ടെന്‍ഷനുകള്‍ അവസാനിപ്പിക്കാന്‍...

ശമീര്‍ മദീനി

2018 മാര്‍ച്ച് 24 1439 റജബ് 06
''അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.'' (ക്വുര്‍ആന്‍ 13:28)

മനുഷ്യരിലധികവും പലവിധ ടെന്‍ഷനുകള്‍ അനുഭവിക്കുന്നവരാണ്. പണക്കാരനെന്നോ പണിക്കാരനെന്നോ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുമുണ്ടതില്‍. വിവാഹ പ്രായമായ പെണ്‍മക്കളെയോര്‍ത്തും നിത്യരോഗത്തെ കുറിച്ച് ചിന്തിച്ചും ബിസിനസ്സ് രംഗത്തെ പ്രതിസന്ധികളെ കുറിച്ച് ആലോചിച്ചും നീറുന്ന മനസ്സുമായി ജീവിക്കുകയാണ് പലരും. ഉറക്കം നഷ്ടപ്പെട്ട ചിലര്‍ ഉറക്കഗുളികകളെ ആശ്രയിക്കുമ്പോള്‍ മറ്റുചിലര്‍ ശാന്തികിട്ടുമെന്ന് കരുതി മദ്യത്തെയും മയക്കു മരുന്നുകളെയും കൂട്ടുപിടിക്കും. വേെറ ചിലര്‍ അശാന്തിയുടെ മൂര്‍ധന്യത്തില്‍ ആത്മഹത്യയെ ശാന്തിയുടെ തുരുത്തായി തെറ്റിദ്ധരിച്ച് ആത്മഹത്യക്കൊരുങ്ങുന്നു. വാസ്തവത്തില്‍ ഇവയെല്ലാം ഒളിച്ചോട്ടങ്ങളും പരാജയങ്ങളുമാണ്.

സമാധാനത്തിന്റെ മതമായ ഇസ്‌ലാം ഇത്തരം അശാന്തിയുടെ വഴികളെ കൊട്ടിയടച്ച് ശാന്തിയുടെ വഴികള്‍ തുറന്നു തരുന്നു. ആര്‍ത്തിയും ത്വരയും അവസാനിപ്പിച്ച് മനക്കോട്ടകള്‍ നിയന്ത്രിച്ച് ജീവിക്കാനുള്ള പരിശീലനമാണ് അതിലൊന്ന്. സമ്പാദ്യങ്ങള്‍ ഇരട്ടിപ്പിക്കാന്‍ കുറുക്കുവഴികള്‍ തേടുമ്പോള്‍ തട്ടിപ്പുകള്‍ക്ക് വിധേയരാകുന്ന എത്രയോ ആളുകളുണ്ട് നമുക്കിടയില്‍. ഈ ജീവിതത്തിന്റെ നശ്വരത തിരിച്ചറിഞ്ഞ് അനശ്വരമായ പരലോക ജീവിതത്തിന് വേണ്ടി അതിന്റേതായ മാര്‍ഗങ്ങളിലൂടെ മുന്നേറുവാനാണ് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നത്.

ഭൗതിക വിഭവങ്ങളുടെ ആധിക്യമില്ലെങ്കിലും കിട്ടിയതില്‍ സംതൃപ്തരാകുവാനും അനുഗ്രഹദാതാവായ അല്ലാഹുവിനെ സദാ സ്മരിക്കുവാനും  നന്ദി ചെയ്യുവാനും ഇസ്‌ലാം പഠിപ്പിക്കുന്നു. നബി ﷺ  പറഞ്ഞു: ''ധന്യത എന്നത് വിഭവങ്ങളുടെ ആധിക്യമല്ല; പ്രത്യുത മനഃസംതൃപ്തിയാണ്'' (ബുഖാരി, മിസ്‌ലിം). അതിനായി നമ്മളെക്കാള്‍ താഴെയുള്ള, പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരെ കുറിച്ച് ഓര്‍ക്കുവാനും കേള്‍ക്കുവാനും അവരെ നേരിട്ട് കാണുവാനും അറിയുവാനുമൊക്കെ ശ്രമിക്കണമെന്നും  നബി ﷺ  ഉണര്‍ത്തിയിട്ടുണ്ട്.

നിരാശയകറ്റി പ്രതീക്ഷകള്‍ വെച്ചുപിടിപ്പിക്കാനാവുമ്പോള്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ നീങ്ങിപ്പോകും. സര്‍വശക്തനും കരുണാവാരിധിയുമായ അല്ലാഹുവിന് നമ്മുടെ ഏത് ദുരിതവും മാറ്റാന്‍ പ്രയാസമില്ല. നമ്മുടെ ഏത് അവസ്ഥയും സ്ഥിതിഗതികളും ഏപ്പോഴും മാറാം. യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ പ്രയാസങ്ങള്‍ പോലും പുണ്യത്തിന്റെ വഴികളായിട്ടാണ് നബി ﷺ  പറഞ്ഞുതന്നത്. മനഃക്ലേശങ്ങളും ദുരിതങ്ങളും മാത്രമല്ല കാലില്‍ തറക്കുന്ന ഒരു മുള്ളിന്റെ വേദന പോലും സഹിക്കുന്നത് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നഷ്ടമല്ലെന്ന് നബി ﷺ  ഉണര്‍ത്തിയിട്ടുണ്ട്. ജീവിതത്തിന്റെ സര്‍വരംഗത്തും ഇതാണ് വിശ്വാസികള്‍ക്കുണ്ടാവേണ്ടത്. 

യുദ്ധരംഗത്തു പോലും ഒരു സത്യവിസ്വാസിയുടെ മനോനില എന്തായിരിക്കണമെന്ന് ക്വുര്‍ആന്‍ പറയുന്നു:

''ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്‍ക്ക്പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു'' (4:104)

ശാന്തിനിറഞ്ഞ ഒരു നല്ല ജീവിതം നയിക്കാന്‍ കരുണാവാരിധിയായ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!