കരുവള്ളി: നൂറ്റാണ്ടിന്റെ പാഠങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പായയും പങ്കായവുമായിരുന്നു കരുവള്ളി മുഹമ്മദ് മൗലവി. ചിതറിക്കിടന്ന മലയാളി ധിഷണയെ കൈപ്പടം കൊണ്ട് ഒരുക്കൂട്ടി, കരുതലും കാഴ്ചപ്പാടും നല്‍കി നേരെ നടത്തിയഅദ്ദേഹം, താന്‍ തുടക്കം കുറിച്ച പല സംരംഭങ്ങളുടെയും ഗുണഭോക്താവ് കൂടിയായി മാറി. കരുവള്ളി മൗലവിയുടെ ജീവിതപാഠങ്ങളിലൂടെ...

ജനിച്ചാല്‍ മരണം സുനിശ്ചിതമാണ്. 'എല്ലാ ആത്മാവും മരണത്തെ രുചിക്കുക തന്നെ ചെയ്യും' എന്ന വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശം മരണമെന്ന സത്യത്തെ അടിവരയിടുകയും വിശ്വാസികള്‍ക്ക് സമാധാനം സമ്മാനിക്കുകയും ചെയ്യുന്നു. 'മരണശേഷം നരകത്തില്‍ നിന്നും മോചിക്കപ്പെട്ട് സ്വര്‍ഗത്തില്‍ ഒരാള്‍ പ്രവേശിച്ചാല്‍ അതാണ് യഥാര്‍ഥ വിജയം' എന്ന സന്ദേശം ക്വുര്‍ആന്‍ വ്യക്തമാക്കുന്നതിലൂടെ ജന്മമോ ദേശമോ സമ്പാദ്യമോ കുടുംബമോ കൂട്ടുകാരോ അല്ല; കര്‍മമാണ് മനുഷ്യനെ മരണശേഷവും ഇഹത്തിലും പരത്തിലും ഉന്നതനാക്കുന്നത് എന്ന പരമസത്യം നമുക്ക് ബോധ്യമാവുന്നു. ഏതൊരു വ്യക്തിയും ഈ ഭൂമിയില്‍ ഉപേക്ഷിച്ചു പോകുന്ന കുറെ അടയാളങ്ങളുണ്ട്. തനിക്ക് ശേഷവും ഭൂമിയില്‍ ശേഷിക്കുന്നവര്‍ക്ക് ആ അടയാളങ്ങള്‍ ഉപകാരപ്പെടുകയും എക്കാലവും അവ അനുസ്മരിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ആ അടയാളങ്ങള്‍ ആ വ്യക്തിയുടെ മഹത്തായ സംഭാവനകളായി ചരിത്രം രേഖപ്പെടുത്തും. പ്രിയപ്പെട്ടവരുടെ മരണം നമ്മെ ദുഖിപ്പിക്കുമെങ്കിലും അവര്‍ നമുക്കായി വിട്ടേച്ചുപോയ നല്ല അടയാളങ്ങള്‍ നമ്മെ സന്തോഷിപ്പിക്കും. 

സമുദായത്തിന്റെ കാരണവരും പണ്ഡിതനും പ്രവര്‍ത്തന നൈരന്തര്യത്തിലൂടെ നമ്മില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്ന കരുവള്ളി മുഹമ്മദ് മൗലവി ഇത്തരത്തിലൊരുപാട് അടയാളങ്ങള്‍ രേഖപ്പെടുത്തി തന്റെതായ സംഭാവനകള്‍ രാജ്യത്തിനും സമുദായത്തിനും സമര്‍പിച്ചുകൊണ്ടാണ് നമ്മോട് വിടപറഞ്ഞത്. സാര്‍ഥകമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നൂറാം വയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ പോലും വാര്‍ധക്യത്തിന്റെ അവശതകള്‍ അലട്ടാതെ പൂര്‍ണമായ ഓര്‍മശക്തിയും ആരോഗ്യവും സൂക്ഷിച്ച് ഒരു ചെറുപ്പക്കാരനെ പോലെ സമൂഹത്തില്‍ ഓടിനടക്കാന്‍ സാധിക്കുകയെന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിന് വിധേയരായ അപൂര്‍വം ഭാഗ്യശാലികള്‍ക്ക് മാത്രമെ സാധിക്കൂ. പ്രവര്‍ത്തനങ്ങള്‍ കേവലം സംഘടനക്ക് വേണ്ടിയോ സ്വന്തം പേരിനോ പ്രശസ്തിക്കോ മാത്രമായി പരിമിതപ്പെട്ടുപോവുന്ന വര്‍ത്തമാന ലോകത്ത് കരുവള്ളിയില്‍ നിന്നും ആദ്യമായി പഠിക്കാനുള്ള പാഠം സമൂഹത്തിനു വേണ്ടി ദൈവപ്രീതി ആഗ്രഹിച്ച് ആത്മാര്‍പണം ചെയ്യുകയെന്നതാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ സമയവും പണവും അധ്വാനവും മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പിക്കുമ്പോള്‍ ലഭിക്കുന്ന മാനസികമായ ആസ്വാദനവും ആത്മീയമായ ഉത്കര്‍ഷവും പാരത്രിക പ്രതീക്ഷയാണ് അയാള്‍ക്ക് നല്‍കുന്നത്. തന്റെ ഭൗതികമായ എല്ലാം ഉറപ്പിച്ചു വെച്ചതിനു ശേഷം സമയം ബാക്കിയുണ്ടെങ്കില്‍ സമൂഹത്തിനു സമര്‍പിക്കുന്നതല്ല, മറിച്ച് സമൂഹവും സ്വന്തത്തെപോലെയും സ്വകുടുംബത്തെ പോലെയുമാണെന്ന തിരിച്ചറിവാണ് യഥാര്‍ഥ സാമൂഹ്യബോധം.

ആയുര്‍ദൈര്‍ഘ്യമെന്നത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നത് ഒരു പരീക്ഷണമായിട്ടാണ്. ആരോഗ്യത്തോടെ അല്ലാഹുവിനിഷ്ടപ്പെടുന്നതും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുള്ള അവസരമായി ആയുര്‍ദൈര്‍ഘ്യത്തെ ലഭിച്ചാല്‍ അതിലേറെ അനുഗ്രഹം മറ്റൊന്നില്ല. ആയിരമല്ല അതിലേറെ പൂര്‍ണചന്ദ്രന്മാരെ കാണാന്‍ അവസരം ലഭിച്ചു നൂറു വയസ്സോളം ജീവിച്ച കരുവള്ളിയുടെ ജീവിതം പ്രത്യക്ഷത്തില്‍ പരിശോധിക്കുമ്പോള്‍ ആയുര്‍ദൈര്‍ഘ്യമെന്ന പരീക്ഷണത്തെ ദൃഢനിശ്ചയത്തിലൂടെയും സൗമ്യതയിലൂടെയും അതിജയിക്കാന്‍ സാധിച്ചുവെന്ന് നമുക്ക് കാണാം. 

1919 ഏപ്രില്‍ 17നു മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിനടുത്ത കരിഞ്ചാപ്പാടിയെന്ന കുഗ്രാമത്തില്‍ ഒരു മുസ്ലിയാരുടെ മകനായി ജനിച്ച വ്യക്തി വിദ്യാഭ്യാസ, സാമൂഹിക, മത രംഗങ്ങളില്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഒരു ചരിത്രപുരുഷനായി മാറുമ്പോള്‍ ആ ജ്ഞാന തേജസ്സ് നമുക്ക് നല്‍കുന്ന സന്ദേശങ്ങളും പാഠങ്ങളും വളരെ വലുതാണ്. പഴയ വള്ളുവനാടില്‍ വറ്റലൂര്‍ വല്ലഭ രാജയുടെ അധീനതയിലായിരുന്ന ആ പ്രദേശത്തെ ഭൂസ്വത്തുക്കളൊക്കെ പൊതുവില്‍ ദേവസ്വത്തിന്റെ കീഴിലായിരുന്നു. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ആ പ്രദേശത്തുണ്ടായിരുന്നില്ല. വിദ്യാഭ്യാസം എന്ന പദം പോലും അറിവില്ലാതിരുന്ന അക്കാലത്ത് പക്ഷേ, ആധുനികവിദ്യാഭ്യാസത്തെ മനസ്സില്‍ താലോലിച്ചിരുന്ന ഒരു വലിയ സാത്വികന്‍ ആ ഗ്രാമത്തില്‍ ജീവിച്ചിരുന്നു; ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും അറിയപ്പെടുന്ന പണ്ഡിതനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി. കരുവള്ളി മുഹമ്മദ് മൗലവിയുടെ പിതാവ് ഹൈദര്‍ മുസ്ല്യാരുടെ ഗുരുനാഥന്‍ കട്ടിലശ്ശേരി ആലി മുസ്‌ല്യാരുടെ സീമന്തപുത്രനായിരുന്നു കട്ടിലശ്ശേരി മുഹമ്മദ് മൗലവി. 1914ല്‍ ആ ഗ്രാമത്തില്‍ കട്ടിലശ്ശേരി ഒരു പാഠശാല ആരംഭിക്കുകയുണ്ടായി. മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്ന, ഇന്ന് പുണര്‍പ യു.പി സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാഠശാലയാണ് കട്ടിലശ്ശേരി സ്ഥാപിച്ച അല്‍മദ്റസതുല്ലുസൂമിയ്യ. 'ലുസൂമിയ്യ' എന്ന പേര് 'ലാസിം' എന്ന അറബി പദത്തില്‍ നിന്നുത്ഭവിച്ചതാണ്. 'നിര്‍ബന്ധം' എന്നര്‍ഥം. അതായത് വിദ്യാഭ്യാസം നിര്‍ബന്ധമെന്ന സന്ദേശമാണ് ഒരു ഉത്പതിഷ്ണു കൂടിയായിരുന്ന കട്ടിലശ്ശേരി അന്ന് സമുദായത്തിന് നല്‍കിയത്. വെല്ലൂര്‍ ബാക്വിയാത്തില്‍ പഠിച്ച കട്ടിലശ്ശേരി അവിടെവെച്ച് മൗലാനാ അബുല്‍കലാം ആസാദുമായി പരിചയപ്പെടുകയും ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും ചെയ്തു. നവോത്ഥാന ആശയങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെടാന്‍ അത് കാരണമായിരുന്നു. 1921ലെ മലബാര്‍ സമരത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാള്‍ കൂടിയായിരുന്ന കട്ടിലശ്ശേരിക്ക് ആ കാലത്ത് കെ. എം. മൗലവിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത് അദ്ദേഹത്തിലെ നവോത്ഥാന ചിന്തകള്‍ക്ക് ആക്കം കൂട്ടി. കെ.എം. മൗലവിക്കും കട്ടിലശ്ശേരിക്കുമെതിരില്‍ ബ്രിട്ടീഷ് അധികാരികള്‍ കള്ളക്കേസുണ്ടാക്കി അവരെ തൂക്കിക്കൊല്ലാന്‍ വിധിച്ച സന്ദര്‍ഭത്തില്‍ പലരുടെയും ഉപദേശപ്രകാരം അവര്‍ രണ്ടുപേരും നാടുവിട്ടു. കെ. എം. മൗലവി കൊടുങ്ങല്ലൂരിലേക്കാണ് പോയതെങ്കില്‍ കട്ടിലശ്ശേരി മുഹമ്മദ് മൗലവി തമിഴ്നാട്ടിലെ കാരക്കലിലേക്കാണ് പോയത്. കാരക്കലില്‍ നിന്നും പിന്നീട് അദ്ദേഹം കൊടുങ്ങല്ലൂരെത്തി കെ. എം. മൗലവിയുടെ കൂടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സഹകാരിയായി. ബ്രിട്ടീഷ് അധികാരികള്‍ അവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചപ്പോള്‍ അവര്‍ രണ്ടുപേരും സ്വദേശത്തേക്ക് തിരിച്ചെത്തി. 

മതവിഷയങ്ങളും ഭൗതികവിഷയങ്ങളും സമന്വയിപ്പിച്ചുകൊണ്ട് കട്ടിലശ്ശേരി സ്ഥാപിച്ച 'മദ്‌റസ-സ്‌കൂളില്‍' അറബി, ഇംഗ്ലീഷ്, കണക്ക്, ഉറുദു, മതം എല്ലാം പാഠ്യവിഷയങ്ങളായിരുന്നു. ഈ പാഠശാലയിലാണ് കരുവള്ളി മുഹമ്മദ് മൗലവി അദ്ദേഹത്തിന്റെ ബാല്യകാലം ചെലവഴിച്ചത്. 1923 മുതല്‍ 1931 വരെ അവിടെ പഠിച്ച് എട്ടാം തരാം പൂര്‍ത്തിയാക്കി ഇ.എസ്.എല്‍.സി പരീക്ഷ പാസ്സായി. അവിടെ പഠിക്കുമ്പോള്‍ തന്നെ പള്ളിദര്‍സുകളിലോ ഓത്തുപള്ളികളിലോ പോകാതെ വൈകുന്നേരങ്ങളില്‍ പിതാവ് ഹൈദര്‍ മുസ്ല്യാരില്‍ നിന്നും മതവിഷയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. ഇംഗ്ലീഷ് പഠനവും നല്ല മലയാളം സംസാരിക്കലും ഭൗതിക വിദ്യകള്‍ അഭ്യസിക്കലുമെല്ലാം മതപരമായി ഹറാമാണെന്ന് കരുതിയിരുന്ന ഒരു മഹാഭൂരിപക്ഷത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനവുമായി മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠശാലകള്‍ അചിന്തനീയമാണ്. ഒരു നൂറ്റാണ്ടിനപ്പുറമുള്ള ഈ ചരിത്രം നാം വായിക്കുമ്പോള്‍ ഇന്നത്തെ മുസ്ലിംകള്‍ വിദ്യാഭ്യാസത്തില്‍ ആനുപാതിക വളര്‍ച്ച നേടിയിട്ടുണ്ടോ എന്ന കാര്യം വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. ഭൗതിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു മാനസികാവസ്ഥ ഇപ്പോഴും സമുദായത്തിനകത്തുണ്ട് എന്നത് ഒരു വാസ്തവമാണ്. ഉത്പതിഷ്ണുക്കളെന്ന് അവകാശപ്പെട്ടിരുന്നവരില്‍ ചിലരൊക്കെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് കേവലമായ ഒരു വിമര്‍ശനമായി കണ്ടുകൂടാ. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തോടുള്ള താല്‍പര്യം സമുദായത്തില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം മനസ്സിലാക്കാനും അത് കൈവരിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താനുമുള്ള താല്‍പര്യം സമുദായത്തിനകത്ത് വളര്‍ന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ കുഞ്ചികസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന അഡ്മിനിസ്‌ട്രേറ്റിവ്, പോലീസ്, ജുഡീഷ്യറി തുടങ്ങിയ മേഖലകളിലെ ഉന്നത തസ്തികകളിലേക്ക് കടന്നുവരാനുള്ള താല്‍പര്യം മുസ്ലിം സമുദായത്തില്‍ ഇപ്പോഴും ഉണ്ടാവുന്നില്ല. ഒന്നുമില്ലാത്ത കാലത്ത് ഇംഗ്ലീഷും കണക്കും അറബിയുമൊക്കെ ഒരുമിച്ച് പഠിപ്പിക്കാന്‍ ഒരു കട്ടിലശ്ശേരിയും പഠിക്കാന്‍ ഒരു കരുവള്ളിയും ഉണ്ടായത് വിദ്യാഭ്യാസത്തെ ഒരു സംസ്‌കാരമായും പുരോഗതിയിലേക്കുള്ള മാര്‍ഗമായും അവര്‍ സ്വീകരിച്ചതുകൊണ്ടായിരുന്നു. ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത് കട്ടിലശ്ശേരിമാരും കരുവള്ളിമാരും സമുദായത്തില്‍ ഇനിയും ജനിക്കേണ്ടതുണ്ടെന്ന യാഥാര്‍ഥ്യമാണ്. 

ശുദ്ധമായ മലയാളം സ്ഫുടമായി സംസാരിച്ചിരുന്ന കരുവള്ളിക്ക് ഇത് ലഭിച്ചത് കട്ടിലശ്ശേരിയില്‍ നിന്നാണ്. മൗലവിയുടെ കുടുംബത്തില്‍ മറ്റാരും അങ്ങനെ സംസാരിക്കാറില്ല. കട്ടിലശ്ശേരി ഈ ശുദ്ധഭാഷ കൈവരിച്ചത് ഹിന്ദു മുസ്‌ലിം മൈത്രിയുടെ അപ്പോസ്തലനെന്നും മലബാറിലെ അബൂത്വാലിബ് എന്നുമെല്ലാം വിളിക്കപ്പെട്ടിരുന്ന പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി എം.പി. നാരായണമേനോനില്‍ നിന്നാണ്. കരുവള്ളിയുമായി അല്‍പനേരം സംസാരിച്ചാല്‍ തന്നെ ആ സംസാരത്തിന്റെ വശ്യത നമുക്ക് ബോധ്യപ്പെടും. സംസാരം അവസാനിക്കുന്നത് വരെ സാകൂതം കേട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. വാര്‍ധക്യം ശരീരത്തെ ക്ഷീണിപ്പിച്ചിരുന്നിട്ടും അദ്ദേഹത്തിന്റെ സംസാര വൈഭവത്തിന് യാതൊരു മങ്ങലും ഏറ്റിട്ടുണ്ടായിരുന്നില്ല. ഏതൊരു ഭാഷയും വ്യക്തവും സ്ഫുടവുമായി സംസാരിക്കാന്‍ ശീലിക്കുകയെന്നത് വ്യക്തിത്വ വികാസത്തിനും ജനങ്ങളെ ആകര്‍ഷിക്കാനും ഉപകരിക്കുന്നതാണെന്ന പാഠമാണ് ഇതില്‍ നിന്നും നമുക്ക് മനസ്സിലാവുക. പ്രബോധകര്‍ക്ക് വിശേഷിച്ചും ഇക്കാര്യത്തില്‍ കരുവള്ളി ഒരു മാതൃകയാണ്. 

ഇ.എസ്.എല്‍.സി കഴിഞ്ഞ ശേഷം കരുവള്ളിയുടെ പിന്നീടുള്ള കാലം ഉമറാബാദിലെ ദാറുസ്സലാമിലായിരുന്നു. പള്ളിദര്‍സിലേക്ക് അയക്കാനാണ് പിതാവ് താല്‍പര്യപ്പെട്ടിരുന്നതെങ്കിലും കട്ടിലശ്ശേരിയാണ് ഉമറാബാദിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്. അഹ്ലെ ഹദീഥുകാരുടെ സാന്നിധ്യമാണ് കട്ടിലശ്ശേരി അതിനു പറഞ്ഞ കാരണം. മദ്രാസ് യൂണിവേഴ്സിറ്റിയുടെ അഫ്ദലുല്‍ ഉലമ ബിരുദം അവിടെ വെച്ചാണ് അദ്ദേഹം കരസ്ഥമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ അഹ്ലെ ഹദീഥ് പണ്ഡിതന്മാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അദ്ദേഹത്തിന് അതുവഴി സാധിച്ചു. നേരത്തെ കട്ടിലശ്ശേരിയുടെ പാഠശാലയില്‍ നിന്നും ഉറുദു പഠിച്ചിരുന്നെങ്കിലും ഉമറാബാദില്‍ നിന്നും അതിന്റെ മികവ് വര്‍ധിപ്പിക്കാന്‍ കരുവള്ളിക്ക് സാധിച്ചു. മറ്റു ഇസ്‌ലാമിക കലാലയങ്ങളിലില്‍ നിന്നും വ്യത്യസ്തമായി ഉമറാബാദിനുണ്ടായിരുന്ന സവിശേഷത ഏതെങ്കിലും ഒരു മദ്ഹബിനെ പിന്തുടര്‍ന്നുകൊണ്ടായിരുന്നില്ല അവിടുത്തെ പഠനരീതി എന്നതാണ്. പൂര്‍ണമായും ക്വുര്‍ആനിനെയും ഹദീഥിനെയും അടിസ്ഥാനമാക്കിക്കൊണ്ടുള്ള സിലബസ്സില്‍ സയ്യിദ് റഷീദ് റിദയുടെ തഫ്‌സീറുല്‍ മനാര്‍ പൂര്‍ണമായും പഠിക്കാനുണ്ടായിരുന്നുവെന്ന് കരുവള്ളി അനുസ്മരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ അറബിക്കോളേജുകളില്‍ ആദ്യകാലങ്ങളില്‍ വലിയ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഭൗതികമായ താല്‍പര്യങ്ങള്‍ വര്‍ധിച്ചതോടെ അറബിക്കോളേജുകളുടെ വൈജ്ഞാനികമായ മേന്മക്ക് കോട്ടം തട്ടുകയും അതിന്റെ മികവ് കുറയുകയും ചെയ്തു. ഇസ്ലാമിക പഠനം എങ്ങനെയായിരിക്കണമെന്ന് അഹ്ലെ ഹദീഥിന്റെ പണ്ഡിതന്മാരില്‍ നിന്നും ഉമറാബാദില്‍ വെച്ച് മനസ്സിലാക്കിയിരുന്നത് കൊണ്ടായിരിക്കാം അദ്ദേഹം കേരളത്തിലെ അറബിക്കോളേജുകളില്‍ ഇടക്കാലത്തുണ്ടായ സിലബസ് മാറ്റത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഉമറാബാദില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാവുന്ന ഏക വ്യക്തി അദ്ദേഹമായിരുന്നുവത്രെ! കട്ടിലശ്ശേരിയുടെ പാഠശാലയില്‍ വെച്ച് ഇംഗ്ലീഷ് പഠിച്ച് ഇ.എസ്.എല്‍.സി പാസായ അദ്ദേഹത്തിന് വളരെ നല്ല ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരുന്നു. മാത്രവുമല്ല അവിടെ വെച്ച് തന്നെ കെ.ടി മുഹമ്മദ് മൗലവിക്ക് കീഴില്‍ ഉറുദു പഠിച്ചിരുന്നത് കൊണ്ട് ഉമറാബാദിലെ സഹപാഠികളോട് ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് അനായാസം സാധിച്ചു. കോളേജില്‍ വന്നിരുന്ന അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലെ ഗ്രന്ഥങ്ങളും മാഗസിനുകളുമെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തു. 

1939ല്‍ ഉമറാബാദില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി മദ്രാസ് സര്‍വകലാശാലയില്‍ നിന്നും അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. 20 വയസ്സ് പിന്നിട്ട ആ യുവാവില്‍ സ്വന്തമായ അധ്വാനത്തിലൂടെ സ്വന്തത്തിനും ആശ്രിതര്‍ക്കും വേണ്ടി സമ്പാദിക്കണമെന്ന ചിന്തയുണര്‍ന്നു. ഇസ്ലാമിക വിജ്ഞാനം ധനസമ്പാദനത്തിനുള്ള മാര്‍ഗമായി പലരും സ്വീകരിച്ചിരുന്നെങ്കിലും അദ്ദേഹം ആ മാര്‍ഗം ഇഷ്ടപ്പെട്ടില്ല. പകരം അദ്ദേഹം അദ്ദേഹത്തിന്റെ പിതൃവ്യന്മാരില്‍ ചിലര്‍ ജോലി ചെയ്തിരുന്ന കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനിയിലേക്ക് ജോലി തേടി പോയി. 'ജോണ്‍ ട്രയിലര്‍ ആന്റ് സണ്‍സ്' എന്ന കമ്പനിയില്‍ ഒരു അറ്റന്‍ഡന്‍സ് കീപ്പറായി ജോലിയില്‍ പ്രവേശിച്ചു. സ്വന്തം കൈകള്‍ കൊണ്ട് അധ്വാനിച്ചുണ്ടാക്കുന്നതാണ് ഏറ്റവും നല്ല ജീവിതവിഭവമെന്ന് പഠിപ്പിച്ച പ്രവാചകാധ്യാപനം അദ്ദേഹം ഉള്‍ക്കൊണ്ടു. ഒരു വലിയ പണ്ഡിതനായ വ്യക്തി ഇത്തരം ജോലികള്‍ ചെയ്യാന്‍ പാടുണ്ടോ എന്ന് അദ്ദേഹം ചിന്തിച്ചില്ല. ഒരു ജോലിയെയും നിസ്സാരമായി കാണരുതെന്ന സന്ദേശം ഇതിലൂടെ അദ്ദേഹം പണ്ഡിത-പാമര വ്യത്യാസമില്ലാതെ എല്ലാവരെയും ബോധ്യപ്പെടുത്തി. കോലാര്‍ സ്വര്‍ണഖനിയില്‍ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്നവരില്‍ അധികവും ഇംഗ്ലീഷുകാര്‍ ആയിരുന്നു. ഇംഗ്ലീഷില്‍ കൂടുതല്‍ പരിജ്ഞാനമുണ്ടാക്കാനും സംസാരിച്ച് പഠിക്കാനുമൊക്കെ ഈ അവസരം അദ്ദേഹം വളരെ നന്നായി ഉപയോഗപ്പെടുത്തി. കിട്ടുന്ന അവസരങ്ങള്‍ അറിവ് വര്‍ധിപ്പിക്കാനും വ്യക്തിത്വ വികാസത്തിനും ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം തെളിയിച്ചു. എട്ടു മാസം മാത്രമാണ് അദ്ദേഹം അവിടെ ജോലി ചെയ്തത്. അതിനിടയില്‍ അദ്ദേഹം എസ്. എസ്. എല്‍. സി. പരീക്ഷ എഴുതി. അഫ്ദലുല്‍ ഉലമ പാസ്സായവരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായ ഒന്നാമത്തെയാള്‍ കരുവള്ളിയാണ്. 

നാട്ടിലേക്ക് തിരിച്ചുവന്നു ചില ലോക്കല്‍ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ താല്‍കാലികമായി ജോലി ചെയ്തു. ഇക്കാലത്ത് കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി താല്‍കാലിക ജോലി ചെയ്തുകൊണ്ടിരിക്കെ ഇന്ന് ലോകപ്രശസ്തനായ, കേരളം ആദരിക്കുന്ന ഒരു വിദ്യാര്‍ഥി ആ സ്‌കൂളില്‍ ഉണ്ടായിരുന്നു; മഹാകവി അക്കിത്തം. കരുവള്ളി അവിടെ അധ്യാപകനായിരിക്കെ അവിടെ വിദ്യാര്‍ഥിയായിരുന്നു ഇപ്പോള്‍ 92 വയസ്സ് പിന്നിടുന്ന അക്കിത്തം. ഈയിടെ അക്കിത്തവും സഹപാഠികളായിരുന്ന മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ചിത്രന്‍ നമ്പൂതിരിപ്പാട്, പ്രമുഖ അഭിഭാഷകന്‍ കെ. എം. സി. കുറുപ്പ് തുടങ്ങിയവര്‍ കരുവള്ളിയെ ആദരിച്ചുകൊണ്ട് ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അറബി വിദ്യാര്‍ഥികള്‍ അല്ലാതിരുന്നിട്ടും ഇപ്പോള്‍ കരുവള്ളിയെക്കാള്‍ വലിയ പ്രതിഭകളായി അവര്‍ അറിയപ്പെട്ടിട്ടു പോലും അവര്‍ കരുവള്ളിക്ക് നല്‍കിയ ആദരവിനെ നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു ഇസ്ലാമിക പണ്ഡിതന്‍ അയാളുടെ അധ്യാപനത്തിലും സ്വഭാവത്തിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും എന്തുമാത്രം ഊഷ്മളത പുലര്‍ത്തണമെന്ന മാതൃക കരുവള്ളിയില്‍ നിന്നും പഠിക്കേണ്ടതുണ്ട്. 

ഒരു സ്ഥിരമായ അധ്യാപക ജോലിക്കായി അദ്ദേഹം തന്റെ അഫ്ദലുല്‍ ഉലമ സര്‍ട്ടിഫിക്കറ്റുമായി ശ്രമമാരംഭിച്ചു. പക്ഷേ, അദ്ദേഹത്തിന് ലഭിച്ചത് ഒരു ഉറുദു അധ്യാപകന്റെ ജോലിയായിരുന്നു. അഫ്ദലുല്‍ ഉലമ എന്ന് കേട്ടിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ അത് ഉര്‍ദു പരീക്ഷക്ക് നല്‍കുന്ന 'അദീബേ ഫാസില്‍' ആണെന്ന് തെറ്റുധരിച്ച് ഉറുദു അധ്യാപകനായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. ഉര്‍ദുവിലുള്ള പരീക്ഷ അദ്ദേഹം പാസ്സായിട്ടില്ലെങ്കിലും ഏതൊരു ഉറുദു അധ്യാപകനെക്കാളും ഉറുദു വളരെ നന്നായി അറിയാവുന്നതുകൊണ്ട് അദ്ദേഹത്തോട് ആ ജോലിയില്‍ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. 1942ല്‍ ആയിരുന്നു അത്. നിയമനം മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍. ഒരു വര്‍ഷം ഉറുദു പണ്ഡിറ്റായി അവിടെ ജോലി ചെയ്ത ശേഷം അറബി അധ്യാപകനാവുക എന്ന ജീവിതാഭിലാഷം പൂവണിഞ്ഞു. പക്ഷേ നിയമനം കാസര്‍ഗോഡ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിയായിരുന്ന കട്ടിലശ്ശേരിയുടെ വിയോഗം. ഒരു വര്‍ഷം കാസര്‍ഗോഡ് ജോലി ചെയ്ത് 1944 ല്‍ മലപ്പുറത്തേക്ക് തന്നെ ട്രാന്‍സ്ഫര്‍ കിട്ടി. 1967 വരെ പ്രസ്തുത സ്‌കൂളില്‍ അറബി അധ്യാപകനായി സേവനമനുഷ്ഠിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് പി.കെ. ശംസുദ്ദീന്‍, അറിയപ്പെടുന്ന അറബി ഭാഷ പണ്ഡിതന്‍ പ്രൊഫ: വി. മുഹമ്മദ് എന്നിവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പെട്ടവരാണ്. ദീര്‍ഘകാലം മലപ്പുറം ഹൈസ്‌കൂളിന്റെ പ്രധാനാധ്യാപകനായിരുന്ന, അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയുമായ സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബും മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി.ഖാലിദും സി.എന്‍ അഹ്മദ് മൗലവിയും മലപ്പുറം സ്‌കൂളില്‍ അദ്ദേഹത്തിന്റെ സഹാധ്യാപകരായിരുന്നു. അന്ന് മലപ്പുറം സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ഇവരൊക്കെ അവരുടെ കര്‍മമണ്ഡലങ്ങളില്‍ തിളങ്ങി പ്രശസ്തരായി. പ്രഗത്ഭരുടെ കൂടെ ജോലി ചെയ്ത കരുവള്ളി അവര്‍ക്കും മുകളില്‍ സമുദായത്തെ സ്‌നേഹിച്ചും സേവിച്ചും ഉന്നതനായി തിളങ്ങി. 

മലപ്പുറം ഹൈസ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 1944ല്‍ 25 വയസ്സ് പൂര്‍ത്തിയായപ്പോഴാണ് അദ്ദേഹത്തിന്റെ വിവാഹം. മങ്കട കൂട്ടില്‍ കുന്നശ്ശേരി ആയിഷയായിരുന്നു വധു. 1946ല്‍ അവര്‍ക്കൊരു മകള്‍ പിറന്നു. പേര് നഫീസ. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ നഫീസ വിടപറഞ്ഞു. ആയിഷക്ക് അത് കനത്ത ആഘാതമായി. മാനസികമായി തളര്‍ന്നു. ആയിഷക്ക് കൂട്ടായി സമാധാനം ചൊരിഞ്ഞുകൊണ്ട് കരുവള്ളി ശിഷ്ടകാലം കഴിച്ചുകൂട്ടി. ആ ദമ്പതികള്‍ക്ക് പിന്നെ മക്കള്‍ പിറന്നില്ല.  സ്‌നേഹവും ക്ഷമയും ആ മഹാനുഭാവനില്‍ നിറഞ്ഞു നിന്നു. ആയിഷ രോഗം മൂര്‍ച്ഛിച്ച് പാടെ കിടപ്പിലായി. പരിചരിക്കാന്‍ മക്കളില്ലല്ലോ. 1983ല്‍ അറുപത്തിനാലാം വയസ്സില്‍ അദ്ദേഹം സ്വന്തം കുടുംബാംഗം കൂടിയായ കരുവള്ളി മറിയാമുവിനെ വിവാഹം ചെയ്തു. മറിയാമു ആയിഷയെ വളരെ നന്നായി പരിചരിച്ചു. 1991ല്‍ ആയിഷ ഇഹലോകവാസം വെടിഞ്ഞു. മറിയാമുവിലൂടെ സ്‌നേഹനിധികളായ ഷമീമയെയും നാജിയയെയും അല്ലാഹു അദ്ദേഹത്തിന് സമ്മാനിച്ചു. 1985ലും 87ലും ജനിച്ച അവരിരുവരും കരുവള്ളിയുടെ കണ്‍കുളിര്‍മകളായും വാത്സല്യഭാജനങ്ങളായും ജീവിതത്തിന്റെ സായംസന്ധ്യയില്‍ അദ്ദേഹത്തിന് കൂട്ടായി. മരുമക്കളായ ഹനീഫയും ഷമീറും ആണ്‍മക്കളുടെ അഭാവം നികത്തി അവസാനശ്വാസം വരെയും അദ്ദേഹത്തിന് വേണ്ടി ഓടിനടന്നു. മരണാനന്തര കര്‍മങ്ങള്‍ക്കും അവര്‍ തന്നെ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. വാര്‍ധക്യത്തിലേക്ക് കാലെടുത്തു വെച്ച കാലത്ത് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ വലിയ അനുഗ്രഹമായിരുന്നു സന്തോഷമേറിയ കുടുംബജീവിതവും സന്താനസൗഭാഗ്യവും. മഹാനായ ഇബ്രാഹിം നബി(അ)ക്ക് അല്ലാഹു കനിഞ്ഞരുളിയ പോലെ ക്ഷമയും സഹനവും സമര്‍പണവും ജീവിതസന്ദേശമായി സ്വീകരിച്ചവര്‍ക്ക് അല്ലാഹു നല്‍കുന്ന സമ്മാനം.

കരുവള്ളി മലപ്പുറം സ്‌കൂളില്‍ അറബി അധ്യാപകനായി ജോലി ആരംഭിച്ചപ്പോള്‍ കേരളം പിറന്നിട്ടില്ല. മലബാര്‍ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായത് കൊണ്ട് മദ്രാസ് ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പാഠ്യക്രമങ്ങളാണ് മലബാറില്‍ പിന്തുടര്‍ന്നുവന്നത്. അറബിപഠനത്തിനു വ്യവസ്ഥാപിതമായ നിയമങ്ങളോ സിലബസ്സോ ഒന്നും അവര്‍ ആസൂത്രണം ചെയ്തിട്ടില്ലായിരുന്നു. തിരുവിതാംകൂര്‍ ഭാഗത്ത് കുറെയൊക്കെ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. വക്കം മൗലവിയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവുമാണ് അതിന്റെ പ്രധാന കാരണം. മലബാറിലാവട്ടെ അറബി പഠിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ സ്‌കൂള്‍ മലപ്പുറം സ്‌കൂള്‍ മാത്രമായിരുന്നു. ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലും മറ്റുമുള്ള സ്‌കൂളുകളില്‍ കുറെ അറബി അധ്യാപകര്‍ ഉണ്ടെങ്കിലും അവരെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ തുച്ഛമായ ആനുകൂല്യങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്. കരുവള്ളി മുഹമ്മദ് മൗലവിയെ ഈ പ്രശ്‌നം വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹത്തിന് സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ പോലെയോ അതിനേക്കാള്‍ കഠിനാധ്വാനം ചെയ്‌തോ ജോലി ചെയ്യുന്ന മറ്റുള്ളവരുടെ വിഷമം കണ്ടപ്പോള്‍ അദ്ദേഹം അവരെ മലപ്പുറത്തെ ഒരു ലോഡ്ജില്‍ ഒരുമിച്ചുകൂട്ടുകയുണ്ടായി. പ്രമുഖ അറബി സാഹിത്യകാരനും ഗോളശാസ്ത്ര പണ്ഡിതനുമായിരുന്ന ഫലക്കി മുഹമ്മദ് മൗലവി പ്രസിഡണ്ടായും കരുവള്ളി സെക്രട്ടറിയായും അറബിക് പണ്ഡിറ്റ്സ് യൂണിയന്‍ എന്ന സംഘടന രൂപീകരിച്ചു. 1944ല്‍ ആയിരുന്നു അത്. ഈ സംഘാടനമാണ് കേരളത്തിലെ അറബി വിദ്യാഭ്യാസ പ്രചാരണത്തിന്റെയും അറബി അധ്യാപകരുടെ അന്തസ്സാര്‍ന്ന അസ്തിത്വത്തിന്റെയും ബീജാവാപം. ഒരാള്‍ തന്റെ സഹോദരനുള്ള സഹായങ്ങളില്‍ ആയിക്കൊണ്ടിരിക്കെ അല്ലാഹു അയാളെയും സഹായിച്ചുകൊണ്ടിരിക്കുമെന്ന പ്രവാചക വചനം ഇവിടെ പ്രസക്തമാവുകയാണ്. സ്വന്തം കാര്യവുമായി നടന്നാല്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജോലിയും ശമ്പളവുമായി കഴിഞ്ഞുകൂടാമായിരുന്നു. പക്ഷേ, സ്വന്തം സമുദായത്തിലെ സഹോദരങ്ങളെ സഹായിക്കുന്നതിനും ഇസ്ലാമിന്റെയും മുസ്‌ലിംകളുടെയും ജീവല്‍ ഭാഷക്കു വേണ്ടി അടരാടുന്നതിനും വേണ്ടി അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടതാണ് ഇന്നീ കാണുന്ന അറബിക് വിദ്യാഭ്യാസത്തിന്റെയും അറബിക് സ്ഥാപനങ്ങളുടെയുമെല്ലാം നിലനില്‍പിന്റെ കാരണം. 

1956ല്‍ ഐക്യകേരളം രൂപംകൊണ്ടു. മലബാര്‍, തിരുവിതാംകൂര്‍ വ്യത്യാസങ്ങള്‍ ഇല്ലാതായെങ്കിലും തിരുവിതാംകൂറില്‍ നേരത്തെ വക്കം മൗലവിയുടെ ശ്രമഫലമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ മലബാറില്‍ പുനഃസ്ഥാപിച്ചിരുന്നില്ല. 1957ലെ ഒന്നാമത്തെ കേരള മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ: ജോസഫ് മുണ്ടശ്ശേരിക്ക് കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ നിവേദനമാണ് മലബാര്‍, തിരുവിതാംകൂര്‍ വ്യത്യാസമില്ലാതെ അറബിപഠനത്തിനു ഒരു ഏകീകരണം നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയും അറബി ഭാഷയുടെ കാവല്‍ പടയാളിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നിര്‍ലോഭമായ സഹായങ്ങള്‍ അന്ന് കരുവള്ളിക്ക് ലഭിച്ചിരുന്നു. കേരളത്തിലെ സ്‌കൂളുകളിലെ അറബി പഠനം ഏകീകരിക്കുവാന്‍ വേണ്ടി മുണ്ടശ്ശേരി നിര്‍ദേശിച്ച കമ്മിറ്റിയുടെ കണ്‍വീനര്‍ കരുവള്ളിയായിരുന്നു. പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഗൈഡുകളും അധ്യാപക സഹായികളുമെല്ലാം നിര്‍മിച്ചിരുന്നത് ഈ കമ്മറ്റിയായിരുന്നു.

1958ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പിറന്നു. കരുവള്ളി പ്രസിഡണ്ടും പ്രൊഫ. മങ്കട അബ്ദുല്‍അസീസ് മൗലവി ജനറല്‍ സെക്രട്ടറിയുമായി പ്രഥമ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അറബി ഭാഷാധ്യാപകര്‍ക്ക് വേണ്ടി കെ.എ.ടി.എഫ് പ്രസ്ഥാനവും അതിന്റെ മുഴുവന്‍ നേതാക്കളും സമര്‍പിച്ച സേവനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷവും അറബി അധ്യാകപ പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം മരണം വരെ അതിന്റെ അനിഷേധ്യനായ അമരക്കാരനായി തുടര്‍ന്നു. കരുവള്ളി, പി.കെ അഹ്മദലി മദനി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി എന്നീ മൂന്നു പേരുകള്‍ അറബി അധ്യാപകരുടെ മനസ്സില്‍ എന്നും മാഞ്ഞുപോകാതെ കിടക്കും. കരുവള്ളിയും മദനിയും യാത്രയായി. കൊളത്തൂര്‍ ഇന്നും കര്‍മനിരതനായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പി.കെ.എം അബ്ദുല്‍മജീദ് മദനിയും കക്കാട് അബ്ദുല്ല മൗലവിയും സൈനുദ്ദീന്‍ കുരുവമ്പലവും സി.എച്ച് ഹംസ മാസ്റ്ററും ഇപ്പോഴും അവശേഷിക്കുന്ന കണ്ണികളില്‍ ചിലരാണ്. 

1962ല്‍ കരുവള്ളി മലബാറിലെ ആദ്യത്തെ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി നിയമിക്കപ്പെട്ടു. അറബി ഭാഷാ പഠനത്തിന്റെ നിലവാരം പരിശോധിക്കുക, മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റിന് സമര്‍പിക്കുക എന്നിവയായിരുന്നു പ്രധാനമായും മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറുടെ ചുമതല. ട്രെയിനിംഗ്, പാഠപുസ്തക നിര്‍മാണവും പരിഷ്‌കരണവും, പുതിയ അറബി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കല്‍, മുസ്ലിം കുട്ടികളെ സ്‌കൂളിലയക്കാന്‍ പ്രോത്സാഹനം നല്‍കല്‍ തുടങ്ങി അറബി പ്രചാരണത്തിനാവശ്യമായ പല കാര്യങ്ങളും ആ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം ചെയ്തു. അന്ന് അറബി അധ്യാപകരില്‍ അധികപേരും വേണ്ടത്ര പരിശീലനം സിദ്ധിച്ചവരായിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് രണ്ടുമാസത്തിലൊരിക്കല്‍ പീര്യേഡിക്കല്‍ മീറ്റിംഗ് വേണമെന്ന നിര്‍ദേശം നല്‍കി. ഇന്നും ആ മീറ്റിംഗ് ഫലപ്രദമായി മുന്നോട്ട് പോകുന്നു. കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്ന അധ്യാപന ബോധന രീതി പ്രതിപാദിക്കുന്ന പുസ്തകം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത് അദ്ദേഹം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന കാലത്താണ്. കെ.പി. മുഹമ്മദ് മൗലവി, അരീക്കോട് എന്‍.വി. ഇബ്‌റാഹീം മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അത് നടന്നത്. മുസ്‌ലിം കുട്ടികളെ വിദ്യാഭാസത്തിനു പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മഹല്ലുകളിലും മദ്‌റസകളിലുമൊക്കെ ഉല്‍ബോധന പരിപാടികള്‍ സംഘടിപ്പിക്കാന്‍ അന്ന് സാധിച്ചിട്ടുണ്ട്. ക്വുര്‍ആനും ഹദീഥുമൊക്കെ ഉദ്ധരിച്ച് ഭൗതിക പഠനം നിര്‍ബന്ധമാണെന്ന് മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു അതിന്റെ ഉദ്ദേശം. ഇല്‍മ് എന്ന് പറഞ്ഞാല്‍ മതവിജ്ഞാനം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് പൗരോഹിത്യ കേന്ദ്രങ്ങളില്‍ നിന്നും ഇതിന്റെ പേരില്‍ അദ്ദേഹം എതിര്‍പുകള്‍ നേരിട്ടിരുന്നു. 

മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ എന്ന വലിയ തസ്തികയിലിരുന്നുകൊണ്ട് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ സമുദായത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസത്തെ സ്‌നേഹിച്ചിരുന്ന സമുദായത്തിലെ പണ്ഡിതരും നേതാക്കളും ഉന്നതരും ധനാഢ്യരുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വവും കഴിവും ആത്മാര്‍ഥതയും തിരിച്ചറിഞ്ഞു. കേരളത്തിന്റെ ആദ്യത്തെ ചീഫ് എഞ്ചിനീയറും അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ടി.പി കുട്ട്യാമു സാഹിബ് കരുവള്ളിയിലെ ധിഷണയെ തിരിച്ചറിഞ്ഞു. കരുവള്ളിയുടെ ഓഫീസ് അന്ന് കോഴിക്കോട് ആയിരുന്നു. വിദ്യാഭ്യാസ പുരോഗതിക്ക് സമുദായത്തെ സജ്ജമാക്കുന്ന തരത്തിലുള്ള ഒരു സംവിധാനം കോഴിക്കോട് ആരംഭിക്കണമെന്നും അതിനു മദ്രാസ്, തിരുവനന്തപുരം പോലെയുള്ള നഗരങ്ങളില്‍ ആരംഭിച്ച സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്നത് നല്ലതാണെന്നും സൂചിപ്പിച്ചുകൊണ്ട് കുട്ട്യാമു സാഹിബ് കരുവള്ളിക്ക് കത്തെഴുതി. കാലിക്കറ്റ് മുസ്ലിം അസോസിയേഷന്‍ (സി.എം. എ) എന്ന പ്രസ്ഥാനം രൂപം കൊണ്ടത് അങ്ങനെയാണ്. കരുവള്ളിയായിരുന്നു അതിന്റെ സെക്രട്ടറി. മുന്‍മന്ത്രി യു.എ ബീരാന്‍, ഡോ. എം. എ. അബ്ദുല്ല തുടങ്ങിയവരൊക്കെ അതിലെ പ്രധാന അംഗങ്ങളായിരുന്നു. 1963 മുതല്‍ 1967 വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കേരള ഇസ്ലാമിക് സെമിനാറിന്റെ മുഖ്യ സംഘാടകനും കൂടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പിക്കപ്പെട്ട പ്രസ്തുത സെമിനാറില്‍ സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ കക്ഷിഭേദമന്യെ പങ്കെടുത്തു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ഇ. കെ. മൗലവി, സി.എച്ച് മുഹമ്മദ് കോയ, ഫലകി മുഹമ്മദ് മൗലവി, ഇ. കെ. ഇമ്പിച്ചിബാവ, പി.പി ഉമര്‍ കോയ, നഫീസത്ത് ബീവി, സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബ്, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രമുഖരുടെ ശ്രേണിയില്‍ അന്ന് കരുവള്ളിയും ഉണ്ടായിരുന്നു. ഈ പേരുകള്‍ കാണുമ്പോള്‍ തന്നെ ഒരു കാര്യം നമുക്ക് ബോധ്യപ്പെടുന്നു. രാഷ്ട്രീയം, മതം, വീക്ഷണം, മതബോധം തുടങ്ങിയ അതിര്‍വരമ്പുകള്‍ക്കപ്പുറം നിന്നുകൊണ്ട് വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കുമെന്ന സത്യമാണത്. അതാണ് അദ്ദേഹം സമുദായത്തെ ബോധ്യപ്പെടുത്തിയത്. ഈ സെമിനാറുകളുടെ സന്തതിയായാണ് എം.ഇ.എസ് പിറന്നത്. എം.ഇ.എസ് കെട്ടിപ്പടുക്കാന്‍ ഡോ. പി. കെ. അബ്ദുല്‍ഗഫൂറിന്റെ കൂടെ അദ്ദേഹം ഓടിനടന്നു. മണ്ണാര്‍ക്കാട്, പൊന്നാനി എന്നിവിടങ്ങളിലെ എം.ഇ.എസ് കോളേജുകളുടെ സംസ്ഥാപനത്തില്‍ കരുവള്ളിയുടെ പങ്ക് രേഖപ്പെടുത്തപ്പെട്ടതാണ്. എം. ഇ. എസ്സില്‍ നിന്ന് എം. എസ്. എസ് വേര്‍പെട്ടുവന്നപ്പോള്‍ കരുവള്ളി എം.എസ്.എസ്സിന്റെ വൈസ് പ്രസിഡണ്ടായി. ഏതൊരു സംഘടനയും രൂപപ്പെടുമ്പോള്‍ അത് സമുദായത്തിന് ഗുണകരമാണെങ്കില്‍ അതിനോടെല്ലാം സഹകരിക്കുക എന്ന ക്വുര്‍ആന്‍ പറഞ്ഞ 'വ തആവനൂ...' എന്ന സന്ദേശമാണ് അദ്ദേഹം ഉള്‍ക്കൊണ്ടത് എന്ന് കാണാന്‍ സാധിക്കും. കക്ഷിത്വം ഉള്ളില്‍ സൂക്ഷിക്കാത്ത തുറന്ന മനസ്സുകളുടെ ഉടമകള്‍ക്ക് മാത്രമെ ഇങ്ങനെയൊരു വീക്ഷണം വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. 

1974 ല്‍ അദ്ദേഹം മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ എന്ന തസ്തികയിലിരിക്കെ ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ചു. വിരമിച്ച ശേഷവും കെ. എ. ടി. എഫ്. പ്രസ്ഥാനവുമായും അധ്യാപക സമൂഹവുമായും ഇസ്വ്ലാഹി പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം ബന്ധം തുടര്‍ന്നു. ജീവിതവൃത്തിക്ക് വേണ്ടി മലപ്പുറം കോട്ടപ്പടിയില്‍ ഒരു 'മൗലവി ആന്‍ഡ് കമ്പനി' എന്ന പേരില്‍ തേയിലയുടെ മൊത്തവ്യാപാരം തുടങ്ങി. മലപ്പുറത്ത് എത്തുന്ന അറബി അധ്യാപകരുടെ സംഗമ കേന്ദ്രമായി അത് മാറി. തൊട്ടടുത്ത ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയുട്ടില്‍ അധ്യാപകനായി ജോലി ചെയ്യവെ അധ്യാപക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല സംശയങ്ങളും നിവാരണം നടത്താന്‍ അന്ന് സാധിച്ചിരുന്നുവെന്ന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ അനുസ്മരിക്കുകയുണ്ടായി. 

ഇസ്വ്‌ലാഹി പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിന്റെ ആദ്യകാലം തൊട്ട് തന്നെ തുടങ്ങിയതാണ്. കട്ടിലശ്ശേരിയുടെ സഹപ്രവര്‍ത്തകനും കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ശില്പിയുമായ കെ.എം. മൗലവിയുമായി അടുക്കുന്നതോടെയാണ് കരുവള്ളിയിലെ ഇസ്വ്‌ലാഹി പ്രവര്‍ത്തകന്‍ ജനിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മലപ്പുറത്ത് കെ.എം മൗലവി വരുന്നുണ്ടെന്നറിഞ്ഞു സ്വന്തം നാട്ടില്‍ നിന്നും മൈലുകള്‍ താണ്ടി കെ.എം. മൗലവിയുടെ പ്രഭാഷണം കേള്‍ക്കാന്‍ പോകുകയുണ്ടായി. അന്ധവിശ്വാസങ്ങള്‍ വെടിഞ്ഞ് വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുസ്‌ലിംകള്‍ ഔന്നത്യം പ്രാപിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കെ.എം. മൗലവിയുടെ പ്രസംഗം കരുവള്ളിയുടെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. കരുവള്ളി പിന്നീട് അധ്യാപകനായി അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ 1960 ല്‍ തിരൂരങ്ങാടി യതീംഖാന കോമ്പൗണ്ടില്‍ നടന്ന കെ.എ.ടി.എഫിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ കെ. എം. മൗലവി നടത്തിയ പ്രസംഗത്തില്‍ അറബി ഭാഷയില്‍ ഒരു മാസിക തുടങ്ങുന്നതിനെ കുറിച്ച് അറബി അധ്യാപകരോട് ആഹ്വാനം ചെയ്യുകയുണ്ടായി. അതാണ് പിന്നീട് കരുവള്ളിയുടെ കാര്‍മികത്വത്തില്‍ 'അല്‍ബുഷ്‌റ' എന്ന മാസികയുടെ പിറവിക്ക് കാരണമായത്. കെ.പി മുഹമ്മദ് മൗലവി ആയിരുന്നു അതിന്റെ പത്രാധിപര്‍. 

അല്‍മനാര്‍, ശബാബ് തുടങ്ങിയ ഇസ്വ്ലാഹി പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. തൗഹീദിന്റെ പ്രാധാന്യവും ശിര്‍ക്കിന്റെ ഗൗരവവും വിശദമാക്കുന്ന തുടര്‍ലേഖനങ്ങള്‍ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1985 മുതലാണ് അദ്ദേഹം കേരള നദ്വത്തുല്‍ മുജാഹിദീന്റെ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ജില്ലാ സംസ്ഥാന നേതൃസ്ഥാനങ്ങളില്‍ അദ്ദേഹം ഭാരവാഹിയായിട്ടുണ്ട്. ഇടക്കാലത്ത് സംഘടനയിലുണ്ടായ അനഭിലഷണീയമായ ചില സംഭവങ്ങള്‍ കാരണം അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു. മുജാഹിദുകളെയും ഇസ്വ്‌ലാഹി ആദര്‍ശത്തെയും അദ്ദേഹം അതിരറ്റു സ്‌നേഹിച്ചു. അനാവശ്യമായ സംഘടനാ കിടമത്സരങ്ങളെ അദ്ദേഹം വെറുത്തു. വേങ്ങരയിലെ ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്ലാമിയക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിവന്നു. പീസ് റേഡിയോ ലോഞ്ചിങിലും അന്താരാഷ്ട്ര ക്വുര്‍ആന്‍ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ മാത്രമല്ല മുസ്ലിം സമുദായത്തിന്റെ തന്നെ ജീവിച്ചിരിക്കുന്ന കാരണവരായിരുന്ന അദ്ദേഹത്തെ എല്ലാ വിഭാഗം ജനങ്ങളും ആദരിച്ചിരുന്നു.

കേരള വിദ്യാഭ്യാസ ടെക്സ്റ്റ് ബുക്ക് പരിശോധന സമിതി, സര്‍ക്കാര്‍ പരീക്ഷ ബോര്‍ഡ്, ജില്ലാ സാക്ഷരതാ മിഷന്‍ അക്കാദമിക് ചെയര്‍മാന്‍, തുടര്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍, കരിക്കുലം വിജയഭേരി കമ്മിറ്റി അംഗം, വിദ്യാഭ്യാസ ജില്ലാ പ്ലാനിങ് മോണിറ്ററിങ് കമ്മിറ്റി അംഗം തുടങ്ങിയ സമിതികളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. ചരിത്രത്തെ തിരുത്തിക്കുറിച്ച അദ്ദേഹത്തിന്റെ ചരിത്രം എഴുതാന്‍ പേജുകള്‍ മതിയാവില്ല. ഒട്ടനവധി സവിശേഷതകളുടെ വിളനിലമായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും സമുദായം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു. ഒരു ഇസ്‌ലാമിക പണ്ഡിതനായിരിക്കെ മറ്റു ഭാഷകളില്‍ വ്യുല്‍പത്തി നേടുക, മറ്റു വിജ്ഞാനീയങ്ങളില്‍ തല്‍പരനാവുക, അവിശ്രമം തന്റെ സമൂഹത്തിനു വേണ്ടി ഓടിനടക്കുക, വലിയ ചിന്തകളിലൂടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ സമുദായത്തിന് മാര്‍ഗദര്‍ശിയാവുക, അറബി ഭാഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിധം അധികാരികള്‍ക്ക് മുമ്പില്‍ അടരാടുക, സമുദായത്തിന്റെ ഐക്യത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാതിരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങി ഒട്ടേറെ നല്ല ഗുണങ്ങള്‍ അദ്ദേഹത്തില്‍ നിന്നും മാതൃകയാക്കേണ്ടതുണ്ട്. 

അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ്. കഴിഞ്ഞ ആഗസ്തില്‍ ഉമ്മ മരണപ്പെട്ടപ്പോള്‍ അവശതകള്‍ പോലും അവഗണിച്ചുകൊണ്ട് ആശ്വസിപ്പിക്കാന്‍ അദ്ദേഹം വീട്ടില്‍ ഓടിയെത്തി. എന്റെ പിതാവിനെ കുറിച്ച് 'എന്റെ അഹ്മദലി' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അവര്‍ തമ്മിലുള്ള ബന്ധം അത്രമാത്രം ഗാഢമായിരുന്നു. കരുവള്ളിയും കൊളത്തൂരും അഹ്മദലി മദനിയും സി.എച്ച് ഹംസ മാസ്റ്ററും അവരുടെ വാര്‍ധക്യത്തിലും എവിടെയെങ്കിലും ഒരുമിച്ചുകൂടുക പതിവായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍, വീണു പരിക്കുപറ്റി കിടക്കുന്ന സന്ദര്‍ഭത്തില്‍ ജ്യേഷ്ഠ സഹോദരന്‍ മുഹമ്മദ് സുഹൈലിന്റെ കൂടെ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ച് അദ്ദേഹം ഒരു കെട്ടിടത്തില്‍ നിന്നും താഴെ ഇറങ്ങി വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊരു കൈത്താങ്ങായി ഓടിച്ചെല്ലുകയും അപ്പോള്‍ അദ്ദേഹം പുഞ്ചിരി തൂകിക്കൊണ്ട് എന്റെ സഹായം നിരസിക്കുകയും എനിക്കാരുടെയും താങ്ങ് ആവശ്യമില്ലെന്ന് തമാശയായി പറയുകയും പരസഹായമില്ലാതെ നടന്നുനീങ്ങുകയും ചെയ്ത സംഭവം ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് അദ്ദേഹം എന്നെ ഓര്‍മിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഓര്‍മശക്തിയില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ശരിയാണ്. അദ്ദേഹത്തിന് ആരുടെയും താങ്ങ് ആവശ്യമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ താങ്ങിലായിരുന്നു കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനവും അറബി അധ്യാപകസമൂഹവും മുസ്ലിം സമുദായവും സുരക്ഷിതമായി കഴിഞ്ഞിരുന്നത്. അദ്ദേഹത്തോട് എത്രമാത്രം നീതിപുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ തണല്‍ ലഭിച്ച ഓരോ പ്രസ്ഥാനവും ചിന്തിക്കേണ്ടതുണ്ട്. കേരളത്തില്‍ അഭിമാനകരമായി ജീവിതം നയിക്കുന്ന മുസ്ലിം സമുദായത്തിലെ ഓരോരുത്തരും കരുവള്ളി മുഹമ്മദ് മൗലവിയോട് കടപ്പെട്ടിരിക്കുന്നു.