പുണ്യമാസം വിടചൊല്ലുമ്പോള്‍...

ശമീര്‍ മദീനി

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16
''രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ  അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും.'' (വിശുദ്ധ ക്വുര്‍ആന്‍ 23:60,61).

ഒരു മാസം ഒരാഴ്ചയേക്കാള്‍ വേഗത്തില്‍ കഴിഞ്ഞുപോയ പ്രതീതി! നമ്മുടെ ആയുസ്സും ഇതുപോലെ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. റമദാനിന്റെ ഉന്നതങ്ങളായ ലക്ഷ്യങ്ങള്‍ നേടിയെന്ന് അവകാശപ്പെടാന്‍ നമുക്കാകുമോ? നമ്മുടെ രാത്രി നമസ്‌കാരങ്ങള്‍ വെറും ഉറക്കമൊഴിക്കലും, നോമ്പുകള്‍ വെറും വിശപ്പും ദാഹവും പട്ടിണിയും മാത്രമായിരുന്നോ? ആലോചിക്കുക. റബ്ബിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. യഥാര്‍ഥ നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങളെ കുറിച്ച് നബി ﷺ അറിയിച്ചിട്ടുണ്ട്. ഒന്ന് നോമ്പ്  പൂര്‍ത്തീകരിക്കുമ്പോഴും മറ്റൊന്ന് റബ്ബിനെ കണ്ടുമുട്ടുമ്പോഴും.

അവ നമുക്ക് നേടിയെടുക്കണമെങ്കില്‍ നാം സ്വയമൊന്ന് വിലയിരുത്തുകയും അതിനായി ഉത്സാഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ റമദാന്‍ നമ്മുടെ ജീവിതത്തിലെ അവസാനത്തേതായിരിക്കുമോ? ഇനിയൊരവസരം നമുക്കുണ്ടാവുമോ? നമ്മുടെ ആരാധനകളും മറ്റ് സല്‍കര്‍മങ്ങളും റബ്ബ് സ്വീകരിക്കാതെ പോകുമോ? ഇത്തരം ചിന്തകളും പരിശോധനകളും ഭയപ്പാടുമൊക്കെ സത്യവിശ്വാസികളുടെ ഉല്‍കൃഷ്ട ഗുണങ്ങളാണ്. 

''രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും.'' എന്ന ക്വുര്‍ആനിലെ 23:60,61 സൂക്തങ്ങളെ കുറിച്ച് ആയിശ(റ) നബി ﷺ യോട് ഒരിക്കല്‍ ചോദിക്കുകയുണ്ടായി: ''നബിയേ... അവര്‍ മദ്യപാനികളും മോഷ്ടാക്കളുമൊക്കെയാണോ?'' നബി ﷺ പറഞ്ഞു: സിദ്ധീഖിന്റെ മകളേ, ആല്ല, പ്രത്യുത അവര്‍ നോമ്പെടുക്കുന്നവരും നമസ്‌കരിക്കുന്നവരും ദാന ധര്‍മങ്ങള്‍ ചെയ്യുന്നവരും ഒക്കെയാണ്. തങ്ങളില്‍ നിന്ന് അവ സ്വീകരിക്കപ്പെടാതെ പോകുമോ എന്ന് ഭയപ്പെടുന്നവരാണ്. അവരാണ് നന്മകളില്‍ ധൃതിപ്പെടുന്നവരും അതില്‍ മുന്‍കടക്കുന്നവരും'' (തിര്‍മുദി)

അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവരില്‍ (മുത്തഖീങ്ങളില്‍) നിന്നുമാണ് അല്ലാഹു സ്വീകരിക്കുക എന്ന് വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്.

''(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.'' (ക്വുര്‍ആന്‍ 5:27) 

റമദാനിലൂടെ നാം നേടേണ്ടതും ആ സൂക്ഷ്മതയാണ്. അതിന് നമുക്ക് സാധിച്ചുവെങ്കില്‍ നമ്മുടെ വസ്ത്രധാരണ രീതിയും ആഘോഷവും മറ്റെല്ലാ കാര്യങ്ങളും റബ്ബിന്റെ ഇഷ്ടം പരിഗണിച്ചും വിധിവിലക്കുകള്‍ പാലിച്ചും മാത്രമായിരിക്കും ഉണ്ടാവുക.

പിണക്കങ്ങള്‍ തീര്‍ത്തും ബന്ധങ്ങള്‍ കൂട്ടിയിണക്കിയും വിട്ടുവീഴ്ച ചെയ്തും റബ്ബിലേക്ക് കൂടുതല്‍ അടുത്തുകൊണ്ട് റമദാനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ നമുക്കാവണം. അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീന്‍.