ജുഡീഷ്യറിയില്‍ പുഴുവരിക്കുന്നുവോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നീതിബോധത്തില്‍ ആശങ്ക പൂണ്ട പ്രഗത്ഭരായ നാല് സീനിയര്‍ ജഡ്ജിമാര്‍ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നതോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. സാധാരണ 'എസ് യുവര്‍ ഓണര്‍' എന്ന് മാത്രം കേട്ടു ശീലമുള്ള ചീഫ് ജസ്റ്റിസിന് സഹപ്രവര്‍ത്തകരില്‍ നിന്നും 'നോ യുവര്‍ ഓണര്‍' എന്ന് കേള്‍ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത് ഇന്ത്യന്‍ ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമാണ്. ഇന്ത്യയുടെ പൊതുമണ്ഡലത്തെ പിടിച്ചുകുലുക്കുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്നതുമായ സംഭവവികാസങ്ങളാണ് ചാണക്യപുരിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നീതിബോധത്തില്‍ ആശങ്ക പൂണ്ട പ്രഗത്ഭരായ നാല് സീനിയര്‍ ജഡ്ജിമാര്‍ വിമര്‍ശനങ്ങളുമായി പരസ്യമായി രംഗത്ത് വന്നതോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. സാധാരണ 'എസ് യുവര്‍ ഓണര്‍' എന്ന് മാത്രം കേട്ടു ശീലമുള്ള ചീഫ് ജസ്റ്റിസിന് സഹപ്രവര്‍ത്തകരില്‍ നിന്നും 'നോ യുവര്‍ ഓണര്‍' എന്ന് കേള്‍ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത് ഇന്ത്യന്‍ ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമാണ്. ഇന്ത്യയുടെ പൊതുമണ്ഡലത്തെ പിടിച്ചുകുലുക്കുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്നതുമായ സംഭവവികാസങ്ങളാണ് ചാണക്യപുരിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങളും രാഷ്ട്രീയ മണ്ഡലങ്ങളും നിയമനിര്‍മാണ സഭകളും എക്‌സിക്യൂട്ടീവും ജനങ്ങള്‍ക്ക് നിരാശ മാത്രം സമ്മാനിക്കുമ്പോള്‍ സാധാരണക്കാരന്റെ അത്താണിയാണ് ഇന്ത്യയുടെ ജുഡീഷ്യല്‍ സംവിധാനം. 

ഏതൊരു രാജ്യത്തെയും ജുഡീഷ്യല്‍ സംവിധാനങ്ങള്‍ എത്രമാത്രം സ്വതന്ത്രമാവുകയും ബാഹ്യ ഇടപെടലുകളില്‍ നിന്നും മുക്തമാവുകയും ചെയ്യുന്നുവോ അത്രമാത്രം ആ രാജ്യത്തിന്റെ നിലവാരം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. കോടതികളില്‍ ഭരണകൂടത്തിന്റെയോ രാഷ്ട്രീയ നേതാക്കളുടെയോ ധനാഢ്യരുടെയോ ഇടപെടലുകള്‍ സംഭവിക്കുന്നുവെങ്കില്‍ ആ കോടതികള്‍ കേവലം നോക്കുകുത്തികള്‍ മാത്രമായിരിക്കും. ചില രാജ്യങ്ങളില്‍ ഭരണചക്രം തിരിക്കുന്നവരുടെ കളിപ്പാവ മാത്രമാണ് അവിടുത്തെ പരമോന്നത കോടതികള്‍ പോലും. ഇവിടെയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അനിതരമായ വൈശിഷ്ട്യവും കെട്ടുറപ്പും തലയുയര്‍ത്തി നില്‍ക്കുന്നത്. നീതിന്യായ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ മറ്റു രാജ്യങ്ങള്‍ വലിയ വിസ്മയത്തോടെയാണ് കാണുന്നത്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യമാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ നൈതികതയെ വ്യതിരിക്തമാക്കുന്നത്. 

ഇന്ത്യയില്‍ ഭരണഘടനയാണ് ജുഡീഷ്യറിയുടെ ആത്യന്തികമായ വിധികര്‍ത്താവ്. നിയമം നിര്‍മിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ലെജിസ്‌ലേറ്റര്‍, എക്‌സിക്യൂട്ടിവ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുകയും ഭരണഘടന അവയ്ക്ക് നല്‍കുന്ന അധികാര പരിധികള്‍ ലംഘിച്ചുകൊണ്ടുള്ള ദുര്‍വിനിയോഗങ്ങള്‍ അവ നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തുകൊണ്ട് ഭരണഘടന വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുന്ന ഒരു പാറാവുകാരനെ പോലെ ഭരണഘടനയുടെ തന്നെ ആജ്ഞ പ്രകാരമാണ് ജുഡീഷ്യറി അഥവാ നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളും തര്‍ക്കങ്ങളും പരിശോധിക്കുകയും അവയില്‍ സമയബന്ധിതമായി ഇടപെടുകയും ചെയ്യുക എന്നതും ജുഡീഷ്യറിയുടെ പരിധിയില്‍ വരുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനില്‍പ്പ് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ പെട്ടതാണ്. നിയമനിര്‍മാണ സഭക്കോ എക്‌സിക്യൂട്ടീവിനോ ജുഡീഷ്യറിയുടെ കാര്യത്തില്‍ ഇടപെടാനുള്ള ഒരവകാശവുമില്ലെന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത. ഏതെങ്കിലുമൊരു മന്ത്രിക്കോ അല്ലെങ്കില്‍ മന്ത്രിസഭക്ക് തന്നെയോ രാജ്യത്തെ വിവിധ കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ നേരിട്ടോ അല്ലാതെയോ ഇടപെടാന്‍ സാധ്യമല്ല. ജുഡീഷ്യറി നിശ്ചയിച്ച പ്രത്യേക 'കൊളീജിയം' (ഒരു സംഘം) ശുപാര്‍ശ ചെയ്തുകൊണ്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ലിസ്റ്റില്‍ നിന്നും രാഷ്ട്രപതിയാണ് സുപ്രീം കോടതിയിലെയും സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത്. എന്നാല്‍ ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ച് ഭരണഘടനയില്‍ ഒരു അവ്യക്തത നേരത്തെ ഉണ്ടായിരുന്നു. രാഷ്ട്രപതിക്ക് ജഡ്ജിമാരെ നിശ്ചയിക്കാം എന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രപതിക്ക് ഇത് സമര്‍പ്പിക്കേണ്ടത് ഒരു കൊളീജിയമാണെന്ന് ഭരണഘടനയില്‍ ഇല്ല. കൊളീജിയം എന്ന സംവിധാനം നിലവില്‍ വന്നത് 1993 മുതലാണ്. അതുവരെ രാഷ്ട്രപതി അതത് കോടതികളിലെ മുതിര്‍ന്ന ജഡ്ജുമാരുമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് പുതിയ ജഡ്ജിമാരെ നിയമിച്ചിരുന്നത്. 

സുപ്രീംകോടതിക്ക് ഒരു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി.ജെ.ഐ) ഉണ്ടായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. (124/1). സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന് പുറമെ ഏഴു ജഡ്ജിമാര്‍ വേണമെന്നാണ് ഭരണഘടനയില്‍ പറയുന്നതെങ്കിലും പിന്നീടുണ്ടായ ഭരണഘടന ഭേദഗതികളിലൂടെ ഇപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം 25 ജഡ്ജിമാരാണുള്ളത്. 25 ജഡ്ജിമാരില്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി ജോലിയില്‍ പ്രവേശിച്ച തീയതിക്കനുസരിച്ച് സീനിയോറിറ്റി കണക്കാക്കിയാണ് ചീഫ് ജസ്റ്റിസിനെ നിശ്ചയിക്കുന്നത്. തലമുതിര്‍ന്ന ജഡ്ജിയാണ് ചീഫ് ജസ്റ്റിസ് എന്ന് പറയാം. സുപ്രീംകോടതിയുടെ തലവനെന്ന നിലയില്‍ കേസുകളുടെ അലോക്കേഷനും നിയമവുമായി ബന്ധപ്പെട്ട പ്രധാന ഭരണഘടന ബെഞ്ചുകളുടെ നിയമനം നടത്തുന്നതും ഇദ്ദേഹമാണ്. മറ്റു ജഡ്ജിമാര്‍ക്കുള്ള വര്‍ക്കുകള്‍ വീതിച്ചു നല്‍കുന്നതും സി.ജെ.ഐയുടെ കര്‍ത്തവ്യമാണ്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ സീനിയര്‍ മോസ്റ്റ് ആയ നാല് ജഡ്ജിമാരും അടങ്ങുന്ന ഫോറമാണ് കൊളീജിയം. അതായത് സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് സുപ്രീം കോടതിയിലെ തന്നെ സീനിയര്‍ ജഡ്ജിമാരാണ് എന്നര്‍ഥം. അതുകൊണ്ടുതന്നെ 'ഒരു സാമ്രാജ്യത്തിനുള്ളിലെ മറ്റൊരു സാമ്രാജ്യം' എന്ന വിമര്‍ശനം കൊളീജിയം നേരിടുന്നുണ്ട്. അതേ സമയം നിയമനിര്‍മാണ സഭകളോ മറ്റു അധികാര കേന്ദ്രങ്ങളോ ജഡ്ജിമാരെ നിശ്ചയിക്കുന്നത് ജുഡീഷ്യല്‍ സംവിധാനത്തിലെ ബാഹ്യ ഇടപെടലുകളായി വ്യാഖ്യാനിക്കപ്പെടുകയും ഭരണഘടന വിരുദ്ധമാവുകയും ചെയ്യും. ഇതിനുള്ള പരിഹാരമായി 2004ല്‍ ഒരു ഭരണഘടന ഭേദഗതിയിലൂടെ പാര്‍ലമെന്റ് ഒരു ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ രൂപീകരിച്ചു. ചീഫ് ജസ്റ്റിസിന് തൊട്ടുതാഴെ സീനിയോറിറ്റിയുള്ള രണ്ട് സുപ്രിംകോടതി ജഡ്ജിമാര്‍, കേന്ദ്ര നിയമകാര്യ മന്ത്രി എന്നിവര്‍ സ്ഥിരം അംഗങ്ങളായും കൂടാതെ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്നു നിര്‍ദേശിക്കുന്ന രണ്ട് പ്രഗത്ഭ വ്യക്തികളുമാണ് കമ്മീഷനിലെ അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് അടക്കമുള്ള സ്ഥാനത്തേക്കു പരിഗണിക്കാനായി കമ്മീഷന്റെ മുമ്പില്‍ വരുന്ന പേരുകള്‍ വീറ്റോ ചെയ്യാനുള്ള അധികാരം കമ്മീഷനിലെ മൂന്ന് ജുഡീഷ്യല്‍ പ്രതിനിധികള്‍ക്കുമുണ്ട്. എന്നാല്‍ സുപ്രിംകോടതി ജഡ്ജിമാര്‍ മാത്രം വിചാരിച്ചാല്‍, അഥവാ മറ്റ് അംഗങ്ങളുടെ പിന്തുണയില്ലെങ്കില്‍, ഒരു നിയമനത്തിലും തീരുമാനമെടുക്കാനുമാവില്ല എന്ന അപകടകരമായ പോരായ്മയും ഇതിനുണ്ട്. കമ്മീഷന്റെ രൂപീകരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചത് നീതിന്യായ സംവിധാനത്തിലെ അപകടകരവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയ ഇടപെടലാണ് എന്ന വിമര്‍ശനം ഉയര്‍ന്നു. അങ്ങനെ പാര്‍ലമെന്റിന്റെ ഈ ഭരണഘടന ഭേദഗതി സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തിട്ടുപോലും ഈ ബില്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞുവെന്നതില്‍ നിന്നും രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരം എത്രമാത്രമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. 

ഇത്രയും ഭദ്രമായ ജുഡീഷ്യല്‍ സംവിധാനമായിട്ടു പോലും അവിടെയും പുഴുവരിക്കുന്നുണ്ടെന്ന കാര്യമാണ് നാല് സീനിയര്‍ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തു പറഞ്ഞത്. പക്ഷേ, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള ആദ്യത്തെ ആരോപണമൊന്നുമല്ല ഇത്. ലോകവ്യാപകമായി അഴിമതിയെക്കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ജര്‍മനിയിലെ ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍' എന്ന അന്താരാഷ്ട്ര സംഘടന ഇന്ത്യന്‍ ജുഡീഷ്യറിയുടെ കെട്ടുറപ്പിനെ അംഗീകരിക്കുന്നതോടൊപ്പം ഇന്ത്യന്‍ കോടതികളിലെ കെടുകാര്യസ്ഥതയും അഴിമതികളും തുറന്നുകാണിക്കുന്നുണ്ട്. കേസുകള്‍ ഏറ്റെടുക്കുന്നതിലെയും വിധിപ്രസ്താവനയിലെയും കാലതാമസം, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ എന്നിവയെല്ലാം അഴിമതിക്ക് ആക്കം കൂട്ടുന്നുവെന്നതാണ് അവരുടെ നിരീക്ഷണം. പ്രമുഖ സോഷ്യല്‍ ആക്റ്റിവിസ്റ്റും മുന്‍ സുപ്രീം കോടതി ലോയറുമായിരുന്ന പ്രശാന്ത് ഭൂഷണ്‍ അഴിമതിക്കാരായ ധാരാളം ചീഫ് ജസ്റ്റിസുമാര്‍ ഇന്ത്യക്കുണ്ടായിരുന്നുവെന്നു തുറന്നടിച്ചത് സുപ്രീം കോടതിയുടെ അകത്തളങ്ങളില്‍ വെച്ചുതന്നെയായിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് റുമാപാല്‍, ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഏഴു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ജഡ്ജിമാരുടെ നിയമങ്ങളിലെ സുതാര്യത ഇല്ലായ്മ, ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തില്‍ നിന്നുള്ള അപഭ്രംശം, പ്രയോഗങ്ങളിലെ അതിഭാഷണം, അമിതമായ ഔദ്ധത്യം, മുന്‍ഗാമികളുടെ ജുഡീഷ്യല്‍ തത്ത്വങ്ങളെ അവഗണിച്ചുകൊണ്ടുള്ള പ്രൊഫഷണല്‍ അഹങ്കാരം, സ്വജനപക്ഷപാതം, സഹപ്രവര്‍ത്തകരോടുള്ള വിവേകശൂന്യമായ പെരുമാറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കല്‍ എന്നിവയായിരുന്നു അവ. 

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥക്ക് നേരെ ഇത്തരത്തിലുള്ള ധാരാളം ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. മനുഷ്യര്‍ വിഹരിക്കുന്ന മേഖലകളെ നൂറു ശതമാനം കുറ്റമറ്റതാക്കാന്‍ സാധിക്കില്ലെന്നത് ഒരു വസ്തുതയാണ്. ഇതില്‍ നിന്നും ജുഡീഷ്യറിയെ മാത്രമായി മാറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമാണ്. പക്ഷേ, മറ്റേതു മേഖലയെക്കാളും ക്രമക്കേടുകളില്‍ നിന്നും അഴിമതികളില്‍ നിന്നും മുക്തമാക്കേണ്ടത് ജുഡീഷ്യല്‍ സംവിധാനത്തെ തന്നെയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവാന്‍ പാടില്ല. നിലവിലുള്ള പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്തുകയും അഴിമതി മുക്തവും പക്ഷപാതിത്വങ്ങള്‍ക്ക് അതീതവുമാക്കിക്കൊണ്ടുള്ള പരിഷ്‌കരണങ്ങളുമാണ് ജുഡീഷ്യല്‍ സംവിധാനത്തിന് ആവശ്യമായിട്ടുള്ളത്. 

ജനുവരി 12ന് നടന്ന നാടകീയ സംഭവങ്ങള്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ തുഗ്ലക് റോഡിലെ ഔദേ്യാഗിക വസതിയില്‍ അദ്ദേഹത്തെ കൂടാതെ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് സുപ്രീം കോടതിയുടെ പ്രവര്‍ത്തനം താളം തെറ്റിയെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും രാജ്യത്തോട് തുറന്നു പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നേരെയാണ് നാല് പേരും വിരല്‍ ചൂണ്ടിയത്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊറാബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആയിരുന്ന ബ്രിജ് ഗോപാല്‍ ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് വിടാതെ ജൂനിയര്‍ ജഡ്ജി അരുണ്‍ മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിക്ക് വിട്ടതാണ് അവര്‍ ചൂണ്ടിക്കാണിച്ച പ്രധാന വിഷയം. ഇത്തരം സംശയാസ്പദമായ കാര്യങ്ങളില്‍ ഞങ്ങള്‍ മൗനം അവലംബിച്ചുവെന്ന് ഭാവി തലമുറ ആക്ഷേപമുന്നയിക്കാതിരിക്കാനാണ് ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ സൊഹ്‌റാബുദീന്‍ കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ അത്തരം കേസുകള്‍ ജഡ്ജിമാര്‍ക്ക് കൈമാറുമ്പോള്‍ കാണിക്കേണ്ട സൂക്ഷ്മത ചീഫ് ജസ്റ്റിസിന്റെ പക്കല്‍ നിന്നുണ്ടായില്ല എന്നത് ഗൗരവമുള്ള വിഷയം തന്നെയാണ്. സൊഹ്‌റാബുദീന്‍ ഷേക്കിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ഗാന്ധി നഗറിനു സമീപം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് കേസ്. കേസിലെ 38 പ്രതികളില്‍ 15 പേരെ കോടതി വിട്ടയച്ചു. ഇതില്‍ 14 പേരും ഐ. പി. എസ്. ഉദ്യോഗസ്ഥരായിരുന്നു. സംഭവത്തിന്റെ സാക്ഷി തുളസീ റാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തില്‍ 2006 ഡിസംബറില്‍ പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസും സൊറാബുദീന്‍ കേസും ഒരുമിച്ചാക്കാന്‍ 2013 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ പ്രതിയായ അമിത് ഷാ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് 2014 ജൂണില്‍ ജസ്റ്റിസ് ലോയ സി.ബി.ഐ പ്രത്യേക കോടതിയിലെ ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് വേണ്ടി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ ഷാ ജസ്റ്റിസ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയയുടെ സഹോദരി അനുരാധ ബീയാനി വെളിപ്പെടുത്തിയിരുന്നു. ലോയയുടെ മരണത്തിനു ശേഷം ജസ്റ്റിസ് എം.ബി ഗോസാവിയാണ് സൊറാബുദ്ദീന്‍ കേസിന്റെ വിചാരണ കേള്‍ക്കാനായി നിയമിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു. 

2014 ഡിസംബര്‍ 1നാണ് ജസ്റ്റിസ് ലോയയുടെ മരണം സംഭവിക്കുന്നത്. നാഗ്പൂരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് ഹൃദയാഘാതം മൂലമാണ് മരണം ഉണ്ടായതെന്നതായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങള്‍, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ചകള്‍, മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയ രീതി തുടങ്ങി അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. അന്ന് സംശയം പ്രകടിപ്പിച്ചിരുന്ന ബന്ധുക്കള്‍ സുപ്രീം കോടതിയിലെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് സംശയമില്ലെന്നും ഇപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തി പറയുകയുണ്ടായി. എന്നാല്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍ ലോണ്‍ സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹരജി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍ മുംബൈ ഹൈക്കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്. കേസ് ഗൗരവ സ്വഭാവം ഉള്‍ക്കൊള്ളുന്നതാണെന്നു സുപ്രീം കോടതി തന്നെ പ്രസ്താവിച്ചിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ളതും വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ ഗൗരവ സ്വഭാവമുള്ള ഇത്തരം കേസുകള്‍ സാധാരണ ഗതിയില്‍ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന് തൊട്ടു താഴെയുള്ള നാല് ജഡ്ജിമാര്‍ക്കാണ് നല്‍േകണ്ടതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതിനു പകരം പത്താം നമ്പറുകാരനായ അരുണ്‍ മിശ്രക്ക് കേസ് കൈമാറുന്നതിന് പിന്നില്‍ മറ്റു താല്‍പര്യങ്ങളുണ്ടെന്ന സൂചനയാണ് സീനിയര്‍ ജഡ്ജിമാര്‍ ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുതിര്‍ന്ന ജഡ്ജിമാരെ പരിഗണിക്കാതെ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസിന് കേസുകള്‍ ഏത് ജഡ്ജിയെയും ഏല്‍പിക്കാമോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാവുന്നത്. രാജീവ് ഗാന്ധി വധക്കേസ്, ബോഫോഴ്‌സ് തുടങ്ങിയ വലിയ കേസുകള്‍ പോലും മുതിര്‍ന്ന ജഡ്ജിമാരല്ല കൈകാര്യം ചെയ്തിരുന്നതെന്ന് മറുവാദവും ഇപ്പോള്‍ മുഴങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നേരത്തെയും ചില വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ പ്രവര്‍ത്തനരീതിയെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം നേരത്തെ രംഗത്തു വന്നിരുന്നു. ജഡ്ജി നിയമനത്തിന് രാഷ്ട്രീയക്കാര്‍ പോലും പ്രതിനിധികളായി വന്നേക്കാവുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ചുകൊണ്ടുള്ള ഭരണഘടന ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടു സമര്‍പ്പിക്കപ്പെട്ട കേസ് ചെലമേശ്വര്‍ അടക്കമുള്ള അഞ്ചംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. അന്ന് കൊളീജിയത്തിന്റെ പ്രവര്‍ത്തനം സുതാര്യവും നിഷ്പക്ഷവുമല്ലെന്ന നിലപാടാണ് ചെലമേശ്വര്‍ സ്വീകരിച്ചിരുന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫും ഇതേ നിലപാടുകാരന്‍ തന്നെയായിരുന്നു. അതുവഴി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് അനുകൂലമായേക്കാവുന്ന നിലപാട് അവര്‍ സ്വീകരിച്ചിരുന്നതായും കാണാം. അതാവട്ടെ സുപ്രീം കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായേക്കാവുന്ന നിലപാടുമാണ്. ജഡ്ജിമാര്‍ തമ്മിലുള്ള അധികാരത്തിനും തസ്തികക്കും വേണ്ടിയുള്ള തര്‍ക്കം മാത്രമാണോ ഇതെല്ലാമെന്ന് കരുതുന്നവരുമുണ്ട്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും ഒരേ ദിവസമാണ് സുപ്രീം കോടതി ജഡ്ജിമാരാവുന്നത്. ചെലമേശ്വര്‍ ചീഫ് ജസ്റ്റിസ് ആവാതിരിക്കാന്‍ വേണ്ടി അന്ന് തന്നെ ചില ഉപായങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സംസാരമുണ്ട്. ദീപക് മിശ്രക്ക് മുമ്പ് തന്നെ ചെലമേശ്വര്‍ വിശ്രമിക്കുകയും ചെയ്യുന്നത് കൊണ്ട് ദീപക് മിശ്ര മാറിയാലല്ലാതെ ചീഫ് ജസ്റ്റിസ് പദവിയിലെത്താന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്ന് തീര്‍ച്ചയാണ്. 

ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നു രാജ്യത്തിന്റെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പറയുന്നുണ്ടെങ്കിലും ചീഫ് ജസ്റ്റിസും വിവാദമുയര്‍ത്തിയ ജഡ്ജിമാരും ഇപ്പോഴും മൗനം പാലിക്കുന്നുവെന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല എന്നതിന്റെ സൂചനയാണ്. വലിയ കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ കൈകാര്യം ചെയ്യണമെന്ന വാദത്തോട് ദീപക് മിശ്ര വഴങ്ങിയിട്ടില്ലെന്നതിന്റെ സൂചനയാണ് കാണാന്‍ കഴിയുന്നത്. ഇന്ന് കോടതിയില്‍ ഇക്കാര്യമുന്നയിച്ച ജഡ്ജിമാരോട് 'നമുക്ക് നമ്മുടെ ജോലി ചെയ്താല്‍ പോരേ' എന്ന മറുപടിയാണ് ചീഫ് ജസ്റ്റിസ് നല്‍കിയത്. 

ഇവിടെ പ്രതിസന്ധിയിലാവുന്നത് സാധാരണക്കാരാണ്. രാജ്യം വലിയ ആദരവോടെ കാണുന്ന പരമോന്നത കോടതിയിലും അഴിമതിയും പക്ഷപാതവും കളികളുമൊക്കെയുണ്ടെന്നു കേള്‍ക്കുമ്പോള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിരാശരാവുന്നത് പാവപ്പെട്ട ജനങ്ങളാണ്. ജുഡീഷ്യറിയുടെ മേല്‍ പുഴുവരിച്ചാല്‍ രാജ്യത്തിന്റെ അസ്തിവാരം ക്ഷയിക്കുന്നുവെന്ന അപായ സൂചനയായി അതിനെ കാണേണ്ടതുണ്ട്. 'സത്യമേവ ജയതേ' എന്ന നമ്മുടെ ദേശീയ മുദ്രാവാക്യം ചുമരുകളില്‍ പതിക്കപ്പെട്ടുള്ള കോടതികളിലെ ജഡ്ജിമാരുടെ മനസ്സുകളിലും അവ പതിയട്ടെയെന്നും നീതിയുടെ കാവലാളാവാകുവാന്‍ അവര്‍ക്ക് സാധിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം. 

നീതിയുടെ കാര്യത്തില്‍ സ്വാര്‍ഥതാല്‍പര്യങ്ങളും മുന്‍ധാരണകളും കൂടാതെ സത്യത്തിനു വേണ്ടി നിലകൊള്ളാനുള്ള വിശുദ്ധ ക്വുര്‍ആനിന്റെ ആഹ്വാനം നാം കേള്‍ക്കുക: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 4:135).