വിശ്വാസ്യത നഷ്ടപ്പെടുമ്പോള്‍
ശമീര്‍ മദീനി
2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21
പരസ്പര വിശ്വാസവും സഹകരണവും ഉണ്ടാകുമ്പോഴാണ് സ്നേഹവും സമാധാനവും നിര്‍ഗളിക്കുന്ന ബന്ധങ്ങളുണ്ടാവുക. പ്രയാസങ്ങളിള് ഓടിയെത്താനും കൈപിടിക്കാനും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഉണ്ടായാല്‍ അത് വല്ലാത്തൊരു ആശ്വാസവും സമാധാനവുമാണ്. എന്നാല്‍ അവിടെയും തലപൊക്കുന്നത് ചതിയും വഞ്ചനയുമാണെങ്കിലോ? അപകടത്തില്‍ പെട്ട് കിടക്കുമ്പോള്‍ രക്ഷകരെന്ന വ്യാജേന ഓടിയെത്തി കിട്ടാവുന്നതൊക്കെ അടിച്ചുമാറ്റുന്ന അവസ്ഥ എത്രമാത്രവും ക്രൂരവും മനുഷ്യത്വരഹിതവുമാണ്!
പരസ്പര വിശ്വാസം നഷ്ടപ്പെടുമ്പോള്‍ സഹകരണവും സമാധാനവും ഇല്ലാതെയാവുകയും ഓരോരുത്തരും തന്താങ്ങളുടെ 'സ്വകാര്യലോകത്തേക്ക്' ഉള്വലിയുകയുമാണുണ്ടാവുക.
താല്‍ക്കാലിക ലാഭത്തിനുവേണ്ടി ചതിയും ചൂഷണവും തൊഴിലാക്കി മാറ്റിയവരുടെ അംഗസംഖ്യ വര്‍ധിക്കുന്നതായാണ് സമകാലിക സംഭവങ്ങള്‍ പലതും നമ്മോട് വിളിച്ചുപറയുന്നത്. വെളിച്ചെണ്ണയും മസാലപ്പൊടികളും പാലും മത്സ്യവുമടക്കമുള്ള മനുഷ്യന്റെ ഭക്ഷ്യസാധനങ്ങളില്‍ മായവും വിഷവും കലര്‍ത്തിക്കൊണ്ടുള്ള വന്വ്യാപാരമാണ് നമ്മുടെ കമ്പോളങ്ങളില്‍ നടക്കുന്നതെന്ന് അറിയുമ്പോള്‍ നാം ആരെയാണ് വിശ്വസിക്കുക?
ശവശരീരം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന 'ഫോര്‍മാലിന്‍' എന്ന രാസപദാര്‍ഥം കലര്‍ത്തിയ ടണ്‍കണക്കിന് മത്സ്യം നമ്മുടെ സംസ്ഥാനത്തുനിന്നും പിടികൂടിയെന്ന വാര്‍ത്ത ഭീതിതമായ അധാര്‍മികതയുടെ സന്ദേശമാണ് നല്‍കുന്നത്. നിയമങ്ങളും നടപടികളും കുറേകൂടി കര്‍ശനമാക്കുകയും ധാര്‍മിക ബോധവല്‍ക്കരണം ശക്തമാക്കുകയും ചെയ്തില്ലെങ്കില്‍ മനുഷ്യത്വം വറ്റിവരണ്ട ഊഷര ഭൂമിയായി നമ്മുടെ നാട് മാറുന്നകാലം വിദൂരമല്ല.
ചതിയും വഞ്ചനയും കപടവിശ്വാസികളുടെ അടയാളങ്ങളാണെന്നും അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ലെന്നും ക്വുര്‍ആനും പ്രവാചക വചനങ്ങളും ഉണര്‍ത്തിയിട്ടുണ്ട്. ചൂഷണത്തിന്റെയും ചതിയുടെയും മാര്‍ഗങ്ങളിലൂടെയുള്ള സമ്പാദ്യം പടച്ചവന്റെ അനുഗ്രഹം തീണ്ടാത്തതും നാശഹേതുവാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മരണാനന്തരമുള്ള വിചാരണയുടെ ലോകത്തെ ഭയപ്പെടാത്തതാണ് അത്തരം ഹീനകൃത്യങ്ങള്‍ക്കു പ്രചോദനമെന്നതാണ് ഉപരിസൂചിത വചനങ്ങളിലൂടെ ക്വുര്‍ആന്‍ ഉണര്‍ത്തുന്നത്.
പരസ്പര വിശ്വാസത്തോടും സഹകരണത്തോടും കൂടി ജീവിക്കാനുള്ള മഹാഭാഗ്യം സര്വശക്തന് നമുക്ക് പ്രദാനം ചെയ്യുമാറാകട്ടെ!