അല്ലാഹുവിന്റെ വാഗ്ദാനം

ശമീര്‍ മദീനി

''മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച്  കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ'' (ക്വുര്‍ആന്‍ 35:5).

സത്യസന്ധത, വാക്കുപാലനം എന്നിവ നല്ല ഗുണങ്ങളാണ്. അത്തരം സ്വഭാവഗുണങ്ങളുള്ളവരെ നാം അംഗീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങളിലൊന്നായി ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന ഒന്നാണ് വാക്കുപാലനവും സത്യസന്ധതയും. അവനൊരിക്കലും വാക്ക് ലംഘിക്കുകയില്ല. അല്ലാഹു പറയുന്നു:

''അല്ലാഹു അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിവസത്തേക്ക് അവന്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെചെയ്യും; അതില്‍ സംശയമേയില്ല. അല്ലാഹുവെക്കാള്‍ സത്യസന്ധമായി വിവരം നല്‍കുന്നവന്‍ ആരുണ്ട്?'' (ക്വുര്‍ആന്‍ 4:87). 

''എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം കീഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവെക്കാള്‍ സത്യസന്ധമായി സംസാരിക്കുന്നവന്‍ ആരുണ്ട്?'' (ക്വുര്‍ആന്‍ 4:122).

''അല്ലാഹുവിന്റെ വാഗ്ദാനമത്രെ ഇത്. അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 30:6).

ക്വുര്‍ആനിലും തിരുസുന്നത്തിലും അല്ലാഹുവിന്റെ വാഗ്ദാനങ്ങള്‍ നമുക്ക് കാണാനാവും. എന്നാല്‍ വിശ്വാസികളായ നമുക്ക് അവയില്‍ വിശ്വാസമര്‍പിച്ച് മുന്നേറാന്‍ സാധിക്കാറുണ്ടോ എന്ന് നാം ഓരോരുത്തരും ആലോചിക്കണം. ആവലാതികളും സങ്കടങ്ങളും പറയാന്‍ സൃഷ്ടികളുടെ അടുക്കലേക്ക് ധൃതിപ്പെടുന്ന നമ്മള്‍ സ്രഷ്ടാവിനോട് പറയാന്‍ സമയം കാണാറുണ്ടോ?

രാത്രിയുടെ അന്ത്യയാമങ്ങള്‍ അതിനുള്ള പ്രത്യേക സമയമായി പ്രവാചകന്‍ ﷺ  പഠിപ്പിച്ചിട്ടും ആ സമയവും സന്ദര്‍ഭവും ഉപയോഗപ്പെടുത്തി നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആധിയും വ്യഥയുമെലല്ലാം റബ്ബിന്റെ മുമ്പില്‍ ഇറക്കിവെക്കാന്‍ നമുക്ക് കഴിയാറുണ്ടോ?

അല്ലാഹു പറയുന്നു: ''നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക്  ഉത്തരം നല്‍കുന്നതാണ്.. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (ക്വുര്‍ആന്‍ 2:186).

വാക്കിലും പ്രവൃത്തിയിലും ഇടപാടുകളിലുമൊക്കെ സത്യസന്ധത പാലിക്കണമെന്നും എങ്കില്‍  ഈ ലോകത്തും മരണാനന്തര ജീവിതത്തിനും നമുക്ക് ധാരാളം നന്മകളും നേട്ടങ്ങളുമുണ്ടെന്നം ക്വുര്‍ആനും നബിവചനങ്ങളും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്. (ക്വുര്‍ആന്‍ 65:2,3).

നബി ﷺ  പറഞ്ഞു: ''വിശ്വസ്തനും സത്യസന്ധനും വിശ്വാസിയുമായ കച്ചവടക്കാരന്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ പ്രവാചകന്മാരോടും സത്യവാന്മാരോടും രക്തസാക്ഷികളോടും  കൂടെയായിരിക്കും'' (ഇബ്‌നുമാജ).

അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പിച്ച്, തിന്മകള്‍ക്കെതിരില്‍ ശക്തമായ നിലപാടുകളെടുക്കണമെങ്കില്‍ നല്ല ക്ഷമയും സഹനവും ഇച്ചാശക്തിയും നമുക്ക് അനിവാര്യമാണ്. അല്ലാഹു പറയുന്നു: ''ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ'' (ക്വുര്‍ആന്‍ 30:60).

പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ അടിപതറാത്തവരായി മുന്നേറുവാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍!