വിനോദങ്ങളില്‍ മുഴുകുന്നവരോട്

ശമീര്‍ മദീനി

2018 ശവ്വാല്‍ 23 1439 ജൂലായ് 07
"പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ ( അവയില്‍ നിന്ന് ) വിരമിക്കുവാനൊരുക്കമുണേ്ടാ?" (ക്വുര്‍ആന്‍ 05:91)

മനുഷ്യന്റെ ആവശ്യങ്ങളെയും നന്മകളെയും കണ്ടറിഞ്ഞുള്ളതാണ് ഇസ്‌ലാമിലെ ഏതൊരു നിയമവും. കാരണം അവ കരുണാവാരിധിയായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളാണ് എന്നതുതന്നെ. അതിനാല്‍ മനുഷ്യന് ആസ്വാദനവും മാനസികോല്ലാസവും ഉന്മേഷവും പ്രദാനം ചെയ്യുന്ന കളികളും വിനോദങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അനിയന്ത്രിതമായി യഥേഷ്ടം അതില്‍ മുഴുകുവാന്‍ കയറൂരി വിട്ടിട്ടുമില്ല. അവിടെയൊക്കെ കൃത്യമായ അതിര്‍വരമ്പുകളും വിധിവിലക്കുകളും ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. പക്ഷേ, വിനോദങ്ങളില്‍ മുഴുകുന്ന പലരും അവയൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.

ഒരു സത്യവിശ്വാസിയുടെ കളിവിനോദങ്ങള്‍ ഇസ്‌ലാം വിലക്കിയ കാര്യങ്ങളില്‍ ആയിക്കൂടാ. മദ്യവും ചൂതാട്ടവും സംഗീതവും തുടങ്ങി പലതും പാടില്ലാത്തതാണ്. അനുവദനീയമായവതന്നെ ജീവിതത്തിന്റെ മുഖ്യവിഷയമായി മാറരുത്. ചിലര്‍ക്ക് കാര്യങ്ങളെക്കാള്‍ കളികളിലാണ് കാര്യമായ ശ്രദ്ധയുള്ളതെന്നത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ജീവിതമെന്നത് ഐഹികജീവിതത്തോടെ അവസാനിക്കുന്നതല്ല. മറിച്ച് അത് അനശ്വരമായ പാരത്രിക ജീവിതത്തിലേക്കുള്ള കൃഷിയിടമാണ്. നമ്മുടെ ആയുസ്സാണ് ഈജീവിതത്തില സമയങ്ങള്‍. അത് അലക്ഷ്യമായി 'കൊന്നു'കളയാവതല്ല. ചിലര്‍ കളിജ്വരം കയറി വാതുവെപ്പിലേക്കും അടിപിടികളിലേക്കും മാത്രമല്ല ഇഷ്ട ടീം പരാജയപ്പെടുന്നത് സഹിക്കാനാവാതെ ആത്മഹത്യയിലേക്ക് വരെ എത്തുന്നതും അറിയുമ്പോള്‍ 'കളിഭ്രാന്ത്' എത്രമാത്രം അപകടത്തിലേക്ക് നയിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

അല്ലാഹുവിന്റ മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന വിനോദങ്ങള്‍ ശാശ്വത നരകത്തിലേക്കെത്തിക്കുമെന്ന് ക്വുര്‍ആന്‍ (31:6)ലൂടെ സൂചിപ്പിക്കുന്നുണ്ട്. മദ്യവും ചൂതാട്ടവും മുഖേന പിശാച് ലക്ഷ്യംവെക്കുന്ന തിന്മകളെ കുറിച്ച് 5:91ലൂടെ ക്വുആന്‍ പറഞ്ഞത് കളിവിനോദങ്ങളിലെ ലഹരി മൂക്കുമ്പോഴും സംഭവിക്കുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ജീവിതലക്ഷ്യം മറക്കാതെ മൂേന്നറാന്‍ നാഥന്‍ നെമ്മ അനുഗ്രഹിക്കട്ടെ. (ആമീന്‍)