ ആക്ഷേപിക്കുന്നതോ അപഹസിക്കുന്നതോ ഒരിക്കലും അഗീകരിക്കാന്‍ കഴിയില്ല. അത് മറ്റൊരു അസഹിഷ്ണുതയാണ്. കാര്യങ്ങള്‍ നല്ല രൂപത്തില്‍ വ്യക്തമാക്കിക്കൊണ്ടും ഉപദേശ രൂപേണയോ പ്രേരിപ്പിച്ചുകൊണ്ടോ ഉള്ള സംഭാഷണങ്ങള്‍ കൊണ്ടുമാണ് പ്രവാചകചര്യകള്‍ പഠിപ്പിക്കപ്പെടേണ്ടത്. അതുപോലെ തന്നെ വാജിബ്, സുന്നത്ത്, മുസ്തഹബ്ബ് തുടങ്ങിയ കാര്യങ്ങളില്‍ ഉസ്വൂലുകള്‍ പഠിക്കാതെ അല്‍പജ്ഞാനികളായ ആളുകളില്‍ നിന്നുണ്ടാവുന്ന മുറിയറിവുകളും വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഏതെങ്കിലും പണ്ഡിതന്മാരുടെ മാത്രം അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഫത്‌വകളിലൂടെയോ സംഘടനാപരമായ തീരുമാനങ്ങളിലൂടെയോ അല്ല, പ്രാമാണികമായ സ്ഥിരീകരണങ്ങളിലൂടെയാണ് അന്തിമമായ ധാരണയിലെത്തേണ്ടത്.

ആത്മീയ അതിവാദമെന്ന ഒരു പുതിയ സംജ്ഞ ഈ അടുത്തകാലത്ത് മാത്രം പ്രത്യക്ഷപ്പെട്ടതാണ്. നേരത്തെ വിവരിച്ച പോലെ ഭൗതിക ജീവിതത്തിലെ സുഖങ്ങളും ദുഖങ്ങളുമെല്ലാം വെടിഞ്ഞു ആത്മീയമായ വിചാരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും സാമൂഹിക ബാധ്യതകളും തള്ളിക്കളഞ്ഞുകൊണ്ടുള്ള ജീവിത വീക്ഷണത്തെയാണ് ആത്മീയ അതിവാദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു വിരോധമില്ല. അതേസമയം ഈ ബാധ്യതകളെല്ലാം നിര്‍വഹിച്ചുകൊണ്ട് തന്നെ ആത്മീയമായ കാര്യങ്ങളിലും ശ്രദ്ധയൂന്നി കൂടുതല്‍ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുകയും പ്രവാചകചര്യകളിലെ പുണ്യകരമായ ധാരാളം മാതൃകകള്‍ ജീവിതത്തില്‍ പുലര്‍ത്തിയും ഒരാള്‍ കൂടുതല്‍ അല്ലാഹുവുമായി അടുക്കുകയാണെങ്കില്‍ അത് അതിവാദമല്ല; ഇസ്‌ലാം പഠിപ്പിച്ച 'വസ്വത്വിയത്ത്' എന്ന മധ്യമ മാര്‍ഗം തന്നെയാണത്. ഇസ്‌ലാമോഫോബിയ സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങളുടെ ബാക്കിപത്രമാണ് മത ചിഹ്നങ്ങളെ ആത്മീയ അതിവാദം, ആത്മീയ തീവ്രവാദം തുടങ്ങിയ പേരുകള്‍ വിളിച്ചു അപഹസിച്ചുകൊണ്ട് മുസ്‌ലിം സമൂഹത്തില്‍ തന്നെ വര്‍ധിച്ചുവരുന്ന വളരെ മോശമായ പ്രവണതകള്‍. ആത്മാര്‍ഥതയുള്ള ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ പൊതുസമൂഹത്തിനു ദിശാബോധം നല്‍കിയില്ലെങ്കില്‍ ഇസ്‌ലാമിക ചിഹ്നങ്ങള്‍ പോലും നമ്മില്‍ നിന്നും നാട് നീങ്ങുന്ന അവസ്ഥക്ക് നാം കാഴ്ചക്കാരായി മാറേണ്ടി വരും. 

മൂന്നു നേരം മാത്രം നമസ്‌കരിച്ചാല്‍ മതിയെന്ന് വാദിക്കുന്ന ഒരാള്‍ക്ക് അഞ്ച് നേരത്തെ നമസ്‌കാരം ആത്മീയ അതിവാദമാണ്. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ മാത്രം മതി; അതിനപ്പുറമുള്ള നമസ്‌കാരങ്ങള്‍ അതിവാദം തന്നെയാണ് വാദിക്കുന്നവരും ഉണ്ട്. നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ പള്ളികളില്‍ പോകുന്നത് വഴി തൊഴിലുകളെയും കച്ചവടങ്ങളെയും ബാധിക്കുന്നുവെന്നും അതുകൊണ്ട് തന്നെ നമസ്‌കാരം ഓരോരുത്തരുടെ സൗകര്യത്തിനനുസരിച്ച് നിര്‍വഹിച്ചാല്‍ മതിയെന്നും പള്ളികളില്‍ പോവേണ്ടതില്ലെന്നും വാദിക്കുന്നവരുണ്ട്. അവരുടെ വീക്ഷണത്തില്‍ പള്ളികളില്‍ പോയി സമയം നഷ്ടപ്പെടുത്തുന്നതും അതിവാദമാണ്. ഇങ്ങനെ വീക്ഷണങ്ങളുടെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അതിവാദത്തിന്റെ അളവുകോലിലും മാറ്റം വരുന്നതായി കാണുന്നു. ഇവിടെ നമുക്ക് തീര്‍പ്പുകല്‍പിക്കാന്‍ സാധിക്കുന്നത് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മാത്രമാണ്. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കഴിവിന്റെ പരമാവധി പള്ളികളില്‍ ജമാഅത്തതായി നിര്‍വഹിക്കുകയും ശേഷം പ്രവാചകന്‍ പഠിപ്പിച്ച ഐഛിക നമസ്‌കാരങ്ങള്‍ കഴിവിന്റെ പരമാവധി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതാണ് ശരിയായ രീതിയെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് അപ്രകാരം നമസ്‌കാരങ്ങള്‍ ക്രമപ്പെടുത്തുന്നവന്‍ ഒരിക്കലും ആത്മീയ തീവ്രവാദിയാവുന്നില്ല. ഇസ്‌ലാം പഠിപ്പിച്ച മാധ്യമമാര്‍ഗത്തില്‍ തന്നെയാണ് അയാള്‍ നിലകൊള്ളുന്നത്. 

ചുരുക്കത്തില്‍, അല്ലാഹുവിന്റെ നിയമങ്ങളനുസരിച്ച്, പ്രവാചകചര്യ ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു വിശ്വാസി അയാളുടെ ജീവിതത്തില്‍ അല്ലാഹുവിലേക്ക് അടുക്കുന്നതിന് ശരീഅത്ത് അനുശാസിക്കുന്ന വിശ്വാസവും കര്‍മങ്ങളും പരമാവധി ജീവിതത്തില്‍ പാലിക്കുന്നതിനെ അനുഷ്ഠാന തീവ്രതയെന്നോ ആത്മീയ അതിവാദമെന്നോ തീവ്രവാദമെന്നോ പറഞ്ഞു ആക്ഷേപിക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങളോടും പ്രവാചകനോടും ഉത്തമരായ പൂര്‍വസൂരികളോടും ചെയ്യുന്ന കടുത്ത അപരാധമായിരിക്കുമെന്നതില്‍ സംശയമില്ല. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പഴയ കാല നവോത്ഥാന നായകര്‍ വീണ്ടെടുത്ത അക്വീദയും ഇത്തിബാഉം തസ്‌കിയതും തര്‍ബിയത്തും ശിആഇറുകളും നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് ബാധ്യതയുണ്ട്.