അഡള്‍ട്ടറി: ഇന്ത്യക്ക് വേണ്ടത് സമഗ്രനിയമം

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02
വിവാഹേതര ലൈംഗികബന്ധങ്ങളെ സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ വിധി, രാജ്യത്തെ മതനിരാസ പ്രസ്ഥാനങ്ങളും ചില മാധ്യമങ്ങളും ആഘോഷപൂര്‍വം കൊണ്ടാടുകയാണ്. ഇന്ത്യയില്‍ പൗരന്മാരുടെ ലൈംഗികസ്വാതന്ത്ര്യത്തെ താഴിട്ടുപൂട്ടിയ നിയമങ്ങള്‍ റദ്ദ് ചെയ്തു പൂര്‍ണമായ ലൈംഗിക സ്വാതന്ത്ര്യം നല്‍കിയെന്ന വ്യാഖ്യാനം നല്‍കി അര്‍മാദിക്കുകയാണിവര്‍. വിധിയുടെ മര്‍മവും വിധിയിലേക്ക് നയിച്ച സാഹചര്യങ്ങളും പരിഗണിക്കാതെ ഇനി മൃഗതുല്യമായ ലൈംഗികജീവിതത്തിലേക്ക് പ്രവേശിക്കാമെന്ന് വ്യാമോഹിക്കുന്ന ഇവരുടെ പ്രചാരണത്തിന്റെ യഥാര്‍ ഥ വസ്തുത വിലയിരുത്തുന്ന ചിന്തോദ്ദീപകമായ വിശകലനം.

വിവാഹേതര ലൈംഗിക ബന്ധങ്ങളെ സുപ്രീംകോടതി കുറ്റവിമുക്തമാക്കിയെന്ന പ്രചാരണത്തിന്റെ ആഘോഷത്തിലാണ് ചില മാധ്യമങ്ങളും നാസ്തികാഭിമുഖ്യമുള്ള മതനിരാസ പ്രസ്ഥാനക്കാരും. കുത്തഴിഞ്ഞ ലൈംഗിക ജീവിതം ആഗ്രഹിക്കുന്ന പലര്‍ക്കും മാധ്യമങ്ങള്‍ പൊലിപ്പും തൊങ്ങലും നല്‍കിയ വാര്‍ത്താ വിരുന്ന് ഒരു പുതുജീവന്‍ സമ്മാനിച്ച പോലെയാണ്. 'വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ കുറ്റകരമല്ല: സുപ്രീംകോടതി' തുടങ്ങി മാധ്യമങ്ങള്‍ നല്‍കിയ ചില തലക്കെട്ടുകള്‍ കണ്ടാല്‍ ഇന്ത്യാരാജ്യത്ത് നേരത്തെ വിവാഹേതര ബന്ധങ്ങള്‍ നിരോധിച്ചിരുന്ന ശക്തമായ നിയമങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് തോന്നുക. വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കാണുന്ന സമഗ്രമായ ഒരു നിയമവും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ സുപ്രീം കോടതി റദ്ദ് ചെയ്ത ഇന്ത്യന്‍ പീനല്‍കോഡിലെ 497-ാം വകുപ്പ് ആയിരുന്നു ജാരവൃത്തി അഥവാ വ്യഭിചാരം കുറ്റകരമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്ന നിയമം. 

എന്താണ് 497-ാം വകുപ്പ്? 

Adultery.Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offense of rape, is guilty of the offense of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case the wife shall not be punishable as an abettor.

''ഏതെങ്കിലും ഒരു വ്യക്തി അയാള്‍ക്കറിയാവുന്ന, അല്ലെങ്കില്‍ മറ്റൊരു പുരുഷന്റെ ഭാര്യയാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സ്ത്രീയുമായി ആ പുരുഷന്റെ അനുമതിയോ രഹസ്യധാരണയോ കൂടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ജാരവൃത്തി അഥവാ അഡള്‍ട്ടറി. അത്തരം ലൈംഗിക ബന്ധങ്ങള്‍ ബലാല്‍സംഗക്കുറ്റമാകാത്ത ലൈംഗിക ബന്ധമായും ജാരവൃത്തി എന്ന കുറ്റകൃത്യമായും പരിഗണിക്കപ്പെടുകയും അഞ്ച് വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ പിഴയോ അല്ലെങ്കില്‍ രണ്ടു ശിക്ഷയുമോ വിധിക്കപ്പെടും. ഇത്തരം കേസുകളില്‍ കൃത്യത്തിനുള്ള പ്രേരക എന്ന നിലക്ക് ഭാര്യ ശിക്ഷക്ക് വിധേയയാവുകയില്ല.''

ഇന്ത്യന്‍ പീനല്‍ കോഡില്‍ ജാരവൃത്തി അഥവാ വ്യഭിചാരം, വിവാഹേതര ലൈംഗിക ബന്ധം എന്നിവയുടെ ഇംഗ്ലീഷ് പദമായ അഡള്‍ട്ടറിക്ക് നല്‍കിയ നിര്‍വചനവും അതിന്റെ പേരില്‍ ഒരാള്‍ എങ്ങനെയാണ് ശിക്ഷിക്കപ്പെടുന്നതെന്നുമാണ് 497-ാം വകുപ്പ് പറയുന്നത്. സാധാരണഗതിയില്‍ അഡള്‍ട്ടറിക്ക് നല്‍കപ്പെടുന്ന നിര്‍വചനം സ്വതന്ത്രരായ രണ്ടു സ്ത്രീ പുരുഷന്മാര്‍ നടത്തുന്ന വിവാഹബാഹ്യ ലൈംഗിക ബന്ധം എന്നാണ്. എന്നാല്‍ മുകളില്‍ കണ്ടതുപോലെ ഇന്ത്യന്‍ പീനല്‍ കോഡില്‍ വ്യഭിചാരത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനപ്രകാരം ഭര്‍ത്താവിന്റെ സമ്മതമോ പ്രേരണയോ ഉണ്ടെങ്കില്‍ അത് വ്യഭിചാരമാവില്ല എന്നാണ്. അപ്പോള്‍ 497-ാം വകുപ്പ് അനുസരിച്ച് ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ സമ്മതപ്രകാരം മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യഭിചാരത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നര്‍ഥം. അതുകൊണ്ട് തന്നെ 497-ാം വകുപ്പ് അനുസരിച്ച് വ്യഭിചരിക്കുക എന്നതല്ല കുറ്റകൃത്യമാവുന്നത്, മറിച്ച് ഭര്‍ത്താവിനെ വഞ്ചിക്കുക എന്ന കുറ്റമാണ് നിലനില്‍ക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ഇന്ത്യയില്‍ നേരത്തെ തന്നെ വ്യഭിചാരം നേര്‍ക്കുനേരെ കുറ്റകൃത്യമാവുന്ന സമഗ്രമായ ഒരു നിയമം ഉണ്ടായിരുന്നില്ല എന്ന സത്യമാണ്. 

വിക്ടോറിയന്‍ നിയമങ്ങളെ ആധാരമാക്കി ഉണ്ടാക്കിയ പീനല്‍ കോഡിലെ 497-ാം വകുപ്പില്‍ സ്ത്രീകള്‍ക്കുനേരെ യൂറോപ്യന്‍ സമൂഹം വെച്ചുപുലര്‍ത്തിയിരുന്ന കാഴ്ചപ്പാടാണ് തെളിഞ്ഞു കാണുന്നത്. സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിനപ്പുറം ഒരു വ്യക്തിത്വമായി കാണാന്‍ യൂറോപ്യന്‍ സമൂഹം തയ്യാറായിരുന്നില്ല. അവള്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും മറക്കാന്‍ പാടില്ലെന്നും അവള്‍ പുരുഷന്മാരുടെ കാമവികാര പൂര്‍ത്തീകരണത്തിന് ഉപയോഗിക്കപ്പെടേണ്ടുന്ന ഒരു കേവലവസ്തു മാത്രമാണെന്നുമുള്ള കാഴ്ചപ്പാട് ആയിരുന്നു പൊതുവില്‍ അവിടെയുണ്ടായിരുന്നത്. പുരുഷന് കാമിക്കാനും അനുഭവിക്കാനുമുള്ള ഒരു വസ്തു എന്നതിനപ്പുറം അവര്‍ സ്ത്രീകള്‍ക്ക് ഒരു വിലയും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്റെ ഭാര്യയെ ഒരു ലൈംഗിക അടിമയായി കണ്ടിരുന്ന 'പുരുഷ മേധാവിത്വം' ആയിരുന്നു അവിടെയുണ്ടായിരുന്നത്. ചുരുക്കത്തില്‍ പുരുഷന്റെ 'സ്വകാര്യ സ്വത്ത്' മാത്രമായിരുന്നു സ്ത്രീ. സ്വന്തമായ വ്യക്തിത്വം അവള്‍ക്കുണ്ടായിരുന്നില്ല. ഭര്‍ത്താവ് മറ്റൊരാളുടെ കൂടെ ശയിക്കാന്‍ പ്രേരിപ്പിച്ചാല്‍ പോലും അവള്‍ അത് ചെയ്തിരിക്കണം. അതേസമയം ഒരിക്കലും ഭാര്യയുടെ 'സ്വകാര്യ സ്വത്ത്' ആയി ഭര്‍ത്താവിനെ ഗണിച്ചിരുന്നില്ല. ഭര്‍ത്താവിന് പരസ്ത്രീഗമനം നടത്താന്‍ ഭാര്യയുടെ അനുമതി വേണ്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തിയാല്‍ ഭാര്യക്ക് പരാതിപ്പെടാനുള്ള വകുപ്പുമുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീയെ കേവലം ഒരു വസ്തു മാത്രമായിട്ടാണ് അവര്‍ കണ്ടിരുന്നത്. അത് തന്നെയായിരുന്നു ഈ വകുപ്പിലും പ്രതിഫലിച്ചത്. 

ഇതിന്റെ മറുവശം പരിശോധിക്കുക. ഒരാളുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പെടുന്ന മറ്റൊരു പുരുഷനെതിരെ (മൂന്നാം കക്ഷി) സ്ത്രീയുടെ ഭര്‍ത്താവ് പരാതി നല്‍കിയാല്‍ മൂന്നാം കക്ഷിക്കെതിരെ കേസെടുക്കാം. എന്നാല്‍ സ്ത്രീക്കെതിരെ ഒരു കേസും നിലനില്‍ക്കുകയില്ല. എന്തുകൊണ്ടാണ് സ്ത്രീക്കെതിരെ കേസ് ഇല്ലാത്തത്? സ്ത്രീയെ 'ഇര' എന്ന പേര് നല്‍കി അവളെ ശിക്ഷയില്‍ നിന്നൊഴിവാക്കിയത് അവളോടുള്ള പ്രത്യേക സ്‌നേഹം കൊണ്ടല്ല, മറിച്ച് അവള്‍ കേവലം ഒരു 'ഇര' മാത്രമാണെന്ന കാഴ്ചപ്പാടാണ് അതിനു കാരണം. അതായത് ഭര്‍ത്താവിന്റെ 'സ്വകാര്യ സ്വത്തായ' വസ്തുവിനെ മറ്റൊരാള്‍ കൊള്ളയടിക്കുന്നു. കൊള്ളമുതല്‍ കേവലം ഒരു വസ്തു മാത്രമായതിനാല്‍ അതിനു പരാതിപ്പെടാനുള്ള വകുപ്പില്ല. കാരണം അത് ജീവനില്ലാത്ത ഒരു ജഡം മാത്രമാണ്. അതുകൊണ്ട് കൊള്ളയടിച്ച വ്യക്തിക്കെതിരെ മാത്രം കേസ് നിലനില്‍ക്കുന്നു; അതും പരാതിക്കാരന്‍ ഉണ്ടെങ്കില്‍ മാത്രം. പരാതിപ്പെടുന്നതാവട്ടെ വ്യഭിചരിച്ച സ്ത്രീയുടെ ഭര്‍ത്താവാണ്. കുറ്റം തെളിഞ്ഞാല്‍ ശിക്ഷ ഏറ്റുവാങ്ങുന്നതാവട്ടെ ആ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതം കൂടാതെ ലൈംഗിക ബന്ധത്തിലേര്‍പെട്ട വ്യക്തിയും. സ്ത്രീയുടെ സമ്മതത്തോടെയാണോ അല്ലേ ലൈംഗിക ബന്ധം നടന്നതെന്ന കാര്യം അന്വേഷിക്കുന്നതേയില്ല. ഭര്‍ത്താവിന്റെ സമ്മതമാണ് പ്രധാനം. ഇവിടെ സ്ത്രീയെ കേവലം ഒരു വസ്തുവായി കാണുകയും അവളുടെ വ്യക്തിത്വവും ജീവചൈതന്യവും കാണപ്പെടാതെ പോവുകയും ചെയ്യുന്നു. സ്ത്രീയുടെ സമ്മതത്തോടെയോ പ്രേരണയോടെയോ ആണ് ലൈംഗിക ബന്ധം നടന്നതെങ്കില്‍ പോലും സ്ത്രീ ശിക്ഷിക്കപ്പെടുന്നില്ല. 

ഒരേ കുറ്റത്തില്‍ പുരുഷന് മാത്രം ശിക്ഷയും സ്ത്രീക്ക് ശിക്ഷ ഇല്ലാതിരിക്കുകയും ചെയ്യുന്നതിലെ അസാംഗത്യമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈന്‍ അഡ്വ.കാളീശ്വരം രാജ് മുഖേന ചോദ്യം ചെയ്തത്. 1954ല്‍ ഈ വകുപ്പിനെതിരെ പരാതി വന്നിരുന്നെങ്കിലും അന്നത്തെ നാലംഗ ബെഞ്ച് വകുപ്പിനെ ശരിവെക്കുകയായിരുന്നു. പ്രസ്തുത വിധിയില്‍ സംശയം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പരപുരുഷ ബന്ധത്തില്‍ ഏര്‍പെടുന്ന സ്ത്രീയായാലും പരസ്ത്രീഗമനം നടത്തിയ പുരുഷനായാലും എവിടെയും സ്ത്രീക്ക് പരിപൂര്‍ണ സുരക്ഷിതത്വം നല്‍കുന്നതാണ് നിലവിലെ ഇന്ത്യന്‍ ശിക്ഷാ നിയമം. അതായത് പരപുരുഷബന്ധത്തില്‍ ഏര്‍പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. ഇത്തരം സ്ത്രീകളെ ഇരകളായി മാത്രമായാണ് പരിഗണിക്കുന്നത്. ഇവിടെ സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ മാത്രം പുരുഷനെ ശിക്ഷിക്കാന്‍ വകുപ്പുകളുണ്ട്. പുരുഷന്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും. എന്നാല്‍ പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യക്ക് പരാതിപ്പെടാന്‍ നിലവില്‍ വകുപ്പുകളില്ല. ഇത് സ്ത്രീയുടെ വ്യക്തിത്വത്തെ ഹനിക്കുന്നതും അവളുടെ അവകാശത്തെ നിഷേധിക്കുന്നതുമാണ് എന്നാണ് കോടതി കണ്ടെത്തിയത്. 

ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ അവകാശവും വ്യക്തിത്വവും പരിഗണനയുമാണ് നല്‍കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയിട്ടുള്ള തുല്യതക്കുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14), സമത്വം (ആര്‍ട്ടിക്കിള്‍ 15), വ്യക്തി സ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 21) എന്നിവ സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. ഒരേ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരില്‍ പുരുഷന്‍ ശിക്ഷിക്കപ്പെടുകയും സ്ത്രീ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 14ന്റെയും 15ന്റെയും ലംഘനമാണ്. അതുപോലെ ഭര്‍ത്താവിന്റെ 'പുരുഷ മേധാവിത്വം' ഒരു ലൈംഗികാടിമത്തമായി ഭാര്യയുടെ മേല്‍ അടിച്ചേല്‍പിക്കുകയും ഭാര്യയെ കേവലം ഒരു വസ്തു മാത്രമായി കാണുകയും ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനവുമാണ് എന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. അപ്പോള്‍ നിലവിലെ 497 അനുസരിച്ച് അഡള്‍ട്ടറിക്ക് (വ്യഭിചാരത്തിന്) നല്‍കിയ നിര്‍വചനമനുസരിച്ചാണ്‌കോടതി വിധി പ്രസ്താവിച്ചത്."Section 497 is struck down as unconstitutional being violative of Articles 14, 15 and 21 of the Constitution". (സെക്ഷന്‍ 497 ഭരണഘടനയുടെ 14,15,21 എന്നീ ആര്‍ട്ടിക്കിളുകളുടെ ലംഘനമായതുകൊണ്ട് അവയുടെ നിയമസാധുത എടുത്തുകളഞ്ഞിരിക്കുന്നു). വിധിപ്രസ്താവത്തില്‍ അഡള്‍ട്ടറി എന്ന പദം ഉപയോഗിച്ചതെല്ലാം 497-ാം വകുപ്പ് അനുസരിച്ചുള്ള അര്‍ഥത്തിലാണെന്ന കാര്യം പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്. 

497 റദ്ദ് ചെയ്തതിലൂടെ രാജ്യത്ത് അഡള്‍ട്ടറിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഒന്നുമില്ലാതായിരിക്കുകയാണ്. അതേസമയം രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളായതുകൊണ്ട് അഡള്‍ട്ടറിയെ ഒരു പാപമായും തിന്മയായുമാണ് കണ്ടുവരുന്നത്. കോടതിയുടെ വിധിയില്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പറയപ്പെട്ട ശിക്ഷയെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. യഹൂദമതത്തിലും ക്രൈസ്തവമതത്തിലും മരണശിക്ഷയാണ് വ്യഭിചാരത്തിനുള്ള ശിക്ഷയെന്നും ക്വുര്‍ആനിലെ സൂറത്തുന്നൂറിലെ 6 മുതല്‍ 9 വരെയുള്ള സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇസ്ലാമിലെ ശിക്ഷ പുരുഷനും സ്ത്രീക്കും 100 അടിയാണെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. ഹൈന്ദവ പ്രമാണങ്ങളനുസരിച്ച് ഭീകരശിക്ഷ നല്‍കണമെന്നും നാടുകടത്തണമെന്നും മനുസ്മൃതിയില്‍ (4.134, 8.352) പറയുന്ന കാര്യം കോടതിവിധിയില്‍ എടുത്തുപറയുന്നുണ്ട്. വിവിധ ധര്‍മസൂത്രങ്ങളില്‍ വന്ന വിധികളെക്കുറിച്ചും കോടതി വ്യക്തമാക്കുന്നുണ്ട്. ഇതില്‍ നിന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷം മതവിശ്വാസികളും വ്യഭിചാരത്തെ അധര്‍മമായും പാപമായും കാണുന്നു എന്നത് വളരെ വ്യക്തമാണ്. ഒരു വലിയ അപമാനമായി കാണുന്ന ഈ പ്രവൃത്തിയെ രാജ്യം കുറ്റവിമുക്തമാക്കിയെന്ന തോന്നലിലൂടെ രാജ്യത്തെ പൗരന്മാരില്‍ അധാര്‍മിക ചിന്ത വളരുവാനും അതുവഴി അരാജകത്വം പടരുവാനും കാരണമായാല്‍ രാജ്യം ഒരു വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. 

വിവാഹേതര ബന്ധങ്ങള്‍ പാപമാണെന്ന മതങ്ങളുടെ കാഴ്ചപ്പാട് പിന്തിരിപ്പനും പ്രാകൃതവുമാണെന്ന അള്‍ട്രാ മോഡേണിസ്റ്റുകളുടെയും മതനിരാസപ്രസ്ഥാനക്കാരുടെയും പ്രചാരണം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ കുഴപ്പങ്ങളെ രാജ്യം തിരിച്ചറിയാതെ പോവരുത്. മതദര്‍ശനങ്ങള്‍ എന്തുകൊണ്ടാണ് വിവാഹേതര ബന്ധങ്ങളെ വന്‍പാപമായി കാണുന്നത്? മനുഷ്യന്റെ നൈസര്‍ഗികമായ ലൈംഗിക ചോദനകളെ അടിച്ചമര്‍ത്തുകയല്ല മതങ്ങള്‍ ചെയ്യുന്നത്. ലൈംഗിക ബന്ധങ്ങള്‍ക്ക് കൃത്യമായ നിയമങ്ങളും അച്ചടക്കവും നല്‍കി തലമുറകള്‍ക്ക് വ്യക്തമായ വിലാസം സൃഷ്ടിക്കുവാനും മൃഗങ്ങളില്‍ നിന്നും വ്യതിരിക്തനാക്കുന്ന ഉത്കൃഷ്ടതാബോധം മനുഷ്യന് സമ്മാനിക്കുവാനുമാണ് മതങ്ങള്‍ ശ്രമിക്കുന്നത്. അനിയന്ത്രിതമായ ലൈംഗിക ബന്ധങ്ങള്‍ ലോകത്തിനു സമ്മാനിച്ചത് മാരക രോഗങ്ങളും കടുത്ത മാനസിക വിഭ്രാന്തികളും മാത്രമാണ്. 

വിവാഹേതര ലൈംഗികബന്ധത്തെ കുറ്റകൃത്യമായി കണ്ടുള്ള ഒരു സമഗ്രമായ നിയമരൂപീകരണമാണ് രാജ്യം ഇന്ന് തേടിക്കൊണ്ടിരിക്കുന്നത്. കോടതിക്ക് മുമ്പാകെ നിലവിലുള്ള ഒരു വകുപ്പിന്റെ പോരായ്മ ചോദ്യം ചെയ്യപ്പെട്ടതിന്റെ പേരില്‍ ആ നിയമം റദ്ദ് ചെയ്തത് കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാവുന്നില്ല. കോടതിയല്ല നിയമങ്ങളുടെ സ്രഷ്ടാവ്. കോടതി നിലവിലുള്ള നിയമങ്ങളിലൂടെ ഭരണഘടനാനുസൃതമായി വിധി നടത്തുന്ന ഒരു സ്ഥാപനം മാത്രമാണ്. ഉത്തരവാദിത്തം നിയമനിര്‍മാണസഭകള്‍ക്കാണ്. രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണ സഭയായ പാര്‍ലമെന്റ് ഈ വിഷയത്തില്‍ ശക്തമായ നിയമം കൊണ്ടുവരണം. കഴിഞ്ഞ ജൂലായ് മാസത്തില്‍ ബെഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം 497നെ റദ്ദ് ചെയ്തില്ലെങ്കിലും സ്ത്രീയെ കൂടി കുറ്റവാളിയാക്കുന്ന നിയമം വേണമെന്നതായിരുന്നു. വിവാഹേതരബന്ധം കുറ്റം തന്നെയാണെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ സംസ്‌കാരവും ഘടനയും കണക്കിലെടുക്കുമ്പോള്‍ വിവാഹത്തിന്റെ സംശുദ്ധി സംരക്ഷിക്കാന്‍ ഈ വകുപ്പ് ആവശ്യമാണെന്നും എന്നാല്‍, അത് ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച് ലോ കമ്മിഷന്‍ പരിശോധിച്ചുവരികയാണെന്നുമാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചത്. പുരുഷന്മാരെ മാത്രമല്ല, 'മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം' എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാര്‍ശയെ ആധാരമാക്കിയാണ് കേന്ദ്രം നീങ്ങിയത്. ഐപിസിയിലെ ഭേദഗതി വരുത്തേണ്ട നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ 2000ല്‍ നിയോഗിക്കപ്പെട്ട കമ്മറ്റിയാണ് മളീമഠ് കമ്മിറ്റി. 2003 കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വ്യഭിചാരത്തില്‍ ഏര്‍പെടുന്ന പുരുഷനോടൊപ്പം സ്ത്രീയെയും കുറ്റവാളിയായി കണ്ട് ശിക്ഷ വിധിക്കണമെന്ന നിര്‍ദേശം വെച്ചിട്ടുള്ളത്. When a man can be punished for having sexual relations with another man's wife, the woman should also be liable for punishment (ഒരു പുരുഷന്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടാല്‍ അയാളെ ശിക്ഷിക്കാമെങ്കില്‍ ആ സ്ത്രീയും ശിക്ഷക്ക് വിധേയയാവണം) എന്ന് മളീമഠ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യം ഈ വിഷയത്തില്‍ ഒരു നിയമരൂപീകരണത്തിലേക്ക് തന്നെയായിരുന്നു പോയിക്കൊണ്ടിരുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരേ കുറ്റത്തിന് പുരുഷന്‍ ശിക്ഷിക്കപ്പെടുകയും സ്ത്രീ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്യുന്നു എന്നതും പരാതിപ്പെടാന്‍ പോലും അവകാശമില്ലാത്ത വിധം സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുന്നു എന്നതുമാണ് നിലവിലെ വകുപ്പ് റദ്ദ് ചെയ്യാനുള്ള കാരണം. സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ച പോലെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും കാത്തുസംരക്ഷിക്കുന്ന തരത്തിലുള്ള സമഗ്രമായ ഒരു നിയമം ആവിഷ്‌കരിക്കുന്നതിനു സുപ്രീംകോടതി എതിരാണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വളരെ ശക്തമായ നിയമം ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. സര്‍ക്കാരിനെ ഈ വിഷയത്തില്‍ പിന്തുണക്കാന്‍ ധാര്‍മികതയെ സ്‌നേഹിക്കുന്ന മുഴുവന്‍ മതവിശ്വാസികളും കൈകോര്‍ക്കണം. ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നില്‍ക്കണം.

രാജ്യത്തിന്റെ ധാര്‍മികതയെ ബാധിക്കുന്ന പ്രശ്‌നം എന്ന വിധത്തിലാണ് വിഷയത്തെ കാണേണ്ടത്. രാജ്യത്തെ ഭൂരിപക്ഷം കുടുംബങ്ങളും പൗരന്മാരും സവിശേഷ ബുദ്ധിയുള്ളവരും ഇതിനെതിരെ പ്രതികരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതോ അവരുടെ അവകാശത്തെ ഹനിക്കുന്നതോ ആയി കാണേണ്ടതില്ല. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക രാജ്യങ്ങളില്‍ മാത്രമാണ് ക്രിമിനല്‍ ശിക്ഷകള്‍ സാഹചര്യങ്ങള്‍ വിലയിരുത്തി ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് വിധി നടത്തേണ്ടത്. ഇന്ത്യയില്‍ മഹാഭൂരിപക്ഷം അമുസ്ലിം സമുദായത്തില്‍ പെട്ടവരായതുകൊണ്ടുതന്നെ അവിടെ ഇസ്ലാമിക ശിക്ഷാ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കണമെന്ന് ബുദ്ധിയുള്ളവരാരും പറയില്ല. നമ്മുടെ രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസ ധര്‍മങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിന് തടസ്സമില്ല. വ്യക്തിജീവിതത്തില്‍ ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന തന്നെ അനുമതി നല്‍കിയിട്ടുണ്ട്. വിവാഹേതര ബന്ധങ്ങളിലേക്ക് പോവുന്ന ദമ്പതികള്‍ക്ക് തെറ്റുകള്‍ തിരുത്തി ഒരുമിച്ച് മുമ്പോട്ട് പോവാന്‍ സാധിക്കില്ലെങ്കില്‍ അവര്‍ക്ക് വിവാഹമോചനമാവാം. വിധിയില്‍ വിവാഹേതര ബന്ധങ്ങളിലേക്ക് വഴുതിപ്പോവുന്നവരില്‍ നിന്നും വിവാഹമോചനം തേടാമെന്ന് കോടതി പ്രത്യേകം പരാമര്‍ശിച്ചത് ഇസ്ലാമിക ശരീഅത്ത് അടക്കമുള്ള വ്യക്തിനിയമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്. എന്നാല്‍ രാജ്യം അധാര്‍മികതയിലേക്ക് വഴുതിപ്പോവുന്ന സാഹചര്യങ്ങളില്‍ നിന്നും അതിനെ സംരക്ഷിക്കാന്‍ ആവശ്യമായ ശിക്ഷാനിയമങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ രാജ്യത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് വലിയ ബാധ്യതയുണ്ട്. രാജ്യത്തിനു നേതൃത്വം നല്‍കുന്ന ഭരണകൂട നീതിന്യായ നിയമനിര്‍മാണ വിഭാഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് ചുമതലാബോധവും ഇച്ഛാശക്തിയുമുള്ള മത രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെയ്യേണ്ടത്.