അല്ലാഹുവിനെ അറിയുക

ശമീര്‍ മദീനി

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29
''അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ പാദപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ'' (ക്വുര്‍ആന്‍ 2:255)

നമുക്ക് ജീവന്‍ നല്‍കിയ, വസിക്കുവാന്‍ ഭൂമിയും ശ്വസിക്കുവാന്‍ വായുവും സംവിധാനിച്ച അളവറ്റ ദയാപരനാണ് അല്ലാഹു. അവനെ ശരിയായ വിധത്തില്‍ അറിയാനുള്ള ഏകമാര്‍ഗം അവന്‍ തന്നെ അവനെക്കുറിച്ച് അറിയിച്ചതും അവന്റെ ദൂതനായ മുഹമ്മദ് നബി ﷺ  അറിയിച്ചുതന്നതും അറിയല്‍ മാത്രമാണ്. അതല്ലാതെ മറ്റേത് മാര്‍ഗത്തിലൂടെ അവനെ അറിയാന്‍ ശ്രമിക്കുന്നതും തെറ്റിപ്പോകാന്‍ സാധ്യതയുള്ളതാണ്. 

പദാര്‍ഥലോകത്തെ വല്ലതുമായിരുന്നു അവനെങ്കില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ അവനെ അറിയാന്‍ ശ്രമിക്കാമായിരുന്നു. എന്നാല്‍ അവന്‍ പദാര്‍ഥലോകത്തിന് അതീതനാണ്. അവന് സമാനമായ വല്ലതുമുണ്ടെങ്കില്‍ അതിലൂടെയും നമുക്ക് അവനെ അറിയാന്‍ ശ്രമിക്കാമായിരുന്നു. എന്നാല്‍ അവനെപ്പോലെ യാതൊന്നുമില്ല: ''...അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 42:11).

അതിനാല്‍ അല്ലാഹുവിനെ അറിയാനുള്ള സുരക്ഷിതമായ മാര്‍ഗം അവന്‍ അവനെക്കുറിച്ച് അറിയിച്ച കാര്യങ്ങള്‍ അറിയലാണ്. അവനെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു: ''(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (112:1-4).

സഷ്ടികര്‍ത്താവും എണ്ണമറ്റ അനുഗ്രഹദാതാവുമായ അല്ലാഹുവിനെ അറിയാതെ മറ്റെന്ത് അറിഞ്ഞിട്ടും എന്ത് കാര്യം? സ്രഷ്ടാവിനെക്കുറിച്ചുള്ള ജ്ഞാനത്തെക്കാള്‍ മഹത്ത്വമുളള എന്ത് വിജ്ഞാനമാണുള്ളത്?

അല്ലാഹുവിനെ നേരായവിധത്തില്‍ അറിയാത്തതാണ് വിശ്വാസ കര്‍മ രംഗങ്ങളിലൊക്കെ വഴിതെറ്റി വ്യക്തിപൂജയിലേക്കും വീരാരാധനയിലേക്കും അധാര്‍മികതിലേക്കും ആളുകള്‍ പോകുവാനുള്ള കാരണം. ''അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല...'' (39:67) എന്ന വചനം ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. എന്നെന്നും ജീവിച്ചിരിക്കുന്ന, ഉറക്കമോ മയക്കമോ ബാധിക്കാത്ത, സര്‍വ നിയന്താവായ അല്ലാഹുവിനെ വിട്ട് നിര്‍ജീവ വസ്തുക്കളോ ദുര്‍ബലരോ ആയ സൃഷ്ടികളെ ആശ്രയിക്കുന്നത് എന്ത് മാത്രം ബുദ്ധിശൂന്യതയാണ്. ''തന്റെ ദാസന് അല്ലാഹു മതിയായവനല്ലേ'' (ക്വുര്‍ആന്‍ 39:36) എന്ന ചോദ്യവും ചിന്തനീയമാണ്.

അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന വചനെമന്ന നിലയില്‍ 'ആയതുല്‍ കുര്‍സിയ്യ്' എന്ന പേരില്‍ അറിയപ്പെടുന്ന 2:255ാം വചനം ശ്രേഷ്തയേറെയുള്ളതാണ്. പ്രഭാത പ്രദോഷ കീര്‍ത്തനങ്ങളിലും നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷവും ശയനവേളയിലുമൊക്കെ ഇത് പാരായണം ചെയ്യാന്‍ നബി ﷺ  പ്രത്യേകം നിര്‍ദേശിച്ചതായി കാണാം. അല്ലാഹുവിനെ ശരിയായ വിധത്തില്‍ അറിഞ്ഞ് ആത്മാര്‍ഥമായി അവനെ സ്‌നേഹിക്കുവാനും അവന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ജീവിക്കുവാനും അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.