വിദ്യാരംഭം കുറിക്കുമ്പോള്‍

ശമീര്‍ മദീനി

2018 ജൂണ്‍ 09 1439 റമദാന്‍ 24
''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (വിശുദ്ധ ക്വുര്‍ആന്‍ 96: 1-5).

നിരവധി വിജ്ഞാനീയങ്ങളുടെ നടുവിലാണ് ആധുനിക മനുഷ്യന്‍ നിലകൊള്ളുന്നത്. അറിവിന്റെ ഓരോ ശാഖയും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഓരോ മേഖലയിലും മുന്‍പന്തിയിലെത്തണമെന്നാഗ്രഹിക്കുന്നവര്‍ തദ്വിഷയകമായി കൂടുതല്‍ കൂടുതല്‍ പഠന ഗവേഷണങ്ങള്‍ നടത്തുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരുടെയും നേടിക്കൊണ്ടരിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അറിവില്ലാത്തവന്‍ അന്ധനെപ്പോലെയാണെന്ന തിരിച്ചറിവ് ഇന്ന് ഏറെക്കുറെ എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്. മക്കളെ എങ്ങനെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും പഠിപ്പിക്കണമെന്ന ചിന്തയാണ് ചെറ്റക്കുടിലില്‍ പട്ടിണിയോടു മല്ലിട്ട് ജീവിക്കുന്നവന്റെ മനസ്സില്‍ പോലുമുള്ളത്. 

എന്നാല്‍, എന്തിനു വേണ്ടിയാണ് പഠിക്കുന്നത്, അറിവിന്റെ ധര്‍മമെന്താണ് എന്നൊന്നും വേണ്ടപോലെ പഠിക്കുകയോ പഠിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന് തെളിയിക്കുന്ന വിധത്തിലാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷത്തിന്റെയും വര്‍ത്തനങ്ങള്‍. അറിവും യോഗ്യതയും തിന്മയ്ക്കും അധാര്‍മികതയ്ക്കും സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് പൊതുവെ കാണപ്പെടുന്നത്. അറിവ് മനുഷ്യനെ സംസ്‌കരിക്കുകയും നന്മയിലേക്ക് നടത്തുകയും ചെയ്യുന്നില്ല എന്നര്‍ഥം. ഇതിന്റെകാരണം ചികയുമ്പോഴാണ് നമ്മുടെ പാഠ്യപദ്ധതിയിലെ ന്യൂനതകള്‍ ബോധ്യപ്പെടുക. ദൈവാസ്തിക്യത്തിലേക്കുള്ള ചൂണ്ടുപലകകളായി നിലകൊള്ളുന്ന, ദൃശ്യപ്രപഞ്ചത്തിലെ ഓരോന്നിനെക്കുറിച്ചും പഠിപ്പിക്കുമ്പേള്‍ തന്നെ ദൈവനിഷേധത്തിന്റെ വിത്തുപാകുന്ന ആദര്‍ശങ്ങളാണ് കുരുന്നുമനസ്സുകളിലേക്ക് ഇട്ടുകൊടുക്കുന്നത്. 

ഹൈഡ്രജനും ഓക്‌സിജനും കൂടിച്ചേര്‍ന്നതാണ് വെള്ളം എന്ന് പഠിപ്പിക്കുന്നതോടൊപ്പം സ്വയം കത്തുകയും മറ്റൊന്നിനെ കത്താന്‍ സഹായിക്കുന്നതുമായ രണ്ട് മൂലകങ്ങള്‍ കൂടിച്ചേരുമ്പോള്‍ തീ അണക്കാന്‍ ശേഷിയുള്ള ഒന്നാണ് ഉണ്ടായിത്തീരുന്നത് എന്നത് ദൈവാസ്തിക്യത്തിന്റെയും അവന്റെ ശക്തിമാഹാത്മ്യത്തിന്റെയും വ്യക്തമായ തെളിവാണെന്നതുകൂടി പഠിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ വിനയവും നന്ദിയുമുള്ള ഒരു തലമുറയായിരിക്കും വളര്‍ന്നു വരിക. അങ്ങനെയുള്ള തലമുറക്ക് ജലത്തിന്റെ ദുര്‍വിനിയോഗം ദൈവഹിതത്തിന് എതിരും കുറ്റകരവുമാണെന്ന ബോധമുണ്ടാകുമെന്നതില്‍ സംശയമില്ല. ആ ബോധമുള്ള സമൂഹത്തിന് ജലസംബന്ധമായി മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമാവും. 

ശരീരഘടനയും ദഹനവ്യവസ്ഥയും ശരീരത്തിലെ മറ്റു അത്ഭുത പ്രതിഭാസങ്ങളും സംബന്ധിച്ച് പഠിപ്പിക്കുന്നതോടൊപ്പം അവയുടെ സ്രഷ്ടാവും സംവിധായകനുമായ പ്രപഞ്ചനാഥനെ സംബന്ധിച്ചും പരിചയപ്പെടുത്തുക എന്നത് കേവല നീതിയും സത്യസന്ധതയും മാത്രമാണ്. വിശക്കുന്നവന്റെ വിശപ്പുമാറ്റലും മര്‍ദിതനെ സഹായിക്കലും മറ്റും പുണ്യകര്‍മമാണെന്നു പറഞ്ഞു കൊടുത്താല്‍ അത് ഉള്‍ക്കൊള്ളുവാന്‍ ആ രീതിയില്‍ പഠിച്ചുവളരുന്നവര്‍ക്ക് പെട്ടെന്നാവും. പരസ്പര സ്‌നേഹവും സഹകരണവുമുള്ള സമൂഹസൃഷ്ടിക്ക് അത് വഴിവെക്കുകയും ചെയ്യും. 

ആറ്റത്തിന്റെ ശക്തിയെക്കുറിച്ചും അതിന്റെ വിഘടനത്തെക്കുറിച്ചും അണുബോംബിനെക്കുറിച്ചുെമാക്കെ പഠിപ്പിക്കുന്നതിനോടൊപ്പം സഹജീവികളെ ഉപ്രദവിക്കുന്നതും കൊല ചെയ്യുന്നതും പാപമാണെന്ന ദൈവികാധ്യാപനം കൂടി പഠിപ്പിക്കപ്പെട്ടാല്‍ സമാധാന ആവശ്യങ്ങള്‍ക്കല്ലാതെ അണുശക്തി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചതന്നെ അപ്രസക്തമാകും. 

ചുരുക്കത്തില്‍ ഭൗതിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതുപോലെ; അല്ല, അതിനെക്കാള്‍ ശക്തമായി ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ വിദ്യാസമ്പന്നര്‍ തന്നെ അക്രമികളും ചൂഷകരുമാകുന്ന ദുരവസ്ഥ ശക്തിപ്രാപിച്ചുകൊണ്ടേയിരിക്കും. ഇവിടെയാണ് വിദ്യാരംഭത്തിന് പ്രോത്സാഹനം നല്‍കുന്ന ക്വുര്‍ആനിക സൂക്തങ്ങള്‍ പ്രസക്തമാകുന്നത്.