മഹാരാജാസിലെ കൊല: കാമ്പസില്‍ എങ്ങനെ കത്തിയെത്തി?

സി.പി സലീം

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായ അഭിമന്യു അതിദാരുണമായി കൊല്ലപ്പെട്ടത് മനുഷ്യത്വമുള്ള എല്ലാവരെയും നടുക്കുകയും വിഷമിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണ് വിദ്യാഭ്യാസവും വിദ്യാലയങ്ങളും. ആശയത്തെ ആശയപരമായി നേരിടുക എന്നതിന് പകരം കായികമായി കൈകാര്യം ചെയ്യുക എന്ന കാടന്‍ സംസ്‌കാരം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഇന്ത്യക്കാര്‍ എന്ന നിലയ്ക്ക് നമ്മെ ലജ്ജിപ്പിക്കുന്നതാണ്.

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായ അഭിമന്യു അതിദാരുണമായി കൊല്ലപ്പെട്ടത് മനുഷ്യത്വമുള്ള എല്ലാവരെയും നടുക്കുകയും വിഷമിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണ് വിദ്യാഭ്യാസവും വിദ്യാലയങ്ങളും. ആശയത്തെ ആശയപരമായി നേരിടുക എന്നതിന് പകരം കായികമായി കൈകാര്യം ചെയ്യുക എന്ന കാടന്‍ സംസ്‌കാരം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഇന്ത്യക്കാര്‍ എന്ന നിലയ്ക്ക് നമ്മെ ലജ്ജിപ്പിക്കുന്നതാണ്. 

ഒരു ചുമരെഴുത്തുമായി ബന്ധപ്പെട്ടാണ് കൊലനടന്നത് എന്നാണ് മനസ്സിലാകുന്നത്. ഒരു വിഭാഗത്തെ അധിക്ഷേപിച്ചു കൊണ്ട് അവരുടെ ചുമരെഴുത്തിന് മുകളില്‍ 'വര്‍ഗീയത തുലയട്ടെ' എന്ന് മറ്റൊരു വിഭാഗം എഴുതുകയും അതിന്റെ പേരിലുള്ള തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയും ചെയ്യുകയായിരുന്നുവത്രെ. 

കൊല്ലപ്പെടുന്ന ദിവസം അഭിമന്യു നാട്ടിലായിരുന്നു. എന്നാല്‍ നിരന്തരമായി ഫോണ്‍വിളി വന്നപ്പോള്‍ അദ്ദേഹം കോളേജില്‍ എത്തുകയായിരുന്നു. ഫോണ്‍ ചെയ്തത് സംബന്ധിച്ച വിശദാംശങ്ങള്‍ ഒരു അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരാവുന്നതേയുള്ളൂ. 

ഇവിടെ നാം മനസ്സിലാക്കേണ്ട ചില സുപ്രധാനമായ കാര്യങ്ങളുണ്ട്. അഭിമന്യു കൊല്ലപ്പെടുന്നത് കേവലം ഒരു തര്‍ക്കത്തിന്റെ പേരില്‍ മാത്രമാണോ? പത്രമാധ്യമങ്ങളും മറ്റും നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ലഭിക്കുന്ന ഉത്തരം അല്ല എന്നാണ്. കാമ്പസില്‍ ആയുധം എത്തിയിട്ടുണ്ട് എന്നതാണ് ഏറെ ഗൗരവതരമായ കാര്യം. 

കാമ്പസ് ഫ്രണ്ടും എസ്.ഡി.പി.ഐയുമാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി കാമ്പസ് ഫ്രണ്ടിന് യാതൊരു ബന്ധവുമില്ല എന്നാണ് അതിന്റെ നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ലൊരു തമാശയായി അതിനെ നമുക്ക് കാണാം. 

സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനവുമായി സാങ്കേതികമായി എന്ത് ബന്ധമാണുള്ളത്? 

അത് കൊണ്ട് തന്നെ സാങ്കേതികതയുടെ പേര് പറഞ്ഞ് അതില്‍ നിന്ന് തടിയൂരുന്നത് ശരിയല്ല. എന്നാല്‍ അതിന് പ്രേരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തേണ്ടത് കോടതിയാണ്.

എസ്.ഡി.പി.ഐ തന്നെ കൊലയെ അപലപിച്ചതിന്റെ വാര്‍ത്ത പത്രങ്ങളില്‍ വന്നതായി കാണുവാന്‍ സാധിച്ചു. ആത്മരക്ഷാര്‍ഥമാണ് കൊല ചെയ്തത് എന്നാണ് എനിക്കു കിട്ടിയ അറിവ് എന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി പത്രസമ്മേളനത്തില്‍ പറഞ്ഞതില്‍ കഴമ്പുണ്ടോ എന്നതും പരിശോധനാവിധേയമാക്കേണ്ടതുണ്ട്. 

ഒരു ഭാഗത്ത് ഈ ചെയ്തിയെ അപലപിക്കുകയും മറുഭാഗത്ത് അവരുമായി ബന്ധമുള്ളവര്‍ തന്നെ ക്വുര്‍ആനും പ്രവാചക ചര്യയും ദുര്‍വ്യാഖ്യാനിച്ച് അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം നാം കാണാതിരുന്നുകൂടാ. ശിയാക്കളില്‍ കണ്ടുവരുന്ന 'തക്വിയ്യത്' അഥവാ 'മറച്ചുവെക്കല്‍' എന്ന ഏര്‍പാടുമായിട്ടാണ് ഇതിന് ബന്ധമുള്ളത്. 

എസ്.ഡി.പി.ഐയുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങി നോക്കിയാല്‍ നാം എത്തിപ്പെടുന്നത് എന്‍.ഡി.എഫിലേക്കാണ്. നിരോധിത സംഘടനയായ സിമിയുടെ തുടര്‍ച്ചയാണ് എന്‍.ഡി.എഫ് എന്ന് അവരുടെ മുഖപത്രമായ 'തേജസ്' ദ്വൈവാരികയില്‍ തന്നെ 2005ല്‍ അവര്‍ വ്യക്തമായി ലേഖനത്തില്‍ എഴുതിയതാണ്.

അതിനാല്‍ ഇസ്‌ലാമികമായി ഈ കൊലയെ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കാനുള്ള ഏറ്റവും വലിയ ബാധ്യത മുസ്‌ലിംകള്‍ക്കുണ്ടാകും. ഓരോ മതത്തിന്റെയും പേരിലുള്ള തീവ്രതയെയും വര്‍ഗീയതയെയും ആദ്യം എതിര്‍ക്കേണ്ടത് അതാത് മതാനുയായികള്‍ തന്നെയാണ്. ഇസ്‌ലാമിന്റെ പേരില്‍ ലോകത്തെവിടെ തീവ്രവാദ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തലപൊക്കിയാലും മുസ്‌ലിംലോകമൊന്നടങ്കം അതിനെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.

കശ്മീരില്‍ പിഞ്ചുബാലികയെ മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം ക്ഷേത്രത്തിനകത്തുവച്ച് പീഡിപ്പിച്ച് കൊന്ന കേസില്‍ സ്വയം സന്നദ്ധമായി ജമ്മു ഹൈക്കോടതിയില്‍ പോയി വിഷയത്തെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതും; ചടുലമായി, സത്യസന്ധമായി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതും കോടതിയില്‍ അവളുടെ കുടുംബത്തിന് വേണ്ടി ഹാജരായതും കൃത്യമായ വിധിപ്രസ്താവം നടത്തിയതുമെല്ലാം ഹൈന്ദവ സമൂഹത്തില്‍ പെട്ടവരായിരുന്നു എന്നത് മതനിരപേക്ഷതയെ ശക്തിപ്പെടുത്തുകയും വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ഹൈന്ദവതയെയും ക്ഷേത്രത്തെയും തങ്ങളുടെ കച്ചവട താല്‍പര്യങ്ങള്‍ക്കും വര്‍ഗീയ പ്രചരണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഭീകരവര്‍ഗീയ വാദികള്‍ക്ക് ഈ രാജ്യവും അതിലെ നല്ല മനുഷ്യരും ഒന്നാകെ എതിരായി മാറുന്നതാണ് നാം കണ്ടത്. എന്നാല്‍ അന്ന് പ്രതികള്‍ക്കനുകൂലമായി തെരുവിലിറങ്ങിയത് സനാതന ഹൈന്ദവതയുടെ മഹത്ത്വം ഉദ്‌ഘോഷിക്കുന്ന സംഘ്പരിവാറുകാരായ ജനപ്രതിനിധികളായിരുന്നു! 

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ ഒരു ഹിന്ദു ബാലിക ഇതേ രീതിയില്‍ പീഡനത്തിരയായ വാര്‍ത്ത നാം കേട്ടു. അവിടെ മുസ്‌ലിം നാമധാരിയായ ക്രൂരനായ പ്രതിക്കെതിരെ ആദ്യം തെരുവിലിറങ്ങിയത് മുസ്‌ലിംകളും മതേതര കക്ഷികളുമായിരുന്നു. എന്റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കില്‍ പോലും അവളുടെ കൈ ഞാന്‍ വെട്ടുകതന്നെ ചെയ്യുമെന്ന പ്രവാചക വചനമാണ് ഇതില്‍ മുസ്‌ലിംകള്‍ക്ക് മാതൃക. എന്നാല്‍ പ്രതിയുടെ ചിത്രം ഫോട്ടോഷോപ്പിലൂടെ തൊപ്പിയടക്കം കൂട്ടിച്ചേര്‍ത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കുറ്റകൃത്യത്തിന് മതപരമായ ഛായ നല്‍കി രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ചില രാജ്യദ്രോഹികള്‍ ശ്രമിക്കുകയുണ്ടായി എന്നത് നാം കാണാതിരുന്നു കൂടാ.

മഹാരാജാസിലെ കൊലപാതകത്തെ അപലപിച്ച ആരോപണ വിധേയരില്‍പെട്ടവര്‍ തന്നെ 'തിന്മയുടെ പ്രതിഫലം അതുപോലുള്ള തിന്മ തന്നെയാണ്' എന്ന ക്വുര്‍ആനിക വചനത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് കൊലയെ ന്യായീകരിക്കാന്‍ സോഷ്യല്‍ മീഡിയവഴി ശ്രമിക്കുന്നു എന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ചെയ്തതില്‍ തെല്ലും കുറ്റബോധം ഇല്ലെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

ഇസ്‌ലാമിക ജിഹാദാണ് തങ്ങള്‍ ചെയ്തതെന്ന് പറഞ്ഞ് കൊലപാതകത്തെ ന്യായീകരിക്കുന്നവര്‍ പിന്നെ എന്തിനാണ് കൃത്യം നടത്തി മുങ്ങിയത്? നേരെ പോലീസിന് കീഴടങ്ങി തങ്ങള്‍ ചെയ്ത വീര(?)കൃത്യത്തിന്റെ പിതൃത്വം ഏറ്റെടുക്കാതെ മുഴുവന്‍ മുസ്‌ലിംകളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതെന്തിനാണ്? 

എസ്.എഫ്.ഐയുടെ പേരിലും ആരോപണങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് അവര്‍ക്കെതിരെ വ്യാപകമായ പരാതിയുണ്ട്. തങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന ഒരു അപ്രഖ്യാപിത നിയമം പല സ്ഥലത്തും അവര്‍ നടപ്പാക്കുന്നുണ്ടെന്ന ആക്ഷേപം അവര്‍ പരിശോധനക്ക് വിധേയമാക്കിയേ തീരൂ. ആ നിലപാട് ഏത് കോളജില്‍ കെ.എസ്.യു, എം.എസ് എഫ് അടക്കമുള്ള ഏത് വിദ്യാര്‍ഥി സംഘടന സ്വീകരിച്ചാലും അവര്‍ക്കും ഇത് ബാധകം തന്നെ.

 അഭിമന്യുവിന്റെ ഘാതകര്‍ക്കെതിരെ കേരളമൊന്നടങ്കം ഐക്യപ്പെടുന്ന സമയത്ത് നാം കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ഇതേപോലെ മജ്ജയും മാംസവും മാതാപിതാക്കളുമുണ്ടായിയിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ അരിഞ്ഞ് തള്ളിയത് ഇന്ന് അഭിമന്യുവിന് വേണ്ടി വാദിക്കുന്നവരല്ലേ? അദ്ദേഹത്തിന്റെ കൊലപാതകികളെയും ശിക്ഷിക്കേണ്ടതല്ലേ? 

കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ ശ്യാംപ്രസാദും ഇപ്രകാരം കൊല്ലപ്പെട്ടിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ആ കൊലപാതകത്തിന് പിന്നിലും ചില കാരണങ്ങളുണ്ട്. കണ്ണവം ഏരിയയില്‍ മുസ്‌ലിം സ്ത്രീകളെ ദേഹോപദ്രവമേല്‍പിക്കുന്നത് പതിവായപ്പോള്‍ നാട്ടുകാരായ ചിലര്‍ അതിനെ ചോദ്യം ചെയ്തത് കയ്യാങ്കളിയിലെത്തി. അതിന്റെ ഭാഗമായി അയ്യൂബ് എന്ന് പേരുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മൃഗീയമായി ആക്രമിക്കപ്പെട്ടു. അദ്ദേഹം ഇന്നും കിടപ്പിലാണ്. മുട്ടം പോളി വിദ്യാര്‍ഥിയായിരുന്ന ആസിഫ്, നാദാപുരത്തെ ഷിബിന്‍, എടയന്നൂര്‍ ശുഐബ്... അങ്ങനെ വായനക്കാരുടെ മനസ്സില്‍ എത്രയെത്ര ഇരകളുടെ ചിത്രം വരുന്നുണ്ടാകും! ഈ കൊലകള്‍ക്കും അക്രമങ്ങള്‍ക്കും പിന്നിലുള്ളവരെ ശിക്ഷിക്കേണ്ടതില്ലേ? അവരുടെ മതവും ജാതിയും പാര്‍ട്ടിയും നോക്കിയാണോ മനുഷ്യത്വമുള്ളവര്‍ നീതിയുടെ അളവുകോല്‍ നിശ്ചയിക്കേണ്ടത്?

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപരമായി നീങ്ങേണ്ടതിന് പകരം നിയമം കയ്യിലെടുത്ത് കശാപ്പ് നടത്താന്‍ ആരാണ് പഠിപ്പിച്ചത്?

രാജ്യത്തിന്റെ ഭരണഘടനയെയും നിയമ സംവിധാനങ്ങളെയും നീതിന്യായ സ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കി നിര്‍ത്തുന്നതിലെ നൈതികത എന്താണ്? ധാര്‍മികത എന്താണ്?

നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ എന്ന് ഒരു വിശ്വാസി ഗൗരവപരമായി പരിശോധിക്കുക സ്വാഭാവികം. അതാണ് അഭിമന്യു വിഷയത്തിന്റെ മര്‍മം. ഇസ്‌ലാം അനുവദിക്കാത്ത കൊല നടത്തിയിട്ട് അതിനെ ന്യായീകരിക്കാന്‍ ക്വുര്‍ആന്‍ സൂക്തം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുമ്പോള്‍, ദുര്‍വ്യാഖ്യാനം നടത്തുമ്പോള്‍ മതവിശ്വാസികള്‍ വെറുതെയിരിക്കുമെന്ന് തീവ്രചിന്താഗതിക്കാര്‍ കരുതുന്നുവെങ്കില്‍ അവര്‍ക്കു തെറ്റി. തങ്ങള്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നത് വരെ ആശയസമരം നേരിടേണ്ടി വരും. 

എസ്.എഫ്.ഐയും കാമ്പസ് ഫ്രണ്ടും തമ്മില്‍ തര്‍ക്കവും വഴക്കും നടന്നപ്പോള്‍ പ്രിന്‍സിപ്പാളിനെയോ പോലീസിനെയോ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയല്ലേ സുതാര്യവും അക്രമരഹിതവുമായ മാര്‍ഗം?

പോലീസും ഗവണ്‍മെന്റും അടക്കം എതിരാണെന്ന് തോന്നിയ പല സന്ദര്‍ഭങ്ങളിലും നീതിന്യായ വ്യവസ്ഥ ഇരകള്‍ക്കും മതേതരത്വത്തിനും അനുകൂലമായി വന്നിട്ടില്ലേ? ഹാദിയ വിഷയം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന് വഴിതുറന്നപ്പോള്‍ പാതിരാത്രി കോടതി കൂടി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള വിധി പുറപ്പെടുവിച്ചത് നമുക്ക് മറക്കാന്‍ സാധിക്കുമോ?

പ്രവാചകനിന്ദ നടത്തിയ തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയപ്പോള്‍ അതിനെ സംഘടനാപരമായി എതിര്‍ത്തവര്‍ തന്നെ സോഷ്യല്‍ മീഡിയ വഴി ആ കൃത്യത്തെ ന്യായീകരിച്ചത് കണ്ടവരാണ് നാം. പ്രവാചകനെ അധിക്ഷേപിച്ചവരെ വധിക്കാന്‍ പ്രവാചക കല്‍പനയുണ്ടെന്ന് പറഞ്ഞ് ഉള്ളിലൂടെ അതിനെ പ്രശംസിച്ച അതേ ഇരട്ട മുഖം തന്നെയാണ് അഭിമന്യു വിഷയത്തിലും ഇത്തരക്കാര്‍ ആവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെയാണ് മുസ്‌ലിംകള്‍ക്ക് ഇതിനെ ശക്തമായി എതിര്‍ക്കേണ്ടി വരുന്നതും.

അഭിമന്യു, ഷുക്കൂര്‍, ശ്യാം പ്രസാദ്, ഷിബിന്‍, ശുഹൈബ്... ഇവരൊക്കെ അവരവരുടെ പാര്‍ട്ടിക്ക് എപ്പോഴും ഉയര്‍ത്തിക്കാണിക്കാന്‍ പറ്റുന്ന രക്തസാക്ഷികളാണ്. എന്നാല്‍ അവരുടെ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ പൊന്നുമക്കളെയാണ്. അവരെ തിരിച്ച് കൊടുക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയുമോ?

വൈജ്ഞാനിക ചര്‍ച്ചകളും സംവാദങ്ങളുമായിരിക്കണം ആശയ പ്രചാരണത്തിന് നാം ഉപയോഗിക്കേണ്ടത്. അത് വിട്ട് അക്രമത്തിന്റെ വഴി ആര് സ്വീകരിച്ചാലും അവര്‍ ആശയ ദാരിദ്ര്യം ബാധിച്ചവരാണെന്ന് നമുക്ക് മനസ്സിലാക്കാം.