ക്വുര്‍ആനും പൂര്‍വവേദങ്ങളും മൂല്യങ്ങളുടെ നൈരന്തര്യവും

ഉസ്മാന്‍ പാലക്കാഴി

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16
ഇസ്‌ലാമിക മൂല്യസംഹിതകള്‍ സമ്പൂര്‍ണമായും ദൈവികമാണ്. മുന്‍സമൂഹങ്ങളില്‍ സന്മാര്‍ഗത്തിന്റെയും ധാര്‍മികതയുടെയും അടിത്തറയായി വര്‍ത്തിച്ച മൂല്യങ്ങളെയെല്ലാം ഇസ്‌ലാം അതിന്റെ ആന്തരഘടനയില്‍ ഉള്‍ക്കാള്ളുന്നുണ്ട്. മുഹമ്മദ്   നബിﷺയുടെ ആഗമനത്തിനു മുമ്പ് വിവിധ ജനസമൂഹങ്ങളെ  അല്ലാഹു പഠിപ്പിച്ച  മൂല്യങ്ങളില്‍ നിന്ന് സാര്‍വകാലികമായവയെ വിശുദ്ധ ക്വുര്‍ആനിലൂടെയും അല്ലാഹു പഠിപ്പിക്കുന്നുണ്ട് എന്നര്‍ഥം.

ഇസ്‌ലാമിന്റെ മൂല്യസംഹിതകള്‍ പൂര്‍ണമായും ദൈവികമാണ് എന്നതോടൊപ്പം തന്നെ അവയ്ക്ക് ചരിത്രപരമായ നൈരന്തര്യത്തിന്റെ മേന്‍മ കൂടിയുണ്ട്. പൂര്‍വകാലസമൂഹങ്ങളില്‍ നന്മയുടെയും സന്മാര്‍ഗത്തിന്റെയും ധാര്‍മികതയുടെയും അടിത്തറയായി വര്‍ത്തിച്ച മൂല്യങ്ങളെയെല്ലാം ഇസ്‌ലാം അതിന്റെ ആന്തരഘടനയില്‍ ഉള്‍ക്കാള്ളുന്നുണ്ട്. ഒരേയൊരു സ്രഷ്ടാവില്‍ നിന്ന് വിവിധ കാലഘട്ടങ്ങളിലായി അവതരിച്ച ദൈവിക മൂല്യങ്ങള്‍ എന്ന നിലയില്‍ സാമ്യതകള്‍ നിലനില്‍ക്കുക സ്വാഭാവികമാണ്. മുഹമ്മദ്‌നബിﷺയുടെ ആഗമനത്തിനു മുമ്പ് വിവിധ ജനസമൂഹങ്ങളിലേക്ക് അവതീര്‍ണമായ മൂല്യങ്ങളില്‍ നിന്നും സാര്‍വകാലികവും ആവശ്യകതയുള്ളതുമായവ വിശുദ്ധ ക്വുര്‍ആനിലൂടെ പുനരവതീര്‍ണമായിട്ടുണ്ട് എന്നതിന് ക്വുര്‍ആന്‍ വചനങ്ങള്‍ തന്നെ സാക്ഷ്യങ്ങളാണ്.

''തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍'' (ക്വുര്‍ആന്‍ 87:18-19). 

അക്ഷരാര്‍ഥത്തിലുള്ള തുടര്‍ച്ചയല്ല; മൂല്യങ്ങളിലും ആശയങ്ങളിലുമുള്ള തുടര്‍ച്ചയാണിത് സൂചിപ്പിക്കുന്നത്. ദൈവികമാര്‍ഗ ദര്‍ശനത്തിന്റെ രേഖകള്‍ എന്ന നിലയില്‍ പൂര്‍വ വേദങ്ങള്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകളും ആശയങ്ങളും ക്വുര്‍ആനില്‍ കാലാനുസൃതവും അന്തിമദൂതന്റെ ദൗത്യനിര്‍വഹണത്തിന് അനുരൂപമായും ആവര്‍ത്തിച്ചിരിക്കുന്നു എന്ന് വ്യക്തം.

പൊതുമൂല്യങ്ങള്‍

എല്ലാകാലങ്ങളിലും മനുഷ്യരാശിയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള മൂല്യങ്ങള്‍ അവയുടെ പൊതുഘടനയില്‍ സമാനതയുള്ളവയായിരുന്നു. അതോടൊപ്പം തന്നെ അവയില്‍ കാലാനുസൃതമായ മാറ്റങ്ങളും വ്യതിയാനങ്ങളും വരുത്തുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എക്കാലത്തും മാനവരാശിയെ ബാധിക്കുന്ന അടിസ്ഥാനപരമായ തത്ത്വങ്ങള്‍ ക്വുര്‍ആന്‍ അങ്ങനെത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്. ഏകദൈവാദര്‍ശം, അന്ത്യനാള്‍, സ്വര്‍ഗം, നരകം തുടങ്ങിയവയെല്ലാം എല്ലാ വേദഗ്രന്ഥത്തിന്റെയും പ്രതിപാദ്യങ്ങളായിരുന്നു എന്നത് വ്യക്തമാണ്. സാര്‍വലൗകികവും സാര്‍വകാലികവുമായ മൂല്യങ്ങള്‍ എന്ന പരിഗണന അര്‍ഹിക്കുന്നവയാണ് ഇവയെല്ലാം.

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹു പറയുന്നു: ''അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുളളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരവധിവരെ നിങ്ങള്‍ക്കു സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നിരുന്നതില്‍നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്കു കൊണ്ടുവന്നുതരൂ''(ക്വുര്‍ആന്‍: 14:10).

''അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്നു തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭാരമേല്‍പിക്കുന്നത്''(ക്വുര്‍ആന്‍:14:11).

''അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്തുതന്നിരിക്കേ അവന്റെമേല്‍ ഭരമേല്‍പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്. നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യാം. അല്ലാഹുവിന്റെ മേലാണ് ഭാരമേല്‍പിക്കുന്നവരെല്ലാം ഭാരമേല്‍പിക്കേണ്ടത്.'' (ക്വുര്‍ആന്‍:14:12)

എല്ലാ പ്രവാചകന്മാരും ദൈവാസ്തിക്യത്തെ ഓര്‍മിപ്പിക്കുകയും സ്രഷ്ടാവിന്റെ സവിശേഷതകള്‍ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ഉദ്‌ബോധനങ്ങളെ നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്നവരായിരുന്നു മിക്ക സമൂഹങ്ങളും. ദൂതന്‍മാരുടെ അധ്യാപനങ്ങള്‍ സ്വീകരിച്ചവര്‍ അവരില്‍നിന്ന് എണ്ണപ്പെട്ട ചിലര്‍ മാത്രമായിരുന്നുവെന്ന് വിശുദ്ധ ക്വുര്‍ആന്‍ നല്‍കുന്ന വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 

കര്‍മഫലം, അന്ത്യദിനം

മനുഷ്യനും അവന്റെ കര്‍മങ്ങളും തമ്മിലുള്ള ബന്ധം ക്വുര്‍ആന്‍ ഊന്നിപ്പറയുന്നു. ഒരു വ്യക്തി ചെയ്യുന്ന ചെറുതും വലുതമായ കര്‍മങ്ങള്‍ ആ വ്യക്തിക്കു ശിക്ഷ-രക്ഷകളുടെ രൂപത്തില്‍ അനുഭവിക്കാന്‍ കഴിയുമെന്ന കാര്യം വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

''ആസന്നമായ ഒരു ശിക്ഷയെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നോക്കിക്കാണുകയും അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം'' (78:40).

''എന്നാല്‍ അവര്‍ അറിയുന്നില്ലേ? ക്വബ്‌റുകളിലുള്ളത് ഇളക്കിമറിച്ചു പുറത്തുകൊണ്ടുവരപ്പെടുകയും ഹൃദയങ്ങലുള്ളതു വെളിക്കു കൊണ്ടുവരപ്പെടുകയും ചെയ്താല്‍. തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു'' (100:9-11).

''സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്''(73:20).

ലോകത്ത് മനുഷ്യന്‍ ചെയ്യുന്ന ചെറുതും വലുതുമായ നന്മ-തിന്മകള്‍ക്ക് അനുസൃതമായ പ്രതിഫലം അന്ത്യദിനത്തില്‍ നല്‍കപ്പെടുമെന്ന യാഥാര്‍ഥ്യം പൂര്‍വവേദങ്ങളുടെയും അധ്യാപനമാണ്. 

ചെറുതും വലുതമായ നന്മകള്‍

മനുഷ്യജീവിതത്തിന്റെ അവസ്ഥകളും സ്ഥിതിവിശേഷങ്ങളും ഭിന്നമാകയാല്‍ വിവിധ കാലങ്ങളിലും സാഹചര്യങ്ങളിലുമായി വിവിധ തരത്തിലുള്ള നന്മകള്‍ക്ക് മനുഷ്യന് അവസരവും സന്ദര്‍ഭവും ലഭിക്കുന്നു. നന്മകള്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ യഥോചിതം ഉപയോഗിക്കുവാനുള്ള നിര്‍ദേശം എല്ലാ കാലത്തും മാനവരാശിക്ക് ലഭിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലെ അതിപ്രധാനമായ ഒരു ഘടകമാണ്. മനുഷ്യജീവിതത്തെ അതിന്റെ വിവിധ തലങ്ങളുമായും ഘടകങ്ങളുമായും സംലയിപ്പിച്ചു നിര്‍ത്തുകയും ദൈവികമാര്‍ഗദര്‍ശത്തിന്റെ ചട്ടക്കൂടില്‍ ജീവിതത്തെ ക്രമീകരിക്കുകയും ചെയ്യുന്നതില്‍ ചെറുതും വലുതമായ നന്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ നന്മയില്‍ അധിഷ്ഠിതമായ കര്‍മങ്ങളുടെ തിരഞ്ഞെടുപ്പില്‍ എല്ലാ കാലത്തും മനുഷ്യന് സ്രഷ്ടാവ് നല്‍കുന്ന മാര്‍ഗദര്‍ശനം മൗലികമായി ഒന്നുതന്നെയാണ്. 

''ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതും പിന്നോട്ടു മാറ്റി വെച്ചതും എന്താണെന്ന് അറിയുന്നതാണ്'' (ക്വുര്‍ആന്‍ 82:5). 

സഹജീവി സ്‌നേഹം

കര്‍മങ്ങളുടെ സൂക്ഷ്മവും കൃത്യവുമായ വിചാരണയെപ്പറ്റിയും വിലയിരുത്തലിനെപ്പറ്റിയും പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ നന്മയുടെ വിവിധ വശങ്ങളെ മനുഷ്യനിലനില്‍പിനുള്ള ഉദാത്തമായ മൂല്യങ്ങളായി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ദരിദ്രരെ സഹായിക്കല്‍, സഹായം ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യല്‍, ബലഹീനരെയും നിരാലംബരെയും സംരക്ഷിക്കല്‍, അനാഥ സംരക്ഷണം എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഉല്‍കൃഷ്ട സല്‍കര്‍മങ്ങളായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നതില്‍നിന്ന് ഇവയെല്ലാം പൂര്‍വവേദങ്ങളിലും പരാമര്‍ശിതങ്ങളായ മൂല്യങ്ങള്‍ തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. സാധുക്കളോടും ദുര്‍ബലരോടുമുള്ള പെരുമാറ്റത്തില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കുന്നത് ക്വുര്‍ആന്‍ കടുത്തഭാഷയില്‍ എതിര്‍ക്കുന്നുണ്ട്. എല്ലാ ദൂതന്‍മാരും പിന്തുടര്‍ന്നു വന്നിരുന്ന മാനുഷിക മൂല്യങ്ങളുടെ ശ്രേണിയില്‍ വരുന്ന കാര്യമാണ് അബലരെയും അശക്തതരെയും അവരര്‍ഹിക്കുംവിധം പരിഗണിക്കുക എന്നത്. ചില ക്വുര്‍ആന്‍ വചനങ്ങള്‍ കാണുക:

''എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും: എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്. അല്ല! പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല. അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു'' (89:16-20).

''എന്നിട്ട് ആ മലമ്പാതയില്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിയുള്ള നാൡ കുടുംബ ബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്'' (90:11-16).

''മതത്തെ വ്യാജമാക്കുന്നവനാരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളികളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്'' (107:1-3).

സാര്‍വലൗകികങ്ങളും സാര്‍വകാലികങ്ങളുമായ ഒട്ടനവധി മൂല്യങ്ങളിലേക്ക് ക്വുര്‍ആന്‍ വെളിച്ചം വീശുന്നതിന്റെ തെളിവുകളാണ് മുകളില്‍ ഉദ്ധരിച്ച വചനങ്ങള്‍. 

മനുഷ്യനും അഹന്തയും

മനുഷ്യരില്‍ എക്കാലത്തും ഏറിയും കുറഞ്ഞും നിലനില്‍ക്കുന്ന ഒന്നാണ് അഹന്ത. സ്വന്തം ശേഷിയുടെ ഭാഗമെന്ന് കാണുന്ന ഏതിന്റെ പേരിലും അഹങ്കരിക്കുവാനുള്ള ത്വര മനുഷ്യരിലുണ്ട്. മനുഷ്യനില്‍ ആത്മീയ വളര്‍ച്ചക്ക് തടസ്സമായി നില്‍ക്കുന്ന സ്വഭാവപരമായ മാലിന്യങ്ങളെ വിപാടനം ചെയ്യുന്നതിന് ആവശ്യമായ മാര്‍ഗദര്‍ശനം നല്‍കുന്ന ക്വുര്‍ആന്‍ ഇത്തരം തിന്മകളുടെ ദോഷവശങ്ങള്‍ എടുത്തുകാട്ടി വിമര്‍ശിക്കുകയും അത്തരം വിമര്‍ശനങ്ങളിലൂടെ മനുഷ്യരില്‍ പരിവര്‍ത്തനമുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു. അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ? അവന്‍ പറയുന്നു-ഞാന്‍ മേല്‍ക്കുമേല്‍ ധനം തുലച്ചിരിക്കുന്നു എന്ന്. അവന്‍ വിചാരിക്കുന്നുണ്ടോ അവനെ ആരും കണ്ടിട്ടില്ലെന്ന്? അവന് നാം രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലല്ലേ?'' (90:4-9).

''നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിസ്സംശയം നിങ്ങള്‍, വഴിയെ അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും...'' (102:1-4).

കടുത്ത ശിക്ഷക്ക് വിധേയരായ നൂഹ് നബി(അ)യുടെ ജനതയുടെ അഹന്തയെത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു: ''(നൂഹ്(അ) പറഞ്ഞു) തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്''(71:7).

അഹന്തയുടെ കൊടുമുടിയില്‍ വിരാജിച്ച ഫിര്‍ഔനിന്റെയും പരിവാരങ്ങളുടെയും കഥ വിശുദ്ധ ക്വുര്‍ആന്‍ സവിസ്തരം പറയുന്നുണ്ട്. അവരുടെ നാശത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും ക്വുര്‍ആന്‍ ആവശ്യപ്പെടുന്നു.

ഭൗതികപ്രമത്തത

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിവു കല്‍പിച്ചുകൊണ്ടുള്ളതാണ് എക്കാലത്തും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പൊതുഘടന. പരലോക വിജയത്തിനായുള്ള കര്‍മ മേഖലാണ് ഇഹലോകം. അതിനാല്‍ പരലോകത്തിന്റെ കാര്യത്തിനാണ് പ്രാമുഖ്യം നല്‍േകണ്ടത്. ഇത് മുന്‍ വേദങ്ങളുടെയും അധ്യാപനമാണ്. എന്നാല്‍ മനുഷ്യന്‍ പൊതുവെ ഇതിനു വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്: 

''പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും'' (ക്വുര്‍ആന്‍ 87:16-17).

''തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു'' (78:27).

കര്‍മങ്ങളിലെ ആയാസവും ആയാസരാഹിത്യവും

''എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും'' (ക്വുര്‍ആന്‍ 94:5-6).

ദൈവിക മാര്‍ഗദര്‍ശനാനുസൃതമായ ജീവിതം അതിന്റെ പ്രത്യക്ഷ ഘടനയില്‍ ഞെരുക്കമുള്ളതായി അനുഭവപ്പെടുകയും എന്നാല്‍ ആത്യന്തികമായി അത് ആയാസരഹിതമായിരിക്കുകയും ചെയ്യുമെന്ന സത്യം എക്കാലത്തും പ്രവാചകന്മാരുടെ പ്രബോധനത്തില്‍ പെട്ടതാണ്. മനുഷ്യന്‍ അവന്റെ ഇഛയുടെ നിയന്ത്രണമേറ്റെടുക്കാതെ, ഇഛ അവന്റെ നിയന്ത്രണമേറ്റെടുത്തുകൊണ്ടു ജീവിക്കുന്ന ജീവിത ക്രമത്തിനിടയില്‍ ദൈവികമാര്‍ഗദര്‍ശനങ്ങളെ കുറിച്ചു ചിന്തിക്കുക എന്നതുതന്നെ ഭാരമായി അനുഭവപ്പെടുക സ്വാഭാവികമാണ്. ഈ മാനസികാവസ്ഥയെ മറികടക്കുവാന്‍ ദൈവികനിര്‍ദേശങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതിലൂടെ കരഗതമാകുന്ന ഹൃദയവിശാലതയിലൂടെ സാധിക്കുന്നു എന്നാണ് വിശുദ്ധ ക്വു ര്‍ആന്‍ പഠിപ്പിക്കുന്നത്. ദൈവികമാര്‍ഗദര്‍ശനത്തെ അകന്നുനിന്ന് വീക്ഷിക്കുമ്പോള്‍ അതില്‍ പ്രയാസവും ഏറെയുള്ളതായി അനുഭവപ്പെടുകയാണു ചെയ്യുക. 

ദൈവനിന്ദക്കെതിരില്‍ മുന്നറിയിപ്പ്

''തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു'' (ക്വുര്‍ആന്‍ 100:11).

സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാതിരിക്കുകയും ഉള്‍ക്കൊള്ളാതിരിക്കുകയും ചെയ്യുമ്പോഴാണ്  മനുഷ്യന്‍ അശ്രദ്ധനും അജ്ഞനും അലസനും തിന്മകള്‍ ചെയ്യുന്നവനുമായി മാറുന്നത്.  അതിനാല്‍ സ്രഷ്ടാവിന്റെ അറിവിന്റെയും നിരീക്ഷണത്തിന്റെയും മുന്നില്‍ മനുഷ്യകര്‍മങ്ങളില്‍ ഒന്നിനുപോലും ഒഴിവുകഴിവു നല്‍കപ്പെടുകയില്ല എന്ന അടിസ്ഥാനപരമായ ആദര്‍ശം എക്കാലത്തും ദൂതന്‍മാര്‍ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. സ്രഷ്ടാവിനെയും അവന്റെ മഹത്ത്വത്തെയും കഴിവുകളെയും പറ്റി ഓര്‍മിപ്പിച്ചുകൊണ്ട് മനുഷ്യരാശിയെ സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളിലേക്ക് ക്ഷണിക്കുക എന്ന സമീപനരീതി എക്കാലത്തെയും ദൂതന്‍മാര്‍ അവലംബിച്ചു വന്നിട്ടുള്ളതാണ്. ഈ സമീപനം വിശുദ്ധ ക്വുര്‍ആനില്‍ പല രീതിയില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ദൈവിക മാര്‍ഗദര്‍ശനത്തിന്റെയും മൂല്യങ്ങളുടെയും കാര്യത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ പൂര്‍വ വേദങ്ങളുടെ തുടര്‍ച്ച തന്നെയാണ് എന്ന് ക്വുര്‍ആനും പ്രവാചകവചനങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നു എന്ന് സാരം.