ഇന്ത്യ-ഇസ്രായേല്‍ ബാന്ധവത്തിനു പിന്നിലെ വസ്തുതകള്‍

ഉസ്മാന്‍ പാലക്കാഴി

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ ഇന്ത്യ മര്‍ദിതരായ ഫലസ്തീനികളുടെ പക്ഷത്തായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. മര്‍ദകരായ ഇസ്രയേലിനെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കാനും സഹായിക്കാനും ഇന്ത്യ തയ്യാറാണ്! ഫലസ്തീന്‍ ജനതയോട് അനുഭാവമുള്ള വിദേശനയത്തില്‍നിന്ന് ഇന്ത്യ വ്യതിചലിച്ചിരിക്കുന്നു. ഇന്ത്യ-ഇസ്രയേല്‍ ഭായി-ഭായി ആയി മാറിയതിനു പിന്നിലെ രഹസ്യമെന്ത്?

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ഇസ്രായേല്‍ സന്ദര്‍ശനം ഇന്ത്യന്‍ മാധ്യമങ്ങളും ചില അറബ് പത്രങ്ങള്‍ ഒഴികെയുള്ള ആഗോള മാധ്യമങ്ങളും വലിയ ആഘോഷമാക്കി മാറ്റുകയുണ്ടായി. ഫലസ്തീന്‍ എന്ന അറബ് പ്രദേശത്തെ വിഭജിച്ചു കൊണ്ട് നിലവില്‍ വന്ന വംശീയ രാഷ്ട്രമായ ഇസ്രായേലിനോട് മോദിക്ക് മുമ്പുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ബോധപൂര്‍വം അകലം പാലിക്കുകയായിരുന്നു. ശക്തനായ ആഗോള രാഷ്ട്രിയ ചിന്തകന്‍ എന്നറിയപ്പെട്ട ഡോ. മന്‍മോഹന്‍ സിങ്ങിനു പോലും ഇസ്രായേലിലേക്ക് ഒരു യാത്രപോകുവാന്‍ തോന്നലുണ്ടായില്ല. വേള്‍ഡ് ബാങ്കില്‍ ഉദ്യോഗം വഹിച്ചിരുന്ന കാലത്ത് മന്‍മോഹന്‍സിങ്ങിന്റെ സൗഹൃദ വലയത്തില്‍ ഇസ്രായേലിലെ സാമ്പത്തിക വിദഗ്ധരും യൂറോപ്പിലെ യഹൂദ ബുദ്ധിജീവികളും ഉള്‍പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായ ശേഷം അത്തരം സൗഹൃദങ്ങളെ വികസിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായില്ല എന്നു മാത്രവുമല്ല നരസിംഹറാവു എന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി തുടക്കം കുറിച്ച ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ അടിത്തറയില്‍ പുതിയ ബന്ധങ്ങള്‍ പണിതുയര്‍ത്തുവാനും ശ്രമിക്കുകയുണ്ടായില്ല.

അതേസമയം ഒന്നും രണ്ടും യു.പി.എ കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ ധാരണകള്‍ക്കു വിപരീതമായി ആഭ്യന്തര മന്ത്രാലയം ഇസ്രായേലുമായി സൈനിക ഉടമ്പടികളിലും ആയുധക്കരാറുകളിലും ഏര്‍പെടുകയും ചെയ്തു. ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ച ഇസ്രായേല്‍ ബാന്ധവത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയാണ് നരേന്ദ്രമോദി ചെയ്തത്. എന്നാല്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിനു ശേഷം അവിടെ സന്ദര്‍ശനം നടത്തുന്ന ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന വിശേഷണം മോദി സ്വന്തമാക്കുകയുണ്ടായി. ഇസ്രായേല്‍ ഭരണാധികാരികളെ സംബന്ധിച്ച് മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഒരാദര്‍ശത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രതിരൂപമാണ്.

ഈ പ്രതിരൂപാത്മകതയാണ് മോദിയെ ഇസ്രായേല്‍ രാഷ്ട്രത്തിനും ജനതക്കും പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്. സിയോണിസത്തിന്റെ അക്രമാസക്തവും അറബ്-മുസ്‌ലിം വിരുദ്ധവുമായ താത്വികാശയങ്ങളില്‍ നിന്ന് ആവേശവും പ്രചോദനവും സ്വീകരിച്ച ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് രാഷ്ട്രിയ സ്വയം സേവക സംഘം. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രൂപരേഖ നിര്‍ണയിക്കുന്നതില്‍ സിയോണിസം വഹിച്ച പങ്ക് ഇന്നൊരു രഹസ്യവിവരമല്ല. ഗോള്‍വാള്‍ക്കറുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ ഇന്നു ലഭ്യവുമാണ്. ലോകമെങ്ങുമുള്ള ജൂതന്മാരെ അവര്‍ അധിവസിച്ചിരുന്ന പ്രദേശങ്ങളിലെ സമാധാന ജീവിതങ്ങളില്‍ നിന്നും പറിച്ചുമാറ്റുകയും കടുത്ത വംശീയ ഭ്രാന്തിന്റെയും മിഥ്യയായ വിശുദ്ധ രാഷ്ട്ര സങ്കല്‍പങ്ങളുടെയും പ്രേരണകള്‍ക്കു പിറകെ സഞ്ചരിപ്പിക്കുകയും ചെയ്ത സിയോണിസം ആ ജനതയെ അടിമുടി മാറ്റിക്കളഞ്ഞു. ഹോളോകാസ്റ്റിനെക്കുറിച്ചുള്ള കഥകളും ലോകമെങ്ങും ജൂതന്‍ അടിച്ചമര്‍ത്തപ്പെടുകയാണ് എന്ന പ്രചാരണവും യഹൂദജനതയെ വൈകാരികാന്ധതകളിലേക്കാണു നയിച്ചത്. മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഘടകങ്ങള്‍ക്ക് ഉപരിയായി വംശീയതയെ ഏറ്റവും കടുത്ത ഒരു ഉത്തേജനമായി എങ്ങനെ വിനിയോഗിക്കുകയും രാഷ്ട്രീയമായി എങ്ങനെ നേരിടുകയും ചെയ്യാമെന്നുള്ള കാര്യത്തില്‍ ആര്‍.എസ്.എസ്സുകാരുടെ പാഠപുസ്തകം സിയോണിസമാണ്. 

ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നശേഷം സമീപപ്രദേശങ്ങളിലെ രാജ്യങ്ങളെയും ജനതകളെയും വംശീയ അതിര്‍ത്തിക്കപ്പുറത്തു നിര്‍ത്തുകയും കടുത്ത ശത്രുതയോടെ നോക്കിക്കാണുകയും ചെയ്തുകൊണ്ടുള്ള ഇസ്രായേലിന്റെ പൈശാചികമായ മുന്നേറ്റം ആഗോളതലത്തില്‍ തന്നെ എല്ലാ ഫാഷിസ്റ്റു ശക്തികളെയും തമസ്സിന്റെ വക്താക്കളെയും പ്രചോദിപ്പിക്കുകയും ആവേശ ഭരിതമാക്കുകയും ചെയ്യുന്നതായിരുന്നു. ഇന്ത്യയെ ഇസ്രയേല്‍ മാതൃകയില്‍ വളര്‍ത്തിയെടുക്കുക എന്ന ചിന്താഗതിയാണ് ആര്‍.എസ്.എസിന്റെ നേതാക്കള്‍ ഒരു സ്വപ്‌നസമാനമായ അഭിലാഷമായി കൊണ്ടുനടന്നത്.

നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ ആ അഭിലാഷ പൂര്‍ത്തീകരണത്തിനുള്ള അവസരം ആഗതമായതായി അവര്‍ കരുതുന്നു. ആര്‍.എസ്.എസിന്റെ അജന്‍ഡകളില്‍ നിന്ന് മാറി മോദിസര്‍ക്കാര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഒരു സെക്കന്റുപോലും സഞ്ചരിച്ചതായി പറയാനാവില്ല. ഇന്ന് ലോകത്ത് വല്ല ഭരണകൂടവും സംഘപരിവാറിനെയും മോദിയെയും മോഹിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഇസ്രായേല്‍ മാത്രമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയും തെരേസമേയ്‌യുടെ ബ്രിട്ടണുമൊന്നുമല്ല. കാരണം ലക്ഷ്യങ്ങളിലും സ്വഭാവങ്ങളിലും നയരീതികളിലും സംഘപരിവാറിന്റെ ഇന്ത്യയുടെ സഹോദര രാഷ്ട്രമാണ് ഇസ്രായേല്‍. ഇന്ത്യയും ഇസ്രായേലും സഹോദര രാഷ്ട്രങ്ങളാണ് എന്ന് ഇസ്രായേല്‍ പ്രാധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് കേവലം നയതന്ത്രാര്‍ഥത്തില്‍ മാത്രമായിരുന്നില്ല. ജനതയെ വംശീയമായി ഏകീകരിക്കുകയും സാംസ്‌കാരിക ബഹുസ്വരതയെ മായ്ച്ചുകളയുകയും രാഷ്ട്രത്തിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും അവകാശികളായി ഒരു പ്രത്യേക വംശീയ ജനതയെ മാത്രം പരിഗണിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ ആഗോള മാനവരാശിയിലെ വംശീയ ബഹുസ്വരതകളെ സ്വന്തം അസ്തിത്വത്തിനു ഭീഷണിയായ ഒരു പ്രതിഭാസമായിട്ടാണു കാണുന്നത്. അറബ് ക്രൈസ്തവ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജോര്‍ദാന്‍, ലബനന്‍, യമന്‍, ഈജിപ്ത്, ലിബിയ, ഇറാഖ്, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളോട് ഇസ്രായേല്‍ പുലര്‍ത്തി വരുന്ന ശത്രുതയില്‍ ഈ വംശീയ അതിഭ്രാന്തിന്റെ അടരുകള്‍ നമുക്കു കാണാം. ചുറ്റുമുള്ള ജനതക്കെതിരെ കനത്ത ഒരു മതില്‍ പണിതുയര്‍ത്തിക്കൊണ്ട് സ്വയം ഒറ്റപ്പെടുക എന്ന നയമാണ് ഇസ്രായേല്‍ സ്വീകരിച്ചുവരുന്നത്.

അകാരണമായ വിധത്തില്‍ ശത്രുക്കളെ രൂപപ്പെടുത്തുകയും സങ്കല്‍പിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നയതന്ത്ര വൈകല്യം മോദിയുടെ ഇന്ത്യയും പിന്തുടരുന്നുണ്ട്. ദക്ഷിണേഷ്യയിലെയും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും ഹിമാലയ പാര്‍ശ്വങ്ങളിലെയും രാജ്യങ്ങളുമായുള്ള വര്‍ത്തമാനകാല ഇന്ത്യയുടെ ആശയവിനിമയങ്ങളെ താളം തെറ്റിക്കുന്നതില്‍ മോദിയെ ബാധിച്ച ഇസ്രായേല്‍ സിന്‍ഡ്രോം വലിയ പങ്കുവഹിച്ചു. രണ്ടാം യു.പി.എ ഗവണ്‍മെന്റിന്റെ ആദ്യനാളുകളില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ചില നീക്കങ്ങളെ അന്നത്തെ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി കൈകാര്യം ചെയ്തത് ദേശിയ മാധ്യമങ്ങള്‍ക്കു പോലും ചെറിയ സൂചനകള്‍ നല്‍കാതെയാണ്. എന്നാല്‍ സിക്കിം, ഭൂട്ടാന്‍, നേപ്പാള്‍ പ്രദേശങ്ങളിലെ ചൈനയുടെ സമീപകാല ഇടപെടലുകള്‍ പര്‍വതീകരിച്ചു കാണിക്കുകയും അവയെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതിനു പകരം ആര്‍.എസ്.എസിന്റെ വൈകാരിക വൈകല്യങ്ങളുടെ അകമ്പടിയോടെ അവയെ സമീപിക്കുകയും ചെയ്തതാണ് അയല്‍രാജ്യമായ ചൈനയെ പ്രകോപിപ്പിച്ചതും പഞ്ചശീല തത്ത്വങ്ങളെക്കുറിച്ച് ഇന്ത്യയെ ഓര്‍മിപ്പിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായതും. ഇസ്രായേല്‍ നിലനില്‍ക്കുന്ന മേഖലയില്‍ ഒരു സമീപസ്ഥ രാഷ്ട്രവുമായും അതിന് ഇന്നാള്‍ വരെയും സൗഹൃദത്തില്‍ വര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇതേഅനുഭവത്തെ ഇന്ത്യയിലേക്കു പകര്‍ത്തുവാനുള്ള ശ്രമമാണ് നരേന്ദ്ര മോദിയുടെ ഭരണകൂടം നടത്തുന്നത്. രാജ്യത്തിനകത്ത് വംശീയമായ സാമൂഹ്യവല്‍ക്കരണം ഒരു സുപ്രധാന ലക്ഷ്യമായി സ്വീകരിക്കുകയും അക്കാര്യത്തില്‍ വിജയം കൈവരിക്കുകയും ചെയ്ത ഇസ്രായേലിനെ രാജ്യത്തിനു സമീപവും പുറത്തുമുള്ള ജന വിഭാഗങ്ങളോടുള്ള പെരുമാറ്റത്തിലും ഇന്ത്യ അനുകരിക്കുകയാണെങ്കില്‍ എന്തായിരിക്കും ഇന്ത്യാ ഉപഭുഖണ്ഡത്തിന്റെ സ്ഥിതിയെന്ന് ആശങ്കപ്പെടുവാന്‍  സംഘപരിവാര്‍ ആന്ധ്യം ബാധിച്ചവര്‍ക്ക് കഴിയുകയില്ലല്ലോ.

ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ മോദിയും നെതന്യാഹുവും സംയുക്തമായി നടത്തിയ പത്രപ്രസ്താവനയില്‍ പറഞ്ഞത് ''ഇരു രാജ്യങ്ങളും ഒരേതരം ഭീകരവാദത്തിന്റെ ഇരകളായ രണ്ടു രാഷ്ട്രങ്ങളാണ്'' എന്നാണ്. പശ്ചിമേഷ്യയില്‍ അറബ് മുസ്‌ലിം ജനതയെ മൃഗീയമായി കൊന്നൊടുക്കുകയും മുസ്‌ലിം രാജ്യങ്ങളിലെല്ലാം ഉപജാപങ്ങളിലൂടെ കലാപങ്ങളും സംഘര്‍ഷങ്ങളും രൂപീകരിക്കുകയും ചെയ്യുന്ന പൈശാചിക രാഷ്ട്രമായ ഇസ്രായേല്‍ 'ഭീകരവാദികള്‍' എന്നു വിളിക്കുന്നത് സ്വന്തം മണ്ണും കിടപ്പാടവും നഷ്ടപ്പെട്ട ഹതാശയരായ ഫലസ്തീനികളെയാണ്. 

രാജ്യത്തിന്റെ ആഭ്യന്തര ഘടനയിലും സാമൂഹിക സംവിധാനത്തിലും നയതന്ത്ര ശൈലികളിലും വൈദേശിക ബന്ധങ്ങളിലും സാമ്പത്തിക ക്രമങ്ങളിലും വികസനവിഹിതം വയ്പിലുമെല്ലാം ഇസ്രായേലാണ് മോദിയുടെ മാതൃകയെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. 'ഇന്ത്യയെ എങ്ങനെ ഇസ്രായേലാക്കിമാറ്റാം' എന്നതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ഭരണകൂടം ഈ രാഷ്ട്രത്തിന്റെ ജൈവഘടനയെയും  ആന്തരിക യാഥാര്‍ഥ്യങ്ങളെയും വിസ്മരിക്കുന്നു. ഗോള്‍വാള്‍ക്കറിസത്തിന്റെ അകക്കാമ്പ് സിയോണിസം തന്നെയാണ് എന്ന വാദത്തെ അരക്കിട്ടുറപ്പിക്കുകയാണ് സമീപകാല ഇന്ത്യയുടെ ഈ ഇസ്രായേല്‍ പഠനം.

0
0
0
s2sdefault