തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പരിണാമ വഞ്ചനകള്‍

അലി ചെമ്മാട്

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07
സൂക്ഷ്മവും സ്ഥൂലവുമായ ദൃശ്യപ്രപഞ്ചത്തിലെ അനേകായിരം കോടി ജൈവവൈവിധ്യങ്ങളെ സ്രഷ്ടാവിന്റെ സാന്നിധ്യത്തെ മാറ്റി നിര്‍ത്തി വിശദീകരിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഉപായമാണ് പരിണാമസിദ്ധാന്തം. കേവലം കുറേ അനുമാനങ്ങള്‍ മാത്രമായിരുന്നിട്ടു കൂടി ശാസ്ത്രലോകത്ത് ഇതിന് മേല്‍വിലാസം കണ്ടെത്താന്‍ സാധിച്ചു എന്നത് സര്‍വ ലോക രക്ഷിതാവായ സ്രഷ്ടാവിനെ നിഷേധിച്ചു എന്നത് കൊണ്ട് മാത്രമാണ്. എന്നാല്‍, ശാസ്ത്രപഠനം പുരോമഗമിക്കും തോറും പരിണാമസിദ്ധാന്തത്തിന്റെ അടിവേരിളകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിനെ മറികടക്കാന്‍ പരിണാമവാദികള്‍ നടത്തിയ തട്ടിപ്പുകള്‍ ഏറെ രസകരമാണ്.

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയമാണ് ജൈവവൈവിധ്യങ്ങള്‍! ഒരു കോശം എന്ന് പോലും പറയാന്‍ സാധ്യമല്ലാത്ത, സൂക്ഷ്മദര്‍ശിനിയിലൂടെ പോലും ദൃശ്യമാകാത്ത സൂക്ഷ്മ ജൈവസാന്നിധ്യം മുതല്‍ തിമിംഗലം, ആന പോലുള്ളവ വരെയുള്ള ഭീമാകാരങ്ങളായ ജന്തുലോകം. ആ ജൈവ ലോകത്തിലെ അതിബുദ്ധിമാന്‍ എന്ന് സ്വയം അഭിമാനിക്കാന്‍ ശേഷിയുള്ള ജീവിയായ മനുഷ്യന്‍! ഇത്രയും മഹത്തായ ജൈവലോകത്തെ വിശകലനം ചെയ്യാന്‍ ബുദ്ധിമാനായ മനുഷ്യന്‍ സ്വയം ആവിഷ്‌കരിച്ച ഒന്നാണ് പരിണാമസിദ്ധാന്തം. പരിണാമവാദത്തിന് വ്യാപകമായ സ്വീകാര്യത വന്നത് ചാള്‍സ് ഡാര്‍വിന്‍ 1859ല്‍ തന്റെ 'ജീവജാതികളുടെ ഉല്‍പത്തി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് മുതലാണ്. പക്ഷേ, അതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പും ജൈവ പരിണാമം എന്ന സിദ്ധാന്തവും ചിന്തകളും രേഖപ്പെട്ടുകിടക്കുന്നുണ്ട.് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന് അന്നത്തെ പ്രത്യേക ചരിത്ര സാഹചര്യം കൂടുതല്‍ സ്വീകാര്യതയുണ്ടാക്കി എന്നത് വസ്തുതയാണ്. യൂറോപ്പിലെ വ്യാവസായിക വിപ്ലവവും തുടര്‍ന്ന് കമ്യൂണിസ്റ്റ് സ്വാധീനവുമാണ് പരിണാമ സിദ്ധാന്തത്തിന് സ്വീകാര്യത വര്‍ധിപ്പിച്ചത്. 

ആദ്യകാലത്ത് പരിണാമത്തിന് തെളിവുകളായി ചൂണ്ടിക്കാട്ടിയിരുന്നത് ഫോസിലുകളെയായിരുന്നു. ഡാര്‍വിന്‍ അക്കാര്യം തന്റെ ഗ്രന്ഥത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്ന് മാത്രമല്ല മധ്യവര്‍ഗ ഫോസിലുകളുടെ അഭാവം തന്റെ സിദ്ധാന്തത്തിന് നിലനില്‍ക്കാനുള്ള യോഗ്യത(Survival for fittest) നഷ്ടപ്പെടുത്തുമെന്നും ഭയപ്പെടുത്തിയിരുന്നു.(1) ജൈവലോകത്തെ വിശദീകരിക്കാന്‍ മനുഷ്യന്‍ ആവിഷ്‌കരിച്ച ഒരേയൊരു സിദ്ധാന്തം പരിണാമവാദമാണെന്ന് സൂചിപ്പിച്ചുവല്ലോ. അതിന്റെ അശാസ്ത്രീയതയും ശാസ്ത്ര വിരുദ്ധതയും പരിശോധിക്കാനുള്ള ശ്രമമല്ല ഈ കുറിപ്പിലുള്ളത്.

പരിണാമശാസ്ത്രശാഖയെ പക്ഷേ, ചില പ്രത്യയശാസ്ത്ര വക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആ പ്രത്യയശാസ്ത്ര ഇടപെടല്‍ തന്നെയാണ് പരിണാമത്തെ അന്നും ഇന്നും നയിച്ചുകൊണ്ടിരിക്കുന്നത്. ലോകോത്തരമെന്ന് പറയപ്പെടുന്ന പരിണാമ പഠന ഗ്രന്ഥങ്ങളില്‍ പോലും ഈ പ്രത്യയശാസ്ത്രാന്ധതയും അശാസ്ത്രീയതയും നിറഞ്ഞുനില്‍ക്കുന്നതായി കാണാവുന്നതാണ്. 

എക്കാലത്തും ദൈവനിഷേധത്തിന് പഴുതുകള്‍ അന്വേഷിച്ചു നടക്കുക-(Science of gape) എന്നത് നിരീശ്വരവിശ്വാസികളുടെ ആദര്‍ശമായിരുന്നു. ഇന്ന് അവരുടെ ആകെയുള്ള പിടിവള്ളിയാവട്ടെ പരിണാമപ്രത്യയശാസ്ത്രമാണ്. അതുകൊണ്ട് തന്നെയാണ് മാര്‍ക്‌സും ഏംഗല്‍സും അതിനെ പാലൂട്ടിവളര്‍ത്തിയത്.(2) പരിണാമവാദം പ്രത്യയശാസ്ത്രവല്‍കരിക്കപ്പെട്ടതോടെ അതിന് ഇല്ലാത്ത 'ശാസ്ത്രീയ' തെളിവുകള്‍ സൃഷ്ടിക്കപ്പെടേണ്ട അനിവാര്യതയും പ്രത്യയശാസ്ത്ര വക്താക്കള്‍ക്ക് ഉണ്ടായി. അത് അക്കാലം മുതല്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിലെ ചില കുപ്രസിദ്ധ ഏടുകളെയാണ് നാം ഇതില്‍  വിശകലനത്തിന് വിധേയമാക്കുന്നത്. 

ഹെയ്ക്കല്‍ വരകള്‍ 

പരിണാമ വിശ്വാസം ശാസ്ത്രീയവും വാസ്തവവും ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പരിണാമ വാദികള്‍ ചില സൂത്രപ്പണികളും തട്ടിപ്പുകളും തുടങ്ങിവെച്ചത് ഇന്നും ഇന്നലെയുമല്ല എന്ന് പറഞ്ഞുവല്ലോ. പലപ്പോഴും സൂത്രപ്പണികളും തട്ടിപ്പുകളും മാത്രമല്ല കൊടും ചതികള്‍ തന്നെയാണ് ഇവര്‍ നടത്തിയിട്ടുള്ളത്. തന്റെ വിദഗ്ധ കരങ്ങളാല്‍ അതിമനോഹര ചിത്രങ്ങളും കലാസൃഷ്ടികളും നിര്‍മിച്ചിരുന്ന ഏണസ്റ്റ് ഹെയ്ക്കലാണ്(Ernst Haeckel) (1834-1919)(3) തന്റെ സുന്ദര സ്‌കെച്ചുകളാല്‍ അതിന് തുടക്കം കുറിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹെയ്ക്കലിന്റെ ആയിരക്കണക്കിന് ചിത്രങ്ങള്‍ അക്കാലത്തും ഇക്കാലത്തും പരിണാമ വിശ്വാസത്തിന്റെ 'ശാസ്ത്രീയ' തെളിവുകളാണ്! 1874ല്‍ പ്രസിദ്ധീകരിച്ച ഭ്രൂണവളര്‍ച്ചയെ തെളിയിക്കുന്ന ഒരു കലാസൃഷ്ടി(4)അടുത്തകാലത്തും നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടിരുന്നു.

ചിത്രം 1 കാണുക. മത്സ്യം, ഉരകം, ഉഭയജീവി, പക്ഷി, സസ്തനി, മനുഷ്യന്‍ തുടങ്ങിയ നട്ടെല്ലുകളുള്ള എല്ലാ ജീവികളും ഭ്രൂണാവസ്ഥയില്‍ മത്സ്യം, പക്ഷി തുടങ്ങിയ പരിണാമ ഘട്ടങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് സമര്‍ഥിക്കുന്ന ചിത്രമായിരുന്നു ഏതാനും വര്‍ഷം മുമ്പുവരെ നമ്മുടെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്. പക്ഷേ, ഇന്ന് നമുക്കറിയാം ഇത് കേവല സങ്കല്‍പം മാത്രമാണെന്ന്! 

ചിത്രം 2ലെ ഹെയ്ക്കലിന്റെ കലാസൃഷ്ടിയും ചില ജീവികളുടെ ഭ്രൂണവളര്‍ച്ചയുടെ ഫോട്ടോകളും താരതമ്യം ചെയ്ത് കൂടി വിലയിരുത്തുക. ഈ തട്ടിപ്പ് 135 ലേറെ വര്‍ഷം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നുഎന്നത് എത്ര ഗൗരവതരമല്ല! ഈ മത്സ്യ-മനുഷ്യഭ്രൂണ താരതമ്യം എത്രത്തോളം ബാലിശമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. ഭ്രൂണതാരതമ്യത്തിലെ ജീവശാസ്ത്ര വിയോജിപ്പുകള്‍ ഈ കുറിപ്പിന്റെ അവസാന ഭാഗത്ത് വിശദീകരിക്കാം. 

കാട്ടുപന്നിയുടെ പല്ലില്‍നിന്നും മനുഷ്യന്‍!

ഇതിലും ഗൗരവമേറിയ മറ്റൊരു ചതിയാണ് 'നബ്രാസ്‌ക മനുഷ്യന്‍!' (Nebraska Man) 1917ല്‍ നബ്രാസ്‌കയില്‍ നിന്ന് കിട്ടിയ ഒരു കാട്ടുപന്നിയുടെ പല്ലില്‍ നിന്ന് സങ്കല്‍പിച്ച് നിര്‍മിച്ചെടുത്ത മനുഷ്യവര്‍ഗമാണ് 'നബ്രാസ്‌ക മനുഷ്യന്‍.' നബ്രാസ്‌ക മനുഷ്യനെ വിക്കിപീഡിയ പരിചയപ്പെടുത്തുന്നു: ''ഹെസ്പറോ പിതികസ് ഹറോള്‍ഡ് കുക്ക്(Hespero pithecus harold cook) എന്ന സാങ്കല്‍പിക ആള്‍ക്കുരങ്ങ് വര്‍ഗത്തെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പേരാണ് നബ്രാസ്‌ക മനുഷ്യന്‍. ഹെസ്പറോ പിതികസ് എന്ന വാക്കുകൊണ്ട് പടിഞ്ഞാറന്‍ ലോകം ആള്‍ക്കുരങ്ങ് എന്നാണ് അര്‍ഥമാക്കിയിരുന്നത്. വടക്കെ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ നട്ടെല്ലായി അത് വിളംബരം ചെയ്യപ്പെടുകയും ചെയ്തു. ഹറോള്‍ഡ് കുക്കി സ്പീഷിസ് നാമമാണ്. 1917ല്‍ നബ്രാസ്‌കയില്‍ നിന്ന് ജിയോളജിസ്റ്റായിരുന്ന ഹറോള്‍ഡ് കുക്ക് കണ്ടെത്തിയ ഒരു പല്ലിനെ അടിസ്ഥാനമാക്കിയാണ് നബ്രാസ്‌ക മനുഷ്യനെ സംബന്ധിച്ച് സങ്കല്‍പം വികസിച്ചുവന്നത് എന്നതുകൊണ്ടാണ് സ്പീഷിസ് നാമമായി 'ഹറോള്‍ഡ് കുക്കി' എന്ന് നല്‍കിയത്. 1922ല്‍ ഹെന്‍ഡ്രി ഫയര്‍ ഫീല്‍ഡ് ഓസ്ബണ്‍ ആണ് ആദ്യമായി ഈ പല്ലിനെ കുറിച്ച് വിശദമായി വര്‍ണിച്ചത്. നെബ്രാസ്‌ക മനുഷ്യന്റെത് എന്ന് പറയപ്പെടുന്ന പല്ല് കണ്ടെത്തിയത്, മനുഷ്യന്റെ മറ്റൊരു സാങ്കല്‍പിക മനുഷ്യ പൂര്‍വികനായി അവതരിപ്പിക്കപ്പെട്ട, എന്നാല്‍ പിന്നീട് വ്യാജമാണെന്ന് വ്യക്തമായ പില്‍റ്റ്ഡൗണ്‍ മനുഷ്യന്‍ കണ്ടെത്തപ്പെട്ട് ഏകദേശം പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.''(5)

മറ്റൊരു വെബ് സൈറ്റ് ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: ''സ്‌കൂപ്പ് വിചാരണ(6) കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഈ പല്ല്‌വന്ന മൃഗത്തിന്റെ സമ്പൂര്‍ണ അസ്ഥികൂടം കണ്ടെടുക്കപ്പെട്ടു. അതില്‍ നിന്ന് വ്യക്തമായത് നബ്രാസ്‌ക മനുഷ്യന്‍ എന്ന സങ്കല്‍പം നിര്‍മിച്ചെടുക്കാന്‍ ഉപയോഗിച്ച പല്ല് യഥാര്‍ഥത്തില്‍ വംശനാശം സംഭവിച്ചുപോയ ഒരു പന്നി വര്‍ഗത്തിന്റെതാണ് എന്നായിരുന്നു! മിസ്റ്റര്‍ ബ്രയാനിന്റെ(Mr. Brayan)-(7) മേല്‍ അജ്ഞത ആരോപിച്ചുകൊണ്ടും പരിഹസിച്ചും അധികാരികള്‍ ഒരു പന്നിപ്പല്ലില്‍ നിന്ന് പൂര്‍ണ മനുഷ്യവംശത്തെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്! ശാസ്ത്രലോകത്തിന് എത്ര വലിയ അപമാനം! എന്നാല്‍ ഈ തട്ടിപ്പ് പുറത്തായ വാര്‍ത്ത തമസ്‌കരിക്കപ്പെട്ടു പോയി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. സാധാരണ, മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനും വിരട്ടാനും ഉപയോഗിക്കപ്പെടുന്ന വിദഗ്ധ സാക്ഷിമൊഴികളുടെ ആധികാരികതയെക്കുറിച്ച് വലിയൊരു പാഠം നിശ്ചയമായും ഇതിലുണ്ട്. പല്ല് ഉപയോഗിച്ചുകൊണ്ടുതന്നെ നടത്തപ്പെട്ട ഇതുപോലുള്ള മറ്റൊരു കണ്ടെത്തലായിരുന്നു തെക്ക്പടിഞ്ഞാറന്‍ കൊളറാഡോ മനുഷ്യന്‍. ആ പല്ല് യഥാര്‍ഥത്തില്‍ ഒരു കുതിരയുടെതായിരുന്നു എന്ന് ഇപ്പോള്‍ അറിവായിട്ടുണ്ട്. ശാസ്ത്ര 'വിദഗ്ധര്‍' പലപ്പോഴും എന്ത് മാത്രം വിഭവ സമ്പന്നരും ഭാവനകളുമാണെന്ന് നോക്കൂ! അവര്‍ക്കൊരു പല്ല് കൊടുത്താല്‍ മതി, അത് മനുഷ്യന്റെത് ആകണമെന്ന് പോലുമില്ല; അതില്‍നിന്നും ഒരു മനുഷ്യവംശത്തിന്റെ ചരിത്രം പൂര്‍ണമായി അവര്‍ മനഃപൂര്‍വം സ്വരൂപിച്ചെടുക്കും.''(8) വിശദീകരണങ്ങളില്ലാതെ തന്നെ കാര്യം സ്പഷ്ടം. 

ഡെന്റിങ്ങ് കരവിരുതില്‍ തീര്‍ത്ത ദിനോസര്‍ 

1996 ല്‍ കിഴക്കന്‍ ബ്രസീലില്‍ നിന്ന് കിട്ടി എന്ന് അവകാശപ്പെടുന്ന 80 സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഒരു എല്ലില്‍ കഷ്ണത്തില്‍ നിന്ന് നിര്‍മിച്ചെടുത്ത, ഇന്നും സജീവമായി നിലനില്‍ക്കുന്ന ദിനോസര്‍ ആണ് ബ്രസീലിയന്‍ ഇരിറ്റേറ്റര്‍.(Brazilian Irritator)(9) കമനീയമായ ഈ സൃഷ്ടി കണ്ടാല്‍ തീര്‍ച്ചയായും ആരും അന്ധാളിക്കും. ശരിക്കും അങ്ങനെയൊരു ജീവി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും. അതിന് പത്തുമീറ്റര്‍ നീളവും ഒരു ടണ്‍ ഭാരവും അവര്‍ നല്‍കിയിരുന്നു. മാത്രമല്ല, അതിന്റെ ഭക്ഷണ മെനു പോലും അതിന്റെസ്രഷ്ടാക്കള്‍ തീരുമാനിച്ചു. അത് 'സീഫുഡ്' മാത്രമെ ഇഷ്ടപ്പെട്ടിരുന്നുള്ളൂ എന്നത് എത്ര വലിയ കണ്ടെത്തല്‍!(10) പക്ഷേ, ഈ 80 സെന്റീമീറ്റര്‍ നീളമുള്ള എല്ലിന്‍ കഷ്ണം പോലും വിശ്വാസയോഗ്യമല്ല എന്നാണ് മനസ്സിലാകുന്നത്. ഏതോ ജീവിയുടെ കീഴ്ത്താടിയെല്ല് പശയും ഫൈബര്‍ ഗ്ലാസ് പോളിഷിംഗ് കോമ്പൗണ്ടും(11) ചേര്‍ത്ത് ഒട്ടിച്ചുണ്ടാക്കി ഫോസില്‍ കള്ളക്കടത്തുകാര്‍ മാര്‍ക്കറ്റിലെത്തിച്ച എല്ലിന്‍ കഷ്ണം(12) ഇന്ന് ബ്രസീലിലെ ഏറ്റവും പ്രശസ്തമായ 'സായോപോളോ യൂണിവേഴ്‌സിറ്റി'യില്‍(13) സ്പിനോസോര്‍ഡ് ദിനോസര്‍ ഫോസിലായി(Spinosaurus dinosaur) സൂക്ഷിച്ചിരിക്കുന്നു!(14) ആ 80 സെന്റിമീറ്റര്‍ നീളമുള്ള കീഴ്ത്താടിയെല്ല് ദിനോസറിന്റെത് തന്നെയാവണമെന്നില്ല. അത് ഫാള്‍സ് ചീങ്കണ്ണിയുടെത് ആയിരിക്കാനുള്ള സാധ്യത ഒട്ടും അവഗണനീയമല്ല. എത്ര ഭാവനാസമ്പന്നവും സാങ്കേതിക നിറവും തികഞ്ഞതാണ് ഈ പുതിയ ദിനോസര്‍ മുത്തച്ഛന്‍!

ക്വാറി മുതലാളിയുടെ തലയോട്ടി 

ഒരുപക്ഷേ, പരിണാമ ചരിത്രത്തിലെ ആദ്യം കണ്ടെത്തിയ മനുഷ്യ തലയോട്ടി 1866 ഫെബ്രുവരിയില്‍ കാലിഫോര്‍ണിയയിലെ 'കലാവെറസ്' പ്രവിശ്യയില്‍ നിന്ന് കണ്ടെത്തിയ 'കലാവെറസ് തലയോട്ടി'യായിരിക്കും. ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി പ്രസിദ്ധീകരിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ തന്നെ ഈ തലയോട്ടി കണ്ടെത്തി. സ്വദേശിയായ ഒരു ക്വാറി മുതലാളിയാണ് 40 മീറ്റര്‍ താഴ്ചയില്‍ നിന്ന് ഇത് കണ്ടെത്തിയത്. ഈ തലയോട്ടി കാലിഫോര്‍ണിയ ജിയോളജി സര്‍വേതലവനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ജിയോളജി പ്രൊഫസറുമായ 'ജോസിയ വെറ്റിനി'ക്ക്(15) കൈമാറി. സൂക്ഷ്മ പഠനങ്ങള്‍ക്ക് ശേഷം 1866 ജൂലൈ 16ന് കാലിഫോര്‍ണിയ സയന്‍സ് അക്കാദമിയില്‍വച്ച് 'പ്ലിയോസിന്‍ കാലഘട്ടത്തില്‍' തെക്കേഅമേരിക്കയില്‍ മനുഷ്യവാസം ഉണ്ടായിരുന്നതിന് തെളിവാണ് ഈ തലയോട്ടി എന്ന് ജോസിയ ഔദേ്യാഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പഠനത്തില്‍ മാമത്തുകളും ആനകളും മനുഷ്യരും ഇവിടെ ഒരുമിച്ച് ജീവിച്ചിരുന്നു എന്നും കണ്ടെത്തി!

ഈ മനുഷ്യപൂര്‍വികനെ പരിണാമവാദികള്‍ ഏറെ ആഘോഷിച്ചിരുന്നു. എന്നാല്‍ ഈ ആഘോഷം 13 വര്‍ഷം മാത്രമെ നിലനിന്നുള്ളൂ! അപ്പോഴേക്കും ഇത് അടുത്തകാലത്ത് മരിച്ച മനുഷ്യന്റെ തലോട്ടിയാണെന്ന് ഫ്‌ളൂറിന്‍ അനലൈസിലൂടെ തെളിയിച്ചു. 1911ല്‍ ഈ തലയോട്ടി തീര്‍ത്തും ചതിയായിരുന്നു എന്ന് വ്യക്തമായി. എന്നാലും ആ തലയോട്ടിപൂജകര്‍ അടുത്തകാലം വരെ ഉണ്ടായിരുന്നു. അവസാനം 1992ല്‍ നടത്തിയ കാര്‍ബണ്‍ ടെസ്റ്റില്‍ ആ തലയോട്ടിക്ക് കേവലം ആയിരം വര്‍ഷത്തെ പഴക്കമേയുള്ളൂ എന്ന് കണ്ടെത്തി.(16) ഇത് പഠനവിധേയമാക്കിയ ജിയോളജിസ്റ്റ് ജോസിയ വെറ്റിനി 3.5 മില്യണ്‍ വയസ്സ് നല്‍കിയ 'കലാവെറസ് മനുഷ്യന്‍' കേവലം ആയിരം വയസ്സുമാത്രം പ്രായമുള്ള 'ചെറുപ്പക്കാരനായി' മാറിയ കഥയും പരിണാമ തട്ടിപ്പ് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു! 

ഫോസില്‍ മെയ്ഡ് ഇന്‍ ചൈന 

'മെയ്ഡ് ഇന്‍ ചൈന' എന്ന് കണ്ടാല്‍ തന്നെ അതൊരു തട്ടിക്കൂട്ട് തട്ടിപ്പ് സാധനമാണെന്ന് ആര്‍ക്കും തോന്നും. അടുത്തകാലത്ത് നടത്തിയ അത്തരം ഒരു തട്ടിക്കൂട്ട് തട്ടിപ്പാണ് അടുത്തത്. 'ആര്‍ക്കിയോറാപ്റ്റര്‍' എന്നത് 1999ല്‍ നാഷണല്‍ ജിയോഗ്രഫി മാഗസിനില്‍, ചൈനയില്‍ നിന്നുള്ള ഒരു ഫോസിലിന് അനൗപചാരികമായി നല്‍കപ്പെട്ട ജനറിക് നാമമാണ്. പക്ഷികള്‍ക്കും കരജീവികളായിരുന്ന ദിനോസറുകള്‍ക്കും ഇടയിലുള്ള ഒരു നഷ്ടപ്പെട്ട കണ്ണിയാണ് ഫോസില്‍ എന്ന് മാഗസിന്‍ അവകാശപ്പെട്ടു. മാഗസിനില്‍ ഈ ലേഖനം വരുന്നതിന് മുമ്പ് തന്നെ ഫോസിലിന്റെ ആധികാരികത സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളുണ്ടായിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെക്കുകയും ഒടുവില്‍ കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ ഫോസില്‍ ഒരു തട്ടിപ്പായിരുന്നുവെന്ന് തെളിയുകയും ചെയ്തു. വ്യത്യസ്ത സ്പീഷിസുകളില്‍ പെട്ട വ്യത്യസ്ത ജീവികളുടെ എല്ലില്‍ തുട്ടുകള്‍ ഒപ്പിച്ച് ഒട്ടിച്ചു വെച്ചാണ് ഈ തട്ടിപ്പ് നടത്തിയത്!

ഈ ഫോസിലിന്റെ തലയും ശരീരത്തിലെ പ്രധാന ഭാഗങ്ങളും യഥാര്‍ഥത്തില്‍ പുരാതന പക്ഷി വര്‍ഗമായ 'യനോര്‍നിസി'ല്‍നിന്ന്(17) എടുത്തതായിരുന്നു എന്ന് കണ്ടെത്തി. 2002ല്‍ നടന്ന മറ്റൊരു പഠനം ആ ഫോസിലിലെ വാല് കുഞ്ഞുവാലുള്ള 'ഡ്രോമൈസറി'ന്റെതാണെന്നും കണ്ടെത്തി. കാലുകളും കാല്‍പാദവും മറ്റേതോ മൃഗത്തിന്റെതും!(18)

ഈ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു വിശദീകരണം കാണുക: ''ഇതിനുശേഷം ഫിലിപ്പ് ക്യൂറിയെയും നാഷണല്‍ ജ്യോഗ്രഫിക് മാഗസിനെയും ഫോസില്‍ തട്ടിപ്പാണ് എന്ന് കണ്ടെത്തലിനെക്കുറിച്ച് അറിയിച്ചു. അവര്‍ ചൈനീസ് വിദഗ്ധനായ സൂ സിങ്ങിനോട് ചേര്‍ന്ന് ഫോസില്‍ പഠനവിധേയമാക്കാനും നാച്വറല്‍മാഗസിനില്‍ അത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കാനും തുടര്‍ന്ന് ഒരു പത്രസമ്മേളനം നടത്താനും നാഷണല്‍ ജോഗ്രഫിന്റെ ഒരു ഫീച്ചര്‍ പതിപ്പ് പുറത്തിറക്കാനും സമ്മതിച്ചു. എന്നാല്‍ ആദ്യ വിശകലനത്തില്‍ തന്നെ ക്യൂറി ഫോസിലിന്റെ വാല്‍ അതിന്റെ ശരീരവുമായി ചേരുന്നില്ല എന്ന കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം 'ടിം റോവി'നെ കൊണ്ട് സ്‌കാനിംഗിന് വിധേയനാക്കിച്ചു. ടിം കണ്ടെത്തിയത് ഫോസിലിന്റെ കാലുകളും വാലും ഫോസിലിന്റെ മറ്റു ശരീരഭാഗങ്ങളുമായി ഒരുനിലയ്ക്കും യോജിക്കുന്നില്ല എന്നു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആ ഫോസില്‍ ഒരു തട്ടിപ്പാണെന്നനിഗമനത്തിലെത്തിച്ചേരുകയും ചെയ്തു.(19)

റഫറന്‍സസ്:

1. ജീവജാതികളുടെ ഉല്‍പത്തി, ചാള്‍സ് ഡാര്‍വിന്‍. മലയാള പരിഭാഷ: എം. സുദര്‍ശനന്‍. മൈത്രി ബുക്‌സ്, തിരുവനന്തപുരം. പേജ് 185, 272.

2. https://en.wikipedia.org/wiki/influeces_on_Karl_Marx

3. https://en.wikipedia.org/wiki/Ernst_Haeckel

4. http://www.ichthus.info/Evolution/evolution.html

5. https://en.wikipedia.org/wiki/Nebraska_Man

6. https://en.wikipedia.org/wiki/Scopes_Trial

7. https://en.wikipedia.org/wiki/William_Jennings_Bryan

8. https://rdlindsey.com/flashfacts/nebraska.html

9. https://www.nhm.ac.uk/discover/dinodirectory/irritator.html

10. https://en.wikipedia.org/wiki/Irritator

11. https://www.amazon.co.uk/FillerGlassDavidsIsoponBridges/dp/B003HJMTPA

12. https://www.science20.com/between_death_and_data/5_greatest_palaeontology

13. https://en.wikipedia.org/wiki/University_of_S%C3%A3o_Paulo

14. https://en.wikipedia.org/wiki/Irritator

15. https://en.wikipedia.org/wiki/Josiah_Whitney

16. https://en.wikipedia.org/wiki/Calaveras_Skull

17. https://en.wikipedia.org/wiki/Yanornis

18. https://en.wikipedia.org/wiki/Archaeoraptor

19.https://www.science20.com/between_death_and_data 5_greatest_palaeontology