കര്‍മങ്ങളെ നിഷ്ഫലമാകുന്ന പ്രകടനപരത

ശമീര്‍ മദീനി

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16
''(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ'' (ക്വുര്‍ആന്‍ 18:110).

പരലോക രക്ഷയ്ക്ക് സത്യവിശ്വാസവും സല്‍കര്‍മങ്ങളും അനിവാര്യമാണ്. നന്മകള്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും തിന്മകള്‍ ചെയ്തുകൂട്ടുകയും ചെയ്ത ഏതൊരാളും ഖേദിക്കേണ്ടിവരുമെന്ന് വിശുദ്ധ ക്വുര്‍ആന്‍ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. (39:56; 7:8,9; 23:102-103;  103-6-11).

ചെറുതും വലുതുമായ ഏത് സല്‍കര്‍മത്തെയും ഉല്‍കൃഷ്ടവും ഉദാത്തവുമാക്കുന്നത് അവ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം കാംക്ഷിച്ചുകൊണ്ടുള്ള നിഷ്‌കളങ്കമായ കര്‍മങ്ങളാകുമ്പോള്‍ മാത്രമാണ്. എന്നാല്‍ ഏത് മഹത്തായ കര്‍മത്തെയും നിഷ്ഫലമാക്കുന്ന ഒന്നാണ് പ്രകടനപരത. ആളുകള്‍ കാണണം, അറിയണം, അവര്‍ അതിന്റെ പേരില്‍ തന്നെ പ്രശംസിക്കുകയും അത് എടുത്തുപറയുകയുമൊക്കെ വേണമെന്ന ചിന്തയും ആഗ്രഹവും ഇസ്‌ലാം പഠിപ്പിക്കുന്ന ഇഖ്‌ലാസ് (നിഷ്‌കളങ്കത) എന്ന ഉത്തമഗുണത്തിന് വിരുദ്ധമാണ്. 

മൂന്ന് വിഭാഗമാളുകളെ പരലോകത്ത് വിചാരണക്ക് കൊണ്ടുവരുന്ന രംഗം ഒരിക്കല്‍ നബി ﷺ  വിവരിക്കുകയുണ്ടായി. ഒരാള്‍ രക്തസാക്ഷിത്വം വരിച്ചയാളാണ്. അല്ലാഹു അയാള്‍ക്ക് നല്‍കിയ സവിശേഷമായ അനുഗ്രഹങ്ങളെ അയാള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. അയാള്‍ അതെല്ലാം തിരിച്ചറിയും. എന്നിട്ട് ആ അനുഗ്രഹങ്ങളുടെ കാര്യത്തില്‍ നീ എന്ത് ചെയ്തു എന്ന് അല്ലാഹു ചോദിക്കും. അയാള്‍ ഇങ്ങനെ പറയും: 'അല്ലാഹുവേ, ഞാന്‍ നിന്റെ മാര്‍ഗത്തില്‍ ധീരോദാത്തമായി പോരാടി. അങ്ങനെ ഞാന്‍ രക്ഷസാക്ഷിത്വം വരിച്ചു.'  'നീ പറഞ്ഞത് കളവാണ്. എന്നാല്‍ നീ യുദ്ധം ചെയ്തത് ധീരനെന്ന ഖ്യാതിക്ക് വേണ്ടിയായിരുന്നു. അത് ആളുകള്‍ പറഞ്ഞിട്ടുണ്ട്' എന്നായിരിക്കും അപ്പോള്‍ അല്ലാഹു പറയുക. എന്നിട്ടയാളെ മുഖം നിലത്തുകൂടെ വലിച്ച് കൊണ്ടുവന്ന് നരകത്തിലേക്കെറിയും

മറ്റൊരാള്‍ വിജ്ഞാനം കരസ്ഥമാക്കി. അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. അയാളോടും റബ്ബിന്റെ അനുഗ്രഹങ്ങെള കുറിച്ച് ഓര്‍മിപ്പിക്കും. എന്നിട്ട് അതില്‍ എന്ത് ചെയ്തു എന്ന് ചോദിക്കും. താന്‍ അറിവ് പഠിക്കുകയും അത് മറ്റുള്ളവര്‍ക്ക്പഠിപ്പിച്ചുകൊടുക്കുകയും ചെയ്തത് അയാള്‍ പറയും. എന്നാല്‍ അല്ലാഹു അത് സ്വീകരിക്കാതെ അയാളെയും നരകത്തിലെറിയും. കാരണം ഈ മഹദ്കര്‍മങ്ങെളാക്കെ അയാള്‍ ചെയ്തത് റബ്ബിന്റെ പ്രീതിയും പ്രതിഫലവും ലഷ്യംവെച്ചായിരുന്നില്ല. മറിച്ച് പണ്ഡിതനെന്ന പേരും പ്രശസ്തിയും ആഗ്രഹിച്ചുകൊണ്ടായിരുന്നു. 

അപ്രകാരം തന്നെ അല്ലാഹു ധാരാളം സമ്പത്ത് നല്‍കിയ ഒരാളെയും കൊണ്ടുവരും. അനുഗ്രഹങ്ങളെ കുറിച്ച് അയാളെ ഓര്‍മിപ്പിക്കുകയും ആ മാര്‍ഗത്തില്‍ എന്ത് ചെയ്തു എന്ന് ചോദിക്കുകയും ചെയ്യും. അയാളുടെയും പ്രയത്‌നങ്ങള്‍ ലോകമാന്യത്തിന് വേണ്ടിയായതിനാല്‍ അവ സ്വീകരിക്കാതെ അയാളെയും നരകത്തിലേക്ക് വലിച്ചെറിയുമെന്ന് നബി ﷺ  വിശദീകരിച്ചു. ഇമാം അഹ്മദ്, മുസ്‌ലിം, നസാഈ മുതലായവര്‍ ഇത് രേഖപ്പടുത്തിയിട്ടുണ്ട്.

അതിനാല്‍ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ആത്മാര്‍ഥവും നിഷ്‌കളങ്കവുമായി അല്ലാഹുവിന് മാത്രമായി സമര്‍പ്പിക്കുവാന്‍ സന്നദ്ധമാകണം. ആ ലക്ഷ്യം തെറ്റിക്കുന്ന പിശാചിന്റെ കെണികെള കരുതിയിരിക്കുക. റബ്ബിനോട് സദാ പ്രാര്‍ഥിക്കുകയും ചെയ്യുക. (അല്ലാഹു അനുഗ്രഹിക്കട്ടെ)