നിങ്ങള്‍ക്കൊരല്ലാഹു പോരേ...?

ഉസ്മാന്‍ പാലക്കാഴി

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16
ഇസ്‌ലാമിന്റെ ആധാരശിലയാണ് തൗഹീദ്. തൗഹീദ് പൂര്‍ണമായി ഉള്‍ക്കൊണ്ടയാളുകള്‍ക്ക് മാത്രമെ മതത്തിന്റെ യഥാര്‍ഥഅന്തസ്സത്ത ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ മൂലം ഭൂരിപക്ഷം മതവിശ്വാസികള്‍ക്കും ഈ മാധുര്യം നുണയാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്താണ് തൗഹീദ്? തൗഹീദിന്റെ വകഭേദങ്ങള്‍ ഏതെല്ലാം?

വിശ്വാസമാണ് മതത്തിന്റെ ആധാരശില. അത്‌കൊണ്ടുതന്നെ വിശ്വാസ സംസ്‌കരണത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ദൈവദൂതന്മാര്‍ നിയുക്തരായത്. ഓരോ ദൈവദൂതനും തന്റെ ജനങ്ങളോട് ആദ്യമായി ഉണര്‍ത്തിയത് ഇതാണ്: 

''എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുക. അവനല്ലാതെ മറ്റൊരു ദൈവവും നിങ്ങള്‍ക്കില്ല'' (ക്വുര്‍ആന്‍ 7:59).

''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതരെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം (എന്ന് പ്രബോധനം ചെയ്യാന്‍ വേണ്ടി)'' (ക്വുര്‍ആന്‍ 16:37). 

അല്ലാഹുവിന്റെ ഈ അവകാശം മറ്റേത് കാര്യത്തെക്കാളും പ്രാധാന്യമര്‍ഹിക്കുന്നു. അതിനെക്കാള്‍ പ്രാധാന്യം നല്‍കാവുന്ന മറ്റൊരവകാശം ആര്‍ക്കുമില്ല. ബാധ്യതകളില്‍ വെച്ച് പ്രഥമവും പ്രധാനവുമായത് ഇതാണ്. ഇസ്‌ലാം മതത്തിലെ വിധിവിലക്കുകളുടെ അടിസ്ഥാന ശിലയും അതാണ്. അത് കൊണ്ട് തന്നെ മുഹമ്മദ് നബി ﷺ പതിമൂന്ന് വര്‍ഷം ഈ തത്ത്വത്തിലേക്ക്  ജനങ്ങളെ ക്ഷണിച്ച് കൊണ്ട് മക്കയില്‍ കഴിച്ച് കൂട്ടി. അതിനെ സ്ഥിരീകരിക്കുകയും തദ്‌സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തുകൊണ്ട് ധാരാളം ക്വുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു. നിര്‍ബന്ധ-ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്ന ഓരോ മുസ്‌ലിമും ഈ തത്ത്വത്തില്‍ താന്‍ അടിയുറച്ച്  നിലകൊള്ളുമെന്ന് അല്ലാഹുവോട് പ്രതിജ്ഞ ചെയ്യുന്നു:

''നിന്നെ മാത്രം ഞാന്‍ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ഥിക്കുന്നു'' (ക്വുര്‍ആന്‍ 1:5).

ഈ മഹത്തായ അവകാശമാണ് 'തൗഹീദുല്‍ഉലൂഹിയ്യ' (ആരാധ്യനായിരിക്കുക എന്നതിലെ ഏകത്വം) അഥവാ 'തൗഹീദുല്‍ഇബാദ' എന്ന്  അറിയപ്പെടുന്നത്. ഈ ഏകത്വം അംഗീകരിക്കുന്ന പ്രകൃതിയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. 

മനുഷ്യരെല്ലാം ഏകദൈവാരാധകരായിരുന്നു. ബഹുദൈവാരാധന പിന്നീട് അവരിലേക്ക് കടന്നുവന്നതാണ്. അല്ലാഹു പറയുന്നു:

''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. (അനന്തരം അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധിക്കള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പ് കല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു'' (ക്വുര്‍ആന്‍ 2:213).

ആദ്യമായി നൂഹ് നബി(അ)യുടെ ജനതയിലാണ് ബഹുദൈവാരാധന കടന്നുവന്നത്. സദ്‌വൃത്തരായ ആളുകളെ പരിധിവിട്ട് ആദരിക്കുകയും അവരില്‍ നിയുക്തനായ ദൈവദൂതന്റെ ബോധനങ്ങളെ അവഗണിക്കുകയും ചെയ്തത് നിമിത്തമായിരുന്നു. അല്ലാഹു പറയുന്നു:

അവര്‍ പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്,യഗൂഥ്, യഊക്വ്, നസ്വ്ര്‍ എന്നിവരെ നിങ്ങള്‍ കയ്യൊഴിക്കരുത്'' (ക്വുര്‍ആന്‍ 71:23).

ഈ സൂക്തത്തിന്റെ  വ്യാഖ്യാനമായി ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക: 'ഇതെല്ലാം സദ്‌വൃത്തരായ ഏതാനും ആളുകളുടെ നാമങ്ങളാണ്. അവര്‍ മൃതിയടഞ്ഞപ്പോള്‍ അവര്‍ പങ്കെടുത്തിരുന്ന സദസ്സുകളില്‍ ചില രൂപങ്ങളുണ്ടാക്കി, ആ രൂപങ്ങള്‍ക്ക് അവരുടെ പേരു നല്‍കണമെന്ന് ജനങ്ങള്‍ക്ക് പിശാച് ബോധനം നല്‍കി. അവര്‍ അപ്രകാരം ചെയ്തു. അന്നൊന്നും അവര്‍ ആരാധിക്കപ്പെട്ടിരിന്നില്ല. പിന്നീട് ഇവരുടെ കാലം കഴിഞ്ഞപ്പോള്‍ ഇവയെ പറ്റി ശരിയായ അറിവില്ലാതെയായി. അങ്ങനെ ഈ രൂപങ്ങളത്രയും ആരാധിക്കപ്പെട്ടു' (ബുഖാരി).

ഇസ്‌ലാമിലെ ഏകദൈവ സിദ്ധാന്തം (തൗഹീദ്) മൂന്ന് വശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഒന്ന്: തൗഹീദുര്‍റുബൂബിയ്യ 

അല്ലാഹു മാത്രമാണ് സ്രഷ്ടാവ് എന്ന് സമ്മതിക്കുക. അതോടൊപ്പം സൃഷ്ടിക്കുക, നിയന്ത്രിക്കുക, ജീവിപ്പിക്കുക, മരിപ്പിക്കുക, നന്മവരുത്തുക, തിന്മതടയുക എന്നിവയെല്ലാം അവനില്‍ മാത്രം നിക്ഷിപ്തമായ കാര്യങ്ങളാണ് എന്ന് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുക. ഇതാണ് തൗഹീദുര്‍റുബൂബിയ്യയുടെ വിവക്ഷ.

ഈ കാര്യത്തില്‍ ഒരു സമുദായവും  തര്‍ക്കം ഉന്നയിച്ചിട്ടില്ല. മക്കയിലെ ബഹുദൈവാരാധകര്‍ പോലും ഇതൊന്നും നിഷേധിച്ചിട്ടില്ല. അവര്‍ ബഹുദൈവാരാധകരായിരിക്കെ തന്നെ അംഗീകരിച്ച കാര്യമാണിത്. ക്വുര്‍ആന്‍ പറയുന്നത് നോക്കുക:

''പറയുക; ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചയും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുളളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ ആരാണ്? അവര്‍ പറയും; അല്ലാഹു എന്ന്. അപ്പോള്‍ പറയുക, എന്നിട്ട് നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?'' (ക്വുര്‍ആന്‍ 10:31).

ഇതുപോലുള്ള നിരവധി ക്വുര്‍ആന്‍ സുക്തങ്ങള്‍ കാണാം. അവയെല്ലാം രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ബഹുദൈവാരാധകര്‍ അംഗീകരിച്ചുവെന്നെ് വൃക്തമായി വിശദീകരിക്കുന്നു. അവര്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചത് തൗഹീദിന്റെ രണ്ടാമത്തെ വശമാണ്. 

രണ്ട്. തൗഹീദുല്‍ ഉലൂഹിയ്യ

ആരാധന അല്ലാഹുവിന് മാത്രമാക്കലാണിത്. മനുഷ്യര്‍ ആരാധനാഭാവത്തോടെ ചെയ്യുന്ന എല്ലാ കര്‍മങ്ങളും അല്ലാഹുവെ മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ളതും അവനോട് മാത്രമുള്ള അര്‍ഥനയുമാകണം എന്നതത്രെ ഈ തത്ത്വത്തിന്റെ പൊരുള്‍. അത് അറിയിക്കുന്ന അറബി വാക്യമാണ് 'ലാ ഇല്ലാഹ ഇല്ലല്ലാഹ്' (ഒരു ആരാധ്യനുമില്ല, അല്ലാഹുവല്ലാതെ). ആരാധനയുടെ എല്ലാ ഇനങ്ങളും അല്ലാഹുവില്‍ മാത്രം സ്ഥിരീകരിക്കുകയും അവനല്ലാത്ത മറ്റെല്ലാത്തില്‍ നിന്നും അതിനെ നിഷേധിക്കുകയും ചെയ്യുന്ന വാക്യമാണിത്. ഈ വാക്യം പ്രഖ്യാപിക്കുവാന്‍ മുഹമ്മദ് നബി ﷺ മക്കയിലെ ബഹുദൈവാരാധകരോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കൂട്ടാക്കിയില്ല. ആവര്‍ ചോദിച്ചു:

''ഇവന്‍ ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കയാണോ? തീര്‍ച്ചയായും ഇത് ഒരത്ഭുതകരമായ കാര്യം തന്നെ!'' (ക്വുര്‍ആന്‍ 38:5).

'ലാ ഇലാഹ ഇല്ലല്ലാഹു' എന്നു പ്രഖ്യാപിക്കുന്നതോടെ ആരാധ്യന്‍ അല്ലാഹു മാത്രമാണ് എന്നും അവനല്ലാത്തവര്‍ക്കുള്ള ആരാധന നിരര്‍ഥകമാണ് എന്നും തങ്ങള്‍ സമ്മതിക്കുകയാണ് ചെയ്യുന്നത് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. 'ഇലാഹ്' എന്നതിന് ആരാധിക്കപ്പെടുവാന്‍ അര്‍ഹന്‍ എന്നാണല്ലോ വിവക്ഷ. (അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞയാണ് ആരാധന). അപ്പോള്‍ ഒരു ദൈവവുമില്ല, അല്ലാഹുവല്ലാതെ എന്നു പ്രഖ്യാപിച്ച ശേഷം അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് തന്റെ പ്രഖ്യാപനത്തിന് വിരുദ്ധം പ്രവര്‍ത്തിക്കലാകും. 

രക്ഷാകര്‍തൃത്വത്തിലെ ഏകത്വവും (തൗഹീദുര്‍റുബൂബിയ്യ) ആരാധ്യനായിരിക്കുക എന്നതിലെ ഏകത്വവും (തൗഹീദുല്‍ ഉലൂഹിയ്യ)പരസ്പര പൂരകങ്ങളാണ്. ഒന്നാമത്തേത് അംഗീകരിച്ചവന്‍ രണ്ടാമത്തേത് സമ്മതിക്കാന്‍ ബാധ്യസ്ഥനാണ്. (അതായത് ഏകനായ പ്രപഞ്ചനാഥന്റെ രക്ഷാകര്‍തൃത്വം അംഗീകരിക്കുന്നവന്‍ ആരാധിക്കപ്പെടാന്‍ അവനല്ലാതെ മറ്റൊന്നിനും അര്‍ഹതയില്ലെന്ന് സമ്മതിക്കേണ്ടതാണ്). പ്രത്യക്ഷമായും പരോക്ഷമായും ഈ കാര്യത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ അവന്‍ കടപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന് സ്വന്തം സമുഹത്തോട് അവശ്യപ്പെട്ടപ്പോഴെല്ലാം, അതിന്റെ പ്രമാണമായി അവര്‍ അംഗീകരിച്ചിരുന്ന തൗഹീദുര്‍ റൂബൂബിയ്യ ദൈവദൂതന്മാര്‍ ചൂണ്ടിക്കാണിച്ചത്. അല്ലാഹു പറയുന്നു:

''അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു'' (ക്വുര്‍ആന്‍ 6:102).

''(നബിയേ) നീപറയുക, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ച് തരൂ.  അതല്ല, ആകാശങ്ങളുടെ സൃഷ്ടിപ്പില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?'' (ക്വുര്‍ആന്‍ 46:4).

ചുരുക്കത്തില്‍ തൗഹീദിന്റെ ഈ വശം ഒരു സമുദായവും നിഷേധിച്ചിട്ടില്ല. എല്ലാവരും അല്ലാഹു മാത്രമാണ്  സ്രഷ്ടാവെന്നും അവന്‍ മാത്രമാണ് പ്രപഞ്ചത്തിന്റെ നിയന്താവെന്നും അംഗീകരിച്ചിരുന്നു. തുല്യ കഴിവുകളും ഗുണ വിശേഷങ്ങളുമുളള രണ്ടു സ്രഷ്ടാക്കളെ സങ്കല്‍പിക്കുന്ന ഒരംഗീകൃത സമൂഹം ഉണ്ടായിട്ടില്ല. വളരെ വിരളമായി മാത്രമെ ഈ വശത്തില്‍ പ്രപഞ്ചനാഥന് പങ്കാളികളുണ്ടെന്ന സങ്കല്‍പമുണ്ടായിട്ടുള്ളു. 

എന്നാല്‍ ഈ വശം അംഗീകരിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നില്ല. അതോടൊപ്പം അതിന്റെ അനിവാര്യ താല്‍പര്യമായ അല്ലാഹു മാത്രമെ ആരാധ്യനായിരിക്കാവൂ എന്ന വശം കൂടി പ്രാവര്‍ത്തികമാക്കണം. മക്കയിലെ ബഹുദൈവാരധകര്‍ തൗഹീദിന്റെ ഈ വശം അംഗീകരിച്ചിരുന്നുവെങ്കിലും അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന വശം സമ്മതിക്കാന്‍  കൂട്ടാക്കിയില്ല. അതിനാല്‍ അവര്‍ മുസ്‌ലിംകളായില്ല. ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്വുര്‍ആന്‍ ക്ഷണിക്കുന്നത് തന്നെ രക്ഷാകര്‍തൃത്വത്തിലെ ഏകത്വം ചൂണ്ടിക്കാണിച്ച് കൊണ്ടാണ്. അഥവാ തങ്ങള്‍ സമ്മതിച്ച വസ്തുതയുടെ വെളിച്ചത്തില്‍ തന്നെ നിഷേധിക്കുന്ന കാര്യം അംഗീകരിക്കണം എന്നാണ് ബഹുദൈവാരാധകരോട് ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്. അതെ, അല്ലാഹുവെ മാത്രം ആരാധിക്കണമെന്ന് ക്വുര്‍ആന്‍ കല്‍പിക്കുമ്പോള്‍ അല്ലാഹു മാത്രമാണ് പ്രപഞ്ചനാഥനെന്നത് അവര്‍ അംഗീകരിച്ചതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ്. അല്ലാഹു പയുന്നു:

''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍, നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയായും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞ് തന്നിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത(നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞു കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്'' (ക്വുര്‍ആന്‍ 2:21,22).

അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന കല്‍പനയും അതിലേക്കുള്ള ക്ഷണവും അതിനെതിരില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങളും അവയ്ക്കുളള മറുപടിയും എന്നിങ്ങനെയായി ധാരാളം ക്വുര്‍ആന്‍ സുക്തങ്ങള്‍ കാണാം. 

തൗഹീദിന്റെ എല്ലാ നിയമങ്ങളും അവകാശങ്ങളും ഉള്‍കൊള്ളുന്ന ഒരു വാക്യമാണ് 'ലാഇല്ലാഹ ഇല്ലല്ലാഹ്.' ഇതില്‍ നിഷേധവും സ്ഥിരീകരണവും കാണാം. അല്ലാഹുവല്ലാത്ത മറ്റെല്ലാത്തില്‍ നിന്നും  ദിവ്യത്വം നിഷേധിക്കുകയും ദിവ്യത്വം അല്ലാഹുവില്‍ മാത്രം സ്ഥിരീകരക്കുകയും ചെയ്യുന്നു. അതുപോലെ രക്ഷകന്‍ അല്ലാഹു മാത്രമാണെന്നതും അവനല്ലാത്ത മറ്റെല്ലാ ശക്തികളില്‍നിന്നും മുക്തിനേടലും ഈ വാക്യത്തിന്റെ പൊരുളില്‍ പെടുന്നു. 

അതിനാല്‍ 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന് പ്രഖ്യാപിക്കുന്നവന്‍ അല്ലാഹു അല്ലാത്ത മറ്റെല്ലാത്തിന്റെയും ആരാധനയില്‍ നിന്ന് മുക്തനായി എന്ന് വിളംബരം ചെയ്യുകയാണ്. അല്ലാഹുവെ മാത്രമെ ആരാധിക്കുകയുള്ളൂ എന്ന് സ്വയം പ്രതിജ്ഞ ചെയ്യുകയാണ്. തന്റെ മനസ്സില്‍ മനുഷ്യന്‍ അരക്കിട്ടുറപ്പിക്കേണ്ട ഉടമ്പടിയാണിത്. അത് ലംഘിക്കുവാന്‍ പാടില്ല. അല്ലാഹു പറയുന്നു:

''അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നപക്ഷം അത് ലംഘിക്കുന്നതിന്റെ ദോഷഫലം അവനു തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയിലേര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന് മഹത്തായ പ്രതിഫലം അവന്‍ നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 48:10).

അപ്പോള്‍ 'ലാഇലാഹ ഇല്ലല്ലാഹ്' എന്നത് ആരാധനയിലെ അല്ലാഹുവിന്റെ ഏകത്വവിളംബരമാണ്. ഈ പ്രഖ്യാപനത്തിന്റെ ആശയം ഗ്രഹിക്കുകയും അതിന്റെ അനിവാര്യ താല്‍പര്യമെന്നോണം ബഹുദൈവാരാധനയില്‍ നിന്നും മുക്തമായി, അല്ലാഹുവിന്റെ ഏകത്വത്തില്‍ അടിയുറച്ച് വിശ്വസിച്ച് തദനുസരണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. മനസ്സില്‍ വിശ്വാസമില്ലാതെ ഈ വാക്യം ഉരുവിട്ട് പ്രത്യക്ഷത്തില്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നവന്‍ കപടവിശ്വാസിയും.

നാവുകൊണ്ട് ഈ വാക്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടാലും അതിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ശിര്‍ക്ക് ചെയ്യുന്നവന്‍ ദൈവനിഷേധിയെപ്പോലെത്തന്നെയാണ്. ഇതാണ് ഇന്നത്തെ ക്വബ്‌റാരാധകരുടെ അവസ്ഥ. അവര്‍ ഈ വാക്യം ഉരുവിട്ട് കൊണ്ടിരിക്കും. അതിന്റെ ആശയമെന്താണെന്നവര്‍ ഗ്രഹിക്കുന്നില്ല. അവരുടെ ജീവിതരീതിയില്‍ മാറ്റമുണ്ടാക്കുവാനോ കര്‍മങ്ങളെ ശരിപ്പെടുത്തുവാനോ ഉതകുന്ന സ്വാധീനമൊന്നും അതിനില്ല. അതിനാല്‍ 'ലാ ഇല്ലാഹ ഇല്ലല്ലാഹ്' എന്ന് പറയുന്നതിനോടൊപ്പം 'മുഹ്‌യിദ്ദീന്‍ ശൈഖേ... ബദ്‌രീങ്ങളേ' എന്ന് തുടങ്ങി പലരെയും അവര്‍ വിളിക്കുന്നു. അവരോട് സഹായമര്‍ഥിക്കുകയും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്തിഗാസ നടത്തുകയും ചെയ്യുന്നു!

 'ലാ ഇലാഹ  ഇല്ലല്ലാഹ്' എന്ന് നാവുകൊണ്ട് ഉരുവിട്ടാല്‍ തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ് ചിലരുടെ തെറ്റുദ്ധാരണ. അതിനാല്‍ അവിശ്വാസപരമായ കാര്യങ്ങളോ, ശിര്‍ക്ക് പരമായ ചെയ്തികളോ അവനില്‍ നിന്നുണ്ടായാലും അത് പ്രശ്‌നമല്ല എന്നവര്‍ കരുതുന്നു. ശഹാദത്ത് കലിമ (സാക്ഷ്യവാക്യങ്ങള്‍) ചൊല്ലിയാല്‍ നരകത്തില്‍ പ്രവേശിക്കുകയില്ല എന്ന അര്‍ഥത്തില്‍ വന്ന നബിവചനങ്ങളുടെ ബാഹ്യതലങ്ങളെയാണ് ഇവര്‍ അവലംബിക്കുന്നത്. 

എന്നാല്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' പ്രഖ്യാപിച്ച ശേഷം ശിര്‍ക്ക് ചെയ്യാതെ മരണപ്പെടുന്നവരാണ് നബിവചനങ്ങളില്‍ ഉദ്ദേശിക്കപ്പെടുന്നത്. ആത്മാര്‍ഥമായ ഹൃദയത്തോടെ അത് പ്രഖ്യാപിക്കുകയും അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്നവയെ മുഴുവന്‍ കയ്യൊഴിച്ച് അതേ നിലപാടില്‍ മരണപ്പെടുകയും ചെയ്തവരാണവര്‍. അല്ലാഹുവല്ലാത്ത ആരാധ്യരില്‍ വിശ്വസിച്ചുകൊണ്ട്, അപകടം വരുമ്പോള്‍ മരിച്ചവരില്‍ അഭയം കണ്ടെത്തുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരാള്‍ 'ലാഇലാഹ ഇല്ലല്ലാഹ്' എന്നു ഉരുവിട്ടത് കൊണ്ടുമാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന വാദം പ്രമാണങ്ങള്‍ക്കും ബുദ്ധിക്കും യുക്തിക്കും യോജിച്ചതല്ല. എന്തിനാണ് നമ്മള്‍ സര്‍വശക്തനായ അല്ലാഹുവിനെ കൈവിട്ട് അവന്റെ ദുര്‍ബലരായ സൃഷ്ടികളില്‍ അഭയം തേടുന്നത്? അതുകൊണ്ട് ഇഹപര നഷ്ടമല്ലാതെ നേട്ടമില്ല എന്ന് അല്ലാഹു വ്യക്തമാക്കിയത് നമുക്ക് ഉള്‍കൊണ്ടു കൂടേ?  

തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്

ക്വുര്‍ആനിലും സ്ഥിരപ്പെട്ട ഹദീഥുകളിലും വന്ന അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസവും അവ അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കാതിരിക്കലുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. 

''അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍'' (ക്വുര്‍ആന്‍ 20:8).  

''താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും'' (ക്വുര്‍ആന്‍ 59:22-24).

ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ടതാണ് അര്‍റ്വഹ്മാന്‍ എന്നത്. അതില്‍ റഹ്മത്ത് എന്ന വിശേഷണം അടങ്ങിയിരിക്കുന്നു. അസ്സമീഅ് എന്ന നാമത്തില്‍ സംഅ് എന്ന വിശേഷണം അടങ്ങിയിരിക്കുന്നു. ഇങ്ങനെ അല്ലാഹുവിന് ധാരാളം വിശേഷണങ്ങളും നാമങ്ങളും ഉള്ളതായി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. 

''അവനെപ്പോലെ ആരും തന്നെയില്ല, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു'''(ക്വുര്‍ആന്‍ 26:11). ''അവന് തുല്യനായി ആരും തന്നെയില്ല'' (ക്വുര്‍ആന്‍ 112:4). ഈ രണ്ട് വചനങ്ങളിലൂടെ അല്ലാഹു 'തുല്യനായി ആരുമില്ലാത്തവന്‍' എന്ന അവന്റെ വിശേഷണമാണ് നമ്മെ അറിയിക്കുന്നത്.  

അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമാണ് നമ്മുടെ യുക്തിക്കനുസരിച്ച് അവയെ വ്യാഖ്യാനിക്കുവാന്‍ പാടില്ല എന്നത്. ആ വിശേഷണങ്ങളെപ്പറ്റി എങ്ങനെയാണോ അല്ലാഹുവും അവന്റെ റസൂലും നമുക്ക് പറഞ്ഞ് തന്നത് അത് അപ്പടി വിശ്വസിക്കലാണ് നമ്മുടെ ബാധ്യത.

അല്ലാഹു പോരേ?

വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിക്കുന്നതും അവനെ മാത്രം ആരാധിക്കണമെന്നും അവന്റെ സൃഷ്്ടികളെ ആരാധിച്ചാല്‍ സ്വര്‍ഗം നിഷിദ്ധമാണെന്ന് മുന്നറിയിപ്പ് നല്‍കുന്നതും അവഗണിച്ചുകൊണ്ട് അല്ലാഹുവല്ലാത്തവരില്‍ അഭയം പ്രാപിക്കുവാനും സഹായതേട്ടം, ഇസ്തിഗാഥ തുടങ്ങിയ പേരുകളില്‍ ആരാധനകള്‍ വഴിതിരിച്ചുവിടുവാനുമുള്ള ഹീനമായ ശ്രമങ്ങളാണ് പണ്ഡിതവേഷധാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ വാക്കുകളെ പ്രമാണവചനങ്ങളായി മനസ്സിലാക്കുന്ന സാധാരണക്കാര്‍ അതാണ് ഇസ്‌ലാമിന്റെ നേരായ വഴി എന്ന് തെറ്റായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അങ്ങെന നാട്ടിയ കല്ലിനോടും മരത്തിനോടും മണ്‍മറഞ്ഞുപോയവരോടും പ്രാര്‍ഥിക്കുകയും സങ്കടം പറയുകയും ചെയ്യുന്നവരായി അവര്‍ മാറുകയും ചെയ്യുന്നു. ''തന്റെ ദാസന് അല്ലാഹു മതിയായവനല്ലയോ'' (ക്വുര്‍ആന്‍ 39:36) എന്ന അല്ലാഹുവിന്റെ ചോദ്യം ഓരോ വിശ്വാസിയുടെയും മനസ്സില്‍മാറ്റൊലി കൊള്ളേണ്ടതുണ്ട്.