കേരള സ്വൂഫികളുടെ അടിസ്ഥാന വിശ്വാസങ്ങള്‍

സലീം പട്‌ല

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13
ഋജുവായ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ എത്രമാത്രം വലിയ അബദ്ധത്തിന്റെ ചവറ്റുകൂനയിലാണ് ചെന്ന് വീഴുക എന്നതിന്റെ വസ്തുനിഷ്ഠമായ ഉദാഹരണമാണ് സ്വൂഫിസം. സ്വൂഫിസത്തിന്റെ വികലവിശ്വാസങ്ങളെ തിരിച്ചറിയാന്‍ അവരുടെ അധ്യാപനങ്ങള്‍ അല്‍പമൊന്ന് പരിശോധിച്ചാല്‍ മതി. മലയാള സ്വൂഫീ സാഹിത്യങ്ങളിലൂടെ ഒരു ഹൃസ്വപ്രയാണം.

ഇസ്വ്‌ലാഹീ പ്രബോധകരെയും ഉല്‍ബുദ്ധരായ ജനങ്ങളെയും ഭയന്ന് സമസ്തയിലെ പണ്ഡിതന്‍മാര്‍ മൂടിവെച്ച സ്വൂഫീ ആദര്‍ശവും വിശ്വാസവും മാല, മൗലിദ്, റാത്തീബുകളുടെ ശരിയായ ആശയവും വെട്ടിത്തുറന്ന് എഴുതാനും പറയാനും ധൈര്യം കാണിച്ച കേരളത്തിലെ സ്വൂഫി പണ്ഡിതനാണ് കെ.വി മുഹമ്മദ് മുസ്‌ല്യാര്‍ പന്താവൂര്‍.

ഇബ്‌നു അറബിയുടെ ക്വുര്‍ആന്റെ ഉള്‍സാര വ്യാഖ്യാനം, അബ്ദുല്‍ കരീംജീയലിയുടെ ഇന്‍സാനുല്‍ കാമില്‍, മുഹിയുദ്ദീന്‍ മാല വ്യാഖ്യാനം, ഖസ്വസ്വുല്‍ ഔലിയാഅ് അടക്കം നൂറോളം ഗ്രന്ഥങ്ങളെഴുതിയ പണ്ഡിതനും നിരവധി ത്വരീക്വത്തുകളുടെ ശൈഖും മുരീദുമായ കെ.വി.എം പന്താവൂരിനെ സുന്നത്ത് ജമാഅത്തിന്റെ കാവലാള്‍ എന്നാണ് 'രിസാല' പോലുള്ള സുന്നി പ്രസിദ്ധീകരണങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. വിശദീകരണം ആവശ്യമില്ലാത്ത വിധം ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിധം പന്താവൂര്‍ മലയാളത്തിലെഴുതിയ ഉദ്ധരണികള്‍ കേരള സ്വൂഫികളുടെ അടിസ്ഥാന വിശ്വാസമെന്തെന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന സത്യാന്വേഷികള്‍ക്ക് ഉപകരിക്കുമെന്നതിനാല്‍ ചുവടെ ചേര്‍ക്കുന്നു:

'ആരാധ്യനും ആരാധിക്കുന്നവരും ഒന്നു തന്നെ!'

''കാരണം അല്ലാഹുവല്ലാതെ യാതൊന്നുമില്ല. പിന്നെ ആരോടാണവന്‍ അടുക്കുക? ഈ സത്യം വെളിപ്പെടുക മറനീങ്ങുമ്പോഴാണ്. അപ്പോള്‍ തജ്ജല്ലിയായ ഇവന്റെ സത്ത അവന്റേതും അവന്റെ സത്ത ഇവന്റേതുമാണെന്ന് വെളിപ്പെടും. സിഫത്തുകളും ഇസ്മുകളും പ്രവര്‍ത്തികളുമെല്ലാം. എല്ലാമെല്ലാം ഒരേ സത്ത വെളിപ്പെട്ടത് തന്നെ. ഔലിയാക്കളെല്ലാം അല്ലാഹുവിന്റെ തനി സമ്പൂര്‍ണ്ണ വെളിപ്പെടലുകള്‍ തന്നെ...ആരാധിക്കുന്നതും ആരാധിക്കപ്പെടുന്നതും ഒരേ സത്ത തന്നെയാണന്നര്‍ത്ഥം'' (വഹ്ദത്ത്മാല വ്യാഖ്യാനം. കെ.വി മുഹമ്മദ് മുസ്‌ല്യാര്‍ പന്താവൂര്‍, പേജ്17).

''ഞാനും നീയൊന്നുമില്ല. ഉള്ളത് അല്ലാഹു മാത്രം. അവന്‍ തന്നെയാണ് ആരാധിക്കുന്നതും ആരാധ്യനും സ്മരിക്കുന്നതും സ്മരിക്കപ്പെടുന്നതും'' (അതേപുസ്തകം പേജ് 121).

'സൃഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെ!'

''അല്ലാഹു നമ്മില്‍ നിന്നു വേറെയല്ല. വേറെയാണെന്നുള്ള ഊഹത്തെ കുടഞ്ഞുകളഞ്ഞേ തീരൂ. ജ്ഞാനം കൊണ്ട് ഈ ഊഹത്തെ അകറ്റണം. അതോടെ ദിവ്യസമാഗമമുണ്ടാകും. താനും അവനും ഒന്നെന്നു അപ്പോള്‍ ബോധ്യമാകും'' (അതേ പുസ്തകം, പേജ് 51).

നമ്മള്‍ അല്ലാഹുവാകണമെത്രെ!

''രണ്ടെന്ന തോന്നല്‍ തുടച്ചുമാറ്റാനും അല്ലാഹുവിനെക്കൊണ്ടു മുന്നേറി അല്ലാഹുവാകാനും ശൈഖുനാ ആഹ്വാനം ചെയ്യുന്നു'' (അതേ പുസ്തകം, പേജ്67).

''ശൈഖുനാ പറയുന്നു: നീ അല്ലാഹുവിന്റെ ഗുണങ്ങള്‍ ആര്‍ജ്ജിക്കണം. അങ്ങനെ നീ അല്ലാഹുവാകണം'' (അതേ പുസ്തകം, ഭാഗം.1, പേജ് 146).

''ശൈഖുനാ പറയുന്നത്...പിന്നെ നീ അല്ലാഹുവാവുകയും വേണം...നീ അല്ലാഹുവായാല്‍ നീ ജയിച്ചത്രെ... ആകയാല്‍ വിരാടുപുരുഷന്‍ അല്ലാഹുവിന്റെ ദര്‍പ്പണമായി മാറുന്നു. അയാള്‍ അല്ലാഹുവാകുന്നു'' (അതേ പുസ്തകം, ഭാഗം 1, പേജ് 76,77).

'എല്ലാവരും അല്ലാഹു?'

''അല്ലാഹുവിനെ കൊണ്ടു സുഖിക്കുന്നവര്‍ അല്ലാഹുവില്‍ പൂര്‍ണത പ്രാപിക്കുന്നു. പിന്നെ അവരില്ല അല്ലാഹുമാത്രം'' (അതേ പുസ്തകം, പേജ്97).

'മഹാന്മാര്‍ അല്ലാഹുവിന്റെ പ്രവൃത്തി ചെയ്യുന്നു'

''ഔലിയാക്കള്‍ ചെയ്യുന്നതൊക്കെ അല്ലാഹുവിന്റെ പ്രവൃത്തികളാണ്'' (അതേ പുസ്തകം, പേജ്104).

ഇത് ഞാനെഴുതിയതല്ല!!

''ഞാനെഴുതിയതല്ല; അല്ലാഹു എഴുതിയതാണിത്.ഞാനില്ല അല്ലാഹു മാത്രമാണുള്ളത്.'' (അതേപുസ്തകം, പേജ്157).

'അല്ലാഹു എല്ലായിടത്തും എല്ലാറ്റിലും!'

''എള്ളിലെണ്ണപ്പോല്‍

കള്ളില്‍ ലഹരിപോല്‍

പാലില്‍ വെണ്ണപോല്‍

നിന്നിലും ഉള്ള റബ്ബിനെ

മറ്റെവിടെയെങ്കിലും തെണ്ടി

നേരം കൊല്ലെണ്ടെടോ'' (അതേപുസ്തകം, പേജ്161).

ഇബ്‌ലീസും അല്ലാഹുവിന്റെ അസ്തിത്വമത്രെ!

''ഇബ്‌ലീസിനെപ്പോലുള്ള അടിയാറും അല്ലാഹുവിന്റെ അസ്തിത്വം തന്നെയാണ്. കാരണം വേറെയൊരസ്തിത്വമില്ല. നല്ലതും ചീത്തയും ഒരേ അസ്തിത്വം തന്നെ'' (അതേപുസ്തകം, പേജ്13).

''അല്ലാഹു ശക്തി നല്‍കുമ്പോള്‍ ആരിഫുകള്‍ക്ക് ലഭിക്കുന്നു...ആകയാല്‍ അല്ലാഹുവിന്റെ ശക്തിയും വുജൂദുമാണിവിടെ വിളങ്ങുന്നത്. ഞാനും നീയും ആരിഫും തെമ്മാടിയും ഇബ്‌ലീസും ഒന്നുമില്ല. ഉള്ളത് അല്ലാഹു മാത്രം'' (അതേപുസ്തകം, പേജ്106).

'അവനും അവളും ഞാനും നീയും അല്ലാഹു!'

''ഹുവ ഹാ ഹീ ഹുമുല്ലാഹു

അന അന്‍തല്ലാഹ് നഹ്നു

അന അന്‍ത ഹുവല്ലാഹു'' (അതേപുസ്തകം, പേജ്14).

''ഹുവ ഹിയ അനല്ലാഹു

ഹിയ ഹുവ നഹ്നുല്ലാഹു

ഹുവ അന്‍ത ഹിയ നഹ്നു

സകലം അല്ലാഹ് ഖുല്‍ഖുല്‍'' (അതേപുസ്തകം, പേജ്18).

''നാം സാധാരണ ചൊല്ലിവരുന്ന രിഫാഈ റാത്തീബിലെ ഒരു ദിക്ര്‍:

ഹൂ അല്ലാഹ് ഹൂ ഹൂ അല്ലാഹ്

ഹാ ഹീ ഹൂ ഹം അല്ലാഹ്

അറിയുവീന്‍ അവനും അവളും അവളും ആരും തന്നെയില്ല. ഉള്ളത് അല്ലാഹു മാത്രം'' (അതേപുസ്തകം, പേജ് 36).

ഔലിയാക്കള്‍ അല്ലാഹുവാണത്രെ!

''ഹഖീഖിയായ ഔലിയാക്കളെ ആത്മജ്ഞാനികള്‍ അല്ലാഹുവെന്നാണ് വിശേഷിപ്പിക്കാറ്...അസ്തിത്വം ഒന്നേ ഉള്ളൂ; രണ്ടില്ല...പിന്നെങ്ങനെ ഇവര്‍ മാത്രം അല്ലാഹു അല്ലാതാകും?'' (അതേ പുസ്തകം, പേജ്27).

എന്തിനെ ആരാധിച്ചാലും അല്ലാഹുവിനുള്ള ആരാധനയാണത്രെ!

എന്തിനെ ആരാധിച്ചാലും ആരാധന ചെന്നെത്തുന്നത് അല്ലാഹുവിന് മാത്രം...അല്ലാഹുവിന്റെ പരമസത്തയുടെ ചൈതന്യം ഉണ്‍മയിലെങ്ങും വിളങ്ങുന്നു. അത് കൊണ്ടുതന്നെ വിഗ്രഹങ്ങള്‍ക്ക് ഇലാഹ് എന്ന വിശേഷണം ആലങ്കാരികമല്ല; വസ്തുതാപരം തന്നെയാണ്. കാരണം സര്‍വ്വവസ്തുക്കളും അല്ലാഹുവിന്റെ ചൈതന്യങ്ങള്‍...എന്തിനെ പൂജിച്ചാലും ആ ആരാധന അല്ലാഹുവിന്നായിട്ടേ ഭവിക്കൂ'' (ശഥാരിയാ ത്വരീഖത്ത്, കെ. വി. എം പന്താവൂര്‍, പേജ് 63,64).

ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ ആശയം

'ഞാനല്ലാതെ വേറെ ഇലാഹില്ല തന്നെ. അതായത് പ്രപഞ്ചത്തിലെങ്ങും ഞാനല്ലാതെ ഒന്നുമില്ല. അവര്‍ കൃത്രിമമായി ആരാധിക്കുന്ന ഇലാഹുകളും ഞാന്‍ തന്നെയാണ്'' (ശഥാരിയ്യാ ത്വരീഖത്ത്, പേജ് 65).

അദ്വൈതവാദം ക്വുര്‍ആനിലുമുണ്ടത്രെ!

''നിങ്ങള്‍ എക്കോട്ട് തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവിന്റെ അസ്തിത്വമുണ്ട് (ഖുര്‍ആന്‍). നിങ്ങളില്‍ തന്നെ അവനുണ്ട്; നിങ്ങള്‍ കാണുന്നില്ലേ? (ഖുര്‍ആന്‍)'' (ശഥാരിയാ ത്വരീഖത്, പേജ് 163).

അദ്വൈതം ഹദീഥിലും?

''നബിയരുളി: അല്ലാഹു എല്ലാ രാവിലും ഒടുവിലെ മൂന്നിലൊന്ന് ബാക്കി നില്‍ക്കുമ്പോള്‍ ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും... ഈ നബി വചനത്തില്‍ സൂചിപ്പിക്കുന്നത് പ്രപഞ്ചങ്ങളിലെ ഓരോ അണുവിലൂടെയും അല്ലാഹു വെളിപ്പെടുമെന്നാണ്...'' (ശഥാരിയാ ത്വരീഖത്, പേജ് 163)

''അതായത് ലോകരക്ഷിതാവിന്റെ ചൈതന്യങ്ങള്‍ അയാളുടെ സ്ഥൂല ശരീരത്തിലൂടെ വെളിപ്പെട്ടു. അപ്പോള്‍ അയാളുടെ കൈ അല്ലാഹുവിന്റെ ശക്തിയായി മാറും, അയാളുടെ നാവ് അല്ലാഹുവിന്റെ കല്‍പനയാവും. അയാളുടെ കണ്ണിന് മുമ്പില്‍ പിന്നെ മറകളൊന്നും ബാക്കി നില്‍ക്കില്ല. അയാളുടെ കാത് പ്രപഞ്ചങ്ങളില്‍ മുഴങ്ങുന്ന ശബ്ദമെല്ലാം കേള്‍ക്കും. അതായത് നബി തിരുമേനി അരുളിയത്: അല്ലാഹു അരുളി; ഒടുവില്‍ ഞാനയാളുടെ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണുമായി മാറും. ഈ അവസ്ഥ വന്നാല്‍ അയാളുടെ പ്രത്യക്ഷ വശം അല്ലാഹുവും അയാള്‍ പരോക്ഷനുമാകും'' (ശഥാരിയാ ത്വരീഖത്, പേജ് 167).

വ്യാജ ദൈവങ്ങളും അല്ലാഹുവാണ്!

''ഞാനല്ലാതെ വേറെ ഇലാഹില്ല തന്നെ. അതായത് പ്രപഞ്ചത്തിലെങ്ങും ഞാനല്ലാതെ ഒന്നുമില്ല. അവര്‍ കൃത്രിമമായി ആരാധിക്കുന്ന ഇലാഹുകളും ഞാന്‍ തന്നെയാണ്'' (ശഥാരിയാ ത്വരീഖത്, പേജ് 65).

ഈസാ നബി(അ) അല്ലാഹുവിന്റെ അവതാരമത്രെ!

''അങ്ങനെയാണല്ലാഹു ഈസാനബിയുടെ ജനതയില്‍ പരിശുദ്ധാത്മാവിലൂടെയും ഈസായിലൂടെയും മര്‍യമിലൂടെയും വെളിപ്പെട്ടത്. ഈ ദര്‍പ്പണങ്ങളിലോരോന്നിലും അവര്‍ അല്ലാഹുവിനെ കണ്ടു'' (ശഥാരിയാ ത്വരീഖത്, പേജ് 159).

ഈസാ നബി(അ) പരലോകത്ത് പറയുന്നത് അദ്വൈതവാദവും ത്രിത്വവും!

''അതായത് ഞാനും നീയും രണ്ടെന്ന സങ്കല്‍പം ഒരിക്കലും എന്നില്‍ നിന്നുണ്ടാകാവതല്ലല്ലോ? അതുണ്ടായാലല്ലേ നിന്നെ കൈവിട്ടു എന്നെ പൂജിക്കാന്‍ ജനങ്ങളോട് പറയാന്‍ എനിക്കു കഴിയുകയുള്ളൂ. വാസ്തവത്തില്‍ എന്റെ പൊരുളിന്റെ സത്ത നീയും നിന്റെ പൊരുളിന്റെ സത്ത ഞാനുമാണല്ലോ'' (ശഥാരിയാ ത്വരീഖത് കെവിയം പന്താവൂര്‍ പേജ് 125)

'ഫിര്‍ഔന്റെ വാദവും ഒരര്‍ത്ഥത്തില്‍ ശരിയാണ്!'

''ലോകരക്ഷിതാവായ റബ്ബ് എന്നതിന്റെ പൊരുള്‍ മൂസാ നബി ആ ജനതയില്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ ഫിര്‍ഔനിന്റെ ശരിയാണെന്ന് ആ ജനത തെറ്റിദ്ധരിച്ചേനേ (ശഥാരിയാ ത്വരീഖത്, പേജ് 129).

'അല്ലാഹു ആദമായി മാറി!'

''ഞാന്‍ ആദമില്‍ എന്റെ ആത്മാവിനെ ഊതി- ഖുര്‍ആന്‍. അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹു തന്നെയാണ്. അപ്പോള്‍ ഈ ആയത്തിനര്‍ത്ഥം അല്ലാഹു ആദമിലൂടെ വെളിപ്പെട്ടു എന്നാണ്'' (ശഥാരിയാ ത്വരീഖത്, പേജ്160).

'പിണ്ണാക്കും അല്ലാഹുവാണ്!'

''ഇഹത്തിലും പരത്തിലുമൊക്കെ മഷിയിട്ടുനോക്കിയാലും അല്ലാഹുവിനെയല്ലാതെ കാണില്ലെന്നു പറഞ്ഞാല്‍ ആരും ചോദിക്കുക ഇക്കാണുന്നതൊക്കെ പിണ്ണാക്കാണോ എന്നായിരിക്കും. പിണ്ണാക്കും ഇല്ല ഉള്ളത് സത്യത്തില്‍ അല്ലാഹു മാത്രം. പിണ്ണാക്കായി കാണുന്നതും അല്ലാഹുവിന്റെ ചൈതന്യമാണ്'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ് 35 ).

'കണ്ണും മൂക്കും കല്ലും മുള്ളും അല്ലാഹു!'

''ശൈഖ് ബീരാന്‍ ഔലിയയുടെ ദിക്ര്‍ ഓര്‍ക്കുക:

ലാ കണ്ണ ഇല്ലല്ലാഹ്

ലാ മൂക്ക ഇല്ലല്ലാഹ്

ലാ ലിസാന ഇല്ലല്ലാഹ്

ലാ കല്ല ഇല്ലല്ലാഹ്

ലാ പല്ല ഇല്ലല്ലാഹ്

ലാ മുള്ള ഇല്ലല്ലാഹ്

ലാ മൗജൂദ ഇല്ലല്ലാഹ്''

(അതേ പുസ്തകം, പേജ് 36).

'മുഹിയുദ്ദീന്‍ ശൈഖിനെ വിളിക്കുന്നതും അല്ലാഹുവിനെ വിളിക്കുന്നതും ഒന്നു തന്നെ!'

''പരമസത്തയില്‍ ഫനാ പ്രാപിച്ച് അല്ലാഹുവിന്റെ മള്ഹര്‍ (ദര്‍പ്പണം) ആയി അയാള്‍ മാറുന്നു. അയാളെ വിളിച്ചാല്‍ അല്ലാഹു വിളികേള്‍ക്കും. അല്ലാഹുവിനെ വിളിച്ചാല്‍ അയാളും വിളികേള്‍ക്കും. അതാണ് ഗൗസുല്‍ അഅ്‌ളം പറഞ്ഞത്;

വല്ല നിലത്തിനും എന്നെ വിളിപ്പോര്‍ക്ക്

വായ് കൂടാതുത്തരം ചെയ്യും ഞാനെന്നോവര്‍'' (മുഹയുദീന്‍ മാല).

ഏതു നാട്ടില്‍ നിന്ന് വിളിച്ചാലും ഞാന്‍ ഉത്തരം ചെയ്യുമന്നര്‍ത്ഥം.

കാരണം ഗൗസുല്‍ അഅ്‌ളമിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നത് അല്ലാഹുവാണ്. അല്ലാഹുവിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നത് ഗൗസുല്‍ അഅ്‌ളമാണ്.പിന്നെന്തു പ്രയാസം'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ് 42).

അല്ലാഹു ഇവിടെ വിരാടുപുരുഷനായി വെളിപ്പെടുന്നു. സകല പ്രപഞ്ചങ്ങളും അയാളെ വലം വെക്കുന്നു. അതാണ് ഗൗസുല്‍ അഅ്‌ളം പറഞ്ഞത്;

കഅ്ബായെ ചുറ്റുവോര്‍ ഖുത്ബാണോര്‍ എല്ലാരും

കഅബം ഥവാഫെന്നെ ചെയ്യും അതെന്നോവര്‍ (മുഹിയുദ്ദീന്‍ മാല).

അല്ലാഹുവിന്റെ ദര്‍പ്പണമാണവര്‍. അവരെ വിളിച്ചാല്‍ അല്ലാഹുവാണ് വിളികേള്‍ക്കുക. അവരല്ല. സൂര്യചന്ദ്രന്‍മാരെ നിശ്ചലമാക്കാന്‍ അവരിച്ഛിച്ചാല്‍ തല്‍ക്ഷണം അതു നടക്കും. കാരണം അല്ലാഹുവിന്റെ ഇച്ഛയായിരിക്കും അവരുടെ ഇച്ഛ. സകല നിയന്ത്രണങ്ങളും വിരാടുപുരുഷന്റെ കയ്യിലായിരിക്കും'' (അതേ പുസ്തകം, പേജ് 44).

'മുഹമ്മദ് നബി അല്ലാഹുവിന്റെ അവതാരം!'

മുത്തുനബിയിലൂടെ മക്കത്തുദിച്ചത് അല്ലാഹുവിന്റെ പരമസത്തയാണ്. ഇപ്പോ ചിന്തിച്ചു നോക്കൂ; നബി എറിഞ്ഞപ്പോള്‍ എറിഞ്ഞത് അല്ലാഹു അല്ലേ? അതെ. തീര്‍ച്ചയായും നബിയിലൂടെ ലോകം കണ്ടത് അല്ലാഹുവിന്റെ പരമസത്തയെ തന്നെയാണ്'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ് 55).

സാക്ഷാല്‍ വിരാടുപുരുഷന്‍ മുത്തുറസൂലാണ്... അഅ്മദിലെ മീമു പോയാല്‍ അഹദായി. അഹദില്‍ മീമുചേര്‍ന്നാല്‍ അഹ്മദുമായി'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ്45).

''ആദി ഒളിവായി അതുതാന്‍ വെളിവായി

അതു പിന്നെ ആദമായി വന്നു വെളിവായി

അമ്പിയാ ഔലിയാ ആയ് വന്നു വന്നു

അവസാനം മക്കത്തതു തന്നെ വന്നു

അല്ലാഹു... അല്ലാഹു'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ് 55).

''മുത്തു നബി അല്ലാഹുവിന്റെ തേജസ്സില്‍ നിന്ന് ഉല്‍ഭൂതമായ വിരാടു പുരുഷനാണ്. സൂറത്തുല്ലാഹി. അതായത് അല്ലാഹുവിന്റെ തല്‍സ്വരൂപം'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ് 191).

'നബിയും ശൈഖ് ജീലാനിയും ഒരാള്‍ തന്നെ!'

''ഇബ്രാഹിം നബിയെ തീയിലിട്ടപ്പോള്‍ ഞാനാണു തീ കെടുത്തിയതെന്നു മുത്തുനബി പറഞ്ഞു. ഞാനാണു ചെയ്തതെന്നു ഗൗസൂല്‍ അഅ്‌ളമും പറഞ്ഞു. എന്താണിതിനര്‍ത്ഥം? രണ്ടാളും അവിടെയുണ്ടായിരുന്നുവോ? ഇല്ല, ഒരാള്‍ മാത്രം. പിന്നെ രണ്ടാളും അങ്ങനെ പറഞ്ഞതോ? രണ്ടും സത്യം. കാരണം മുത്തുനബിയും ഗൗസുല്‍അഅ്‌ളമും രണ്ടല്ല ഒന്നാണ്'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ് 46).

'അല്ലാഹുവില്‍ ലയിച്ചാല്‍ അല്ലാഹുവായിത്തീരും!'

''ഒടുവില്‍ പരമസത്തയില്‍ ഫനാ പ്രാപിച്ചാല്‍ അയാള്‍ അല്ലാഹുവാകുന്നു. അതായത് അയാളിലെ ഞാന്‍ നിശേഷം ഇല്ലാതാവുന്നു'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ് 169).

'അല്ലാഹുവില്‍ ലയിച്ച് അല്ലാഹുവായി മാറിയ ഔലിയ!'

ബിസ്താമി അല്ലാഹുവിന്റെ പരമസത്തയില്‍ ഫനാപ്രാപിച്ചു. അപ്പോള്‍ അദ്ദേഹത്തില്‍ അദ്ദേഹമില്ലാതായി. ഉള്ളതു പിന്നെ അല്ലാഹു മാത്രം. രിഫാഈ റാത്തീബ് ചൊല്ലുന്നവരെല്ലാം അര്‍ത്ഥമറിയാതെ ചൊല്ലാറുള്ള ദിക്‌റുകളിലൊന്നാണ് ഹാ ഹീ ഹൂ ഹൂം അല്ലാഹ് എന്നത്. എന്താണിതിന്റെ അര്‍ത്ഥം? അറിഞ്ഞു കൊള്ളുക; പെണ്ണും ആണും ജനങ്ങളും അവരൊക്കെയും അല്ലാഹുവാണ് ഇതാണര്‍ത്ഥം. ഇതില്‍ തെറ്റൊന്നുമില്ല'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ് 79).

''ശൈഖ് ശിബ്‌ലി പറഞ്ഞു: ഒരു കറുത്ത ഉറുമ്പ് ഇരുളടഞ്ഞ ഒരു രാത്രി ഒരു കറുത്ത പാറക്കുള്ളില്‍ അരിക്കുന്ന ശബ്ദം പോലും ഞാന്‍ കേട്ടില്ലങ്കില്‍ ഞാന്‍ പറയും ഞാന്‍ വഞ്ചിതനായെന്ന്!

ഒരു പുണ്യാത്മാവ് പറഞ്ഞു: ആ ഉറുമ്പരിക്കുന്ന ശബ്ദം കേട്ടില്ലെന്ന് പറയാന്‍ എനിക്കാവില്ല. ഉറുമ്പരിക്കാന്‍ ശക്തി കൊടുത്തത് ഞാനാണ്. ഞാനാണതിനെ അരിപ്പിക്കുന്നതും'' (ശഥാരിയാ ത്വരീഖത്, പേജ് 146).

''ഖുതുബിന്റെ ഇച്ഛ അല്ലാഹുവിന്റെ ഇച്ഛക്കെതിരാവില്ല. അല്ലാഹു ഇച്ഛിച്ചതേ ഖുതുബും ഇച്ഛിക്കൂ. അഥവാ ഖുതുബിനു ഇച്ഛയില്ല. നിര്‍ഗുണപരബ്രഹ്മം'' (വഹ്ദത്ത്മാല വ്യാഖ്യാനം, പേജ്127).

ഔലിയാക്കളും അമ്പിയാക്കളും

''ഗൗസുല്‍ അഅളം പറഞ്ഞു: പ്രവാചക സമൂഹമേ, നിങ്ങള്‍ക്ക് ചില ബഹുമതികള്‍ കിട്ടി. എന്നാല്‍ നിങ്ങള്‍ക്കു കിട്ടാത്തത് എനിക്കു കിട്ടി...''

''ശൈഖ് അല്‍ഗൈസ്ബിന്‍ ജമീല്‍ പറഞ്ഞു: ഞങ്ങള്‍ കടലിലിറങ്ങി. പ്രവാചകന്‍മാര്‍ കരയില്‍ നിന്നതേയുള്ളു'' (ശഥാരിയാ ത്വരീഖത്, പേജ് 153).

ഇനിയും നൂറുകണക്കിന് ഉദ്ധരണികളുണ്ട്; ദൈര്‍ഘ്യം ഭയന്ന് നിര്‍ത്തുന്നു.

ഇതാണ് ഖാദിരി, ചിസ്തി, രിഫാഈ, ആലുവ, നൂരിഷാ, ശാദുലി, വേങ്ങാട്, തീജാനി, നഖ്ഷബന്ദി... അടക്കമുള്ള ത്വരീഖത്തുകളുടെ വിശ്വാസ അടിത്തറയെന്നും ഈ വിശ്വാസം തന്നെയാണ് മാല, മൗലിദ്, റാത്തിബുകളുടെ അന്തസ്സത്തയെന്നും മനസ്സിലായാല്‍ പരലോക ഭയമുള്ള ഒരാള്‍ പോലും തങ്ങളുടെ കൂടാരത്തില്‍ തുടരുകയില്ലെന്ന് പൂര്‍ണബോധ്യമുള്ളതിനാലാണ് കേരളത്തിലെ സമസ്ത പണ്ഡിതന്മാര്‍ ഇത്തരം കാര്യങ്ങള്‍ ജനങ്ങളോട് നേര്‍ക്കുനേര്‍ തുറന്ന് പറയാന്‍ ഭയക്കുന്നത്.