'മീ ടു' വേട്ടക്കാരെ ഇരകള്‍ വേട്ടയാടുമ്പോള്‍

ഉസ്മാന്‍ പാലക്കാഴി

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16
മനുഷ്യരെയും മൃഗങ്ങളെയും വേര്‍തിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് സദാചാരനിഷ്ഠയോടെയുള്ള ജീവിതമാണ്. മൃഗങ്ങള്‍ക്ക് എവിടെയും എന്തുമാകാം. ലൈംഗിക രംഗത്ത് മൃഗങ്ങള്‍ക്ക് അരുതായ്മകളില്ല. മനുഷ്യര്‍ അങ്ങനെയായിക്കൂടാ. സ്ത്രീകളോട് മാന്യമായി മാത്രം പെരുമാറുക എന്നത് മാനുഷിക ഗുണങ്ങളില്‍ പെട്ടതാണ്. അവരെ ഭോഗവസ്തുവായി മാത്രം കാണുന്നത് അപകടകരമായ രോഗമാണ്. 'മി ടു' കാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.

ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും പത്രത്താളുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത് 'മീ ടു' എന്ന പേരിലുള്ള കാംപെയ്‌നിന്റെ ഭാഗമായുള്ള തുറന്നുപറച്ചിലുകളാണ്. വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരും കലാകാരികളും വിദ്യാര്‍ഥിനികളുമൊക്കെ തങ്ങള്‍ക്ക് ഇന്നയിന്ന ആളുകളില്‍നിന്ന് പലതരത്തില്‍ ൈലംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിക്കൊേണ്ടയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ തന്നെ പ്രയാസത്തിലാക്കും വിധം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി എം. ജെ അക്ബറിനെതിരിലുള്ള ആരോപണമാണ് ഇതില്‍ കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ളത്. 

'ഏഷ്യന്‍ ഏജ്' പത്രത്തിന്റെ എഡിറ്ററായിരിക്കെ അക്ബര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി  പ്രസ്തുത പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ സുപര്‍ണ ശര്‍മ രംഗത്തുവന്നു. തൊട്ടുപിന്നാലെ 'ഏഷ്യന്‍ ഏജ്'  ജീവിതം നരകമായിരുന്നുവെന്നും ശാരീരിക കടന്നാക്രമണശ്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നും വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക ഘസാല വഹബും രംഗത്തുവന്നു. കൊളംബിയന്‍ പത്രപ്രവര്‍ത്തകയടക്കം അരഡസന്‍ പേരാണ് മന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.

'ഞാനും ഇര' (മീ ടു) എന്ന പ്രയോഗം ആദ്യം നടത്തിയത് ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പൗരാവകാശ പ്രവര്‍ത്തനം നടത്തുന്ന തരാന ബര്‍ക് എന്ന ആഫ്രോ-അമേരിക്കന്‍ വനിതയാണ്. 'എന്റെ സ്ഥലം' (മൈ സ്‌പേസ്) എന്നു പേരായ ഒരു സമൂഹ മാധ്യമത്തില്‍ അവര്‍ സ്വന്തം ദുരനുഭവം വെളിപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് ആ വാക്ക് ഉപയോഗിച്ചുതുടങ്ങിയത്. ഇത് 2006ലാണ് നടക്കുന്നത്. സ്ത്രീകള്‍ പല പ്രായത്തിലും പല പ്രകാരത്തിലും നേരിടുന്ന ലൈംഗിക പീഡനങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കാനും ഇരകളെ ശാക്തീകരിക്കാനും എന്ന പേരിലാണ് ഈ കാംപെയ്ന്‍ തുടങ്ങിയത്.

2017 ഒക്‌ടോബര്‍ 15നാണ് അലീസ മിലാനോ എന്ന അമേരിക്കന്‍ നടി സ്വന്തം ദുരനുഭവങ്ങളുമായി രംഗത്തുവന്നത്. ഹോളിവുഡിലെ പ്രമുഖരുടെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മീ ടു എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ അവര്‍ ആഹ്വാനം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 120 ലക്ഷം പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് കണക്ക്. പിന്നീട് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ട പല ഇടങ്ങളിലും ആ ഹാഷ്ടാഗ് ഉപയോഗിക്കപ്പെട്ടു. 

ഇന്ന് ഇന്ത്യയില്‍ 'മീ ടു' കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒക്‌ടോബര്‍ 4നാണ് ഈ പ്രതിഷേധത്തിന്റെ തുടക്കം. ഒറ്റപ്പാലത്ത് വേരുകളുള്ള ബെംഗളൂരുകാരിയായ പത്രപ്രവര്‍ത്തക സന്ധ്യ മേനോന്‍ തന്റെ മുന്‍ മേലധികാരിയും ഇപ്പോള്‍ ഹൈദരബാദില്‍ ഒരു പത്രത്തിന്റെ പ്രാദേശിക എഡിറ്ററുമായ കെ.ആര്‍ ശ്രീനിവാസനെതിരെ ആരോപണമുന്നയിക്കുകയായിരുന്നു. അതോടെ അത്തരം കഥകള്‍ പറയുന്ന ട്വിറ്ററുകളുടെ പ്രവാഹം ആരംഭിച്ചു. ഒരു ഹിന്ദി നടി പ്രസിദ്ധനായ ഒരു നടന്റെ പേര് വെളിപ്പെടുത്തിയ സംഭവം ഇതിനു മുമ്പേ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ചിരുന്നു. 

2017 നവംബറിലാണ് ഇന്ത്യയിലെ ആദ്യത്തെ 'മീ ടു' സംഭവം നടക്കുന്നത്. യുഎസില്‍ നിയമവിദ്യാര്‍ഥിനിയായ റായ സര്‍ക്കാര്‍ ഇന്ത്യയിലെ സര്‍വകലാശാലകളിലും മറ്റു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന അറുപതോളം വ്യക്തികളുടെ പേരുകളും അവര്‍ നടത്തിയെന്ന് പറയുന്ന ലൈംഗിക പീഡനങ്ങളുടെ പട്ടികയും പുറത്തുവിട്ടു. 

സ്ത്രീവാദികളില്‍ തന്നെ പലരും ഇതിനെതിരെ രംഗത്തുവന്നു. കഫില എന്ന വെബ്‌സൈറ്റില്‍ റായ സര്‍ക്കാരിന്റെ പട്ടികയെ ചോദ്യം ചെയ്തുകൊണ്ട് പ്രസിദ്ധപ്പെടുത്തിയ ഹര്‍ജിയില്‍ ഒപ്പുവെച്ചവരില്‍ പലരും ഇന്ത്യയിലെ സ്ത്രീവാദപ്രസ്ഥാനത്തില്‍ തുടക്കം മുതലേ ഉള്ളവരും പ്രായം ചെന്നവരുമായിരുന്നു. അവരുടെ പ്രധാന ആരോപണം ഈ പട്ടിക നിയമം വിധിക്കുന്ന നടപടിക്രമം അനുസരിച്ച് തയ്യാറാക്കിയതല്ല എന്നായിരുന്നു. എന്നാല്‍ യുവതികളായ സ്ത്രീവാദികള്‍ ഇൗ വാദത്തെ എതിര്‍ത്ത് രംഗത്ത് വന്നു. 

ഇപ്പോള്‍ നടക്കുന്ന തുറന്നുകാട്ടലുകളും ഇതേ ആരോപണം തന്നെ നേരിടുന്നു. ഒരു പുരുഷനെ ഒരു സുപ്രഭാതത്തില്‍ ഒരു നടപടിക്രമങ്ങളും സ്വീകരിക്കാതെ, ട്വിറ്ററിലൂടെയോ ഫെയ്‌സ്ബുക്കിലൂടെയോ കരിവാരിത്തേക്കുന്നതിലുള്ള അന്യായം പലരും ചൂണ്ടിക്കാട്ടുന്നു. 

ഈ വെളിപ്പെടുത്തലുകളുടെ ശരിതെറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. പലരും പലതരത്തില്‍ ഇതിനെ നോക്കിക്കാണുന്നു. 'ഇളം പ്രായത്തില്‍ ഏല്‍ക്കേണ്ടിവന്ന പീഡനത്തിന്റെ മാനസികമായ ദുരിതത്തില്‍നിന്ന് അത് ഇരയ്ക്ക് മോചനം നല്‍കും. മുതിര്‍ന്ന പ്രായത്തിലും പദവികൊണ്ടോ പണംകൊണ്ടോ പ്രായംകൊണ്ടോ അധികാരംകൊണ്ടോ മേലെയായ ഒരു പുരുഷനില്‍നിന്ന് ഇതുപോലുള്ള അന്യായങ്ങള്‍ക്ക് ഇരയായ സ്ത്രീക്ക് ഏതെങ്കിലും ഒരു ഘട്ടത്തില്‍ വേട്ടക്കാരന് മതിയായ ശിക്ഷവാങ്ങിക്കൊടുക്കുവാന്‍ ഇത് സഹായകമാകും. പൊലീസ്, വിചാരണ, കോടതി മുതലായ നൂലാമാലകളൊന്നുമില്ലാതെ ചുറ്റുമുള്ളവരുടെ ജനാധിപത്യബോധം ഉല്‍പാദിപിക്കുന്ന സാമൂഹികസമ്മര്‍ദം വഴി പ്രതി അപമാനിതനാകുന്നതാണ് ആ ശിക്ഷ. മറ്റുള്ളവരുടെ നിസ്സഹകരണത്തിലും മനോഭാവത്തിലും വെളിപ്പെടുന്ന കുറ്റപ്പെടുത്തലില്‍നിന്ന് ഉരുവംകൊള്ളുന്ന മനഃസാക്ഷിക്കുത്താണ് പിന്നെ അയാളെ സ്ഥാനം രാജിവെക്കാനോ പൊതുജീവിതത്തില്‍നിന്ന് പിന്‍വാങ്ങാനോ പ്രേരിപ്പിക്കുന്നത്. ഇരയായ സ്ത്രീ മാനക്കേടോര്‍ത്ത് ഒന്നും പുറത്തുപറയില്ല എന്ന രക്ഷാസങ്കേതം ഇതുവഴി വേട്ടക്കാരനായ പുരുഷനു നഷ്ടമാകുന്നു. ഇത്തരം പണികളൊക്കെ അപകടമായേക്കും എന്നൊരു താക്കീത് ഇതിലൂടെ പുരുഷന് കിട്ടും' എന്നാണ് ചിലരുടെ വിലയിരുത്തല്‍. 

'സമൂഹത്തിന്റെ ജാഗ്രതയ്ക്കുള്ള ഒരവസരമായി ഈ മൂവ്‌മെന്റിനെ കാണാനാവണം. കാരണം ഉണര്‍ന്നിരിക്കുന്ന ഒരു സമൂഹത്തിന്, നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങളെക്കാള്‍ പുരോഗമനപരമായും നീതിപൂര്‍വമായും ഇടപെടാനും അതിക്രമങ്ങളെ ചെറുക്കാനും കഴിയും. ഏത് മേഖലയിലായാലും അധികാരം അക്രമത്തിലേക്കോ ചൂഷണത്തിലേക്കോ ഉള്ള വഴിയാണ്  തുറക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളിലെല്ലാം ആരോപണവിധേയര്‍ ഇരയെക്കാള്‍ അധികാരം ഉള്ളവരാണെന്ന് കാണാം' എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 

മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മുമ്പ് നടന്ന സംഭവം എന്ന് പറഞ്ഞുള്ള വെളിപ്പെടുത്തല്‍ സത്യസന്ധമാകണമെന്നുണ്ടോ? ഇതില്‍ വ്യക്തിഹത്യയില്ലേ? നുണപ്രചാരണമാകില്ലേ? സാക്ഷിയോ തെളിവോ ഇല്ലാത്തതിനാല്‍ എങ്ങനെ വിശ്വസിക്കും? ഈ ചോദ്യങ്ങള്‍ അവഗണിക്കേണ്ടതല്ല. എന്നാല്‍ നല്ലൊരു കുടുംബജീവിതം നയിക്കുന്ന സ്ത്രീ സ്വയം അപമാനിതയാകുന്ന നിലയ്ക്ക് മുമ്പെന്നോ താന്‍ പീഡിപ്പിക്കപ്പെട്ടതായി ലോകത്തോട് വിളിച്ചു പറയുമോ എന്ന ചോദ്യവും പ്രസക്തമാണ്. കുടുംബത്തിലും സമൂഹത്തിലും തനിക്ക് നിലവിലുള്ള സല്‍പേര് നഷ്ടപ്പെടുമെന്നും തെറ്റുകാരിയായി മുദ്രകുത്തപ്പെടുമെന്നും ഭയമുള്ളവര്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ക്ക് ധൈര്യം കാണിക്കാന്‍ സാധ്യതയില്ല. കള്ളക്കഥകള്‍ മെനഞ്ഞുകൊണ്ട് സ്വയം അപമാനിതയാകാനും ഒരു സ്ത്രീയും സന്നദ്ധതയാകുമെന്ന് തോന്നുന്നില്ല. എന്നാല്‍, എന്നോട് അനാവശ്യം പറഞ്ഞു, എന്റെ കയ്യില്‍ പിടിക്കാന്‍ ശ്രമിച്ചു, കൂടെ പോരുന്നോ എന്ന് ചോദിച്ചു... എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പല വനിതകളും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ അവര്‍ക്ക് വലിയ മാനക്കേടൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. എന്നാല്‍ ആരോപണ വിധേയര്‍ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്നവരാണെങ്കില്‍ ഈ ആരോപണം അവരെ വേട്ടയാടിക്കൊണ്ടിരിക്കും. സമൂഹമാധ്യമങ്ങള്‍ അയാളെ നന്നായി കൈകാര്യം ചെയ്യുമെന്നതില്‍ സംശയമില്ല. 

എന്തുകൊണ്ട് അന്നൊന്നും പ്രതികരിക്കാതെ ഇപ്പോള്‍ ഈ തുറന്നുപറച്ചില്‍? അന്ന് എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല. അത് ജോലിയെ ബാധിക്കും, പഠനത്തെ ബാധിക്കും... ഇങ്ങനെ പല ഉത്തരങ്ങളുമുണ്ട്. മറ്റെന്ത് നഷ്ടം സംഭവിച്ചാലും മാനം നഷ്ടപ്പെടുത്താനൊരുങ്ങിയ വ്യക്തിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജവം ഉടന്‍തന്നെ കാണിക്കുന്നതല്ലേ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തുറന്നുപറച്ചിലിനെക്കാള്‍ അഭികാമ്യം? 

സ്ത്രീകള്‍ അഥവാ പെണ്‍കുട്ടികള്‍ വീട്ടിനു പുറത്തും വീട്ടിനകത്തും ഒരുപോലെ സുരക്ഷിതരല്ല എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ അനുദിനം പ്രത്യക്ഷപ്പെടുന്നു എന്നത് വസ്തുതയാണ്. പിതാവ്,ഗുരുനാഥന്‍ തുടങ്ങി സ്‌നേഹബഹുമാനങ്ങളില്‍ അധിഷ്ഠിതമായ ബന്ധങ്ങളില്‍ നിന്നുപോലും ഞെട്ടിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ അവയില്‍ ചിലത് മാത്രമാണ് പുറംലോകമറിയുന്നത്. 

ലൈംഗികരംഗത്തെ അരാജകത്വം സമൂഹത്തെയും വ്യക്തികളെയും പലവിധത്തില്‍ ദോഷകരമായി ബാധിക്കുന്നതാണ്. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളും സിനിമകളും സീരിയലുകളും വര്‍ത്തമാനകാലത്ത് പ്രായ ലിംഗവ്യത്യാസമില്ലാതെ ലൈംഗിക ചിന്തകള്‍ വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ കണ്ണുകളെയും ലെംഗികാവയവങ്ങളെയും കാത്തുസൂക്ഷിച്ച് സംശുദ്ധജീവിതം നയിക്കുക എന്നത് അല്‍പം ശ്രമകരംതന്നെയാണ്. 

ലൈംഗികത ഒരു ദൈവിക അനുഗ്രഹമാണ്. വ്യക്തിയുടെ മാനസികാരോഗ്യവും കുടുംബ ഭദ്രതയും സാമൂഹിക സമാധാനവും ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ശരി. ശരിയായ മാര്‍ഗദര്‍ശന പ്രകാരമല്ലാതെയുള്ള അതിന്റെ ഉപയോഗം വ്യക്തിയുടെ മാനസിക നില തെറ്റിക്കുവാനും കുടുംബത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുവാനും സാമൂഹികഘടനയെ നശിപ്പിക്കുവാനും കാരണമായിത്തീരും. മനുഷ്യരിലുണ്ടാകുന്ന മിക്ക ലൈംഗിക രോഗങ്ങള്‍ക്കും കാരണം വിവാഹേതര ലൈംഗികതയാണ്. 

ഒരു വ്യക്തി തന്റെ ലൈംഗികത ഉപയോഗിക്കുന്നത് അനുവദനീയമായ വിവാഹത്തിലൂടെയാകണം എന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതല്ലാത്ത ബന്ധങ്ങളെല്ലാം നാശം സൃഷ്ടിക്കുന്നവയാണ്. 

പാശ്ചാത്യ സംസ്‌കാരത്തെ പുല്‍കാന്‍ വെമ്പല്‍കൊള്ളുന്ന കേരളീയ സമൂഹത്തില്‍ ഇവ്വിഷയകമായി വന്ന വ്യതിചലനങ്ങളെക്കുറിച്ചുള്ള പഠന ഫലങ്ങള്‍ ധാര്‍മികബോധമുള്ളവരെ ഏറെ ചിന്തിപ്പിക്കുന്നതാണ്. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ഓരോ മാസവും ശരാശരി 300 പേരാണത്രെ തങ്ങളുടെ ഇണയിലൂടെ പിറന്ന കുഞ്ഞ് തന്റെത് തന്നെയാണോ എന്ന് ഉറപ്പിക്കാനായി എത്തുന്നത്! 

 പരപുരുഷ ബന്ധവും പരസ്ത്രീബന്ധവുമെല്ലാം കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതും നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിക്കുന്നതുമായ കാഴ്ചകള്‍ വ്യാപകമാണ്. സ്വവര്‍ഗരതിക്കും അനുവാദത്തോടെയുള്ള പരപുരുഷ-സ്ത്രീ ലൈംഗികതയ്ക്കും നിയമപരിരക്ഷ ലഭിച്ചതിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ വിരല്‍ചുണ്ടുന്നത് ആസന്നമായ വിനാശത്തിലേക്കാണെന്നതില്‍ സംശയമില്ല. 

ഇസ്‌ലാം വിഭാവനചെയ്യുന്ന സമൂഹം ഒരിക്കലും ഇത്തരത്തിലുള്ളതല്ല. ശാന്തമായ കുടുംബാന്തരീക്ഷവും സമാധാനപൂര്‍ണമായ ദാമ്പത്യബന്ധവും പുലരുവാന്‍ വിവാഹേതര ബന്ധങ്ങള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ഒരു മനുഷ്യന് തന്റെ ലൈംഗികത ഏറ്റവും നല്ലനിലയില്‍ ഉപയോഗിക്കുന്നതിനും മോശമായ മാര്‍ഗത്തില്‍ നിന്നും തടയുന്നതിനും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ചമാര്‍ഗവുമാകുന്നു''(ക്വുര്‍ആന്‍ 17:32).  വ്യഭിചാരത്തിലേക്ക് അടുക്കുകപോലുമരുത് എന്നാണ് ക്വുര്‍ആനിന്റെ കല്‍പന. അതിലേക്ക് എത്തുന്നതായ എന്തൊക്കെ കാര്യങ്ങളുണ്ടോ അതെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് ഇസ്‌ലാം ലോകത്തെ പഠിപ്പിക്കുന്നത്. 

അന്യസ്ത്രീ പുരുഷന്‍മാര്‍ ശാരീരികമായി ബന്ധപ്പെടുന്നതിനെ മാത്രമല്ല ഇസ്‌ലാം വ്യഭിചാരമായി കാണുന്നത്. അന്യസ്ത്രീകളെ അനാവശ്യമായി നോക്കുന്നതും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും അല്ലാതെയും അശ്ലീല വീഡിയോകളും ചിത്രങ്ങളുമെല്ലാം ആസ്വദിക്കലും വ്യഭിചാരത്തിന്റെ ഇനങ്ങള്‍ തന്നെയാണ്. ഫോണിലൂടെയും നേരിട്ടും അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ശബ്ദാസ്വാദനം നടത്തുന്നതും അശ്ലീലഭാഷണം നടത്തുന്നതുമെല്ലാം ഒരുരതരത്തിലുള്ള വ്യഭിചാരമാണ്. ഏതൊരു അവിഹിത ബന്ധത്തിന്റെയും തുടക്കം മിക്കവാറും ഇങ്ങനെയായിരിക്കും. 

ദൃഷ്ടികളെ നിയന്ത്രിക്കുകയും അന്യസ്ത്രീകളിലേക്ക് അനാവശ്യമായി ദൃഷ്ടി തിരിക്കാതിരിക്കുകയും ചെയ്യുക എന്നത് ലൈംഗിക വിശുദ്ധി പാലിക്കുന്നതിന്റെ ഭാഗമാണ്.  ''നബിയേ, നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 24:30-30)

''മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുവാന്‍ വേണ്ടി ഇസ്‌ലാം ഈ നിയമങ്ങള്‍ അവളുടെമേല്‍ അടിച്ചേല്‍പിച്ചിട്ടില്ല. നാണക്കേടില്‍നിന്ന് അവളെ കാക്കുവാനും നീചവൃത്തിക്ക് ഇരയാകുന്നതില്‍നിന്ന് അവളെ സംരക്ഷിക്കുവാനും കുറ്റകൃത്യത്തിലും കുഴപ്പത്തിലും നിപതിക്കുന്നതില്‍നിന്ന് അവളെ തടുക്കുവാനും ഭക്തിയുടെയും വിശുദ്ധിയുടെയും പവിത്രതയുടെയും ഉടയാട  അവളെ ധരിപ്പിക്കുന്നതിനു വേണ്ടിയുമാണ് പ്രസ്തുത നിയമങ്ങള്‍. നീചവൃത്തിയിലേക്ക് എത്തിക്കുകയും അധാര്‍മികതയില്‍ ആപതിപ്പിക്കുകയും ചെയ്യുന്ന സമഗ്ര വഴികളെയും ഇസ്‌ലാം അവകൊണ്ട് കൊട്ടിയടച്ചു. ഇതത്രെ സ്ത്രീകള്‍ക്കുള്ള യാഥാര്‍ഥ ആദരവ്'' (ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദ്ര്‍, സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍).

ഇരയാകാതിരിക്കാനും വേട്ടക്കാരനാകാതിരിക്കാനും ഇരകള്‍ തിരിഞ്ഞുകൊത്തി വേട്ടയാടാതിരിക്കാനുമുള്ള മാര്‍ഗം സ്വയം നന്നാവലാണ്. വേട്ടക്കാരനെ ആകര്‍ഷിക്കുകയും വശീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം മനഃപൂര്‍വമോ അല്ലാതെയോ ഉണ്ടാകരുത്. എത്ര പ്രലോഭനമുണ്ടായാലും അനര്‍ഹമായത് എത്തിപ്പിടിക്കാന്‍ ശ്രമിക്കരുത്. ആണായാലും പെണ്ണായാലും സംശുദ്ധ ജീവിതം നയിച്ചാല്‍ ആര്‍ക്കും അപമാനിതരാകേണ്ടിവരില്ല.