സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പതിനെട്ടാം പടിയോ? മത സ്വാതന്ത്ര്യത്തിന്റെ ശരണം വിളിയോ?!

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 നവംബര്‍ 03 1440 സഫര്‍ 23
ഹൈന്ദവ ഭൂരിപക്ഷം ഏറെ പവിത്രമായി ഗണിച്ച് പോരുന്ന ശബരിമല വിവാദങ്ങളുടെ ചക്രവ്യൂഹങ്ങളില്‍ കിടന്നുഴലുകയാണ്. കോടതിവിധിയുടെ കാര്‍ക്കശ്യങ്ങള്‍ക്കും ഭക്തരുടെ അഭിലാഷങ്ങള്‍ക്കുമപ്പുറം ആസന്നമായ പൊതു തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ശബരിമലയുമായി ബന്ധപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അജണ്ടകള്‍ നിശ്ചയിക്കുന്നതെന്ന് അവര്‍സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്ന് വ്യക്തമാണ്. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നൊരു വിശകലനം.

കേരളത്തിലെ ഭൂരിപക്ഷ ഹൈന്ദവ സമുദായം വളരെ പവിത്രമായി കരുതുന്ന ശബരിമലയില്‍ പത്തിനും അമ്പതിനുമിടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് കേരളം സ്ത്രീസ്വാതന്ത്ര്യം വളരെ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. വിധിയെ അംഗീകരിക്കില്ലെന്ന് പറയുന്ന ഒരു മഹാഭൂരിപക്ഷം കോടതിവിധിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുമ്പോള്‍ മറ്റൊരു വിഭാഗം വിധി നടപ്പാക്കാന്‍ പതിനെട്ടാം പടി കയറുമെന്ന ശാഠ്യത്തിലാണ്. ഇരുവിഭാഗത്തെയും വൈകാരികതയുടെ മുനയില്‍ നിര്‍ത്തുകയും അവരെ തെരുവിലിറക്കുകയും ചെയ്തുകൊണ്ട് മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന ചെന്നായയുടെ റോളില്‍ ചില തീവ്ര സംഘടനകള്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. കേരളീയ സമൂഹത്തില്‍ വര്‍ഗീയത ഇളക്കിവിട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ വല്ലതും നേടാന്‍ കഴിഞ്ഞെങ്കിലോ എന്ന വ്യാമോഹമാണ് അവരെ നയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും ഉന്നയിക്കുന്നത് സ്ത്രീകള്‍ക്ക് അവകാശമില്ലേ, അവര്‍ക്ക് സ്വാതന്ത്ര്യമില്ലേ തുടങ്ങി സ്ത്രീ സമൂഹത്തെ ഇളക്കിവിടാന്‍ പോന്ന വലിയ വലിയ സ്ത്രീ വിമോചന പ്രശ്‌നങ്ങളാണ്. പ്രശ്‌നത്തിന്റെ മര്‍മം ചര്‍ച്ച ചെയ്യുന്നതിന് പകരം കേവലം സ്ത്രീവിമോചനം മാത്രം ചര്‍ച്ചയാക്കി വിധി രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തെ എങ്ങനെ ബാധിക്കുമെന്ന സുപ്രധാന പ്രശ്‌നത്തിനു നേരെ കണ്ണടച്ചിരുട്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 

യഥാര്‍ഥത്തില്‍ ഈ വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കാള്‍ ചര്‍ച്ചയാവേണ്ടത് മതാചാരങ്ങളില്‍ ഓരോ മത വിഭാഗത്തിന്റെയും പ്രമാണങ്ങള്‍ പരിഗണിക്കാതെ കോടതികള്‍ക്ക് ഇടപെടാമോ എന്നതാണ്. മതസമൂഹങ്ങളില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിജപ്പെടുത്തുന്നത് അതത് മതത്തിന്റെ പ്രമാണങ്ങള്‍ക്കനുസരിച്ചാണ്. അവിടെ കേവലയുക്തികള്‍ക്കോ ബാഹ്യഇടപെടലുകള്‍ക്കോ കോടതികളുടെ നിരീക്ഷണങ്ങള്‍ക്കോ ഭരണകൂടത്തിന്റെ ശാസനകള്‍ക്കോ പ്രസക്തിയില്ല. പൊതുയിടങ്ങളില്‍ മതശാസനകള്‍ അടിച്ചേല്‍പിക്കപ്പെടുകയാണെങ്കില്‍ അതില്‍ കോടതികള്‍ ഇടപെടുന്നതിന്റെ യുക്തി മനസ്സിലാക്കാം. എന്നാല്‍ മതവിഭാഗങ്ങള്‍ അവരുടെ മതപരിസരങ്ങളില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ അവരുടെ മതതത്ത്വങ്ങള്‍ ആചരിക്കുന്നുവെങ്കില്‍ അതില്‍ സ്വന്തം യുക്തിയെ അടിസ്ഥാനമാക്കി കോടതികള്‍ അഭിപ്രായം പറയേണ്ടതുണ്ടോ? 

1990 ഓഗസ്റ്റ് 19ന് ഒരു ദിനപ്പത്രത്തില്‍ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇതിനെതിരെ ചിലര്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജസ്റ്റിസുമാരായ കെ.പരിപൂര്‍ണന്‍, കെ.ബി.മാരാര്‍ എന്നിവര്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിച്ചു. അങ്ങനെ 1991 ഏപ്രില്‍ അഞ്ചിന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2006ല്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലാണ് നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീംകോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്. 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമോ എന്നത് കേവലമൊരു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിഷയമായി ഭരണകൂടമോ ജുഡീഷ്യറിയോ എടുക്കാന്‍ പാടുള്ളതല്ല. 'ലിബറലിസം' എന്ന ആശയത്തില്‍ നിന്നോ 'ഫ്രീഡം' എന്ന ഭരണഘടനാപരമായ അവകാശത്തില്‍ നിന്നോ അല്ല മതങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വിധി പ്രസ്താവിക്കേണ്ടത്. മതവിശ്വാസികള്‍ പ്രമാണമായി അംഗീകരിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് തീര്‍പ്പ് കല്‍പിക്കേണ്ടത്. മതവിശ്വാസികള്‍ക്കിടയില്‍ തന്നെ വിവിധ ചേരികളുണ്ടെങ്കില്‍ കേസിലെ കക്ഷികള്‍ ഏതു ചേരിയില്‍ പെട്ടവരാണെന്നു പരിഗണിച്ചുകൊണ്ട് ആ കക്ഷി അംഗീകരിക്കുന്ന മതപ്രമാണങ്ങള്‍ക്ക് അനുസൃതമായി വിധി പ്രസ്താവിക്കുന്ന രീതിയാണ് ഇന്ത്യയില്‍ ഇക്കാലമത്രയും കോടതികള്‍ സ്വീകരിച്ചിട്ടുള്ള കീഴ്‌വഴക്കം. ഏകസിവില്‍കോഡ് അപ്രസക്തമാവുന്നതും ഇവിടെയാണ്. ഹൈന്ദവ സമൂഹം ഇക്കാര്യത്തില്‍ കുറേകൂടി ജാഗ്രത കാണിക്കേണ്ടതുണ്ട്. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നത്തില്‍ തങ്ങളുടെ മതപ്രമാണങ്ങള്‍ എന്ത് പറയുന്നുവെന്ന് പരിശോധിക്കുകയും ആരാധനാലയങ്ങളിലെ കീഴ്‌വഴക്കങ്ങള്‍ എന്തായിരുന്നുവെന്ന് വിലയിരുത്തുകയും ചെയ്തുകൊണ്ട് സമുദായത്തിനകത്ത് ഒരു സമവായം ഉണ്ടാക്കുകയാണ് വേണ്ടത്. അതിനുപകരം കോടതികള്‍ക്കെതിരെ പ്രത്യക്ഷസമരം നടത്തുന്ന രീതി ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കത്തക്കതല്ല. രാജ്യത്ത് അരാജകത്വം വളര്‍ത്തുവാനേ അത്തരം സമരങ്ങള്‍ ഉപകരിക്കൂ. ഹാദിയ പ്രശ്‌നത്തില്‍ ചില സംഘടനകള്‍ കോടതിക്കെതിരെ മാര്‍ച്ചും സമരവും പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചവര്‍ തന്നെ ഇപ്പോള്‍ ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വിരോധാഭാസമാണ്. 

ഹൈന്ദവ സമുദായത്തില്‍ പല ഘട്ടങ്ങളിലായി വിവിധ പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഉണ്ടായിരുന്ന ചില ആചാരങ്ങള്‍ അവര്‍ നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ തന്നെ ശ്രമഫലമായി ചില ആചാരങ്ങള്‍ കോടതികള്‍ വഴി നിരോധിക്കപ്പെട്ടിട്ടുമുണ്ട്. സതി നിരോധനം, സ്ത്രീകളുടെ മാറുമറയ്ക്കല്‍, ക്ഷേത്രപ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിയത് ഹൈന്ദവ നേതാക്കളുടെ തന്നെ ബോധവല്‍ക്കരണം വഴിയായിരുന്നു. തുടക്കത്തില്‍ ഈ നിരോധനങ്ങള്‍ക്കൊക്കെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഹൈന്ദവ നേതാക്കളുടെ സമയോചിതമായ ബോധവല്‍ക്കരണങ്ങളിലൂടെ എതിര്‍പ്പുകളെ ഇല്ലാതാക്കുകയായിരുന്നു. പരിഷ്‌കരണം സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാന്‍ സാധിക്കും. സതി നിരോധിക്കപ്പെട്ടതും സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അവസരം ഒരുക്കിക്കൊടുത്തതും ക്ഷേത്രപ്രവേശനം സാധ്യമാക്കിക്കൊടുത്തതും ഇവിടുത്തെ കമ്യൂണിസ്റ്റുകളുടെയോ മതനിരാസപ്രസ്ഥാനങ്ങളുടെയോ ശ്രമഫലമായിട്ടതായിരുന്നില്ല. മറിച്ച് അതെല്ലാം ഹൈന്ദവ പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമം വഴിയാണ് ഉണ്ടായിട്ടുള്ളത്. സതിക്കും ശൈശവ വിവാഹത്തിനുമെതിരെ ഹിന്ദുക്കളില്‍ ബോധവല്‍ക്കരണം നടത്തിയ രാജാറാം മോഹന്‍ റോയ് ഹൈന്ദവ പണ്ഡിതനും ബ്രഹ്മസമാജത്തിന്റെ സ്ഥാപകനുമായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. 

വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്‍ക്കുന്ന മതനിരാസ പ്രസ്ഥാനക്കാരും നവ ലിബറല്‍ നാസ്തികരും ശബരിമലയിലും ഇതര മതസ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വാദവുമായി രംഗത്തുവരുമ്പോള്‍ അതിന്റെ പിന്നിലുള്ള നിഗൂഢ അജണ്ടകളെ തിരിച്ചറിയാതിരുന്നുകൂടാ. ഇതെല്ലാം അന്ധവിശ്വാസങ്ങളാണെന്നു വിശ്വസിക്കുന്നവര്‍ സ്ത്രീകളെങ്കിലും അതില്‍ നിന്നും രക്ഷപ്പെടുമല്ലോ എന്നാശ്വസിക്കേണ്ടതിനു പകരം അവരെക്കൂടി മലചവിട്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലുള്ള പ്രചോദനം സ്ത്രീകളുടെ അവകാശങ്ങളോടുള്ള താല്‍പര്യമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

സുപ്രീം കോടതിയില്‍ വിവിധ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ കെ. കെ. വേണുഗോപാല്‍, അഡ്വ. വി. കെ. ബിജു, അമിക്കസ് ക്യൂറി കെ. രാമമൂര്‍ത്തി, അഡ്വ. രാധാകൃഷ്ണന്‍, അഡ്വ. കൈലാസ് നാഥന്‍ പിള്ള, അഡ്വ ഗോപാല്‍ ശങ്കരനാരായണന്‍ എന്നിവര്‍ കോടതിയെ ബോധിപ്പിച്ച കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. 

1) തുല്യത ഉറപ്പാക്കാനെന്ന പേരില്‍ എല്ലാ മതങ്ങള്‍ക്കും പൊതുഅളവുകോല്‍ നടപ്പാക്കാനാവില്ല.

2) ശബരിമലയില്‍ ദേവപ്രശ്നം നടത്തിയാണ് കാര്യങ്ങള്‍ നിശ്ചയിച്ചത്. അതില്‍ കോടതി വിശ്വസിക്കുന്നുണ്ടോ എന്നതിനെക്കാള്‍ ഭക്തരുടെ വിശ്വാസത്തിനാണ് പ്രാധാന്യം.

3) വിശ്വാസത്തെ തള്ളിക്കൊണ്ടുള്ള ഹരജികള്‍ നിയമത്തിനുപരിയായി പരിഗണിച്ചില്ലെങ്കില്‍ അത് പിന്നീട് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കും. 

4) സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് 2016 ഫെബ്രുവരിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികസത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നവംബറില്‍ എല്‍.ഡി.എഫ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാടല്ല ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാറിന് ഇക്കാര്യത്തില്‍ വ്യക്തത ഇല്ല. വ്യക്തത ഇല്ലാത്ത കാര്യത്തിലാണ് സര്‍ക്കാര്‍ വാശി കാണിക്കുന്നത്. 

5) വിഷയത്തില്‍ കോടതി അനുകൂല തിരുമാനമെടുത്താല്‍ അത് ഹിന്ദുവിശ്വാസികളെ മാത്രമല്ല എല്ലാ മതസ്ഥരെയും ബാധിക്കും. 

6) നാളെ മുസ്‌ലിം സ്ത്രീകള്‍ ഇമാം ആകണമെന്നോ സുവര്‍ണ ക്ഷേത്രത്തില്‍ സിഖ് സ്ത്രീകള്‍ സേവ നടത്തണമെന്നോ ക്രൈസ്തവ വിശ്വാസികളായ സ്ത്രീകള്‍ പുരോഹിതകളാകണമെന്നോ ആവശ്യപ്പെട്ടാല്‍ കോടതി അനുകൂല നിലപാട് എടുക്കുമോ? 

അഭിഭാഷകര്‍ ഉന്നയിച്ച മുകളിലെ വാദങ്ങളും ആശങ്കകളും പരിഗണിക്കാതെ കേവലം ഭരണഘടന നല്‍കുന്ന തുല്യാവകാശം മാത്രം പരിഗണിച്ചാണ് കോടതി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത്. സ്വാഭാവികമായും ഓരോ മതവിഭാഗത്തിന്റെയും മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുകല്‍പിക്കേണ്ടത് അതാത് സമുദായമാണെന്ന കീഴ്‌വഴക്കം ലംഘിക്കപ്പെടുകയാണിവിടെ. 

കോടതി കാര്യമായും കണ്ടെത്തിയിരിക്കുന്നത് സ്ത്രീകളോടുള്ള വിവേചനമാണ്. മതപരമായ വിശ്വാസമോ ആചാരമോ അല്ല വ്യക്തികളുടെ സ്വാതന്ത്ര്യം മാത്രം പരിഗണിച്ചുകൊണ്ടുള്ള ഒരു വിധിയാണിത്. ഇയ്യിടെയായി കോടതിയില്‍ നിന്നും വന്നിട്ടുള്ള സുപ്രധാനമായ പല വിധികള്‍ക്കും സമാനതകളുണ്ട്. സ്വവര്‍ഗ രതി, വിവാഹേതര ബന്ധം തുടങ്ങിയ വിധികളിലൊക്കെ കോടതിക്ക് വിഷയമായിരുന്നത് പൗരന്റെ അവകാശവും അവരുടെ സ്വാതന്ത്ര്യവും മാത്രമായിരുന്നു. രാജ്യത്തിന്റെ ധാര്‍മികാടിത്തറ കോടതിക്ക് വിഷയമായിരുന്നില്ല. ധര്‍മത്തെയോ സദാചാരത്തെയോ പരിഗണിക്കാതെ പൗരാവകാശത്തിന്റെ പേര് പറഞ്ഞു നിയമങ്ങള്‍ രൂപീകരിക്കുന്നത് രാജ്യത്തെ വലിയ വിപത്തിലേക്ക് തള്ളിയിടുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ തന്നെ വിവിധ മതവിഭാഗങ്ങളുടെ ആചാരപരമായ കാര്യങ്ങളില്‍ അതാത് സമുദായത്തിന്റെ വാദങ്ങളെ പരിഗണിക്കാതെ പൗരാവകാശത്തിന്റെ പേര് പറഞ്ഞുകൊണ്ട് അവയില്‍ തലയിടുന്നത് വഴി രാജ്യത്ത് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരുക്കും ഫലം. 

സ്ത്രീയുടെയും പുരുഷന്റെയും ധര്‍മവും നിയോഗവും വിലയിരുത്തിക്കൊണ്ടു വേണം വിവേചനത്തെ കുറിച്ച് സംസാരിക്കാന്‍. സ്ത്രീയുടെ ധര്‍മമെന്തെന്ന് അറിയുന്നവരാണ് ഭാരതത്തിലെ സ്ത്രീകള്‍. പുരുഷനും സ്ത്രീക്കും പ്രകൃതിപരമായി നല്‍കപ്പെട്ടിട്ടുള്ള സവിശേഷ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് പുരുഷന്റെയും സ്ത്രീയുടെയും ധര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. ഏതൊരു പുരുഷനും തന്റെ സംരക്ഷണത്തില്‍ കഴിയുന്ന സ്ത്രീക്ക് പരമാവധി സുരക്ഷ ഒരുക്കുവാന്‍ ശ്രമിക്കും. സുരക്ഷയുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അതൊരിക്കലും സ്ത്രീയോടുള്ള വിവേചനം കൊണ്ടല്ല. മറിച്ച് സ്ത്രീ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന സദുദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

സ്ത്രീയും പുരുഷനും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. അവരുടെ കഴിവുകള്‍ വ്യത്യസ്തമാണ്. അവരുടെ മാനസികവും ശാരീരികവുമായ അവസ്ഥകളും ഭിന്നമാണ്. സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതിപരമായ സവിശേഷതകളിലെയും അവരുടെ ജനിതക സ്വഭാവങ്ങളിലെയും വൈരുധ്യങ്ങളും വൈജാത്യങ്ങളും പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ സ്ത്രീ സുരക്ഷയെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും പുരുഷസുരക്ഷ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നത്. പുരുഷ പീഡനമെന്ന വാക്ക് കേള്‍ക്കാന്‍ കഴിയാത്തതും സ്ത്രീപീഡനം നിത്യേന വാര്‍ത്തകളായി നമ്മുടെ മുമ്പിലെത്തുന്നതും അതുകൊണ്ടാണ്. പുരുഷന്റെയും സ്ത്രീയുടെയും ഭിന്നമായ ഈ പ്രകൃതിഗുണങ്ങള്‍ പരിഗണിക്കാതെയുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണ്. പ്രകൃതിനിയമങ്ങള്‍ക്കതീതമായ സ്വാതന്ത്ര്യം അസാധ്യമാണ് എന്നത് ഒരു ശാസ്ത്ര വസ്തുതയാണ്. ഒരു മനുഷ്യന്‍ പറക്കണമെന്നാഗ്രഹിച്ചിട്ട് കാര്യമില്ല. അത് മനുഷ്യന്റെ പ്രകൃതിക്ക് അസാധ്യമാണ്. അതിനവന് സ്വാതന്ത്ര്യമില്ല. സ്ത്രീക്ക് സ്രഷ്ടാവ് നല്‍കിയിട്ടുള്ള സൃഷ്ടിപരവും പ്രകൃതിപരവുമായ സവിശേഷതകള്‍ കാരണം അവളുടെ സ്വാതന്ത്ര്യത്തിനു ചില പരിമിതികളുണ്ട് എന്ന വസ്തുത മറച്ചുവെച്ചുകൊണ്ട് എത്രതന്നെ സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല.

സ്ത്രീകളുടെ മാസമുറയും അനുബന്ധമായ പ്രശ്‌നങ്ങളും 'അശുദ്ധം' ആണെന്നതോ ആ കാലങ്ങളില്‍ സ്ത്രീക്ക് ജൈവികമായ ബലഹീനതകള്‍ ഉണ്ടാവുമെന്നതോ അല്ല പ്രശ്‌നത്തിന്റെ കാതലായ വശം. വിവിധ മതങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട ചില മര്യാദകള്‍ പഠിപ്പിക്കപ്പെടുന്നത് സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനമായിട്ട് വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. ഇത്തരം മര്യാദകള്‍ പുരുഷനുമുണ്ട്. ഒരു പുരുഷന് ഇന്ദ്രിയ സ്‌കലനം ഉണ്ടായാല്‍ അയാളെക്കുറിച്ച് വലിയ അശുദ്ധിയുള്ളവന്‍ എന്നാണ് ഇസ്ലാമിലെ പ്രയോഗം. അതുപോലെ മലമൂത്ര വിസര്‍ജനം കഴിഞ്ഞ ആളെക്കുറിച്ച് ചെറിയ അശുദ്ധിയുള്ളവന്‍ എന്നും പ്രയോഗിക്കപ്പെടുന്നു. അവയില്‍ നിന്നും ശുദ്ധിയായിക്കഴിഞ്ഞെങ്കില്‍ മാത്രമെ അവര്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്കും അങ്ങനെത്തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള ആര്‍ത്തവം, പ്രസവം എന്നീ സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുന്ന രക്തസ്രാവം അശുദ്ധി മാത്രമല്ല, അതവര്‍ക്ക് അസ്വസ്ഥജനകമായ അവസ്ഥ തന്നെയാണ്. 'അദന്‍' അഥവാ ഉപദ്രവം എന്നാണ് അതിനെക്കുറിച്ച് ക്വുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് അവരുടെ പ്രയാസങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് അവര്‍ക്ക് അത്തരം സന്ദര്‍ഭങ്ങളില്‍ ആരാധനകള്‍ പാടില്ലെന്ന് പറഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ആരാധനക്ക് നിയന്ത്രണങ്ങളുണ്ട് എന്നര്‍ഥം. അതുകൊണ്ട് തന്നെ ഇസ്ലാമിനെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ വിവേചനമുണ്ട് എന്ന ആരോപണത്തില്‍ കഴമ്പില്ല. സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുസ്ലിം സമുദായത്തിലുള്ള അഭിപ്രായവ്യത്യാസത്തില്‍ പുറമെ നിന്നുള്ളവര്‍ കക്ഷി ചേരേണ്ടതില്ല. ഓരോ വിഭാഗത്തിനും അവരുടേതായ കാഴ്ചപ്പാടുകള്‍ പുലര്‍ത്താനും അതനുസരിച്ച് പള്ളികളും സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകാനുമുള്ള അവകാശമുണ്ട്. അതില്‍ ഇസ്ലാമിക പ്രമാണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും മുസ്ലിം സംഘടനകള്‍ വളരെ ആരോഗ്യകരമായി നടത്താറുമുണ്ട്. പക്ഷേ, രാജ്യത്തെ നിയമം മൂലം ഏതെങ്കിലുമൊരു പള്ളിയില്‍ ആ പള്ളിയുടെ നടത്തിപ്പുകാരുടെ വീക്ഷണത്തിനെതിരെ കാര്യങ്ങള്‍ നടപ്പാക്കണമെന്ന അഭിപ്രായം ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിനെതിരാണ്. ഇയ്യിടെ സ്ത്രീകള്‍ക്ക് ഇമാമായും ഖത്വീബായും എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ഇസ്ലാമിക പ്രമാണങ്ങളെ ഒട്ടും പരിഗണിക്കാത്ത ഒരു വിഭാഗം ഒരു സ്ത്രീയെ ഇമാമും ഖത്വീബുമാക്കി 'നമസ്‌കാരം' നിര്‍വഹിച്ചത് നാം കണ്ടതാണ്. അതിനെതിരെ കോടതിയില്‍ പോകാനോ അത് മുടക്കാനോ ഒരു മുസ്ലിം സംഘടനയും മിനക്കെട്ടിട്ടില്ല. രാജ്യത്ത് നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അത്തരത്തിലുള്ളതാണ്. ഭരണഘടന നല്‍കുന്ന ഈ അവകാശങ്ങളെ ഹനിച്ചുകൊണ്ട് സ്ത്രീയും പുരുഷനും തുല്യരാണെന്ന ഉപരിപ്‌ളവവും കേള്‍ക്കാന്‍ സുഖമുള്ളതുമായ വാദങ്ങളെ പരിഗണിച്ച് വിധി പറയുന്ന രീതി രാജ്യത്ത് മതസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുകയെ ഉള്ളൂ. ചിലരെങ്കിലും ചൂണ്ടിക്കാണിച്ച പോലെ ഒരു ഏക സിവില്‍ കോഡിനുള്ള പാത വെട്ടിത്തെളിയിക്കുകയാണോ ഇതിന്റെ പിന്നിലുള്ള ലക്ഷ്യം എന്ന സംശയം ബലപ്പെടുകയാണ്. 

കേരളസര്‍ക്കാര്‍ എത്രയോ കോടതിവിധികളില്‍ റിവ്യൂ ഹരജി നല്‍കിയിട്ടുണ്ട്. അതുപോലെ ഇതിലും നിയമപരമായി ഇടപെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. വിശ്വാസം സംരക്ഷിക്കപ്പെടണമെന്നായിരുന്നു 2016 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നല്‍കിയ അധികസത്യവാങ് മൂലം. അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു പിന്നീട് വന്ന സര്‍ക്കാരും ചെയ്യേണ്ടിയിരുന്നത്. അങ്ങനെയൊരു വാദത്തില്‍ ഉറച്ചുനിന്നിരുന്നുവെങ്കില്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നു. ഈ വിവാദങ്ങള്‍ക്കിടയില്‍ ഇക്കഴിഞ്ഞ 19നു (വെള്ളിയാഴ്ച) മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം ഇതിലേക്കുള്ള സൂചനയാണ്. മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിന്യായമുണ്ടായിരിക്കുന്നത്. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മതത്തിന്റെയും ആചാരങ്ങള്‍ക്കുമേല്‍ നിയമത്തിന് ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്നും ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്നും കോടതി ചോദിക്കുകയുണ്ടായി. ഓരോ സംസ്ഥാനത്തെയും ഇതുപോലുള്ള വിഷയങ്ങളില്‍ ഭരണഘടന അതാത് സംസ്ഥാനത്തെ ഹൈക്കോടതികള്‍ക്ക് ചില അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട് (അനുച്ഛേദം 226 നോക്കുക). ശബരിമല കേസില്‍ കേരള ഹൈക്കോടതി ആദ്യമായി ഇടപെടുന്നതും ഈ അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വര്‍ഗീയതയും കലാപങ്ങളും വര്‍ധിപ്പിക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. ഒരു മുസ്ലിം നാമധാരിയായ സ്ത്രീയെ മലചവിട്ടിച്ചതും ഇതേ സംഘശക്തികളായിരുന്നുവെന്നു രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. വിശ്വാസമല്ല, ആക്ടിവിസമാണ് പ്രധാനമെന്നും പറഞ്ഞുകൊണ്ട് കുറേപേര്‍ മലമുകളിലേക്ക് പോകുമ്പോള്‍ അധികാരികള്‍ക്കും ജുഡീഷ്യറിക്കും ഈ വിഷയത്തില്‍ ചില ഉത്തരവാദിത്തങ്ങളുണ്ട്. അവരത് വിസ്മരിക്കരുത്.

ആരാധന, വിശ്വാസ, ആചാര രീതികളില്‍ തങ്ങളുടേതായ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍ അവയെ സ്വയം തിരുത്തി പരിഷ്‌കരിക്കാനുള്ള ഇച്ഛാശക്തി ഓരോ മതവിഭാഗത്തിനും ഉണ്ടാവേണ്ടതുണ്ട്. അവരെ അത്തരം കാര്യങ്ങളില്‍ പ്രചോദിപ്പിക്കുവാന്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയാണ് വേണ്ടത്. അതിനു പകരം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മതേതരത്വത്തെയും മത സ്വാതന്ത്ര്യത്തെയും ആരാധനകളിലും വിശ്വാസങ്ങളിലുമുള്ള വൈവിധ്യങ്ങളെയും ഇല്ലാതാക്കുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പതിനെട്ടാം പടികളെക്കാള്‍ മതേതരത്വത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ശരണം വിളികള്‍ക്കാണ് ഭരണഘടന പ്രാധാന്യം നല്‍കുന്നതെന്ന് തിരിച്ചറിയാന്‍ ജുഡീഷ്യറിക്ക് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

'അന്നൂര്‍' ക്വുര്‍ആന്‍ പഠനത്തിന്റെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോം

വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയുടെ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ഈ ദൈവിക ഗ്രന്ഥത്തെക്കുറിച്ച് മനുഷ്യരിലധികവും അജ്ഞരാണ്. ദൈവദൂതന്മാരില്‍ അവസാന കണ്ണിയായ മുഹമ്മദ് നബിﷺയിലൂടെയാണ് അതിന്റെ അവതരണമുണ്ടായത്. ദൈവിക ഗ്രന്ഥത്തെ അടുത്തറിയാനും അതിനനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താനും നാം ശ്രമിച്ചിട്ടില്ലെങ്കില്‍ പര്യവസാനം ദുരന്തപൂര്‍ണമായിരിക്കുമെന്നതില്‍ സംശയമില്ല. ക്വുര്‍ആനിനെ സംബന്ധിച്ച് അതൊരു പ്രത്യേക വിഭാഗത്തിനോ, ഗോത്രത്തിനോ വേണ്ടി മാത്രം അവതരിക്കപ്പെട്ട ഒരു ഗ്രന്ഥമാണെന്ന് നാം വിചാരിച്ചെങ്കില്‍ അത് നമ്മുടെ അറിവില്ലായ്മയില്‍ നിന്നുയിര്‍കൊണ്ട തെറ്റുധാരണ മാത്രമാണ്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ കലാമുകളാണ് അഥവാ സംസാരങ്ങളാണ് ക്വുര്‍ആനിക വചനങ്ങള്‍. മനുഷ്യരെ അന്ധവിശ്വാസങ്ങളുടെയും അബദ്ധധാരണകളുടേയും കൂരിരുട്ടില്‍ നിന്ന് ദൈവിക സന്ദേശങ്ങളുടെ  തെളിമയാര്‍ന്ന സരണിയിലേക്ക് നയിക്കുകയെന്നതാണ് ക്വുര്‍ആനിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക: ''അലിഫ് ലാം റ്വാ, മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് നാം അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത് പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്'' (ക്വുര്‍ആന്‍ 14:1).

ഈ മഹത്തായ ഗ്രന്ഥം പാരായണം ചെയ്യുന്നതിന്റെയും പഠിക്കുന്നതിന്റെയും പ്രാധാന്യവും അതിന് ലഭിക്കാനിരിക്കുന്ന അളവറ്റ പ്രതിഫലവും മനസ്സിലാക്കിയാല്‍ വിശ്വാസികള്‍ക്ക് അതിനോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. 

ദൈവികവചനങ്ങളുടെ പാരായണവും പഠനവും മനുഷ്യമനസ്സുകള്‍ക്ക് പകര്‍ന്നുനല്‍കുന്ന സമാധാനം വര്‍ണനകള്‍പ്പുറം മാധുര്യമാര്‍ന്നതാണ്. കാരുണ്യവാനായ രക്ഷിതാവ് തന്നെ പറയുന്നു: ''ഹേ മനുഷ്യരേ, നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിനു ശമനവും നിങ്ങള്‍ക്ക് വന്നു കിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നു കിട്ടിയിരിക്കുന്നു)'' (10:57). 

ദൈവസ്ണരമയിലൂടെ മാത്രമാണ് അനിര്‍വചനീയമാം വിധത്തില്‍ മനസ്സുകള്‍ക്ക് സമാധാനം ലഭിക്കുകയുള്ളൂ എന്നതും നാം മനസ്സിലാക്കേണ്ടതാണ്: ''അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നത് വരെ. ശ്രദ്ധിക്കുക, അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്''(ക്വുര്‍ആന്‍ 13:28).

ക്വുര്‍ആന്‍ പഠിക്കുവാന്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന സംരംഭങ്ങളും വഴികളുമുണ്ട്. ആ ഗണത്തിലേക്ക് പുതുതായി കടന്നുവരുന്ന ഒരു സംരംഭമാണ് 'അന്നൂര്‍.' ഇത് ഒരു ഓണ്‍ലൈന്‍ ക്വുര്‍ആന്‍ പഠന പദ്ധതിയാണ്. 

2018 ഒക്‌ടോബര്‍ 14 ഞായാഴ്ച ഇതിന്റെ പ്രഖ്യാപന സമ്മളേനം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍വെച്ച് നടക്കുകയുണ്ടായി. വിശുദ്ധ ക്വുര്‍ആന്‍ പഠനത്തിന്റെ ഈ ഗ്ലോബല്‍ പ്ലാറ്റ് ഫോം പ്രഖ്യാപിച്ചത് ക്വുര്‍ആന്‍ വിവര്‍ത്തകന്‍ കൂടിയായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂരായിരുന്നു. 

ഈ പഠനപദ്ധതിയില്‍ അംഗമാകാന്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ആയിരക്കണക്കിനാളുകള്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പീസ് റേഡിയോ ആപ്പിലെ ഇീൗൃലെെ

എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സാധ്യമാകുന്നത്ര ആളുകളെ ഈ പഠനപദ്ധതയില്‍ അംഗങ്ങളാക്കുവാനും ക്വുര്‍ആനിന്റെ വെളിച്ചത്തിലേക്ക് വഴികാണിക്കുന്നതില്‍ പങ്കാളികളാക്കുവാനും ശ്രദ്ധിക്കുമല്ലോ.