സമാധാനത്തെ ഭയക്കുന്ന ഫാസിസം

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23
സമാധാനത്തിന്റെ സന്ദേശമായ ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നവരോടുള്ള സംഘപരിവാറിന്റെ കലിപ്പിന് മതപരമായ വെറുപ്പിലുപരി രാഷ്ട്രീയമായ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. വര്‍ഗീയത, തീവ്രവാദം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, രാജ്യദ്രോഹം തുടങ്ങിയ മാനവ വിരുദ്ധങ്ങളായ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും അതിശക്തമായി എതിര്‍ക്കുകയും അവക്കെതിരെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടിപ്പിച്ചും രചനാത്മകമായി ഇടപെടുന്നവരെ ഫാസിസ്റ്റുകള്‍ സ്വസ്ഥമായി ജീവിക്കാനനുവദിക്കില്ല എന്നതാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയം. അത് തന്നെയാണ് പാഠപുസ്തക വിവാദത്തിന്റെ പേരില്‍ ഇപ്പോള്‍ എം.എം അക്ബറിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളുടെ അടിസ്ഥാനവും.

പ്രബോധകന്‍മാര്‍ക്കുള്ളപരീക്ഷണം ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. ദൈവികമായ സവിശേഷ സഹായം കൊണ്ട് സമ്പന്നമാക്കപ്പെട്ട പ്രവാചകന്‍മാര്‍ പോലും അതില്‍ നിന്ന് മുക്തരായിട്ടില്ല. ഏത് കോണില്‍ നിന്ന് വന്നാലും ലക്ഷ്യബോധമുള്ള പ്രബോധകരെ അത് തളര്‍ത്തുകയോ നിശബ്ദമാക്കുകയോ ചെയ്യുകയില്ലെന്നു മാത്രമല്ല, പൂര്‍വോപരി ശക്തമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ കരുതലോടെ സംഘടിപ്പിക്കുന്നതിനുള്ള ഊര്‍ജവും ആവേശവും സമ്മാനിക്കുകയാണ് ചെയ്യുക. ഗ്രന്ഥകാരനും ഇസ്‌ലാമിക പ്രഭാഷകനും പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ഡയറക്ടറുമായ എം.എം അക്ബറിനെതിരെ എടുത്തിട്ടുള്ള കേസും അങ്ങനെത്തന്നെയാകും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. കേരളത്തില്‍ സമാധാനത്തിന്റെ ദൈവിക സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെയും അദ്ദേഹത്തെപ്പോലെയുള്ളവരുടെയും എഴുത്തിനെയും പ്രഭാഷണങ്ങളെയും ധൈഷണിക സംവാദങ്ങളെയും ഭയപ്പെടുന്നത് ഫാസിസ്റ്റ് ശക്തികളാണ്. കാരണമവര്‍ ഏറ്റവും  ഭയപ്പെടുന്നത് സമാധാനത്തെയാണ്. 

സമാധാനാന്തരീക്ഷങ്ങളില്‍ ഫാസിസത്തിന് വേരൂന്നാന്‍ സാധിക്കില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. സമാധാനത്തോടെയും സഹവര്‍ത്തിത്തത്തോടെയും സോഷ്യലിസ്റ്റ് ചിന്തകളില്‍ ജീവിച്ചിരുന്ന യൂറോപ്യന്‍ ജനതയില്‍ അമിത ദേശീയവികാരം കത്തിച്ചുകൊണ്ടാണ് ഇറ്റലിയില്‍ ബെനിറ്റോ മുസ്സോളനിയും ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറും അധികാരത്തിലേറിയത്. 'ഫാസിഡികൊമ്പാറ്റിമെന്റോ' എന്ന പേരില്‍ 1919ല്‍ ഇറ്റലിയില്‍ മുസ്സോളനി സ്ഥാപിച്ച പ്രസ്ഥാനത്തില്‍ നിന്നാണ് ഫാസിസമെന്ന പദത്തിന്റെ ഉദ്ഭവം. ഒന്നാം ലോക യുദ്ധത്തിന് ശേഷമുണ്ടായ യുദ്ധാനന്തര ദുരിതങ്ങള്‍ അനുഭവിച്ചിരുന്ന ഇറ്റലിയിലെ സാധാരണക്കാരന്റെ ദുര്‍ബല മനസ്സില്‍ അമിതവാഗ്ദാനങ്ങള്‍ നല്‍കി തീവ്രദേശീയത കുത്തിവെച്ചുകൊണ്ടാണ് മുസ്സോളനി ഇറ്റലിയുടെ ചോദ്യം ചെയ്യപ്പെടാത്ത ചക്രവര്‍ത്തിയായി അവരോധിതനായത്. പതിനൊന്നു വര്‍ഷത്തിനു ശേഷം മുസ്സോളനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയുടെ അതേ ചിന്തകളുമായി ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാസി പാര്‍ട്ടി ജര്‍മനിയിലും അധികാരത്തിലെത്തി. രണ്ടും പേരും വലിയൊരു സമൂഹത്തിന്റെ പിന്തുണയുള്ള ഏകാധിപതികളായിരുന്നു. ചരിത്രം പരിശോധിക്കുമ്പോള്‍ അധികാരപ്രമത്തനായ ഒരു ഏകാധിപതിയുടെ സ്വേച്ഛാഭരണമായി ഫാസിസത്തെ കാണാന്‍ കഴിയില്ല. പ്രത്യുത, മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയമായ ഒരു സമൂഹത്തിന്റെ പിന്തുണയോടെയുള്ള ഭൂരിപക്ഷ ഭരണമാണ് ഫാസിസം. ചിന്താശേഷിയെ മരവിപ്പിക്കുകയും തീവ്ര ദേശീയതയിലൂടെ ചരിക്കുകയും ഇതരവിഭാഗങ്ങളെ ശത്രുതയോടെയും സംശയത്തോടെയും നോക്കിക്കാണുകയും ചെയ്യുക എന്നതാണ് ഫാസിസത്തിന് വിധേയമായ ജനതയുടെ പ്രകൃതിപരമായ സ്വഭാവം. അതിവൈകാരികതയിലാണ് ഫാസിസം പടുത്തുയര്‍ത്തപ്പെടുന്നത്. ഫാസിസ്റ്റ് നേതാക്കളുടെ അഭിസംബോധന ശൈലികളും അങ്ങനെയാണ്. ലിബിയയില്‍ ഉണ്ടായിരുന്ന ഇസ്‌ലാമിക സമൂഹത്തെ പോലും ബ്രിട്ടനും ഫ്രാന്‍സിനുമെതിരെ ആളെക്കൂട്ടുക എന്ന തന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കൂടെ നിര്‍ത്താന്‍ മുസ്സോളനിക്ക് സാധിച്ചിരുന്നതായി കാണാന്‍ കഴിയും. പൊതുവെ ശാന്തപ്രകൃതക്കാരായിരുന്ന ഇറ്റാലിയന്‍ ജനതയെ ക്ഷുഭിതവും പ്രക്ഷുബ്ധവുമായ ഒരു ജനതയാക്കി മാറ്റാന്‍ മുസോളിനിയുടെ വിദ്യാഭ്യാസ പദ്ധതിക്ക് സാധിച്ചു. ബലില്ല അവഗാര്‍ഡിസ്‌കി എന്ന പേരില്‍ ഒരു ആയുധപരിശീലന കളരി ഇതിനായി മുസ്സോളനി സ്ഥാപിച്ചു. സ്വന്തമായി ആവിഷ്‌കരിച്ച ആശയങ്ങളില്‍ അഭിരമിച്ചും പാരമ്പര്യങ്ങളില്‍ ദുരഭിമാനം വര്‍ധിപ്പിച്ചും മിത്തുകളും കെട്ടുകഥകളും പഠനവിഷയങ്ങളാക്കിയും ഒരു സമൂഹത്തിന്റെ ചിന്തയെ ഉറക്കിക്കിടത്തി മറ്റുള്ളവര്‍ക്കെതിരെയുള്ള വികാരങ്ങള്‍ ആളിക്കത്തിച്ചുകൊണ്ട് സ്വന്തം അധികാരത്തെ നിലനിര്‍ത്താനാണ് അവരിരുവരും ശ്രമിച്ചുവന്നത്. ചിന്താശേഷിയില്ലാത്ത മനസ്സുകളിലാണ് അസഹിഷ്ണുതകള്‍ കൂടു കെട്ടുക. അവിടങ്ങളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കില്ല. സമാധാനത്തിന്റെ ദര്‍ശനങ്ങളോടും സന്ദേശവാഹകരോടും അവര്‍ക്ക് പുച്ഛമായിരിക്കും. ഫാസിസത്തോടു വിയോജിക്കുന്നവരെ മുഴുവന്‍ കശാപ്പ് ചെയ്യുക എന്നതാണ് ഫാസിസ്റ്റ് രീതി. മുസോളനിയുടെ കായിക വിഭാഗമായ ബ്ലാക്ക് ഷെര്‍ട്ടേഴ്‌സ് ആറു ലക്ഷത്തിലധികം പേരെ കശാപ്പ് ചെയ്തപ്പോള്‍ ഹിറ്റ്‌ലറുടെ നാസിതാല്‍ പാര്‍ട്ടി 110 ലക്ഷം പേരെയാണത്രെ കൊന്നൊടുക്കിയത്. 

1920കളില്‍ മുസ്സോളനിയും ഹിറ്റ്‌ലറും ഫാസിസത്തെയും നാസിസത്തെയും രൂപകല്‍പന ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ ഇന്ത്യയില്‍ അമിതദേശീയതയിലൂന്നിയ ഫാസിസത്തെ വളര്‍ത്തിക്കൊണ്ടുവരാനുള്ള പ്രക്രിയകള്‍ ആരംഭിച്ചിരുന്നു. ഇറ്റാലിയന്‍-ജര്‍മന്‍ ഫാസിസത്തെ പോലെ കേവല ദേശീയവാദമല്ല സവര്‍ക്കറും ഹെഡ്‌ഗേവാറും രൂപകല്‍പന നല്‍കിയ ഇന്ത്യന്‍ ഫാസിസതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതര മതങ്ങളെയും സംസ്‌കാരങ്ങളെയും ഇന്ത്യന്‍ മണ്ണില്‍ നിന്നും തുരത്തുകയെന്ന അതിഭീകരമായ ലക്ഷ്യം അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു. ഹിന്ദുത്വത്തെ അടിസ്ഥാനമാക്കിയുള്ള സങ്കീര്‍ണമായ രാഷ്ട്രീയമാണ് അവര്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലൂടെ ആര്‍ജിച്ചെടുത്ത രാഷ്ട്രീയ മുന്നേറ്റത്തെ ഹിന്ദുത്വമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമായിരുന്നു. ആര്യസമാജവും ബ്രഹ്മസമാജവുമെല്ലാം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ നിര്‍ണയിക്കുന്ന തരത്തിലേക്ക് വളര്‍ന്നുവന്ന കാലഘട്ടത്തെ '1857ലെ സ്വാതന്ത്ര്യ സമരം' എന്ന പുസ്തകത്തില്‍ ഹിന്ദുത്വയുടെ ഉപജ്ഞാതാവ് ദാമോദര്‍ വിനായക് സവര്‍ക്കര്‍ അനാവരണം ചെയ്യുന്നുണ്ട്. പക്ഷെ, 1885ല്‍ ദേശീയ പ്രസ്ഥാനമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പിറവി കൊണ്ടതോടെ സവര്‍ക്കരുടെയും ഇന്ത്യന്‍ ഫാസിസ്റ്റുകളുടെയും പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവമില്ലാതിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവി മറ്റൊന്നാകുമായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹിന്ദുത്വ ദേശീയതയില്‍ അധിഷ്ഠിതവും ഇതര മതങ്ങളും സംസ്‌കാരങ്ങളും നാമാവശേഷമാവുകയും ചെയ്തുകൊണ്ട് മറ്റൊരു റോഹിന്‍ഗ്യയായി ഇന്ത്യ മാറുമായിരുന്നു. അപരത്വങ്ങളെ അംഗീകരിക്കാത്ത ഹൈന്ദവ സാംസ്‌കാരിക ദേശീയതയാണ് സവര്‍ക്കറും പിന്നീട് ആര്‍.എസ്.എസ് സ്ഥാപിച്ച ഹെഡ്‌ഗേവാറും സ്വപ്‌നം കണ്ടതും സ്ഥാപിക്കാന്‍ ശ്രമിച്ചതും. ഇത്തരത്തില്‍ സ്ഥാപിക്കപ്പെടുന്ന ദേശീയതയില്‍ നിന്നും സ്വാഭാവികമായി പുറംതള്ളപ്പെടുന്ന ഇതര മത സംസ്‌കാര ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയാസ്തിത്വവും സ്വത്വപ്രാതിനിധ്യവും നല്‍കുന്ന ഒരു ഭരണഘടനക്ക് അംബേദ്കറും കോണ്‍ഗ്രസ്സും രൂപം നല്‍കിയതോടെ ഹിന്ദുത്വവാദികളുടെ സ്വപ്‌നങ്ങള്‍ തട്ടിത്തകര്‍ന്നു. അതുകൊണ്ടുതന്നെയാണ് ഭരണഘടനക്കെതിരെ തുടക്കം മുതലേ അതിശക്തമായ അസഹിഷ്ണുത വെച്ചുപുലര്‍ത്താന്‍ സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികളെ പ്രേരിപ്പിച്ചുകൊണ്ടിരിരുന്നത്. ഈ അസഹിഷ്ണുത തന്നെയാണ് ഹിന്ദുത്വ ഫാസിസത്തിന്റെ പ്രസക്തി കാലാകാലങ്ങളായി നിര്‍വചിച്ചു പോരുന്നത്. ഹിന്ദുത്വ ദേശീയത പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരങ്ങളോട് യോജിക്കാത്ത മതവിഭാഗങ്ങളോട് മാത്രമല്ല തങ്ങളുടെ ഇംഗിതങ്ങളോട് വിയോജിക്കുന്ന മുഴുവന്‍ വ്യക്തികളോടും സമൂഹങ്ങളോടും അസഹ്യമായ അസഹിഷ്ണുത പുലര്‍ത്തുകയെന്നത് ഫാസിസ്റ്റുകളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ്. ഉന്മൂലന രാഷ്ട്രീയവും അപമാനവീകരണവുമെല്ലാമാണ് ഫാസിസ്റ്റുകള്‍ ലക്ഷ്യത്തിലെത്തുന്നതിനുള്ള മാര്‍ഗമായി കണ്ടിട്ടുള്ളത്. മഹാത്മജി മുതല്‍ എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് വരെയുള്ളവരെ വകവരുത്തിയത് മതവിരോധം കൊണ്ടായിരുന്നില്ല, മറിച്ച് ഫാസിസത്തെ ആശയപരമായി അംഗീകരിക്കാത്തതുകൊണ്ടും അതിന്റെ പ്രചാരണത്തില്‍ തടസ്സം നിന്നതു കൊണ്ടുമായിരുന്നു. 

അസഹിഷ്ണുതയും അസമാധാനവും അശാന്തിയും പടര്‍ത്തിയെങ്കിലേ ഫാസിസത്തിന് ലോകത്തെവിടെയും നിലനില്‍ക്കാന്‍ സാധിക്കൂ എന്ന സത്യമാണ് ഇതെല്ലം വിളിച്ചോതുന്നത്. യൂറോപ്പിലായാലും ഇന്ത്യയിലായാലും ഫാസിസത്തിന്റെ ആശയപരമായ അടിത്തറയും അതിന്റെ പ്രയോഗവല്‍ക്കരണവും ഒരുപോലെയാണെന്നതാണ് സത്യം. ഡോ: സാകിര്‍ നായിക്കിനോടും എം.എം അക്ബറിനോടും സമാധാനത്തിന്റെ സന്ദേശമായ ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നവരോടുമുള്ള സംഘപരിവാറിന്റെ കലിപ്പിന് മതപരമായ വെറുപ്പിലുപരി രാഷ്ട്രീയമായ ചില ഗൂഢലക്ഷ്യങ്ങളുണ്ട് എന്ന കാര്യം അധികപക്ഷവും ചര്‍ച്ചചെയ്യപ്പെടാറില്ല. വര്‍ഗീയത, തീവ്രവാദം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, രാജ്യദ്രോഹം തുടങ്ങിയ മാനവ വിരുദ്ധങ്ങളായ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും അതിശക്തമായി എതിര്‍ക്കുകയും അവക്കെതിരെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് രചനാത്മകമായി ഇടപെടുന്നവരെ ഫാസിസ്റ്റുകള്‍ സ്വസ്ഥമായി ജീവിക്കാനനുവദിക്കില്ല എന്നതാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയം. സമാധാനപ്രിയരായിരുന്ന ഇറ്റലിയിലെ ജനതയെ വെറുപ്പിന്റെ വക്താക്കളാക്കാന്‍ മുസ്സോളനിയിലെ ഫാസിസ്റ്റിന് സാധിച്ചുവെങ്കില്‍ ജനാധിപത്യ മതേതര കാഴ്ചപ്പാടുകളിലൂടെ വളര്‍ന്നു വന്ന ഇന്ത്യന്‍ ജനതയില്‍ ഫാസിസം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുമെന്ന ധാരണയിലാണ് സംഘപരിവാര്‍ ശക്തികള്‍. 

തീവ്രവാദ ആശയങ്ങള്‍ക്കെതിരെയും ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് വേണ്ടിയും തൂലിക പടവാളാക്കിയ സാഹിത്യപ്രവര്‍ത്തകനാണ് എം.എം അക്ബര്‍. 1990കളില്‍ ഹിന്ദുത്വ വര്‍ഗീയത രാജ്യമാകെ അഴിഞ്ഞാടിയ സന്ദര്‍ഭത്തില്‍ അതിനെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട പ്രതിഷേധങ്ങള്‍ പ്രതിലോമകരമായ അവസ്ഥകളിലേക്ക് രൂപാന്തരം പ്രാപിക്കുകയും അത് തീവ്രവാദമായി വളരുകയും ചെയ്തപ്പോള്‍ തീവ്രവാദം ന്യൂനപക്ഷങ്ങളെ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്നും തീവ്രവാദങ്ങള്‍ക്ക് മതപ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മലയാളമണ്ണില്‍ അതിശക്തമായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും രചനകള്‍ നിര്‍വഹിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്ത ഇസ്‌ലാമിക പ്രബോധകരുടെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണദ്ദേഹം. മുസ്‌ലിം സമുദായം സായുധരാവണമെന്നത് സംഘപരിവാറിന്റെ ആവശ്യമാണ്. മുസ്‌ലിംകളെ സായുധരാക്കി സംഘട്ടനങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവന്നു ഉന്മൂലനം ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്‌ലിംകള്‍ എത്രമാത്രം സമാധാനപ്രിയരാവുന്നുവോ അത്രമാത്രം ഫാസിസ്റ്റുകള്‍ അസ്വസ്ഥരാവും. മുസ്‌ലിംകള്‍ സായുധരായി തീവ്രവാദ ശ്രേണിയില്‍ ഒത്തുചേരുമ്പോള്‍ മാത്രമേ തങ്ങളുടെ ലക്ഷ്യം നേടാന്‍ സാധിക്കൂ എന്നവര്‍ വിശ്വസിക്കുന്നു. സംഘപരിവാറിന്റെ ഈ ഒളിയജണ്ടയെ തകര്‍ക്കുന്നതില്‍ വലിയ പങ്കാണ് എം.എം അക്ബറിന്റെ രചനകള്‍ നിര്‍വഹിച്ചിട്ടുള്ളത്. ഇതുതന്നെയാണ് അദ്ദേഹത്തിനെതിരെയുള്ള ഗൂഡാലോചനക്ക് പിന്നിലുള്ള രാഷ്ട്രീയവും. എന്നാല്‍ വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളില്‍ നിന്നോ രചനകളില്‍ നിന്നോ സ്‌നേഹസംവാദങ്ങളില്‍ നിന്നോ തീവ്രവാദത്തിന്റെ ഒരംശം പോലും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിന് നേരിട്ട് പങ്കില്ലാത്ത ഒരു പാഠപുസ്തകത്തിന്റെ പേരില്‍ വിവാദമുണ്ടാക്കി അദ്ദേഹത്തിന് മേല്‍ കുരുക്കുകള്‍ തീര്‍ക്കാനാണ് ചിലര്‍ പരിശ്രമിച്ചത്. 

പെട്ടെന്നൊരു ദിവസം ഒരു ആവേശത്തിമര്‍പ്പില്‍ പ്രബോധകനായി രംഗപ്രവേശനം നടത്തിയ ആളല്ല എം.എം അക്ബര്‍. കേരളീയ പൊതുസമൂഹത്തിന് അദ്ദേഹത്തെ വളരെ നന്നായി അറിയാം. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വിജ്ഞാനത്തെ കൗതുകത്തോടെ വീക്ഷിക്കുകയും ഗവേഷണാത്മകമായി സമീപിക്കുകയും ചെയ്തിരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഊര്‍ജതന്ത്രം പ്രധാനവിഷയമായി എടുത്തുകൊണ്ട് ബിരുദപഠനം നടത്തിയിരുന്ന കാലഘട്ടത്തില്‍ ഭൗതികവാദികള്‍ മതത്തിനെതിരെ തൊടുത്തുവിട്ടിരുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ കണ്ടെത്തുന്നതില്‍ വ്യാപൃതനാവുകയും മതതാരതമ്യ പഠനങ്ങളില്‍ ഗവേഷണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിലെ പ്രതിഭയും ധിഷണയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മതപരിവര്‍ത്തനത്തിന്റെ പേരിലോ തീവ്രവാദത്തിന്റെ പേരിലോ ഇന്നേവരെ ഒരു പരാതിയും ഒരാളും അദ്ദേഹത്തെ കുറിച്ച് ഉന്നയിക്കുകയോ പോലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന് പങ്കില്ലാത്ത ഒരു പ്രസിദ്ധീകരണാലയം പുറത്തിറക്കിയ പാഠപുസ്തകത്തില്‍ വന്ന ഒരു പരാമര്‍ശത്തിന്റെ പേരിലാണ് മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന പേരില്‍ ഇന്ത്യന്‍ പീനല്‍ കോഡ് 153(A) ചുമത്തി കേസ് എടുത്തിട്ടുള്ളത്. ഇതിനു മുമ്പും പലരുടെ പേരിലും ഈ വകുപ്പ് ചുമത്തപ്പെടുകയുണ്ടായിട്ടുണ്ടെങ്കിലും പിന്നീടതെല്ലാം പിന്‍വലിക്കുകയാണുണ്ടായത്. മതസ്പര്‍ധ വളര്‍ത്തിയെന്നു ലോകത്തിനു തന്നെ ബോധ്യപ്പെട്ട പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗത്തിന്റെ പേരില്‍ ഇതേ വകുപ്പ് ചുമത്തിയതിനു ശേഷം ശിക്ഷയൊന്നും അനുഭവിക്കാതെ കേസ് പിന്‍വലിക്കുകയായിരുന്നു. ബാങ്ക് വിളി വിവാദത്തിന്റെ പേരില്‍ ഇതേ കേസ് ചുമത്തപ്പെട്ടിരുന്ന ബാലകൃഷ്ണപിള്ളയുടെ കേസും ഇതുപോലെ പിന്‍വലിക്കപ്പെട്ടു. എന്നാല്‍ ഒരു പാഠപുസ്തക വിവാദത്തില്‍ നേരിട്ട് ബന്ധമില്ലാതിരുന്നിട്ടും സ്‌കൂളിന്റെ ഡയറക്ടറായതിന്റെ പേരില്‍ മാത്രം വിചാരണ നേരിടുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ നീതിപൂര്‍വം ഇടപെടുമെന്നും നിരപരാധിയായ എം.എം അക്ബറിന്റെ മോചനത്തിന് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കാം. 

ഫാസിസം ആഗ്രഹിക്കുന്നത് ഇരകള്‍ തെരുവിലിറങ്ങണമെന്നാണ്. അവര്‍ ഒരുക്കിവെക്കുന്ന കെണികളില്‍ നിന്നും കുരുക്കുകളില്‍ നിന്നും തന്ത്രപരമായി മോചനം നേടാന്‍ ശ്രമിക്കുന്നതിനു പകരം ഒച്ചപ്പാടുകളും ബഹളങ്ങളും സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പരസ്പരം വാഗ്വാദം നടത്തി അനൈക്യമുണ്ടാക്കാനാണ് ക്ഷുഭിത യൗവനങ്ങളും പ്രതികരണ സമ്രാട്ടുകളും ചെയ്തുകൊണ്ടിരിക്കുന്നത്. 1990കളില്‍ പ്രതിരോധത്തിന്റെ മറവില്‍ ചിന്താശൂന്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വലിയ വായില്‍ പ്രസംഗിച്ചവര്‍ തങ്ങളുടെ അന്നത്തെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി സമാധാനത്തിന്റെയും സംയമനത്തിന്റെയും സന്ദേശവാഹകരായ ഇസ്‌ലാമിക പ്രബോധകരെ കൂട്ടുപിടിക്കേണ്ടതില്ല. എല്ലാം ഒരേ തുലാസില്‍ അളന്നാല്‍ തൂക്കം ശരിയാവില്ല. 

തീവ്രവാദത്തിനും ഭീകരതക്കുമെതിരില്‍ സന്ധിയില്ലാ സമരം നടത്തി സമാധാനത്തിന്റെയും ബഹുസ്വരതയുടെയും മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവരെ തീവ്രവാദികളാക്കി മുദ്ര കുത്താന്‍ ശ്രമിക്കുന്നത് വലിയ പാതകമാണ്. സമാധാനത്തിനു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ പ്രവാചകന്മാരുടെ പാതയിലാണ്. ശാന്തിയും സമാധാനവും ദൈവികമായ സന്ദേശങ്ങളില്‍ പെട്ടതാണ്. അവ പ്രകാശം ചൊരിയുന്ന വിളക്കുകളാണ്. ആ വിളക്കുകളെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്. ആര്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചാലും ആ വെളിച്ചം പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ക്വുര്‍ആന്‍ പറയുന്നു. സമാധാനമാവുന്ന വിളക്കുമാടങ്ങളെ നശിപ്പിക്കുന്നതിലാണ് അരാജകത്വവാദികളായ ഫാസിസ്റ്റുകള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും സംതൃപ്തിയുള്ളത്. പക്ഷെ സ്വബോധവും തിരിച്ചറിവുമുള്ള രാജ്യസ്‌നേഹികളായ നല്ല മനുഷ്യരുടെയും നല്ല ഭരണാധികാരികളുടെയും നല്ല ഉദേ്യാഗസ്ഥരുടെയും പിന്തുണ ഫാസിസ്റ്റുകള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ലഭിക്കില്ല. സത്യത്തിനും ധര്‍മത്തിനും സമാധാനത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കാനും അതില്‍ ഉറച്ച് നിന്ന് മുമ്പോട്ട് പോവാനുമുള്ള അനുഗ്രഹം പരീക്ഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രബോധകര്‍ക്ക് സര്‍വശക്തന്‍ പ്രദാനം ചെയ്യട്ടെ.