മൃതദേഹം എംബാമിങ്ങ്: ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍

അഷ്‌റഫ് എകരൂല്‍

2018 മെയ് 05 1439 ശഅബാന്‍ 17
ജീവന്‍ നിലനില്‍ക്കുമ്പോള്‍ മാത്രമല്ല, മരണശേഷവും ആദരിക്കപ്പെടേണ്ടതാണ് മനുഷ്യശരീരം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ദൂരെ ദിക്കുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി, ജൈവികഘടനയില്‍ മാറ്റം വരാതിരിക്കാന്‍എംബാമിങ്ങ് ചെയ്യുന്ന രീതി ഇന്ന് സാര്‍വത്രികമാണ്. ഇസ്‌ലാമിക വിശ്വാസ-കര്‍മാനുഷ്ഠാനങ്ങളുമായി ഇത് എത്രമാത്രം യോജിക്കുന്നുണ്ട്? സങ്കീര്‍ണതകളൊഴിവാക്കാന്‍ മരണപ്പെടുന്ന സ്ഥലത്ത് തന്നെ സംസ്‌കരിക്കുകയാണോ ഉത്തമം? പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഗവേഷണ ലേഖനം.

ഇസ്‌ലാമിക ശരീഅത്ത് ജീവനുള്ള അവസ്ഥയിലെന്ന പോലെ ജഡാവസ്ഥയിലും മനുഷ്യന്‍ ആദരിക്കപ്പെടേണ്ടതായാണ് പഠിപ്പിക്കുന്നത്. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ടതും ക്വബ്‌റുകളുമായി ബന്ധപ്പെട്ടതുമായ ഇസ്‌ലാമിക വിധികള്‍ ഈ ആദരവിന്റെ  പ്രകടമായ അടയാളങ്ങളാണ്. ഈ ആദരവിന്റെ പ്രയോഗവല്‍കരണമായി ഇസ്‌ലാം നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ കാണുക:

1. മയ്യിത്തിന്റെ കണ്ണുകള്‍ അടച്ച് കൊടുക്കുകയും കൈകാലുകള്‍ നെരെയാക്കുകയും  (തുണികൊണ്ട്) മൂടുകയും ചെയ്യുക.

2. കുളിപ്പിക്കുക,  കഫന്‍ ചെയ്യുക, നമസ്‌കരിക്കുക. 

3. മറവു ചെയ്യുക.

4. ക്വബ്‌റുകളിന്‍ മേല്‍ ഇരിക്കുന്നതും ചവിട്ടുന്നതും അനിവാര്യമായ കാരണത്താലല്ലാതെ ക്വബ്‌റുകള്‍ മാന്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. 

5. മനുഷ്യജഡം വികൃതമാക്കി അപമാനിക്കുന്നതിനെ വിലക്കി.

6. മയ്യിത്തിന്റെ മുന്‍കാല  ജീവിതത്തിലെ നല്ല വശങ്ങളല്ലാത്തത് പരാമര്‍ശിക്കുന്നതിനെ നബി ﷺ വിലക്കി.

 

മറമാടുന്നതിലെ പൊതുവിധി

മരണം സംഭവിച്ചാല്‍ കഴിവതും വേഗം മറമാടുകയെന്നത്, ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതകളില്‍ (ഫര്‍ദ് കിഫായ) ഒന്നാണ്. അല്ലാഹു മനുഷ്യന്ന് തുടക്കം മുതലേ അതിന്റെ രീതി പോലും പഠിപ്പിച്ചിട്ടുണ്ട്.  അല്ലാഹു പറയുന്നു: ''അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു'' (ക്വുര്‍ആന്‍ 5:31).

മറവ് ചെയ്യുകെയന്നത് ആദ്യതലമുറയില്‍ നിന്ന് തന്നെ മനുഷ്യന്‍  അനന്തരമായെടുത്തതാണ് എന്ന് വ്യക്തം. 

കുര്‍ആനില്‍ സൂറഃ അബസയിലെ 21ാം വചനം കാണുക: ''അനന്തരം അവനെ മരിപ്പിക്കുകയും ക്വബ്‌റില്‍ മറയ്ക്കുകയും ചെയ്തു.'' ഇമാം ക്വുര്‍ത്വുബി(റഹ്) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'വന്യമൃഗങ്ങളും പക്ഷികളും തിന്നുപോകുന്നതില്‍ നിന്ന് സംരക്ഷണമായി അഥവാ ആദരവ് എന്ന നിലയില്‍ അവനെ മറവു ചെയ്യുന്ന ക്വബ്‌റുകള്‍ ഉണ്ടാക്കിക്കൊടുത്തു'' (തഫ്‌സീറുല്‍ ക്വുര്‍ത്വുബി). സൂറഃ അല്‍മുര്‍സലാത്തിലെ 25, 26 വചനങ്ങളും ഇത് തന്നെ സൂചിപ്പിക്കുന്നു. ഇതെല്ലാം ചേര്‍ത്തു കൊണ്ടാണ് മയ്യിത്തിനെ മറമാടുകയെന്നത് നിര്‍ബന്ധമാണെന്ന് വിധി പറയുന്നത്. അഥവാ മയ്യിത്ത് മറവ് ചെയ്യാതെ സൂക്ഷിച്ചു വെക്കുന്നത് ഇസ്‌ലാമിക വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണന്നര്‍ഥം. അത് കഴിവതും വേഗമാകണമെന്നാണ് നബി ﷺ യുടെ നിര്‍ദേശം.

നബി ﷺ പറഞ്ഞു: ''ജനാസയെ നിങ്ങള്‍ വേഗത്തിലാക്കുക. കാരണം അത് നല്ലതാെണങ്കില്‍ അതിനെ അതിലേക്ക് (പുണ്യത്തിലേക്ക്) എത്തിക്കുന്നതാണ് ഏറ്റവും ഉത്തമം, ഇനി അതല്ലെങ്കില്‍ ഒരു ബുദ്ധിമുട്ട് നിങ്ങളുടെ പിരടിയില്‍ നിന്ന് ഇറക്കി വെക്കുകയും ചെയ്യാം'' (ബുഖാരി, മുസ്‌ലിം). 

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു നബിവചനത്തില്‍ ഇപ്രകാരമാണുള്ളത്: നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ നിന്ന് ആരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ അതിന്റെ പിടിച്ച് വെച്ചേക്കരുത്(വൈകിപ്പിക്കരുത്).  മറവു ചെയ്യാന്‍ നിങ്ങള്‍ ധൃതി കാണിക്കണം.''  

സ്വഹാബിയായ ത്വല്‍ഹത്ത് ബ്‌നുബറായെ രോഗം മൂര്‍ഛിച്ച നേരത്ത് സന്ദര്‍ശിക്കുകയും അദ്ദേഹം മരിച്ചതായി കുടുംബത്തെ അറിയിക്കുകയും ചെയ്ത് കൊണ്ട് നബി ﷺ പറഞ്ഞു: ''ഒരു മുസ്‌ലിമിന്റെ മയ്യിത്ത് കുടുംബത്തിന്നു മുന്നില്‍ ഇങ്ങനെ പിടിച്ചുവെക്കുന്നത് (മറവുചെയ്യാന്‍ വൈകിപ്പിക്കുന്നത്) നല്ലതല്ല'' (അബൂദാവൂദ്). ഇതിനെ അവലംബിച്ചു കൊണ്ട് ഇമാം അഹ്മദ് പറഞ്ഞു: 'വേഗം മറവു ചെയ്യുകയെന്നത് മയ്യിത്തിനെ ആദരിക്കലില്‍ പെട്ടതാണ്.'

ചുരുക്കത്തില്‍, മരിച്ചാല്‍ മണ്ണില്‍ മറവു ചെയ്യുകയെന്നതും അത് വൈകിപ്പിക്കാതിരിക്കുകയെന്നതുമാണ് ഇസ്‌ലാമിന്റെ പൊതുവിധി. അതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നു മയ്യിത്തിന്റെ നല്ല അവസ്ഥക്ക് മാറ്റം സംഭവിക്കുന്നതിനെ തടയുകയെന്നതാണ്.

അനിവാര്യ ഘട്ടങ്ങളിലെ വൈകിപ്പിക്കലും മയ്യിത്തിനെ ഒരു നാട്ടില്‍ നിന്നു മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യലും

അനിവാര്യ ഘട്ടങ്ങളില്‍ മയ്യിത്ത് മറവു ചെയ്യുന്നത് വൈകിപ്പിക്കേണ്ടി വന്നേക്കാം. (നബി ﷺ യുടെ ക്വബ്‌റടക്കം മരണം സംഭവിച്ച രണ്ട് ദിവസം കൊണ്ടാണ് മറവ് ചെയ്തത്). അജ്ഞാത ജഡം തിരിച്ചറിയുന്നത് വരെ, ദുരൂഹ സാഹചര്യത്തിലെ മരണം കാരണം ഉറപ്പിക്കുന്നത് വരെ തുടങ്ങിയ സന്ദര്‍ഭങ്ങള്‍ ഉദാഹരണം. അതില്‍ ഒന്നാണ് മരണം സംഭവിച്ച സ്ഥലത്ത് നിന്നും മറ്റൊരു നാട്ടിലേക്ക് മയ്യിത്തു നീക്കം ചെയ്യേണ്ടി വരല്‍. ഇതിന്റെ ഇസ്‌ലാമിക വിധി പണ്ഡിതന്മാര്‍ വിശദീകരിച്ചതിന്റെ ചുരുക്കം താഴെ കൊടുക്കാം.

1. മരിച്ച സ്ഥലത്തെ മുസ്‌ലിം ക്വബ്ര്‍സ്ഥാനിയില്‍ തന്നെ മറവ് ചെയ്യലാണ് പ്രബലമായ സുന്നത്ത് എങ്കിലും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പൊകുന്നതില്‍ തെറ്റില്ല. (ഇബ്‌നു ആബിദീന്‍(റഹ്) പോലുള്ള ഹനഫി പണ്ഡിതര്‍ ഈ അഭിപ്രായക്കാരാണ്. അതിന്റെ തെളിവ്: സ്വഹാബികളായ സഅദ്ബിന്‍ അബീവക്വാസും സഈദ് ബ്‌നു സൈദ് ബ്‌നു അംറും അക്വീക്വ് എന്ന പ്രദേശത്ത് മരണമടയുകയും അവരെ ഏഴു മൈല്‍ അകലത്തുള്ള മദീനയില്‍ കൊണ്ട് വന്നു മറമാടുകയും ചെയ്തു.(ഇമാം മാലിക് തന്റെ മുവത്വയില്‍ ഉദ്ധരിക്കുന്നത്). എന്നാല്‍ ഈ സംഭവത്തെ നിലനിര്‍ത്തികൊണ്ട് തന്നെ (അതിന്ന് ചില പ്രത്യേക കാരണങ്ങല്‍ ഉള്ളതിനാലാവാം) പൗരാണികരും ആധുനികരുമായ ഭൂരിപക്ഷം പണ്ഡിതന്മാരും (ഇമാം നവവി, ഇമാം ഔസാഈ, ഇബ്‌നു മുന്‍ദിര്‍ അടക്കം) പറയുന്നത് ഏറ്റവും ശരിയായ കാരണമില്ലാതെ മയ്യിത്ത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്നത് അനുവദനീയമല്ല എന്നാണ്. അതാവട്ടെ മയ്യിത്തിന്ന് പ്രയാസം ഇല്ലാതാക്കാനും മയ്യിത്തിന്റെ അവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതില്‍ നിന്ന് മയ്യിത്തിനെ സംരക്ഷിക്കാനുമാണ്. ശരിയായ കാരണങ്ങളുടെ ഉദാഹരണങ്ങളില്‍ ചിലത്: 

1. മറവു ചെയ്യുന്ന മയ്യിത്തിനോട് പ്രസ്തുത സ്ഥലത്ത് അനാദരവ് ഉണ്ടാകുമെന്ന് ഭയപ്പെടുക, യുദ്ധം, ശത്രുത മൂലം മയ്യിത്തിനെ അവമതിക്കുമെന്ന് ഭയമുള്ള സന്ദര്‍ഭം.(ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകളുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ട് പൊകല്‍ നിര്‍ബന്ധമാണ്).

2. സ്വന്തം ആളുകളുടെ അടുത്താവാനും ബന്ധുക്കള്‍ക്ക് സന്ദര്‍ശനം നടത്താനും അവസരം ഉദ്ദേശിക്കുക.

 അബ്‌സീനിയയില്‍ വെച്ച് മരണപ്പെട്ട സ്വഹാബി അബ്ദുര്‍റഹ്മാനുബ്‌നു അബൂബക്‌റി(റ)ന്റെ മയ്യിത്ത് മക്കയില്‍ കൊണ്ട് വന്നു മറവു ചെയ്തതില്‍ സഹോദരിയും വിശ്വാസികളുടെ മാതാവുമായ ആഇശ(റ) നീരസം പ്രകടിപ്പിച്ചത് ഇതിനോട് പണ്ഡിതമാര്‍ ചേര്‍ത്ത് വെക്കുന്നു. മയ്യിത്ത് മറ്റൊരു നാട്ടിലേക്ക് മാറ്റാന്‍ മയ്യിത്തിന്റെ തന്നെ വസ്വിയ്യത്തുെണ്ടങ്കില്‍ പോലും അത് നടപ്പിലാക്കേണ്ടതില്ലെന്നാണ് ഇമാം നവവി(റ) അടക്കമുള്ളവരുടെ അഭിപ്രായം (അല്‍ അദ്കാര്‍).  ഈ വിഷയത്തില്‍ ലജ്‌നതുദ്ദാഇമയോട് (സൗദിയുടെ ഔദ്യോഗിക ഫത്‌വ ബോര്‍ഡ്) ഉള്ള ചോദ്യത്തിന്ന് നല്‍കിയ മറുപടിയുടെ ചുരുക്കം ഇപ്രകാരമാണ്:

നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്തെ പ്രായോഗിക സുന്നത്ത് പ്രകാരം മരിച്ചിടത്ത് മറവ് ചെയ്യുകയെന്നതാണ് വേണ്ടത്. രക്തസാക്ഷികളെ പോലും അവര്‍ മരിച്ചിടത്ത് മറവു ചെയ്യാന്‍ നബി ﷺ കല്‍പിക്കുകയാണ് ചെയ്തത്. അതിനാല്‍ ശരിയായ കാരണങ്ങള്‍ കൊണ്ടല്ലാതെ മയ്യിത്ത് മറ്റു നാടുകളിലേക്ക് കൊണ്ടുപോകുന്നത് നല്ലതല്ല. അതിന്നുള്ള കാരണങ്ങള്‍:

1. മുന്‍ഗാമികളുടെ ചര്യ പിന്‍പറ്റുകയന്നതിനാല്‍.

2. പ്രയാസങ്ങളെ ഒഴിവാക്കുക എന്നതിനാല്‍.

3. മയ്യിത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ഇല്ലാതെ മയ്യിത്തിനെ സംരക്ഷിക്കാന്‍.

4. കഴിവതും വേഗം മറവു ചെയ്യുകയെന്ന നബികല്‍പന നടപില്‍ വരുത്താന്‍.

5. മയ്യിത്തിന്റെ സംരക്ഷണത്തിന്റെ പേരില്‍  ശരീരത്തില്‍ നടത്തേണ്ടി വരുന്ന നടപടികള്‍ ഒഴിവാക്കിക്കിട്ടാന്‍. 

 

എംബാമിങ്ങും ഇസ്‌ലാമിക വിധി വിലക്കുകളും

 

എന്താണ് എംബാമിങ്ങ്?

മയ്യിത്ത് സാധാരണയില്‍ കവിഞ്ഞ സമയത്തേക്ക് മറമാടാതെ സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയില്‍, മയ്യിത്തിനെ അതിന്റെ തല്‍സ്ഥിതിയില്‍ നിലനിര്‍ത്താന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ശരീരത്തിന്റെ അകത്തോ പുറത്തോ ചെയ്യുന്ന രീതിക്കാണ് മൊത്തത്തില്‍ എംബാമിങ്ങ് എന്ന് പറയുന്നത്.  

ആധുനിക കാലത്ത് അനുവദനീയമായ കാരണങ്ങളാല്‍ മയ്യിത്ത് ദീര്‍ഘ ദൂരത്തേക്ക് കൊണ്ട് പൊകേണ്ടി വരുമ്പോഴും അവ കേടുവരാതെ സൂക്ഷിക്കാന്‍ എംബാം ചെയ്യാറുണ്ട്. ഇതിന്ന് അറബിയില്‍ 'തഹ്‌നീത്വ്' എന്നാണ് പറയുക. സത്യത്തില്‍ മയ്യിത്തില്‍ സുഗന്ധം പൂശുന്നതിനാണ് ഇൗ പദം ഉപയോഗിച്ചിരുന്നതെങ്കിലും പിന്നിട് മെഡിക്കല്‍ എംബാമിങ്ങിന്ന് സാങ്കേതികമായി ഇത് ഉപയോഗിച്ച് തുടങ്ങകയായിരുന്നു. 

 

മുസ്‌ലിം മയ്യിത്ത് എംബാമിങ്ങ് ചെയ്യുന്നതിന്റെ ലക്ഷ്യം?

നിയമപരമായ കാര്യങ്ങള്‍ക്കായി വൈകിക്കേണ്ടി വരുന്നതിന്ന് പുറമെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് മയ്യിത്ത് എത്തിക്കാനുള്ള സമയമെടുക്കുന്നത് നിമിത്തവും മയ്യിത്ത് എംബാം ചെയ്യേണ്ടി വന്നേക്കാം.

 

വിവിധ തരം എംബാമിങ്ങും അവയുടെ ഇസ്‌ലാമിക വിധികളും

അഞ്ചു തരം എംബാമിങ്ങുകളാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ വിശദീകരിച്ച് തരുന്നത്. ആര്‍ട്ടീരിയല്‍, കാവിറ്റി, ഹൈപ്പൊ ടെര്‍മിക്, സര്‍ഫൈസ്, പ്ലാസ്റ്റിനിങ്ങ് എന്നിവയാണവ. വിശദീകരണ സൗകര്യത്തിനായി ഇവയെ മൂന്നായി തിരിക്കാം:

 

1. ആന്തരികമായ മാറ്റങ്ങളിലൂടെയുള്ള എംബാമിങ്. 

(ഉള്ളിലേക്കുള്ള നിക്ഷേപം, ഉള്ളില്‍ നിന്ന് പിന്‍വലിക്കല്‍ (രക്തം, അവയവങ്ങള്‍).

ആന്തരിക മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള എല്ലാതരം എംബാമിങ്ങും ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ വിലക്കപ്പെട്ടതാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അത് മയ്യിത്തിനെ രൂപഭേദം വരുത്തുകയും അനാദരിക്കുകയും ചെയ്യുന്നതിന്നു തുല്യമാണ്. അവയവങ്ങള്‍ കീറി മാറ്റുക, രക്തം വലിച്ചെടുക്കുക തുടങ്ങിയ രീതിയില്‍ ചെയ്യുന്നതല്ലാം ഈ അനാദരവിന്റെ ഗണത്തില്‍ പെടും. നിരുപാധിക നിരോധനം ആണ് ഇവിടെ കാണുന്നത്, (ഇത് കൊണ്ടാണ് കുവൈത്ത് പോലുള്ള രാജ്യങ്ങളില്‍ ഈ അര്‍ഥത്തിലുള്ള എംബാമിങ്ങിനു നിരോധനമുള്ളത്). എന്നാല്‍ നിര്‍ബന്ധിത സാഹചര്യങ്ങളെ ഒഴിച്ചു നിര്‍ത്തുന്നു. (ഇസ്‌ലാമിന്റെ പൊതുനിയമ രീതി അനുസരിച്ച് വിലക്കുകള്‍ നിര്‍ബന്ധിത കാരണങ്ങളില്‍ അനുവദനീയമാവും). എന്നാല്‍ ശരീരം പിളര്‍ത്തുക, കീറിമുറിക്കുക തുടങ്ങിയ രീതികളൊന്നുമില്ലാതെ രക്ത ധമനികളിലേക്ക് ചില ലായനികള്‍ കുത്തിവെച്ചുകൊണ്ടുള്ള എംബാമിങ്ങ് അനുവദനീയമാണന്ന് അഭിപ്രായമുള്ളവര്‍ ഉണ്ട്. കാരണത്തെ വിലയിരുത്തുന്നതിലുള്ള വൈവിധ്യമാണ് ഗവേഷണ നിലപാടിലെ അഭിപ്രായ വ്യത്യാസത്തിന്നു കാരണം. ചുരുക്കത്തില്‍ മറ്റു മാര്‍ഗങ്ങള്‍ നിലവില്‍ ഇല്ലാതിരിക്കുകയും, കൊണ്ടുപോകല്‍ നിര്‍ബന്ധമായി വരികയും ചെയ്യുന്ന അവസ്ഥയില്‍, മറ്റ് കീറിമുറിക്കലുകളൊന്നുമില്ലാത്ത വിധം, രക്ത ധമനികളില്‍ കുത്തിവെപ്പിലൂടെ രാസവസ്തുക്കള്‍ പ്രവേശിപ്പിച്ചു കൊണ്ടുള്ള എംബാമിങ്ങ് മാത്രമെ ഈ വിഭാഗത്തില്‍ അല്‍പമെങ്കിലും അനുവദനീയമെന്നു പറയാന്‍ പറ്റുന്നതുള്ളൂ. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍). ഈ രംഗത്തുള്ള ആധുനിക ഗവേഷണാത്മക അഭിപ്രായം മാത്രമാണിത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാവതല്ലാത്തതൊന്നും മയ്യിത്തിനോടും പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ പൊതു വിധി. നബി ﷺ പറഞ്ഞു: ''ഒരു മയ്യിത്തിന്റെ എല്ല് പൊട്ടിക്കല്‍ അതിനെ ജീവിനുള്ള അവസ്ഥയില്‍ പൊട്ടിക്കുന്നതിന്നു സമാനമാണ്'' (അബൂദാവൂദ്).  

 

2. ബാഹ്യമായ എംബാമിങ്ങ് (ശരീരത്തില്‍ പുരട്ടല്‍)

ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്ന കാരണങ്ങള്‍ക്കാണ് ഈ തരം എംബാം നടത്തുന്നതെങ്കില്‍, മയ്യിത്തിന്റെ അവസ്ഥക്ക് രൂപമാറ്റമുണ്ടാക്കി അതിന്റെ മാന്യതയെ അവമതിക്കാത്ത രീതി എന്ന നിലയില്‍ ഇതിന്ന് വിലക്കില്ല. പക്ഷേ, ഉപയോഗിക്കുന്ന രാസവസ്തുക്കളോ മറ്റോ ഇസ്‌ലാം വിരോധിച്ചതാവരുെതന്നു മാത്രം. (പന്നി നെയ്യ്, ലഹരി വസ്തുക്കള്‍ പോലെ). എന്നാല്‍ മയ്യിത്ത് ഒന്നായി ലായനിയില്‍ മുക്കി എടുക്കുക പോലുള്ള രീതി മയ്യിത്തിനെ അവമതിക്കുന്ന ഗണത്തില്‍ പെടും. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍).

 

3. പരിസരങ്ങളുടെ എംബാമിങ്ങ് (പെട്ടി, റൂം)

മയ്യിത്ത് സൂക്ഷിക്കുന്ന ഫ്രീസര്‍, നാട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി തയ്യാറാക്കുന്ന മയ്യിത്ത് പെട്ടിയില്‍ നിക്ഷേപിക്കുന്ന പൊടികളും ലായനികളും എന്നിവ ഈ ഇനത്തില്‍ പെടും. മയ്യിത്തിനെ അഴുകുന്നതില്‍ നിന്ന് സൂക്ഷിക്കുകയെന്ന പൊതുലക്ഷ്യമായതിനാലും, മയ്യിത്തിന്റെ മാന്യതക്ക് പരിക്കേല്‍പിക്കാത്തതെന്ന നിലയ്ക്കും ഈ തരം എംബാമിങ്ങിന് ഇസ്‌ലാമിക വിലക്കുകളൊന്നും പണ്ഡിതന്മാര്‍ കാണുന്നില്ല. മറിച്ച് അനിവാര്യമായ കാരണത്താല്‍ മയ്യിത്ത് സൂക്ഷിക്കേണ്ടി വരുമ്പോള്‍ അതിന്റെ പവിത്രത സൂക്ഷിക്കാന്‍ അത് അവിവാര്യമാണെന്നാണ് പണ്ഡിതാഭിപ്രായം. കൂടാതെ എംബാമിങ്ങിന്റെ ആശയക്കുഴപ്പത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഫ്രീസര്‍ സംവിധാനത്തെ വികസിപ്പിക്കുകയാണ് നല്ലതെന്ന നിര്‍ദേശവും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. 

(അവസാനത്തെ രണ്ട് വിഭാഗവും സാങ്കേതികാര്‍ഥത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ 'എംബാമിങ്ങ്' ആയി പരിഗണിക്കുന്നില്ല.)

 

പ്രവാസികളും മയ്യിത്തും 

ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ ജീവിക്കുന്നവരുടെ ബാധ്യത ആ മയ്യിത്തിനെ എത്രയും പെട്ടെന്ന് ക്വബ്‌റടക്കുകയെന്നതാണല്ലോ. മയ്യിത്തിന്ന് നല്‍കുന്ന ആദരവും അതിനെ പ്രയാസപ്പെടുത്താതിരിക്കലുമാണ് അതിലൂടെ ലഭിക്കുന്നത്. ഈ വസ്തുത മുന്നില്‍ വെച്ചു വേണം പ്രവാസികളും നാട്ടിലുള്ള ബന്ധുക്കളും മയ്യിത്തിന്റെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍. ഇസ്‌ലാമിക സമൂഹവും നിയമവും പരിരക്ഷയും വേണ്ടുവോളം ലഭിക്കുന്ന ഒരു സ്ഥലത്തു നിന്ന് ദിവസങ്ങളോളം എംബാമിങ്ങിലൂടെയും മറ്റും സംരക്ഷണം തീര്‍ത്ത് ഒരു മുസ്‌ലിം മയ്യിത്ത് നാട്ടില്‍ എത്തിക്കുന്നതില്‍ ഉള്ള ഉപകാരം, മയ്യിത്തിനോടുള്ള ഇസ്‌ലാമിക താല്‍പര്യങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ് ആദ്യം അനിവാര്യമായിട്ടുള്ളത്. ഇവിടെയാണ് മയ്യിത്ത് കാണല്‍, കുടുംബങ്ങള്‍ക്കും മറ്റും ക്വബ്ര്‍ സന്ദര്‍ശനത്തിന്നും പ്രാഥനക്കും അവസരം ലഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്ന കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്. മയ്യിത്തിന്നും അതിനെ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കും ഉണ്ടാകുന്ന പ്രയാസത്തെക്കാള്‍ ഇത് ഉയര്‍ന്നു നില്‍ക്കുമോ ഇല്ലയോ എന്നതിന്നനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതെന്നര്‍ഥം. താല്‍ക്കാലിക സമയത്തെ കേവല വൈകാരികതക്കപ്പുറം ചിന്തിക്കാന്‍ മാത്രം ഈമാനികമായി നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും ഉദ്ബുദ്ധരാക്കുകയാണ് ഇവിടെ അനിവാര്യം. മാത്രവുമല്ല അന്യ ദേശത്ത് മരണപ്പെടേണ്ടി വരുന്നവര്‍ക്ക് ലഭിക്കുന്ന പുണ്യത്തെ കുറിച്ച് നബി ﷺ നല്‍കിയ സന്തോഷവാര്‍ത്ത വിശ്വാസികള്‍ക്ക് സമാധാനം നല്‍കേണ്ടതുണ്ട്. 

നബി ﷺ ഒരിക്കല്‍ ഒരു സ്വദേശി മരിച്ചപ്പോള്‍ അയാള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: ''അദ്ദേഹം ജന്മ നാട്ടിലല്ലാത്തിടത്ത് വെച്ചു മരിച്ചിരുന്നെങ്കില്‍!'' 'അതന്ത് കൊണ്ടാണ് തിരുദൂതരേ' എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോല്‍ നബി തങ്ങള്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ''തന്റെ ജന്മനാട്ടിലല്ലാതെ മരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ അത്രയും ദൂരം അളന്ന് നല്‍കി പ്രതിഫലം നല്‍കുന്നതാണ്.'' (നസാഈ).

എന്നാല്‍ അതില്‍ കുടുംബത്തിന്റെ വൈകാരികത പരിഗണിക്കാതെ കടുംപിടുത്തം പിടിക്കാതിരിക്കലുമാണ് ഇസ്‌ലാമിന്റെ കര്‍മശാസ്ത്ര വിശാലതയുടെ വെളിച്ചം നല്‍കുന്ന പാഠം. (അല്ലാഹുവാണ് എറ്റം നന്നായി അറിയുന്നവന്‍). 

 

മയ്യിത്ത് കാണുന്നതിന്റെ ഇസ്‌ലാമിക വിധി

എല്ലാവരും മയ്യിത്ത് കാണല്‍ സുന്നത്താണെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും അനുവദനീയമാണ്. നബി ﷺ ഉസ്മാനുബ്‌നു മള്ഊനി(റ)ന്റെ മയ്യിത്ത് (മുഖം) തുറന്ന് ചുംബിച്ചിരുന്നു. (അബൂദാവൂദ്) നബിയുടെ വിശുദ്ധ ശരീരം അബുബക്ര്‍(റ) മുഖം തുറന്ന് നോക്കുകയും  ഉമ്മ വെക്കുകയും ചെയ്തിരുന്നു (ബുഖാരി). സുന്നത്ത് എന്ന് പറയുമ്പോള്‍ ആ കര്‍മത്തിന്ന് അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ അനുവദനീയം എന്നാകുമ്പോള്‍ മനുഷ്യ താല്‍പര്യങ്ങളുടെ ഭാഗമായി ചെയ്യുന്ന, മതം വിലക്കാത്ത കാര്യങ്ങള്‍ ആണ്. 

 

ചുരുക്കം:

1. മയ്യിത്ത് വേഗം മറവു ചെയ്യുകയന്നതാണ് ഇസ്‌ലാമിക മര്യാദ.

2. അനിവാര്യ കാരണങ്ങളാല്‍ വൈകിപ്പിക്കാവുന്നതാണ്.

3. ബാഹ്യതലത്തിലെ എംബാമിങ്, മയ്യിത്ത് അഴുകുന്നതില്‍ നിന്നു സംരക്ഷിക്കുകയെന്ന ലക്ഷ്യമായതിനാലും മയ്യിത്തിന്റെ ഭൗതിക ശരീരത്തില്‍ പ്രയാസകരമായ ഇടപെടലുകള്‍ നടക്കാത്തതിനാലും അതില്‍ തെറ്റു കാണുന്നില്ല.

4. സംശയകരമായതില്‍ നിന്ന് മുക്തി നേടാന്‍ സഹായകരം എന്ന നിലക്ക് ഫ്രീസര്‍ സംവിധാനം വികസിപ്പിക്കുന്നതാണ് കൂടുതല്‍ നല്ലത്. 

5. മയ്യിത്ത് വേഗം മറവു ചെയ്യാനാണ് ബന്ധുക്കളടക്കം ജീവിച്ചിരിക്കുന്നവര്‍ സൗകര്യം അന്വേഷിക്കേണ്ടത്. അതിനാവശ്യമായ ഈമാനിക ബോധം വളര്‍ത്തുകയാണ് പരിഹാരം. 

6. അന്യദേശത്ത് മരിക്കേണ്ടി വരുന്നവര്‍ക്ക് അല്ലാഹു പ്രത്യേക പ്രതിഫലം നല്‍കുന്നതാണ്. 

7. ആവശ്യമുള്ളവര്‍ക്ക് മയ്യിത്ത് കാണുന്നതിലോ കാണിക്കുന്നതിലോ ഇസ്‌ലാമില്‍ വിലക്കില്ല. 

എന്റെ പഠനത്തിലും അന്വേഷണത്തിലും ബോധ്യമായ ചില കാര്യങ്ങളാണ് ഇവിടെ പറഞ്ഞത്. കൂടുതല്‍ വ്യക്തതയും തിരുത്തലുകളും ആവശ്യമുണ്ടായേക്കാം. വിഷയം ഗവേഷണാത്മകമായതിനാല്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ക്ക് സാധുത ഉണ്ടാവുക സ്വഭാവികം. 

അല്ലാഹുവേ, ഞങ്ങള്‍ മറന്നതോ തെറ്റിയതോ മൂലം ഞങ്ങളെ നീ പിടികൂടരുതേ. ഏറ്റവും ശരിയായതിലേക്ക് നീ ഞങ്ങളെ വഴി നടത്തുകയും ചെയ്യേണമേ. (ആമീന്‍)

 

അവലംബം: 

1. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ മനുഷ്യ ജഡത്തെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍. ഗവേഷണപ്രബന്ധം. നാഷണല്‍ യൂനിവേഴ്‌സിറ്റി. ഫലസ്തീന്‍. 

2. ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദിന്റെ മേല്‍നോട്ടത്തിലുള്ള വെബ് സൈറ്റ് (www.islamqa.info)

3. ഫിക്വ്ഹ് വിഞ്ജാനകോശം. കുവൈത്ത് ഔക്വാഫ് മന്ത്രാലയം

4. അഭിമുഖം: ഡോ.ആദില്‍ അല്‍ മുെത്വയ്‌റാത്. പ്രഫ.ഫിക്വ്ഹ് വിഭാഗം. കുവൈത്ത് യൂനിവേഴ്‌സിറ്റി.