കേരളം കേഴുന്നു

ഉസ്മാന്‍ പാലക്കാഴി

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20
ഒരു നൂറ്റാണ്ടിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തത്തില്‍ വെറുങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. നഷ്ടങ്ങളുടെയും പ്രയാസങ്ങളുടെയും കണക്കെടുപ്പിനപ്പുറം ഈ ദുരന്തം നമ്മോട് പറയുന്ന ചില വസ്തുതകളുണ്ട്. ഓരോ മലയാളിയെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ട പ്രസ്തുതയാഥാര്‍ഥ്യങ്ങളെ അനാവരണം ചെയ്യുന്ന രചന.

കേരളം കേഴുകയാണിന്ന്. ഒരു നൂറ്റാണ്ടിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതിയില്‍ നാടും നാട്ടുകാരും വിറങ്ങലിച്ചു നില്‍ക്കുന്നു. അങ്ങ് ബംഗ്ലാദേശിലും ഒറീസയിലും ഗുജറാത്തിലുമൊക്കെ സംഭവിച്ച പ്രളയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു തള്ളുകയും ഏതായാലും നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലല്ലോ എന്ന് ആശ്വസിക്കുകയും ഞങ്ങളുടേത് ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് അല്‍പമൊക്കെ അഹങ്കരിക്കുകയും ചെയ്ത മലയാളികള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ഇങ്ങനെയൊരു ദുരന്തത്തെ. ഇപ്പോഴും വിശ്വാസം വരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം!

പരിധിവിട്ട മഴയും തല്‍ഫലമായി ഡാമുകള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ പുറത്തേക്കൊഴുക്കിയ വെള്ളവും കൂടിയായപ്പോള്‍ ശരീരധമനികളിലൂടെ രക്തമെന്നപോലെ വെള്ളം കുതിച്ചൊഴുകുകയായിരുന്നു സകല പുഴകളിലൂടെയും കനാലുകളിലൂടെയും തോടുകളിലൂടെയും. ഗ്രാമങ്ങളും നഗരങ്ങളും കായലുകള്‍ക്കു സമാനമായി. വീടുകള്‍ വെള്ളത്തിലായി. അതിനെല്ലാം പുറമെ ഉരുള്‍പൊട്ടലുകള്‍ കൂടി നടന്നപ്പോള്‍ സ്ഥിതിഗതി ഗുരുതരമായി. വീടുകളും ആളുകളും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.

എത്ര പേര്‍ മരണപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്ക് കിട്ടിയിട്ടില്ല. 200ല്‍ പരം ആളുകള്‍ മരണപ്പെട്ടു എന്നാണ് ലഭ്യമായ വിവരം. നിരവധി പാലങ്ങള്‍ തകര്‍ന്നു. റോഡുകള്‍ പലസ്ഥലങ്ങളിലും നിശ്ശേഷം തകര്‍ന്നു, അല്ലാത്തിടങ്ങളിലെല്ലാം പൊട്ടിപ്പൊളിഞ്ഞു. തകര്‍ന്നടിഞ്ഞ വീടുകളും നശിച്ച കൃഷികളും ജീവന്‍ നഷ്ടമായ കന്നുകാലികളും...അതിലെല്ലാമുപരി അത്താണി നഷ്ടപ്പെട്ട കുടുംബങ്ങള്‍, വിധവകളായ സ്ത്രീകള്‍, അനാഥരായ കുഞ്ഞുങ്ങള്‍... തകര്‍ന്നടിഞ്ഞ സ്വപ്‌നസൗധങ്ങള്‍...അതെ, നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം ബാക്കി.

ചെറിയ തുരുത്തുകളിലും ടെറസിന്റെ മുകളിലുമൊക്കെ ഒറ്റപ്പെട്ടുപോയവരുടെ, മരണത്തിന്റെ കാലൊച്ച കേട്ടുള്ള 'രക്ഷിക്കണേ' എന്ന ആര്‍ത്തനാദങ്ങള്‍, വിദൂര സഥലങ്ങളിലുള്ള അവരുടെ ഉറ്റവരുടെ രക്ഷിക്കാനുള്ള യാചനയുടെ നിലവിളികള്‍...ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ഇതെല്ലാം കണ്ടും കേട്ടും കരഞ്ഞത് മലയാളികള്‍ മാത്രമല്ല, ലോകത്ത് മനുഷ്യത്വം മരവിക്കാത്തവരെല്ലാം കരഞ്ഞു.

1924ലെ പ്രളയം

പ്രകൃതിദുരന്തങ്ങള്‍ ഒരു നാടിനെയും അതിന്റെ സംസ്‌കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങള്‍ ലോകത്ത് എത്രയോ ഉണ്ടായിട്ടുണ്ട്. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങള്‍ക്കു സാക്ഷിയായ സംസ്ഥാനമാണ്. ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തമാണ് 'തെണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' എന്നു പഴമക്കാരുടെ ഇടയില്‍ പ്രചാരമുള്ള 1924ലെ വെള്ളപ്പൊക്കം. കൊല്ലവര്‍ഷം 1099 കര്‍ക്കിടക മാസത്തിലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരില്‍ ഇത് അറിയപ്പെടുന്നത്.

1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കേരളത്തില്‍ ഇതിനു മുമ്പ് ഭീകരമായ വെള്ളപ്പൊക്കമുണ്ടായത്. മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയില്‍ കേരളത്തിലെ താഴ്ന്ന ഭാഗങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. മധ്യതിരുവിതാംകൂറിനെയും തെക്കന്‍ മലബാറിനെയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ കാഠിന്യം നമുക്ക് ഊഹിക്കാവുന്നതാണ്. ഇതില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതിന് കണക്കുകളില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. പ്രളയത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. മധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരുന്നത്. ഏറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങി. കുട്ടനാട് പൂര്‍ണമായും വെള്ളത്തില്‍ താഴ്ന്നു. മധ്യതിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങുകയുണ്ടായി. മലബാറിലും പ്രളയം കനത്തതോതില്‍ ബാധിച്ചിരുന്നു. തെക്കെ മലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം പകുതിയിലേറെയും മുങ്ങി. രണ്ടായിരം വീടുകള്‍വരെ നിലംപതിച്ചു.

കേരളത്തിന് സംഭവിച്ച മറ്റൊരു പ്രധാനനഷ്ടം മൂന്നാറിനേറ്റ ആഘാതമായിരുന്നു. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്ന മൂന്നാറില്‍ വൈദ്യുതിയും റോപ്പ് വേയും തീവണ്ടിയും വരെ ഉണ്ടായിരുന്നു; കിലോമീറ്ററുകളോളം പരന്നുകിടന്നിരുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. മലവെള്ളപ്പാച്ചിലും ഒഴുകിവന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്തു. റോഡുകളെല്ലാം നശിച്ചു. റെയില്‍വേ സ്‌റ്റേഷനും റെയില്‍പാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു. ബ്രിട്ടീഷുകാര്‍ അവിടെ വീണ്ടും തേയിലച്ചെടികള്‍ നട്ടും റോഡുകള്‍ നന്നാക്കിയും പഴയ മൂന്നാറാക്കി മാറ്റി. എന്നാല്‍ ആ വെള്ളപ്പൊക്കത്തില്‍ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടം റെയില്‍ഗതാഗതം തന്നെയായിരുന്നു. കുണ്ടള വാലി റെയില്‍വെ എന്ന പേരിലറിയപ്പെട്ടിരുന്ന മൂന്നാറിലെ തീവണ്ടി സര്‍വീസ് ഇന്നും ഒരോര്‍മക്കുറിപ്പായി അവശേഷിക്കുന്നു.

കരിന്തിരി മലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാറിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. പിന്നീടാണ് കോതമംഗലത്തുനിന്ന് മൂന്നാറിലേക്ക് പുതിയ റോഡ് നിര്‍മിച്ചത്. മാസങ്ങളോളം നീണ്ട ദുരിതമാണ് ആ വെള്ളപ്പൊക്കം നാടിന് സമ്മാനിച്ചത്.

1957ല്‍ പെരിയാറിന്റെ തീരത്തെ 60 വില്ലേജുകളെ മഴ ബാധിച്ചു. 1961ലെ മഴയില്‍ വലിയ നാശനഷ്ടമുണ്ടായി. 89 പേര്‍ മരിച്ചു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ, പറവൂര്‍ റോഡ് മുങ്ങി. പറമ്പയം, മംഗലപ്പുഴ പാലങ്ങള്‍ ഭാഗികമായി തകര്‍ന്നു. 1974ല്‍ ഉരുള്‍പൊട്ടലില്‍ നിരവധി ജീവന്‍ നഷ്ടമായി. വൈകി വന്ന മണ്‍സൂണിന്റെ രണ്ടാം പകുതിയിലെ കനത്ത മഴയാണ് അന്ന് നാശം വിതച്ചത്.

ഈ വര്‍ഷം മഴയില്‍ 30.7 ശതമാനം വര്‍ധന സംസ്ഥാനത്ത് ഇതുവരെ പെയ്ത മഴയുടെ അളവില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1600 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 30.7 ശതമാനം അധികമഴയാണ് കേരളത്തില്‍ ഇത്തവണ പെയ്തത്. ഇടുക്കിയും വയനാടുമാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയ ജില്ലകള്‍. അതേസമയം, ഈ നൂറ്റാണ്ടില്‍ കേരളം ഇതുവരെ കാണാത്ത പ്രളയമാണ് ഇപ്പോഴത്തേത്. കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് പതിനഞ്ചുവരെ കേളത്തില്‍ 30.7 ശതമാനം മഴ കൂടുതല്‍ പെയ്തു. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് പതിനഞ്ചുവരെ 1600 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2091.1 മില്ലിമീറ്റര്‍ മഴ കേരളത്തില്‍ പെയ്തു.

തകര്‍ത്തെറിഞ്ഞ അതിര്‍വരമ്പുകള്‍

നദികളും തോടുകളും കരകവിഞ്ഞൊഴുകി ആളുകള്‍ വെട്ടിപ്പിടിച്ചതെല്ലാം തിരിച്ചെടുത്തു; അതിനുമപ്പുറം സകല അതിര്‍വരമ്പുകളും തകര്‍ത്ത് വീടും പാടവും പറമ്പും അങ്ങാടികളും റെയില്‍വേ സ്‌റ്റേഷനുകളും ബസ്‌സ്റ്റാന്റുകളും എന്തിനേറെ വിമാനത്താവളം വരെയും വെട്ടിപ്പിടിച്ച് താല്‍ക്കാലികമായെങ്കിലും അവയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മറ്റു ചില മതില്‍ക്കെട്ടുകള്‍ തകര്‍ന്നടിയുന്നതിനും ഈ മഹാദുരന്തം നിമിത്തമായിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും മതില്‍ക്കെട്ടുകളാണത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ മലയാളി മക്കള്‍ അവിടെ ജാതിയും മതവും പാര്‍ട്ടിയും നോക്കിയില്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിച്ചും സ്പര്‍ധ പടര്‍ത്തി കലാപം നടത്തിയും അധികാരക്കസേരയിലേക്ക് വഴിയൊരുക്കുന്ന പ്രവണത ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാം കണ്ടതാണ്. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലും അത്തരത്തിലുള്ള കുത്സിതനീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നുവോ എന്ന് സംശയം തോന്നിത്തുടങ്ങിയ വേളയിലാണ് പ്രളയം കടന്നുവന്നിരിക്കുന്നത്. എന്നാല്‍ അങ്ങനെ ഭയപ്പെടേണ്ടതില്ല; മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്നവര്‍ തന്നെയാണ് മലയാളികള്‍ എന്ന് തെളിയിക്കാന്‍ ഈ പ്രളയം ഒരു നിമിത്തമായിട്ടുണ്ട് എന്ന് നാം ഏറെ അഭിമാനത്തോടെ മനസ്സിലാക്കുന്നു.

സഹായഹസ്തങ്ങളുടെ പ്രളയം

കേരളത്തിലെ മുഴുവന്‍ ജില്ലകളെയും ഏറ്റക്കുറച്ചിലോടെ ബാധിച്ച പ്രളയ ദുരന്തത്തില്‍ ഫയര്‍ ഫോഴ്‌സും കേരള പൊലീസും സൈന്യവുമെല്ലാം ചെയ്ത സേവനങ്ങള്‍ക്ക് വിലമതിക്കാന്‍ സാധ്യമല്ല. മുഖ്യമന്ത്രിയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ഏറെ ശ്ലാഘനീയമാണ്. സംസ്ഥാനമൊട്ടാകെ ദുരന്തത്തിലേക്ക് കൂപ്പുകുത്തുന്ന ഭയാനകമായ അവസ്ഥയില്‍ സമചിത്തതയോടെ, ജനങ്ങളെ സമാധാനിപ്പിച്ചുകൊണ്ട്, പ്രതിപക്ഷ പാര്‍ട്ടികളെ കൂടി സഹകരിപ്പിച്ചുകൊണ്ട് ദുരന്തത്തെ നേരിടാന്‍ തയ്യാറായ മുഖ്യമന്ത്രിയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

ദുരന്തബാധിതരെ സഹായിക്കുന്ന വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നത് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്. വ്യക്തികളും മത-രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും സഹായത്തിന്റെ പ്രളയം തന്നെ തീര്‍ത്തു എന്ന് പറയാം. ദുരന്തമുഖത്തേക്ക് സഹായിക്കാന്‍ ഒറ്റക്കെട്ടായി എത്തിയ പോലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഈ ഒരുമ പ്രകടമായി. ഭക്ഷണവും വെള്ളവും വസ്ത്രവും മറ്റും ആവശ്യമുള്ളവരുടെ മതവും പാര്‍ട്ടിയും നോക്കിയല്ല ആരും സഹായവുമായി ഓടിച്ചെന്നത്. ആയിരം ആളുകള്‍ക്കുള്ള, അയ്യായിരം ആളുകള്‍ക്കുള്ള ഭക്ഷണം റെഡിയാണ്, ആവശ്യമുള്ള കേന്ദ്രങ്ങള്‍ ബന്ധപ്പെടുക എന്നൊക്കെ പറഞ്ഞുള്ള സന്ദേശങ്ങള്‍ തുരുതുരാ പറക്കുകയായിരുന്നു. അതുപോലെ ആളുകളും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഒഴുകുകയായിരുന്നു; ആകുന്ന സഹായം ചെയ്യാനുള്ള തയ്യാറെടുപ്പുമായി. മലയാളികള്‍ മാത്രമല്ല; മറ്റു ചില സംസ്ഥാന സര്‍ക്കാരുകളും പ്രമുഖവ്യക്തികളും ചില ഗള്‍ഫ് രാജ്യങ്ങളും കേരളത്തിന് സഹായ ഹസ്തം നീട്ടിയിട്ടുണ്ട്.

പ്രളയാനന്തരം

മഴയുടെ ശക്തി കുറയും. ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തും. അതോടെ വെള്ളം വലിയും. ദുരന്തബാധിതര്‍ സ്വഭവനങ്ങളിലേക്ക് മടങ്ങും. എന്നാല്‍ വീട് മുഴുവനായും നശിച്ചവര്‍ എവിടേക്ക് മടങ്ങും? അവര്‍ക്ക് പുതിയ വീട് വേണം. പല വീടുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ടാകും. ഭാഗികമായി കേടുപാടുകള്‍ പറ്റിയിട്ടുണ്ടാകും. വിലകൂടിയ ഉപകരണങ്ങളടക്കം വീട്ടിലെ മുഴുവന്‍ വസ്തുക്കളും ഉപയോഗശൂന്യമായിട്ടുണ്ടാകും. കിണറുകള്‍ ഇടിഞ്ഞുതാഴുകയോ ഉപയോഗിക്കാന്‍ പറ്റാത്തവിധം അതിലെ വെള്ളം മലിനമാവുകയോ ചെയ്തിട്ടുണ്ടാകും. കുട്ടികളുടെ പാഠപുസ്തകങ്ങളും യൂനിഫോമുകളുമൊക്കെ നശിച്ചിട്ടുണ്ടാകും. എല്ലാവരുടെയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം വേണം. എല്ലാം ഞൊടിയിടക്കുള്ളില്‍ നടക്കില്ല. എങ്കിലും സാധ്യമാകുന്നത്ര വേഗത്തിലാകണം. പ്രശ്‌ന പരിഹാരത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. സഹായം കിട്ടിയവര്‍ക്കു തന്നെ കിട്ടുകയും ചിലര്‍ക്ക് ഒട്ടും കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകരുത്.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ 10 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഭക്ഷണക്കിറ്റുകള്‍, സ്‌കൂള്‍കിറ്റുകള്‍, വീടുനിര്‍മാണം, വീട്ടുപകരണങ്ങള്‍, വസ്ത്രം, ഉപജീവനമാര്‍ഗം, മെഡിക്കല്‍ എയ്ഡ് എന്നീ ആവശ്യങ്ങള്‍ക്കായാണ് ഫണ്ട് ചെലവഴിക്കുക.

ഒറ്റപ്പെട്ട അപശബ്ദങ്ങള്‍

എന്നാല്‍ ചില അപശബ്ദങ്ങള്‍ ഉയര്‍ന്നതും നാം കാണാതിരുന്നുകൂടാ. പ്രളയം ബാധിച്ച കേരളത്തിലുള്ളവരെല്ലാം ധനികരാണെന്നും അവര്‍ക്ക് സഹായമൊന്നും വേണ്ടെന്നുമൊക്കെ മലയാളിയെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി ഓഡിയോ സന്ദേശം വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചത് കേള്‍ക്കാനിടയായി. മെഴുകുതിരി, നാപ്കിന്‍ പോലുള്ള വസ്തുക്കളൊന്നും മധ്യവര്‍ഗ, ഉപരി മധ്യവര്‍ഗക്കാരായ മലയാളികള്‍ക്ക് ആവശ്യമില്ലെന്ന് ഇയാള്‍ പറയുന്നു. ഇംഗ്ലീഷിലാണ് സന്ദേശം. കേരളത്തിലെ ദുരിതബാധിതര്‍ക്ക് ധനസഹായമെത്തിക്കാന്‍ സന്നദ്ധത കാണിക്കുന്ന വിദേശികള്‍ക്കിടയിലും മറ്റ് സംസ്ഥാനക്കാര്‍ക്കിടയിലും മറ്റും ഏറെ തെറ്റിദ്ധാരണ പരത്താനിടയുള്ളതാണ് ഇംഗ്ലീഷില്‍ ഇയാള്‍ നല്‍കുന്ന സന്ദേശം. ആര്‍എസ്എസിന്റെ സംഘടനയായ സേവാ ഭാരതിക്ക് മാത്രം പണമയക്കാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. അതുപോലെ സമൂഹമാധ്യമങ്ങളിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും അവമതിക്കുന്ന പോസ്റ്റിട്ട ചിലരെയും കാണാനായി.

മുതലെടുപ്പ്

കുട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ മനുഷ്യര്‍ ഏത് ഭാഗത്തുണ്ടെന്ന് തന്റെ അഭൗതികശക്തികൊണ്ട് ഒരാള്‍ പ്രവചിച്ചു എന്ന് പ്രചരിപ്പിച്ച് ആത്മീയ ചൂഷണത്തിലേക്ക് ഒഴുക്കുവര്‍ധിപ്പിക്കാന്‍ ശ്രമിച്ച സംഭവം വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. പ്രളയത്തിന്റെ കാര്യത്തിലും സാമൂഹ്യമാധ്യമങ്ങള്‍ വഴി ചിലര്‍ ഇത്തരം മുതലെടുപ്പിന് ശ്രമിച്ചതായി കണ്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനത്തിന്റെ അനന്തരഫലമാണ് ഈ ദുരന്തം എന്ന് ഒരു കൂട്ടര്‍. ചില മണ്‍മറഞ്ഞുപോയ ഔലിയാക്കളെയും പണ്ഡിതന്മാരെയും പുത്തന്‍വാദികള്‍ അവമതിച്ചതിന്റെ ദുരന്തഫലമാണിതെന്ന് മറ്റൊരുകൂട്ടര്‍. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ ക്വുര്‍ആനില്‍ തെളിവുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രസ്താവിച്ച ഒരു പണ്ഡിതന്‍ ഈ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിനോട് തേടുകയേ വഴിയുള്ളൂ എന്ന് പ്രസ്താവിച്ചത് നല്ലൊരു മാറ്റത്തിന്റെ സൂചനയാണ്. എന്നാല്‍ പ്രസ്തുത പണ്ഡിതന്റെ നേതൃത്വത്തിന് കീഴില്‍ നില്‍ക്കാത്തതും അദ്ദേഹത്തെ അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകാത്തതുമാണ് പ്രളയത്തിനു കാരണം എന്നും ഫെയസ്ബുക്കിലൂടെ ചിലല്‍ ്രപചരിപ്പിക്കുന്നത് കണ്ടു.

അന്ധവിശ്വാസങ്ങള്‍

ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ മനുഷ്യക്കുരുതി പ്രളയത്തിന്റെ പേരിലായിരുന്നു എന്ന കണ്ടെത്തല്‍ അടുത്ത കാലത്ത് നടന്നിട്ടുണ്ട്. കൊന്നുതള്ളിയത് 140 കുരുന്നുകളെയാണ്. ഇത്രയേറെ കുട്ടികളെ ഒറ്റയടിക്കു കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത് പെറുവില്‍ നിന്നാണ്. പെറുവിലെ വടക്കന്‍ തീരപ്രദേശത്ത് 550 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ മൃഗീയ നരബലി സംഭവിച്ചത്. ഇന്നത്തെ ട്രുഹിയോ നഗരത്തിനു സമീപമാണ് ആര്‍ക്കിയോളജിസ്റ്റുകള്‍ ഇതു സംബന്ധിച്ച നിര്‍ണായക തെളിവുകളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. പെറുവിലെ ചിമു നാഗരികത പടര്‍ന്നു പന്തലിച്ചത് ഈ മേഖലയെ കേന്ദ്രീകരിച്ചാണ്. അതിനാല്‍ത്തന്നെ നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന പ്രാകൃത ആചാരങ്ങളിലേക്കുള്‍പ്പെടെയാണ് കണ്ടെത്തല്‍ വെളിച്ചം വീശുന്നത്.

വാഷിങ്ടണിലെ നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെ ധനസഹായത്തോടെ നടത്തിയ ഗവേഷണമാണ് ലോകത്തിനു മുന്നിലേക്ക് ഈ നിര്‍ണായക വിവരമെത്തിച്ചത്. നാഷനല്‍ ജ്യോഗ്രഫിക് വെബ്‌സൈറ്റിലൂടെയാണ് ഇതിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നത്. 140 കുട്ടികള്‍ക്കൊപ്പം പെറുവില്‍ കാണപ്പെടുന്ന ലാമ എന്ന ജന്തുവിനെയും ബലി നല്‍കിയിരുന്നുവത്രെ. രോമത്തിനായി വളര്‍ത്തുന്ന ഈ ജന്തുക്കളില്‍ ഇരുനൂറിലേറെ എണ്ണത്തിനെയാണ് കുട്ടികള്‍ക്കൊപ്പം ബലി നല്‍കിയത്, അതും ഒറ്റയടിക്ക്! ലോകത്ത് ഇന്നേവരെ ഇത്രയും ഞെട്ടിക്കുന്ന ഒരു കണ്ടെത്തല്‍ ആരും നടത്തിയിട്ടുണ്ടാകില്ലെന്ന് മുഖ്യഗവേഷകരിലൊരാളായ ജോണ്‍ വെറാനൊ പറയുന്നു. ഇതാദ്യമായല്ല ഇവിടെ നരബലിയുടെ തെളിവുകള്‍ ലഭിക്കുന്നത്. 2011ല്‍ ഒരു ക്ഷേത്രാവശിഷ്ടത്തിനു സമീപം നടത്തിയ ഉദ്ഖനനത്തില്‍ 40 പേരെ നരബലി നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ഒപ്പം 74 ലാമകളെയും. 3500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ സമീപമായിരുന്നു ഉദ്ഖനനം. കണ്ടെത്തിയ 140 കുട്ടികളുടെ അസ്ഥികൂടങ്ങളില്‍ ഭൂരിപക്ഷവും എട്ട് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. അഞ്ചു വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും ഉണ്ടായിരുന്നു. നരബലിയാണെന്നു തിരിച്ചറിയാനുള്ള തെളിവുകളും അവശിഷ്ടങ്ങളിലുണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും നെഞ്ചിലെ എല്ലു തകര്‍ക്കുന്ന വിധം മാരകായുധം കൊണ്ടു വെട്ടിയിട്ടുണ്ട്. എല്ലാവരുടെയും വാരിയെല്ലുകളില്‍ ചിലതും നീക്കിമാറ്റിയിട്ടുണ്ട്. ഹൃദയം എടുത്തുമാറ്റാനായിരുന്നു ഇതെന്നാണു നിഗമനം. ഭൂരിപക്ഷം കുട്ടികളുടെയും ദേഹത്ത് ചുവന്ന ചായം പുരട്ടിയിരുന്നതിന്റെ തെളിവുകളുമുണ്ടായിരുന്നു. നരബലിക്കു മുന്‍പു ദേഹത്തു നിറം പൂശുന്നത് പുരാതന കാലത്തെ പ്രത്യേകതയായിരുന്നു. ലാമകളെയും മാരകായുധം കൊണ്ടു വെട്ടിയാണു ബലി നല്‍കിയിരിക്കുന്നത്. ഇവയും 18 മാസത്തില്‍ താഴെ മാത്രം പ്രായമുള്ളവയായിരുന്നു. ആന്‍ഡിസ് പര്‍വത നിരകളെ അഭിമുഖീകരിച്ചാണ് എല്ലാ മൃതദേഹങ്ങളും സംസ്‌കരിച്ചിരുന്നത്.

എന്താണ് ഇത്തരമൊരു ക്രൂരബലിയിലേക്ക് പെറുവിലെ തീരമേഖലയില്‍ ജീവിച്ചിരുന്നവരെ നയിച്ചത് എന്ന ചോദ്യത്തിനും ഗവേഷകര്‍ക്ക് ഉത്തരമുണ്ട്. ബലി നടത്തി സംസ്‌കരിക്കപ്പെട്ടവരുടെ മേലുള്ള മണ്ണിന്റെ ഒരു പാളിയാണ് അതു സംബന്ധിച്ച സൂചന നല്‍കിയത്. അതിശക്തമായ മഴയിലൂടെയും വെള്ളപ്പൊക്കത്തിലൂടെയുമാണ് ചെളിയുടെ അത്തരം പാളികള്‍ ശവക്കല്ലറകള്‍ക്കു മേല്‍ ഉണ്ടാകുന്നതെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. അതായത്, ശക്തമായ പ്രളയത്തില്‍ വലഞ്ഞിരിക്കുകയായിരുന്നു തീരമേഖലയിലെ ജനങ്ങള്‍. എല്‍നിനോ പോലുള്ള ഒരു കാലാവസ്ഥാ പ്രതിഭാസമായിരിക്കാം ഇതിനു കാരണമായത്. താരതമ്യേന വരണ്ട ഈ തീരമേഖലയില്‍ ഇത്തരമൊരു പ്രളയം സൃഷ്ടിക്കാവുന്ന ദുരന്തം ഊഹിക്കാവുന്നതേയുള്ളൂ. കടലില്‍ പോകുന്നതിനെ ഇതു തടഞ്ഞു. മാത്രവുമല്ല കൃഷിക്കു വേണ്ടി മികച്ച രീതിയില്‍ ചിമു വിഭാഗക്കാര്‍ നിര്‍മിച്ച കനാലുകളെല്ലാം പ്രളയത്തില്‍ തകര്‍ന്നു, പ്രവര്‍ത്തനം താളം തെറ്റി.

കൃഷിയും മത്സ്യബന്ധനവും നിലച്ച് ജീവിതം ദുരിതമായതോടെയായിരിക്കാം നരബലിയെപ്പറ്റി അവര്‍ ചിന്തിച്ചത്. പ്രകൃതിദുരന്തങ്ങളെ തടയാന്‍ പ്രാചീനകാലത്ത് നരബലി പതിവായിരുന്നുവെന്നത് മിക്ക നാഗരികതകളെയും പറ്റിയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 'പ്രകൃതിദേവത'യെ അടക്കാന്‍ ഏറ്റവും ഉത്തമ മാര്‍ഗമായി പലരും കരുതിയിരുന്നത് കുട്ടികളുടെ കുരുതിയാണ്. എന്നാല്‍ ചിമു വിഭാഗക്കാര്‍ ആദ്യം മുതിര്‍ന്നവരെ ബലി നല്‍കിയതായാണു തെളിഞ്ഞിരിക്കുന്നത്. അത് പരാജയപ്പെടുകയും മഴ പിന്നെയും ശക്തമാകുകയും ചെയ്തപ്പോഴാണ് 140 കുട്ടികളെ ഒറ്റയടിക്കു കുരുതി കൊടുത്തത്. ഉദ്ഖനനത്തിനിടെ കണ്ടെത്തിയ വസ്ത്രത്തുണ്ടുകളില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ്ങില്‍ നിന്ന് ഈ കുരുതി നടന്നത് എഡി 1400നും 1450നും ഇടയിലാണെന്നു തെളിഞ്ഞിട്ടുണ്ട്.

ആദ്യപ്രളയം

മാനവ ചരിത്രത്തില്‍ ആദ്യത്തെ പ്രളയം നടന്നത് നൂഹ്‌നബിൗയുടെ കാലത്താണെന്ന് വിശുദ്ധ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ച നൂഹ്‌നബിൗയെ നിഷേധിക്കുകയും പരിഹസിക്കുകയും സത്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്ത ജനതയ്ക്കുള്ള ശിക്ഷയായിട്ടാണ് ആ പ്രളയമുണ്ടായത്. നമ്മുടെ ഭാവനകള്‍ക്കുമപ്പുറം ഭീതിതമായിരുന്നു ആ പ്രളയം.

''അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു...'' (ക്വുര്‍ആന്‍ 54:11,12).

ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. അങ്ങനെ അടുപ്പുകളില്‍ നിന്ന് വരെ വെള്ളം ഉറവായി വരാന്‍ തുടങ്ങി. ചുരുക്കത്തില്‍, വിണ്ണില്‍ നിന്നും മണ്ണില്‍നിന്നും വെള്ളം വന്നുതുടങ്ങി. അത് വലിയ പ്രളയമായി മാറി. പര്‍വത തുല്യമായ തിരമാലകള്‍ ഉണ്ടായിത്തുടങ്ങി. അങ്ങനെ ആ വെള്ളത്തിലൂടെ നൂഹ്ൗയും കൂടെയുള്ളവരും കപ്പലില്‍ കയറി രക്ഷപ്പെട്ടു. പര്‍വത തുല്യമായ തിരമാലകള്‍ക്കിടയിലൂടെ കപ്പല്‍ അവരെയും കൊണ്ട് സഞ്ചരിച്ചു എന്ന് ക്വുര്‍ആന്‍ (11:42) പറയുന്നതില്‍നിന്ന് ആ പ്രളയത്തിന്റെ ഭയാനകത വ്യക്തമാകുന്നു.

മനുഷ്യര്‍, എത്ര നിസ്സാരജീവികള്‍!

ദ്രോണാചാര്യ പബ്ലിക്കേഷന്‍സ് 2005 മാര്‍ച്ചില്‍ പുറത്തിറക്കിയ 'വിജ്ഞാനച്ചെപ്പ്' എന്ന ബൃഹത്ഗ്രന്ഥത്തില്‍ 'സുനാമി' എന്ന പേരിലുള്ള ഒന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ 'മനുഷ്യര്‍, എത്ര നിസ്സാരജീവികള്‍' എന്ന തലക്കെട്ടിനു താഴെ കൊടുത്ത വാക്കുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. അത് ഇങ്ങനെ വായിക്കാം: ''2004 ഡിസംബര്‍ 24ന് സുമാത്രാ ദ്വീപു മുതല്‍ ആഫ്രിക്കയുടെ തീരങ്ങളിലൂടെ മരണതാണ്ഡവമാടിയ രാക്ഷസത്തിരമാല, നാം മനുഷ്യര്‍ വളരെ നിസ്സാരജീവികളാണെന്ന സത്യം എത്ര നിശിതമായാണ് നമ്മുടെ മുന്നില്‍ തുറന്നുകാട്ടുന്നത്. ആര്‍ത്തികള്‍, മത്സരങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍ എല്ലാം നിമിഷനേരം കൊണ്ട് അവസാനിക്കുന്നു. നമുക്ക് വെള്ളവും വെളിച്ചവും തരുന്ന പ്രകൃതി അമ്മ മാത്രമല്ല, സംഹാരരുദ്രകൂടിയാണെന്ന് ഓര്‍മിപ്പിക്കുമ്പോള്‍ നാം കൂടുതല്‍ വിനയാന്വിതരാകേണ്ടിയിരിക്കുന്നു. ചതിച്ചും കൊന്നും കെട്ടിപ്പടുക്കുന്ന മഹാസൗധങ്ങളും ശാസ്ത്രത്തിന്റെ ശൂന്യാകാശത്തേക്കുള്ള പറക്കലുകളും പ്രകൃതിയുടെ ചെറിയൊരു കലിതുള്ളലിനു മുന്നില്‍ ഒന്നുമല്ലെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.'''

ഇതിലെ ചില പദപ്രയോഗങ്ങളോട് നമുക്ക് യോജിക്കാന്‍ കഴിയില്ലെങ്കിലും മൊത്തത്തിലുള്ള ആശയം നാം ഉള്‍ക്കൊള്ളേണ്ടതാണ്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി 'ദൈവമില്ല; ഉണ്ടെങ്കില്‍ ആ ദൈവം തോറ്റിരിക്കുന്നു' എന്നൊക്കെ പരിഹസിക്കുന്ന യുക്തിവാദികള്‍ക്കും നിരീശ്വരാവാദികള്‍ക്കും പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങള്‍ കൃത്യമായ മറുപടി നല്‍കുന്നുണ്ട്. മനുഷ്യകഴിവുകളൊക്കെ നിഷ്ഫലമാകുന്ന നിമിഷം 'മുകളില്‍ ഒരാളുണ്ട്' എന്ന ചിന്ത നിരീശ്വരവാദികയുടെ ഉള്ളിലുമുണരും എന്നതില്‍ സംശയമില്ല; അവര്‍ നിഷേധിച്ചാലും.

നമ്മുടെ നിസ്സാരതയും ദുര്‍ബലതയും നാം തിരിച്ചറിയേണ്ടതുണ്ട്. ദുരയും ആര്‍ത്തിയും അഹന്തയും വെടിഞ്ഞ് വിനയാന്വിതരായി ജീവിതം നയിക്കേണ്ടതുണ്ട്. പ്രപഞ്ച സ്രഷ്ടാവ് സര്‍വശക്തനാണെന്ന ബോധം നമ്മിലുണ്ടാകേണ്ടതുണ്ട്. അവന്റെ കല്‍പനാനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരാണ് ബുദ്ധിമാന്മാര്‍. അവരാണ് യഥാര്‍ഥ വിജയം പ്രാപിക്കുന്നവര്‍.