പൊട്ടിത്തകര്‍ന്ന 'ലൗ ജിഹാദ്' ബലൂണ്‍

ഉസ്മാന്‍ പാലക്കാഴി

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02
കുറെ വര്‍ഷങ്ങളായി സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് 'ലൗ ജിഹാദ്' എന്നത്. അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തി മതംമാറ്റി ഇസ്‌ലാമില്‍ ആളെക്കൂട്ടുന്ന പരിപാടി വ്യാപകമാണ് എന്നും 'ലൗ ജിഹാദ്' എന്നാണ് അതിന് പേരിട്ടിരിക്കുന്നത് എന്നുമൊക്കെയുള്ള കൊണ്ടുപിടിച്ച പ്രചാരണത്തിനിടയിലാണ് ഹാദിയ വിഷയത്തിലടക്കം മതപരിവര്‍ത്തനത്തിനായുള്ള 'ലൗ ജിഹാദ്' നടന്നിട്ടില്ലെന്നുള്ള കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്. 'ലൗ ജിഹാദ്' ആരോപണങ്ങളുടെ ഉള്ളറകളിലേക്ക് ഒരു എത്തിനോട്ടം.

2018 ഒക്‌ടോബര്‍ 20ന് മലയാള മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. ചില പത്രങ്ങളുടെ ഉള്‍പേജില്‍ ചെറിയ വാര്‍ത്തയായി അത് പ്രസിദ്ധീകരിച്ചു. ചില പത്രങ്ങള്‍ അത് പാടെ അവഗണിച്ചു. ശബരിമല പ്രശ്‌നത്തിന്റെ വാര്‍ത്താപ്രളയത്തില്‍ അവഗണിക്കപ്പെട്ടതാകാം കാരണമെന്ന് കരുതാം. വിഷയം ലൗ ജിഹാദാണ്. 'ലൗ ജീഹാദ്' അരങ്ങുതകര്‍ക്കുന്നു എന്ന് അലമുറയിടുന്നവര്‍ക്ക് ആശ്വാസകരമല്ലാത്ത വാര്‍ത്തയായതിനാല്‍ അവഗണിച്ചതുമാകാം. 

കുറെ കാലമായി കേരളത്തില്‍ ലൗ ജിഹാദ് വമ്പിച്ച തോതില്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന് 'കണക്കുകളുടെയും തെളിവുകളുടെയും' അകമ്പടിയോടെ വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് പ്രസ്തുത വാര്‍ത്ത.

ലൗ ജിഹാദിലൂടെ കേരളത്തില്‍ മിശ്രവിവാഹം നടന്നിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തുറന്ന് പ്രഖ്യാപിച്ചതാണ് വാര്‍ത്ത. ഹാദിയ കേസിനെ തുടര്‍ന്ന് കേരളത്തിലെ മിശ്രവിവാഹങ്ങളെക്കുറിച്ച് ഇനിയൊരു റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കില്ലെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണങ്ങളിലൊന്നിലും പ്രോസിക്യൂഷന്‍ നടപടിക്കുള്ള സാധ്യതപോലുമില്ലെന്ന് എന്‍.ഐ.എ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി 'ഹിന്ദുസ്ഥാന്‍ ടൈംസ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഏതെങ്കിലും സ്ത്രീയെയോ പുരുഷനെയോ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിച്ചതായി ഒരു കേസില്‍പോലും തെളിവ് ലഭിക്കാതിരുന്നതിനാല്‍ വിഷയം അടഞ്ഞ അധ്യായമായി അവസാനിപ്പിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചിരിക്കുന്നു! 

ജസ്റ്റിസ് ചന്ദ്രചൂഡ് ഹാദിയ കേസിന്റെ ആദ്യകാലത്ത് എടുത്ത കടുത്ത നിലപാട് അംഗീകരിച്ചാണ് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കെരളത്തിലെ ലൗ ജിഹാദ്, യമനിലേക്കും സിറിയയിലേക്കും വിവാഹം കഴിച്ച് കൊണ്ടുപോകുക എന്നീ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടത്. ഏറ്റവുമൊടുവില്‍ ഹാദിയക്ക് അനുകൂലമായ നിലപാടെടുക്കുകയും വിധി എഴുതുകയും ചെയ്തത് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെയായിരുന്നു. ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാദിയ കേസ് എത്തിയപ്പോള്‍ ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍സിബലിന് പറയാനുള്ളത് പോലും കേള്‍ക്കാതെയാണ് കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നും അന്വേഷിക്കണമെന്നുമുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥന്റെ വാദം ജസ്റ്റിസ് ചന്ദ്രചൂഡ് അംഗീകരിച്ചതും പിന്നീട് ബെഞ്ചിന്റെ വിധിയായി അത് മാറിയതും. 

2012 ലാണ് ലൗ ജിഹാദ് നടക്കുന്നതായുള്ള ആരോപണങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ആവര്‍ത്തിച്ച് പുറത്തുവരാന്‍ തുടങ്ങിയത്. 2012 ജൂണ്‍ 10ന് പുറത്തിറങ്ങിയ 'കലാകൗമുദി' വാരിക 'ഞെട്ടിക്കുന്ന' ഒരു വാര്‍ത്ത കവര്‍സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചതോടെ ആരോപണം പലരും ഏറ്റെടുക്കുകയുണ്ടായി. പ്രസ്തുത ലേഖനം തുടങ്ങുന്നത് ഇങ്ങനെ: ''ന്യൂഡല്‍ഹിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റ പ്രത്യേക ഡസ്‌കിലേക്ക് അടുത്തിടെ ഒരു ഫയല്‍ എത്തി. കേരളത്തിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം, അതുവഴിയുള്ള കള്ളപ്പണത്തിന്റെ വിനിമയം, പൊതുസമൂഹത്തിലും രാഷ്ട്രീയ പാര്‍ട്ടികളിലും വിഘടനവാദികളുടെ നുഴഞ്ഞുകയറ്റം, വനത്തിലെ മാവോയിസ്റ്റ് പരിശീലനം, സമുദായ സംഘടനകള്‍ക്കുള്ള വിദേശസഹായവും മതപരിവര്‍ത്തനവും തുടങ്ങിയവയെപ്പറ്റിയുള്ള രഹസ്യാന്വേഷണ വിവരങ്ങളായിരുന്നു ഫയലില്‍. അതില്‍ 'സമുദായ സംഘടനകള്‍ക്കുള്ള വിദേശസഹായവും മതപരിവര്‍ത്തനവും' എന്ന വിഭാഗത്തിലെ റിപ്പോര്‍ട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ന്നുകിട്ടിയ ഒരു രേഖയെ ഉദ്ധരിച്ചുകൊണ്ടാണ് തുടങ്ങുന്നത്... ഈ രേഖയുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം എത്തിച്ചേര്‍ന്നത് അമ്പരപ്പിക്കുന്ന കണ്ടെത്തലുകളായിരുന്നു'' (വി.ഡി. ശെല്‍വരാജ്, കലാകൗമുദി വാരിക, 2018 ജൂണ്‍ 10, ലക്കം 1918, പേജ് 5).

ഇങ്ങനെയൊരു റിപ്പോര്‍ട്ട് വാസ്തവത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്ന 'ആധികാരിക' കണ്ടെത്തലുകളൊന്നും എന്തേ എന്‍.ഐ.എ കാണാതെ പോയി? അഥവാ കണ്ടിട്ടും അത് കൃത്രിമമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണോ? ലൗ ജിഹാദിന്റെ അമ്പരപ്പിക്കുന്ന കണക്കുകള്‍ മണിമണിയായി അവതരിപ്പിച്ചിട്ടും ആ കണക്കുകളൊക്കെ അസ്വീകാര്യമായിത്തീര്‍ന്നതെന്തുകൊണ്ട്? 

ശെല്‍വരാജ് എഴുതുന്നു: ''റിപ്പോര്‍ട്ടിലെ ഏറ്റവും അമ്പരപ്പിക്കുന്ന ഭാഗം ഇനിയാണ് വരുന്നത്. കേരളത്തില്‍ നടന്നുവരുന്ന മതംമാറ്റത്തിന്റെ കണക്കാണിത്. 2009 ജനുവരി മുതല്‍ ഇക്കൊല്ലം മാര്‍ച്ച് വരെ കേരളത്തില്‍ 3902 പേര്‍ മതംമാറി. ഇതില്‍ 3815 പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ക്രിസ്തുമത വിശ്വാസികളായത് 79 പേരാണ്. ഹിന്ദുമതത്തില്‍ ചേര്‍ന്നത് 8 പേര്‍. മതംമാറിയ 3902 പേരില്‍ 1596 പേര്‍ യുവതികളാണ്. ദാരിദ്ര്യത്തിന്റെ മറവിലുള്ള പണസഹായം മതംമാറ്റത്തിന് കാരണമാകുന്നുണ്ടെങ്കിലും ഇവിടെ ഏറെയും പ്രണയക്കുരുക്കിനെത്തുടര്‍ന്നുള്ള മതംമാറ്റമാണ്'' (പേജ് 6).

ശേഷം ഓരോ ജില്ലയിലെയും മതം മാറ്റത്തിന്റെ കണക്കുകള്‍ ജാതി-മതം തിരിച്ച് വളരെ വിശദമായിത്തന്നെ പറയുന്നുണ്ട്. ലൗ ജിഹാദ് വഴി മതംമാറ്റി വിവാഹം നടത്തിയതിന്റെ ഇത്രയും കൃത്യമായ കണക്കുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കിട്ടിയിട്ടും എന്ത് നിയമനടപടിയാണ് സ്വീകരിച്ചത്? ഇതൊക്കെ വസ്തുതാപരമായ തെളിവുകളാണെങ്കില്‍ എന്‍.ഐ.എ ലൗ ജിഹാദിന് തെളിവില്ലെന്ന് പറയുമായിരുന്നോ?

ലേഖകന്‍ തുടരുന്നു: ''നല്ലൊരു പങ്ക് യുവതികളും ഇസ്‌ലാം മതം സ്വീകരിച്ചത് പ്രണവിവാഹത്തെത്തുടര്‍ന്നാണ്. 'ലൗ ജിഹാദ്' എന്ന് ആക്ഷേപം കേട്ട വിവാഹങ്ങള്‍. അത്തരം പ്രണയത്തെയും വിവാഹത്തെയും തുടര്‍ന്ന് കോളിളക്കമുണ്ടാക്കിയ ഏതാനും സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു...''

''2005നുശേഷം കേരളത്തില്‍ 2800 പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ പെട്ടിരുന്നതായി സംസ്ഥാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. (എന്നാല്‍ ഇതിനു വിപരീതമായസത്യവാങ്മൂലമാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിത്. ഇതുമൂലം 'ലവ് ജിഹാദ്' സംസ്ഥാനത്ത് നടന്നിട്ടില്ലെന്ന ഔദ്യോഗിക നിലപാടുണ്ടായി. ഇപ്പോഴാകട്ടെ കേരളത്തില്‍ ലവ് ജിഹാദ് നടന്നുവെന്നും നടന്നുകൊണ്ടിരിക്കുന്നു എന്നും ഇതാദ്യമായി സ്ഥിരീകരിക്കുന്നു)'' പേജ് 8)

''ഹിന്ദുക്കളിലെ വരേണ്യവിഭാഗത്തെയും ക്രിസ്ത്യന്‍ സമുദായത്തിലെ സമ്പന്നകുടുംബങ്ങളെയും ഒരേപോലെ ലക്ഷ്യമിട്ടാണ് ലൗ ജിഹാദ് മുന്നേറുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രൊഫഷണല്‍ കോളേജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതേ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ മുസ്‌ലിം സമുദായത്തിലെ സാധുക്കളായ ആണ്‍കുട്ടികളെയാണ് വിഘടനവാദികള്‍ ആദ്യം ചൂണ്ടയിടുക. മുന്‍നിര മുസ്‌ലിം കുടുംബങ്ങളിലെ ആണ്‍കുട്ടികളെപ്പോലെ ജീവിക്കാനുള്ള പണമോ സൗകര്യങ്ങളോ ഇവര്‍ക്ക് നല്‍കുന്നു. പഠനത്തിനുള്ള സാമ്പത്തിക സഹായം എന്ന പേരിലാകും വഴിതുറക്കുക. 

കലാമത്സരമോ മറ്റോ സംഘടിപ്പിച്ച് അന്യസമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് സമ്മാനം നല്‍കി ആകര്‍ഷിക്കുന്നതാണ് വിഘടനവാദികളുടെ അടുത്ത ഘട്ടം. ഇങ്ങനെ ആകര്‍ഷിക്കപ്പെടുന്ന പെണ്‍കുട്ടികളെ മുസ്‌ലിം പെണ്‍കുട്ടികളുമായി അടുത്തിടപഴകാന്‍ അവസരം ഒരുക്കുന്നു. ഈ കളമൊരുക്കലിനെത്തുടര്‍ന്നാണ് പ്രണയത്തിനുള്ള വിശുദ്ധയുദ്ധം തുടങ്ങുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു'' (പേജ് 9).

എത്ര ഭാവനാസമ്പന്നമായ കണ്ടെത്തല്‍! അന്യ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇടപഴകുന്നതിലും മറ്റുമുള്ള ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷയും തെറ്റിലേക്ക് വഴുതിവീഴാതിരിക്കാനുള്ള ജാഗ്രതയും എത്രത്തോളമുണ്ടെന്ന് അറിയാത്തവരല്ല വിമര്‍ശകര്‍. എന്നിട്ടും പ്രണയത്തെ 'വിശുദ്ധയുദ്ധ'മെന്ന് കണ്ട് അന്യസ്ത്രീയോടൊപ്പം കൂടാന്‍ മടികാണിക്കാത്തവനാണ് മുസ്‌ലിം എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. 

സംഘപരിവാര്‍ പ്രസിദ്ധീകരണമായ കേസരി വാരിക 2017 ജൂണ്‍ 30 ലക്കത്തില്‍ 'ലൗ ജിഹാദികള്‍ വിഹരിക്കുമ്പോള്‍' എന്ന പേരില്‍ എം. രാജശേഖര പണിക്കര്‍ എഴുതിയ ലേഖനമുണ്ടായിരുന്നു. ഹാദിയയും ഷഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം 2017 മെയ് 24 ന് കേരള ഹൈക്കോടതി അസാധുവാക്കിയതിന്റെ പശ്ചാത്തലത്തിലെഴുതിയ പ്രസ്തുത ലേഖനം ലൗ ജിഹാദ് രംഗത്തും ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും കേരളത്തിലെ മുസ്‌ലിംകള്‍ കാണിക്കുന്ന താല്‍പര്യത്തെക്കുറിച്ച് വിഷം ചീറ്റുന്നുണ്ട്. ഹാദിയയുടെ വിവാഹം അസാധുവാണെന്ന് വിധിച്ച ഹൈക്കോടതിവിധിയെ ശ്ലാഘിക്കുന്ന ലേഖകന്‍ 'ആരും തുണയില്ലാത്തവര്‍ക്ക് കോടതി തുണ' എന്ന് സമാധാനിക്കുന്നുമുണ്ട്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത കോടതിവിധികളോടുള്ള സംഘപരിവാറിന്റെ സമീപനം എന്താണെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. 'ഹാദിയ കേസ് സുപ്രീം കോടതിയില്‍ വന്നാല്‍ കാര്യങ്ങളുടെ ആഴവും പരപ്പും കൂടുതല്‍ വ്യാപകമാവുന്നതാണ്. പരമോന്നത കോടതിയിലെത്തുമ്പോള്‍ പ്രതികള്‍ കൂടുതല്‍ വിവസ്ത്രരാകും' എന്ന് ലേഖകന്‍ വ്യാമോഹിക്കുന്നുമുണ്ട്. 

വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും വിവാഹത്തെ അംഗീകരിക്കുകയും കോടതിക്ക് അതില്‍ ഇടപെടാനാകില്ലെന്ന് പറയുകയും ചെയ്തതിലൂടെ ആരാണ് വിവസ്ത്രരായതെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

ഒറ്റപ്പെട്ട ഏതെങ്കിലും സംഭവം എടുത്തുദ്ധരിച്ച് ഒരു സമുദായത്തെ ഒന്നടങ്കം കരിവാരിത്തേക്കുവാനുള്ള ഹീന ശ്രമം ആരൊക്കെ നടത്തിയോ അവരെയൊക്കെ ഇളിഭ്യരാക്കിക്കൊണ്ടാണ് എന്‍.ഐ.എ ലൗ ജിഹാദ് എന്ന ഊതി വീര്‍പ്പിച്ച ബലുണ്‍ കുത്തിപ്പൊട്ടിച്ചിരിക്കുന്നത്. 

അവസാനം എന്‍.ഐ.എ പറഞ്ഞിരിക്കുന്നു; 'ലൗ' മാത്രമേയുള്ളൂ, 'ജിഹാദ്' ഇല്ല എന്ന്. ഹാദിയ കേസില്‍ അന്ന് കോടതിയില്‍ അവര്‍ തന്നെ ഉന്നയിച്ച വാദങ്ങള്‍ അവര്‍ തന്നെ പിന്‍വലിച്ചിരിക്കുകയാണ്. കേരളത്തില്‍ വളര്‍ന്നു വരുന്ന 'ഐ.എസ്' ജ്വരമാണ് ഹാദിയ എന്നും അവര്‍ വാദിച്ചിരുന്നു. തെറ്റുകാരാണ് എന്ന് പറയാന്‍ മാത്രം ഒരു തെളിവും ഹാദിയ വിഷയത്തിലും അനുബന്ധമായി കോടതി പരിശോധിക്കാന്‍ പറഞ്ഞ മറ്റു പതിനൊന്നു വിവാഹങ്ങളിലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് അവര്‍ കോടതിയെ അറിയിച്ചത്.

ഹിന്ദുജാ്രഗതി എന്ന ഹൈന്ദവ തീവ്രവാദ വെബ്‌സൈറ്റാണ് ലൗ ജിഹാദിന്റെ പ്രചാരകരെന്ന പൊലീസ് കണ്ടെത്തല്‍ ഇതിനോടെപ്പം കൂട്ടിവായിക്കുക. ലൗ ജിഹാദികളുടെെതന്ന പേരില്‍ പോസ്റ്റര്‍ അടിച്ചിറക്കാന്‍വരെ ഇവര്‍ തയ്യാറായി എന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

ഇസ്‌ലാം മതം അണികളില്ലാതെ ഭൂമുഖത്തുനിന്ന് കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാണ്. അതിന് തടയിടാന്‍ കഴിയാവുന്ന കുതന്ത്രങ്ങളെല്ലാം പയറ്റി ആളെ ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നാണോ ഈ ലൗ ജിഹാദ് ആരോപണക്കാര്‍ കരുതിയിരിക്കുന്നത്? 

''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ക്വുര്‍ആന്‍ 2:256)

 പ്രേമത്തിന് മതവും ജാതിയും ഭാഷയും ദേശവുമൊന്നും പലപ്പോഴും തടസ്സമാവാറില്ല എന്നതാണ് വാസ്തവം. അതിലെ തെറ്റും ശരിയും ധര്‍മവും അധര്‍മവുമൊന്നും കമിതാക്കള്‍ക്ക് പ്രശ്‌നമാകാറുമില്ല. എന്നിട്ടും അതിന്റെ പേരിലും ഇസ്‌ലാമിനെ മാത്രം എന്തുകൊണ്ട് പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തുന്നു? 

മതപ്രബോധനത്തിനും മതം മാറ്റത്തിനും ഏത് നീചമാര്‍ഗവും സ്വീകരിക്കുക എന്നത് ഇസ്‌ലാമികമല്ല. ലക്ഷ്യം പോലെ മാര്‍ഗവും നന്നാവണമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രമാണങ്ങളിലൂടെ, തെളിവുകള്‍ നിരത്തിക്കൊണ്ടാണ് ഇസ്‌ലാം അതിന്റെ ആശയാദര്‍ശങ്ങള്‍ പ്രബോധിത സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നത്. അല്ലാതെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ഭീഷണികളും കൊണ്ടല്ല. 

''(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.'' (ക്വുര്‍ആന്‍ 12:108)

ശക്തമായ തെളിവുകളുടെയും പൂര്‍ണബോധ്യത്തിന്റെയും അടിത്തറയിലായിരിക്കണം ഒരാളുടെ ആദര്‍ശം പടുത്തുയര്‍ത്തേണ്ടത്. അല്ലെങ്കില്‍ അതിന് സ്ഥായീഭാവമുണ്ടാവുകയില്ല. പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തുകൊണ്ടോ രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കിക്കൊണ്ടോ വിവാഹ പ്രായമെത്തിയ സ്ത്രീകളെ പ്രണയവലയില്‍ കുടുക്കിക്കൊണ്ടോ അല്ല ഇസ്‌ലാം വളരുന്നത്. ഇത്ര വര്‍ഷത്തിനുള്ളില്‍ ഇത്രപേരെ തികച്ച് ഒരു പ്രത്യേക

ലോകം സൃഷ്ടിക്കാന്‍ ദൈവികമതമായ ഇസ്‌ലാം അതിന്റെ അനുയായികളോട് ആവശ്യപ്പെടുന്നുമില്ല. മറിച്ച് സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കികൊടുത്തുകൊണ്ട് സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കേണ്ട ബാധ്യത മാത്രമെ പ്രവാചകന്മാരെയും മത പ്രബോധകരെയും അല്ലാഹു ഏല്‍പിച്ചിട്ടുള്ളൂ. തെളിവുകള്‍ നിരത്തി ജനങ്ങളോട് സംവദിക്കുന്ന ദൈവികമതമായ ഇസ്‌ലാമിന് കോറം തികക്കാനായി ആളെ കൂട്ടേണ്ട ആവശ്യമില്ല.

എന്താണ് ജിഹാദ്?

പ്രേമം കൊണ്ടുള്ള ജിഹാദ് എന്ന പ്രയോഗം തന്നെ അനിസ്‌ലാമികമാണ്. ഇഅ്‌ലാമിലെ ജിഹാദ് എങ്ങനെയെങ്കിലും ആളുകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗമാണെന്ന തെറ്റായ ധാരണ പലരും വെച്ചുപുലര്‍ത്തുന്നു എന്നതാണ് വാസ്തവം.  ''...പത്തനംതിട്ടയില്‍ രണ്ട് മിശ്രവിവാഹം നടന്നതോടെ ലൗ ജിഹാദ് എന്ന കരച്ചില്‍ കേരളം മുഴുക്കെ മുഴങ്ങി. പ്രണയക്കുരുക്കില്‍പ്പെടുത്തി ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങളില്‍നിന്ന് ഇസ്‌ലാമിലേക്ക് മതം മാറ്റപ്പെടുന്ന പതിനായിരങ്ങളുടെ  കദനകഥകള്‍ പ്രചരിക്കപ്പെട്ടു. പെണ്‍മക്കള്‍ ക്രിസ്ത്യാനികളുടെ കൂടെപ്പോയാലും മുസ്‌ലിമിന്റെ കൂടെപ്പോകുന്നത് സഹിക്കാന്‍ കഴിയില്ലെന്ന് പറയാറുള്ള വരേണ്യസ്ത്രീത്വം മറ്റെല്ലാ മിശ്രവിവാഹങ്ങളും മറന്ന് മുസ്‌ലിം ചെറുക്കന്‍ ഭര്‍ത്താവായി ഭവിച്ച നാട്ടിലെ കേസ്സുകള്‍ മാത്രം നിരന്തരം ഓര്‍ത്തുകൊണ്ടിരുന്നു. ലൗ ജിഹാദ് പ്രചരണത്തെ നിരാകരിക്കുന്ന റിേപ്പാര്‍ട്ട് ഡി. ജി. പി. നല്‍കിയിട്ടും കേന്ദ്ര അഭ്യന്തരവകുപ്പ് അത് സ്വീകരിച്ചിട്ടും ഒബ്‌സസ്സീവ് കംപല്‍സീവ് രോഗിയെപ്പോലെയാണ് ജസ്റ്റിസ് ശങ്കരന്‍ പോലും ഇല്ലാത്ത പൂച്ചയെ ഇരുളില്‍ തപ്പിയത്''. (കെ. പി. രാമനുണ്ണി, 'പച്ചക്കുതിര' മാസിക, 2010 ഫെബ്രുവരി).

സത്യത്തോട് അല്‍പമെങ്കിലും ആഭിമുഖ്യമുള്ളവര്‍ക്ക് ഇപ്പറഞ്ഞ വസ്തുതകളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ സാധിക്കുമോ? എവിടെപ്പോയി ലൗ ജിഹാദിന്റെ പേരില്‍ കാടിളക്കിയവര്‍? തുടര്‍ക്കഥകള്‍ മെനയാന്‍ സാധിക്കാതെ എല്ലാവരും പേന താഴെവെച്ചതെന്തേ? അങ്ങനെയൊരു ജിഹാദ് ഇസ്‌ലാമിലുണ്ടോ എന്ന ഒരന്വേഷണം ഒരു പത്രപ്രവര്‍ത്തകനും നടത്താതിരുന്നതെന്തേ?   

കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തരണം ചെയ്തുകൊണ്ട് പരമാവധി പരിശ്രമിക്കുന്നതിനാണ് അറബിയില്‍ 'ജിഹാദ്' എന്നു പറയുന്നത്. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ് ക്വുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ് എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കോ അന്യമതക്കാരെ പ്രണയിച്ച് മതംമാറ്റുന്നതിനോ അല്ല ജിഹാദ് എന്നു പറയുന്നത്. 

സത്യസാക്ഷ്യമെന്ന ദൗത്യനിര്‍വഹണത്തിന് സ്വന്തത്തെ സജ്ജമാക്കുകയാണ് ഒരു മുസ്‌ലിം ആദ്യമായി ചെയ്യേണ്ടത്. ദൈവികവിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിച്ചുകൊണ്ടാണ് ഒരാള്‍ സ്വന്തത്തോട് ജിഹാദ് ചെയ്യുന്നത്. 

ഇസ്‌ലാമിക ശരീഅത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന ചിന്താഗതിയുള്ള എം. എന്‍ കാരശ്ശേരിക്ക് പോലും ഇസ്‌ലാമിലെ ജിഹാദിന്റെ ശരിയായ വശം ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. അദ്ദേഹം എഴുതുന്നു:

''ജിഹാദ് എന്ന ആശയം ഭീകരവാദമോ, ആത്മഹത്യാ പ്രോത്സാഹനമോ ഒന്നുമല്ല. ആ വാക്കിന് 'വിശുദ്ധയുദ്ധം' എന്ന് പരിഭാഷ കൊടുക്കാറുണ്ട്. അവിശ്വാസിയെ വിശ്വാസത്തിന്റെ പേരില്‍ കൊല്ലുവാനോ, അവിശ്വാസിയുടെ കൈകൊണ്ട് മരിക്കുവാനോ ഉള്ള ആഹ്വാനമല്ല അത്. ആ വാക്കിന്റെ അര്‍ഥം 'കഠിനമായ പരിശ്രമം' എന്നാണ്. അവനവന്റെ വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം മാത്രമെ 'ജിഹാദ്' ആവുകയുള്ളൂ. സത്യത്തില്‍ ആത്മശുദ്ധീകരണത്തിനു വേണ്ടി അവനവനോടു നടത്തുന്ന 'യുദ്ധ'ത്തെയാണ് മുഹമ്മദ് നബി 'വലിയ ജിഹാദാ'യി കണക്കാക്കിയത്. അമുസ്‌ലിംകള്‍  എന്ന പോലെ ചില മുസ്‌ലിംകളും ഈ ആശയം കഠിനമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. 'ജിഹാദ്' എന്നത് മിക്ക സമയത്തും ആയുധമെടുത്തുള്ള യുദ്ധമേ അല്ല എന്നുള്ളത് എല്ലാവരും മറന്നുപോകുന്നു...'' (വര്‍ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം, എം. എന്‍. കാരശ്ശേരി, പേജ് 22).

ഇസ്‌ലാമോഫോബിയയെ കേരളത്തിലും വളര്‍ത്തിക്കൊണ്ട് വരിക എന്നത് ചിലരുടെ ലക്ഷ്യമാണ്. അതിന്റെ വിജയത്തിനായി അവര്‍ ഏതറ്റം വരെ പോകുവാനും തയ്യാറാണ്. അതിനാല്‍ മുസ്‌ലിംകള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നാട്ടില്‍ സമാധാനവും സ്വസ്ഥതയും നിലനില്‍ക്കണമെന്നും മതനിരപേക്ഷ ചിന്ത നശിച്ചുകൂടാ എന്നും ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ഇത്തരം കുത്സിത ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കേണ്ടതുണ്ട്.