വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും‍

യൂസുഫ് സാഹിബ് നദ്‌വി

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06
അജ്ഞതയുടെ അന്ധകാരത്തില്‍ ഗാഢനിദ്രയിലാണ്ടുകിടന്ന സ്വസമുദായത്തെ തൂലികത്തുമ്പുകൊണ്ട് തഴുകിയുണര്‍ത്തിയ മഹാ വ്യക്തിത്വത്തിനുടമയായിരുന്നു വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവി. മുസ്‌ലിം കൈരളിക്ക് ദിശാബോധം നല്‍കിയ മൗലവിയുടെ ജീവിതസമരങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന രചന.

അജ്ഞതയുടെ അന്ധകാരത്തില്‍ ഗാഢനിദ്രയിലാണ്ടുകിടന്ന സ്വസമുദായത്തെ തൂലികത്തുമ്പുകൊണ്ട് കുത്തിയുണര്‍ത്തിയ മഹാപ്രസ്ഥാനമായിരുന്നു വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവി. ചിറയിന്‍കീഴ് താലൂക്കിലെ വക്കം പൂന്ത്രാംവിളാകത്തില്‍ 1873 ഡിസംബര്‍ 28ന് അദ്ദേഹം ജനിച്ചു. സാമ്പത്തികമായും വൈജ്ഞാനികമായും ഏറെ മുന്‍പന്തിയിലായിരുന്നു അദ്ദേഹത്തിന്റെ തറവാട്.

ശൈഖ് മുഹമ്മദ്ബിന്‍ അബ്ദില്‍ വഹാബിന്റെ പരിഷ്‌ക്കരണ ചിന്തകളും അദ്ദേഹത്തിന്റെ ഇസ്്വലാഹീ ദഅ്‌വത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും ഈജിപ്തിലെ അല്‍മനാര്‍ പത്രാധിപര്‍ സയ്യിദ് മുഹമ്മദ് റഷീദ്‌രിദയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. വ്യക്തമായ രേഖകളാല്‍ സുദൃഢമായ ഈ ബന്ധം ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. റഷീദ്‌രിദയുടെ അല്‍മനാര്‍ മാസിക വക്കം അബ്ദുല്‍ഖാദിര്‍ മൗലവി തുടര്‍ച്ചയായി വായിച്ചിരുന്നു.

ഇബ്‌നുതൈമിയ്യ, ശൈഖ് മുഹമ്മദ് തുടങ്ങിയ പണ്ഡിത പ്രമുഖര്‍ക്കെതിരില്‍ ഉയര്‍ന്നുവന്ന അപവാദങ്ങളെ പ്രതിരോധിച്ചുകൊണ്ട് റഷീദ്‌രിദ തുടര്‍ച്ചയായി ഏഴുതിവന്ന ലേഖനങ്ങളിലൂടെ നവോത്ഥാന ചിന്തകളുടെ യാഥാര്‍ഥ്യം കൃത്യമായി ഉള്‍ക്കൊള്ളാന്‍ വക്കംമൗലവിക്ക് കഴിഞ്ഞു.

ഈ ചിന്തകളാണ് തിരുവിതാംകൂറില്‍ ഇസ്്വലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വക്കംമൗലവിയും റഷീദ്‌രിദയും തമ്മില്‍ നടത്തിയ സുദീര്‍ഘമായ കത്തിടപാടുകള്‍ ഇതിനുള്ള സുവ്യക്തമായ തെളിവുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍രൂപക്ക് ഇന്നത്തെക്കാളും മൂല്യമുണ്ടായിരുന്ന കഴിഞ്ഞ നൂറ്റാണ്ടില്‍ 5 രൂപ തപാലില്‍ അയച്ച് തനിക്ക് നഷ്ടപ്പെട്ട അല്‍മനാറിന്റെ കോപ്പികള്‍ ആവശ്യപ്പെടുന്ന വക്കംമൗലവിയുടെ വായനാശീലവും യാഥാര്‍ഥ്യങ്ങള്‍ അറിയാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യവും വാക്കുകള്‍ക്കും വരികള്‍ക്കും ഉപരിയാണ്.

വക്കംമൗലവി അയച്ചകത്ത് റഷീദ്‌രിദയെ ഏറെ സ്വാധീനിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തുവെന്ന് അറിയിച്ചുകൊണ്ട് അല്‍മനാറിന്റെ ഓഫീസ്ചുമതല വഹിച്ചിരുന്ന സയ്യിദ് സ്വാലിഹ്‌രിദ  അയച്ച കത്തും ഈ ബന്ധത്തിന്റെ സുദൃഢത ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു. വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന ദീപിക, അല്‍ഇസ്‌ലാം, സ്വദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെ മുഖ്യറഫറന്‍സ് കൃതിയും ഈജിപ്തില്‍നിന്നും ലഭിച്ചിരുന്ന അല്‍മനാര്‍ മാസിക ആയിരുന്നുവെന്ന് വക്കംമൗലവി റഷീദ് രിദക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. കണ്ണൂരിലെ അബ്ദുല്‍ഖാദിര്‍ മൗലവി, കെ.എം.സീതി സാഹിബ് തുടങ്ങിയ നിരവധി പ്രമുഖന്മാര്‍ അല്‍മനാര്‍ മാസികയുടെ സ്‌നേഹിതരും തുടര്‍വായനക്കാരുമാണെന്ന് വക്കംമൗലവി റഷീദ്‌രിദയെ അറിയിച്ചിട്ടുണ്ട് (അല്‍മനാര്‍, ലക്കം: സ്വഫര്‍ 1348).

'അല്‍മനാറിന്റെ തുടര്‍ച്ചയായ വായനയില്‍ എനിക്ക് ഒരു പുതിയ ആത്മാവിനെ ലഭിച്ചത്‌പോലെ അനുഭവപ്പെടുന്നു. അന്ധകാരനിബിഢമായ ജീവിതം നയിക്കുന്ന ഇവിടുത്തെ മുസ്‌ലിം സമൂഹത്തിന് അല്‍മനാറിന്റെ സന്ദേശങ്ങള്‍ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി ഞാന്‍ അല്‍ഇസ്‌ലാം എന്നപേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്. അല്‍മനാറിന്റെ ചിന്തകള്‍ പരിഭാഷയിലൂടെ വായിച്ച ഇവിടുത്തെ മുസ്‌ലിംസമൂഹം എനിക്കെതിരില്‍ വല്ലാതെ ഇളകിമറിഞ്ഞിരിക്കുന്നു. അല്‍മനാറിന്റെ സരണിയനുസരിച്ച് മതരംഗത്ത് ഇസ്്വലാഹിന് ശ്രമിച്ച തന്നെ കേരള മുസ്‌ലിംകള്‍ 'വഹാബി' എന്നാണ് വിളിക്കുന്നത്. അല്‍മനാറിന്റെ ചുവടുപിടിച്ചുകൊണ്ട് ഞാന്‍ എഴുതുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളെ തികഞ്ഞ അവജ്ഞയോടെയാണ് ഇവിടുത്തെ മതപുരോഹിതന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ വീക്ഷിക്കുന്നത്, എന്നെ വഴിപിഴച്ചവനായും വഹാബി ആയിട്ടുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്' എന്നുമെല്ലാം വക്കംമൗലവി അല്‍മനാറിനെഴുതിയ കത്തില്‍ പറയുന്നു. ലബനാനിലെ കവിയും പുരോഹിതനുമായിരുന്ന യൂസുഫുന്നബഹാനി ശൈഖ് മുഹമ്മദിനെപ്പറ്റി വികലമായി ചിത്രീകരിച്ച് രചിച്ച കൃതികളാണ് കേരളമുസ്‌ലിംകളുടെ ഈ വിഷയത്തിലെ മുഖ്യ അവലംബമെന്നും വക്കംമൗലവി വിവരിക്കുന്നുണ്ട്.

'ഫ്രഞ്ച് സംസ്‌ക്കാരം അഭ്യസിച്ച്, ഈജിപ്തില്‍ നിന്നും അടുത്തിടെ കേരളത്തിലേക്ക് മടങ്ങിവന്ന ഒരു യുവാവ്(ഇയാള്‍ ആരെന്ന് വ്യക്തമല്ല) തെറ്റിധാരണ പരത്തുന്ന വിധത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ഹിജാസിലെ ഇബ്‌നു സുഊദ് രാജാവിനെയും അനുയായികളെയും വളരെയധികം മോശമായി ചിത്രീകരിക്കുന്ന ഇയാള്‍ ഖിലാഫത്ത് നേതാക്കളായ മുഹമ്മദലി(1878- 1931), ഷൗക്കത്തലി(1873 -1938) സഹോദരങ്ങളുടെ പിന്തുണക്കാരനായിട്ടാണ് ഇവിടെ അറിയപ്പെടുന്നത്. ഈ വിഷയത്തെപ്പറ്റി ഞാന്‍ പിന്നാലെ വിശദമായ ഒരു ലേഖനം തന്നെ ഏഴുതി അയക്കുന്നുണ്ട്... ഇന്‍ശാ അല്ലാഹ്. സത്യത്തിന്റെ മാര്‍ഗത്തില്‍ സജീവ പോരാട്ടം നടത്തുന്ന ഇമാമു അഹ്‌ലുസ്സുന്ന അബ്ദില്‍അസീസ് ആലുസ്സുഊദിനും അനുയായികള്‍ക്കും അല്ലാഹു സര്‍വ നന്മകളും പ്രദാനംചെയ്യട്ടെ...' എന്നിങ്ങനെ വക്കം മൗലവിയുടെ പ്രാര്‍ഥനകൂടി ഉള്‍പ്പെടുത്തിയാണ് ഈ കത്ത് റഷീദ്‌രിദ അല്‍മനാറില്‍ പ്രസിദ്ധപ്പെടുത്തിയത്. (അല്‍മനാര്‍, ലക്കം:സ്വഫര്‍1348).

ശൈഖ് മുഹമ്മദ് ഇസ്്വലാഹിനും തജ്ദീദിനും അടിത്തറയിട്ട, പൗരാണിക ഹിജാസിന്റെ അനുദിന വളര്‍ച്ചയെ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന സ്വഭാവമായിരുന്നു വക്കം മൗലവിയുടെത്. ഹിജാസിന്റെ അനുദിന പുരോഗതിയില്‍ മൗലവി സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഹിജാസിനും ഇബ്‌നുസുഊദ് രാജാവിനും ലഭ്യമാകുന്ന എല്ലാ പുരോഗതിയെയും വിലയിരുത്താനും അതിനെ പ്രശംസിക്കാനും അദ്ദേഹം തന്റെ പ്രസിദ്ധീകരണത്തിന്റെ താളുകള്‍ മാറ്റിവെച്ചിരുന്നു. 'അറേബ്യായുടെ പുരോഗതി' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതുന്നു:

''ഇബ്‌നുസുഊദ് തിരുമനസ്സിലെ വിവേകപൂര്‍വ്വവും അനുഗ്രഹപ്രദവുമായ ഭരണത്താല്‍ അറേബ്യയുടെ ഏകീകരണത്തിന് ഉതകുമാറ് അതിന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭിവൃദ്ധിയില്‍ മുസ്‌ലീങ്ങള്‍ ഒട്ടാകെ സന്തുഷ്ടരായിരിക്കുന്നു. അസ്സീറില്‍ അദ്ദേഹത്തിന്റെ മേധാവിത്വം അംഗീകൃതമായി ഭവിച്ചിട്ടുള്ളത് ഈ ദൃശ്യമായ ഒരു മഹോദ്യമത്തിന് ഉണ്ടായിട്ടുള്ള ഒരു വിജയമാകുന്നു. അതുമാത്രമല്ല ഹിജാസ് ഗവന്മെന്റ് നവീനങ്ങളായ കണ്ടുപിടുത്തങ്ങളെ അവിടെയും പ്രയോജനകരങ്ങളാക്കി തീര്‍ത്തുകൊണ്ടുതന്നെയാണിരിക്കുന്നത്. വിദ്യാഭ്യാസപരമായ കാര്യപരിപാടികളെ വിതരണം ചെയ്യുന്നതിനായിട്ടല്ലെങ്കിലും, ഇയിടെയായി ആകാശലേഖിനി (wireless) അവിടെ ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

ഇങ്ങനെ ഒന്ന് ആരംഭിച്ച് കഴിഞ്ഞ സ്ഥിതിക്ക് അധികം താമസിയാതെ ഹിജാസ് പുരോഗതിയുടെ മാര്‍ഗ്ഗത്തില്‍ മറ്റൊരുപടികൂടി തരണംചെയ്യുമെന്നു പ്രതീക്ഷിക്കുന്നത് അസ്ഥാനത്താകുവാന്‍ തരമില്ല. മുസ്‌ലിം ലോകത്തിന് അതിന്റെ കേന്ദ്രസ്ഥാനത്തോടു(മക്കാനഗരത്തോടു) പിതൃബന്ധങ്ങളെ ഒന്നുകൂടി ഉറപ്പിച്ച് ഈ വിസ്മയാവഹമായ കണ്ടുപിടുത്തത്തെ അതിന് ഉപകാരപ്രദമാക്കിത്തീര്‍ക്കുവാന്‍ ഇബ്‌നുസുഊദ് തിരുമനസ്സിലെ ഗവണ്മെന്റ് ഏതു നിലയിലാണ് പ്രവര്‍ത്തിക്കുവാന്‍ പോകുന്നതെന്നു കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. അനതിവിദൂരമായ ഒരുകാലത്തുതന്നെ കഹ്ബായുടെ(വക്കംമൗലവിയുടെ പ്രയോഗം) ഉമ്മറത്തുനിന്നു പ്രാര്‍ഥനക്കായുള്ളവിളി(ആസാന്‍-വക്കം മൗലവിയുടെ പ്രയോഗം) ആകാശ ലേഖിനിവഴി മുസ്‌ലിം ലോകത്തിന്റെ സോല്‍കണ്ഠമായ കര്‍ണ്ണങ്ങള്‍ക്കു വിഷയീഭവിക്കപ്പെടുന്ന ദിവസത്തെ പ്രതീക്ഷിക്കയെന്നതു കേവലം ഒരു ദിവാസ്വപ്‌നമല്ല തന്നെ.

ബലവത്തും ഏകീകൃതവുമായ ഒരു അറേബ്യയെ സൃഷ്ടിക്കുന്ന വിഷയത്തില്‍ ഇബ്‌നുസുഊദു തിരുമനസ്സുകൊണ്ട് ചെയ്യുന്ന ആലോചനകളില്‍ ദൈവം അദ്ദേഹത്തിന് ഉന്മേഷം നല്‍കുകയും അദ്ദേഹത്തിന്റെ പരിശ്രമങ്ങളില്‍ വഴികാണിക്കുകയും ചെയ്യുമാറാകാട്ടെ...''(ദീപിക: വാല്യം1, 1106 മകരം, ലക്കം 2).

ഏത് കാലത്താണ് വക്കംമൗലവി പുരോഗതിയെക്കുറിച്ചുള്ള ഈ വരികള്‍ കുറിക്കുന്നതെന്ന് നാം പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പ്രതീക്ഷപോലെ ലോകമുസ്‌ലിം കേന്ദ്രമായ മക്ക-മദീനയില്‍ നിന്നുമുള്ള ബാങ്കൊലികള്‍ തല്‍സമയം തന്നെ ലോകമൊന്നാകെ ഇന്ന് ശ്രവിച്ചുകൊണ്ടിരിക്കുന്നു.

1932 ഒക്ടോബര്‍31ന് (ഹി: 1351 റജബ്) 59ാമത്തെ വയസ്സില്‍ വക്കംമൗലവി വഫാത്തായി. തുടര്‍ന്ന് അല്‍മനാര്‍ മാസികയില്‍ വക്കംമൗലവിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് കെ.എം.മൗലവി എഴുതിയ ബ്രഹത്തായ അനുസ്മരണ ലേഖത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ സുദൃഢത വ്യക്തമാക്കുന്നുണ്ട്. വഹാബി ആശയക്കാരനായി ശത്രുക്കള്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ച വക്കംമൗലവിയുടെ ഖബറടക്കം തികച്ചും നബിﷺയുടെ ചര്യ അനുസരിച്ച് ആയിരിക്കാന്‍ ഉറ്റബന്ധുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും മയ്യിത്ത് കൊണ്ടുപോകുമ്പോഴുള്ള ദിക്ര്‍, ചാവടിയന്തിരം, മൂന്നാംഫാതിഹ, നാല്‍പതാം ഖത്തം തുടങ്ങിയ ഖുറാഫാത്തുകളില്‍നിന്നും മൗലവിയുടെ ജനാസയെ ബന്ധുക്കള്‍ പ്രത്യേകം സംരക്ഷിച്ചതില്‍ ഖുറാഫികളായ ശത്രുക്കള്‍ നിരാശരായെന്നും അല്‍മനാര്‍ മാസിക രേഖപ്പെടുത്തുന്നു.

പത്രപ്രവര്‍ത്തന രംഗത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹായത്തോടെ മൗലവി നടത്തിയ മുന്നേറ്റത്തെയും മൗലവി നടത്തിയ മറ്റു പത്ര പ്രസിദ്ധീകരണങ്ങളെയും ഇസ്‌ലാമിക നവോത്ഥാന നായകന്മാരായ ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ്യ, ശൈഖ് മുഹമ്മദ്ബിന്‍ അബ്ദുല്‍വഹാബ് എന്നിവര്‍ക്കെതിരിലെ ആരോപണങ്ങള്‍ക്ക് വക്കംമൗലവി നല്‍കിയ മറുപടികളും അനുസ്മരണ ലേഖനത്തില്‍ പ്രത്യേകം എടുത്ത് പറയുന്നു. അഹ്‌ലുസ്സുന്നയുടെ രീതിശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ച വക്കംമൗലവി അന്ധമായ തക്വ്‌ലീദില്ലാത്ത വ്യക്തമായ സലഫി മന്‍ഹജിന്റെ വക്താവും ആയിരുന്നുവെന്ന് പ്രത്യേകം എടുത്തുപറയുന്നുണ്ട്.

സൗദി അറേബ്യയുടെ ഇമാം അബ്ദുല്‍അസീസ് ആലുസ്സുഊദിനെ വക്കംമൗലവി ഏറ്റവും സ്‌നേഹിച്ചിരുന്നുവെന്നും അല്‍മനാര്‍ തുടരുന്നു. ഇന്ത്യയുടെ മുഴുവന്‍ നവോത്ഥാനത്തിന്റെ പിതാവിനെയാണ് വക്കംമൗലവിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും കേരളത്തിന്റെ ഇസ്്വലാഹീ നവോത്ഥാനത്തില്‍ വക്കംമൗലവിയുടെ വിയോഗം ഒരുവലിയ ആഘാതമാണെന്നും അദ്ദേഹം തുടരുന്നു (അല്‍മനാര്‍ ലക്കം: റമദാന്‍ 1351).

കേവലം കാല്‍നൂറ്റാണ്ടുകാലത്തെ പരിശ്രമത്തിനിടയില്‍ ജനജീവിതത്തിന്റെയും പുരോഗതിയുടെയും പുനര്‍വിചിന്തനത്തിന്റെയും സമസ്ത മേഖലകളിലും സാന്നിധ്യം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് സാധ്യമായി. കാലഘട്ടത്തിന്റെ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹം.

മഹാനായ സി.എച്ച്. മുഹമ്മദ്‌കോയ സാഹിബിന്റെ വാക്കുകളില്‍ പറഞ്ഞാല്‍: ''ആധുനിക കേരള ചരിത്രത്തില്‍ നവോത്ഥാന കാലഘട്ടത്തിലെ നായകന്മാരില്‍ ഒരാളാണ് വക്കം മൗലവി. കെ.എം.സീതിസാഹിബ്, മൗലവിയില്‍ നിന്നും പ്രചോദനം ലഭിച്ച ഒരു നേതാവായിരുന്നു. മുസ്‌ലിംകള്‍ക്ക് ആര്യനെഴുത്ത് ഹറാമായി കല്‍പിച്ച യാഥാസ്ഥിതികര്‍ കൊടികുത്തിവാണ ഒരു കാലഘട്ടത്തിലാണ് മൗലവി ഇസ്‌ലാമിക സാഹിത്യത്തില്‍ പുരോഗമന ഗ്രന്ഥങ്ങള്‍ രചിച്ചത്. ചോക്ക് കൊണ്ട് അറബി ബോര്‍ഡിന്മേല്‍ എഴുതി, ആ ബോര്‍ഡ് ഡെസ്റ്റര്‍ കൊണ്ട് മായിച്ചാല്‍ പൊടി നിലത്തുവീഴുന്നത് ഹുര്‍മത്ത് കേട് ആകയാല്‍ അറബി എഴുതാനേ പാടില്ലെന്നു പറയുന്ന ഒരു കാലഘട്ടത്തില്‍, മൗലവിയുടെ മൂര്‍ച്ചയുള്ള തൂലിക പടവാളായി മാറി. സമുദായത്തില്‍, സമുദായ പുരോഗതിയുടെ മാര്‍ഗത്തില്‍ മായാത്ത കാല്‍പ്പാടുകള്‍ പതിച്ച ആ വീര വിപ്ലവകാരിയുടെ പുണ്യനാമം സമുദായം മറന്നു. മൗലവിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. ഒരു സമുദായത്തിന്റെ ചരിത്രമാണ്. ദേശീയ ചരിത്രത്തില്‍ ജാജ്ജ്വല്യമാനമായി പ്രശോഭിക്കുന്ന ഒരു അധ്യായമാണ്'' (അവതാരിക, വക്കംമൗലവി, ഗ്രന്ഥകാരന്‍: എം.മുഹമ്മദ് കണ്ണ്, എന്‍.ബി.എസ് പ്രസിദ്ധീകരണം).

അറബി, ഉര്‍ദു, പേര്‍ഷ്യന്‍, സംസ്‌കൃതം, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള ബഹുഭാഷാ പണ്ഡിതനായിരുന്നു വക്കംമൗലവി. വിവിധ ഭാഷകളില്‍ ലഭ്യമായിരുന്ന ഗ്രന്ഥങ്ങളൂടെ ഒരു ശേഖരംതന്നെ മൗലവിക്ക് സ്വന്തമായിരുന്നു. നാട്ടിനകത്തുനിന്നും പുറത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒട്ടുമിക്ക ആനുകാലികങ്ങളും അദ്ദേഹത്തിന്റെ വീട്ടില്‍ ലഭ്യമായിരുന്നു. മഹാപണ്ഡിതന്മാര്‍ക്കും വിജ്ഞാന ദാഹികള്‍ക്കും ഒരാശ്രയമായിരുന്നു മൗലവിയുടെ ഭവനം. നാണു ആശാനായി അറിയപ്പെട്ടിരുന്ന ശ്രീ നാരായണഗുരു സ്വാമി, റവ:ഫാദര്‍ ഡാനിയല്‍ തുടങ്ങിയ പ്രമുഖര്‍ പൂന്ത്രംവിളാകത്തിലെ സ്ഥിരം സുഹൃത്തുക്കളായിരുന്നു. കായിക്കരയിലോ, നെടുങ്ങണ്ടയിലോ വന്നാല്‍ മൗലവിയുടെ ഭവനം സന്ദര്‍ശിക്കാതെ നാരായണഗുരു മടങ്ങിയിരുന്നില്ല. മൗലവിയുമായും മൗലവിയുടെ പിതാവുമായും നാരായണഗുരു ഏറെനേരം ആശയവിനിമയം നടത്തുമായിരുന്നു. ഈ ബന്ധത്തിന്റെ സുവ്യക്തമായ സ്വാധീനം നാരായണഗുരുവിന്റെ ചിന്തകളില്‍ പ്രകടമാണ്. ഗുരു ഉയര്‍ത്തിക്കാട്ടിയ പരിഷ്‌ക്കരണ ചിന്തകള്‍ ഇതിന്റെ റിസല്‍ട്ടുകളാണ്.

കലാലയങ്ങള്‍ നന്നേകുറവായിരുന്ന ആ കാലത്ത് പ്രമുഖന്മാരായ അധ്യാപകരെ വീട്ടില്‍ വരുത്തി താമസിപ്പിച്ചു വിദ്യനേടുന്ന ഒരുതരം ഗുരുകുല പഠനരീതിയായിരുന്നു ഉണ്ടായിരുന്നത്. ഓരോ വിഷയത്തിലും പ്രാഗല്‍ഭ്യം നേടിയ വിദഗ്ധന്മാരായ ഗുരുക്കന്മാരെ വീട്ടില്‍ വരുത്തി മകന് വിദ്യാഭ്യാസം നല്‍കുന്ന വിഷയത്തില്‍, അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് കുഞ്ഞു സാഹിബ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗവും ഈ ആവശ്യത്തിനാണ് അദ്ദേഹം വിനിയോഗിച്ചത്. തമിഴ്‌നാട്ടിലും തിരുവിതാംകൂറിലും പ്രസിദ്ധനായിരുന്ന പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മാപ്പിളലബ്ബ ആലിം സാഹിബില്‍ നിന്നും മൗലവി മതവിജ്ഞാനം നേടി. മൗലവിയെ മന്‍തിക്വും കര്‍മശാസ്ത്രവും പഠിപ്പിക്കാന്‍ വന്ന അണ്ടത്തോട് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ പിന്നീട് മൗലവിയില്‍നിന്നും വിജ്ഞാനം ചികയുന്ന അവസ്ഥയുണ്ടായി.

അന്ധകാരം, അന്ധവിശ്വാസം, അനാചാരങ്ങള്‍ അതിന്റെ ഉപശാഖകളായി നിരവധി ദുരാചാരങ്ങള്‍ ഇതായിരുന്നു കേരള മുസ്‌ലിം സമൂഹത്തിന്റെ പൊതുവായ അവസ്ഥ. പൗരോഹിത്യത്തിന്റെ ക്രൂരമായ ബന്ധനം കാരണം മലയാള ഭാഷപോലും പഠിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചില്ല. മാല മൗലൂദൂകള്‍, കുപ്പിപ്പാട്ട്, കപ്പപ്പാട്ട്, കുമ്മിപ്പാട്ട്, ബദ്ര്‍- ഉഹ്ദ് ഖിസ്സ, ബദറുല്‍ മുനീറിന്റെ പ്രേമകാവ്യം, മൈലാഞ്ചിപ്പാട്ട്, മലപ്പുറം പടപ്പാട്ട്... ഇതൊക്കെ പഠിക്കലും പഠിപ്പിക്കലുമായിരുന്നു ഇസ്‌ലാമിക പഠനം കൊണ്ടുള്ള ഉദ്ദേശം. പടപ്പുകളോടുള്ള സകല പ്രാര്‍ഥനകളും മതത്തിന്റെയും പുണ്യത്തിന്റെയും വേഷമണിഞ്ഞ് ഒന്നാമത്തെ പന്തിയില്‍ സ്ഥാനം പിടിച്ചിരുന്നതിനാല്‍ ഇളക്കിമാറ്റല്‍ ബുദ്ധിമുട്ടായിരുന്നു. പള്ളികള്‍ക്ക് പകരം അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ശവകുടീരങ്ങളില്‍ ജനങ്ങള്‍ അഭയം തേടുന്ന അവസ്ഥ വ്യാപകമായി. പൗരോഹിത്യം അതിന്റെ ഗ്രേഡ് അനുസരിച്ച് പോരിശ കുറഞ്ഞവരും കൂടിയവരുമായി വിഭജിക്കപ്പെട്ടു. തങ്ങള്‍, സയ്യിദ്, ലബ്ബ, മുസ്‌ല്യാര്‍, മുക്രി തുടങ്ങിയ ഗ്രേഡുകള്‍ അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടു. ചൊറി-ചിരങ്ങിന്റെ അകമ്പടിയോടെയുള്ള പള്ളിദര്‍സുകളിലെ കുളിയും നനയും പഠിപ്പിക്കല്‍ മാത്രമായിരുന്നു മതപഠനം!

1905ജനുവരി19ന് മൗലവിയുടെ സ്വദേശാഭിമാനി പിറന്നുവീണു. ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും അത്യാധുനികമായ അച്ചടി പ്രസ്സ് ഇംഗ്ലണ്ടില്‍ നിന്നും മൗലവി ഇറക്കുമതി ചെയ്തു. നൂറുരൂപക്ക് ഒരേക്കര്‍ പറമ്പ് കിട്ടുന്ന ആ കാലത്ത് പ്രസ്സിന്റെ വിലമാത്രം 10,000 രൂപ.  

1906ജനുവരി 17ന് സ്വദേശാഭിമാനി രണ്ടാമത്തെ വാല്യം പത്രാധിപര്‍ കെ.രാമകൃഷ്ണ പിള്ളയുടെ നേത്യത്വത്തില്‍ പുറത്തിറങ്ങി. ''ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ'' ഈ വരികളായിരുന്നു പത്രത്തിന്റെ മുഖമുദ്ര. ശ്രീമൂലം തിരുനാള്‍ രാജാവിന്റെ മറവില്‍ ദിവാന്‍ പി.രാജഗോപാലാചാരിയും മാടമ്പിമാരും രാജകിങ്കരന്മാരും നടത്തിവന്ന ഭരണനായാട്ടിനെ സ്വദേശാഭിമാനി ചോദ്യം ചെയ്തു. 1910 സെപ്തംബര്‍ 6ന് സ്വദേശാഭിമാനി പ്രസ്സ് കണ്ടുകെട്ടി. പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ നാടുകടത്തി.

സ്വാതന്ത്ര്യത്തിന് ശേഷം ടി.കെ.നാരായണപ്പിള്ള, സി.കേശവന്‍, എ.ജെ.ജോണ്‍, പട്ടം താണുപ്പിള്ള തുടങ്ങിയവരുടെ ഭരണകാലത്ത് മൗലവിയുടെ മകന്‍, വക്കം അബ്ദുല്‍ഖാദിര്‍ പ്രസ്സ് വീണ്ടെടുക്കാന്‍ ശ്രമം നടത്തി. അഭിനവ ദേശഭക്തന്മാരൊന്നും ഈ വിഷയം കേട്ടതായി നടിച്ചില്ല. 'ചിറയിന്‍കീഴ് താലൂക്കിലെ ഒരു മുഹമ്മദീയ പ്രഭുവിനെ പാട്ടിലാക്കിയിട്ടാണ് ശ്രീ.കെ.രാമകൃഷ്ണപിള്ള രാജാവിനെയും ദിവാന്‍ജിയെയും അവരുടെ ഉദ്യോഗസ്ഥന്മാരെയും ശകാരിച്ച'തെന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ 'കണ്ടെത്തല്‍' മലയാള മനോരമയില്‍ തട്ടിവിട്ട് അവര്‍ 'രാജകടാക്ഷം' നേടി. ഇതിന് രാമകൃഷ്ണ പിള്ള തന്നെ സ്വദേശാഭിമാനിയില്‍ മറുപടിയും നല്‍കി. എന്നാല്‍ പിന്നീട് സ്വാതന്ത്ര്യാനന്തരം രാമകൃഷ്ണ പിള്ളയുടെ ഭൗതിക അവശിഷ്ടങ്ങള്‍ കണ്ണൂര്‍ കടപ്പുറത്തുനിന്നും സര്‍ക്കാര്‍ അകമ്പടിയോടെ അനന്തപുരിയില്‍ സ്ഥാപിച്ചു. രാമകൃഷ്ണ പിള്ളയുടെ മദ്ഹുകള്‍ പറയാന്‍ ദേശസ്‌നേഹികള്‍ പരസ്പരം മത്സരിച്ചു. കാലം നല്‍കിയ ശക്തമായ തിരിച്ചടിയാകാം, നേരത്തെ മനോരമയിലൂടെ രാമകൃഷ്ണ പിള്ളയുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്ത് രാജകടാക്ഷത്തിന്റെ പട്ടും വളയും വാങ്ങിയ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ പിന്‍ഗാമി മാമ്മന്‍മാപ്പിളയായിരുന്നു അന്നത്തെ യോഗാധ്യക്ഷന്‍. രാമകൃഷ്ണപിള്ളയെ പത്രാധിപരാക്കി സ്വജീവിതം തന്നെ മാനവിക സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച മഹാനായ വക്കംമൗലവി സാഹിബിനെപ്പറ്റി ഒരക്ഷരം ഉരിയാടാതിരിക്കാന്‍ യോഗത്തില്‍ പങ്കെടുത്തവരെല്ലാം പ്രത്യേകം ശ്രദ്ധിച്ചതുപോലെയായിരുന്നു അന്നത്തെ യോഗനടപടികള്‍.

കേരളസംസ്ഥാന പിറവിക്ക് ശേഷം ഒന്നാമത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിപ്പാട് 1958ലെ റിപ്പബ്ലിക്ക് ദിനത്തില്‍ മൗലവിയുടെ പ്രസ്സ് അതിന്റെ അനന്തരാവകാശികള്‍ക്ക് കൈമാറി. ചിതാഭസ്മംപോലെ തുണിയില്‍ പൊതിഞ്ഞ ഒരുപിടി ചാരം മാത്രമായിരുന്നു അന്നത്. 

(അവസാനിച്ചില്ല)