ആത്മനിയന്ത്രണത്തിന്റെ അനിവാര്യത

ശമീര്‍ മദീനി

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23
''(അന്ന്) ആര്‍ അതിരുകവിയുകയും ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.  അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം'' (ക്വുര്‍ആന്‍ 79:37 -41).

സ്വാതന്ത്ര്യം ഏതൊരാളുടെയും അഭിലാഷവും അവകാശവുമാണ്. പക്ഷേ, ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടോ ഇതരര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടോ ആയിക്കൂടാ. ഒരാള്‍ക്ക് കൈവീശി നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് മറ്റൊരാളുടെ ദേഹത്ത് തട്ടി അയാളെ ദ്രോഹിച്ചുകൊണ്ടാവരുത് എന്ന് സാരം. കേവലം ലളിതവും പ്രാഥമികവുമായ ഈ മര്യാദപോലും പലരും വിസ്മരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. 

തന്റെ സ്വാതന്ത്ര്യവും അവകാശവും പോലെ പ്രധാനവും പവിത്രവുമാണ് മറ്റുള്ളവരുടേതുമെന്ന കാര്യം പലരും ഓര്‍ക്കാറില്ല. പാട്ടുപാടാനും അത് കേള്‍ക്കാനും സംസാരിക്കാനും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമൊക്കെ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതൊക്കെ മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രൂപത്തിലാകല്‍ പാപവും അക്രമവുമാണ്. അയല്‍വാസിയുടെ ഇത്തരം അവകാശങ്ങള്‍ നിഷേധിച്ച വ്യക്തിയെ നബി ﷺ  ശാസിച്ച സംഭവം ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. വഴിയോരങ്ങളില്‍ ഇരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയ നബി ﷺ ; അനിവാര്യ സന്ദര്‍ഭങ്ങളില്‍ അവിടെ ഇരിക്കേണ്ടി വന്നാല്‍ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കര്‍ശനമായി ഉപദേശിച്ചതും ഹദീഥുകളില്‍ വന്നിട്ടുണ്ട്. 

ആധുനിക തലമുറയുടെ തലതിരിഞ്ഞ ഒരു വീക്ഷണമാണ് 'അടിച്ചുപൊളി'യെന്നത്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ ധാര്‍മികതയുടെയും മാന്യതയുടെയും പല തത്ത്വങ്ങളും അവര്‍ 'അടിച്ചുതകര്‍ക്കുക'യാണ്. സ്വവര്‍ഗരതിയും വിവാഹേതര ലൈംഗികബന്ധവുമൊക്കെ അതിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരം അനിയന്ത്രിത സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അവരില്‍ മാത്രം ഒതുങ്ങുന്നതായിരിക്കുകയില്ലെന്ന യാഥാര്‍ഥ്യം ഏവരും തിരിച്ചറിയേണ്ടതുണ്ട്. വാഹനമോടിക്കുവാനുള്ള അവകാശം ഒരാള്‍ക്ക് വകവെച്ചു കൊടുക്കുന്നതോടൊപ്പം അനിയന്ത്രിതമായി വണ്ടിയുരുട്ടി മറ്റുള്ളവരെ അപായപ്പെടുത്താന്‍ അനുവദിച്ചുകൂടാ എന്നതുപോലെത്തന്നെ സര്‍വരംഗങ്ങളിലും നിയന്ത്രണം അനിവാര്യമാണ്. 

പക്ഷേ, ആര് നിയന്ത്രിക്കും? ആരുടെ നിയന്ത്രണമാണ് എല്ലാവര്‍ക്കും സ്വീകാര്യമാവുക? സര്‍വരുടെയും സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിനാണ് അതിന് സാധിക്കുക. അവന്റെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കലാണ് അതിനുള്ള പോംവഴി. മനുഷ്യരാശിയുടെ കടമയായി വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തിയതും അതാണ്. 

ഇസ്‌ലാമിന്റെ നിയമ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നവര്‍ക്ക് മാനവിക വിരുദ്ധമായ യാതൊരു കാര്യവും ചെയ്യുവാന്‍ സാധ്യമല്ല. അപരന്റെ അവകാശങ്ങള്‍ അംഗീകരിക്കാനും മാനിക്കാനുമാണ് അവരോട് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. തന്നിഷ്ടമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഒരിക്കലും മറ്റുള്ളവരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാനും അവരെ മാനിക്കാനും സാധിക്കുകയില്ല. സദാചാരത്തിനും ധാര്‍മികതക്കും അവര്‍ യാതൊരു വിലയും കല്‍പിക്കുകയുമില്ല.

0
0
0
s2sdefault