മൂല്യങ്ങള്‍ മരീചികയാവുന്ന ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന സുപ്രീകോടതിയുടെ പരാമര്‍ശം ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. ജോലിയും കൂലിയും നേടാനുള്ള ഉപാധി മാത്രമല്ല വിദ്യാഭ്യാസം. മൂല്യവത്തായ സംസ്‌കാരത്തിന്റെ നിര്‍മിതിയ്ക്ക് വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസ്സിലാക്കാത്തിടത്തോളം കാലം പഠിതാക്കളും അധ്യാപകരും സ്ഥാപന നടത്തിപ്പുകാരുമെല്ലാം നടത്തുന്ന ഈ പരിശ്രമങ്ങള്‍ വെറും പ്രഹസനമായി മാത്രമേ പര്യവസാനിക്കൂ.

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അടിമുടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം വളരെ ഗൗരവമുള്ളതാണ്. മെഡിക്കല്‍ വിദ്യാഭ്യാസം കേവലം കച്ചവടം മാത്രമായിരിക്കുന്നുവെന്നും കോടതികള്‍ പോലും നോക്കുകുത്തികളാവുന്ന അവസ്ഥയാണ് സംജാതമാകുന്നതെന്നുമാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ നിരീക്ഷണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളും നീതിയുക്തമല്ലെന്നും തലവരിപ്പണം ഒരു യാഥാര്‍ഥ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചത് വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമെന്നു സൂചിപ്പിക്കുന്നു. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം മാതൃകാപരമാണെന്ന് മാനേജുമെന്റുകള്‍ക്ക് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഹരീഷ് സാല്‍വെ പറഞ്ഞതിനെ അരുണ്‍ മിശ്ര നന്നായി പരിഹസിക്കുകയാണുണ്ടായത്. 'കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാദം കേട്ടുതുടങ്ങിയത്. ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പുറത്താക്കിയ കോടതിവിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും ആ ഓര്‍ഡിനന്‍സ് സംരക്ഷിക്കാന്‍ രാജ്യത്തെ പ്രമുഖ അഭിഭാഷകരെ ഇറക്കിയതുമെല്ലാം അറിയാമെന്നുമായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍. കോടതി വിഷയം പഠിച്ചു കഴിയുന്നതിനു മുമ്പായി ജഡ്ജിമാരുടെ സര്‍വീസ് കാലാവധി അവസാനിക്കുന്നത് കൊണ്ട് ഈ വിഷയത്തില്‍ അന്തിമമായ തീരുമാനമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും കോടതി പരിഭവിക്കുകയുണ്ടായി. 

മാനേജ്‌മെന്റുകളുടെ അവകാശവാദവും സര്‍ക്കാരിന്റെ ഇടപെടലുകളും മെഡിക്കല്‍ കൗണ്‍സിലിന്റെ എതിര്‍വാദങ്ങളുമെല്ലാം നിയമവഴികളാണ്. ആ നിയമവഴിയിലാണ് ഒടുവില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കുകയെന്നതാണ് നമ്മുടെ നാടിന്റെ രീതി. അതങ്ങനെ സഞ്ചരിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളുടെ ലക്ഷ്യവും അത് കൈവരിക്കേണ്ട ഉന്നത മൂല്യങ്ങളും വിസ്മരിക്കപ്പെട്ടുകൂടാ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പണം സമ്പാദിക്കലോ കുറെ അറിവുകള്‍ സ്വരൂപിക്കലോ അനേകം സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളും മനഃപാഠമാക്കലോ അല്ല. മറിച്ച് വിദ്യാര്‍ഥിയുടെ മനസ്സിനെ പ്രബുദ്ധമാക്കുകയും നന്മയെയും തിന്മയെയും തിരിച്ചറിയാനുള്ള പാകത വിദ്യാര്‍ഥിക്ക് സമ്മാനിക്കുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിദ്യാഭ്യാസം ഒരു വിദ്യാര്‍ഥിക്ക് പ്രകാശമാനമായ മനസ്സും വ്യക്തിപ്രഭാവത്തിന്റെ വര്‍ധിത ചൈതന്യവും നല്‍കുന്നുണ്ടെങ്കില്‍ മാത്രമെ അത് യഥാര്‍ഥ വിദ്യ അഭ്യസിക്കലാവുകയുള്ളൂ. പ്രശ്‌നങ്ങളോട് യുക്തിഭദ്രമായി പ്രതികരിക്കാനും സാമൂഹിക പ്രശ്‌നങ്ങളില്‍ നീതിയുക്തമായ സമീപനങ്ങള്‍ കൈക്കൊള്ളാനും ഒരു വ്യക്തിക്ക് സാധിക്കുക വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യവും പൊരുളും തിരിച്ചറിയുമ്പോള്‍ മാത്രമാണ്. ഒരു ദീപത്തില്‍ നിന്നും മറ്റൊരു ദീപത്തിലേക്ക് ദീപത്തെ ജ്വലിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ഭാരതീയ ദര്‍ശനം.

വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനകാല ദുരവസ്ഥ കേവലബുദ്ധി മാത്രം വളര്‍ത്തുന്ന ഒരു യാന്ത്രിക പ്രക്രിയയായി അത് പരിണമിച്ചുവെന്നതാണ്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, ഐ.ടി വിദഗ്ധര്‍ തുടങ്ങി സ്ഥിരം ചൊല്ലിപ്പറയുന്ന പ്രൊഫഷനുകളില്‍ പലരുടെയും ബൗദ്ധികമായ നിലവാരം ഉന്നതമായിരിക്കാമെങ്കിലും സാമൂഹിക പ്രതിബദ്ധതയോ മാനവികമായ കാഴ്ചപ്പാടോ കുറവാണെന്നതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ ആ കുഞ്ഞ് ഒരു ഡോക്ടര്‍ ആകണമെന്ന് തീരുമാനിക്കുകയും ആ കുഞ്ഞിന് ഒരു ഡോക്ടര്‍ ആകാനുള്ള അറിവുകളും പരിശീലനങ്ങളും മാത്രം നല്‍കി -കേവലം ബ്രോയ്ലര്‍ ചിക്കനുകളെ വികസിപ്പിച്ചെടുക്കുന്ന- പോലെ പുറംലോകം കാണിക്കാതെ ഒരു ഡോക്ടറായി വിരിയിച്ചെടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചെറുപ്പം മുതല്‍ അതിനായി ചെലവിട്ട കണക്കുകള്‍ എന്തുതന്നെയായാലും ഒരു ഡോക്ടര്‍ ആകുന്നതിലൂടെ അതിന്റെ എത്രയോ മടങ്ങു തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലാണ് രക്ഷിതാക്കള്‍ക്കുള്ളത്. അങ്ങനെയുള്ള വിദ്യാര്‍ഥികളില്‍ ധാര്‍മികവും മനുഷ്യത്വപരവുമായ ഇച്ഛാശക്തി വികസിക്കുകയില്ലെന്നത് അതിന്റെ സ്വാഭാവികത മാത്രമാണ്. പകരം സ്വാര്‍ഥത മാത്രമായിരിക്കും ഈ വിദ്യാഭ്യാസ പ്രക്രിയയുടെ ചാലകശക്തിയായി പ്രവര്‍ത്തിക്കുക. തലച്ചോറിന് ഭാരം നല്‍കുന്നതിന് പകരം അന്തസ്സും സംസ്‌കാരവും ഉന്നതമായ മൂല്യങ്ങളും കുലീനമായ പെരുമാറ്റങ്ങളുമെല്ലാം ഒരു വിദ്യാര്‍ഥിയില്‍ രൂപപ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമെ വിദ്യാഭ്യാസം വിജയത്തിലെത്തുകയുള്ളൂ. ഒരു ചെറ്റക്കുടിലില്‍ ജീവിച്ചാലും ഉന്നതമായ ചിന്തകളും ഉദാത്തമായ സംസ്‌കാരവുമാണ് ഒരു വ്യക്തിയെ മഹാനുഭാവനാക്കി മാറ്റുന്നത്. ആര്‍ഭാടങ്ങളും മഹാസൗധങ്ങളുമല്ല; മറിച്ച് വിദ്യാഭ്യാസത്തിലൂടെ ലഭിച്ച ഉള്‍ക്കാഴ്ച സമ്മാനിച്ച സാമൂഹികബോധവും അര്‍പണമനോഭാവവുമാണ് സംസ്‌കാരത്തിന്റെ അടയാളം. 

മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഇന്ന് സ്വാശ്രയ മേഖലയില്‍ ഒരു വിദ്യാര്‍ഥി ചെലവിടുന്ന സംഖ്യ ചെറുതൊന്നുമല്ല, കോടികളാണ്. ഈ കോടിക്കണക്കിനു രൂപ ഒരു ഇന്‍വെസ്റ്റ്മെന്റ് മാത്രമായിട്ടാണ് കരുതപ്പെടുന്നത്. ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഇന്‍വെസ്റ്റ്മെന്റ്. സ്വന്തം ബുദ്ധിയും അധ്വാനവും താരതമേന്യ കുറവായി എന്ന കാരണത്താല്‍ മെറിറ്റില്‍ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് സ്വാശ്രയ മേഖലയില്‍ കോടികള്‍ മുടക്കേണ്ടിവരുന്നത്. ഇങ്ങനെ പഠിച്ച് ഡോക്ടറായി പുറത്തുവരുന്ന ഒരാള്‍ക്ക് അയാള്‍ മുടക്കിയ കോടികള്‍ തിരിച്ചു പിടിക്കാനും അനവധി കോടികള്‍ വാരിക്കൂട്ടാനും ശ്രമിക്കുന്നതിനു തക്കതായ ന്യായമുണ്ടായിരിക്കാം. പക്ഷേ, ഇത് സാധുജനങ്ങളുടെ നെഞ്ചുപിളര്‍ത്തിക്കൊണ്ടാണെന്നത് പലരും ചിന്തിക്കുന്നില്ല. മെഡിക്കല്‍ വിദ്യാഭ്യാസരംഗം ഇങ്ങനെ കച്ചവടവല്‍കരിക്കപ്പെടുമ്പോള്‍ അതിന്റെ മറ്റൊരു പരിണിതിയാണ് ആരോഗ്യരംഗത്തിന്റെ കോര്‍പറേറ്റ്‌വല്‍ക്കരണം. ദിനംപ്രതി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നമ്മുടെ നാട്ടില്‍ കൂണ്‍ കണക്കെ മുളച്ചുപൊങ്ങുന്നത് നാം കണ്ടുവരുന്നു. ഏറ്റവും ആദായകരമായ ബിസിനസായി ആശുപത്രികള്‍ മാറിയിരിക്കുന്നു. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുകയും കുറഞ്ഞ ഫീസ് വാങ്ങിക്കുകയും ചെയ്യുന്ന, മൂല്യബോധം കാത്തുസൂക്ഷിക്കുന്ന ചില ആശുപത്രികളെ വിസ്മരിക്കുന്നില്ല. പക്ഷേ, പൊതുവില്‍ നാടോടുമ്പോള്‍ നടുവെ ഓടണമെന്ന തത്ത്വം സ്വീകരിച്ചുകൊണ്ടാണ് ഭൂരിപക്ഷം ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും സേവനമായി കാണാന്‍ അവയെ കച്ചവടവല്‍കരിച്ചവര്‍ക്ക് സാധിക്കുന്നില്ല. കോടികള്‍ മുടക്കി ഡോക്ടറായ ഒരാള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യം കാണില്ല. കാരണം സര്‍ക്കാര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ശമ്പളം സ്വകാര്യ പ്രാക്ടീസിലൂടെ ഒരു മാസം കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് അയാള്‍ക്കറിയാം. 

മതബോധവും ദൈവഭയവുമുള്ള, അല്ലാഹുവിനെ മാത്രം ആരാധിച്ച്, പ്രവാചകചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിമിന്റെ ആദര്‍ശബോധം ഇവിടെ പ്രകടമാകേണ്ടതില്ലേ? തന്റെ ജോലിസമയം കഴിഞ്ഞുള്ള ശിഷ്ടസമയത്ത്, തനിക്ക് സര്‍വശക്തന്‍ അനുഗ്രഹിച്ചു നല്‍കിയ അറിവിനെ സഹജീവികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരെ ചികിത്സിക്കുന്നതിനുമായി ഉപയോഗപ്പെടുത്തുകയും അവരില്‍ നിന്ന് പ്രതിഫലം കാംക്ഷിക്കാതെ അവരെ സേവിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ കടമയല്ലേ? ആതുരസേവനം സൗജന്യമാക്കിക്കൊണ്ട് ഒരു സംഘടന കേരളത്തില്‍ ആദ്യമായി രൂപീകരിക്കപ്പെട്ടത് ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തിലെ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് ആ സംഘടന പ്രവര്‍ത്തിച്ചുവന്നത്. സൗജന്യ മരുന്നുവിതരണവും കിഡ്നി ഡയാലിസിസും പെയിന്‍ ആന്‍ഡ് പാലിയേറ്റിവും സൗജന്യ ക്യാന്‍സര്‍ ചികിത്സയുമെല്ലാം ആ സേവന ഭ്രാതൃത്വത്തിനു കീഴില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെയുള്ള സേവനങ്ങള്‍ വളരെ പരിമിതമായ അളവില്‍ നടക്കുന്നുണ്ടെങ്കിലും മുസ്ലിം സമുദായത്തിലെ എത്ര ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും ആരോഗ്യമേഖല ഒരു സേവനമേഖലയാണെന്ന തിരിച്ചറിവുണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു. ആതുരസേവനം വ്യക്തിപരമായ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞവര്‍ വളരെ ശുഷ്‌കമാണ്. പണത്തിനു പിന്നാലെ ഓടുകയാണ് മഹാഭൂരിപക്ഷം. സത്വരമായ ബോധവല്‍ക്കരണം സമുദായത്തില്‍ നടക്കേണ്ടതുണ്ട്. ഇതര സമുദായങ്ങളുമായി മെഡിക്കല്‍ കച്ചവടത്തില്‍ മത്സരിക്കുന്നതിന് പകരം ആരോഗ്യമേഖലയിലെ അഴിമതികള്‍ക്കും അതിക്രമങ്ങള്‍ക്കും താഴിടാനുള്ള പ്രയത്‌നമാണ് മുസ്ലിം സമുദായത്തില്‍നിന്നുണ്ടാവേണ്ടത്. 

വിദ്യാഭ്യാസരംഗത്ത് മുസ്ലിം സമുദായത്തിന്റെ കുതിപ്പ് ഇസ്വ്‌ലാഹി പ്രസ്ഥാനം നല്‍കിയ ദിശാബോധത്തില്‍ നിന്നാണെന്ന കാര്യത്തില്‍ ആരും സംശയിക്കില്ല. ഒരു പ്രസ്ഥാനം എന്ന നിലക്ക് സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുകയല്ല, മറിച്ച് സമുദായത്തിലെ എല്ലാ വിഭാഗങ്ങളിലും വിദ്യാഭ്യാസ ബോധമുണ്ടാക്കുകയും അവരെ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഇസ്വ്‌ലാഹി പ്രസ്ഥാനം ചെയ്തത്. ആര്യഭാഷ പഠിക്കല്‍ ഹറാമാണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും മലയാളം പോലും ശുദ്ധമായ ശൈലിയില്‍ സംസാരിക്കാന്‍ പാടില്ലെന്നും ധരിച്ചിരുന്ന പഴയകാല മുസ്ലിം സമുദായം ഇന്നേറെ മാറിക്കഴിഞ്ഞു. ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും ഐ.ടി വിദഗ്ധരുടെയും അധ്യാപകരുടെയുമെല്ലാം എണ്ണം മുസ്ലിം സമുദായത്തില്‍ വര്‍ധിച്ചു. പക്ഷേ, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇനിയും അനിവാര്യമാണെന്നാണ് വര്‍ത്തമാന വിദ്യാഭ്യാസ കച്ചവടങ്ങള്‍ നമ്മെ ബോധിപ്പിക്കുന്നത്. കേരളമുസ്ലിം ജനത എക്കാലവും അനുസ്മരിക്കുന്ന പേരുകളാണ് കെ.എം മൗലവി, എം.കെ ഹാജി, എന്‍.വി അബ്ദുസ്സലാം മൗലവി എന്നിവ. വിദ്യാഭ്യാസത്തിന്റെ മൂല്യം മാത്രമല്ല അതിന്റെ നൈതികമായ സന്ദേശവും അവര്‍ സമുദായത്തെ പഠിപ്പിച്ചിരുന്നു. അവ നടത്തേണ്ടത് സാമ്പത്തിക ലാഭത്തിനല്ലെന്ന് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു തന്നെ അവര്‍ തെളിയിച്ചു. ഇന്നും കേരളത്തില്‍ കോഴയും 'സംഭാവന'യും വാങ്ങിക്കാത്ത സ്ഥാപനങ്ങളായി അറിയപ്പെടുന്നവയില്‍ കെ.എം മൗലവിയും എം.കെ ഹാജിയും സ്ഥാപിച്ച തിരൂരങ്ങാടിയിലെ തലയെടുപ്പുള്ള സ്ഥാപനങ്ങളും അരീക്കോട്ട് അബ്ദുസ്സലാം മൗലവി സ്ഥാപിച്ച സുല്ലമുസ്സലാം സ്ഥാപനങ്ങളുമുണ്ടെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമായി നമ്മുടെ മുമ്പില്‍ അവശേഷിക്കുന്നു. സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മക്കു വേണ്ടിയുള്ള യത്‌നത്തില്‍ സര്‍വശക്തനില്‍ നിന്നുള്ള സഹായം മാത്രം മൂലധനമായി അവര്‍ കണ്ടു. കോളേജുകളും സ്‌കൂളുകളും നടത്തണമെങ്കില്‍ വലിയ ചെലവല്ലേ എന്ന് ചോദിച്ച് ജീവനക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന സ്ഥാപനമേധാവികള്‍ പഠിക്കണം തിരൂരങ്ങാടിയുടെയും അരീക്കോടിന്റെയും മാതൃകകള്‍. 'നമ്മുടെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ നടത്തുന്നവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യും' എന്ന വിശുദ്ധ ക്വുര്‍ആനിലെ വചനം അവര്‍ക്ക് പ്രചോദനമായിരുന്നു. ആധുനിക മുസ്ലിംകള്‍ വിശിഷ്യാ ഇസ്വ്ലാഹികള്‍ ഈ വചനം ഒന്നുകൂടി മനസ്സിരുത്തി വായിച്ച്, ധര്‍മപാതയില്‍ മുന്നേറി സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അഴിമതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. പരസ്യമായ വിമര്‍ശനങ്ങളും ഗുണകാംക്ഷയില്ലാത്ത ആക്ഷേപങ്ങളുമല്ല ഗുണപ്രദമായ ഇടപെടലുകളും ക്രിയാത്മകമായ പ്രവര്‍ത്തനപരിപാടികളുമാണ് ആവശ്യമായിട്ടുള്ളത്.

ഇന്ത്യയുടെ ഭരണഘടന (ആര്‍ട്ടിക്കിള്‍ 30) അനുവദിക്കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ന്യൂനപക്ഷങ്ങളുടെ പുരോഗതിക്ക് വേണ്ടിയും അവരിലെ ആലംബഹീനരായ പരകോടി സാധുജനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടിയും ഉപയോഗിക്കുന്നതിനു പകരം അവ ദുരുപയോഗം ചെയ്യപ്പെടുന്നത് രാജ്യത്തോടും സമുദായത്തോടും ചെയ്യുന്ന വലിയ പാതകമാണ്. മുന്‍ഗാമികളായ ഒട്ടേറെ ത്യാഗിവര്യന്മാര്‍ അവരുടെ നിതാന്തമായ പരിശ്രമങ്ങളുടെ ഫലമായി നേടിയെടുത്ത ഭരണഘടനാപരമായ ഈ അവകാശങ്ങളിലൂടെ അവര്‍ കണ്ടിരുന്നത് വലിയ സ്വപ്‌നങ്ങളായിരുന്നു. സമുദായത്തിലെ കച്ചവടതാല്‍പര്യമുള്ള ചിലരുടെ പണസമ്പാദനമായിരുന്നില്ല ന്യൂനപക്ഷാവകാശങ്ങളിലൂടെ അവര്‍ സ്വപ്‌നം കണ്ടിരുന്നത്. പ്രത്യുത, സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതിയും ഇതര സമുദായങ്ങളോടൊപ്പം എത്താനുള്ള കുതിപ്പും കിതപ്പുമായിരുന്നു അവര്‍ കണ്ടിരുന്ന സ്വപ്‌നം. 

മെഡിക്കല്‍ വിദ്യാഭ്യാസരംഗം മാത്രമല്ല, മുഴുവന്‍ വിദ്യാഭ്യാസ രംഗങ്ങളും സാധാരണക്കാരായ ആളുകള്‍ക്ക് ഉപകാരപ്പെടണമെങ്കില്‍ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ മെഡിക്കല്‍ കോളേജുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടാവേണ്ടതുണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല എന്ന ന്യായം പറഞ്ഞാണ് സ്വാശ്രയ മേഖലയെ കേരളത്തില്‍ തുറന്നുവിട്ടിട്ടുള്ളത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ലക്ഷങ്ങളും കോടികളും കൊടുത്ത് പ്രവേശനം നേടിയിരുന്നപ്പോള്‍ സംസ്ഥാനത്തെ പണം പുറത്തേക്കൊഴുകുന്നുവെന്ന ന്യായം പറഞ്ഞാണ് കേരളത്തിലും സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിത്തുടങ്ങിയത്. അതോടെ കേരളം വിദ്യാഭ്യാസത്തിനു നല്‍കിയിരുന്ന മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ മാറി. പണാധിഷ്ഠിത വിദ്യാഭ്യാസചിന്തകള്‍ വ്യാപകമായി. പണമുള്ളവര്‍ക്ക് എളുപ്പം ഡോക്ടറും എഞ്ചിനീയറുമാവാം എന്ന സ്ഥിതി സംജാതമായി. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ സ്വാശ്രയ സ്ഥാപനങ്ങള്‍ വന്നത് ഒരു നേട്ടമായി ചൂണ്ടിക്കാണിക്കാമെങ്കിലും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പ്രതലത്തിന് അത് വിപരീത ഫലമാണുണ്ടാക്കിയത്. ക്വാളിറ്റിയില്ലാത്ത കുറെ മെഡിക്കല്‍ എഞ്ചിനീയറിങ് കോളേജുകള്‍ ഉണ്ടായി. സര്‍ക്കാരും സ്വാശ്രയ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും എന്നും ഏറ്റുമുട്ടലിന്റെ മാര്‍ഗത്തിലേക്ക് നീങ്ങുകയും മെഡിക്കല്‍ വിദ്യാഭ്യാസരംഗം കോടതിവരാന്തകളില്‍ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ നാള്‍തൊട്ട് നിലനില്‍ക്കുന്ന ഈ സംഘട്ടനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

2017 മെയ് 2ന് മധ്യപ്രദേശ് സര്‍ക്കാരും അവിടുത്തെ സ്വകാര്യ മാനേജുമെന്റുകളും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവത്തിലെ ഒരു ഭാഗം വളരെ പ്രസക്തമാണ്."It is, therefore, to be borne in mind that the occupation of education cannot be treated at par with other economic activities. In this field, State cannot remain a mute spectator and has to necessarily step in, in order to prevent exploitation, privatization and commercialization by the private sector". 'വിദ്യാഭ്യാസത്തിന്റെ വ്യവഹാരം മറ്റു സാമ്പത്തിക ക്രയവിക്രയങ്ങള്‍ പോലെ കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന കാര്യം മനസ്സില്‍ ഉണ്ടായിരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ ഒരു നിശ്ശബ്ദ കാഴ്ചക്കാരനാവാന്‍ പാടില്ല. ചൂഷണവും സ്വകാര്യവല്‍ക്കരണവും കച്ചവടവല്‍ക്കരണവും തടയാനുള്ള ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.'

വിദ്യാഭ്യാസമേഖലയെ അഴിമതി മുക്തമാക്കി, പണമുള്ളവനും ഇല്ലാത്തവനും ഒരു പോലെ അഭ്യസിക്കാന്‍ ഉപയുക്തമാക്കുന്ന തരത്തിലുള്ള പൊതുബോധത്തെ വളര്‍ത്തിക്കൊണ്ടുവന്നും ആവശ്യമായ നിയമങ്ങള്‍ നിര്‍മിച്ചുകൊണ്ടും പൊതുമേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവന്നും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്. അതോടൊപ്പം ആരോഗ്യമേഖലയുടെ അപചയങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുകയും യുവത്വത്തെ കേവലം പണസമ്പാദന ചിന്തകളില്‍ നിന്നും മുക്തമാക്കി സേവനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തെ രക്ഷിക്കാന്‍ മത സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൈ കോര്‍ക്കുകയും വേണം. ആര്‍ദ്രമായ മനസ്സുകളെ സൃഷ്ടിച്ചുകൊണ്ട്, സേവന തല്‍പരരായ ആരോഗ്യ ആതുര പ്രവര്‍ത്തകരെ വളര്‍ത്തിയെടുത്തതുകൊണ്ട് മൂല്യബോധവും സംസ്‌കാരവുമുള്ള ഒരു വിദ്യാഭ്യാസ കേരളത്തിനായി നമുക്കൊരുമിക്കാം.