'വാങ്കും കിത്താബും' വിപ്ലവക്കുട്ടികള്‍ കണ്ട ഭരണഘടനയും

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30
മതരംഗത്ത് നടമാടുന്ന ദുരാചാരങ്ങളെ പ്രമേയമാക്കി ധാരാളം നാടകങ്ങളും സിനിമകളും കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. സദുദ്ദേശ്യപരമായ അത്തരം ആവിഷ്‌കാരങ്ങളെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച പാരമ്പര്യമേ മലയാളികള്‍ക്കുള്ളൂ. എന്നാല്‍, ചുളുവില്‍ പ്രശസ്തിയാഗ്രഹിച്ച്, ഭാവനാരഹിതമായ പ്രമേയങ്ങളിലൂടെ മതത്തെ പരിഹസിക്കുകയും പ്രവാചകന്മാരെ അവഹേളിക്കുകയും ചെയ്യുന്ന രചനകളെ ശക്തമായ പ്രതികരണങ്ങളിലൂടെ തിരുത്തിയ ഭൂതകാലത്തിനും ഈ മണ്ണ് സാക്ഷിയാണ്. വിവരക്കേടിന് തിടംവെച്ച 'കിതാബി'നെ രണ്ടാമത് പറഞ്ഞ വീക്ഷണകോണിലൂടെയേ നോക്കിക്കാണാന്‍ കഴിയൂ.

നാല് പെണ്‍കൂട്ടുകാരികള്‍ ക്യാമ്പസിലിരുന്ന് അവരുടെ ചില ആഗ്രഹങ്ങള്‍ പറയുന്നു. ക്യാമ്പസ് സൗഹൃദങ്ങളില്‍ വിരിയുന്ന കാല്‍പനികവും ഭാവനാത്മകവും സാഹസികവുമായ ചില ആഗ്രഹങ്ങള്‍. അവയില്‍ അതിഭാവുകത്വങ്ങള്‍ നിറഞ്ഞ വൈകാരിക പ്രകടനങ്ങള്‍ കാണാം, അശ്ലീലതകള്‍ നിറഞ്ഞ തമാശകള്‍ കാണാം. നിരോധനങ്ങളെ അതിലംഘിക്കാനുള്ള വാഞ്ഛകളും കാണാം. കേരളത്തിലെ അത്രയൊന്നും സാധാരണമല്ലാത്ത ക്യാമ്പസിന്റെ നഖചിത്രമെടുത്ത് ഉണ്ണി.ആര്‍ എന്ന ഒരു കഥാകൃത്ത് സമകാലിക മലയാളത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു കഥയെഴുതിയപ്പോള്‍ ഒരായിരം കഥകള്‍ക്കിടയില്‍ ഒരു കഥ എന്നതിനപ്പുറം അതിനാരും ഒരു സവിശേഷതയും കണ്ടില്ല. പല കുട്ടികളും പല ആഗ്രഹങ്ങളും പറഞ്ഞപ്പോള്‍ കഥയിലെ റസിയ എന്ന കുട്ടിയുടെ ആഗ്രഹം മുസ്‌ലിം പള്ളികളില്‍ 'വാങ്ക്' വിളിക്കുന്നതുപോലെ 'വാങ്ക്' വിളിക്കണമെന്നതായിരുന്നു. ചെറുപ്പത്തില്‍ കേട്ട വാങ്കിന്റെ സംഗീതാത്മകതയില്‍ ഭ്രമിച്ചുപോയ കുട്ടിക്ക് 'ഉറക്കനെ ഒന്ന് വാങ്ക് വിളിക്കണം!' കൂട്ടുകാരെ കൂട്ടി ഒരു കാടിന്റെ മധ്യത്തില്‍ പോയി വാങ്ക് വിളിച്ച് അവള്‍ സായൂജ്യമടയുന്നു. അതില്‍ വിപ്ലവത്തിന്റെ മുഷ്ടിപ്രകടനമോ പെണ്‍വിമോചനത്തിന്റെ വന്‍ വര്‍ത്തമാനമോ ഇല്ല. വാങ്കിന്റെ മതനിയമത്തെ കുറിച്ചുള്ള അന്വേഷണങ്ങളുമില്ല. കഥക്ക് വലിയ കഥ ഇല്ലെങ്കിലും കഥയില്‍ വായനക്കാരെ ഇക്കിളിപ്പെടുത്താന്‍ പാകത്തിലുള്ള ചേരുവകള്‍ ചേര്‍ക്കാന്‍ കഥാകൃത്ത് മറന്നില്ല. എത്രയോ പൈങ്കിളിക്കഥകള്‍ പുറത്തിറങ്ങുന്ന നമ്മുടെ നാട്ടില്‍ ഈ കഥ ഒരു മുസ്ലിം വിരുദ്ധ കഥയായി അന്നൊന്നും അന്തരീത്തില്‍ അലയടിച്ചില്ല. 

വാങ്കും മുസ്ലിം പെണ്‍കുട്ടിയും ഒരു കഥയുടെ ഇതിവൃത്തമായി കണ്ടപ്പോള്‍ റഫീഖ് മംഗലശ്ശേരി എന്ന ഒരു നാടകകൃത്തിനൊരു തമാശ തോന്നി. മറ്റെല്ലാ കഥാപാത്രങ്ങളെയും മറന്ന് കഥയെ മുസ്ലിം സ്ത്രീകളുടെ വാങ്ക് വിളിക്കുള്ള അവകാശത്തിനുവേണ്ടിയുള്ള മുറവിളിയാക്കി ചിത്രീകരിച്ചുകൊണ്ട് ഒരു 'കിത്താബ്' ഇറക്കി. 'വാങ്ക്' എന്ന ഉണ്ണി. ആര്‍ എഴുതിയ കഥ റഫീഖ് 'കിതാബ്' എന്ന പേരില്‍ നാടകമാക്കി പുറത്തിറക്കിയപ്പോള്‍ ഒരു ഇസ്ലാം വിരുദ്ധ പ്രമേയമാക്കാനുള്ള ശ്രമം നടത്തി എന്ന ആക്ഷേപമാണ് പൊതുസമൂഹത്തില്‍ ഇപ്പോള്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകത്തിനു രംഗാവിഷ്‌കാരം നല്‍കിയതോടെയാണ് വിഷയം വിവാദമായിത്തീര്‍ന്നത്. 

മുസ്ലിം സമുദായത്തില്‍ നടമാടുന്ന ദുരാചാരങ്ങളെ പ്രമേയമാക്കിക്കൊണ്ടുള്ള ധാരാളം നാടകങ്ങളും സിനിമകളും കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ടുള്ള രചനകളും ഒട്ടേറെ ഉണ്ടായിട്ടുണ്ട്. സദുദ്ദേശ്യപരമായ ആവിഷ്‌കാരങ്ങളെ മുസ്ലിം സമുദായം എതിര്‍ക്കാറില്ല. ആവിഷ്‌കരണ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമായതുകൊണ്ട് തന്നെ അവയെ എതിര്‍ക്കേണ്ടതില്ല. മതത്തെ കുറിച്ചുള്ള അജ്ഞത വഴി സമൂഹത്തില്‍ പ്രചരിച്ചിട്ടുള്ള തെറ്റായ സന്ദേശങ്ങളെ തിരുത്തുവാന്‍ പലപ്പോഴും ഇത്തരം ആവിഷ്‌കാരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. അതേസമയം ഇങ്ങനെയുള്ള ആവിഷ്‌കാരങ്ങളില്‍ മതത്തെ പരിഹസിക്കുന്നതും മതചിഹ്നങ്ങളെയും പ്രവാചകന്മാരെയും അവഹേളിക്കുന്നതുമായ കാര്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം സമുദായത്തിന്റെ ഭാഗത്തുനിന്നുണ്ടാവാറുമുണ്ട്. റഫീഖ് മംഗലശ്ശേരി എഴുതിയതും മേമുണ്ട സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ചതുമായ 'കിത്താബ്' എന്ന നാടകം സമുദായത്തിന്റെ സ്വാഭാവിക പ്രതിഷേധത്തിന് കാരണമാകുന്ന ആവിഷ്‌കാരമാണ്. കാരണം നാടകത്തിലുടനീളം ഒരു സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള രംഗങ്ങളും സംഭാഷണങ്ങളുമാണുള്ളത്. നാടകം നല്‍കുന്ന സന്ദേശം അല്‍പത്വം നിറഞ്ഞതും അനാവശ്യവുമാണെന്നു പറയാതെ വയ്യ. പള്ളിയില്‍ പോയി ബാങ്ക് വിളിക്കണമെന്നോ അവിടെ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കണമെന്നോ ഇന്നേവരെ ധര്‍മബോധവും നിഷ്ഠയുമുള്ള ഒരു മുസ്‌ലിം സ്ത്രീയും ആവശ്യപ്പെട്ടിട്ടില്ല. കാരണം ഇസ്ലാമിക പ്രമാണങ്ങളില്‍ അങ്ങനെയൊന്നില്ല എന്ന കാര്യം ഇസ്ലാം പഠിച്ചു മനസ്സിലാക്കിയ വിശ്വാസിനിയായ മുസ്ലിം സ്ത്രീക്കറിയാം. ഏതൊരു മതവിഭാഗത്തിന്റെയും അടിസ്ഥാനപ്രമാണങ്ങളാണ് അതാത് മതവിഭാഗങ്ങളുടെ വിശ്വാസവും ആചാരവും അനുഷ്ഠാന രീതികളും നിയമങ്ങളും നിശ്ചയിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന വാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദത്തിന്റെ പോര്‍മുഖങ്ങളിലേക്ക് മുസ്ലിം സ്ത്രീകളുടെ ബാങ്കിനെയും നമസ്‌കാരത്തിനുള്ള നേതൃത്വത്തെയും കൊണ്ടുവരാനുള്ള കുല്‍സിത നീക്കങ്ങളാണ് ഇത്തരം രചനകളുടെ പിന്നിലെന്ന നിരീക്ഷണത്തെ തള്ളിക്കളയാന്‍ സാധ്യമല്ല. 

'വാങ്കും കിത്താബും' സമൂഹത്തില്‍ പ്രതിധ്വനി ഉണ്ടാക്കിത്തുടങ്ങിയപ്പോള്‍ അതിന്റെ സംരക്ഷകരായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുട്ടികള്‍. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 'കിതാബിന്' നല്‍കിയിരിക്കുന്ന സ്ഥാനം നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു പൗരനെയും ആശ്ചര്യപ്പെടുത്തും. 'കിതാബി'ലൂടെ പറയാന്‍ ശ്രമിച്ച ആശയത്തോട് ഐക്യപ്പെടുന്നുവെന്നു പറഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐയുടെ പോസ്റ്റ് ആരംഭിക്കുന്നത്. നാടകകൃത്തിന്റെ 'കിതാബ്' എന്ന പ്രയോഗം പോലും പരിഹാസം നിറഞ്ഞതാണ്. യുക്തിവാദികള്‍ പൊതുവില്‍ വിശുദ്ധ ക്വുര്‍ആനിനെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'കിതാബ്'. വിശുദ്ധ ക്വുര്‍ആനിനെ ഉദ്ദേശിച്ചുകൊണ്ടാണ് നാടകകൃത്തും കിതാബ് എന്ന് പ്രയോഗിച്ചിട്ടുള്ളതെന്നു നാടക സംഭാഷങ്ങളില്‍ നിന്നും വ്യക്തമാണ്. സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയെ ഉള്ളൂവെന്നു 'കിതാബില്‍' പറഞ്ഞിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് ക്വുര്‍ആനിനെ അവഹേളിക്കാനാണ് നാടകകൃത്ത് ശ്രമിച്ചത്. ക്വുര്‍ആന്‍ പറഞ്ഞതോ ക്വുര്‍ആന്‍ പറയാന്‍ ഉദ്ദേശിച്ചതോ ആയ കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണിത്. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സാക്ഷികളായി നില്‍ക്കുമ്പോള്‍ ഒരു പുരുഷന് പകരം രണ്ടു സ്ത്രീകള്‍ ആണ് വേണ്ടതെന്നും അങ്ങനെയെങ്കില്‍ അവരിലൊരുവള്‍ക്ക് മറ്റൊരുവളെ മറന്നുപോയ കാര്യങ്ങളെ ഓര്‍മപ്പെടുത്തിക്കൊടുക്കാന്‍ സാധിക്കുമെന്നും പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഈ പരിഹാസം ചൊരിഞ്ഞിരിക്കുന്നത്. ജനറല്‍ ഇന്റലിജന്‍സുമായി (g factor) ബന്ധപ്പെട്ട ആധുനിക കാലഘട്ടത്തിലെ ഗവേഷണങ്ങളും പഠനങ്ങളും വിമര്‍ശകര്‍ വായിക്കുന്നത് നന്നായിരിക്കും. പുരുഷന്മാരുടെ ഐ.ക്യൂ. സ്ത്രീകളുടേതിനെക്കാളും കൂടുതലാണെന്നു പറഞ്ഞ റിച്ചാര്‍ഡ് ലിന്‍ (Richard Lynn), പോള്‍ ഇര്‍വിംഗ് (Paul Irwing) തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞരുടെ ഈ വിഷയത്തിലുള്ള പഠനങ്ങള്‍ കമ്യൂണിസ്റ്റുകളും യുക്തിവാദികളും പരിശോധിക്കുന്നത് നന്നായിരിക്കും. സ്ത്രീകളുടെ ബുദ്ധിശക്തിയെ പ്രശംസിച്ചുപറഞ്ഞ നബിവചനങ്ങളും മറ്റും പരിശോധിക്കാനും വിമര്‍ശകര്‍ക്ക് സമയം കിട്ടിയിട്ടുണ്ടാവില്ല. ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളില്‍ നിന്നും പ്രവാചകന്‍ﷺ ഉപദേശം തേടിയ സംഭവങ്ങളും ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. ഒരു വിലയും നിലയും സ്ത്രീകള്‍ക്ക് നല്‍കിയിരുന്നില്ലാത്ത കാലഘട്ടത്തില്‍ സ്ത്രീകളുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയും അവരെ പുരുഷനെ പോലെ ആദരിക്കുകയായിരുന്നു മുഹമ്മദ് നബിﷺ ചെയ്തത്. 

സ്ത്രീക്ക് പകുതി ബുദ്ധിയേയുള്ളൂവെങ്കില്‍ അവള്‍ പകുതി ഭക്ഷിച്ചാല്‍ പോരേയെന്നും പകുതി ഉടുത്താല്‍ പോരേയെന്നും അതിബുദ്ധിമാനായ നാടകകൃത്ത് എഴുതിക്കാണുന്നു. ഇക്കണക്കിനു നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ജീവിക്കുന്ന അന്തേവാസികള്‍ക്ക് ഇത്തിരി പോലും ഭക്ഷണം നല്‍കേണ്ടി വരില്ല. അവര്‍ക്ക് ഉടുക്കാന്‍ ഒന്നും കൊടുക്കേണ്ടിയും വരില്ല. വിവരക്കേടുകള്‍ എഴുന്നള്ളിക്കുമ്പോള്‍ അതിനും ഒരു സ്റ്റാന്‍ഡേര്‍ഡ് ആവശ്യമില്ലേ? 1970കളിലെ സിനിമകളില്‍ മുസ്ലിംകളെ പരിഹസിക്കാന്‍ വേണ്ടി അവതരിപ്പിച്ചിരുന്ന വേഷങ്ങളും സംസാരരീതിയുമാണ് നാടകത്തിലെ മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇസ്ലാമിക വിശ്വാസപ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ 'ഉറക്കനെ വാങ്ക് വിളിക്കാന്‍' പാടില്ലെന്ന കാര്യം നാടകകൃത്തിനോ എസ്.എഫ്.ഐക്കോ അറിയാഞ്ഞിട്ടല്ല. മുസ്ലിംകള്‍ക്കിടയില്‍ കക്ഷിഭേദമന്യെ എല്ലാവരും അംഗീകരിച്ചുവരുന്ന ഈ കാര്യത്തില്‍ മതത്തിനു പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ല. അപ്പോള്‍ പിന്നെ കിതാബിലൂടെ പറയാന്‍ ശ്രമിച്ച എന്ത് ആശയത്തോടാണ് എസ്.എഫ്.ഐ ഐക്യപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല. 

മതങ്ങളില്‍ കലാപം സൃഷ്ടിക്കുകയെന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അതിന്റെ പ്രാരംഭ കാലങ്ങളില്‍ തന്നെ പരീക്ഷിച്ചുവരുന്ന കാര്യമാണ്. മതാത്മക വീക്ഷണം വെച്ചുപുലര്‍ത്തുന്ന സമൂഹങ്ങളില്‍ കമ്യൂണിസം വേരുപിടിക്കില്ലെന്നു മനസ്സിലാക്കിയവരാണ് കമ്യൂണിസ്റ്റുകള്‍. പതിനെട്ടടവു പയറ്റിയിട്ടും സോവിയറ്റ് റഷ്യയില്‍ കമ്യൂണിസം ഗ്ലാസ്നോസ്തും പെരിസ്ട്രോയ്ക്കയുമായി തകര്‍ന്നുവീണതില്‍ നിന്നും അവര്‍ ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. മതാത്മകതയെ തകര്‍ത്ത് മതനിരാസത്തെ പ്രതിഷ്ഠിച്ചെങ്കില്‍ മാത്രമെ 'ധന്യമായ കമ്യൂണിസ്റ്റ് ജീവിതം' സാധ്യമാവൂ എന്നതാണ് ഒന്നാമത്തെ പാഠം. കമ്യൂണിസ്റ്റുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയത് യുക്തിവാദികളായിരുന്നു. ഏറ്റവും ചലനാത്മകവും ജീവിതത്തിന്റെ സകല മേഖലകളിലും ഇടപെടുന്നതുമായ ദര്‍ശനം എന്ന നിലക്ക് ഇസ്ലാം ആയിരുന്നു എന്നും യുക്തിവാദികളുടെ തലവേദന. അതുകൊണ്ടുതന്നെ 'മാപ്പിള' യുക്തിവാദികള്‍ ഇസ്ലാമിക ചിന്തകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ഗവേഷണത്തിനാണ് പ്രാധാന്യം നല്‍കിയത്. മനുഷ്യജീവിതത്തിലെ ജനനം, വിവാഹം, മരണം തുടങ്ങിയ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ഇടപെടാന്‍ മതത്തിനു സാധിക്കുന്നതിനാലാണ് മതാത്മകലോകവീക്ഷണം ശക്തിപ്പെടുന്നത് എന്നാണ് യുക്തിവാദികളുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളിലെല്ലാം മതങ്ങളെ ആശ്രയിക്കാതെ കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകമായ നടപടിക്രമങ്ങളും കേന്ദ്രങ്ങളുമെല്ലാം വേണമെന്നാണ് യുക്തിവാദികള്‍ കമ്യൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശ നിര്‍ദേശങ്ങള്‍. പാര്‍ട്ടി ക്വബ്ര്‍സ്ഥാനുകളും പാര്‍ട്ടി വിവാഹ രീതികളുമൊക്കെ യുക്തിവാദികളുടെ ഉപദേശം കേട്ട് കമ്യൂണിസ്റ്റുകള്‍ പരീക്ഷിക്കുമായിരിക്കും. പക്ഷേ, യുക്തിവാദികള്‍ എത്രകണ്ട് തത്ത്വോപദേശം നടത്തിയാലും കമ്യൂണിസ്റ്റുകള്‍ക്ക് അത് പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കില്ലെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. മത്തായിചാക്കോയുടെ അന്ത്യകൂദാശ തന്നെ ഒരുദാഹരണം. അദ്ദേഹത്തിന്റെ വിവാഹം പൊതുവേദിയില്‍ നടത്തിയിരുന്നെങ്കിലും പിന്നീട് പള്ളിയില്‍ പോയി രജിസ്റ്റര്‍ ചെയ്തുവെന്നും കുഞ്ഞുണ്ടായപ്പോള്‍ മാമോദീസ മുക്കിയെന്നും അദ്ദേഹത്തിന്റെ പത്‌നി വെളിപ്പെടുത്തിയത് നാമേവരും കേട്ടതാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയാണിത്. മാര്‍ക്‌സ് വിഭാവനം ചെയ്ത നിരീശ്വര നിര്‍മത ഭൗതികവാദ പ്രസ്ഥാനത്തിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്നുകൊണ്ട് ജീവിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ലെന്ന യാഥാര്‍ഥ്യമാണ് ഇതില്‍ നിന്നെല്ലാം വെളിപ്പെടുന്നത്. മതാത്മക ജീവിതത്തെ അതിജയിക്കാന്‍ എഴുപത് വര്‍ഷക്കാലം കമ്യൂണിസം അടക്കി വാണിരുന്ന സോവിയറ്റ് റഷ്യക്ക് പോലും സാധ്യമായില്ലെങ്കില്‍ അതിലേറെ മതാത്മകമായ കേരളീയ സമൂഹത്തെയും ഇന്ത്യന്‍ ജനതയെയും എങ്ങനെയാണിവര്‍ക്ക് മതനിരാസമാക്കാന്‍ സാധിക്കുക? അതിനവര്‍ കണ്ടെത്തുന്ന കുറുക്കുവഴികളാണ് ഇതുപോലെയുള്ള ആവിഷ്‌കരണങ്ങളിലൂടെ മതവിശ്വാസികളുടെ മസ്തിഷ്‌കങ്ങളില്‍ ഇളക്കം സൃഷ്ടിക്കുകയെന്നത്. 

സോവിയറ്റ് റഷ്യയില്‍ ഉണ്ടായിരുന്ന മതാത്മക ജീവിതത്തെ ഉരുക്കുമുഷ്ടികൊണ്ട് മാത്രമാണ് കമ്യൂണിസത്തിന് തളക്കാന്‍ സാധിച്ചിരുന്നത്. തോക്കിന്‍ കുഴലിലൂടെ വിപ്ലവം സ്ഥാപിച്ച ലെനിന്‍, സ്റ്റാലിന്‍, ക്രൂഷ്‌ചേവ് തുടങ്ങിയവര്‍ ഭരിച്ച കാലഘട്ടത്തില്‍ റഷ്യയില്‍ മതസമൂഹങ്ങള്‍ പോയിട്ട് അവിടെ പേരിനൊരു പ്രതിപക്ഷം പോലും പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, കമ്യൂണിസത്തെ മനസ്സില്‍ നിന്നും പറിച്ചുനട്ട് ഉള്ളില്‍ മതവിശ്വാസത്തെ സൂക്ഷിച്ചു ജീവിക്കുകയായിരുന്നു റഷ്യന്‍ സമൂഹമെന്ന് പിന്നീട് ലോകത്തിനു മനസ്സിലായി. അതുകൊണ്ടാണ് കമ്യൂണിസം തകര്‍ന്നപ്പോള്‍ പള്ളികളും മതപാഠശാലകളും പൂര്‍വാധികം ശക്തമായി തിരിച്ചുവന്നത്. മതാത്മക ലോകവീക്ഷണത്തോട് സന്ധി ചെയ്യാതെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നിലനില്‍പില്ലെന്ന തിരിച്ചറിവ് ആഗോളാടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുമ്പോളാണ് കൊച്ചുകേരളത്തില്‍ നമ്മുടെ കുട്ടി കമ്യൂണിസ്റ്റുകള്‍ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കാനും അവക്കെതിരെ ആളുകളെ കൂട്ടാനും പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ മതകീയ സമൂഹത്തെ മതത്തിന്റെ പുറന്തോട് പൊട്ടിച്ചു പുറത്തുകൊണ്ടുവരാനാണ് യുക്തിവാദികളുടെ ഉപദേശം കേട്ട് എസ്.എഫ്.ഐയെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാര്‍ ശ്രമിക്കുന്നത്. അതിനാദ്യം ആവശ്യമായിട്ടുള്ളത് മതാത്മക ബോധത്തില്‍ നിന്നും സമൂഹത്തെ പുറത്തേക്ക് കൊണ്ടുവരികയെന്നതാണ്. മതനിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും അങ്ങനെ മതത്തിന്റെ ഉള്ളില്‍ തന്നെ ഉള്‍പ്പോരുകള്‍ ശക്തമാക്കുകയും ചെയ്യുക. സ്ത്രീസമൂഹത്തെ അതിനുള്ള ഒരു ചട്ടുകമായി ഉപയോഗിക്കുക മാത്രമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമലയിലും കിതാബിലും കാണിക്കുന്ന അമിതാവേശം ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

എസ്.എഫ്.ഐയുടെ പോസ്റ്റിലെ ഒരു വാചകം ഇങ്ങനെയാണ്: 'ഒരിടത്ത് ഭരണഘടനയുടെ മൂല്യങ്ങള്‍ വിശ്വാസത്തിന്റെ അഗ്‌നിനാളങ്ങളില്‍ കത്തിയമരുമ്പോള്‍ മറ്റൊരിടത്ത് കിത്താബ് മുന്നോട്ട് വെച്ച ആശയങ്ങള്‍ക്കെതിരായുള്ള മുറവിളികള്‍ ഉയരുകയാണ്.' ശബരിമലയെയും മുസ്ലിം സ്ത്രീയുടെ ബാങ്കിനായുള്ള മുറവിളിയെയും ഒരേ കമ്പില്‍ കൂട്ടിക്കെട്ടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. ഭരണഘടനയുടെ ഏതെങ്കിലുമൊരു അനുച്ഛേദം വായിച്ചിട്ടാണോ ഈ കുട്ടികള്‍ വിവരമില്ലായ്മ വിളിച്ചു കൂവുന്നത്? ഭരണഘടനയുടെ മൂല്യങ്ങള്‍ വിശ്വാസത്തിന്റെ അഗ്‌നിനാളങ്ങളില്‍ കത്തിയമരുകയാണത്രെ! ഭരണഘടനയുടെ മൂല്യമെന്നു പറയുന്നത് വിവിധ മതവിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യവും അവ അനുഷ്ഠിക്കാനും നടപ്പാക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവുമാണ്. ഇന്ത്യയില്‍ ഏകസിവില്‍കോഡ് വേണമെന്ന മുറവിളിക്ക് ശക്തി പകര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നുവെന്നത് ആരും മറന്നിട്ടില്ല. ഫാസിസ്റ്റുകള്‍ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഏകസിവില്‍കോഡ് നടപ്പാക്കാന്‍ മുറവിളികൂട്ടുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ മതനിരാസത്തില്‍ അധിഷ്ഠിതമായ ഏകസിവില്‍കോഡിന് വേണ്ടിയാണ് ഒച്ചപ്പാടുണ്ടാക്കുന്നതെന്ന വ്യത്യാസം മാത്രമേയുള്ളൂ. ഫാസിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. അതുകൊണ്ടുതന്നെയാണ് വിശ്വാസകാര്യങ്ങളില്‍ മതവിശ്വാസികളുടെ പ്രമാണങ്ങള്‍ പരിഗണിക്കാതെയുള്ള കോടതി ഇടപെടലുകളെ അതിശക്തമായി പിന്തുണച്ചുകൊണ്ട് കമ്യൂണിസ്റ്റുകള്‍ രംഗത്ത് വരുന്നത്. മതവിശ്വാസവും അനുബന്ധ ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന ഭരണഘടനയുടെ മൂല്യത്തെ കാറ്റില്‍ പറത്തുകയാണ് എസ്.എഫ്.ഐ. അടക്കമുള്ള മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്ലിം സ്ത്രീകള്‍ ബാങ്കുവിളിക്കേണ്ടതില്ലെന്ന കാര്യം ഇസ്ലാമിക മത പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതാണെങ്കില്‍ ഇന്ത്യന്‍ ഭരണഘടന പിന്തുണക്കുന്നത് മുസ്ലിം സ്ത്രീകള്‍ ബാങ്ക് വിളിക്കേണ്ടതില്ലെന്ന വാദത്തെയാണ്. കാരണം ഓരോ മതവിഭാഗത്തിന്റെയും പ്രമാണബദ്ധമായ വാദങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന കാര്യമാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യം. 'കിത്താബ്' മുന്നോട്ട് വെച്ച ആശയം ഇസ്ലാമിക വിഷയങ്ങളിലുള്ള ഇടപെടലാണെങ്കില്‍ തീര്‍ത്തും അത് ഭരണഘടനാവിരുദ്ധവുമാണ്. അതുകൊണ്ട് വിശ്വാസ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഉയര്‍ത്തിക്കാണിക്കുന്ന ഭരണഘടനയെയും മറ്റുള്ളവരുടെ വിശ്വാസകാര്യങ്ങളില്‍ ഇടപെട്ട് അവയെ അവഹേളിക്കാന്‍ ശ്രമിക്കുന്ന നാടകങ്ങളെയും ഒരുപോലെ കാണാന്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് സാധിക്കില്ല. 

ഏതായിരുന്നാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ് തുടങ്ങിയ വചനങ്ങള്‍ ഉച്ചൈസ്തരം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണല്ലോ യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകളുടെയും ഈ നാടകങ്ങളും പോസ്റ്റുകളുമെല്ലാം. ഈ പ്രപഞ്ചത്തെയും മുഴുവന്‍ വസ്തുക്കളെയും സൃഷ്ടിച്ച സ്രഷ്ടാവിനെയാണ് അറബിയില്‍ അല്ലാഹു എന്ന് വിളിക്കപ്പെടുന്നത്. ആ പ്രപഞ്ച നാഥന്‍ അജയ്യനാണെന്നും അവന്‍ മാത്രമാണ് ആരാധനക്കര്‍ഹനെന്നും ആ പ്രപഞ്ചനാഥന്റെ ദൂതനാണ് മുഹമ്മദ്ﷺ എന്നുമുള്ള പ്രഖ്യാപനമാണ് ബാങ്കുവിളിയിലുള്ളത്. ഇപ്പോള്‍ പുരുഷന്മാര്‍ മാത്രമാണ് അതിനെ ഉറക്കെ പറയുന്നതെങ്കില്‍ സ്ത്രീകള്‍ കൂടി ഉറക്കെ പറയട്ടെ എന്നു വാദിച്ചുകൊണ്ട് ഇസ്ലാമിക ആദര്‍ശത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ഇക്കൂട്ടരെന്നത് ഇവര്‍ തന്നെ അറിയാതെ പോകുന്നു!

കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഇസ്ലാമിനെതിരെ രംഗത്തുവരാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 1985ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ ശരീഅത്ത് വിമര്‍ശനത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് ഏകസിവില്‍കോഡിന് വേണ്ടി പടപൊരുതിയവര്‍ പിന്നീട് മതമില്ലാത്ത ജീവന് വേണ്ടി യത്‌നിച്ചുകൊണ്ടിരിന്നു. 1987ല്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്റെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക ജാഥ കേരളത്തിലെ വിദ്യാര്‍ഥി സമൂഹം മറക്കില്ല. പ്രവാചകന്‍ﷺയെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളുള്ള ജാഥക്കെതിരെ മുസ്ലിം വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുകയും വിവിധ കോളേജുകളില്‍ ജാഥ സംഘര്‍ഷഭരിതമാവുകയും ചെയ്തിട്ടും എസ്.എഫ്.ഐ. അന്ന് ജാഥയുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനിച്ചത്. ഇങ്ങനെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഇസ്ലാമിനെ താറടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ വിജ്ഞാനത്തിന്റെയും സഭ്യതയുടെയും മാര്‍ഗങ്ങള്‍ മാത്രം അവലംബിച്ചുകൊണ്ടും വിമര്‍ശകരുടെ യഥാര്‍ഥ ലക്ഷ്യത്തെ തുറന്നുകാണിച്ചുകൊണ്ടും പ്രതികരിക്കണം. മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കാനുള്ള കലാ സാഹിത്യ ആഖ്യാനങ്ങളുടെ അപകടങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തണം. അതേസമയം അവയെ തെരുവില്‍ നേരിടുന്ന ശൈലികള്‍ ഒരിക്കലും നീതീകരണം അര്‍ഹിക്കുന്നില്ല. കൈവെട്ടും തീവ്രവാദ പ്രസംഗങ്ങളും ബോംബുസ്‌ഫോടനങ്ങള്‍ അടക്കമുള്ള പേടിപ്പെടുത്തലുമെല്ലാം പ്രതികരണങ്ങളുടെ മാര്‍ഗമായി സ്വീകരിച്ചതുവഴി ഇസ്ലാം എന്ന സമാധാനത്തിന്റെ ദര്‍ശനം തന്നെ പ്രതിക്കൂട്ടിലാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടത് വിശ്വാസികള്‍ മറന്നുകൂടാ. നിയമവഴികളും ബാലറ്റുകളുമാണ് ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശക്തമായ പ്രതികരണമാര്‍ഗങ്ങളെന്ന് മറക്കാതിരിക്കുക.