മനസ്സിനെ പാകപ്പെടുത്തുക

ശമീര്‍ മദീനി

2018 ജൂണ്‍ 02 1439 റമദാന്‍ 17

ദേഹവും ദേഹിയും അഥവാ ശരീരവും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ഇവ രണ്ടിനെയും പരിഗണിച്ചുകൊണ്ടുള്ളതാണ് ഇസ്‌ലാമിന്റെ നിയമശാസനകളെല്ലാം അവയിലേതെങ്കിലും ഒന്നിനെ മാത്രം പരിചരിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്ത് മറ്റേതിനെ അവഗണിക്കുന്നത് മനുഷ്യപ്രകൃതിക്ക് നിരക്കുന്നതല്ല.

ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരിവിടുന്ന പ്രവണതയാണ് സകല അക്രമങ്ങള്‍ക്കും തോന്നിവാസങ്ങള്‍ക്കും പ്രധാന കാരണം. നമ്മുടെ രാജ്യം ഈയിടെ സാക്ഷ്യംവഹിച്ച അനേകം പീഡനങ്ങളും കൊലപാതകങ്ങളും എടുത്തുനോക്കിയാല്‍ ഈ കാര്യം വ്യക്തമാവും. അത് ഇരുലോകത്തും മനുഷ്യന് നഷ്ടവും അപകടങ്ങളും മാത്രമെ സമ്മാനിക്കുകയുള്ളൂ.

ചെറുതും വലുതുമായ വാഗ്-വിചാര-കര്‍മാതികളിലൊക്കെ ഒരു സത്യവിശ്വാസിക്കുണ്ടാവേണ്ടത് സ്രഷ്ടാവിന്റെ (നിഷ്‌കളങ്കമായ) പ്രീതിയും പ്രതിഫലവും ആഗ്രഹിക്കുന്ന മനസ്സായിരിക്കണം. അതിന് പകരം ദേഹേഛയാണ് ഒരാളെ നയിക്കുന്നതെങ്കില്‍ അയാള്‍ ഏതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവനായിരുന്നാലും അഹങ്കാരവും ചതിയും ക്രൂരതയും അനീതിയുമൊക്കെയായിരിക്കും അയാളില്‍ നിന്നുണ്ടാവുക.

സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ പരിഗണിക്കാതെ തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അക്രമവും അനീതിയും അവിടെ അരങ്ങേറും. തന്റെ അധികാരം നിലനിര്‍ത്താന്‍ ഏതുമാര്‍ഗവും ഉപയോഗിക്കുന്ന ഭരണാധികാരിയും ദാമ്പത്യം വിട്ട് വ്യഭിചാരത്തിലേക്ക് നീങ്ങുന്ന ഭോഗപ്രിയരും മാന്യമായ ലാഭം പോരാതെ കൊള്ളലാഭവും തട്ടിപ്പും വെട്ടിപ്പും കൈമുതലാക്കി ജീവിക്കുന്ന ഉദ്യോഗസ്ഥരും പാമരജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യവും എല്ലാം ദേഹേഛകളുടെ അടിമകളാണ്.

ദേഹേഛകളെ മെരുക്കിപ്പാകപ്പെടുത്തി സ്രഷ്ടാവിന്റെ നിയമ ശാസനകള്‍ക്ക് വിധേയമാക്കുവാനുള്ള പരിശീലനക്കളരിയാണ് വ്രതനാളുകള്‍. അതിനാല്‍ നോമ്പിനെ ലക്ഷ്യബോധത്തോടെ സ്വീകരിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ!