ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകള്‍

അബൂയഹ്‌യ

2018 മാര്‍ച്ച് 24 1439 റജബ് 06
ഇന്ത്യന്‍ ജനാധിപത്യം ഏറെ സവിശേഷതകളുള്ളതാണ്. അത് നിലനില്‍ക്കല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്ന നല്ല ഭരണാധികാരികളെ ഭരണത്തില്‍ കൊണ്ടുവരാന്‍ ജനാധിപത്യപ്രക്രിയകളില്‍ സജീവമായി പങ്കെടുക്കുകയും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നന്മ ചെയ്യുവാന്‍ വേണ്ടി വ്യത്യസ്ത അധികാര മേഖലകളിലും ഉദ്യോഗങ്ങളിലും എത്തിപ്പെടാന്‍ ശ്രമിക്കുകയും വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടുത്താന്‍ മതേതര ജനാധിപത്യ വിശ്വാസികളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയുമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടത്.

ഏതൊരു പ്രവാചകനും സത്യമത പ്രബോധനവുമായി രംഗത്തു വന്നപ്പോള്‍ ആ നാട്ടിലെ സത്യനിഷേധികളില്‍ നിന്ന് ക്രൂരമായ പീഡനവും നാടു കടത്തല്‍ ഭീഷണിയും നേരിട്ടിട്ടുണ്ട്. തങ്ങളുടെ പ്രബോധനം സ്വീകരിച്ചില്ലെങ്കില്‍ പോലും പ്രബോധനത്തിന്റെ സുഗമമായ നടത്തിപ്പിന്നും ഇസ്‌ലാം അനുസരിച്ച് ജീവിക്കാനും തങ്ങളെ സഹായിക്കുന്ന, പീഡനങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ആളുകള്‍ തങ്ങളുടെ നാടുകളില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ അതിയായി ആഗ്രഹിച്ചിട്ടുണ്ട്. മഹാനായ ലൂത്വ്(അ) നീചന്‍മാരായ തന്റെ പ്രബോധിതരുടെ അതിക്രമത്തില്‍ നിന്ന് തനിക്ക് അഭയം നല്‍കുന്ന ഒരു ശക്തമായ കേന്ദ്രം (ആളുകള്‍) ഉണ്ടായിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥനാമനസ്സോടെ ആഗ്രഹിച്ചത് പരിശുദ്ധ ക്വുര്‍ആനില്‍ കാണാവുന്നതാണ്(11:80). അതിനു ശേഷം വന്ന പ്രവാചകന്‍മാര്‍ക്കെല്ലാം തന്നെ  അവര്‍ക്കും അവരില്‍ വിശ്വസിച്ചവര്‍ക്കും ഒരു പരിധിവരെ തങ്ങളുടെ നാടുകളില്‍ നിന്ന് തന്നെയുള്ള അവിശ്വാസികളായ ആളുകളില്‍ നിന്ന് തന്നെ ഒരു സംരക്ഷണം അല്ലാഹു ഏര്‍പെടുത്തിയിട്ടുണ്ട്. 'നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞു കൊല്ലുക തന്നെ ചെയ്യുമായിരുന്നു' (11:91) എന്ന് ശുഐബ് നബി(അ)യുടെ നാട്ടുകാര്‍ അദ്ദേഹത്തോട് പറഞ്ഞതിന്റെ പശ്ചാത്തലത്തെ വിശദീകരിക്കവെ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇക്കാര്യം രേഖപ്പെടുത്തിയത് കാണാവുന്നതാണ്. അഥവാ ശുഐബ് നബിയെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തിയത് അദ്ദേഹത്തിന്റെ കുടുംബത്തിലും നാട്ടിലും പെട്ട അവിശ്വാസികള്‍ തന്നെ ആയിരുന്നു. അത് അല്ലാഹുവില്‍ നിന്ന് പ്രവാചകന്‍മാര്‍ക്കും സത്യവിശ്വാസികള്‍ക്കും ലഭിച്ച അനുഗ്രഹമായിട്ടാണ് ക്വുര്‍ആനിക വചനങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ നമുക്ക് വിശദീകരിച്ചു തന്നിട്ടുള്ളത്.! വിശ്വാസ സംരക്ഷണത്തിനും പ്രബോധനത്തിനും അനുകൂലമായ സാഹചര്യം ഒരു നാട്ടില്‍ ഉണ്ടാവുക എന്നത് അല്ലാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹമാണ്.

മുസ്‌ലിംകള്‍ക്ക് ക്വുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുവാന്‍ എല്ലാ സ്വാതന്ത്ര്യവും അവകാശവും നല്‍കുന്ന ഇന്ത്യയുടെ ജനാധിപത്യ ഭരണഘടന അല്ലാഹു ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ വലിയ അനുഗ്രഹമാണ്, നന്മയാണ്, വിജയമാണ്. 

ഒരു വ്യക്തിയുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ അടിസ്ഥാനമുണ്ടാകും. നാം ഒരാളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുമ്പോഴും അയാളില്‍ നിന്ന് വല്ല നന്മയും സ്വീകരിക്കുമ്പോഴും ആ നന്മ ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച അടിസ്ഥാനമാണ് വിലയിരുത്തേണ്ടത്. ഇല്ലെങ്കില്‍ ഒരാള്‍ അവിശ്വാസിയാകുന്നതോട് കൂടി അയാളില്‍ നിന്ന് ഒരു നന്മയും ഉണ്ടാവുകയില്ല എന്നും ഉണ്ടായാല്‍ തന്നെ അത് പരിഗണനാര്‍ഹമല്ല എന്നും പറയേണ്ടി വരും. അത് ക്വുര്‍ആനിക അധ്യാപനങ്ങള്‍ക്കും പ്രവാചക ചര്യക്കും എതിരായ ചിന്താഗതിയാണ്. 

ഉദാഹരണം: ഒരാള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നു. എങ്കില്‍ തീര്‍ച്ചയായും അയാളുടെ ആ വിശ്വാസം, അതിന്റെ അടിസ്ഥാനത്തില്‍ അയാള്‍ ചെയ്യുന്ന ആരാധനാകര്‍മങ്ങള്‍ എല്ലാം കുഫ്‌റാണ്. എന്നാല്‍ അതേ വ്യക്തി ദാഹിച്ച് വലഞ്ഞ ഒരു മുസ്‌ലിമിന് വെള്ളം കൊടുക്കുന്നു. അയാള്‍ക്ക് താമസിക്കാന്‍ ഒരു ഇടം കൊടുക്കുന്നു. മറ്റു ഉപദ്രവങ്ങളില്‍ നിന്ന് അയാള്‍ക്ക് സംരക്ഷണം കൊടുക്കുന്നു. എങ്കില്‍ അയാളുടെ ഈ പ്രവര്‍ത്തനങ്ങള്‍ കുഫ്‌റാണോ? അല്ല എന്ന് വ്യക്തം! അയാള്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിച്ചാല്‍ അത് ശിര്‍ക്ക് അല്ലെങ്കില്‍ കുഫ്‌റ്. എന്നാല്‍ അയാള്‍ ദാഹിച്ചവനു വെള്ളം നല്‍കിയത് നന്മ; കുഫ്‌റ് അല്ല. ജനാധിപത്യത്തിന് യാതൊരു നന്മയുമില്ല എന്ന വാദം ശരിയല്ല എന്നും ജനാധപത്യത്തിന്റെ നന്‍മകള്‍ കാണുകയും അത് അംഗീകരിക്കുകയും ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ''പുണ്യത്തിലും തക്വ്‌വയിലും പരസ്പരം സഹായിക്കുക...'' (ക്വുര്‍ആന്‍ 5:2) എന്നതാണ് അടിസ്ഥാന തത്ത്വം. അത് കൊണ്ടാണ് ഒരു അവിശ്വാസിക്ക് അയാള്‍ ചെയ്യുന്ന നന്മയുടെ ഫലം ഈ ലോകത്ത് വെച്ച് നല്‍കപ്പെടുമെന്ന് ക്വുര്‍ആനിലും ഹദീഥിലും വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. മാത്രവുമല്ല സത്യവിശ്വാസത്തിന് (ഈമാനിന്) പദവികള്‍ (ദറജകള്‍) ഉള്ളത് പോലെ കുഫ്‌റിലും ദറജകള്‍ ഉണ്ട്. സത്യവിശ്വാസികളോട് കടുത്ത നിലപാട് സ്വീകരിക്കുന്ന അവിശ്വാസികള്‍ക്കും മാന്യമായ നിലപാട് സ്വീകരിക്കുന്ന അവിശ്വാസികള്‍ക്കും നരകത്തില്‍ ഒരേ ശിക്ഷയല്ലെന്ന് 'ഫിര്‍ഔനിന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ പ്രവേശിപ്പിക്കും' എന്ന ക്വുര്‍ആന്‍ വചനത്തിന്റെ (40:46) വ്യാഖ്യാനത്തില്‍ പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. അബൂത്വാലിബിന് നരകത്തിലെ ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കപ്പെടാനുള്ള കാരണങ്ങളിലൊന്ന് അവിശ്വാസി ആയിരിക്കെത്തന്നെ നബി ﷺ യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നിര്‍ലോഭമായ സഹായമായിരുന്നു എന്ന് കാണാന്‍ സാധിക്കും. ശിര്‍ക്കും കുഫ്‌റും അല്ലാഹു തആലാ പൊറുക്കാത്ത പാപമായതിനാല്‍ അവര്‍ നരകത്തില്‍ നിത്യവാസികള്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്നാല്‍ നരകശിക്ഷകളിലെ ഏറ്റക്കുറവുകളുടെ വിഷയത്തിലും ദുന്‍യാവില്‍ നിന്ന് ലഭിക്കുന്ന നന്മയുടെ വിഷയത്തിലും അവിശ്വാസികളുടെ നന്മകള്‍ പരിഗണനീയമാണ് എന്നത് പ്രമാണങ്ങളില്‍ നിന്ന് വ്യക്തമാണ്. അപ്പോള്‍ അവരില്‍ നിന്നുണ്ടാക്കുന്ന നന്മകള്‍ നന്മ ആയിത്തന്നെയാണ് പരിഗണിക്കപ്പെടുന്നത് എന്നര്‍ഥം. 

എല്ലാ നന്മകളും അല്ലാഹുവില്‍ നിന്നുള്ളതാണ്. ഒരാള്‍ അവിശ്വാസിയാണെങ്കില്‍ പോലും അയാളില്‍ നിന്നുണ്ടാകുന്ന നന്മകള്‍ ആത്യന്തികമായി അല്ലാഹുവില്‍ നിന്നുള്ളതാണ്. ഒന്നുകില്‍ മനുഷ്യ ഫിത്വ്‌റത്തില്‍ അല്ലാഹു നേരത്തേ സംവിധാനിച്ച നന്മ. അല്ലെങ്കില്‍ പൂര്‍വികരിലെ നല്ലവരില്‍ നിന്ന് അനന്തരമായി ലഭിച്ച സല്‍സ്വഭാവം. ഇങ്ങനെ പല കാരണങ്ങളാല്‍ വ്യക്തികളില്‍ ചില നന്മകള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കും. അപ്പോള്‍ ഇവിടെ ശ്രദ്ധയോടെ നാം പരിഗണിക്കേണ്ട വിഷയം താഴെ പറയുന്നതാണ്. ഒരു അവിശ്വാസിയുടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാണോ നാം വിലയിരുത്തുന്നത്, എങ്കില്‍ അയാളുടെ ആ പ്രവര്‍ത്തനത്തിന് അടിസ്ഥാനമായി വര്‍ത്തിച്ച വിശ്വാസത്തെ കുഫ്‌റാണെങ്കില്‍ കുഫ്‌റെന്നും ശിര്‍ക്കാണെങ്കില്‍ ശിര്‍ക്കെന്നും നാം പറയും. എന്നാല്‍ അതേ വ്യക്തിയില്‍ നിന്ന് നാം സ്വീകരിക്കുന്ന മാനുഷികമായ നന്മകളെ നന്മയുടെ അടിസ്ഥാനത്തിലേ നാം പരിഗണിക്കുകയുള്ളൂ. ജനാധിപത്യവും വിലയിരുത്തപ്പെടേണ്ടത് ഈ അടിസ്ഥാനത്തിലാണ്. അതിന്റെ പ്രയോക്താക്കള്‍ എന്ത് വിശ്വസിക്കുന്നു എന്നതല്ല നാം പരിഗണിക്കുന്നത്. മറിച്ച് നമുക്ക് എന്ത് നന്മയാണ് ആ സംവിധാനത്തില്‍ നിന്ന് ലഭിക്കുന്നത് എന്നതാണ് നാം പരിഗണിക്കുന്നത്.

ഇസ്‌ലാമിക രാഷ്ട്രത്തിലെ ഒരു ഭരണാധികാരി, അയാള്‍ ക്വുര്‍ആനിലും സുന്നത്തിലും വിശ്വസിക്കുന്ന ഒരു മുസ്‌ലിമായിരിക്കെ തന്നെ അയാള്‍ ശരീഅത്തിന്റെ നിയമങ്ങള്‍ മാറ്റി ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ച് ഭരിക്കാന്‍ തയ്യാറാവുമ്പോള്‍; അല്ലെങ്കില്‍ അന്നാട്ടിലെ മുസ്‌ലിംകള്‍ തങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരമാണ് ഇവിടെ കാര്യങ്ങള്‍ നടക്കേണ്ടത്, ക്വുര്‍ആനും സുന്നത്തുമനുസരിച്ചല്ല എന്ന് പറയുമ്പോള്‍ അവിടെ അതിന് അടിസ്ഥാനമായി വര്‍ത്തിക്കുന്നത് നാം നേരത്തെ സൂചിപ്പിച്ച വലിയ കുഫ്‌റാകുന്ന മൂന്ന് മാനദണ്ഡങ്ങളില്‍ ഒന്നിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ചെറിയ കുഫ്‌റായിത്തീരുന്ന അനുസരണക്കേടിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. അതുകൊണ്ട് തന്നെ ഇസ്‌ലാമിക രാഷ്ട്രത്തിലെ മുസ്‌ലിംകളുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് ജനാധിപത്യത്തിന്റെ ആ അവസ്ഥയെ കുഫ്‌റെന്ന് പണ്ഡിതന്‍മാര്‍ വിശേഷിപ്പിക്കുകയും ഫത്‌വ നല്‍കുകയും ചെയ്തു.

എന്നാല്‍ ഒരു അനിസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം ഭരണാധികാരിയുടെ അവസ്ഥ മറ്റൊന്നാണ്. കാരണം അവരുടെ അടിസ്ഥാന കുഫ്‌റ് അവര്‍ ക്വുര്‍ആനും സുന്നത്തുമനുസരിച്ച് വിധിക്കുന്നില്ല എന്നതല്ല. അവരുടെ അടിസ്ഥാന കുഫ്‌റില്‍ നിന്നുണ്ടായ മറ്റൊരു കുഫ്‌റ് മാത്രമാണത്. മറിച്ച് അവരുടെ അടിസ്ഥാന കുഫ്‌റ് അവര്‍ അല്ലാഹുവിലോ റസൂലിലോ വിശ്വസിക്കുന്നില്ല എന്നതാണ്. അത്‌കൊണ്ട് തന്നെ ഒരു പ്രബോധകന്‍ അവരെ ക്ഷണിക്കേണ്ടത് അടിസ്ഥാന വിശ്വാസ സംഹിതകളിലേക്കാണ്. അല്ലാതെ നിങ്ങള്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിധിക്കാത്തതിനാല്‍ നിങ്ങള്‍ സത്യനിഷേധികളും ത്വാഗൂത്തുകളുമാകുന്നു എന്ന് പറഞ്ഞു കൊണ്ടല്ല. എന്നാല്‍ ക്വുര്‍ആനില്‍ വിശ്വസിക്കുന്ന ഒരു മുസ്‌ലിം ഭരണാധികാരി അല്ലെങ്കില്‍ വ്യക്തി ക്വുര്‍ആനിനെ പാടെ നിരാകരിക്കുമ്പോള്‍ അവരോട് അവരുടെ ആ പ്രവൃത്തി കുഫ്‌റാണെന്ന് നാം പറയും.

ഉദാഹരണം: ഒരു അമുസ്‌ലിം നമസ്‌കരിക്കാത്തതാണ് അയാള്‍ കാഫിറാകാന്‍ കാരണം എന്ന് നാം പറയുകയില്ല; അത് കുഫ്‌റിന്റെ ഒരു ഭാഗമാണെങ്കിലും. എന്നാല്‍ ഒരു മുസ്‌ലിം നമസ്‌കരിക്കാതിരുന്നാല്‍ അത് അവനെ കാഫിറാക്കും എന്ന് നാം പറയും. കാരണം അമുസ്‌ലിമായ ഒരാളെ ശഹാദത്ത് കലിമയിലേക്കാണ് നാം ആദ്യം ക്ഷണിക്കേണ്ടത്. നമസ്‌കാരത്തിലേക്കല്ല. അതംഗീകരിക്കുമ്പോഴേ മറ്റു മതനിയമങ്ങള്‍ അയാള്‍ക്ക് ബാധകമാവുന്നുള്ളൂ. 

അമുസ്‌ലിംകള്‍ മഹാ ഭൂരിപക്ഷമുള്ള ഒരു നാട്ടില്‍ അവര്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് വിധിക്കുന്നില്ല എന്നതല്ല നമ്മുടെ പ്രബോധന വിഷയം. അത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് മാത്രമല്ല ദോഷങ്ങളുണ്ട് താനും. 

ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രബോധന സ്വാതന്ത്ര്യം ഉപയോഗിച്ച് ഇസ്‌ലാമിലേക്ക് ക്ഷണിക്കാവുന്നതാണ്. പ്രബോധന വിഷയം കേന്ദ്രീകരിക്കേണ്ടതവിടെയാണ്. ജനാധിപത്യത്തിനെതിരിലുള്ള ഒരു സംസാരം ഒരു നിലക്കും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്ക് ഗുണകരമല്ല എന്നും മറിച്ച് ആ സംവിധാനത്തെ ഉപയോഗപ്പെടുത്തി ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മസ്‌ലഹത്തിനു വേണ്ടി അനുയോജ്യമായ രൂപത്തില്‍ പ്രവര്‍ത്തിക്കുകയുമാണ് വേണ്ടതെന്നും പണ്ഡിതന്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്. അത് കേവലം താല്‍ക്കാലികമായി സ്വീകരിക്കുന്ന യുക്തിപരമായ ഒരു സമീപനം എന്ന നിലക്കല്ല; ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്ന പാഠമതാണ് എന്നതുകൊണ്ടാണ്. 

ഏതു വിഷയത്തിലും നമുക്കേറ്റവും വലിയ മാതൃക അല്ലാഹുവിന്റെ പ്രവാചകനാണ്. അമുസ്‌ലിംകള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും ജീവിച്ചുകൊണ്ട് പ്രവാചകന്‍ ﷺ  നമുക്ക് മാതൃക കാണിച്ചു തന്നിട്ടുണ്ട്. എന്താണ് കുഫ്‌റ്, എന്താണ് ത്വാഗൂത്ത് എന്നീ വിഷയങ്ങളില്‍ പ്രവാചകനോളം അറിവുള്ള ആരുമുണ്ടാവില്ലല്ലോ! മക്കയിലെ സത്യനിഷേധികള്‍ക്കിടയില്‍, കൊടും ശത്രുക്കള്‍ക്കിടയില്‍ തൗഹീദിന്റെ പ്രബോധനവുമായി ജീവിച്ചു റസൂലുല്ലാഹി ﷺ . 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും ത്വാഗൂത്തിനെ വെടിയുകയും ചെയ്യുക' (ക്വുര്‍ആന്‍ 16:36) എന്ന ആയത്ത് മുസ്‌ലിംകള്‍ക്ക് പാരായണം ചെയ്ത് കേള്‍പ്പിച്ച അതേ പ്രവാചകര്‍ സത്യപ്രബോധനത്തിന് തന്നെ സഹായിക്കാന്‍ അവിടുത്തെ അവിശ്വാസികളോടും ഗോത്രത്തലവന്‍മാരോടും ആവശ്യപ്പെടുകയും അവരില്‍ പലരുടെയും സംരക്ഷണയില്‍ പ്രബോധനം നിര്‍വഹിക്കുകയും ചെയ്തു. അബൂത്വാലിബ് കാഫിറായിരുന്നിട്ടും നബി ﷺ  അബൂത്വാലിബിന്റെ സംരക്ഷണം സ്വീകരിച്ചു. നബിയെയും അനുയായികളെയും കാഫിറുകള്‍ ഉപരോധിച്ചപ്പോള്‍ അബൂത്വാലിബിന്റെ നേതൃത്വത്തില്‍ അവിശ്വസികളുടെ വലിയൊരു സംഘം തന്നെ നബി ﷺ യോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപരോധം സ്വയം ഏറ്റു വാങ്ങിയത് ചരിത്രത്തില്‍ കാണാന്‍ സാധിക്കും. അബൂത്വാലിബിനോട് താങ്കള്‍ കാഫിറും ത്വാഗൂത്തുമാകുന്നു, അതിനാല്‍ താങ്കളുടെ സംരക്ഷണം സ്വീകരിക്കല്‍ ദീനിനെതിരാകുന്നു എന്ന് നബി ﷺ പറഞ്ഞിട്ടില്ല. പ്രവാചകനും സ്വഹാബത്തും അവിശ്വാസികളായ പല പ്രമുഖരുടെയും സംരക്ഷണം മക്കയില്‍ സ്വീകരിച്ചിട്ടുണ്ട്. 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും ത്വാഗൂത്തിനെ വെടിയുകയും ചെയ്യുക' (16:36) എന്ന ആയത്തിന്റെ പരിധിയില്‍ ഇത് വരില്ല എന്ന് അല്ലാഹുവിന്റെ പ്രവാചകന്‍ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നു. അതേ സമയം എല്ലാ നിലക്കുമുള്ള വിഗ്രഹാരധനകളില്‍ നിന്നും ബഹുദൈവാരാധനകളില്‍ നിന്നും മുസ്‌ലിംകള്‍ വിട്ടു നിന്നു. അതുമായി ബന്ധപ്പെട്ട ചെറിയ രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളുമായിപ്പോലും നബിയോ സ്വഹാബികളോ സഹകരിച്ചില്ല. കാരണം ത്വാഗൂത്തിനെ ഒഴിവാക്കുക എന്ന് പറഞ്ഞാല്‍ ശിര്‍ക്കിനെയും ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളേയും അതിലേക്ക് ക്ഷണിക്കുന്നവരെയും ഒഴിവാക്കുക എന്നതാണെന്ന് പ്രവാചകര്‍ മനസ്സിലാക്കി. സ്വഹാബത്തിനെ പഠിപ്പിച്ചു. എന്നാല്‍ അവിശ്വാസികളില്‍ നിന്നും ലഭിക്കുന്ന മാനുഷികമായ നന്മകള്‍ ആവശ്യപ്പെടലും സ്വീകരിക്കലും താഗൂത്തിനെ വെടിയുക എന്നതിന്റെ പരിധിയില്‍ വരില്ല എന്നും പ്രവാചകന്‍ മനസ്സിലാക്കിത്തന്നു. അത് കൊണ്ടാണ് അബൂത്വാലിബിന്റെ കുഫ്‌റിനെ അംഗീകരിക്കാതിരുന്ന അതേ പ്രവാചകന്‍ അബൂത്വാലിബിന്റെ സംരക്ഷണം സ്വീകരിച്ചത്. അതിന്റെ പേരില്‍ അബൂത്വാലിബിനെ സ്‌നേഹിച്ചു. സാധിക്കാവുന്ന പ്രത്യുപകാരങ്ങള്‍ ചെയ്തുകൊടുത്തു. ഒരിക്കല്‍ പോലും അത്തരം നന്മകള്‍ അവിശ്വാസികളില്‍ നിന്ന് സ്വീകരിക്കുന്നതിനെ 'അടിസ്ഥാനപരമായി ഇത് ത്വാഗൂത്ത് തന്നെയാണ്, തല്‍ക്കാലം നമ്മുടെ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു' എന്ന് പ്രവാചകര്‍ പറഞ്ഞിട്ടില്ല. ഇത് ത്വാഗൂത്തുമായി രാജിയാവലല്ലേ എന്ന് സ്വഹാബത്തും ചോദിച്ചിട്ടില്ല. അവരാണ് നമുക്ക് മാതൃക. റസൂലിനെക്കാളും സ്വഹാബത്തിനെക്കാളും ദീന്‍ അറിയുന്നവരല്ലല്ലോ നമ്മള്‍. അവര്‍ പറയാത്ത, ഉപയോഗിക്കാത്ത പദപ്രയോഗങ്ങള്‍ അതും അസ്ഥാനത്ത് ഉപയോഗിക്കുന്നത് വലിയ കുറ്റമാണ്. ഇന്ത്യന്‍ ജനാധിപത്യം ത്വാഗൂത്താണെന്നും അതിനോട് സഹകരിക്കല്‍ ത്വാഗൂത്തിനോട് രാജിയാവലാണെന്നും അതില്‍ നിന്ന് സഹായം സ്വീകരിക്കല്‍ ത്വാഗൂത്തില്‍ നിന്ന് സഹായം സ്വീകരിക്കലാണെന്നുമുള്ള വിഷലിപ്തങ്ങളായ വാക്കുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നാണ് കാണാന്‍ കഴിയുന്നത്. 

നേരത്തെ നാം സൂചിപ്പിച്ചത് പോലെ ഒരു വ്യക്തിയുടെ അവിശ്വാസത്തെ ഒരടിസ്ഥാനത്തിലും എന്നാല്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നന്മക്ക് വേണ്ടി ഒരു അവിശ്വാസിയുടെ അല്ലെങ്കില്‍ ഒരു രാഷ്ട്ര സംവിധാനത്തിന്റെ സഹായം സ്വീകരിക്കുന്നതിനെ മറ്റൊരു അടിസ്ഥാനത്തിലുമാണ് നബി ﷺ  മനസ്സിലാക്കിത്തന്നിട്ടുള്ളത്. ജനാധിപത്യം ഒരു സംവിധാനമാണ്. ഇന്ത്യയില്‍ അത് സ്ഥാപിച്ചവരില്‍ എല്ലാ മതക്കാരും ഉണ്ടായിട്ടുണ്ട്. അതില്‍ പങ്കാളികളായ ഇന്ത്യയിലെ മുസ്‌ലിം നേതാക്കളൊക്കെ കാഫിറുകളാണ് എന്ന് പറയാന്‍ കഴിയുമോ? ഒരിക്കലും സാധ്യമല്ല. ഓരോ വ്യക്തിയുടെയും വിശ്വാസമനുസരിച്ച് പരലോകത്ത് അയാള്‍ വിചാരണ ചെയ്യപ്പെടും തീര്‍ച്ച. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച ചര്‍ച്ച വ്യക്തികളുടെ വിശ്വാസവുമായി ബന്ധപ്പെടുത്തിയല്ല നടക്കേണ്ടത്. മറിച്ച് ആ സംവിധാനത്തില്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന അനുകൂല സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്. നബി ﷺ മക്കയില്‍ അബൂത്വാലിബടക്കം പലരുടെയും സഹായം സ്വീകരിച്ചിടത്ത് അവരുടെ വിശ്വാസത്തെയല്ല മാനദണ്ഡമാക്കിയത്. എന്നാല്‍ വിശ്വാസ മേഖല പ്രവാചകന്‍ വേറെത്തന്നെ കൈകാര്യം ചെയ്തു. ഇന്ത്യന്‍ ഭരണാധികാരികളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ച വേറെ. ഈ വ്യവസ്ഥ നല്‍കുന്ന മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ച വേറെ. രണ്ടും കൂട്ടിക്കെട്ടാന്‍ പാടില്ല. പ്രവാചകന്‍ ﷺ  അങ്ങനെ ചെയ്തിട്ടില്ല. 

മക്കയില്‍ പീഡനം അനുഭവിച്ചുകൊണ്ടിരുന്ന മുസ്‌ലിംകളെ നബി ﷺ  ആദ്യത്തെ ഹിജ്‌റയെന്നോണം അബ്‌സീനിയയിലേക്ക് പറഞ്ഞയക്കുമ്പോള്‍ അവിടുന്ന് പറഞ്ഞ വാചകങ്ങള്‍ ഹദീഥുകളില്‍ വന്നിട്ടുണ്ട്. 'അബ്‌സീനിയയില്‍ നല്ലവനായ ഒരു രാജാവുണ്ട്; നീതിമാന്‍. അയാളുടെ നാട്ടില്‍ ആരും അന്യായമായി അക്രമിക്കപ്പെടുകയില്ല, അതിനാല്‍ നിങ്ങള്‍ അങ്ങോട്ട് പോയിക്കൊള്ളുക' എന്നാണ് പ്രവാചകന്‍ പറഞ്ഞത്. 

അബ്‌സീനിയ െ്രെകസ്തവ രാഷ്ട്രമായിരുന്നു. രാജാവ് ക്രിസ്ത്യാനിയും. അല്ലാഹുവിന് ഏറ്റവും കോപമുണ്ടാക്കുന്ന വിശ്വാസസംഹിതയുടെ വക്താക്കള്‍. പക്ഷേ, നബി ﷺ ഒരിക്കലും പറഞ്ഞില്ല നിങ്ങള്‍ ഒരു ത്വാഗൂത്തീ ഭരണം നടക്കുന്ന ത്വാഗൂത്തുകളുടെ നാട്ടിലേക്കാണ് പോകുന്നതെന്ന്. പ്രവാചകന്‍ എന്ത് പറഞ്ഞു എന്നത് പോലെ തന്നെ എന്ത് പറഞ്ഞില്ല എന്നതും പ്രധാനമാണ്. കാരണം അവിടുത്തെ വിഷയം അബ്‌സീനിയക്കാരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നില്ല. മറിച്ച് മുസ്‌ലിംകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നു. അതിനാവശ്യമായത് മാത്രമെ പ്രവാചകന്‍ പരിഗണിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് 'നീതിമാന്‍, അന്യായമായി അവിടെ ആരും അക്രമിക്കപ്പെടുകയില്ല' എന്നൊക്കെയുള്ള പോസിറ്റീവായ വശം മാത്രം പ്രവാചകന്‍ ﷺ  പറഞ്ഞത്. അത് ത്വാഗൂത്തീ രാഷ്ട്രത്തോടു രാജിയാകലായിരുന്നെങ്കില്‍ 'ത്വാഗൂത്തിനെ വെടിയുക' എന്ന് സ്വഹാബത്തിനോതിക്കൊടുത്ത പ്രവാചകനോ കേട്ട സ്വഹാബത്തോ അബ്‌സീനിയയിലേക്ക് പോകുന്നതിനെ അംഗീകരിക്കുമായിരുന്നില്ല. അബ്‌സീനിയയില്‍ നിന്ന് മടങ്ങി വന്ന പ്രവാചക പത്‌നിമാരടക്കമുള്ള മുസ്‌ലിംകള്‍ അന്ന് പറഞ്ഞത് 'നല്ല ഒരു രാജാവിനെ, നല്ല ഒരു സംരക്ഷകനെ ഞങ്ങള്‍ക്ക് ലഭിച്ചു' എന്നാണ്; ഒരു ത്വാഗൂത്തീ ഭരണകൂടത്തില്‍ കഴിയേണ്ടി വന്നൂ എന്നല്ല. 

പ്രവാചകനും സ്വഹാബത്തും പ്രാമാണികമായി കാണിച്ചു തന്ന ഈ വഴിയാണ്, ഈ ഒരു മര്യാദയാണ് മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത്. അവിശ്വാസികളില്‍ നിന്ന് ലഭിച്ച സഹായത്തെ പുണ്യമായും നന്മയായും പഠിപ്പിച്ച പ്രവാചകനില്‍, അത്തരം നന്മകള്‍ നല്‍കിയവരെ ആ അടിസ്ഥാനത്തില്‍ നോക്കിക്കണ്ട് നല്ലവരെന്നു പ്രഖ്യാപിച്ച പ്രവാചകനില്‍ നമുക്ക് ഉത്തമമായ മാതൃകയുണ്ട്. ഇന്ത്യന്‍ ജനാധിപത്യം പ്രവിശാലമായ മതസ്വാതന്ത്ര്യം നമുക്ക് നല്‍കുന്നു. ഇത് അല്ലാഹുവില്‍ നിന്നുള്ള സഹായമാണെന്നതല്‍ സംശയമില്ല. 

ഇന്ത്യന്‍ ജനാധിപത്യം മുസ്‌ലിംകള്‍ക്ക് നന്മയാണെന്ന് പറയാനുള്ള മറ്റൊരു തെളിവാണ് സൂറത്തുല്‍ മുംതഹിനയിലെ ഏഴാമത്തെ വചനം. അത് ഇപ്രകാരമാണ്: 'മതവിഷയങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളെ അതിന്റെ പേരില്‍ നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യാത്തവര്‍ക്ക് നിങ്ങള്‍ പുണ്യം ചെയ്തു കൊടുക്കുന്നതും നിങ്ങള്‍ അവരോട് നീതിയില്‍ വര്‍ത്തിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. അല്ലാഹു തീര്‍ച്ചയായും നീതിമാന്മാരെ ഇഷ്ടപ്പെടുന്നു.' മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു സമൂഹത്തിനു പ്രത്യുപകാരമായി നാം തിരിച്ചു നല്‍കേണ്ടത് പുണ്യവും നീതിയുമാണെന്നാണ് അല്ലാഹു തആലാ ഇതില്‍ പറയുന്നത്. 'മുകാഫഅഃ' എന്ന സാങ്കേതിക നാമത്തില്‍ അറിയപ്പെടുന്ന വിഷയമാണ് അല്ലാഹു ഇവിടെ ഉണര്‍ത്തിയത്. അഥവാ ഇങ്ങോട്ട് ലഭിക്കുന്ന നന്മകള്‍ക്ക് പകരമായി തത്തുല്യമായത് തിരിച്ചു നല്‍കണം. അപ്പോള്‍ അങ്ങോട്ട് നല്‍കാന്‍ അല്ലാഹു ആവശ്യപ്പെട്ടത് പുണ്യവും നീതിയുമാണ്. അതിനര്‍ഥം അവര്‍ ഇങ്ങോട്ട് നമ്മോടു കാണിച്ചതും പുണ്യവും നീതിയുമാണ് എന്നാണ്. മതസ്വാതന്ത്ര്യം നല്‍കുന്ന വ്യവസ്ഥ ഈ വ്യവസ്ഥ മുസ്‌ലിംകള്‍ക്ക് പുണ്യവും നീതിയുമാണ്. നന്മ നിറഞ്ഞ മനസ്സോടെയാണ് നാമതിനെ സ്വീകരിക്കേണ്ടത്. തത്ത്വദീക്ഷയില്ലാതെ അതിനെതിരെ സംസാരിക്കുന്നത് മതവിരുദ്ധവും അനീതിയുമാണ്.

ഇന്ത്യന്‍ ജനാധിപത്യം എല്ലാ ജനങ്ങള്‍ക്കും മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നല്‍കുന്ന നന്മ നിറഞ്ഞ വ്യവസ്ഥയാണ്. ഈ നാട്ടിലെ ജനങ്ങളോട് പരമാവധി നന്മയിലും നീതിയിലുമധിഷ്ഠിതമായ സമീപനമായിരിക്കണം നാം സ്വീകരിക്കേണ്ടത്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ കുഫ്‌റും ത്വാഗൂത്തുമായി ചിത്രീകരിച്ചു വിപ്ലവത്തിനിറങ്ങുന്നവര്‍ അല്ലാഹു ചെയ്തു തന്ന അനുഗ്രഹത്തിനെതിരിലാണ് വാളോങ്ങുന്നത്. ഈ വ്യവസ്ഥ നിലനിര്‍ത്താന്‍ ആവശ്യമായ ജനാധിപത്യ പ്രക്രിയകളില്‍ നിന്ന് മുസ്‌ലിംകളെ തടയലാകട്ടെ ആത്മഹത്യാപരവുമാണ്. ഡിക്ഷ്ണറി നോക്കിയല്ല ഇന്ത്യന്‍ ജനാധിപത്യത്തെ വിലയിരുത്തേണ്ടത്. പ്രായോഗിക തലത്തില്‍ ജനങ്ങള്‍ക്ക് അതെന്തായാണ് അനുഭവപ്പെടുന്നത്, മുസ്‌ലിംകളെ അതെങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ നോക്കിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ മുസ്‌ലിംകള്‍ വിലയിരുത്തുന്നത് അവരുടെ മതസംരക്ഷണവുമായി ബന്ധപ്പെടുത്തിയാണ്. എന്നാല്‍ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും മേഖല മറ്റൊരു അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്. വിശ്വാസ മേഖല ഒന്ന് വേറെ. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം വേറെ. രണ്ടിനെയും കൂട്ടിക്കെട്ടാന്‍ പാടില്ലാത്തതാണ്. പ്രവാചകനില്‍ നമുക്കുള്ള മാതൃകയതാണ്. പ്രബോധന രംഗത്ത് അബൂത്വാലിബില്‍ നിന്ന് ലഭിച്ച അനുകൂല നിലപാട് നന്മയല്ലായിരുന്നെങ്കില്‍ പ്രവാചകര്‍ അദ്ദേഹത്തെ തിരിച്ചു സ്‌നേഹിക്കുമായിരുന്നില്ല.

ഇന്ത്യയിലെ മുസ്‌ലിംകള്‍ അല്ലാഹുവിന്റെ പരമാധികാരം നിഷേധിക്കുന്നവരല്ല. ഭരണകൂടത്തെ ആരാധിക്കുന്നവരുമല്ല. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന വിഷയത്തില്‍ ഭരണാധികാരികളെ അനുസരിക്കുന്നവരുമല്ല. അല്ലാഹു മനുഷ്യര്‍ക്ക് കൂടിയാലോചിച്ച് തീരുമാനിക്കാന്‍ പൂര്‍ണമായും അനുവാദം നല്‍കിയ, നമ്മളോടുള്ള കാരുണ്യത്താല്‍ അല്ലാഹു മൗനമവലംബിച്ച, തീര്‍ത്തും ഭൗതികമായ വിഷയങ്ങളിലേ അവര്‍ ഭരണാധികാരികളെ അനുസരിക്കുന്നുള്ളൂ. അതാകട്ടെ മതം അനുശാസിക്കുന്നതും കല്‍പിക്കുന്നതുമാകുന്നു. ഭരണാധികാരികള്‍ക്ക് അല്ലാഹു ഹലാലാക്കിയത് ഹറാമാക്കാനോ ഹറാമാക്കിയത് ഹലാലാക്കാനോ ഉള്ള, അഥവാ ഇസ്തിഹ്‌ലാലിനുള്ള അവകാശം നല്‍കി അവര്‍ ശിര്‍ക്ക് ചെയ്യുന്നില്ല. അല്ലാഹുവിന്റെ നിയമങ്ങളെക്കാള്‍ മുന്തിയ നിയമങ്ങളാണ് മനുഷ്യനിര്‍മിത നിയമങ്ങളെന്നു കരുതി അവര്‍ 'കുഫ്‌റും' ചെയ്യുന്നില്ല. അതിനാല്‍

ഇന്ത്യന്‍ ജനാധിപത്യം വലിയ അനുഗ്രഹമാണ്. അമുസ്‌ലിംകളുമായി നല്ല നിലയില്‍ വര്‍ത്തിക്കാനുള്ള കരാര്‍ ത്വാഗൂത്തിയന്‍ കരാറല്ല. ആയിരുന്നെങ്കില്‍ ഹുദൈബിയാ സന്ധിയെ ത്വാഗൂത്തിയന്‍ കരാറായി വിശേഷിപ്പിക്കേണ്ടി വരുമായിരുന്നു. അല്ലാഹു തആലാ അതിനെ വിശേഷിപ്പിച്ചത് മഹത്തായ വിജയം എന്നാണ്. സമാധാന കരാറിലൂടെ പ്രബോധനത്തിനുള്ള സാധ്യതകള്‍ തുറന്നുകിട്ടിയതിനെയാണ് വ്യക്തമായ വിജയം എന്ന് അല്ലാഹു വിശേഷിപ്പിച്ചത് എന്ന് തഫ്‌സീറുകളില്‍ കാണാന്‍ സാധിക്കുന്നതാണ്.

ആയതിനാല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്ന നല്ല ഭരണാധികാരികളെ ഭരണത്തില്‍ കൊണ്ട് വരാന്‍ ജനാധിപത്യപ്രക്രിയകളില്‍ സജീവമായി പങ്കെടുക്കലും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നന്മ ചെയ്യുവാന്‍ വേണ്ടി വ്യത്യസ്ത അധികാര മേഖലകളിലും ഉദ്യോഗങ്ങളിലും കയറിപ്പറ്റാന്‍ ശ്രമിക്കലും വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടുത്താന്‍ മതേതര ജനാധിപത്യ വിശ്വാസികളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കലുമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടത്. അതു ശിര്‍ക്കന്‍ പ്രവര്‍ത്തനമല്ല. ത്വാഗൂത്തുമായി രാജിയാവലുമല്ല. മറിച്ചു വലിയ പുണ്യകര്‍മമാണ്. 

എന്നാല്‍ ഭരണം ഇസ്‌ലാമികമാവാത്ത കാലത്തോളം ഭരണകൂടം വിഗ്രഹമാണെന്നും അതിനെ ഒഴിവാക്കല്‍ നിര്‍ബന്ധമാണെന്നും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലും വോട്ടുചെയ്യലും സ്ഥാനാര്‍ഥിയായി നില്‍ക്കലും ശിര്‍ക്കും തൗഹീദിന് വിരുദ്ധവുമാണെന്നും അത്തരം ഭരണകൂടങ്ങളില്‍ ഉദ്യോഗം വഹിക്കല്‍ ത്വാഗൂത്തീ സേവയാണെന്നും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് അതു പാടില്ലെന്നും പറഞ്ഞു അറുപിന്തിരിപ്പന്‍ വാദങ്ങളുമായി രംഗത്ത് വന്നവര്‍ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ അറിവില്ലത്തവരാകുന്നു. കാലം അവരെ തിരുത്തുന്നുണ്ടെങ്കിലും പ്രാമാണികമായി പഠിച്ചില്ലെങ്കില്‍ പഴയ ജഹാലത്തുകള്‍ പറഞ്ഞുകൊണ്ടേയിരിക്കും എന്നതാണ് യാഥാര്‍ഥ്യം. ഈ അര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കുഫ്‌റും  ശിര്‍ക്കുമായി വിശദീകരിച്ച്, അതുമായി ഒരു നിലക്കും സഹകരിക്കാവതല്ല എന്നുമുള്ള  പ്രചാരണങ്ങള്‍ ഭീമാബദ്ധമാണെന്ന് നാം മനസ്സിലാക്കി. ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ജനാധിപത്യവുമായി ബന്ധപ്പെട്ടു പണ്ഡിതന്മാര്‍ പറഞ്ഞ ഫത്‌വകളുടെ താത്ത്വിക വശങ്ങളും നാം മനസ്സിലാക്കി. ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനെ എങ്ങനെ നോക്കിക്കാണണമെന്നും നാം പഠിച്ചു. പ്രവാചകജീവിതത്തിലെ എമ്പാടും മാതൃകകളും നാം ഉദ്ധരിച്ചു.

അതിനാല്‍ നാം പറയുന്നു. ഇന്ത്യയില്‍ ജീവിക്കുന്നതും ജനാധിപത്യപ്രക്രിയയുമായി സഹകരിക്കുന്നതും ശിര്‍ക്കോ കുഫ്‌റോ അല്ല. അത് നമ്മെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. വലിയ വിജയവും. അതിനു നാം അല്ലാഹുവോട് നന്ദി കാണിക്കുക. അറിവില്ലാത്തവരുടെ ജല്‍പനങ്ങളെ നാം അവഗണിക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

0
0
0
s2sdefault