മതേതരത്വം ഫാഷിസം പ്രതിരോധം

പി. സുരേന്ദ്രന്‍/അംജദ് മദനി

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18
ഫാഷിസം വീണ്ടും ഭരണ സിരാകേന്ദ്രങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. മതേതര ചേരിയാവട്ടെപൂര്‍ണമായും ആലസ്യം വിട്ടുണര്‍ന്നിട്ടുമില്ല. പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനെങ്കിലും മതേതര കൂട്ടായ്മ കരുത്താര്‍ജിച്ചേ മതിയാവൂ. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ചയോടു കൂടിയ സംഭാഷണം.

സമകാലിക സാഹചര്യത്തില്‍ ഇന്ത്യ അനുഭവിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയും പ്രയാസവുമാണ് ഫാഷിസം. ഫാഷിസം ഒരിക്കലും പെട്ടെന്നൊരു ദിവസം രൂപം കൊണ്ടതല്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇതിന്റെ അടിവേരുകള്‍ ചികഞ്ഞ് ചെല്ലുമ്പോള്‍ എവിടെയായിരിക്കും നമ്മള്‍ എത്തിച്ചേരുക?

ഫാഷിസത്തിന് പല കാലഘട്ടങ്ങളില്‍ പല രൂപങ്ങളുണ്ട്. നമ്മള്‍ പലപ്പോഴും ഈ ഫാഷിസത്തെ ഏകപക്ഷീയമായി മാത്രമാണ് കാണുന്നത്. അടിസ്ഥാനപരമായി അസഹിഷ്ണുതയുമായി ബന്ധപ്പെട്ടുള്ളതാണ് ഫാഷിസം. പക്ഷേ, ക്ലാസിക്കലായി നമ്മള്‍ പറയുന്ന, ജര്‍മനിയില്‍ രൂപം കൊള്ളുകയും യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഗ്രസിക്കുകയും ചെയ്തിട്ടുള്ള ഫാഷിസം എന്ന് പറയുന്നത് വംശീയതയുമായി ബന്ധപ്പെട്ടു കൊണ്ടുള്ളതാണ്. വംശശുദ്ധി വാദമായിരുന്നു അതിന്റെ അടിസ്ഥാനം. ലോകത്ത് എമ്പാടും ഈ രൂപത്തിലുള്ള വംശീയ ഫാഷിസം പല കാലഘട്ടങ്ങളില്‍ പല ജനതയെ ഗ്രസിച്ചതായിട്ട് നമുക്ക് കാണാന്‍ കഴിയും. അതിന്റെ പേരില്‍ ലക്ഷോപലക്ഷം ആളുകള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഫാഷിസത്തിന്റെ വിളനിലങ്ങളില്‍ വീണുമരിച്ചുപോയിട്ടുള്ള ആളുകള്‍ ധാരാളമുണ്ട്. എന്നാല്‍ അതിനെയൊക്കെ പ്രതിരോധിച്ച് വന്നിട്ടുള്ള കമ്യൂണിസം പോലുള്ള ഐഡിയോളജികള്‍ വന്നപ്പോള്‍ അവരും സമഗ്രാധിപത്യത്തിന് വേണ്ടി, അവരുടെ ആശയങ്ങള്‍ മാത്രം സ്ഥാപിക്കാന്‍ വേണ്ടി ബഹുസ്വരതയെ അവരും അംഗീകരിച്ചിട്ടില്ല എന്നതിന് ചരിത്രത്തില്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. 

ചൈനയിലായാലും സോവിയറ്റ് യൂണിയനിലായാലും ക്യൂബയിലായാലും അവരും അവരുടെ ആശയങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഏകാധിപതികള്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ ചെയ്തതും അതിന് സമാനമായിട്ടുള്ളതാണ്. പലപ്പോഴും അവിടുത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനെ അംഗീകരിക്കാതെ അവര്‍ ചെയ്തതും അത് തന്നെയാണ്. സമഗ്രമായി അവരവരുടെതായിട്ടുള്ള ആശയങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ഇതര ആശയങ്ങളെയും ചിന്താധാരകളെയും അംഗീകരിക്കാതിരിക്കുക എന്നുള്ളതാണ് ഇതിന്റെ ഒരു സ്വഭാവം എന്ന് പറയുന്നത്. 

ഇന്ത്യയില്‍ വംശീയ സംഘട്ടനങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. വര്‍ഗീയ സംഘട്ടനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി വംശീയമായ കൊലവിളികള്‍ തെരുവില്‍ നമ്മള്‍ കണ്ടുതുടങ്ങിയത് ഈ ഗവണ്‍മെന്റിന്റെ വരവിന് ശേഷമാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അല്ലേ?

അതെ!  ഞാനത്തരത്തിലുള്ള കുറ്റാരോപണങ്ങളൊന്നും ഈ ഗവണ്‍മെന്റിന് എതിരെ കൊണ്ടുവരുന്നില്ല. കാരണം, ഗവണ്‍മെന്റ് പറയും; ഈ ആള്‍ക്കൂട്ട ഫാഷിസത്തിനെതിരെ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന്. പക്ഷേ, എല്ലാ ഗവണ്‍മെന്റിന്റെയും അവര്‍ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യമുണ്ട്; ഇതിനെയെല്ലാം അടിച്ചമര്‍ത്തുകയും ഈ തരത്തിലുള്ള വംശീയ ഫാഷിസ്റ്റ് പ്രവണതകള്‍ തെരുവിലേക്ക് പടരാതിരിക്കാന്‍ ശ്രമിക്കുകയും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുക എന്ന ദൗത്യം. എന്നാല്‍ ഗവണ്‍മെന്റ് കുറ്റകരമായി മൗനംകൊള്ളുന്നു. ആ മൗനത്തിനകത്ത് നിന്ന് കൊണ്ട്  ഈ ആള്‍ക്കൂട്ടങ്ങള്‍ കൊലവിളി നടത്തുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

ഇന്ത്യയില്‍ ഇങ്ങനെയൊരു ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ വളരെ പെട്ടെന്നുണ്ടായ ഒരു മാറ്റമായി കാണേണ്ടതില്ല. ഇതിലേക്ക് സാവകാശം നയിച്ച ചില കാരണങ്ങളില്ലേ? ഉദാഹരണമായി നമ്മള്‍ കേള്‍ക്കുന്ന ഒരു ആരോപണമാണ്, ഗാന്ധിജി തന്നെ സനാതന ധര്‍മം എന്ന പേരില്‍ ഹൈന്ദവ ദേശീയതയെ ഉപയോഗിച്ചിട്ടുണ്ട് എന്നത്. ഇതിനെ കുറിച്ചുള്ള താങ്കളുടെ നിരീക്ഷണമെന്താണ്?

ഇത് ഗാന്ധിജിക്ക് നേരെ പല കാലഘട്ടങ്ങളിലും വന്നിട്ടുള്ള ഒരു ആരോപണമാണ്. ഗാന്ധിജി അങ്ങനെ ആയിട്ടില്ല. ഗാന്ധിജിയാണ് ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, ഗാന്ധിജിയുടെ രാമരാജ്യം എന്ന് പറയുന്ന ഒരു ബഹുസ്വരമായ രാഷ്ട്ര സങ്കല്‍പത്തെ തീവ്രഹൈന്ദവതക്ക് അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തെ അവര്‍ കൊന്നത്; അതില്‍ തര്‍ക്കമില്ല. 

ഗാന്ധിജിയുടെ രാമരാജ്യ സങ്കല്‍പം എന്ന് പറയുന്നത് ഇതര മതസ്ഥരെ, ഇതര മതങ്ങളെ, വിശ്വാസങ്ങളെ സഹിഷ്ണുതാപൂര്‍വം കാണുന്നതാണെന്ന ഉത്തമ വിശ്വാസം മൊയ്തു മൗലവിയെ പോലെയുള്ള ഗാന്ധിയന്‍മാര്‍ക്ക് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ധാരാളം മുസല്‍മാന്‍മാര്‍ ഗാന്ധിജിയുടെ കൂടെ നിന്നിട്ടുണ്ട്. ഗാന്ധിജി ഒരു ഹൈന്ദവ വിശ്വാസിയായിരുന്നു. അതില്‍ നമ്മള്‍ കൗതുകപൂര്‍വം കാണേണ്ടുന്ന ഒരു കാര്യം അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്; തന്റെ അമ്മയായിട്ടുള്ള പുത്രിഭായിയുടെ കുടുംബ ക്ഷേത്രത്തില്‍ ആരാധനക്ക് വെച്ച ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ കൂടി ഉണ്ടായിരുന്നു എന്ന് ഗാന്ധിജി തന്നെ സമ്മതിക്കുന്നുണ്ട്. അത്‌കൊണ്ട് തന്നെ ഗാന്ധിയന്‍ ആത്മീയതയെ നമ്മള്‍ ആ തരത്തിലല്ല കാണേണ്ടത്, നമ്മള്‍ എല്ലാവരും കൂടി ഗാന്ധിജിയെ ഇങ്ങനെ അറ്റാക്ക് ചെയ്താല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വെച്ചാല്‍, അതൊക്കെ സംഘപരിവാറിന്  കൂടുതല്‍ വളമായി മാറും. അതിനാല്‍ ഞാന്‍ ഗാന്ധിജിയെ കാണുന്നത് ഇന്ത്യന്‍ മതേതര ബോധത്തിന്റെ, അതിന്റെ ആത്മീയതയുടെ ഒരു വലിയ പ്രതീകമായിട്ട് തന്നെയാണ്.

ഒരിക്കലും തന്നെ ഗാന്ധിജിയെ പോലുള്ള ഒരു നേതാവിനെ കുറിച്ച് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് നീതിയുക്തമല്ല എന്നുള്ളതാണ് താങ്കള്‍ കൂട്ടിച്ചേര്‍ത്തത്. അംബേദ്ക്കറെ പോലെയുള്ള ജാതിവിരുദ്ധരും അതുപോലെ നെഹ്‌റുവിനെ പോലെയുള്ള സോഷ്യലിസ്റ്റുകളും സ്വാതന്ത്ര്യ സമര കാലത്തുണ്ടായിരുന്നു. എന്നാല്‍ ആ കാലത്ത് എന്ത് കൊണ്ടാണ് സാമ്പത്തിക സമത്വത്തിലും സാമ്പത്തിക സ്വാശ്രയത്വത്തിലും ഊന്നിയ ഒരു ബദല്‍ രാഷ്ട്രീയ വ്യവസ്ഥയിലൂടെ അവര്‍ക്കാര്‍ക്കും ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാതിരുന്നത് എന്ന ചോദ്യം പ്രസക്തമല്ലേ? 

അതെ, ആ കാലഘട്ടത്തില്‍ ഇന്ത്യയുടെ അവസ്ഥ വളരെ സങ്കീര്‍ണമായിരുന്നു. അത് നമ്മള്‍ കാണേണ്ടതുണ്ട്. ജാതി വളരെ ഡീപ്പായിട്ട് വേരാഴ്ത്തിയിട്ടുള്ള രാജ്യമാണ് ഇന്ത്യ എന്ന് പറയുന്നത്. ഇന്ത്യയിലെ ഈ ജാതീയത അനിഷേധ്യമായ റിയാലിറ്റിയാണ്. കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ആഴത്തില്‍ വേരാഴ്ത്തി നില്‍ക്കാന്‍ കഴിയാതെ പോയത്, അവര്‍ക്ക് ഇന്ത്യന്‍ ജാതി യാഥാര്‍ഥ്യത്തെ അഭിസംബോധന ചെയ്യാന്‍ സാധിക്കാത്തതിനാലാണ്.  

അംബേദ്ക്കറിന്റെ കാര്യമെടുക്കുക. അംബേദക്കര്‍ സോഷ്യല്‍ ആശയങ്ങളെ സംബന്ധിച്ച് വളരെ ആഴത്തില്‍ നല്ല ധാരണയുള്ള ആളായിരുന്നു. കമ്യൂണിസം പോലുള്ള ആശയങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. അദ്ദേഹം എല്ലാ അര്‍ഥത്തിലും 'സബാള്‍ട്ടന്‍' എന്ന് പറയുന്ന പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നാണ് വരുന്നത്. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ 'ഇന്റലക്വ്ചല്‍ ജയന്റ്' എന്ന് വിശേഷിപ്പിക്കാവുന്ന ഒരാള്‍ അംബേദ്ക്കറാണ്. അദ്ദേഹത്തെ 'കറുത്ത ഗാന്ധി' എന്ന് പില്‍ക്കാലത്ത് നമ്മള്‍ വിളിക്കാനും തുടങ്ങി. എന്നാല്‍ സവര്‍ണബോധത്തെയും സവര്‍ണതയില്‍ അധിഷ്ഠിതമായ ദേശീയതയെയും എതിര്‍ത്ത് കൊണ്ട് അദ്ദേഹം ഗാന്ധിജിയോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. തീര്‍ച്ചയായിട്ടും ഉപരിവര്‍ഗ ജാതി ബോധത്തെയാണ് മഹാത്മാ ഗാന്ധി പ്രതിനിധീകരിക്കുന്നത് എന്ന തരത്തിലുള്ള ഒരു കടുത്ത വിയോജിപ്പ് അംബേദ്ക്കര്‍ പുലര്‍ത്തുകയും ചെയ്തിരുന്നു. 'മിസ്റ്റര്‍ ഗാന്ധിജിയെ സൂക്ഷിക്കുക' എന്ന പ്രബന്ധം എഴുതിയിട്ടുള്ള ആളാണ് അംബേദ്ക്കര്‍. അതുകൂടി നമ്മള്‍ കാണണം. 

സവര്‍ണ ദേശീയതയുടെ ആളുകള്‍ തന്റെ ജനതയെ, തന്റെ വിഭാഗത്തെ അഥവാ ദൡത്, ഹരിജന്‍ എന്നൊക്കെ പറയുന്ന ആളുകളുടെ സ്വത്വത്തെ അംഗീകരിക്കാത്തതില്‍ കടുത്ത വേദനയും പ്രതിഷേധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിദേശ പഠനത്തിനു ശേഷം പൂനയിലെ കൊളേജില്‍ പഠിപ്പിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന് വെള്ളം കൊടുക്കാനായിട്ട് വേറെ കൂജ വെച്ചു. ആ കൂജയിലെ വെള്ളം ബ്രാഹ്മണരായിട്ടുള്ള അധ്യാപകര്‍ എടുത്തു കുടിക്കുമായിരുന്നില്ല. അത്രയേറെ വിവേചനം നേരിട്ടപ്പോഴും അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് പോകുകയോ അത് പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയോ അല്ല ചെയ്തത്. അദ്ദേഹം ബുദ്ധ മതത്തിലേക്ക് പോയിക്കൊണ്ടാണ് തന്റെ കടുത്ത പ്രതിഷേധം അറിയിച്ചത്. ഇന്ത്യയില്‍ ഇപ്പോഴും ജാതീയത വലിയൊരു യാഥാര്‍ഥ്യമാണ്. നമുക്ക് അതിനെ മറികടക്കാനായിട്ട് സാധിച്ചിട്ടില്ല; സാധിക്കുമെന്ന് എനിക്ക് തോന്നുന്നുമില്ല. 

ജവഹര്‍ലാല്‍ നെഹ്‌റു ഒരു മതേതര ചിന്താഗതിക്കാരനായിരുന്നു. അദ്ദേഹമൊരു മതവിശ്വാസിയുമായിരുന്നില്ല. ഒരു പക്ഷേ, കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളോടായിരുന്നു അദ്ദേഹത്തിന് കുറച്ച് കൂടി അടുപ്പമുണ്ടായിരുന്നത് എന്ന് പറയാം. യുക്തിവാദത്തോട് അടുത്തു നില്‍ക്കുന്ന രീതികളായിരുന്നു അദ്ദേഹത്തിന്റെത്. ഈ വൈരുധ്യങ്ങളൊക്കെയും സമന്വയിപ്പിച്ച് കൊണ്ട് തന്നെ ഇന്ത്യന്‍ ഭരണ ഘടനയുടെ നിര്‍മാണത്തില്‍ അദ്ദേഹത്തിന്റെതായ വലിയ പങ്ക് ഉണ്ടായിരുന്നു. ഇതൊന്നും ഒരു വെറുപ്പിനും വിദ്വേഷത്തിനും വഴിവെച്ചിട്ടില്ല. അംബേദ്ക്കറെ ഇന്ത്യയുടെ ഹൃദയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയല്ല, മറിച്ച് അദ്ദേഹത്തെ ചേര്‍ത്ത് വെക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും നമുക്ക് കാണാന്‍ സാധിക്കും. അതാണ് ഇന്ത്യയുടെ ബ്യൂട്ടി എന്ന് പറയുന്നതും. അതിനെല്ലാം കോട്ടം തട്ടിയത് സമീപ കാലത്ത് ഉയര്‍ന്നുവന്ന തീവ്ര ഹിന്ദുത്വ നിലപാടും അതാണ് യഥാര്‍ഥ ഇന്ത്യന്‍ ദേശീയത എന്ന പ്രചാരണവും അതിന് വേണ്ടി കോര്‍പറേറ്റുകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചിട്ടുള്ള ഒരു അധികാരം രൂപപ്പെട്ട് വന്നപ്പോഴുമാണ്. അതുകൊണ്ടാണ് ഇന്ത്യ ഇത്രകണ്ട് പ്രശ്‌നകലുഷിതമായത്. 

1921ലെ ലഹള പോലും മലപ്പുറം ജില്ലയിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ നിതാന്തമായ ഒരു വെറുപ്പ് സൃഷ്ടിച്ചിട്ടില്ല എന്നത് നമ്മള്‍ കാണണം. 1921ലെ കലാപം കഴിഞ്ഞിട്ട് പോലും വളരെ ശാന്തരായിട്ട് തന്നെയാണ് ആളുകള്‍ ഇടപഴകി ജീവിക്കുന്നത്. മലപ്പുറം ജില്ലയുടെ ഹൃദയ ഭാഗങ്ങളില്‍ ഇന്നും അസാധാരണമായിട്ടുള്ള ഒരു കൂട്ടായ്മ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. അവര്‍ക്കിടയില്‍ അതിന്റെ പേരില്‍ ശത്രുത നിലനില്‍ക്കുന്നില്ല. 

എന്നാല്‍  ശത്രുത ഉണ്ടാക്കിയെടുക്കുന്നത് സമീപ കാലത്താണ്. നമ്മള്‍ കാണേണ്ട കാര്യമെന്തെന്ന് വെച്ചാല്‍, ഇതില്‍ കോര്‍പറേറ്റുകളുടെ വലിയൊരു പങ്ക് ഉണ്ട്. ഇപ്പോഴുള്ള ഈ തീവ്രതയെ വലിയ രീതിയില്‍ കോര്‍പറ്റേകള്‍ ഫണ്ട് ചെയ്യുന്നു എന്നത് നാം മനസ്സിലാക്കണം. ദേശീയതയും ദേശബോധവും പിന്നീട് ഒരു തരം പ്രൊഡക്ടായി മാറും. അത് ചില ഉല്‍പന്ന ശ്രേണികളിലേക്ക് മാറും. തീവ്ര ഹൈന്ദവതയില്‍ അധിഷ്ഠിതമായിട്ടുള്ള ദേശീയതയും അതിന്റെ ഒരു സാംസ്‌കാരിക രൂപീകരണവും വന്നതിന് ശേഷം അതിനെ മാര്‍ക്കറ്റ് ചെയ്യും. അതിനെ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ മാര്‍ക്കറ്റിന്റെ പേരാണ് പതഞ്ജലി. തീവ്ര ഹിന്ദുത്വം എന്ന് പറയുന്നത് വലിയ ഒരു മാര്‍ക്കറ്റായിട്ട് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അതിനെ കോര്‍പറേറ്റുകള്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. പണം വല്ലാതെ പമ്പ് ചെയ്യപ്പെടുന്നുണ്ട്. 

ഒരു ജനാധിപത്യ ഗവണ്‍മെന്റ് ചെയ്യേണ്ടത്, എല്ലാ തരത്തിലുള്ള വിശ്വാസ പ്രമാണങ്ങള്‍ക്കും സംരക്ഷണം നല്‍കുകയാണ്. അങ്ങനെ ചെയ്യാത്തതിനാല്‍ തന്നെ ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ പോയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആ അരക്ഷിതാവസ്ഥ സമാധാനമില്ലായ്മയിലേക്ക് നയിക്കുന്നുണ്ട്. അരക്ഷിതരായിട്ടുള്ള ജനസമൂഹങ്ങളില്‍ നിന്ന് തീവ്രവാദം ഉടലെടുക്കും. അതിന് അവരെ പറഞ്ഞിട്ട് കാര്യമില്ല. എവിടെ ആളുകള്‍ അരക്ഷിതരായി മാറുന്നുവോ, എവിടെ ആളുകള്‍ക്ക് പരിഗണന കിട്ടാതെ പോകുന്നുവോ അവിടെ തീവ്രവാദം രൂപപ്പെടും. അപ്പോള്‍ തീവ്രവാദത്തെ ഉന്‍മൂലനം ചെയ്യാനുള്ള ഏറ്റവും വലിയ മാര്‍ഗം എല്ലാ തരത്തിലുള്ള വിശ്വാസ സംഹിതകള്‍ക്കും ഇടം കൊടുക്കുകയും അവരെയൊക്കെ പൊന്ന് പോലെ രാഷ്ട്രം പരിഗണിക്കുകയും ചെയ്യലാണ്. അപ്പോഴാണ് അത്തരത്തിലുള്ള വിഭാഗങ്ങള്‍ക്ക് ഇത് തങ്ങളുടെ രാഷ്ട്രം കൂടിയാണെന്ന് തോന്നലുണ്ടാവുക. 

യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്നത് ആ സന്ദേശമാണ്. ഹൈന്ദവതയല്ലാതെ ഇന്ത്യയെ ഏകീകരിക്കുന്ന ഏതെങ്കിലും ഒരു പൊതുവികാരത്തെ മുന്‍നിര്‍ത്തി ദേശീയത ഉയര്‍ത്തി കൊണ്ടുവരിക എന്നത് രാജ്യത്തിന് വേണ്ടി എല്ലാം സമര്‍പിച്ച വ്യക്തിത്വങ്ങളായ നെഹ്‌റു, ഗാന്ധിജി അടക്കമുള്ളവര്‍ ജീവിച്ച കാലഘട്ടത്തില്‍ സാധ്യമായിരുന്നോ?

മതേതരമായിട്ടുള്ള ഒരു ആത്മീയത ഉണ്ടായിരുന്നു.  നെഹ്‌റു, പട്ടേല്‍, ഗാന്ധിജി, ഭഗത് സിംഗ്, ഖാന്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഖാന്‍, അബുല്‍ കലാം ആസാദ് തുടങ്ങിയവരൊക്കെ വ്യത്യസ്തമായ ആശയ സംഹിതകള്‍ വെച്ചുപുലര്‍ത്തുന്നവരായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നിര്‍മിച്ചെടുക്കുന്നതില്‍ ആസാദിന്റെ പങ്ക് വളരെ വലുതാണെന്ന് കാണാം. ഇന്ത്യയിലെ വളരെ ഉയര്‍ന്ന പേഴ്‌സണാലിറ്റി ആയിട്ടാണ് അബുല്‍ കലാം ആസാദിനെ കാണുന്നത്. അദ്ദേഹം ഒരു മത വിശ്വാസിയായിരുന്നു. ഇസ്‌ലാമിക തിയോളജിയില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. അതില്‍ വളരെയധികം പഠനം നടത്തിയിട്ടുള്ള ആളാണദ്ദേഹം. പക്ഷേ, അദ്ദേഹത്തിന് മഹാത്മാ ഗാന്ധിയെ പോലുള്ള ഒരു ഹിന്ദുമത വിശ്വാസിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍, അല്ലെങ്കില്‍ മതങ്ങളെ തന്നെ നിരാകരിച്ച് നിന്ന നെഹ്‌റുവിന്റെ കൂടെ നില്‍ക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. ദൡത് ചിന്താ ദാര്‍ശനികനായി നിന്ന അംബേദ്കറുടെ കൂടെ നില്‍ക്കാനും അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല. പിന്നെ എപ്പോഴാണ് നമുക്കിടയില്‍ വേര്‍തിരിവുണ്ടായത്? എപ്പോഴാണ് ഈ കംപാര്‍ട്ട്‌മെന്റുകള്‍ രൂപപ്പെട്ടത്? ആ കംപാര്‍ട്ട്‌മെന്റുകള്‍ ശരിയാവുകയില്ല. കംപാര്‍ട്ട്‌മെന്റുകള്‍ ആവാം-സ്വത്വബോധമാവാം. പക്ഷേ, എല്ലാ കംപാര്‍ട്ടമെന്റുകളെയും നയിച്ച് കൊണ്ടുപോകുന്ന ട്രെയ്‌നാണ് വേണ്ടത്. അതല്ലാതെ പാളത്തിലെവിടെയെങ്കിലും പോയി ഉപേക്ഷിക്കുന്ന ട്രെയ്‌നാവാന്‍ പറ്റുകയില്ല. ഇന്ന് ചില കംപാര്‍ട്ടുമെന്റുകള്‍ ഉപേക്ഷിക്കുകയാണ് എന്ന ഒരു ഭീതി വന്നിട്ടുണ്ട്. കംപാര്‍ട്ട്‌മെന്റ് ഉപേക്ഷിക്കുകയാണെന്ന ഭീതി വന്നപ്പോള്‍ കംപാര്‍ട്ട്‌മെന്റുകളുടെ അകത്ത് നിന്നുള്ള പുകച്ചിലും നീറ്റലുമാണിപ്പോള്‍ നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും നല്ല പരിഹാരം കംപാര്‍ട്ട്‌മെന്റുകളെ ട്രെയ്‌നിന്റെ എഞ്ചിനിനോട് ശക്തമായി ഘടിപ്പിക്കുകയും ഒന്നിച്ച് ഈ മഹായാത്രയില്‍ കംപാര്‍ട്ട്‌മെന്റുകളെ കൂടെ കൊണ്ടുപോകുകയുമാണ്. 

ഇപ്പോള്‍ ഇന്ത്യാ രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുന്ന കടുത്ത പ്രശ്‌നം അസഹിഷ്ണുതയും വര്‍ഗീയതയുമാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ലക്ഷ്യത്തിനപ്പുറം ആള്‍ക്കൂട്ടകൊലപാതകമടക്കമുള്ള വര്‍ഗീയ അജണ്ടകള്‍ നിലനിര്‍ത്തുന്നത് ഭരണകൂടങ്ങളും കോര്‍പറേറ്റുകളും നടത്തുന്ന സാമ്പത്തികക്കൊള്ള ചര്‍ച്ചയാകാതിരിക്കാന്‍ വേണ്ടിയാണോ? 

എല്ലാ കാലത്തും വംശീയ സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഫ്രിക്കയിലെ വിലകൂടിയ ഖനിജ വിഭവങ്ങളുടെ ഗുണ ഫലങ്ങളൊന്നും തന്നെ അവിടുത്തെ ജനങ്ങള്‍ക്ക് ഒട്ടും കിട്ടിയില്ല. എന്നാല്‍ അവരെ വംശീയതയിലേക്ക് കൊണ്ട് പോയി അവര്‍ സംഘട്ടനത്തില്‍ ഏര്‍പെടുമ്പോള്‍ അതിന്റെ മറവില്‍ ഭംഗിയായി അതൊക്കെ കോര്‍പറേറ്റുകള്‍ കടത്തിക്കൊണ്ടു പോയതായി കാണാന്‍ സാധിക്കും. മാവോയിസം പടര്‍ന്ന പ്രദേശങ്ങളില്‍ വേദാന്ത പോലെയുള്ള മൈനിങ്ങ് കമ്പനികള്‍ക്ക് ഒരു പ്രശ്‌നവുമില്ല. അഫ്ഗാനിസ്ഥാനില്‍ വലിയ തോതിലുള്ള സംഘട്ടനങ്ങളും കലാപങ്ങളും യുദ്ധവും നടന്നപ്പോഴും കച്ചവടക്കാര്‍ ഒന്നാന്തരം കച്ചവടം നിര്‍വഹിച്ച് പോന്നിട്ടുണ്ട്. ഇതൊക്കെ മറ പിടിച്ച് കൊണ്ടുള്ള കോര്‍പറേറ്റുകളുടെ വലിയ കളികളാണ്. 

അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യയിലും...?

അതെ, ഇന്ത്യയില്‍ അടുത്ത കാലത്ത് സെക്യൂരിറ്റി അലാം ഇന്‍സ്ട്രുമെന്റ്‌സിന്റെ വില്‍പന കൂടിയില്ലേ? ഭയങ്കരമായിട്ട് കൂടിയില്ലേ? ഇപ്പോള്‍ എല്ലായിടത്തും സംശയങ്ങള്‍ വന്ന് തുടങ്ങിയില്ലേ? എല്ലായിടത്തും സി.സി.ടി.വി എന്നതിലേക്ക് പോയില്ലേ? എല്ലാ തരത്തിലുള്ള സ്വകാര്യതകളും നഷ്ടപ്പെട്ടു പോയില്ലേ? സ്വകാര്യതകളെ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഒരു ടെക്‌നോളജിക്കല്‍ ഇന്റസ്ട്രി ഭയങ്കരമായി ഇന്ത്യയില്‍ സ്‌പ്രെഡ് ചെയ്തില്ലേ? തോക്കിന്റെ വിപണി കൂടിയില്ലേ? ബോംബിന്റെ വിപണി കൂടിയില്ലേ? അപ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്, ആയുധങ്ങളുടെ വിപണി കൂടുകയാണ്. സെക്യൂരിറ്റി ഇന്‍സ്ട്രുമെന്റ്‌സിന്റെ വിപണി കൂടുകയാണ്. എന്തിനാണ് ഈ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്? അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഫാഷിസം എന്തിന്റെ മുകളിലാണ് നില്‍ക്കുന്നത്? പേടിയുടെ മുകളിലാണ്! പേടി നിലനിര്‍ത്തിയിട്ടാണ് ഫാഷിസം നിലനില്‍ക്കുന്നത്. 

പേടി വിതയ്ക്കുക എന്നതാണ് ഫാഷിസത്തിന്റെ നയം...?

അതെ. ഭീതി പോയിക്കഴിഞ്ഞാല്‍ അവരുടെ നിലനില്‍പ് പോയി. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് പതുക്കെ ഭീതി പരത്തലാണ്. തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുകന്റെ അല്ലെങ്കില്‍ കര്‍ണാടകത്തിലെ ഗൗരി ലങ്കേഷിന്റെ വിഷയം വന്നതിനു ശേഷവും എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ ഇവിടെ നിര്‍ഭയനാണ്. ഞാന്‍ തൂലിക കൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും ഫാഷിസത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ഒരാളാണ്. എനിക്കൊരു പേടിയുമില്ല. ഞാനതിനെ ഓര്‍ത്ത് ഭയക്കാനും പോകുന്നില്ല. ആളുകള്‍ ശബ്ദ രഹിതരായി ഏതെങ്കിലും മൂലകൡല്‍ ഒതുങ്ങിക്കൂടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മതവിശ്വാസികളും മതവിശ്വാസികളല്ലാത്തവരുമൊക്കെ പൊതുവായി ഇന്ത്യ നേരിടുന്ന ആപത്തിനെ മനസ്സിലാക്കിക്കൊണ്ട് രംഗത്തുവരികയാണ് ചെയ്യേണ്ടത്. തെരുവില്‍ അവര്‍ കൂടി നില്‍ക്കണം, തെരുവുകളെ ഡയലോഗ് കൊണ്ട് സമ്പന്നമാക്കണം. അതാണ് അവര്‍ക്ക് ചെയ്യാനുള്ള ഏറ്റവും വലിയ കാര്യം.

ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങി നിരവധി വ്യക്തിത്വങ്ങള്‍ അവരുടെ സാഹിത്യവും സര്‍ഗശേഷിയും ഫാഷിസത്തിനെതിരെ ഉപയോഗപ്പെടുത്തിയതിന്റെ പേരില്‍ ജീവന്‍ പൊലിഞ്ഞവരാണ്. സാഹിത്യ രംഗത്തെ പ്രമുഖര്‍ ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ എന്താണ് ചെയ്തിട്ടുള്ളത്?

പ്രതിരോധം തീര്‍ക്കാന്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണുള്ളത്. നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ഇന്ത്യയിലും കേരളത്തിലും ഫാഷിസ്റ്റ് ശക്തികള്‍ക്ക് സ്തുതി പാടാനും അവരുമായി സന്ധി ചെയ്യാനും എഴുത്തുകാരും ബുദ്ധിജീവികളും അവരുടെ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നതാണ്. ഒരുപാട് ആളുകള്‍ നിശ്ശബ്ദരാണ്. കേരളത്തില്‍ പോലും ബഹുമാന്യരെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ഒരുപാട് എഴുത്തുകാര്‍ നിശ്ശബ്ദരാണ്. കാരണം, എഴുത്തുകാര്‍ എപ്പോഴും അധികാരങ്ങളെ ഭയപ്പെടും. അല്ലെങ്കില്‍ ചില അധികാരത്തിന്റെ സുഖ സൗകര്യങ്ങള്‍ അവര്‍ ആഗ്രഹിക്കും. കേന്ദ്രത്തിലെ ഗവണ്‍മെന്റ്, അതിന്റെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, അവിടുന്ന് കിട്ടുന്ന ചില ഔദാര്യങ്ങള്‍, അംഗീകാരങ്ങള്‍, പുരസ്‌കാരങ്ങള്‍... ഫാഷിസത്തിനെതിരെ ശബ്ദിച്ചാല്‍ ഇതൊന്നും കിട്ടുകയില്ലെന്ന് ചിലര്‍ക്ക് ഭയമുണ്ട്. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ആശയപരമായിട്ട് വിയോജിച്ചാല്‍ ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിയിലെ സംവാദ സദസ്സിലേക്ക് അയാളെ ക്ഷണിക്കില്ല. അത്രയൊന്നും സഹിഷ്ണുത ഇവര്‍ക്കുമില്ല. ഇപ്പോള്‍ എന്നെയൊന്നും കേരള സാഹിത്യ അക്കാദമി ഒരു പരിപാടിയിലേക്കും ക്ഷണിക്കാതിരിക്കാനുള്ള കാരണമെന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. അത് ചില നിലപാടുകളുമായിട്ട് ബന്ധപ്പെട്ടുകൊണ്ടാണ്. പക്ഷേ, എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്റെ നിലപാടുകളാണ്. എന്നെ ആര് ക്ഷണിക്കുന്നു, ആര് വിലക്കുന്നു എന്ന് നോക്കിയിട്ട് നിലപാടുകള്‍ എടുക്കാനോ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ എനിക്ക് സാധിക്കില്ല. 

താങ്കളുടെ ഈ നിര്‍ഭയമായ, സത്യത്തിനും ധര്‍മത്തിനും വേണ്ടിയുള്ള നിലപാട് മിക്ക സാഹിത്യകാരന്മാരും സ്വീകരിക്കുന്നില്ല. അവരെ സത്യത്തില്‍ ഭീതിപ്പെടുത്തുന്നതും പ്രലോഭിപ്പിക്കുന്നതും നേരത്തെ പറഞ്ഞ പോലെ ഈ അധികാരങ്ങളും മറ്റും തന്നെയാണോ? അതു തന്നെയാണോ ഫാഷിസത്തിനെതിരെയുള്ള സര്‍ഗാത്മകമായ കൃതികള്‍ പുറത്ത് വരാതിരിക്കാന്‍ കാരണം? 

അല്ല, അത് മാത്രമല്ല. എഴുത്തുകാര്‍ മാത്രമല്ല നിശ്ശബ്ദര്‍. കുറ്റകരമായ നിശ്ശബ്ദത മറ്റു മേഖലകൡലെ കലാകാരന്‍മാര്‍ക്കുമുണ്ട്. സിനിമ മേഖലയിലുണ്ട്. സാമൂഹിക വിഷയങ്ങളില്‍ എന്നോട് അഭിപ്രായം ചോദിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും പല സാമൂഹിക പ്രവര്‍ത്തകരോടും മീഡിയക്കാരോടും ക്ഷുഭിതനായി ചോദിച്ചിട്ടുണ്ട്; എന്നോട് മാത്രം ചോദിക്കുന്നതെന്താണ്? പോയി ദിലീപിനോട് ചോദിച്ച് നോക്ക്, ജയറാമിനോട് ചോദിച്ച് നോക്ക്. ഇവര്‍ക്കാര്‍ക്കും നിലപാടില്ലേ? ഇവര്‍ക്കാര്‍ക്കും ഉത്തരവാദിത്തമില്ലേ? മമ്മൂട്ടിക്കും മോഹന്‍ലാലിനുമില്ലാത്ത ഉത്തരവാദിത്തം എം.ടി വാസുദേവന്‍ നായര്‍ക്ക് ഉണ്ടാകണമെന്നുണ്ടോ? അവര്‍ കുറെ ആളുകള്‍ തങ്കപ്രതിമകളായി, എല്ലാവരാലും ആദരിക്കപ്പെട്ടവരായി എല്ലാ സുഖ സൗകര്യങ്ങളിലും മുഴുകി ജീവിക്കുക! അതല്ല വേണ്ടത്. അതുപോലെ കുറ്റകരമായ നിശ്ശബ്ദതയില്‍ തന്നെയാണ് യുവജനങ്ങള്‍. സത്യത്തില്‍ ഡിമോളിറ്റേഷന്‍ വന്നപ്പോള്‍ ഇന്ത്യന്‍ യൂത്ത് ഇങ്ങനെ നില്‍ക്കുമെന്ന് ഞാന്‍ കരുതിയിട്ടില്ല. തെരുവിലതിനെതിരെ അവര്‍ ഇറങ്ങുമെന്നും തെരുവിനെ വല്ലാത്ത രീതിയില്‍ ഇതിനെതിരിലുള്ള പ്രതിഷേധങ്ങളാല്‍ പ്രകമ്പനം കൊള്ളിക്കുമെന്നൊക്കെയാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ നമ്മള്‍ ഹൈഡ്രയെ പോലെ വളഞ്ഞ് എ.ടി.എം കൗണ്ടറിനു മുന്നില്‍ നില്‍ക്കുകയാണ് ചെയ്തത്.