NLP: ചൂഷണത്തില്‍ മുങ്ങിയ കപടശാസ്ത്രം

ഇഅ്ജാസ് ബിന്‍ ഇസ്മാഈല്‍

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14
മനഃസംഘര്‍ഷങ്ങളുടെ നടുവിലാണ് വര്‍ത്തമാനകാല മനുഷ്യ ജീവിതം. ഭൗതിക പരിഹാരങ്ങളെല്ലാം ക്ഷണികമാണെന്ന് മാത്രമല്ല, മറ്റൊരു പ്രശ്‌നത്തിന്റെ തുടക്കം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ആത്മീയതയുടെയും മനഃശാസ്ത്ര പഠനങ്ങളുടെയും ചുവട് പിടിച്ച് നിരവധി മെഡിറ്റേഷന്‍ പ്രോഗ്രാമുകളാണ് ഈയിടെ ഉദയം കൊണ്ടത്. അതില്‍ കേരളത്തില്‍ വേര് പിടിച്ച ഒന്നാണ്  NLP  . എന്താണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്? എന്താണിതിന്റെ അടിസ്ഥാനം? വിശ്വാസികള്‍ക്ക് ഇതില്‍ എത്രമാത്രം ഭാഗവാക്കാവാന്‍ സാധിക്കും? അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു അവലോകനം.

പിശാചും അവന്റെ കൂട്ടാളികളും ഏതുകാലത്തും മനുഷ്യരെ വഴിപിഴപ്പിക്കാന്‍ വേണ്ടി ബദ്ധശ്രദ്ധരാണ്. കാലം മാറുന്നതിനനുസരിച്ച് അവരുടെ പ്രവര്‍ത്തന രീതിയും മാറിക്കൊണ്ടിരിക്കും. ആധുനിക കാലഘട്ടത്തില്‍ ജീവനകലക്കാരും സിദ്ധന്മാരും വ്യാജ ആത്മീയ ചികിത്സകന്മാരും ആളുകളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ടല്ലോ. മനസ്സമാധാനം തേടി അലയുന്ന മനുഷ്യരുടെ വിശ്വാസവും അഭിമാനവും ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരക്കാര്‍ സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. 

ഇന്ന് ലോകം പൊതുവെ ആത്മീയതയിലേക്ക് അടുത്തു തുടങ്ങിയിട്ടുണ്ട്. ആത്മീയതയുടെ ദാഹം തീര്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് മുന്നില്‍ പാശ്ചാത്യര്‍ പല ചതിക്കുഴികളും അവതരിപ്പിക്കാറുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമാധാന സന്ദേശത്തിനു തുരങ്കം വെക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ജൂതന്മാര്‍ നിരവധി  പദ്ധതികള്‍ ഈ രംഗത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. പല പേരുകളിലും പല രൂപത്തിലും പല കോലത്തിലും അവര്‍ സമൂഹത്തില്‍ അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

പാശ്ചാത്യര്‍ അവതരിപ്പിക്കുന്ന എന്തും അതിന്റെ പിന്നാമ്പുറങ്ങള്‍ പരിശോധിക്കാതെ പ്രചരിപ്പിക്കാന്‍ ആവേശം കാണിക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലും ഉണ്ട്. അതുമൂലം അവരുടെ വിശ്വാസവും ഇരുലോകത്തുള്ള സമാധാനവും തകരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുക. 

ഇത്തരത്തില്‍ ഇന്ന് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കപട ശാസ്ത്രമാണ്  NLP. അത് സംഘടിപ്പിക്കുന്നവര്‍ നല്‍കുന്ന പരസ്യവാചകങ്ങള്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ളവയാണ്.

''നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ മിനുട്ടുകള്‍ കൊണ്ട് മാറ്റിയെടുക്കുവാന്‍ പറ്റുന്ന, ആധുനിക ലോകത്തെ ഏറ്റവും അത്ഭുതകരവും അതീവ രഹസ്യങ്ങളുമടങ്ങിയ  NLP  എന്ന മനഃശാസ്ത്ര കോഴ്‌സ്...'' എന്ന് കാണുമ്പോള്‍ ആരാണ് അതൊന്ന് പരീക്ഷിച്ചു നോക്കാന്‍ ആഗ്രഹിക്കാതിരിക്കുക! 

NLP എന്ന ഓമനപ്പേരില്‍ സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ പ്രോഗ്രാം ഒരു പൈശാചിക വലയാണ് എന്ന കാര്യം തിരിച്ചറിയാന്‍ നാമിനിയും വൈകിക്കൂടാ.

NLPക്ക് (ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്) 1970 ല്‍ അമേരിക്കക്കാരായ ജോണ്‍ ഗ്രിന്‍ഡര്‍, റിച്ചാര്‍ഡ് ബന്‍ട്‌ലര്‍ എന്നീ രണ്ട് വ്യക്തികളാണ് രൂപം കൊടുത്തത്. 

മനുഷ്യന്റെ മനസ്സും ഭാഷയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി അവന്റെ മനഃസംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും എന്ന ധാരണയിലാണ് ഈ സിദ്ധാന്തം പടുത്തുയര്‍ത്തപ്പെട്ടത്. കൗണ്‍സിലിംഗിന്റെയും മനഃശാസ്ത്രത്തിന്റെയും വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാണ് ഈയൊരു പദ്ധതി അവര്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. 

നമ്മുടെ നാഡി വ്യവസ്ഥകളും നമ്മുടെ  ഭാഷയും നമ്മുടെ പെരുമാറ്റ ഗുണങ്ങളും പരസ്പരം ബന്ധിതമാണ്. ഇവയൊക്കെ 'ഘടനകള്‍' ആയി രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇവ ഭൗതികമായ അവസ്ഥയിലാണ് ഉള്ളത്. പ്രസ്തുത ഘടനകള്‍ തിരികെ ഓര്‍മിച്ചെടുക്കാന്‍ നമുക്ക് സാധിക്കും. ഇത്പഠിച്ചു കഴിഞ്ഞാല്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തി ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടുവാന്‍ നമുക്ക് സാധിക്കും. അഥവാ നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍ തീരുമാനിക്കാന്‍ നമുക്ക് സാധിക്കും. അതുപോലെ ജീവിതത്തില്‍ വിജയം വരിച്ചവരുടെ ഈ വ്യവസ്ഥയെ പഠിച്ചറിഞ്ഞ് അവരെ മോഡല്‍ ആക്കിയാല്‍ നമുക്കും അവരെ പോലെ ആകാന്‍ കഴിയും, ഈ സംഗതിയിലൂടെ എയിഡ്‌സ്, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരെ മാറ്റുവാന്‍ കഴിയും, ഒരു വേള നാം ആഗ്രഹിക്കുന്ന എന്തും കൈക്കലാക്കാന്‍ കഴിയും... എന്നൊക്കെയാണ് ഇവരുടെ 'തള്ളല്‍!'

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് ഇത് എന്നും അവര്‍ തട്ടിവിടാറുണ്ട്. യഥാര്‍ഥത്തില്‍ ഇന്നുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തമാണ് ഇത് എന്നത് ലോകത്ത് ഇന്ന് പരസ്യമായ ഒരു സംഗതിയാണ്.

http://bit.ly/NLP_not_Scientific

ഇതിനുപിന്നിലെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് മുസ്‌ലിം ലോകം തുടക്കത്തില്‍ തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളിലുള്ള, ഇതിന്റെ അപകടം മനസ്സിലാക്കാത്ത ചിലരെങ്കിലും ഇതിന് പിന്നാലെ പോയപ്പോള്‍; ഇസ്‌ലാമിക ലോകത്തുള്ള പണ്ഡിതന്മാര്‍ കക്ഷിഭേദമന്യെ ഈ തിന്മക്കെതിരെ ഫത്വ്‌വകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. 

എതാനും പണ്ഡിതാഭിപ്രായങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കുന്നു:

സൗദിഅറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി ആലുശൈഖ്: http://bit.ly/2SvG9by

ശൈഖ് ഫൗസാന്‍: http://bit.ly/2K ZFSvb

ശൈഖ് സല്‍മാന്‍ റുഹൈലി: http://bit.ly/2BU9bMG

ശൈഖ് ഖാലിദ് ബിന്‍ സഊദ്: http://bit.ly/2RGVOVp

ശൈഖ് ഫൈസല്‍ ഉതയ്ബി: http://bit.ly/2zKOJfE

ഇവരെ കൂടാതെ സ്വാലിഹ് അല്‍ മുനജ്ജിദ്, യുസുഫുല്‍ ഖര്‍ദാവി, വഹബ് സുഹൈലി, അബ്ദുല്‍ അസീസ് മുസ്തഫ, അബ്ദുല്‍ അസീസ് നുഹൈമിഷ്, മുഹമ്മദ് അരീഫി, സിഫ്‌റ് അല്‍ ഹവാലി, അബ്ദുറഹ്മാന്‍ മഹ്മൂദ് തുടങ്ങിയ പണ്ഡിതന്മാരും ഈ തിന്മക്കെതിരെ ശബ്ദമുയര്‍ത്തിയവരാണ്.(http://bit.ly/2SyVok6)

ഫതാവാ ഇസ്‌ലാം വെബിലെ ഫത്‌വയും ഈ വിഷയത്തിലുണ്ട്: http://bit.ly/2EilkNM

മുഹമ്മദ് നാബല്‍സിയും ഇതിനെതിരെ ശബ്ദിച്ചതായി കാണാം:http://bit.ly/2EiStJh

ഇത് അനിസ്‌ലാമികമാണെന്നതിന് പണ്ഡിതന്മാര്‍ നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്: http://bit.ly/2EiyKtm

ചുരുക്കത്തില്‍ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പ്രശസ്ത സലഫീ പണ്ഡിതന്‍മാരും അല്ലാത്തവരും ഈ തിന്മക്കെതിരെ കൃത്യമായി  ബോധവല്‍ക്കരണം നടത്തിയവരാണ്. ഒരു ആധുനികവിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇങ്ങനെയൊരു ഏകോപനം അപൂര്‍വമാണ്.

എന്തുകൊണ്ട് ഈ ഒരു പദ്ധതി അനിസ്‌ലാമികമാണെന്ന് പറയുന്നു? അത് നാം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ഒന്നാമതായി മനഃശാന്തി നേടുവാനും മനഃസംഘര്‍ഷം കുറയ്ക്കുവാനും വേണ്ടിയാണ് ഈ ഒരു നൂതന സമ്പ്രദായം ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ള സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തില്‍ മനുഷ്യര്‍ക്ക് ബാധിക്കാവുന്ന എല്ലാ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കുമുള്ള പരിഹാരം ഉണ്ട്. ഇത് വിസ്മരിച്ചു കൊണ്ടും ആ പരിഹാരമാര്‍ഗങ്ങള്‍ അവഗണിച്ചുകൊണ്ടുമാണ് പാശ്ചാത്യരുടെ ഈ പൈശാചികവലയത്തില്‍ ആളുകള്‍ വീഴുന്നത്. മനുഷ്യ മനസ്സില്‍ പൈശാചികത കുത്തി നിറക്കാന്‍വേണ്ടി തന്നെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.

മനുഷ്യന് യഥാര്‍ഥ മനഃശാന്തി ഇസ്‌ലാമിലൂടെ മാത്രമെ ലഭിക്കുകയുള്ളൂ എന്നുള്ളത് ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണ് ഇത്തരത്തിലുള്ള കപട ആത്മീയതയുടെ പുതിയ രൂപങ്ങള്‍ രൂപം കൊള്ളുന്നത്. ഹൈന്ദവ-ബുദ്ധ മതങ്ങളിലെ സന്യാസ മുറയാണ് NLPയുടെ ആകെത്തുക. കണ്ണടച്ച് ദീര്‍ഘനേരം ഇരിക്കുകയും ഒരു വാക്കു തന്നെ നിരന്തരം ആവര്‍ത്തിച്ചു പറയുകയും ഉച്ചത്തിലും പതുക്കെയുമായി അത് ഉരുവിട്ടുകൊണ്ടിരിക്കുകയും ചെയ്താല്‍  മനസ്സിനെ മാറ്റിയെടുക്കാന്‍ കഴിയും എന്ന അബദ്ധധാരണയാണ് ഇതിന്റെ വക്താക്കള്‍ മുന്നോട്ടുവെക്കുന്നത്.

എന്നാല്‍ മനുഷ്യന് മനഃശ്ശാന്തി ലഭിക്കാന്‍ ഇസ്‌ലാമില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. ഒരാള്‍ വിശ്വാസി അഥവാ 'മുഅ്മിന്‍' ആകുന്നതോട് കൂടി തന്നെ അവന് വിശ്വാസ രംഗത്തുള്ള നിര്‍ഭയത്വം കടന്നുവരികയാണ്. മുഅ്മിന്‍ എന്ന വാക്കിന് നിര്‍ഭയത്വമുള്ളവന്‍ എന്ന അര്‍ഥംകൂടിയുണ്ടെന്നത് ഓര്‍ക്കുക. അല്ലാഹു പറയുന്നു:

''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 6:82).

നിര്‍ഭയത്വമാണ് ഏറ്റവും വലിയ സമാധാനം. വിധിയിലുള്ള അടിയുറച്ച 'ഈമാന്‍' ഒരു വിശ്വാസിക്ക് നല്‍കുന്നത് അനിര്‍വചനീയമായ ആഹ്ലാദവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത മനഃശാന്തിയുമാണ്. തന്റെ മനസ്സിനെ തനിക്ക് കീഴ്‌പെടുത്താന്‍ കഴിയുമെന്നും അതിലൂടെ എല്ലാം സ്വയം ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്നുമുള്ള ഒരു കപടമായ ആത്മവിശ്വാസം ജനങ്ങള്‍ക്ക് നേടിക്കൊടുക്കുക എന്നതാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ശൈഖ് ഉഥൈമീന്‍(റഹി) വിധിവിശ്വാസം വിശ്വാസിക്ക് നല്‍കുന്നത് അനിര്‍വചനീയമായ ആഹ്ലാദവും മനഃശാന്തിയും ആണ് എന്ന് വിശദീകരിക്കുന്നത് കാണാനാവും.

അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക എന്നതാണ് മനഃശാന്തി ലഭിക്കുവാനും പ്രയാസങ്ങളെ മനസ്സില്‍ നിന്ന് ഇറക്കിവെക്കുവാനും ഇസ്‌ലാം നിര്‍ദേശിക്കുന്ന മറ്റൊരു വഴി. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയിലൂടെയാണ് ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുക എന്ന ക്വുര്‍ആന്‍ വചനം (13:28) ഈ വിഷയത്തില്‍ ഏറെ പ്രസക്തമാണ്. 

വിശുദ്ധ ക്വുര്‍ആനുമായി അടുക്കുക, ക്വുര്‍ആനിന്റെ പഠിതാവാകുക എന്നതു മനുഷ്യന് മനഃശാന്തി ലഭിക്കുവാനുള്ള പ്രധാന കാരണം തന്നെയാണ്. അഞ്ചുനേരത്തെ നമസ്‌കാരം ഒരു മനുഷ്യന് നല്‍കുന്ന ആത്മീയ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ് എന്ന നബിﷺയുടെ വാക്ക് ഈ വിഷയത്തിലെ വലിയ ഒരു ചൂണ്ടുപലകയാണ്. ഇഹലോകത്തിന്റെ നശ്വരത ഓര്‍മിച്ചുകൊണ്ടും പരലോകത്തിന്റെ ശാശ്വതത്വം വിസ്മരിക്കാതെയുമാണ് മനുഷ്യന്‍  ഭൂമിയില്‍ ജീവിക്കേണ്ടത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുക, തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് കണ്ണോടിക്കുക, ഒരിക്കലും നിരാശപ്പെടാതിരിക്കുക തുടങ്ങിയ പാഠങ്ങള്‍ പ്രവാചകന്‍ﷺ നമുക്ക് പഠിപ്പിച്ചു തരികയും വിഷമങ്ങള്‍ ബാധിക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍ വിശദീകരിച്ചുതരികയും ചെയ്തിട്ടുണ്ട്. ഇങ്ങനെ നിരവധി കാര്യങ്ങള്‍ മനഃപ്രയാസങ്ങള്‍ക്ക് പരിഹാരമായി ഇസ്‌ലാം നിശ്ചയിച്ചു തന്നിരിക്കെ എന്തിനാണ് സത്യവിശ്വാസികള്‍ പാശ്ചാത്യരുടെ നിഗൂഢമാര്‍ഗം പിന്തുടരുന്നത്? 

NLP എന്ന് പറയുന്ന ഈ പദ്ധതിയുടെ പിന്നിലെ  നിഗൂഢതകളും ഇതിന്റെ അനിസ്‌ലാമികതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതിന്റെ പ്രാഥമികമായ ട്രെയിനിങ്ങുകളില്‍ പങ്കെടുത്ത പലരും അതിലെ അനുഭവങ്ങള്‍ ഈ ലേഖകനോട് പങ്കുവെച്ചിട്ടുണ്ട്. വിവിധ മതക്കാരുടെ ആത്മീയ ചികിത്സാകേന്ദ്രങ്ങളില്‍കണ്ടുവരാറുള്ളത് പോലെ മോഹാലസ്യം, വിറയല്‍, മറിഞ്ഞുവീഴല്‍... എന്നിവയൊക്കെ ചഘജയിലും കാണാനാവും. 

നിരന്തരമായി ഒരു വാക്ക് ആവര്‍ത്തിച്ചു  പറഞ്ഞിട്ട് പ്രയാസങ്ങളെയെല്ലാം സൂര്യനിലേക്ക് വലിച്ചെറിഞ്ഞു എന്ന് ആഗ്യം കാണിക്കുന്ന ഒരു ഏര്‍പ്പാട് ഇതിലുണ്ട്. പിശാച് സേവകരുടെ ഇത്തരം ഏര്‍പ്പാടിനെ ഇസ്‌ലാമികമായി എങ്ങനെ സാധൂകരിക്കാന്‍ കഴിയും? 

മുസ്‌ലിം സഹോദരിമാരും സഹോദരന്മാരും വലിയ തുക ഫീസ് കൊടുത്ത് ഇതില്‍ പങ്കെടുക്കുന്നത് ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെയാണ്. ആളുകളെ മാരണത്തിന്റെ മായാവലയത്തില്‍ അകപ്പെടുത്തി, മുഷിപ്പ് തോന്നാത്തവിധത്തില്‍ ഒരേ വാക്കുകള്‍ ഉരുവിട്ട്, അവരുടെ മനസ്സുകളെ പൈശാചിക ലോകത്തേക്ക് ആനയിക്കുന്ന ഈ നിഗൂഢ പദ്ധതിക്ക് കേരളത്തില്‍ ഇപ്പോള്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന വ്യക്തി ഇസ്‌ലാമിക പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിച്ച് ഈ പൈശാചികതക്ക് തെളിവുണ്ടാക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുകയും ആളുകളുടെ കൈയില്‍നിന്ന് വളരെ ഭീമമായ ഫീസ് ഈടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്ന വസ്തുത സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ രൂപകല്പന ചെയ്ത ഈ ഏര്‍പ്പാടിന് മുസ്‌ലിംകള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുവാന്‍ വേണ്ടി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്ന പ്രവണതയെ ജനമധ്യത്തില്‍ തുറന്നു കാണിക്കല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ അതിന്റെ മായാവലയത്തില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കും. 

ഈ പദ്ധതിയുടെ പല രീതികളും ഹൈന്ദവ-ബുദ്ധ സന്യാസിമാരുടെ പ്രവര്‍ത്തനങ്ങളുമായി അത്ഭുതകരമാംവിധം സാമ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ആള്‍ദൈവങ്ങളും കപടത്വരീക്വത്തുകളുടെ ശൈഖുമാരും ആളുകളെ പൈശാചിക വലയത്തില്‍ പെടുത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ശുദ്ധമായ സിഹ്‌റ് തന്നെയാണ് ഈ ഒരു പദ്ധതിയിലും ഉള്‍ക്കൊണ്ടിട്ടുള്ളത് എന്ന് വിശദമായി പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. 

ഇതിന്റെ ക്ലാസുകളില്‍ പങ്കെടുക്കുകയും കുറെ സംഗതികള്‍ മനസ്സിലാക്കുകയും ഇതിന്റെ പോക്ക് ശരിയല്ല എന്ന് തിരിച്ചറിഞ്ഞ് അതിനോട് വിട പറയുകയും ചെയ്ത ഒരു വ്യക്തിയാണു ഞാന്‍. നല്ല ഒരു കൗണ്‍സിലറെ തേടുന്നതിനിടയില്‍ ഈ എന്‍.എല്‍.പി ട്രെയ്‌നറെ കണ്ടുമുട്ടുകയും അദ്ദേഹം നടത്തുന്ന മൂന്ന് ദിവസത്തെ ബേസിക് കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്തു. ക്വുര്‍ആനും ഹദീഥുകളും ഉദ്ധരിച്ച് കൊണ്ട് കൂടുതല്‍ ശ്രദ്ധയാകര്‍ഷിപ്പിച്ച് നാമറിയാതെ മെല്ലെ മെല്ലെ പൈശാചിക വലയത്തില്‍ അകപ്പെടുത്തുകയാണ് അയാള്‍ ചെയ്യുന്നത്.

അന്ന് അദ്ദേഹത്തോട് ഏറെ ഇഷ്ടം തോന്നിയിരുന്നു. കേരള മുസ്‌ലിംകളിലെ എല്ലാ പ്രാസംഗികരെയും എന്റെ ഈ ക്ലാസ്സില്‍ എത്തിച്ചു തന്നാല്‍ അവരെയൊക്കെ നല്ല ശൈലിയില്‍ ക്ലാസ്സ് എടുക്കുന്നവരാക്കിത്തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ തോന്നിയ ഇഷ്ടം. 

ഒരുപാട് പുസ്തകങ്ങള്‍ എഴുതിയ ആളായത് കൊണ്ട് ക്ലാസ്സിനിടയില്‍ തന്റെ പുസ്തകങ്ങള്‍ മാര്‍ക്കറ്റിങ്ങ് ചെയ്യാനും ഇയാള്‍ ശ്രദ്ധാലുവായിരുന്നു. ഈ കോഴ്‌സിലൂടെ നാവിലെ അള്‍സര്‍ മാറി എന്നൊക്കെ അവകാശപ്പെടുന്ന ആളുകളെയും ഇടക്ക് പരിചയപ്പെടുത്തുമായിരുന്നു. അതൊക്കെ ഇന്റ്റര്‍ മീഡിയേറ്റ് (7000), അഡ്വാന്‍സ്(15000) എന്നീ ലെവലുകളിലാണ് നടക്കുന്നത് എന്ന് സൂചിപ്പിച്ച് അതിലേക്ക് ആകര്‍ഷിപ്പിക്കും.

മൊത്തത്തില്‍ ഒരു കച്ചവട തന്ത്രമായിരുന്നു അതെന്ന് തിരിച്ചറിയാന്‍ സാധിച്ചു. മൂന്നാം ദിവസത്തെ തെറാപ്പിയാണ് ശരിക്കും പൈശാചികതയുടെ അങ്ങേയറ്റം. എന്റെ ജീവിതത്തില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ ചെറിയ വൈകാരിക ഇടപെടലുകള്‍ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു, ആ ഒരു പ്രയാസം മാറ്റണം എന്നതായിരുന്നു തെറാപ്പിക്ക് ഒരു വിഷയമായി ഞാന്‍ എടുത്തത്. മൂന്നാം ദിനം എല്ലാവരും പരസ്പരം തെറാപ്പി ചെയ്യുക എന്നതാണെങ്കിലും എനിക്ക് ഇയാള്‍ തന്നെ ചെയ്ത് തന്നു. കണ്ണടച്ചുകൊണ്ട്, പ്രയാസപ്പെടുന്ന ആ സന്ദര്‍ഭത്തെ മനസ്സില്‍ കാണാനും അതിനെ വലുതാക്കി വലുതാക്കി എന്ന് വേഗത്തില്‍ ഉരുവിട്ട് കൊണ്ട് പെട്ടെന്ന് 'സ്വിഷ്' എന്ന് പറഞ്ഞ് എന്റെ മുഖത്ത് തടവി അത് സൂര്യനിലേക്ക് വലിച്ചെറിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് എന്തൊക്കെയോ സംഭവിച്ചു. ഞാന്‍ നിലത്ത് വീണു. വലത്തേ കൈ കുറേ നേരത്തേക്ക് തരിച്ച് പോയി. അത് ശരിയാക്കാന്‍ അയാള്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വന്നു. പിന്നെ കണ്ണ് തുറന്ന് അദ്ദേഹത്തെ ഒരു പാട് നേരം ആലിംഗനം ചെയ്തു. പിന്നീട് എന്റെ ആ പ്രയാസം മാറി എന്ന് പിശാച് തോന്നിപ്പിച്ചു. ഇതില്‍ പങ്കെടുത്ത പലരും എന്നോട് ഇതുപോലുള്ള അനുഭവം പങ്കുവെച്ചിട്ടുണ്ട്. അറിവില്ലായ്മയില്‍ സംഭവിച്ച ഈ തെറ്റിന് ഞാന്‍ അല്ലാഹുവിനോട് മാപ്പിരന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇതിലെ നിഗൂഢതകളെക്കുറിച്ച് വിശ്വാസികള്‍ക്ക് താക്കീത് നല്‍കാന്‍ എനിക്ക് സാധിച്ചതില്‍ അല്ലാഹുവിന് സ്തുതി. 

മാരണത്തിന്റെ മായാവലയം തീര്‍ക്കുന്നതും മനുഷ്യരുടെ ഇരുലോക ജീവിതത്തെ തകര്‍ക്കുന്നതും സമ്പത്ത് കൊള്ളയടിക്കുന്നതുമായ ഒരു നിഗൂഢ പദ്ധതിയാണ് NLP എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ ഇത്തരം പൈശാചികതകളെ കുറിച്ച് വ്യക്തമായ ബോധമുള്ളവരായിരിക്കണം. ഇതിന്റെ അടിമയായി മാറുന്നവര്‍ പിന്നീട് രക്ഷപ്പെടാനാവാത്ത വിധം പിശാചിന്റെ കരവലയത്തിനുള്ളില്‍ അമരാനുള്ള സാധ്യത ഏറെയാണ്. പണ്ഡിതന്മാരും ഈ കാര്യങ്ങള്‍ മനസ്സിലാക്കിയ ആളുകളും ഈ നിഗൂഢ പ്രവര്‍ത്തനത്തിനെതിരെ  ശബ്ദമുയത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.