ആള്‍ക്കൂട്ട നന്മയുടെ കാലവര്‍ഷങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04
കേരളം കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയദിനങ്ങളിലൂടെ കടന്നുപോയപ്പോള്‍ മലയാളികളുടെ മനസ്സില്‍ അങ്കുരിച്ച നന്മഭാവങ്ങള്‍ എടുത്തുപറയാതിരിക്കാന്‍ സാധ്യമല്ല. വിശ്വാസവ്യത്യാസങ്ങള്‍ക്കപ്പുറം ജാതിമതരാഷ്ട്രീയാന്തരങ്ങള്‍ക്ക് മീതെ സ്ത്രീപുരുഷ ഭേദമില്ലാതെ മലയാളികളുടെ ഒരുമയുടെ ആള്‍ക്കൂട്ടം നഗരങ്ങളിലും ഗ്രാമങ്ങളിലും രൂപംകൊണ്ടപ്പോള്‍ 'നാനാത്വത്തില്‍ ഏകത്വം' എന്ന ഭാരതത്തിന്റെ അടിസ്ഥാനമുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ തെളിഞ്ഞുനിന്നു.

കേരളം കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയദിനങ്ങളിലൂടെ കടന്നുപോയപ്പോള്‍ മലയാളികളുടെ മനസ്സില്‍ അങ്കുരിച്ച നന്മഭാവങ്ങള്‍ എടുത്തുപറയാതിരിക്കാന്‍ സാധ്യമല്ല. വിശ്വാസവ്യത്യാസങ്ങള്‍ക്കപ്പുറം ജാതിമതരാഷ്ട്രീയാന്തരങ്ങള്‍ക്ക് മീതെ സ്ത്രീപുരുഷ ഭേദമില്ലാതെ മലയാളികളുടെ ഒരുമയുടെ ആള്‍ക്കൂട്ടം നഗരങ്ങളിലും ഗ്രാമങ്ങളിലും രൂപംകൊണ്ടപ്പോള്‍ 'നാനാത്വത്തില്‍ ഏകത്വം' എന്ന ഭാരതത്തിന്റെ അടിസ്ഥാനമുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ തെളിഞ്ഞുനിന്നു. കപടമായ മനുഷ്യച്ചങ്ങലകള്‍ കേരളം പലപ്പോഴും കണ്ടിട്ടുണ്ട്. മുദ്രാവാക്യങ്ങളില്‍ മാത്രം കണ്ടുവരുന്ന മതേതരത്വവും ജനാധിപത്യവും മലയാളികള്‍ക്ക് നല്ല പരിചയമുണ്ട്. പക്ഷേ, നേതാക്കളുടെയോ സംഘടനകളുടെയോ ഒന്നും ആഹ്വാനങ്ങളില്ലാതെ തന്നെ പ്രളയദിനങ്ങളില്‍ മനുഷ്യമനസ്സുകളുടെ പ്രണയവര്‍ണങ്ങള്‍ സൃഷ്ടിച്ച വിസ്മയങ്ങള്‍ മഹാത്ഭുതമായി കേരളീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു. ദുരന്തമുഖത്തു നിന്ന് രക്ഷപ്പെടുവാന്‍ മനുഷ്യരുടെ മനസ്സുകളില്‍ നിന്നും സ്രഷ്ടാവിലേക്കുള്ള വിളികള്‍ ഉയര്‍ന്നുപൊങ്ങിയ നിമിഷങ്ങളായിരുന്നു അത്. വന്‍ദുരന്തങ്ങളുണ്ടാകുമ്പോള്‍ മനുഷ്യമനസ്സുകള്‍ അവരുടെ സ്രഷ്ടാവിനെ തേടുമെന്ന് ക്വുര്‍ആന്‍ പറയുന്നു: ''പര്‍വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്വണക്കം ഏകദൈവത്തിന് മാത്രമാക്കിക്കൊണ്ട് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നതാണ്. എന്നാല്‍ അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ അവരില്‍ ചിലര്‍ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും'' (ക്വുര്‍ആന്‍ 31:32). മാനവകുലത്തെ ഭിന്നിപ്പിക്കുന്ന മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളെ കൈവെടിഞ്ഞു ദൈവിക മതത്തെ ജീവിതദര്‍ശനമാക്കിയാല്‍ മാനവര്‍ക്ക് ഒന്നിക്കാന്‍ സാധിക്കുമെന്ന സന്ദേശം ഈ സംഭവങ്ങള്‍ നമുക്ക് പകര്‍ന്നുനല്‍കുന്നു. 

മനുഷ്യഹൃദയത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ വരച്ചുകാണിച്ചപ്പോള്‍ വളരെ സുന്ദരമായ ഒരു ആശയം വിവരിക്കുന്നുണ്ട്: ''മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു'' (ക്വുര്‍ആന്‍ 91:7-10). പ്രവാചകന്‍ മുഹമ്മദ്ﷺ പറഞ്ഞു: ''മനുഷ്യശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നാവും. അത് മലിനമായാല്‍ ശരീരം മുഴുവന്‍ മലിനമാവും. അറിയുക; അതാണ് ഹൃദയം'' (ബുഖാരി, മുസ്ലിം).

മനുഷ്യനെ നിയന്ത്രിച്ചു നിര്‍ത്തുന്നത് അവന്റെ ഹൃദയമാണ്. ഹൃദയത്തില്‍ നന്മയുടെ പൂക്കളങ്ങള്‍ രൂപപ്പെടുമ്പോള്‍ അവ സുരഭിലമായി നറുമണം പകര്‍ന്നു സഹജീവികളില്‍ സഹാനുഭൂതിയുടെ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഹൃദയം ദുഷ്ടചിന്തകളാല്‍ നിറയുമ്പോള്‍ അതിന്റെ ക്രൗര്യമായ ഭാവം പുറത്തേക്ക് വരികയും സഹജീവികള്‍ക്ക് നേരെ സഹജദ്വേഷത്തിന്റെ തിരകള്‍ അടിച്ചുവീശുകയും ചെയ്യും. വളരെ പെട്ടെന്ന് ഭാവമാറ്റങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ അതിസങ്കീര്‍ണമായ വിധത്തിലാണ് മനുഷ്യന്റെ ഹൃദയം സംവിധാനിക്കപ്പെട്ടിട്ടുള്ളത്. ഹൃദയങ്ങളില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ താളക്രമങ്ങള്‍ ഉണ്ടാകുമെന്നുള്ളതുകൊണ്ടാണ് പ്രവാചകന്‍ﷺ പ്രാധാന്യപൂര്‍വം ഒരു പ്രാര്‍ഥന പഠിപ്പിച്ചത്: ''ഹൃദയങ്ങളുടെ നിയന്താവേ, നിന്റെ നിയമനിര്‍ദേശങ്ങളില്‍ നീ എന്റെ ഹൃദയത്തെ ദൃഢമാക്കേണമേ.'' അദ്ദേഹം വീട്ടില്‍ വെച്ചേറ്റവും കൂടുതല്‍ പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനകളില്‍ ഒന്നായിരുന്നു ഇതെന്ന് ആഇശ(റ) പറയുന്നു. (തിര്‍മിദി). 

ഫാസിസം അതിന്റെ എല്ലാ രാക്ഷസ്വഭാവങ്ങളോടും കൂടി നിറഞ്ഞാടിയപ്പോള്‍ ആള്‍ക്കൂട്ടഭീകരത വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പലപ്പോഴായി നമ്മുടെ നാട്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ഇരുട്ടിന്‍ മറയിലെ കൊടുംക്രൂരതകളില്‍ സമൂഹം പകച്ചുനില്‍ക്കുകയുണ്ടായി. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ നേതാക്കള്‍ക്കുവേണ്ടി ആള്‍ക്കൂട്ടങ്ങള്‍ പരസ്പരം പോരടിച്ച് ക്യാമ്പസ്സുകളും പാര്‍ട്ടി ഗ്രാമങ്ങളും ചെഞ്ചോരയാല്‍ കുതിര്‍ന്നപ്പോള്‍ ഭാര്യാസന്താനങ്ങളുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നിശ്വാസങ്ങളാല്‍ വീടുകളുടെ അകത്തളങ്ങള്‍ വീര്‍പ്പുമുട്ടി. ഇവിടെയിതാ അതേ ആള്‍ക്കൂട്ടങ്ങള്‍ നന്മക്കായി ഒരുമിച്ചിരിക്കുന്നു! കേരളത്തിന് കണ്ടും കേട്ടും ശീലമുള്ള ആള്‍ക്കൂട്ടങ്ങള്‍ എന്നും കുഴപ്പങ്ങളും അരാജകത്വങ്ങളും സൃഷ്ടിച്ചിട്ടേയുള്ളൂ. ബന്ദുകളും ഹര്‍ത്താലുകളും പ്രകടനങ്ങളും ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും പേരിലുള്ള വഴിമുടക്കലുകളും എത്രയെത്ര നഷ്ടങ്ങള്‍ നമുക്ക് വരുത്തിവെച്ചുവെന്നു മലയാളികള്‍ കണക്കെടുത്തു നോക്കിയിട്ടില്ല. സമരങ്ങളുടെ ആധിക്യത്താല്‍ തൊഴില്‍-വ്യാപാര-വാണിജ്യ-വ്യവസായ മേഖലകളില്‍ സംഭവിച്ച കനത്ത നഷ്ടങ്ങളും വിദ്യാഭ്യാസ മേഖലയില്‍ വരുത്തിവെച്ച അപകടങ്ങളും ആള്‍ക്കൂട്ടങ്ങള്‍ സമൂഹത്തിനു നേടിക്കൊടുത്ത അവമതികളുടെ ആഴം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പക്ഷേ, ഒരു ദുരന്തം അവരെ പിടികൂടിയപ്പോള്‍ ആള്‍ക്കൂട്ടത്തെയും അതിന്റെ വിഭവശേഷിയെയും അവര്‍ നന്മയാക്കി പരിവര്‍ത്തിപ്പിച്ചു. ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ച ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെ ആള്‍ക്കൂട്ടങ്ങള്‍ നല്‍കുന്ന ഒരുമയുടെ വൈവിധ്യമാര്‍ന്ന നന്മകളെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു. ലോകമാധ്യമങ്ങള്‍ മലയാളികള്‍ സൃഷ്ടിച്ച ഈ പരസ്പരസ്‌നേഹത്തിന്റെ അപൂര്‍വ മാതൃകകള്‍ വിസ്മയത്തോടെ പുറത്തുവിട്ടു. പ്രളയത്തില്‍ മുങ്ങിനശിച്ച സ്വന്തം വീടുകള്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ പോലും അവര്‍ സംരക്ഷിച്ചെടുത്തു. 'മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു' എന്ന് ക്വുര്‍ആന്‍ പറഞ്ഞ പോലെ മനുഷ്യരില്‍ ചിലര്‍ ചിലര്‍ക്കുവേണ്ടി മതിലുകളായി പ്രവര്‍ത്തിച്ചപ്പോള്‍ എല്ലാം സംരക്ഷിക്കപ്പെടുകയുണ്ടായി. ആള്‍ക്കൂട്ട ഭീകരതക്ക് പകരം ആള്‍ക്കൂട്ടം നന്മകളായി പ്രവര്‍ത്തിച്ചു. ഈ ആള്‍ക്കൂട്ട നന്മയില്‍ വിശ്വാസികള്‍ ഏറ്റവും മുന്നില്‍ നിന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. വിശ്വാസമെന്ന വേരുകള്‍ ഉറച്ചിട്ടുള്ള മരങ്ങള്‍ ആകാശം മുട്ടെ പടര്‍ന്നുപന്തലിച്ച് സമൂഹത്തിനു തണലുകളായി മാറുമെന്ന ക്വുര്‍ആനിന്റെ ഉപമ ഇവിടെ സ്മരണീയമാണ്. 

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ട് മാത്രം ഒരു വലിയ ദുരന്തത്തെ നേരിടാന്‍ സാധ്യമല്ലെന്ന തിരിച്ചറിവ് ഈ പ്രളയം നമുക്ക് സമ്മാനിച്ചിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയും സ്ഥിരം സ്വഭാവമായ ഉഴപ്പല്‍ പ്രകടമാക്കുകയും ചെയ്തതുകൊണ്ടായിരുന്നു അവിടങ്ങളില്‍ ദുരന്തം മൂലമുണ്ടാവുന്ന അപകടങ്ങളുടെയും നഷ്ടങ്ങളുടെയും തോത് ഗണ്യമായി വര്‍ധിച്ചത്. കേരളത്തിലും ഇപ്പോഴുണ്ടായ ഈ പ്രളയ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നത് ഒരു വസ്തുതയാണ്. അണക്കെട്ടുകള്‍ തുറന്നതാണോ അതോ മഴയുടെ തോത് ക്രമാതീതമായി വര്‍ധിച്ചതാണോ പ്രളയത്തിന് കാരണമെന്ന തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. '99ലെ പ്രളയം' എന്ന പേരിലറിയപ്പെടുന്ന 1924ലെ പ്രളയകാലത്ത് ഇതിലേറെ മഴ പെയ്തിരുന്നുവെന്നും അന്ന് ഇത്രയധികം നഷ്ടമുണ്ടായിരുന്നില്ല എന്നുമുള്ള വാദവും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഒരു നോര്‍മല്‍ മണ്‍സൂണ്‍ ആണ് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ പ്രവചിച്ചിരുന്നതെങ്കിലും മേഘവിസ്‌ഫോടനങ്ങളിലൂടെ നിറുത്താതെ വര്‍ഷിക്കുന്ന കനത്ത ജലവീഴ്ചകളായി അവ മാറുകയായിരുന്നു. അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതാണ് പ്രളയത്തിന് കാരണമെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്താല്‍ നാസ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അവര്‍ തിരുത്തുകയുണ്ടായി. ശക്തമായ മേഘവിസ്ഫോടനം വഴി ഉണ്ടായ ജലവീഴ്ചയാണ് പ്രളയം ഉണ്ടാക്കിയതെന്ന് അവര്‍ പറയുന്നു. മനുഷ്യന്‍ എത്ര അണകെട്ടിയാലും ആകാശത്തു നിന്നും പെയ്തിറങ്ങുന്ന മഴയുടെ തോത് ഒരു ശകലം വര്‍ധിച്ചാല്‍ എന്തു സംഭവിക്കുമെന്ന ഗുണപാഠം ഇതിലുണ്ട്. മഴയുടെ തോത് 164 ശതമാനം വര്‍ധിച്ചപ്പോള്‍ കേരളത്തിന്റെ 70 ശതമാനം സ്ഥലവും വെള്ളത്തിനടിയിലായെങ്കില്‍ കേരളം 100 ശതമാനവും വെള്ളത്തിനടിയിലാവാന്‍ മഴയുടെ ശതമാനത്തില്‍ ഒരു ചെറിയ മാറ്റം മാത്രം മതിയാവും. ഇത് തിരിച്ചറിയാന്‍ മനുഷ്യന് സാധിക്കേണ്ടതുണ്ട്. എല്ലാം നിയന്ത്രിക്കുവാന്‍ സാധിക്കുമെന്ന അഹങ്കാരം മാറ്റിവെച്ച് മനുഷ്യന്റെ സാധ്യമായ കഴിവുകള്‍ക്കപ്പുറം ഇതെല്ലാം നിയന്ത്രിക്കുന്ന സ്രഷ്ടാവായ ഒരു മഹാശക്തിയുണ്ടെന്ന ബോധം അവനെ നയിക്കേണ്ടതുണ്ട്. ആ സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വിധേയമായും അവന്‍ വിരോധിച്ചതില്‍ നിന്നും സ്വന്തത്തെ അകറ്റിനിര്‍ത്തിയും ജീവിതം ക്രമീകരിക്കേണ്ടതുണ്ട്. മനുഷ്യന്റെ അഹന്ത നിമിത്തം പൂര്‍വിക സമുദായങ്ങളില്‍ പ്രളയം മുഖേനയും കൊടുങ്കാറ്റുകള്‍ മുഖേനയും ഇടിത്തീകള്‍ മുഖേനയും വലിയ ശിക്ഷകളും പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഇത്തരം ദുരന്തങ്ങളില്‍ നിന്നും മനുഷ്യന്‍ പാഠം പഠിക്കാതെ വരുമ്പോള്‍ ദുരന്തങ്ങള്‍ അവന്റെ കണ്‍മുമ്പിലേക്ക് കടന്നുവരുന്നു. 

പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വേണമെന്ന് ഈ ദുരന്തം നമ്മെ ബോധ്യപ്പെടുത്തുന്നു. ജലം നമ്മുടെ ജീവനാണ്. അതുപോലെ അത് നമ്മുടെ മരണവുമാണെന്നു നാം മനസ്സിലാക്കി. ജലം കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന പാഠങ്ങള്‍ ദൈവിക ദര്‍ശനങ്ങളില്‍ തന്നെ നമുക്ക് കാണാം. നമ്മുടെ ആവശ്യത്തിനപ്പുറമുള്ള ജലത്തെ ഒഴുകാന്‍ അനുവദിക്കണം. അതിനു ഒഴുകാന്‍ നിശ്ചയിച്ച വഴികളെ സംരക്ഷിക്കണം. കാട് വെട്ടിവെളുപ്പിക്കുന്നതിനു പകരം ആവശ്യമായ തോതില്‍ മരങ്ങളെ ഉപയോഗപ്പെടുത്തുക. ഒരു മരം മുറിക്കുമ്പോള്‍ ഒരായിരം വൃക്ഷത്തൈകള്‍ നടുക. മലമുകളില്‍ ആകാശം മുട്ടെയുള്ള റിസോര്‍ട്ടുകള്‍ പണിയുകയല്ല വേണ്ടത്. മലകളില്‍ പതിക്കുന്ന മഴവെള്ളത്തിന് അതിന്റെ ചെരിവിലൂടെ താഴോട്ടൊഴുകാനുള്ള പാതകള്‍ സുഗമമാക്കണം. അതില്ലാതെ വരുമ്പോള്‍ മലകളുടെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങി അതിനു സഞ്ചരിക്കാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടും. അങ്ങനെ അതൊരു ഉരുള്‍പൊട്ടലായി പരിണമിച്ച് വന്‍ദുരന്തമായി മാറും. പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാണ്. മതപണ്ഡിതരും വിശ്വാസികളും പ്രബോധകരും മതപരമായ ആരാധനകളും മറ്റും പഠിപ്പിക്കുന്ന പോലെ ഇതും പഠിപ്പിക്കേണ്ടതുണ്ട്. മതപഠന ക്ലാസ്സുകളിലും മദ്‌റസകളിലും പരിസ്ഥിതി സംരക്ഷണം ഒരു സംസ്‌കാരമായി പഠിപ്പിക്കേണ്ടതുണ്ട്. ''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം'' (ക്വുര്‍ആന്‍ 30:41). 

ആള്‍ക്കൂട്ടത്തെ എങ്ങനെ നന്മയാക്കി പരിവര്‍ത്തിപ്പിക്കാമെന്നും വിശ്വാസത്തെ എങ്ങനെ മറ്റുള്ളവര്‍ക്ക് തണലാക്കി മാറ്റാമെന്നും ഒരു പ്രതിസന്ധിഘട്ടത്തില്‍ എങ്ങനെ ഒരുമിച്ചുനില്‍ക്കാമെന്നും നാം മലയാളികള്‍ ലോകത്തെ പഠിപ്പിച്ചു. അപ്പോഴും മലയാളികളെ പരിഹസിക്കാനും അവര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ മുടക്കുവാനും പണിപ്പെടുന്ന അര്‍ണബുമാരും ഫാഷിസ്റ്റുകളും യഥാര്‍ഥത്തില്‍ സ്വയം പരിഹാസ്യരായിത്തീരുകയാണുണ്ടായത്. ഭീകരതയെ അലങ്കാരമാക്കി കൊണ്ടുനടക്കുന്ന അത്തരക്കാര്‍ നന്മയുടെ ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ കുരച്ചുകൊണ്ടേയിരിക്കും. അവര്‍ കുരക്കട്ടെ. നാം, സാര്‍ഥവാഹക സംഘം മുമ്പോട്ട് ഗമിക്കുക.