അഹംഭാവമരുത്

ശമീര്‍ മദീനി

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03
''ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തി കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും'' (ക്വുര്‍ആന്‍ 28: 83)

സമ്പന്നരും ദരിദ്രരും ആരോഗ്യമുള്ളവരും രോഗികളും അറിവുള്ളവരും അറിവില്ലാതത്തവരും... ഇങ്ങനെ വിവിധ നിലകളിലായി മനുഷ്യര്‍ ലോകത്ത് കഴിഞ്ഞുകൂടുന്നു. ഈ വൈവിധ്യം പരസ്പരം പെരുമ നടിക്കുവാനോ അഹങ്കരിക്കുവാനോ കലഹിക്കുവാനോ അസൂയ വെക്കുവാനോ വേണ്ടിയല്ല; പരസ്പരം അറിയാനും സഹായിക്കാനും സഹകരിക്കാനും പുരോഗതി പ്രാപിക്കാനുമൊക്കെയാണ്. 

അല്ലാഹു നല്‍കിയ നിരവധി അനുഗ്രഹങ്ങള്‍ക്ക് നടുവിലാണ് നാമോരോരുത്തരും ജീവിക്കുന്നത്. അവയ്ക്ക് നന്ദി ചെയ്യുവാനും അതു മുഖേന അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അഥവാ നന്മകളില്‍ സജീവമാകുവാനുമാണ് സത്യവിശ്വാസി ശ്രമിക്കേണ്ടത്. 

എന്നാല്‍ പലപ്പോഴും അത്തരം അനുഗ്രഹങ്ങള്‍ താന്‍പോരിമയ്ക്കും അഹങ്കാരത്തിനുമൊക്കെയുള്ള പ്രേരകങ്ങളായി മാറാറുണ്ട്. റബ്ബിന് വേണ്ടി ഒന്ന് താഴാനോ വിട്ടുവീഴ്ച ചെയ്യാനോ പലരും സന്നദ്ധരല്ല. സ്വയം വലുതാവാനും പുകഴ്ത്താനുമുള്ള ത്വരയാണ് നമ്മെ നയിക്കുന്നത്.

നബി ﷺ പറയുന്നു: ''നിശ്ചയം, അല്ലാഹു എനിക്ക് ഇപ്രകാരം ബോധനം നല്‍കിയിരിക്കുന്നു; നിങ്ങള്‍ വിനയാന്വിതരാവുക. നിങ്ങൡലൊരാളും മറ്റൊരാളോട് അതിക്രമം പ്രവര്‍ത്തിക്കാതിരിക്കുക. ഒരാളും മറ്റൊരാളുടെ മേല്‍ ദുരഭിമാനം പ്രകടിപ്പിക്കാതിരിക്കുക''(മുസ്‌ലിം).

തന്റേതു പോലെത്തന്നെ മറ്റുള്ളവരുടെയും അന്തസ്സും വ്യക്തിത്വവും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍'' (49:11).

ഒരു സത്യവിശ്വാസിയുടെ രക്തവും അഭിമാനവും സമ്പത്തും എല്ലാം പാവനാണ് എന്ന് നബി ﷺ ഉണര്‍ത്തിയിട്ടുണ്ട്. ആരുടെയെങ്കിലും ഹൃദയത്തില്‍ ഒരു അണുത്തൂക്കമെങ്കിലും അഹങ്കാരമുണ്ടായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ലെന്ന് നബി ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സത്യത്തെ അവമതിക്കലും മറ്റുള്ളവരെ ചെറുതാക്കലുമാണ് അഹങ്കാരം അഥവാ കിബ്ര്‍ എന്നും നബി ﷺ അരുളിയിരിക്കുന്നു. അഹന്തയോടെയുള്ള നടത്തം, നോട്ടം, പെരുമാറ്റം തുടങ്ങി സര്‍വതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്.

''നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച'' (ക്വുര്‍ആന്‍ 17:37).

അല്ലാഹു സൗമ്യനാണ്, അവന്‍ സൗമ്യതയെ ഇഷ്ടപ്പെടുന്നു; പരുഷത കൊണ്ട് നേടാനാവാത്ത പലതും സൗമ്യത കൊണ്ട് നേടാനാവും തുടങ്ങിയ പ്രവാചകോദ്‌ബോധനങ്ങള്‍ നമുക്ക് ദിശ കാണിക്കേണ്ടതുണ്ട്. അല്ലാഹുവിനുവേണ്ടി ചെറുതാവാനും ഈഗോകള്‍ കയ്യൊഴിക്കാനും സന്നദ്ധരാകുന്നവര്‍ക്കാണ് ഔന്നത്യത്തിന്റെ സ്വര്‍ഗലോകമെന്ന ക്വുര്‍ആന്‍ വചനം നമുക്ക് പാഠമാകേണ്ടതുണ്ട്.