ശാപവാക്കുകള്‍ സൂക്ഷിക്കുക

ശമീര്‍ മദീനി

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09
''വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്. എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല'' (ക്വുര്‍ആന്‍ 4:51,52).

അന്യോന്യം ശാപവാക്കുകള്‍ പറയല്‍ ഗുരുതരമായ പാതകമാണ്. സത്യവിശ്വാസി ശാപവാക്കുകള്‍ പറയുകയോ വൃത്തികേടുകള്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവനല്ലെന്ന് നബി ﷺ അരുളിയിട്ടുണ്ട്. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ ചിലര്‍ ശാപവാക്കുകള്‍ പറയുന്നത് കാണാം. ഭക്ഷണത്തില്‍ ഉപ്പ് കൂടുകയോ കുറയുകയോ ചെയ്താലും മക്കള്‍ വല്ല വികൃതിയും കാണിച്ചാലും വളര്‍ത്തു മൃഗങ്ങള്‍ വല്ല നഷ്ടവും വരുത്തിയാലുമൊക്കെ പെട്ടെന്ന് പലരുടെയും നാവില്‍ നിന്ന് ശാപവാക്കുകള്‍ വരുന്നത് കാണാം. അത് വളരെ സൂക്ഷിക്കേണ്ടതുണ്ട്.

നബി ﷺ പറഞ്ഞു: ''നിങ്ങള്‍ നിങ്ങള്‍ക്കെതിരിലും മക്കള്‍ക്കെതിരിലും നിങ്ങളുടെ സ്വത്തിനെതിരിലും പ്രാര്‍ഥിച്ചുപോകരുത്. അല്ലാഹുവില്‍ നിന്നുള്ള ചില സമയത്തോട് നിങ്ങളുടെ അത്തരം പ്രാര്‍ഥനകള്‍ യോജിച്ചു വരാതിരിക്കട്ടെ. ആ സന്ദര്‍ഭങ്ങളില്‍ ചോദിക്കപ്പെടുന്നവയ്ക്ക് ഉത്തരം കിട്ടുന്നതാണ്'' (മുസ്‌ലിം).

തെറ്റു ചെയ്ത പാപിക്കെതിരില്‍ പോലും ശാപവാക്കുകള്‍ പറയരുതെന്ന് നബി ﷺ വിലക്കിയിട്ടുണ്ട്. വിശ്വാസിയെ ശപിക്കല്‍ അവനെ വധിക്കുന്നതിന് സമാനമാണ് എന്നും അവിടുന്ന് ഉണര്‍ത്തിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം).

കേവലം ഒരു മനുഷ്യന്റെ ശാപവാക്കു പോലും ഇത്രയേറെ ഗുരുതരമാണ് എന്നിരിക്കെ അല്ലാഹുവോ റസൂലോ ശപിച്ച ഒരു വിഭാഗം എത്ര മാത്രം ഹതഭാഗ്യരായിരിക്കും! അത്തരം പാപങ്ങളുടെ ഗൗരവമാണ് അതറിയിക്കുന്നത്. ഉപരി സൂചിത സൂക്തം അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

അല്ലാഹു അവതരിപ്പിച്ച ന്യായപ്രമാണങ്ങളും സത്യവും ആളുകള്‍ക്ക് വിവരിച്ചു കൊടുക്കാതെ മറച്ചു വെക്കുന്നവരെ അല്ലാഹു ശപിക്കുമെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു: ''നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്'' (2:159).

സമൂഹത്തില്‍ തിന്‍മകളും അക്രമങ്ങളും നടമാടുമ്പോള്‍ അവയ്‌ക്കെതിരില്‍ പ്രതികരിക്കാത്തവരും ശാപാര്‍ഹരാണ് എന്ന് ക്വുര്‍ആന്‍ താക്കീത് ചെയ്യുന്നു: ''ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ'' (5:78,79).

 പതിവ്രതകളെ കുറിച്ച് ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവരും ദുഷിച്ച് പറയുന്നവരും ശാപത്തിനര്‍ഹരാണ്: ''പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്'' (24:23).

നാല് വിഭാഗമാളുകളെ അല്ലാഹു ശപിച്ചതായി നബി ﷺ അറിയിച്ചിട്ടുണ്ട്. മാതാപിതാക്കളെ ശപിച്ചവര്‍, അല്ലാഹു അല്ലാത്തവര്‍ക്ക് ബലിയര്‍പ്പിച്ചവര്‍, മതത്തില്‍ പുതുനിര്‍മിതി നടത്തിയവര്‍ക്ക് അഭയം നല്‍കിയവര്‍, ഭൂമിയിലെ അതിര്‍ത്തി തിരക്കിയവര്‍ എന്നിവരാണ് അവര്‍. (അഹ്മദ്, മുസ്‌ലിം).

അല്ലാഹുവിന്റെ ശാപത്തിന് വിധേയമായാല്‍ ഇഹപര ജീവിതം ദുഃസ്സഹവും പരാജയവുമായിരിക്കും. അതിനാല്‍ അത്തരം ദുഷ്‌കര്‍മങ്ങളില്‍നിന്നകന്ന് വന്നുപോയവയില്‍ പശ്ചാത്തപിച്ച് മുന്നേറുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.