ഹര്‍ത്താല്‍, ഘോഷയാത്ര, പ്രകടനം മൗലികാവകാശധ്വംസനം

ഉസ്മാന്‍ പാലക്കാഴി

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23
ജനജീവിതം ദുഃസ്സഹമാക്കുന്നതില്‍ ഹര്‍ത്താലുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. നിയതമായ കാരണങ്ങള്‍ പോലുമില്ലാതെ തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ പലപ്പോഴും ഹര്‍ത്താലുകളും ബന്ദുകളും പിറവിയെടുക്കാറ്. ഓരോ ജനദ്രോഹ സമരവും ബാക്കി വെക്കുന്നതാവട്ടെ തുല്യതയില്ലാത്ത നഷ്ടക്കണക്കുകളുമാണ്. പ്രതിഷേധപ്രകടനങ്ങള്‍ക്ക് കുറച്ച് കൂടി ആരോഗ്യപ്രദവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ പരിശീലിക്കേണ്ടിയിരിക്കുന്നു നമ്മുടെ സംഘടനാ നേതാക്കള്‍.

'ഹര്‍ത്താല്‍' എന്ന വാക്ക് മലയാളികളുടെ മനസ്സില്‍ സമ്മിശ്ര വികാരങ്ങളുണ്ടാക്കുന്ന ഒന്നാണ്. ചിലര്‍ക്കത് അഴിഞ്ഞാടാനുള്ള അവസരമാണെന്നോര്‍ത്ത് ഹരമുളവാക്കുന്നതാണ്. ചിലര്‍ക്ക് സന്തോഷം പകരുന്നതും മറ്റു ചിലര്‍ക്ക് വിപ്ലവത്തിന്റെ ചൂട് പകരുന്നതുമാണ്. എന്നാല്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കുമത് സമ്മാനിക്കുന്നത് ഭീതിയും നിരാശയുമാണ്. കുടുംബം പട്ടിണിയിലാകുന്നതിന്റെ, വാഹനം അടിച്ചുതകര്‍ക്കപ്പെടുന്നതിന്റെ, കടകള്‍ കൊള്ളയടിക്കപ്പെടുന്നതിന്റെ, അനിവാര്യമായ യാത്രകള്‍ മുടങ്ങുന്നതിന്റെ, വഴിയില്‍ അക്രമിക്കപ്പെടുന്നതിന്റെ, പച്ചവെള്ളം പോലും കുടിക്കാന്‍ കിട്ടാതെ കഷ്ടപ്പെടുന്നതിന്റെ... അങ്ങനെയങ്ങനെ പലര്‍ക്കും പലതരം ഭീതികള്‍!

മഹാത്മാ ഗാന്ധിയുടെ സംസ്ഥാനമായ ഗുജറാത്തിലെ ഗുജറാത്തി ഭാഷയില്‍ നിന്നും കടംകൊണ്ടതാണ് 'ഹര്‍ത്താല്‍' എന്ന പദം. 'ഹര്‍' എന്നാല്‍ 'എല്ലാം' എന്നും 'ഥാല്‍' അല്ലെങ്കില്‍ 'ഥാലാ' എന്നാല്‍ 'അടയ്ക്കുക' എന്നും അര്‍ഥം. ഭരണാധികാരികളോടുള്ള പ്രതിഷേധാര്‍ഥം കച്ചവടസ്ഥാപനങ്ങളും ഗോഡൗണുകളും അടച്ച് പ്രതിഷേധിച്ചിരുന്ന സമ്പ്രദായമാണ് ഗുജറാത്തി ഭാഷയില്‍ 'ഹര്‍ത്താല്‍' എന്നറിയപ്പെട്ടിരുന്നത്.

ഭരണകര്‍ത്താക്കളുടെ നയനിലപാടുകളിലുള്ള വിയോജിപ്പും പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഇന്ത്യ പോലൊരു ജനാധിപത്യരാജ്യത്തിന്റെ നിലനില്‍പിന്റെ ഭാഗമാണ്. പക്ഷേ, നമ്മുടെ സംസ്ഥാനത്ത് അടുത്തകാലത്തായി ഈ പ്രതിഷേധം ഒരു മനുഷ്യാവകാശലംഘനത്തിലൂന്നിയ അക്രമാധിഷ്ഠിത പ്രക്രിയയായി അധഃപതിച്ചിരിക്കുന്നു. ഒരുകാലത്ത് സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും രാഷ്ട്രീയ നന്മക്കായി അവലംബിച്ചിരുന്ന ഈ മാര്‍ഗം ഇന്ന് നാലാളുടെ പോലും പിന്തുണയില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികളും മതസംഘടനകളും ജാതിസംഘടനകളുമൊക്കെ പൊതുജനത്തിന് എതിരായി പ്രയോഗിക്കുന്നു. ഒരു മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ചചെയ്ത് പരിഹാരമെടുക്കാന്‍ കഴിയുന്ന കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍ വരെ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കിയിരിക്കുന്ന സ്വതന്ത്ര വിഹാരത്തെ ഹനിക്കുകയും ജനജീവിതത്തെ സ്തംഭിപ്പിക്കുകയും തൊഴിലെടുക്കാനുള്ള പൗരന്റെ അവകാശത്തെ നിഷേധിക്കുകയും പൊതുമുതലുകളും സ്വകാര്യസ്വത്തുമൊക്കെ നശിപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ഹര്‍ത്താല്‍ ദിനങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വ്യക്തികളുടെ മൗലികാവകാശങ്ങള്‍ ഹനിച്ചുകൊണ്ട് നടത്തുന്ന ഈ പ്രതിഷേധങ്ങളില്‍ നല്ലൊരു ശതമാനവും സമൂഹദ്രോഹികളുടെയും രാഷ്ട്രീയ ക്രിമിനലുകളുടെയും അക്രമത്തിനും കൊള്ളിവെപ്പിനും കാരണമാകുന്നു എന്നതാണ് ഇതിന്റെ ഭീതിപ്പെടുത്തുന്ന മുഖം.  

ഇന്ത്യന്‍ നിയമവ്യവസ്ഥ അനുവദിച്ചിരിക്കുന്ന പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാത്ത പ്രതിഷേധമാര്‍ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ 'ഹര്‍ത്താല്‍' നടത്തി ജനജീവിതം സ്തംഭിച്ചാലേ അധികാരികള്‍ ഉണരൂ എന്ന് കരുതുന്നത് ജനങ്ങളോടും രാജ്യത്തോടും ചെയ്യുന്ന അതിക്രമമാണ്.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19ല്‍ പൗരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പുതരുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതേ ആര്‍ട്ടിക്കളില്‍ത്തന്നെ 2ലും 3ലും മേല്‍പറഞ്ഞ വ്യക്തിസ്വാതന്ത്ര്യങ്ങളുടെ നിയന്ത്രണങ്ങളെപ്പറ്റി വ്യക്തമായിപ്പറഞ്ഞിട്ടുമുണ്ട്. അത് നടപടിക്രമത്തിന്റെ ഭാഗമായി പ്രാബല്യത്തില്‍വരുത്തുന്നതും ഭരണഘടനയിലുണ്ട്.

1997 ല്‍ ആണ് കേരള ഹൈക്കോടതി 'ബന്ദ്' നിരോധിച്ചത്. തുടര്‍ന്ന് കോടതി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ബാങ്കിങ്ങും ആശുപത്രിയും അടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കാനും ഉത്തരവായി. 1997ല്‍ ഒരു ദേശീയ പാര്‍ട്ടി ഇതിനെതിരേ സുപ്രീംകോടതിയിലെത്തിയപ്പോഴും നിയമം പൊതുജനത്തിനൊപ്പം നിന്നു.

അന്ന് സുപ്രീംകോടതി പറഞ്ഞത് ഹൈക്കോടതി വിധി എന്ത്‌കൊണ്ടും സ്വാഹതാര്‍ഹമാണ് എന്നാണ്. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ ഹനിക്കുന്നതിനോടൊപ്പം ബന്ദുകള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് കോടതിയുടെ ഫുള്‍ ബെഞ്ച് അന്ന് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞത്. 

പിന്നീട് കേരളത്തില്‍ കണ്ടത് 'ബന്ദ്' എന്ന പേരുമാറ്റി 'ഹര്‍ത്താല്‍' നടത്തുന്ന കാഴ്ചയാണ്. ജനങ്ങളുടെ പൊറുതിമുട്ടിന് യാതൊരു പരിഹാരവും ആകാതായപ്പോള്‍ 2004 ല്‍ വീണ്ടും കേസ് സുപ്രീം കോടതിയിലെത്തി. 2004ലെ കേരള ഹൈക്കോടതിയുടെ വിധി ഹര്‍ത്താല്‍ ദിവസങ്ങളിലെ മനുഷ്യാവകാശ/ഭരണഘടനാ ലംഘനങ്ങള്‍ തെറ്റാണെന്നും തൊഴിലെടുക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം പൗരന്റെ അവകാശമാണെന്നുമായിരുന്നു. ഈ വിധിയാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

സുപ്രീംകോടതി അന്ന് പറഞ്ഞത് പൗരന്റെ സ്വത്തിനും തൊഴിലെടുക്കാനും സഞ്ചരിക്കാനും ഉള്ള അവകാശത്തില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നായിരുന്നു. അതുകൂടാതെ ഹര്‍ത്താല്‍ ദിനങ്ങളില്‍ പൊതുസ്വത്ത് നശിപ്പിക്കുകയും സ്വകാര്യവ്യക്തികളുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുന്നതിനെതിരേയും കോടതി വിധിയുണ്ടായി. പക്ഷേ, കേരളത്തില്‍ മാത്രം തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

2008 ല്‍ കെ.എസ്.ആര്‍.ടി.സിയുടെ എം.ഡി സമര്‍പ്പിച്ച കേസില്‍ ഹൈക്കോടതി 'ഹര്‍ത്താലിനെതിരെ' ഒരു നിയമനിര്‍മ്മാണത്തിന് കേരളാഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം നടക്കാതെ വിധിന്യായം പുറപ്പെടുവിക്കാന്‍ കോടതിക്കും അധികാരമില്ലായിരുന്നു. ഹൈക്കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞത് കെ.എസ്. ആര്‍.ടി.സി അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നേരേയുണ്ടാകുന്ന ഹര്‍ത്താല്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പിഴയും ശക്തമായ നിയമങ്ങളും ഏര്‍പ്പാടാക്കണമെന്നാണ്.

അന്ന് കോടതി പറഞ്ഞത് പ്രധാനമായും നാലു കാര്യങ്ങളായിരുന്നു. ഒരു ഇന്ത്യന്‍ പൗരന് ഹര്‍ത്താല്‍ദിനങ്ങളില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ ആ നാല് അവകാശങ്ങള്‍ ഇവയാണ്:

1) സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.

2) തൊഴിലിടങ്ങളില്‍ തൊഴില്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യം.

3) യാത്രാമധ്യെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞാല്‍ പൊലീസില്‍ പരാതിപ്പെടാനുള്ള അവകാശം.

4) തനിക്കുവന്ന നഷ്ടങ്ങള്‍ക്കു കോടതിയില്‍ കേസ് കൊടുക്കുവാനുള്ള അധികാരം.

ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന സംഘടനകള്‍ക്കും കോടതി അന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അത് പ്രധാനമായും നാലു കാര്യങ്ങളായിരുന്നു:

1) ജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നില്ലെന്നു ഉറപ്പുവരുത്തണം.

2) ജോലിസ്ഥലങ്ങളില്‍ പോകാനും തൊഴില്‍ ചെയ്യാനും തയ്യാറാകുന്നവരെ തടസ്സപ്പെടുത്തരുത്.

3) ഭരണഘടന നല്‍കിയിരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങളിലൊന്നും ഇടപെടാന്‍ പാടില്ല.

4) ഒരാളെ പോലും നിര്‍ബന്ധിച്ചു ഹര്‍ത്താലില്‍ പങ്കെടുപ്പിക്കാനോ അതിനായി പ്രേരിപ്പിക്കാനോ പാടില്ല.

കോടതി മാര്‍ഗം നിര്‍ദേശിച്ചിട്ട് എന്തു കാര്യം? രാഷ്ട്രീയ നേതൃത്വം മുന്‍കയ്യെടുക്കാതെ എങ്ങനെ ഇതൊക്കെ നടപ്പിലാകും? 

ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ അത്യാവശ്യമാണെങ്കിലും അതിന്റെ പേരില്‍ നടക്കുന്ന പേക്കൂത്തുകള്‍ കണ്ടില്ലെന്നു നടിക്കുന്നത് ഒരു പരിഷ്‌കൃതസമൂഹത്തിനു ചേര്‍ന്നതല്ല.

പ്രാദേശികതലത്തിലുള്ള ഹര്‍ത്താലുകളാണ് ഇപ്പോള്‍ കേരളത്തില്‍ ഫാഷന്‍. ജില്ലാതലത്തിലും താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും പിന്നിലല്ല. ഇതൊക്കെ തങ്ങളുടെ അവകാശമാണെന്ന മട്ടില്‍ ഏതു പ്രാദേശികനേതാവിനും പാര്‍ട്ടിഘടകത്തിനും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കടകള്‍ പൂട്ടിച്ച് ജനങ്ങളെ വിഷമിപ്പിക്കാം. സ്വസ്ഥമായി ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം ലംഘിക്കപ്പെടുകയാണെന്ന പരാതികള്‍ക്ക് ജനപ്രാതിനിധ്യം അവകാശപ്പെടുന്ന നേതാക്കള്‍ ചെവികൊടുക്കാറില്ലെന്നു മാത്രം.

ഹര്‍ത്താല്‍ ജനാധിപത്യപരമായ പ്രതിഷേധസമര രൂപമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ബ്രിട്ടീഷ് അധിനിവേശ ഭരണകൂടത്തിനെതിരെ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആ സമരമാര്‍ഗം ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകൂടം ബംഗാളിനെ രണ്ടായി വിഭജിച്ചതില്‍ പ്രതിഷേധിച്ച് 1905 ഒക്ടോബര്‍ 16ന് നടത്തിയതാണ് ആദ്യത്തെ ഹര്‍ത്താല്‍. സമാധാനപരമായ ഒരു പ്രതിഷേധ സമരരൂപമായിരുന്നു അത്. പ്രതിഷേധത്തിന്റെയും സമാധാനത്തിന്റെയും സമരരൂപമായി ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം വികസിപ്പിച്ചെടുത്ത ഹര്‍ത്താല്‍ ഇന്ന് അക്രമത്തിനും മറ്റുള്ളവരുടെ സ്വാതന്ത്ര്യലംഘനത്തിനുമുള്ള വഴിയായിത്തീര്‍ന്നിരിക്കുന്നു. ഇത് ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയുടെ മാത്രം പ്രശ്‌നമല്ല. എല്ലാവര്‍ക്കുമുണ്ട് അതില്‍ ഓഹരി. ജനങ്ങളുടെ പ്രതിഷേധമെന്ന് ഓരോ കക്ഷിയും തങ്ങളുടെ താല്‍പര്യത്തിന് പേരിടുന്നുവെന്ന് മാത്രം. അക്രമത്തിലേക്ക് നീങ്ങുകയും അതിനെ കണ്ടില്ലെന്നുനടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹര്‍ത്താലും ജനങ്ങളുടെ പ്രതിഷേധവും തമ്മില്‍ ബന്ധമില്ല. ഹര്‍ത്താലിനും ബന്ദിനും അര്‍ഥമുണ്ടാകുന്നത് ജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന പൊതുവിഷയത്തിനുവേണ്ടി നടത്തുമ്പോഴാണ്. ഒരു രാഷ്ട്രീയക്കൊലപാതകത്തിന്റെയോ അറസ്റ്റിന്റെയോ പോലീസ് നടപടിയുടെയോ പേരില്‍ സംസ്ഥാനമൊട്ടാകെയോ ഒരു ജില്ലയില്‍ മാത്രമായോ ഹര്‍ത്താലാചരിച്ച് നിത്യജീവിതം തടസ്സപ്പെടുത്തുന്നത് അര്‍ഥശൂന്യമാണ്. 

ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ നാടിനെ സംഘര്‍ഷഭരിതമാക്കി നിര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട് എന്നത് ഇന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. ശശികല എന്ന തീവ്ര വിദ്വേഷപ്രസംഗകയെ അറസ്റ്റു ചെയ്തതിന്റെ പേരില്‍ ഒക്‌ടോബര്‍ 17ന് പൊടുന്നനെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പുലര്‍ച്ചെ നാലുമണിക്ക് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരുമറിഞ്ഞില്ല. അതിരാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ ശേഷമാണ് ജനങ്ങള്‍ ഹര്‍ത്താലാണെന്നറിഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ റെയില്‍വെ സ്‌റ്റേഷനുകളില്‍ വന്നിറങ്ങിയവര്‍, പരീക്ഷയെഴുതാന്‍ പുറപ്പെട്ടവര്‍, വിദേശത്തേക്ക് യാത്ര തിരിച്ചവര്‍, മരണപ്പെട്ട ബന്ധുവിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പുറപ്പെട്ടവര്‍, അത്യാസന്ന നിലയിലായ രോഗിയെക്കൊണ്ട് ആശുപത്രിയിലേക്ക് പോയവര്‍... ഇങ്ങനെ ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു വ്യക്തിയെ അറസ്റ്റു ചെയ്തിന്റെ പേരില്‍ മാത്രം സഹിച്ച ദുരിതം വിവരണാതീതമല്ലേ? എത്ര വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു! വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഹോട്ടലുകാര്‍ക്കുണ്ടയ നഷ്ടം കോടികളുടെതാണ്. കൊല്ലം ചവറയില്‍ കുഴഞ്ഞുവീണ കെട്ടിട നിര്‍മാണ തൊഴിലാളി വാഹനം ലഭിക്കാത്തതിനാല്‍ ചികിത്സ കിട്ടാതെ മരിക്കുകയുണ്ടായി.

ഈ ഹര്‍ത്താലിന്റെ സമയം കഴിഞ്ഞ ശേഷമാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. ഉടന്‍ വരുന്നു അടുത്ത പ്രഖ്യാപനം; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. അതിന്റെ ഭാഗമായി ദേശീയ പാത ഉപരോധിക്കും! തുടര്‍ച്ചയായി രണ്ടു ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ 'പണികിട്ടും' എന്ന ബോധ്യമുള്ളതുകൊണ്ടാവാം ദേീയ പാത ഉപരോധത്തില്‍ ഒതുക്കിയത്. അവിടെയും കാണാന്‍ സാധിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുക എന്ന കലാപരിപാടിതന്നെ!

വഴിതടയുന്ന ഘോഷയാത്രകള്‍

 ''ഏത് ഈര്‍ക്കില്‍ പ്രസ്ഥാനമോ പാര്‍ട്ടിയോ, ജില്ലാ സമ്മേളനമോ സംസ്ഥാന സമ്മേളനമോ നടത്തിയാലും ശരി, അതിനോടനുബന്ധിച്ച്, വാടകക്കെടുത്ത വാഹനങ്ങളില്‍ കൂലിക്ക് ആളെ കുത്തിനിറച്ച് തിങ്ങിനിറഞ്ഞ നഗരവീഥികളില്‍ ചൊരിഞ്ഞശേഷം, വാഹന ഗതാഗതവും എന്തിന് കാല്‍നട യാത്രപോലും അസാധ്യമാക്കിക്കൊണ്ട് പ്രകടനങ്ങള്‍ നടത്തുന്നത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം പതിവുകര്‍മമാണ്. വഴിമുടക്കി പ്രകടനങ്ങള്‍ക്ക് ബഹു. ഹൈക്കോടതി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയപ്പോള്‍, ആരംഭശൂരത്വം എന്ന് പറയുന്നതുപോലെ, ആദ്യം കുറെ നാളത്തേക്ക് പ്രകടനദാഹികളും പൊലീസുകാരും കുറച്ചൊക്കെ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ ശങ്കരന്‍ വീണ്ടും തെങ്ങേല്‍തന്നെ! തലസ്ഥാന നഗരിയില്‍ ഈ അടുത്തകാലത്ത് നടന്ന പ്രകടനങ്ങളെല്ലാം തന്നെ നിരത്തുകള്‍ മുഴുവന്‍ കയ്യടക്കിക്കൊണ്ട്, പൂര്‍ണമായും ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. മറ്റ് നഗരങ്ങളിലെ സ്ഥിതിയും മറിച്ചല്ല.'' ഒരു പ്രമുഖ മലയാള പത്രത്തില്‍ വന്ന പ്രതികരണങ്ങളില്‍ ഒരു സഹോദരന്‍ എഴുതിയ വരികളാണിത്.

മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടാക്കി യാത്രക്കാരെ വലച്ചും രോഗികളെ പ്രയാസപ്പെടുത്തിയും പ്രകടനം നടത്തുന്നത് നമുക്ക് പുതുമയുള്ള കാര്യമല്ല. ചിലപ്പോള്‍ വിജയാഹ്ലാദത്തിന്റെ പേരില്‍, മറ്റു ചിലപ്പോള്‍ പ്രതിഷേധത്തിന്റെ പേരില്‍.  ഈ കുളിമുറിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നഗ്‌നരാണ്; എന്തിനേറെ മതഘോഷ യാത്രകള്‍ നടത്തി ഗതാഗതക്കുരുക്കുണ്ടാക്കി മതസംഘടനകള്‍പോലും ഇതില്‍ പങ്കുചേരുന്നു! വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയുമൊക്കെ അകമ്പടിയോടെ റോഡുകള്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുന്ന ഘോഷ യാത്രള്‍ എന്തുമാത്രം ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നത്! മതത്തിന്റെ പേരിലുള്ള ഘോഷയാത്രകള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ അടുത്തകാലത്തായി മത്സരബുദ്ധികാണിക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. മണിക്കൂറുകളോളം റോഡ് ബ്ലോക്കാക്കിയാലേ തങ്ങളുടെ ഘോഷയാത്ര/പ്രകടനം ജനങ്ങള്‍ ശ്രദ്ധിക്കുകയുള്ളൂ എന്നും അതാണ് വിജയം എന്നുമുള്ള ചിന്താഗതിയില്‍ പാര്‍ട്ടിക്കാരും മതസംഘടനകളും മാറ്റം വരുത്തേണ്ടതുണ്ട്. ജനങ്ങളുടെ യാത്രക്ക് ഭംഗം വരുത്താതെ പ്രകനടവും ഘോഷയാത്രയും നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാകണം. അതിന് തയ്യാറല്ലെങ്കില്‍ അനുമതി നിഷേധിക്കാനുള്ള ആര്‍ജവം  സര്‍ക്കാര്‍ കാണിക്കണം. ഹൈക്കോടതി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയയത് അറിയാത്തവരല്ലല്ലോ നമ്മുടെ ഭരണാധികാരികള്‍.  

ഇവിടെയാണ് മാനവികതയുടെ പ്രവാചകന്റെ 'വഴിയില്‍നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യല്‍ ധര്‍മമാകുന്നു' എന്ന വചനം പ്രസക്തമാവുന്നത്. ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടാല്‍, അല്ലെങ്കില്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍  വഴിമുടക്കിയും മറ്റും നിരവധിയാളുകളെ കൊല്ലാക്കൊല ചെയ്ത് 'ധാര്‍മികമായി' പ്രതികരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വചനമാണിത്.

വഴിയില്‍ കാണുന്ന ഉപദ്രവങ്ങള്‍ നീക്കം ചെയ്യല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ജന്തുജാലങ്ങളോടുപോലും കാരുണ്യം കാണിക്കുവാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാം മനുഷ്യ ജീവനും സ്വത്തിനും അഭിമാനത്തിനും പവിത്രത നല്‍കിയ മതമാണ്. സ്വന്തം താല്‍പര്യം മാത്രം സംരക്ഷിക്കുകയും അതിന്റെ മാര്‍ഗത്തില്‍ മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന സ്വാര്‍ഥമതികള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ സത്യവിശ്വാസികള്‍ ചെയ്യേണ്ടത് പ്രവാചക ശിഷ്യന്മാരെപോലെ അന്യരുടെ സുഖക്ഷേമം ആഗ്രഹിക്കുകയും അതിനുവേണ്ടി തങ്ങളാലാകുന്നത് ചെയ്യുകയുമാണ്.

ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങളില്‍നിന്നും മതഘോഷ യാത്രകളില്‍നിന്നും ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ സത്യവിശ്വാസികള്‍ തയ്യാറാവേണ്ടതുണ്ട്.

ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നാം ജീവിക്കുന്നത്. പൗരന്മാര്‍ക്ക് സംഘടിക്കുവാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങുവാനും ഇവിടെ അനുവാദമുണ്ട്; സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുവാനും കവര്‍ന്നെടുക്കുവാനും അവരെ ബുദ്ധിമുട്ടിക്കുവാനും ആര്‍ക്കും അവകാശമില്ല. എന്നാല്‍ അതാണിന്ന് നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതും. സത്യവിശ്വാസികളില്‍നിന്ന് ഇത്തരത്തിലുള്ള ജനദ്രോഹപരമായ നടപടികള്‍ ഉണ്ടാകുവാന്‍ പാടില്ല; ഒരിക്കലും.