നിരാശയരുത്

ശമീര്‍ മദീനി

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30
''അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവര്‍ എന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെട്ടിരിക്കുകയാണ്. അക്കൂട്ടര്‍ക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്'' (ക്വുര്‍ആന്‍ 29:23)

ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് മുന്നോട്ടുള്ള ജീവിതത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്നത്. ഏത് വിഷമങ്ങളും പ്രയാസങ്ങളും ഒരുനാള്‍ നീങ്ങും, ഒരു നല്ല നാളെ എനിക്കായി ഉദിക്കാതിരിക്കില്ല എന്ന പ്രതീക്ഷാനിര്‍ഭരമായ ചിന്ത ഏതൊരാളിലും ആശ്വാസമാണ് സമ്മാനിക്കുക. എന്നാല്‍ അത്തരം ചിന്തകള്‍ നഷ്ടമാകുമ്പോള്‍ നിരാശ പിടികൂടും. ജീവിതത്തെ വലിയ ഭാരമായി തോന്നും. മാരകമായ രോഗം, കച്ചവടത്തിലെ തകര്‍ച്ച, പരീക്ഷയിലെ പരാജയം, വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍, ഉറ്റവരുടെ വേര്‍പാട്... തുടങ്ങി നാം ആഗ്രഹിക്കുന്നതിന് വിപരീതമായി പലതും ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ ഒരുതരം മനംമടുപ്പും നിരാശയും ചിലര്‍ക്കെങ്കിലും ഉണ്ടാകാറുണ്ട്. ഇത് മനുഷ്യന്റെ ഒരുതരം ദുസ്സ്വഭാവമായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത്.

''നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ മനുഷ്യന് മടുപ്പ് തോന്നുന്നില്ല. തിന്മ അവനെ ബാധിച്ചാലോ അവന്‍ മനംമടുത്ത വനും നിരാശനുമായിത്തീരുന്നു''(ക്വര്‍ആന്‍ 41:49)..

ആഗ്രഹിച്ചപോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ നിരാശയകറ്റാനായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിലും ആത്മഹത്യയിലുമൊക്കെയാണ് പലരും അഭയം കണ്ടെത്തുന്നത്. മറ്റുചിലര്‍ ദൈവകോപത്തിനു നിമിത്തമാകുന്ന സൃഷ്ടി പൂജകള്‍ നടത്തി ആഗ്രഹസഫലീകരണത്തിനായി ബഹുദൈവാരാധനയുടെ കേന്ദ്രങ്ങളിലേക്ക് നേര്‍ച്ചയും തീര്‍ഥാടനങ്ങളും നടത്തുന്നു. യഥാര്‍ഥ ദൈവത്തെ വിസ്മരിച്ചുകൊണ്ടുള്ള അത്തരം യാത്രകള്‍ ആത്യന്തികമായി നഷ്ടവും നിരാശയും മാത്രമെ സമ്മാനിക്കുകയുള്ളൂ.

സ്രഷ്ടാവിന്റെ കാരുണ്യവും ശക്തി മാഹാത്മ്യങ്ങളും തിരിച്ചറിഞ്ഞ യാഥാര്‍ഥ വിശ്വാസികള്‍ ഒരിക്കലും നിരാശരായിക്കൂടാ. പ്രത്യുത, അവന്റെ കാരുണ്യത്തിലും സഹായത്തിലും പ്രതീക്ഷയുള്ളവരാകണം അവര്‍. ക്വുര്‍ആന്‍ വിവരിച്ച പ്രവാചകന്മാര്‍ അതിന് ഉത്തമ മാതൃകകളാണ്. രോഗംകൊണ്ട് കഷ്ടപ്പെട്ട അയ്യൂബ് നബി(അ)യും (21:83) സന്താനങ്ങള്‍ നഷ്ടപ്പെട്ട യഅ്ക്വൂബ് നബി(അ)യും (12:86,87) മക്കളില്ലാതെ ദീര്‍ഘകാലം ദാമ്പത്യജീവിതം നയിച്ച ഇബ്‌റാഹീം നബി(അ)യും (37:100) സകരിയ്യാ നബി(അ)യും (3:38) നിരാശരാകാതെ കാരുണ്യവാനും സര്‍വശക്തനുമായ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് അവനോട് പ്രാര്‍ഥിച്ച ചരിത്രമാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.

ഈ ഭൗതിക ലോകത്തിന്റെ നിസ്സാരതയും പാരത്രിക ലോകത്തിന്റെ അനശ്വരതയും മനസ്സിലാക്കുകയും ഈ ലോകം പരലോകത്തേക്കുള്ള കൃഷിയിടമാണെന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ ഈ ലോകത്ത് അല്‍പമൊക്കെ കഷ്ടപ്പെടേണ്ടി വന്നാലും അത് പാരത്രിക ലോകത്തേക്കുള്ള സമ്പാദ്യമാക്കിമാറ്റാന്‍ വിശ്വാസികള്‍ക്ക് കഴിയും. തന്റെ ആഗ്രഹങ്ങള്‍ക്കും അധ്വാനങ്ങള്‍ക്കുമുപരി ദൈവത്തിന്റെ തീരുമാനമാണ് നടപ്പിലാവുക എന്ന് മനസ്സിലാക്കുന്ന വിശ്വാസി നന്മയ്ക്കായി അധ്വാനിക്കുകയും ദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നതോടൊപ്പം താന്‍ വിചാരിച്ചത്‌പോലെ കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ നിരാശനാവുകയില്ല.

''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 57:22,23).

സ്രഷ്ടാവിലും പാരത്രിക ജീവിതത്തിലുമൊക്കെ വിശ്വാസമില്ലാത്തവര്‍ക്കാണ് നിരാശയുണ്ടാവുക. അഥവാ നിരാശയില്‍ നിന്നാണ് അവരുടെ നിഷേധം എന്ന ക്വുര്‍ആനിക പരാമര്‍ശം ചിന്തനീയമാണ്.