ലോകനാഗരികത പ്രവാചകന് മുമ്പ്

പി.വി.എ പ്രിംറോസ്

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14
നബിജീവിതത്തെ പഠനവിധേയമാക്കിയവരില്‍ ഏറിയപങ്കും അതിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ ജനനം മുതലുള്ള ചരിത്രത്തോട് കൂടിയാണ്. നബിജീവിതത്തിന്റെ പൂര്‍ണമായ ഒരു ചിത്രം കിട്ടുമെങ്കില്‍പോലും അദ്ദേഹം സൃഷ്ടിച്ച പരിഷ്‌കരണചരിത്രം വരച്ചുവെക്കുന്നതില്‍ ഇത്തരം പഠനങ്ങള്‍ ഭാഗികമായേ വിജയിച്ചിട്ടുള്ളുവെന്നതാണ് വാസ്തവം. മുഹമ്മദ് നബി ﷺ സൃഷ്ടിച്ച സാമൂഹികവിപ്ലവം മനസ്സിലാക്കണമെങ്കില്‍ നബിക്കു മുമ്പുള്ള ലോകചരിത്രം പഠനവിധേയമാക്കേണ്ടതുണ്ട്; വിശിഷ്യാ അറേബ്യന്‍ സാമൂഹികജീവിതം.

ആശയങ്ങള്‍ പ്രസക്തമാകുന്നത് അത് പ്രതിനിധാനം ചെയ്യുന്ന സാമൂഹികസാഹചര്യങ്ങളെ കൂടി പരിഗണിച്ചാണ് എന്നതുപോലെ, ചരിത്രം പ്രസക്തമാകുന്നത് അതിന് മുമ്പും സമകാലികമായും പരിസരപ്രദേശങ്ങളില്‍ നിലനിന്നിരുന്ന സാമൂഹികജീവിതത്തെകൂടി ഉള്‍കൊണ്ടുകൊണ്ടാണ്. വ്യക്തി എന്ന നിലയിലും സാമൂഹികപരിഷ്‌കര്‍ത്താവ് എന്ന നിലയിലും രാഷ്ട്രത്തലവന്‍ എന്ന നിലയിലും ദൈവദൂതന്‍ എന്ന നിലയിലുമെല്ലാം മുഹമ്മദ് നബി ﷺ യുടെ പ്രഭാവം കൂടുതല്‍ വ്യക്തമാവുക അദ്ദേഹത്തിന്റെ മുമ്പുള്ളവരുടെയും സമകാലികരായ ഇതര ജനവിഭാഗങ്ങളുടെയും ജീവിതരീതിയുമായി തട്ടിച്ചുനോക്കുമ്പോഴാണ്. ഇങ്ങനെ ചരിത്രത്തെ സമീപിച്ചവരൊന്നും തന്നെ നബിൃയുടെ ജീവിതത്തെ മഹാവിപ്ലവമായല്ലാതെ മനസ്സിലാക്കിയിട്ടില്ല. ലോകത്തെ അറിയപ്പെട്ട പല ചിന്തകന്മാരുടെയും വാക്കുകള്‍ അതിന് സാക്ഷിയാണ്. ഇക്കാര്യം ഗൗനിക്കാതെ ലോകനാഗരികതക്ക് മുഹമ്മദ് നബി ﷺ നല്‍കിയ സംഭാവനകളെ ചെറുതാക്കിക്കാണുന്നവര്‍ നേരിനുനേരെ കണ്ണിറുക്കിപ്പിടിക്കുകയാണ് ചെയ്യുന്നത്. 

നബി ﷺ യുടെ ജീവിതത്തെ പഠനവിധേയമാക്കിയവരില്‍ ഏറിയപങ്കും അതിന് തുടക്കംകുറിച്ചത് അദ്ദേഹത്തിന്റെ ജനനത്തോടുകൂടിയാണ്. നബിജീവിതത്തിന്റെ പൂര്‍ണമായ ഒരു ചിത്രം കിട്ടുമെങ്കില്‍പോലും അദ്ദേഹം സൃഷ്ടിച്ച പൂര്‍ണമായ പരിഷ്‌കരണചരിത്രം വരച്ചുവെക്കുന്നതില്‍ ഇത്തരം പഠനങ്ങള്‍ ഭാഗികമായേ വിജയിച്ചിട്ടുള്ളുവെന്നതാണ് വാസ്തവം. നടേ സൂചിപ്പിച്ചപോലെ മുഹമ്മദ് നബി ﷺ സൃഷ്ടിച്ച സാമൂഹികവിപ്ലവം മനസ്സിലാക്കണമെങ്കില്‍ നബിക്കുമുമ്പുള്ള ലോകചരിത്രം പഠനവിധേയമാക്കേണ്ടതുണ്ട്; വിശിഷ്യാ അറേബ്യന്‍ സാമൂഹികജീവിതം. നബിജീവിതത്തിന് ശേഷമുള്ള അറേബ്യന്‍ ജനജിവിതത്തിന്റെ തേജോമയമായ ചരിത്രം കണ്ട് ആ സാമൂഹികസാഹചര്യം മുതലെടുത്താണ് നബി ﷺ ജാജ്വലമായ ഒരു നാഗരികത കെട്ടിപ്പടുത്തതെന്ന് ആക്ഷേപിക്കുന്നവര്‍ ''സൂര്യനെക്കൊണ്ട് പകലെന്ത് കാര്യം! സൂര്യവെളിച്ചമില്ലാത്ത രാത്രിയിലല്ലേ സൂര്യപ്രകാശംകൊണ്ട് ഗുണമുള്ളു'' എന്ന് പരിതപിക്കുന്നവനെപ്പോലെയാണ്. സൂര്യനാണ് പകല്‍വെളിച്ചത്തിന്റെ പ്രഭവമെന്നും ആ സൂര്യപ്രകാശമാണ് ഇരുട്ടിനെ അകറ്റുന്നതെന്നും മനസ്സിലാക്കാത്തവനോട് പുലര്‍ത്തേണ്ട സഹതാപമേ ഇത്തരം വിമര്‍ശകരോട് അനുവാചകര്‍ തിരിച്ചു നല്‍കേണ്ടതുള്ളു. 

ലോകസംസ്‌കാരങ്ങള്‍ നബിനിയോഗത്തിന് മുമ്പ് 

മനുഷ്യസംസ്‌കാരത്തിന്റെ ഉയര്‍ച്ചയും തളര്‍ച്ചയും അതതു രാജ്യങ്ങളിലെ ദര്‍ശനങ്ങളുടെയും അവ രൂപപ്പെടുത്തിയെടുത്ത സാമൂഹികജീവിതത്തിന്റെയും പരിച്ഛേദങ്ങളാണ്. ഏതൊരു സാമൂഹികപരിസ്ഥിതിയിലും കലര്‍പ്പില്ലാത്ത ദൈവികനിയമങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് ഉദാത്തവും ഉന്നതവുമായ സംസ്‌കാരങ്ങള്‍ രൂപപ്പെട്ടിരുന്നതായി കാണാം. എന്നാല്‍ പ്രസ്തുത ദൈവികനിയമങ്ങളിലേക്ക് മായം ചേര്‍ക്കപ്പെടുകയും പുരോഹിതന്മാര്‍ അവയുടെ ദല്ലാളന്മാരായി അവരോധിതരാവുകയും ചെയ്യുന്നതോടെ ദുഷിച്ച സാമൂഹികവ്യവസ്ഥിതിയിലേക്ക് സമൂഹം കൂപ്പുകുത്തുകയും സാംസ്‌കാരികച്യുതി തല്‍സ്ഥാനത്ത് കടന്നുവരികയും ചെയ്യും. 

ഇസ്‌ലാമികവിശ്വാസപ്രകാരം ദൈവദൂതന്മാര്‍ കടന്നുവരാത്ത ഒരു ഭൂപ്രദേശവുമില്ല. അതിനാല്‍-അംഗസംഖ്യ കുറവാണെങ്കില്‍പോലും-അവരില്‍ വിശ്വസിച്ച ഉദാത്തമായ സംസ്‌കാരത്തിന്റെ ഉടമകള്‍ എല്ലായിടത്തും നിലനിന്നിട്ടുണ്ട്. എന്നാല്‍ സംസ്‌കാരത്തിന് കാരണക്കാരായ അതിന്റെ വക്താക്കള്‍ തിരികെ വന്നാല്‍ തങ്ങള്‍ നട്ടുനനച്ച സംസ്‌കാരം ഏതെന്ന് പോലും വ്യക്തമാകാത്തക്കവിധം അതിന്റെ മുഖച്ഛായക്ക് മാറ്റം സംഭവിച്ചിട്ടുണ്ടാകും. മുഹമ്മദ് നബി ﷺ യുടെ ആഗമനത്തിന് മുമ്പുള്ള ലോകത്തിലെ പ്രധാനരാജ്യങ്ങളും അവിടുത്തെ രാഷ്ട്രസംവിധാനങ്ങളും സാംസ്‌കാരിക-ദാര്‍ശനിക നിലവാരവും അല്‍പമൊന്ന് വിലയിരുത്തേണ്ടതുണ്ട്. പ്രവാചകാഗമനത്തിന് ശേഷമുള്ള ലോകത്തെ താരതമ്യം ചെയ്യാന്‍ ഈ വിലയിരുത്തല്‍ സഹായകമായേക്കും. 

ഇറാന്‍

ദക്ഷിണപശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട രാജ്യമാണ് ഇറാന്‍. ഭാരതത്തിന്റെ ഏതാണ്ട് പകുതിയോളം വലിപ്പമുള്ള ഇറാന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ബി.സി. 10000ത്തിന് മുമ്പ് കാസ്പിയന്‍ തീരങ്ങളില്‍ ജനവാസമുണ്ടായിരുന്നതായി പുരാവസ്തു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അയ്യായിരത്തിലേറെ വര്‍ഷം ചരിത്രത്തില്‍ സജീവമായിനിലകൊണ്ട പാരമ്പര്യമുണ്ട് ഇറാനെന്നാണ് ഇബ്‌നുഖല്‍ദൂനിനെപ്പോലുള്ളവരുടെ ഈ രംഗത്തെ നിരീക്ഷണം. ബി.സി. മൂന്നാം സഹസ്രാബ്ദം മുതല്‍ സാഗ്രോസ് പര്‍വതങ്ങളില്‍ ജീവിച്ചിരുന്ന പ്രാകൃതഗോത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ മുതല്‍ക്കാണ് ഇറാനിയന്‍ സാമൂഹികജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുതുടങ്ങുന്നത്. ഖ്വൂസിസ്താന്‍, ഫാരിസ്, അസര്‍ബൈജാന്‍, തബരിസ്ഥാന്‍, സര്‍ക്വസ്, ഖവാറസം, ഇറാഖ്, യമന്‍ എന്നീ പ്രവിശ്യകളും ഇന്ത്യയുടെ ചില ഭാഗങ്ങളുമായിരുന്നു ആദ്യകാല ഇറാന്‍ ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം. 

ഏതൊരു നാഗരികതയിലും നിലനിന്നിരുന്നതുപോലെ ആദ്യകാല ഇറാനിയന്‍ വിശ്വാസാചാരങ്ങളില്‍ ശുദ്ധമായ ഏകദൈവവിശ്വാസം നിലനിന്നിരിക്കണം. ഉല്‍ഖനനഗേവഷണങ്ങള്‍ ശരിവെക്കുന്ന അറിവും ഇതു തന്നെയാണ്. തുടര്‍ന്ന് ഏകദൈവവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച് ബഹുദൈവവിശ്വാസത്തിലേക്കും പ്രകൃതിപൂജകളിലേക്കും വഴിമാറിയതായാണ് മനസ്സിലാകുന്നത്. ഇന്തോ-ആര്യന്മാര്‍ മുഖ്യ ദൈവമായി മിത്രനെയും അദ്ദേഹത്തിലൂടെ പ്രത്യക്ഷമാകുന്ന പ്രകൃതി പ്രതിഭാസങ്ങളെയും പൂജിക്കുന്ന സമയത്ത് ഇറാനിയന്‍ ആര്യന്മാര്‍ക്ക് ആഹൂര്‍ (ആസൂര്‍) സങ്കല്‍പമാണ് ഉണ്ടായിരുന്നത്. വരുണ്‍ ആണ് മുഖ്യദൈവമായി ആരാധിക്കപ്പെട്ടിരുന്നത്. ദേവന്മാര്‍ക്കെതിരെയുള്ള പൈശാചിക ശക്തികളെ അഹ്രീമന്‍ എന്നാണ് വിളിച്ചിരുന്നത്. വെളിച്ചത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനം ദേവന്മാരും തമസ്സിന്റെയും വളര്‍ച്ചയുടെയും ആധാരം അഹ്രീമന്‍മാരുമായിരുന്നു. ചൂടും പ്രകാശവും ജീവനും വഹിക്കുന്ന ആകാശപുത്രിയാണ് അഗ്നി.

ജരതുഷ്ട്രരുടെ ആഗമനം വരെ ഈ നില തുടര്‍ന്നു. ബി.സി. 600നോടടുത്ത് അസര്‍ബൈജാനില്‍ ജനിച്ച ജരതുഷ്ട്രര്‍ അക്കാലത്ത് ഇറാന്‍ ഭരിച്ചിരുന്ന അക്കേമെനിയന്‍ രാജ്യക്കാരുടെ വിശ്വാസത്തെ സ്വാധീനിക്കുകയും അവരുടെ ഔദ്യോഗിക മതമായി ജരതുഷ്ട്രമതം മാറുകയും ചെയ്തു. ജരതുഷ്ട്രരുടെ വേദഗ്രന്ഥമാണ് അവസ്ത. അവസ്തയിലെ പലനിയമങ്ങളും ഇസ്‌ലാമികധ്യാപനങ്ങളുമായി സാമ്യം പുലര്‍ത്തുന്നവയാണ്. അതേസമയം മറ്റു മതങ്ങളെപ്പോലെതന്നെ ഇതും നാശമടയുകയും അവതരണകാലത്തുള്ളതുമായി പുലബന്ധം പോലുമില്ലാതായിത്തീരുകയുമാണുണ്ടായത്. കാലക്രമേണ ജരതുഷ്ട്രമതം സര്‍വാനികളെന്നും അല്‍കിയു മര്‍സികളെന്നും രണ്ടായി വിഭജിച്ചു. 

ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടില്‍ ഇറാനിലെ ജീര്‍ണിച്ച വിശ്വാസ സാഹചര്യത്തിലേക്ക് പരിഷ്‌കര്‍ത്താവായി മാനി കടന്നുവന്നു. ആദ്യകാലത്ത് വിപ്ലവകരമായ പല പരിഷ്‌കാരങ്ങളും കൊണ്ടുവന്ന മാനി പിന്നീട് പൂര്‍ണസന്യാസത്തിലേക്ക് വഴിമാറി. അതോടെ ഇതിനെ അനുകൂലിച്ചിരുന്ന ശാഹ്പൂര്‍ എന്ന ദാര്‍ശനികന്‍ മാനിക്കെതിരായി രംഗത്ത് വന്നു. ഇരുളും വെളിച്ചവും കൂടിക്കലരുന്നത് തിന്മയാണെന്നത് പോലുള്ള വിചിത്രവാദങ്ങളുമായി രംഗത്തു വന്ന മാനി പിന്നീട് ക്രിസ്തുവര്‍ഷം 207ല്‍ തൂക്കിലേറ്റപ്പെട്ടു. മേല്‍വിശ്വാസാചാരങ്ങള്‍ക്കെല്ലാം പുറമെ മസ്ദകിയന്‍ മതമെന്ന മിസ്റ്റിക് മതവും ബുദ്ധ-ജൂത-ക്രൈസ്തവ മതങ്ങളും അക്കാലത്ത് ഇറാനില്‍ നിലനിന്നിരുന്നതായി ചരിത്രരേഖകളില്‍ നിന്നും മനസ്സിലാക്കാം. 

മുഹമ്മദ് നബി ﷺ യുടെ മുമ്പുള്ള ഇറാനിലെ വിശ്വാസാചരങ്ങളെക്കുറിച്ച ഒരു നഖചിത്രമാണിത്. ഈ വിശ്വാസാചാരങ്ങളുടെ ബഹിര്‍സ്ഫുരണം തന്നെയാണ് അവരുടെ സാംസ്‌കാരികജീവിതത്തിലും പ്രതിഫലിച്ചിരുന്നത്. കൃത്യമായ ദൈവികബോധനത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബിൃയുടെ ആദര്‍ശം എത്തുന്നതിന് മുമ്പുള്ള ഇറാനിന്റെ സാംസ്‌കാരികാവസ്ഥ ദയനീയമായിരുന്നുവെന്നാണ് ചരിത്രത്തില്‍ നിന്നും മനസ്സിലാകുന്നത്. 

അഞ്ചാം നൂറ്റാണ്ടില്‍ കടന്നുവന്ന മിസ്റ്റിക് മതത്തിന്റെ ആഗമനത്തോടെ സ്വത്തിലും സ്ത്രീയിലും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമാണെന്ന നിയമം നിലവില്‍ വന്നു. ഏത് വീട്ടിലും കയറി കൊള്ള നടത്താനും ഏത് സ്ത്രീകളെയും ബലാല്‍സംഗം ചെയ്യാനുമുള്ള ലൈസന്‍സായി ഈ നിയമം മാറി. ഇക്കാലത്തെക്കുറിച്ച് പ്രസിദ്ധ ചരിത്രകാരന്‍ ആര്‍തര്‍ ക്രിസ്റ്റീന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ''എല്ലാ ഭാഗത്തും കര്‍ഷകലഹളകള്‍ നടന്നു. കൊള്ളക്കാര്‍ പ്രഭുക്കളുടെ ഭവനങ്ങളില്‍ കയറി സാധനസാമഗ്രികള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുകയും സ്വത്തുക്കളില്‍ അധികാരം ചെലുത്തുകയും ചെയ്തിരുന്നു. ഭൂപ്രദേശങ്ങള്‍ വെറുതെ കിടന്നു. കാരണം കൃഷിവേലകള്‍ അറിയുന്നവര്‍ ഇല്ലാതെയായി.''(1)

പുരാതന ഇറാനിലെ ആധികാരിക ഗ്രന്ഥമായ നാമയേ തന്‍സൂറില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ''മര്യാദയുടെ മൂടുപടം ഉയര്‍ത്തപ്പെട്ടു. മാന്യതയും അന്തസ്സുമില്ലാത്ത ഒരു വിഭാഗം വളര്‍ന്നുവന്നു. അവര്‍ക്ക് സമ്പാദ്യമോ തൊഴിലോ ഉണ്ടായിരുന്നില്ല. ഏഷണിയും നശീകരണവാഞ്ചയും ഇരട്ടമുഖം പ്രകടിപ്പിക്കലും അപവാദപ്രചരണവമായിരുന്നു അവരുടെ ജീവിതരീതി.''(2) 

ഒരു ഭാഗത്ത് കഠിനമായ സന്യാസവും മറുഭാഗത്ത് അതിരുകളില്ലാത്ത സുഖലോലുപതയുമായിരുന്നു ഇറാനിന്റെ പൗരാണികചരിത്രം. മുസ്‌ലിംകളുമായുള്ള ഏറ്റുമുട്ടലില്‍ മദാഇനില്‍ നിന്നും തോറ്റോടിയ ഇറാനിയന്‍ ചക്രവര്‍ത്തി യസ്ദജര്‍ദ് ആയിരം പാചകക്കാരെയും ആയിരം ഗായികമാരെയും ആയിരം പരിചാരകരെയും കൂടെക്കൂട്ടിയെന്നും, എന്നിട്ടും തന്റെ ദൈന്യതയില്‍ വിലപിച്ചുവെന്നുമുള്ള ചരിത്രരേഖകള്‍(3) ഇവരുടെ ആഢംബരജീവിതത്തിന്റെ പാരമ്യതയെയാണ് വെളിപ്പെടുത്തുന്നത്. 

ഭാരതം 

ശുദ്ധമായ ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു സാമൂഹികക്രമം നിലനിന്നിരുന്ന കാലത്ത് പരസ്പര ഐക്യവും സമത്വവും ഭാരതത്തില്‍ നിലനിന്നിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. എന്നാല്‍ നാഗരികമായി ഏറെ വികാസം പ്രാപിച്ച സമയത്തുപോലും സാമൂഹികജീവിതത്തില്‍ കടുത്ത അസമത്വവും ജീര്‍ണതകളുമാണ് ഇവിടെ നടമാടിയിരുന്നത്. തദ്ദേശിയരായ ദ്രാവിഡരെ കീഴ്‌പെടുത്തി കടന്നുവന്ന ആര്യന്മാരാണ് രാജ്യത്ത് നിയമങ്ങള്‍ നിര്‍മിക്കുന്നത്. ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഹ്മണരെന്നും ക്ഷത്രിയരെന്നും വൈശ്യരെന്നും ക്ഷൂദ്രരെന്നും അവര്‍ മനുഷ്യരെ വേര്‍തിരിച്ചതും അവരില്‍ കടുത്ത വിവേചനം സൃഷ്ടിച്ചതുമായ പ്രശ്‌നങ്ങള്‍ സാംസ്‌കാരികലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ബ്രാഹ്മണന്റെ കൂടെയിരുന്നാല്‍ പിന്‍ഭാഗം ലോഹം പഴുപ്പിച്ച് പൊള്ളിക്കണമെന്നും അധോവായുവിട്ടാല്‍ പൃഷ്ഠഭാഗം ഛേദിക്കണമെന്നും ജാതിയെ നിസ്സാരമാക്കിയാല്‍ ഇരുമ്പാണി വായില്‍ കയറ്റണമെന്നും(4)  ബ്രാഹ്മണ്യകര്‍ത്തവ്യ ധര്‍മോപദേശം നല്‍കുന്ന ക്ഷൂദ്രന്റെ വായിലും ചെവിയിലും തിളപ്പിച്ച എണ്ണ ഒഴിക്കണമെന്നു(5)മെല്ലാം അവരുടെ നിയമസംഹിതകളില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. ചൂതുകളിയും പന്തയംവെപ്പുമെല്ലാം പ്രാചീനഭാരതത്തിലെ നിത്യസംഭവങ്ങളായിരുന്നുവെന്നും ധാര്‍മികരായി പരിചയപ്പെടുത്തപ്പെട്ടവര്‍കൂടി ഇതില്‍ നിന്ന് മുക്തരായിരുന്നില്ലെന്നും മഹാഭാരതവും നളചരിതവുമെല്ലാം തെളിവ് നല്‍കുന്നുണ്ട്. 

കടുത്ത അസഹിഷ്ണുതയാണ് ആര്യന്മാര്‍ ഇതരരോട് വെച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ണജാതിയോട് മാത്രമല്ല, ബുദ്ധ-ജൈനദര്‍ശനങ്ങളെയും വളരെ മൃഗീയമായ തരത്തില്‍ സംഘട്ടനത്തിലൂടെ നശിപ്പിക്കുകയാണ് അവര്‍ ചെയ്തത്. വൃത്തികെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാരതത്തില്‍ നടമാടിയിരുന്നു. മദ്യപൂജയും ലിംഗപൂജയും അഘോരപൂജയും അശ്വമേധയാഗവും പുരുഷമേധയാഗവുമെല്ലാം ഇത്തരം വൈകൃതങ്ങളില്‍പെട്ടതാണ്. ദേവദാസി സമ്പ്രദായവും സതിസമ്പ്രദായവുമെല്ലാം നാഗരികത പ്രാപിച്ചു എന്ന് അവകാശപ്പെടുന്ന കാലത്തുപോലും ഭാരതത്തില്‍ നിലനിന്നിരുന്നതായി ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. 

റോം 

കോണ്‍സ്റ്റാന്റിനോപ്പിള്‍ തലസ്ഥാനമായി ഗ്രീക്ക്, ബല്‍ഖാന്‍, സിറിയ, ഫലസ്തീന്‍, റോമന്‍ ഉള്‍ക്കടല്‍, ഈജിപ്ത്, ഉത്തരാഫ്രിക്ക എന്നിവയടങ്ങുന്ന റോമന്‍ സാമ്രാജ്യം ഭരിച്ചിരുന്നത് ബൈസന്റീനിയന്‍ രാജവംശമാണ്. ക്രിസ്താബ്ദം 395ല്‍ രൂപീകരിച്ച ഭരണകൂടം 1453 വരെ നിലകൊണ്ടു. രാജാക്കന്മാരുടെ ആഢംബരത്തിനും ധൂര്‍ത്തിനുമെല്ലാം കനത്ത 'നികുതി' നല്‍കേണ്ടിവന്നത് പാവപ്പെട്ട പ്രജകളായിരുന്നു. ഇതിനെതിരെയുള്ള അടക്കിപ്പിടിച്ച പല നെടുവീര്‍പ്പുകളും ഐക്യരൂപം പൂണ്ട് കൊടുങ്കാറ്റുകളായി പരിണമിച്ചിരുന്നു. ഇങ്ങനെയുള്ള ആഭ്യന്തരകലാപങ്ങളെല്ലാം ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ചെയ്യാറ്. ക്രിസ്താബ്ദം 533ലെ ഒരു ആഭ്യന്തരവിപ്ലവത്തില്‍ മാത്രം 30000 ആളുകള്‍ കൊല്ലപ്പെട്ടതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്.(6) 

റോമാ സാമ്രാജ്യത്തിലെ ജനങ്ങളുടെ ജീവിതരീതി വലിയ ഒരു പ്രഹേളികയായിരുന്നു. ഒരുവശത്ത് രക്തരൂക്ഷിതവിപ്ലവങ്ങളും മറുഭാഗത്ത് സുഖാഢംബരങ്ങളുടെ രമ്യഹര്‍മ്യങ്ങളും! അക്കാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചരിത്രഗ്രന്ഥങ്ങളില്‍ ഈ വിഷയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണങ്ങള്‍ കാണാം.(7) റോമന്‍ സാമ്രാജ്യത്തിലെ പ്രധാനപ്രദേശങ്ങളായ സിറിയയില്‍ ദാരിദ്ര്യത്താല്‍ അധികപേരും മക്കളെ വിറ്റിരുന്നുവെന്നും ഈജിപ്ത് സാമ്രാജ്യത്തിലെ കറവപ്പശുവായി മാറിയിരുന്നു(8) എന്നുമെല്ലാം ചരിത്രഗ്രന്ഥങ്ങളില്‍ കാണാം.

ഇത് ഭരണരംഗത്തെ അരാജകത്വമാണെങ്കില്‍ അതിലും ഭയാനകമായിരുന്നു മതരംഗത്തുള്ള പ്രശ്‌നങ്ങള്‍. റോമിലെ പ്രബലവിഭാഗമായിരുന്ന യഹൂദരും പിന്നീട് വന്ന ക്രൈസ്തവരും ക്രമേണ ദൈവിക വിധിവിലക്കുകളില്‍ നിന്ന് വ്യതിചലിച്ച് ജീര്‍ണിച്ച ഏതാനും ആചാരക്രമങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്. അന്തസ്സായ ജീവിതരീതിയും മാനവികമായ ആദര്‍ശങ്ങളും ഉള്‍കൊള്ളുന്നതായിരുന്നു യഹൂദര്‍ക്ക് ആദ്യകാലപ്രമാണങ്ങള്‍. എന്നാല്‍ അതില്‍നിന്ന് വ്യതിചലിച്ച് പുരോഹിതന്മാരെ ആദര്‍ശപിതാക്കളായി സ്വീകരിക്കുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതോടെ വളരെ ശോചനീയമായ അവസ്ഥയിലേക്ക് അവരുടെ വിശ്വാസരംഗം അധഃപതിച്ചു. ഇക്കാര്യം ചരിത്രകാരന്മാര്‍ ശരിവെക്കുന്നതാണ്. ''ആറാം നൂറ്റാണ്ടില്‍ യഹൂദികള്‍ക്കിടയില്‍ വളരെ സ്വീകാര്യത പിടിച്ചുപറ്റിയതും ഒരുവേള തൗറാത്തിനെക്കാള്‍ അവര്‍ സ്ഥാനം നല്‍കിയിരുന്നതുമായ ഒരു ഗ്രന്ഥമാണ് തല്‍മൂദ്. യഹൂദമതത്തിന്റെ വിധിവിലക്കുകള്‍ അതില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. വിവേകരാഹിത്യത്തിന്റെയും മ്ലേഛഭാഷ്യത്തിന്റെയും അപമര്യാദയുടെയും, വസ്തുതകളെയും സത്യങ്ങളെയും അധിക്ഷേപിക്കുന്നതിന്റെയും അനവധി ഉദാഹരണങ്ങളാല്‍ നിബിഡമാണത്.''(9) 

യഹൂദമതത്തിന്റെ വിശ്വാസപരിണാമം ഏറെ കാലമെടുത്താണെങ്കില്‍ വളരെ പെട്ടെന്നുള്ള തിരിമറികള്‍ക്കാണ് ക്രൈസ്തവസമൂഹം ഇരയായത്. ക്രൈസ്തവവിശ്വാസത്തിന്റെ ആണിക്കല്ലായ ഏകദൈവവിശ്വാസം പിഴുതുമാറ്റി ഒരിക്കലും തിരുകിക്കയറ്റാനാകാത്ത ത്രിയേകത്വവിശ്വാസം തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് പുരോഹിതന്മാര്‍ ശ്രമിച്ചത്. അവരുടെ ചരിത്രകാരന്മാര്‍ തന്നെ അക്കാര്യം വിശദീകരിക്കട്ടെ: ''ത്രിയേകത്വവിശ്വാസം നാലാം ശതകത്തിന്റെ അന്ത്യത്തോടെ തന്നെ ക്രൈസ്തവലോകത്ത് ആകമാനം വേരൂന്നിയിരുന്നു. സര്‍വാംഗീകൃതവിശ്വാസം എന്ന നിലക്ക് ഈ വിശ്വാസം ക്രൈസ്തവലോകത്ത് നിലനിന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ തിരിമറിയുടെ രഹസ്യം പുറത്താവുന്നത്.''(10)

''വിഗ്രഹാരാധന അവസാനിച്ചു. പക്ഷേ, തകര്‍ന്നില്ല. മറിച്ച് അത് അതുപോലെതന്നെ സ്വാംശീകരിക്കപ്പെടുകയാണ് ഉണ്ടായത്. വിഗ്രഹാരാധനയുടെ പേരില്‍ നടന്നിരുന്നതെല്ലാം ക്രൈസ്തവതയുടെ പേരിലും നടമാടാന്‍ തുടങ്ങി. ദേവിദേവന്മാരെ കയ്യൊഴിയേണ്ടിവന്നവര്‍ വളരെ എളുപ്പത്തില്‍ ഏതെങ്കിലും രക്തസാക്ഷികള്‍ക്ക് പഴയ ദേവീദേവന്മാരുടെ വിശേഷണം നല്‍കുകയും പ്രാദേശികപ്രതിഭക്ക് ക്രിസ്ത്യന്‍ നാമങ്ങള്‍ നല്‍കുകയും ചെയ്തു. അങ്ങനെ ബഹുദൈവാരാധകരുടെ ശൈലികള്‍ പ്രാദേശികരക്തസാക്ഷികളില്‍ പറയെപ്പടുകയും മഹാത്മാക്കള്‍ക്ക് ദൈവികവിശേഷണങ്ങള്‍ നല്‍കുന്ന വിശ്വാസത്തിന് അടിത്തറപാകുകയും ചെയ്തു. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ മധ്യവര്‍ത്തികളായ മനുഷ്യരായി ഈ മഹാന്മാര്‍ പ്രതിഷ്ഠിക്കപ്പെട്ടു. മധ്യകാലത്ത് വിശുദ്ധിയുടെയും മഹത്ത്വത്തിന്റെയും വിശുദ്ധിയുടെയും ഒരു അടയാളമായിത്തന്നെ ഇത് മാറി. ബഹുദൈവാരാധകരുടെ ആഘോഷങ്ങളുടെ പേര് മാറ്റി അവര്‍ സ്വന്തം ആചാരങ്ങളാക്കി. ഈ അടിസ്ഥാനത്തിലാണ് യേശുവിന്റെ ജന്മദിനം ഒരു മഹാ ആഘോഷമായി ക്രിസ്താബ്ദം 400ല്‍ രൂപം പ്രാപിച്ചത്.''(11)

ക്രിസ്താബ്ദം ആറാം ശതകത്തോടെ ക്രൈസ്തവര്‍ക്കിടയില്‍ വിശ്വാസസംഘട്ടനം കായികരൂപമെടുത്തിരുന്നു. ''ക്രിസ്താബ്ദം 6ാം ശതകത്തിന്റെ തുടക്കത്തില്‍ സിറിയയിലെയും ഈജിപ്തിലെയും ക്രൈസ്തവര്‍ക്കിടയിലെ സംഘട്ടനം മൂര്‍ധന്യതയിലെത്തിയിരുന്നു. മഹാനായ യേശുവിന്റെ യാഥാര്‍ഥ്യത്തെ ചൊല്ലിയായിരുന്നു ഈ സംഘട്ടനം. പള്ളികളും പള്ളിക്കൂടങ്ങളും വീടുകളും കടുംബങ്ങളും പല ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം പുറത്താക്കുന്നതിലും രക്തം ചിന്തുന്നതിലും മുഴുകി. രണ്ട് വിരുദ്ധ മതവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീതിയായിരുന്നു അതിന്.''(12) 

ചുരുക്കത്തില്‍ പ്രവാചകാഗമനത്തിന് മുമ്പുള്ള റോം പരസ്പരവിദ്വേഷത്തിന്റെയും സംഘര്‍ഷങ്ങളുടെയും മൂര്‍ധന്യദശയിലായിരുന്നു നിലനിന്നിരുന്നത്. എന്നുമാത്രമല്ല; ആദര്‍ശരംഗത്തും ധാര്‍മികരംഗത്തും തികച്ചും വട്ടപ്പൂജ്യമായ അവസ്ഥയിലായിരുന്നു എന്നതാണ് വാസ്തവം. 

അറേബ്യ

ഏഷ്യയുടെ തെക്കുപടിഞ്ഞാറായി മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട വിസ്തീര്‍ണത്തില്‍ ഏറ്റവും വലിയ ഉപദ്വീപാണ് അറേബ്യ. ആദിമശിലായുഗം മുതല്‍ അറേബ്യയില്‍ മനുഷ്യവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. പൂര്‍വ അറബികള്‍ ബാഇദ എന്നും ആരിബാ എന്നും മുസ്തഅ്‌റബ എന്നും മൂന്ന് വിഭാഗങ്ങളായിരുന്നു. കുടുംബപരമായി കഹ്ത്വാനി എന്നും അദ്‌നാനി എന്നും രണ്ട് ഗോത്രങ്ങളായിരുന്നു അറബികള്‍. വിശാലമായ ഭൂപ്രദേശത്തില്‍ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റക്കൊറ്റക്കാണെങ്കിലും അറബി എന്ന ഭാഷയുമായി ബന്ധപ്പെട്ടതായിരുന്നു അവരുടെ ജീവിതം.

അനേകം പ്രവാചകന്മാര്‍ കടന്നുവന്ന നാടാണ് അറേബ്യ. ആദ് സമുദായത്തിലേക്ക് കടന്നുവന്ന ഹൂദ്(അ)യും സമൂദ് സമുദായത്തിലേക്ക് കടന്നുവന്ന സ്വാലിഹ് നബി(അ)യും മദ്‌യന്‍ അന്ന് അറേബ്യയുടെ ഭാഗമായിരുന്നുവെങ്കില്‍ ശുഐബ് നബി(അ)യുമെല്ലാം കടന്നുവന്നത് അറേബ്യയിലായിരുന്നു. പ്രവാചകന്മാരില്‍ ഏറെ ശ്രേഷ്ടരായ ഇബ്‌റാഹീം നബി (അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും അഭയസ്ഥാനവും മക്ക ഉള്‍ക്കൊള്ളുന്ന അറേബ്യ തന്നെയായിരുന്നു. 

ഏകനായ അല്ലാഹുവിനെ ആരാധിക്കുവാനായി ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും കൂടി കഅ്ബ പുനര്‍നിര്‍മിച്ചതോടെ മക്ക ശ്രദ്ധാകേന്ദ്രമായി മാറി; കൂടെ അത്ഭുതനീരുറവയായ സംസമിനെക്കുറിച്ചുള്ള അറിവും. അറേബ്യയിലെ പ്രധാനഗോത്രമായ ജുര്‍ഹൂമുമായി ഇസ്മാഈല്‍(അ) വൈവാഹികബന്ധം സ്ഥാപിച്ചു, അവരുടെ പരമ്പരയില്‍ ഖുറൈശ് ഗോത്രം കടന്നുവന്നു. കഅ്ബയുടെ ചുമതല അവരില്‍  നിക്ഷിപ്തമായി. പൂര്‍വപിതാക്കളുടെ പാതയില്‍ മുറതെറ്റാതെ തികഞ്ഞ ഏകദൈവവിശ്വാസികളായാണ് അവര്‍ ജീവിച്ചത്. 

അംറ്ബ്‌നു ആമിറുബ്‌നു ലുഹയ്യുല്‍ കുസാഇയാണ് ഈ പാരമ്പര്യവിശ്വാസത്തിന് ഇളക്കം തട്ടിച്ചത്. സിറിയ യാത്രയില്‍ അദ്ദേഹം കണ്ട വിഗ്രഹങ്ങള്‍ മക്കയില്‍ ഇറക്കുമതി ചെയ്യുകയും അവസാനം അത് കഅ്ബയുടെ ഉള്ളില്‍ വരെ കടന്നുകൂടുകയും ചെയ്തു. തുടര്‍ന്ന് അകത്തും പുറത്തുമായി 360 വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഇതില്‍ ഏറ്റവും വലുത് ഹുബ്ല്‍ എന്ന വിഗ്രഹമായിരുന്നു. കഅ്ബക്കുള്ളില്‍ ഒരു കുഴിയുടെ തളത്തിന് മുകളിയാലാണ് വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. കുഴിയിലാണ് നേര്‍ച്ചസാധനങ്ങള്‍ നിക്ഷേപിച്ചിരുന്നത്. ചുവന്ന രത്‌നകല്ലുകള്‍കൊണ്ട് മനുഷ്യാകൃതിയില്‍ നിര്‍മിച്ച ഹുബ്‌ലിന്റെ വലതുകൈ പൊട്ടിയിരുന്നു. ഖുറൈശികള്‍ അതിനു പകരമായി സ്വര്‍ണക്കൈ വെച്ചുപിടിപ്പിച്ചു. കഅ്ബയുടെ മുന്നില്‍ ഇസ്വാഫ്, നാഇല എന്ന രണ്ട് വിഗ്രഹങ്ങളുണ്ടായിരുന്നു; ഒന്ന് കഅ്ബയോട് ചേര്‍ന്നും മറ്റേത് സംസം കിണറിനോടടുത്തും. ഇവിടെയാണ് മൃഗബലികള്‍ നടത്തിയിരുന്നത്. ഇതുകൂടാതെ സഫാമലയില്‍ സ്ഥാപിക്കപ്പെട്ട 'നഹീക് മുജാവിദുര്‍രീഹ്' എന്ന വിഗ്രഹവും മര്‍വയിലുള്ള 'മകാമുസൈര്‍' എന്ന വിഗ്രഹവും ആയിരുന്നു പ്രധാനപ്പെട്ടത്. അറഫക്കടുത്തായി ആരാധനാകേന്ദ്രത്തോടെ സ്ഥാപിക്കപ്പെട്ട ഖുറൈശികളുടെ ആദരണീയ വിഗ്രഹമാണ് ഉസ്സ. മക്കയുടെ താഴ്ന്ന പ്രദേശത്ത് സ്ഥാപിക്കപ്പെട്ട വിഗ്രഹമാണ് 'ഖ്വലസ.' ഗോതമ്പുകൊണ്ടും ചോളംകൊണ്ടും മാലചാര്‍ത്തുകയും പാലുകൊണ്ട് കുളിപ്പിക്കുകയും ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍ കെട്ടിത്തൂക്കുകയും ചെയ്തുകൊണ്ടായിരുന്നു ഖ്വലസയെ ഗ്രാമീണരായ അറബികള്‍ ആദരിച്ചിരുന്നത്. ഇവക്കുപുറമെ നാട്ടക്കുറിവെച്ചുള്ള ഭാഗ്യപരീക്ഷണങ്ങള്‍, നക്ഷത്രശാസ്ത്രം, ജ്യോതിഷം, ഭാഗ്യക്കുറി എന്നിവയായിരുന്നു അറബികളുടെ ആത്മീയാപചയങ്ങള്‍.

നിസ്സാരകാര്യങ്ങള്‍ക്കായി വര്‍ഷങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ നടത്തുക, സ്ത്രീകളെ ജീവനോടെ കുഴിച്ചു മൂടുക തുടങ്ങി ഏറ്റവും നിന്ദ്യമായ സാമൂഹികപരിസരമായിരുന്നു അറബികളുടേത്. ഖുറൈശീ ഗോത്രക്കാരനായിരുന്ന ജഅ്ഫറുബ്‌നു അബീത്വാലിബ്ഫര്‍(റ) നജ്ജാശി രാജാവിനോട് പറയുന്ന ഒരു വാചകത്തില്‍ നിന്ന് അന്ന് നിലനിന്നിരുന്ന മതാചാരത്തകര്‍ച്ചയുടെ ആഴം വ്യക്തമാകുന്നുണ്ട്: ''രാജാവേ, ഞങ്ങള്‍ ജാഹിലിയ്യാ സമൂഹമായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. ശവങ്ങള്‍ തിന്നിരുന്നു. ലജ്ജാവഹമായ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തിരുന്നു. ബന്ധങ്ങള്‍ മുറിച്ചിരുന്നു. അയല്‍വാസികളോട് മോശമായി പെരുമാറിയിരുന്നു. ശക്തന്‍ ബലഹീനനെ മര്‍ദിച്ചിരുന്നു.''(13)

ചുരുക്കത്തില്‍, പ്രൗഢമായ പാരമ്പര്യവും പ്രവാചകപൈതൃകവും അവകാശപ്പെടാവുന്ന ഒരു സാമൂഹികസാഹചര്യത്തിലൂടെ കടന്നുവന്ന അറബികള്‍ വ്യക്തമായ വഴികേടിന്റെ നരകമുഖത്തായിരുന്നു പ്രവാചകാഗമനത്തിന് തൊട്ടുമുമ്പുണ്ടായിരുന്നത്. ഈയൊരു തമോമയമായ സാമൂഹികാന്തരീക്ഷത്തിലേക്കാണ് ഇസ്‌ലാമിന്റെ പ്രകാശവീചികളുമായി പ്രവാചകന്‍ കടന്നുവന്നത്. അല്ലാഹു ആ നിയോഗത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ''ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.''(14)

Ref:

1) നാമയെ തന്‍സൂര്‍ പേജ്: 477 സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വിയുടെ നബിയേറഹ് എന്ന ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിച്ചത്. 

2) Ibid പേജ്: 13. 

3) താരീഖ് ഇറാന്‍ പേജ്: 97

4) ഇന്ത്യന്‍ ജാതിവ്യവസ്ഥ: ഡോ. ജോണ്‍ വില്‍സണ്‍. 

5) മനുസ്മൃതി 8:271,272. 

6) എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക.

7) Civilization, Past and Present P: 261,262

8) Alfired Butler, The Arab conquest of Egypt and the last thirty years of the Roman Dominion, l: VII  

9) മതവും വിജ്ഞാനവും തമ്മിലുള്ള പോരാട്ടം: Drapper

10) കത്തോലിക്കന്‍ വിജ്ഞാനകോശം, ഇംഗ്ലീഷ് ഭാഗം 14 പുറം 295

11) Rev: James Houston Baxter: The History of Christianity in the light of Modern Knowledge P. 7

12) Alfired Butler, A The Arab Conquest of Egypt and the last thirty years of Roman Dominion , P. 44,45 

13) ഇബ്‌നുഹിശാം: 336

14) ക്വുര്‍ആന്‍ 36:6.